വികസ്വര രാജ്യങ്ങളില്‍ ബാങ്കുകള്‍ പ്രധാന സാമ്പത്തിക ഇടനിലക്കാരാണ്. ഹൗസ് ഹോള്‍ഡ് സെക്ടറിലെ സാമ്പത്തിക നേട്ടങ്ങളുടെ പ്രധാന കാരണങ്ങള്‍ ബാങ്ക് നിക്ഷേപവും ബാങ്ക് വായ്പയുമാണ്.
ബാങ്ക് ശാഖകള്‍
സംസ്ഥാന തല ബാങ്കേഴ്സ് കമ്മിറ്റിയുടെ ബാങ്കിംഗ് ഗ്രൂപ്പ് തിരിച്ചുള്ള 2017 മാര്‍ച്ച് - ലെ കണക്ക് പ്രകാരം കേരളത്തിലെ മൊത്തം ബാങ്കുകളുടെ എണ്ണം 7,312 ആണ്. മൊത്തം ശാഖകളുടെ വ്യാപനം പരിശോധിച്ചാല്‍ 62 ശതമാനം ബാങ്ക് ശാഖകള്‍ അര്‍ദ്ധനഗര പ്രദേശങ്ങളിലും 31 ശതമാനം നഗര പ്രദേശങ്ങളിലുമാണ്. ഗ്രാമീണ മേഖലയില്‍ ഇത് കേവലം 7 ശതമാനം മാത്രമാണ്. ബാങ്ക് ശാഖകളുടെ ബാങ്കിംഗ് ഗ്രൂപ്പ് തിരിച്ചുള്ള കണക്ക് പട്ടിക 1.13 -ല്‍ നല്‍കിയിരിക്കുന്നു.
ബാങ്ക് ഗ്രൂപ്പ് | ബ്രാഞ്ചുകളുടെ എണ്ണം | ||||
ഗ്രാമം | അർദ്ധ നഗരം | നഗരം | ആകെ | ശതമാനം | |
സ്റ്റേറ്റ് ബാങ്ക് ഗ്രൂപ്പ് | 77 | 967 | 326 | 1370 | 18.74 |
ദേശസാൽകൃത ബാങ്കുകൾ | 101 | 1545 | 609 | 2255 | 30.84 |
ഗ്രാമീണ ബാങ്കുകൾ | 51 | 525 | 39 | 615 | 8.41 |
സ്വകാര്യ ബാങ്കുകൾ | 148 | 1469 | 475 | 2092 | 28.61 |
സഹകരണ ബാങ്കുകൾ | 135 | 26 | 819 | 980 | 13.40 |
ആകെ | 512 | 4532 | 2268 | 7312 | 100 |
അവലംബം: സംസ്ഥാനതല ബാങ്കേഴ്സ് കമ്മിറ്റി മാര്‍ച്ച് 2017 |
ഒരു ചെറിയ സംസ്ഥാനമാണെങ്കിലും കേരളത്തില്‍ വിപുലമായ ഒരു ബാങ്ക് ശൃംഖലയുണ്ട്. ഇത് രാജ്യത്ത് പ്രവര്‍ത്തിക്കുന്ന ആകെ ഷെഡ്യൂള്‍ഡ് വാണിജ്യ ബാങ്ക് ശാഖകളുടെ 4.6 ശതമാനമാണ്. 2017 മാര്‍ച്ച് മാസത്തിലെ കണക്കനുസരിച്ച് കേരളത്തിലെ മൊത്തം ഷെഡ്യൂള്‍ഡ് വാണിജ്യ ബാങ്ക് ശാഖകളുടെ എണ്ണം 6,337 ആണ്. എന്നാല്‍ 2016 മാര്‍ച്ചില്‍ കേരളത്തിലെ ബാങ്ക് ശാഖകളുടെ എണ്ണം 6,166 ആയിരുന്നു. 2016-17 വര്‍ഷത്തില്‍ കേരളത്തില്‍ 171 പുതിയ ശാഖകളാണ് പ്രവര്‍ത്തനമാരംഭിച്ചത്. ജൂണ്‍ മാസം 2017 ആയപ്പോഴേക്കും ബാങ്ക് ശാഖകളുടെ എണ്ണം 6,376 ആയി വര്‍ദ്ധിച്ചു. ഇന്ത്യയിലെ മറ്റു പ്രധാന സംസ്ഥാനങ്ങളെ അപേക്ഷിച്ച് അര്‍ദ്ധ നഗര മേഖലയില്‍ ഏറ്റവും അധികം ബാങ്ക് ശാഖകള്‍ ഉളളത് കേരളത്തിലാണ് (അനുബന്ധം 1.40). മാര്‍ച്ച് 2016 ലെ കണക്ക് പ്രകാരം കേരളത്തില്‍ ആകെ 8,966 എ.റ്റി.എം കളാണുണ്ടായിരുന്നത്. ഇത് മാര്‍ച്ച് 2017 ആയപ്പോഴേക്കും 9182 ആയി വര്‍ദ്ധിച്ചു.
