മുഖവുര

സ്വാഭാവികവും നയപരവുമായ ഘടകങ്ങള്‍ കേരളത്തിന്റെ സമ്പദ് ഘടനയെ 2016-17ല്‍ സാരമായി ബാധിച്ചു. ഇത് ഹൃസ്വ കാലത്തേക്കുള്ള വളര്‍ച്ചാ മുരടിപ്പു മുതല്‍ ക്രയവസ്തുക്കളുടെ വിലയിടിവിനു വരെ കാരണമായി. കൂടാതെ, 2016 ജൂണ്‍ മുതല്‍ 2016 സെപ്തംബര്‍ വരെയുള്ള മഴയുടെ (തെക്ക്-പടിഞ്ഞാറന്‍ കാലവര്‍ഷം) അളവ് 34 ശതമാനവും 2016 ഒക്ടോബര്‍ മുതല്‍ 2016 ഡിസംബര്‍ 27 വരെയുള്ള മഴയുടെ (വടക്കു കിഴക്കന്‍ കാലവര്‍ഷം) അളവ് 61 ശതമാനവും കുറഞ്ഞു. മഴയുടെ ലഭ്യതയില്‍ വന്ന ഈ കുറവാണ് കേരളത്തില്‍ ഇപ്പോള്‍ അനുഭവപ്പെടുന്ന വരള്‍ച്ചയുടെ കാരണമെന്ന് ഇതോടെ വ്യക്തമാണ്. ഈ വരള്‍ച്ച അടുത്ത തെക്കു-പടിഞ്ഞാറന്‍ കാലവര്‍ഷം വരെ തുടര്‍ന്നേക്കാം. ഇതിനൊക്കെ ഉപരിയായി 1000ത്തിന്റെയും, 500ന്റെയും നോട്ട് റദ്ദാക്കാനുള്ള വിവേകശൂന്യവും അനാവശ്യവുമായ തീരുമാനം സംസ്ഥാനത്തിന്റെ അസംഘടിത മേഖലയെയും, സഹകരണ മേഖലയെയും, വിനാശകരമായി ബാധിച്ചു. ഇത് കേരള സമ്പദ് വ്യവസ്ഥയില്‍ സമഗ്രമായ ആഘാതമുണ്ടാക്കി.

അതേ സമയം, സാമ്പത്തിക വളര്‍ച്ച പുനരുജ്ജീവിപ്പിക്കുന്നതിനും സാമൂഹിക ക്ഷേമ പദ്ധതികള്‍ വിപുലീകരിക്കാനുമുള്ള ഇച്ഛാശക്തിയോടെ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അധികാരമേറ്റ വര്‍ഷം കൂടിയായിരുന്നു 2016-17. കേന്ദ്ര സര്‍ക്കാര്‍ പഞ്ചവത്സര പദ്ധതി ഉപേക്ഷിച്ചെങ്കിലും, സംസ്ഥാനത്ത് പഞ്ചവത്സര പദ്ധതി തുടരുമെന്നും, പതിമൂന്നാം പദ്ധതി രൂപീകരിച്ച് നടപ്പിലാക്കുമെന്നും കേരള സര്‍ക്കാര്‍ നിശ്ചയദാര്‍ഢ്യത്തോടെ പ്രഖ്യാപിക്കുകയുണ്ടായി.

നവകേരളം കെട്ടിപ്പടുക്കുന്നതിനായുള്ള നാല് ദൗത്യങ്ങള്‍ക്ക് അധികാരമേറ്റ ഉടന്‍ കേരള സര്‍ക്കാര്‍ തുടക്കം കുറിച്ചു. ഉന്നത നിലവാരത്തിലുള്ള സ്കൂള്‍ വിദ്യാഭ്യാസം, ജനസൌഹൃദ ആരോഗ്യ സംവിധാനങ്ങള്‍, ഹരിത കേരളം (പരിസ്ഥിതി സൗഹൃദ കൃഷി രീതികള്‍, മാലിന്യ നിര്‍മ്മാര്‍ജ്ജനം, നിര്‍മ്മലമായ പരിസ്ഥിതി, മാലിന്യമുക്ത കേരളം, ശുദ്ധമായ തണ്ണീര്‍തടങ്ങള്‍, വര്‍ദ്ധിതമായ ജല സ്രോതസ്സുകള്‍ എന്നീ മേഖലകളിലെ പ്രവര്‍ത്തനങ്ങള്‍), പാര്‍പ്പിടവും ജീവനോപാധിയും എന്നീ മേഖലകളില്‍ ജനപങ്കാളിത്തത്തോടെ സുസ്ഥിര വികസനം സാധ്യമാക്കുകയാണ് ഈ ദൗത്യങ്ങള്‍ കൊണ്ട് ലക്ഷ്യമിടുന്നത്. കൂടാതെ രാജ്യത്തെ തന്നെ ആദ്യത്തെ ജനാധിപത്യ വികേന്ദ്രീകരണ പ്രവര്‍ത്തനങ്ങള്‍ സംയോജിപ്പിക്കാനും വിപുലീകരിക്കാനുമായി കേരളത്തിലെ ജനകീയാസൂത്രണത്തിന്റെ രണ്ടാം ഘട്ടത്തിന് സര്‍ക്കാര്‍ നാന്ദി കുറിക്കുകയും ചെയ്തിട്ടുണ്ട്.

എല്ലാ വര്‍ഷവും സാമ്പത്തിക അവലോകനത്തില്‍ ഒരു പ്രത്യേക വിഷയത്തെ ആസ്പദമാക്കിയുള്ള അദ്ധ്യായം കൂടി ഉള്‍പ്പെടുന്നുണ്ട്. ഈ വര്‍ഷം വിനോദസഞ്ചാരത്തെ സംബന്ധിച്ചാണ് ഈ പ്രത്യേക അദ്ധ്യായം തയ്യാറാക്കിയിട്ടുള്ളത്. സംസ്ഥാനത്തിന്റെ മൊത്തം ആഭ്യന്തര ഉല്പാദനത്തിന്റെ 10 ശതമാനവും പ്രദാനം ചെയ്യുന്ന വിനോദസഞ്ചാര മേഖല വളര്‍ച്ചയുടെ ഒരു പ്രധാന ഊര്‍ജ്ജസ്രോതസ്സാണ്. വിനോദസഞ്ചാര മേഖല വരുമാനദായകമായും തൊഴില്‍പ്രദായിനിയായും വര്‍ത്തിക്കുന്നതോടൊപ്പം നാടിന്റെ സാംസ്കാരികത്തനിമ രാജ്യത്തിന്റേയും ലോകത്തിന്റേയും വിവിധ മാനങ്ങളിലേക്ക് എത്തിക്കുന്നു. വികസനത്തിന്റെ വിവിധ മേഖലകളുമായി ബന്ധപ്പെട്ടിരിക്കുന്നു വെന്നതാണ് ഈ മേഖലയുടെ പ്രത്യേകത. ആരോഗ്യം, ശുചിത്വം, നഗര-ഗ്രാമാസൂത്രണം, ഗതാഗതം, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ മറ്റു മേഖലകള്‍ എന്നിവയുടെ തത്സമയ വികസനമില്ലാതെ വിനോദസഞ്ചാര മേഖല വിജയകരമാകില്ല.

1990കളിലെയും 2000-ന്റെ ആദ്യ വര്‍ഷങ്ങളിലും ഉണ്ടായ ത്വരിത വളര്‍ച്ചയ്ക്കു ശേഷം കേരളത്തിലേക്കുള്ള വിനോദസഞ്ചാരികളുടെ വളര്‍ച്ചയില്‍ ഇടിവുണ്ടായി. നാണയമൂല്യം ഇല്ലാതാക്കലും 2016-17-ല്‍ ഈ മേഖലയ്ക്കു കനത്ത പ്രഹരമേല്‍പ്പിച്ചു.

നോട്ട് റദ്ദാക്കല്‍ കേരള സമ്പദ്ഘടനയ്ക്കുണ്ടാക്കിയ ആഘാതം പഠിക്കാന്‍ സംസ്ഥാന ആസൂത്രണ ബോര്‍ഡ് നിയോഗിച്ച കമ്മിറ്റിയുടെ ഇടക്കാല റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിട്ടുള്ളത് ഇങ്ങനെയാണ്. “വിമാനത്താവളത്തിനകത്തും പുറത്തുമുള്ള പണ വിനിമയ കൌണ്ടറുകള്‍ക്കു മുമ്പിലുള്ള നീണ്ട ക്യൂവിനെക്കുറിച്ചും വിദേശ കറന്‍സിക്കു പകരം ഇന്ത്യന്‍ കറന്‍സി ലഭ്യമാക്കുന്നതിനുള്ള പരിധികളെക്കുറിച്ചും ഉള്ള വാര്‍ത്തകളും വിനോദസഞ്ചാരികളുടെ വരവില്‍ വലിയ രീതിയില്‍ കുറവ് വരുത്തിയിട്ടുണ്ട്. കറന്‍സി ദൗർലഭ്യം നിമിത്തം ആഭ്യന്തര ടൂറിസ്റ്റുകളുടെ വരവിലും കുറവ് വന്നിട്ടുണ്ട്. കേരള ടൂറിസം വകുപ്പിന്റെ ത്വരിത വിലയിരുത്തല്‍ പ്രകാരം മു൯വര്‍ഷത്തെ അപേക്ഷിച്ച് 2016 ഒക്ടോബറില്‍ ആഭ്യന്തര ടൂറിസ്റ്റുകളുടെ വരവില്‍ 5.2 ശതമാനവും വിദേശ ടൂറിസ്റ്റുകളുടെ വരവില്‍ 6 ശതമാനവും വര്‍ദ്ധന ഉണ്ടായെങ്കില്‍, 2016 നവംബര്‍ മാസം യഥാക്രമം 17.7 ശതമാനവും 8.7 ശതമാനവും ഇടിവാണ് ഉണ്ടായത്.