നിക്ഷേപം
2015-16-ല്‍ 13.52 ശതമാനം വര്‍ദ്ധനവോടു കൂടി 2017 മാര്‍ച്ചില്‍ കേരളത്തിന്റെ മൊത്തം ബാങ്ക് നിക്ഷേപം (പൊതുമേഖലാ ബാങ്കുകളും സ്വകാര്യ ബാങ്കുകളും ഉള്‍പ്പെടെ) 410,492 കോടി രൂപയാണ്. ഇതില്‍ 258,143 കോടി രൂപ ആഭ്യന്തര നിക്ഷേപവും 152,349 കോടി രൂപ പ്രവാസികളുടെ നിക്ഷേപവുമാണ്. 2015-16 -ലെ 7.46 ശതമാനവുമായി താരതമ്യം ചെയ്യുമ്പോള്‍ 14.23 ശതമാനമാണ് ആഭ്യന്തര നിക്ഷേപത്തിന്റെ വളര്‍ച്ചാ നിരക്ക്. എന്നാല്‍ വിദേശ നിക്ഷേപത്തിന്റെ കാര്യത്തില്‍ 2015-16 -ല്‍ 23.73 ശതമാനമായി താരതമ്യം ചെയ്യുമ്പോള്‍ 12.34 ശതമാനമാണ് വളര്‍ച്ചാനിരക്ക്. സംസ്ഥാനത്തിന്റെ ആകെ നിക്ഷേപത്തിന്റെ 63 ശതമാനമാണ് ആഭ്യന്തര നിക്ഷേപം. ആകെ നിക്ഷേപത്തിന്റെ ഏറിയ പങ്കും ആഭ്യന്തര നിക്ഷേപമാണ്. (അനുബന്ധം 1.41). സംസ്ഥാനത്തിന്റെ ബാങ്ക് നിക്ഷേപങ്ങളുടെ വളര്‍ച്ച ചിത്രം 1.14 -ല്‍ കാണിക്കുന്നു.
ഷെഡ്യൂള്‍ഡ് വാണിജ്യ ബാങ്കുകളുടെ നിക്ഷേപം
ഷെഡ്യൂള്‍ഡ് വാണിജ്യ ബാങ്കുകളിലെ നിക്ഷേപം സംബന്ധിച്ച് (സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും അസ്സോസിയേറ്റ് ബാങ്കകളും, ദേശസാല്‍കൃത ബാങ്ക്, സ്വകാര്യ ബാങ്കുകള്‍, വിദേശ ബാങ്കുകള്‍, ഗ്രാമീണ ബാങ്കുകള്‍ ചെറിയ ധനകാര്യസ്ഥാപനങ്ങള്‍ ഉള്‍പ്പെടെ) ആര്‍.ബി.ഐ.യുടെ കണക്ക് സൂചിപ്പിക്കുന്നത് കേരളത്തിലെ ആകെ ബാങ്ക് നിക്ഷേപം 2015-16 -ലെ 363,511 കോടി രൂപയില്‍ നിന്ന് 13.48 ശതമാനം വളര്‍ച്ചാ നിരക്കില്‍ 2016-17 -ല്‍ 412503 കോടി രൂപയായി വര്‍ദ്ധിച്ചു. ഇന്ത്യയിലെ ആകെ നിക്ഷേപത്തില്‍ മഹാരാഷ്ട്രയുടെ പങ്കാണ് ഏറ്റവും കൂടുതല്‍. (20.12ശതമാനം). 2017 മാര്‍ച്ചില്‍ കേരളത്തിലെ നിക്ഷേപം ആകെ ദേശീയ നിക്ഷേപത്തിന്റെ 3.84 ശതമാനം മാത്രമാണ്. (അനുബന്ധം 1.42). ഇത് 2017 ജൂണില്‍ 3.90 ശതമാനമായി മാറി. ദേശീയ ശരാശരി വളര്‍ച്ചാനിരക്ക് 2015-16 വര്‍ഷത്തിലെ 8.65 ശതമാനത്തേക്കാളും 2016-17 -ല്‍ 11.30 ശതമാനമായി വര്‍ദ്ധിച്ചു.
പ്രവാസികളുടെ നിക്ഷേപം
ഗള്‍ഫ് മേഖലയിലേക്കുള്ള മലയാളികളുടെ വന്‍തോതിലുളള കുടിയേറ്റവും അവരുടെ പണമിടപാടുകളും സംസ്ഥാനത്തിന്റെ സാമ്പത്തിക പുരോഗതിയില്‍ ഒരു നിര്‍ണ്ണായക പങ്കു വഹിച്ചിട്ടുണ്ട്. എസ്.എല്‍.ബി.സി യുടെ കണക്ക് പ്രകാരം 2017 മാര്‍ച്ചില്‍ കേരളത്തിലെ പൊതുമേഖലാ ബാങ്കുകളില്‍ പ്രവാസികളുടെ നിക്ഷേപം 83,855 കോടി രൂപയാണ്. എന്നാല്‍ സ്വകാര്യ ബാങ്കുകളില്‍ 68,493 കോടി രൂപയുമാണ്. നിക്ഷേപങ്ങളുടെ കാര്യത്തില്‍ 34,461 കോടി രൂപ നിക്ഷേപവുമായി സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ രണ്ടാം സ്ഥാനത്താണ്. സ്റ്റേറ്റ് ബാങ്ക് ഗ്രൂപ്പില്‍ 51,073 കോടി രൂപയുടെ പ്രവാസി നിക്ഷേപമുണ്ട്. എസ്.എല്‍.ബി.സി ബാങ്കിംഗ് കണക്ക് പ്രകാരം സംസ്ഥാനത്തിലേക്കുളള വിദേശപണത്തിന്റെ വരവില്‍ 2016 മാര്‍ച്ച് വര്‍ഷത്തെക്കാള്‍ 135,609 കോടിയില്‍ നിന്ന് 12 ശതമാനം വളര്‍ച്ചയോടു കൂടി 152,349 കോടി രൂപയായി മാര്‍ച്ച് 2017 ല്‍ വര്‍ദ്ധിച്ചു. ജൂണ്‍ 2017 -ല്‍ 154,252 കോടി രൂപയായി വിദേശ നിക്ഷേപം വര്‍ദ്ധിച്ചു. ആഭ്യന്തര നിക്ഷേപം 14 ശതമാനം വളര്‍ച്ചാ നിരക്കില്‍ 2016 ലെ 225,984 കോടി രൂപയില്‍ നിന്നും 258,143 കോടി രൂപയായി 2017 മാര്‍ച്ചില്‍ വര്‍ദ്ധിച്ചു. മറ്റുളള പൊതുമേഖലാ – സ്വകാര്യ മേഖല ബാങ്കുകളെ അപേക്ഷിച്ച് ഫെഡറല്‍ ബാങ്കിലാണ് വിദേശത്ത് നിന്നുളള പണം കൂടുതാലായെത്തുന്നത്. ശതമാനക്കണക്കില്‍ പ്രവാസി നിക്ഷേപം- പൊതുമേഖലാ ബാങ്കില്‍ 55.04 ശതമാനവും സ്വകാര്യ ബാങ്കുകളില്‍ 44.96 ശതമാനവുമാണ്. ബാങ്കിംഗ് മേഖലില്‍ എത്തുന്ന ആകെ നിക്ഷേപം പണത്തിന്റെ 33.52 ശതമാനം സ്റ്റേറ്റ് ബാങ്ക് ഗ്രൂപ്പിലും 21.06 ശതമാനം ദേശസാല്‍കൃത ബാങ്കിലുമാണ്. (അനുബന്ധം 1.43).