എന്നിരുന്നാലും, കേരളത്തിലെ വിനോദസഞ്ചാര മേഖലയുടെ സാധ്യതകള്‍ തുടരുകയാണ്. പരമ്പരാഗത വിനോദസഞ്ചാര പ്രദേശങ്ങളായ കൊച്ചിയും കൊച്ചിയുടെ തെക്കന്‍ ഭാഗങ്ങളും മലമ്പ്രദേശങ്ങളും വിനോദസഞ്ചാരത്തിന് സാധ്യതയേറിയ മേഖലകളാണ്. തീര്‍ത്ഥാടകരുടെ വരവില്‍ സ്ഥിരമായ വളര്‍ച്ച ഉള്ളതായി കാണുന്നു. വടക്കന്‍ കേരളത്തില്‍ വിശാലവും, ഇനിയും ഉപയോഗപ്പെടുത്തിയിട്ടില്ലാത്തതുമായ ടൂറിസം സാധ്യതകളുണ്ട്.

വിനോദസഞ്ചാര മേഖലയുടെ വികസനത്തിന് സാങ്കേതിക വൈദഗ്ദ്യവും സമഗ്രമായ ആസൂത്രണവും ആവശ്യമാണ്. ഇത് എല്ലാ വിഭാഗം വിനോദ സഞ്ചാരികളുടെയും ആവശ്യങ്ങള്‍ നിറവേറ്റുന്ന വിധത്തിലുള്ളതാവണം. സംസ്ഥാനത്തെ പരിസ്ഥിതിയുടെയും ജനങ്ങളുടെയും ആവശ്യത്തിനുതകുന്നതും, സഞ്ചാരികളുടെ വരവിനെ ഉള്‍ക്കൊള്ളാന്‍ ശേഷിയുള്ളതും, ഉത്തരവാദിത്വപൂര്‍ണ്ണവുമായിരിക്കണം. ഇത്തരം പ്രവര്‍ത്തനത്തിലൂടെ നിശ്ചയമായും വിജയം കൈവരിക്കാന്‍ സാധിക്കും.

എല്ലാ വര്‍ഷത്തെയും പോലെ ഈ സാമ്പത്തിക അവലോകനത്തില്‍ സര്‍ക്കാര്‍ നയങ്ങള്‍, ആസൂത്രണ മുന്‍ഗണനകള്‍ സര്‍ക്കാര്‍ വകുപ്പുകള്‍ നടപ്പാക്കി വരുന്ന പദ്ധതികള്‍ എന്നിവയെക്കുറിച്ചുള്ള ലഭ്യമായ ഏറ്റവും പുതിയ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കേരളത്തിന്റെ സമ്പദ് വ്യവസ്ഥ പന്ത്രണ്ടാം പഞ്ചവത്സര പദ്ധതിക്കാലത്ത് കൈവരിച്ച നേട്ടങ്ങളുടെ ഒരു ഛായാ ചിത്രം സാമ്പത്തിക അവലോകനം പ്രദാനം ചെയ്യുന്നു. ഇത് രണ്ട് വാല്യങ്ങളായാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. മു൯വര്‍ഷത്തെ സംസ്ഥാനത്തിന്റെ നയങ്ങളും പദ്ധതികളും വിവിധ വകുപ്പുകളുടെ നേട്ടങ്ങളും ഒന്നാം വാല്യത്തിലും ബന്ധപ്പെട്ട സ്ഥിതിവിവര കണക്കുകള്‍ രണ്ടാം വാല്യത്തിലും ചേര്‍ത്തിട്ടുണ്ട്. സാമ്പത്തിക അവലോകനം 2016 ഇംഗ്ലീഷിലും മലയാളത്തിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

top