വായ്പ/അഡ്വാന്‍സ്
എസ്.എല്‍ ബി.സി യുടെ മാര്‍ച്ച് 2017 ലെ കണക്ക് പ്രകാരം കേരളത്തില്‍ വാണിജ്യ ബാങ്കുകളും സഹകരണ ബാങ്കുകളും ഉള്‍പ്പെടെ ബാങ്കുകള്‍ വായ്പയിനത്തില്‍ മാര്‍ച്ച് 2016 ലെ 269,201 കോടി രൂപയെ അപേക്ഷിച്ച് 298,092 കോടി രൂപ വിതരണം ചെയ്യതിട്ടുണ്ട്.വായ്പ വിതരണം ചെയ്യുന്നതില്‍ ഒന്നാം സ്ഥാനത്ത് സ്വകാര്യ ബാങ്കുകളാണ്. 2016 മാര്‍ച്ച് മാസം വിതരണം നടത്തിയ 80,247 കോടി രൂപയുമായി താരതമ്യം ചെയ്യുമ്പോള്‍ 90,032 കോടി രൂപയാണ് 2017 മാര്‍ച്ച് മാസം സ്വകാര്യ ബാങ്കുകള്‍ വായ്പ വിതരണം നടത്തിയിട്ടുളളത്. 2017 മാര്‍ച്ച് മാസത്തില്‍ ദേശസാല്‍ക്യത ബാങ്കുകള്‍ നല്‍കിയ വായ്പാ തുക 83,886 കോടി രൂപയാണ്. സ്റ്റേറ്റ് ബാങ്ക് ഗ്രൂപ്പും സഹകരണ ബാങ്കുകളും യഥാക്രമം 68,415 കോടി രൂപയും 42,018 കോടി രൂപയുമാണ് വിതരണം ചെയ്തിട്ടുളളത്. എസ്.എല്‍.ബി.സി ജൂണ്‍ 2017 ന്റെ ബാങ്കിംഗ് കണക്കുകള്‍ പ്രകാരം (എസ്.ബി.ഐയുടെ അഞ്ച് പങ്കാളികളുമായി കൂടി ചേര്‍ന്നതിന് ശേഷം) പൊതുമേഖാ സ്ഥാപനം 162,405 കോടി രൂപ വിതരണം ചെയ്തു. സ്വകാര്യ ബാങ്കുകളും സഹകരണ ബാങ്കുകളും യഥാക്രമം 98728 കോടി രൂപയും 42,673 കോടി രൂപയുമാണ് വിതരണം ചെയതിട്ടുളളത്.
കാര്‍ഷിക ആവശ്യങ്ങള്‍ക്കായുളള വായ്പ
ബാങ്ക് ഗ്രൂപ്പ് തിരിച്ചുളള കാര്‍ഷിക വായ്പയുടെ വിതരണം സൂചിപ്പിക്കുന്നത് സഹകരണ ബാങ്കുകള്‍ ഉള്‍പ്പെടെ സംസ്ഥാനത്തിന്റെ ആകെ കാര്‍ഷിക വായ്പ മാര്‍ച്ച് 2016 -ല്‍ 60,921 കോടി രൂപയായിരുന്നത് 2017 മാര്‍ച്ചില്‍ 68,787 കോടി രൂപയായി വര്‍ദ്ധിച്ചു. മൊത്തം വായ്പകളില്‍ കാര്‍ഷിക വായ്പകള്‍ 23 ശതമാനമായിട്ടുണ്ട്. മാര്‍ച്ച് 2017 ലെ ബാങ്ക് ഗ്രൂപ്പ് തിരിച്ചുളള കണക്ക് സൂചിപ്പിക്കുന്നത് മൊത്തം അഡ്വാന്‍സിന്റെ ഏറ്റവും കൂടുതല്‍ ഭാഗം കാര്‍ഷിക വായ്പയയി നല്‍കുന്നത് ഗ്രാമിണ ബാങ്കുകളാണ് (61 ശതമാനം) ദേശ സാല്‍കൃത ബാങ്കുകളും സ്വകാര്യ ബാങ്കുകളും യഥാക്രമം 29 ശതമാനവും 18 ശതമാനവുമാണ് കാര്‍ഷിക വായ്പയായി നല്‍കിയത്. പ്രധാന സംസ്ഥാനങ്ങളിലെ ഷെഡ്യൂള്‍ഡ് കൊമേഴ്സ്യല്‍ ബാങ്കുകള്‍ വിതരണം ചെയ്ത വായ്പ സംബന്ധിച്ച വിവരം അനുബന്ധം 1.44 -ല്‍ കാണിച്ചിരിക്കുന്നു.
എസ്.സി /എസ്.ടി, ദുര്‍ബല വിഭാഗത്തിനുളള വായ്പകള്‍/അഡ്വാന്‍സ്
2017 മാര്‍ച്ചില്‍ പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കായി സ്വകാര്യ ബാങ്കുകള്‍ ഉള്‍പ്പെടെ വിവിധ ബാങ്കുകള്‍ യഥാക്രമം 4,549 കോടി രൂപയും, 1,172 കോടി രൂപയും വായ്പ ഇനത്തില്‍ നല്‍കിയിട്ടുണ്ട്. 2016 മാര്‍ച്ചില്‍ പട്ടികജാതി/പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്ക് യഥാക്രമം 4,437 കോടി രൂപയും 1,048 കോടി രൂപയുമാണ് വിതരണം ചെയ്തിട്ടുള്ളത്. മുന്‍ വര്‍ഷം വിതരണം ചെയ്ത വായ്പയുമായി താരതമ്യം ചെയ്യുമ്പോള്‍ പട്ടികജാതി/പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ക്ക് നല്‍കിയതില്‍ യഥാക്രമം 2.52 ശതമാനവും 11.83 ശതമാനവും വര്‍ദ്ധനവ് കാണിക്കുന്നു. ബാങ്കുകള്‍ തിരിച്ച് പട്ടികജാതി/പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ നല്‍കിയ വായ്പയുടെ വിവരം പട്ടിക 1.14 -ല്‍ നല്‍കിയിരിക്കുന്നു.
ബാങ്ക് ഗ്രൂപ്പ് | എസ് സി | എസ് റ്റി | ||
എണ്ണം | തുക | എണ്ണം | തുക | |
സ്റ്റേറ്റ് ബാങ്ക് ഗ്രൂപ്പ് | 197,967 | 3,604 | 59,785 | 879 |
ദേശസാൽകൃത ബാങ്കുകൾ | 72,074 | 693 | 17,726 | 201 |
ഗ്രാമീണ ബാങ്കുകൾ | 26,196 | 143 | 14,106 | 77 |
സ്വകാര്യ ബാങ്കുകൾ | 8,819 | 109 | 964 | 15 |
ആകെ കൊമേഴ്സ്യൽ ബാങ്ക് | 305,056 | 4,549 | 92,581 | 1,172 |
അവലംബം- സംസ്ഥാനതല ബാങ്കേഴ്സ് കമ്മിറ്റി 2017 |
എസ്.എല്‍ ബി.സി കണക്ക് പ്രകാരം, 2017 മാര്‍ച്ചില്‍ 63,877 കോടി രൂപയാണ് സംസ്ഥാനത്തെ ദുര്‍ബല വിഭാഗങ്ങള്‍ക്ക് വായ്പ ഇനത്തില്‍ വിതരണം ചെയ്തിട്ടുളളത്. 2016 മാര്‍ച്ചിലെ കണക്കുകള്‍ പ്രകാരം ദുര്‍ബല വിഭാഗങ്ങള്‍ക്ക് 54,243 കോടി രൂപയാണ് വിതരണം ചെയ്തത്. ഇത് അനുവദിച്ച തുകയില്‍ 18 ശതമാനം വളര്‍ച്ചയാണ് സൂചിപ്പിക്കുന്നത്.
ഭവന വായ്പ
എസ്.എല്‍ ബി.സി മാര്‍ച്ച് 2017 ലെ കണക്ക് പ്രകാരം വാണിജ്യ ബാങ്കുകളും സഹകരണ ബാങ്കുകളും ഉള്‍പ്പെടെ കേരളത്തിലെ ബാങ്കുകള്‍ 731,427 ഗുണഭേക്താക്കള്‍ക്കായി 37,644 കോടി രൂപയുടെ ഭവന വായ്പ നല്‍കിയിട്ടുണ്ട്. മുൻവര്‍ഷത്തില്‍ ഈ വായ്പ 772,781 ഗുണഭോക്തകള്‍ക്കായി 33,728 കോടി രൂപയായിരുന്നു. ഇത് മൊത്തം ഭവന വായ്പ അനുവദിച്ചതില്‍ 11.61 ശതമാനം വളര്‍ച്ചയാണ് കാണിക്കുന്നത്. 2017 മാര്‍ച്ചില്‍ സ്റ്റേറ്റ് ബാങ്ക് ഗ്രൂപ്പ് 207,885 പേര്‍ക്ക് 15,269 കോടി രൂപയാണ് നല്‍കിയത്. ദേശസാല്‍കൃത ബാങ്കുകള്‍ 168,097 ഗുണഭോക്താക്കള്‍ക്കായി 9,663 കോടി അനുവദിച്ചു. മറ്റ് ബാങ്കുകളുടെ കാര്യത്തില്‍ ഗ്രാമീണ ബാങ്കുകള്‍ 44,301 പേര്‍ക്ക് 1,922 കോടി രൂപയും സ്വകാര്യ ബാങ്കുകള്‍ 58,546 പേര്‍ക്ക് 3,676 കോടി രൂപയും സഹകരണ ബാങ്കുകള്‍ 252,598 പേര്‍ക്ക് 7,114 കോടി രൂപയുമാണ് ഭവനവായ്പാ ഇനത്തില്‍ വിതരണം ചെയ്തിട്ടുള്ളത്. സഹകരണ ബാങ്കുകള്‍ 34.53 ശതമാനവും സ്റ്റേറ്റ് ബാങ്ക് ഗ്രൂപ്പും ദേശസാല്‍കൃത ബാങ്കും യഥാക്രമം 28.42 ശതമാനം, 22.98 ശതമാനം എന്നിങ്ങനെയാണ് ഭവന വായ്പ നല്‍കിയ ഗുണഭോക്താക്കളുടെ ശതമാനം. എന്നിരുന്നാലും എസ്.എല്‍ ബി.സി യുടെ ഭവന വായ്പയുടെ തുകയുടെ ശതമാന കണക്കില്‍ കൂടുതല്‍ നല്‍കിയത് സ്റ്റേറ്റ് ബാങ്ക് ഗ്രൂപ്പാണ് (40.56 ശതമാനം). ദേശസാല്‍കൃത ബാങ്കുകള്‍ ആകെ ഭവന വായ്പയുടെ 25.67 ശതമാനവും സഹകരണ ബാങ്കുകള്‍ 18.90 ശതമാനവും ഗുണഭോക്താകള്‍ക്ക് വിതരണം ചെയ്തിട്ടുണ്ട്. എസ്.ബി.ഐയുമായി അസോസിയേറ്റ് ബാങ്കുകളുടെ ലയനത്തിനു ശേഷം 2017 ജൂണ്‍ വരെ ഭവന വായ്പയുടെ തുകയുടെ ശതമാനകണക്കില്‍ കൂടുതല്‍ നല്‍കിയത് പൊതുമേഖല ബാങ്കുകള്‍ (70.39 ശതമാനം), സഹകരണ ബാങ്കുകള്‍ (20.06 ശതമാനം), സ്വകാര്യ ബാങ്കുകള്‍ (9.54 ശതമാനം) എന്നിങ്ങനെയാണ് ഗുണഭോക്താകള്‍ക്ക് വിതരണം ചെയ്യതിട്ടുളളത്.
വിദ്യാഭ്യാസ വായ്പ
2017 മാര്‍ച്ച് അവസാനം വരെ 369,041 വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസ വായ്പ ഇനത്തില്‍ 8,995 കോടി രൂപ നല്‍കിട്ടുണ്ട്. എന്നാല്‍ 2016 മാര്‍ച്ചില്‍ 363,355 വിദ്യാര്‍ത്ഥികള്‍ക്ക് 9,441 കോടി രൂപയാണ് വിതരണം ചെയ്തത്. 2017 ല്‍ വിദ്യാഭ്യാസ വായ്പ അനുവദിക്കുന്നതില്‍ ഗണ്യമായ കുറവാണ് രേഖപ്പെടുത്തുന്നത്. എസ്.എല്‍ ബി.സിയുടെ കണക്ക് പ്രകാരം കേരളത്തില്‍ മുഴുവന്‍ ബാങ്കിംഗ് ഗ്രൂപ്പുകള്‍ നല്‍കിയ വിദ്യാഭ്യാസ വായ്പയില്‍ സ്റ്റേറ്റ് ബാങ്ക് ഗ്രൂപ്പ് 108,567 വിദ്യാര്‍ത്ഥികള്‍ക്കായി 2,320 കോടി രൂപ നല്‍കിയിട്ടുണ്ട്. ദേശസാല്‍കൃത ബാങ്കുകള്‍ 177,576 വിദ്യാര്‍ത്ഥികള്‍ക്കായി 4,654 കോടി രൂപ നല്‍കിയിട്ടുണ്ട്. ഇത് സംസ്ഥാനത്തിന്റെ ആകെ വിദ്യാഭ്യാസ വായ്പയുടെ 52 ശതമാനമാണ്. മറ്റ് ഗ്രാമീണ ബാങ്കുകള്‍ 32,738 വിദ്യാര്‍ത്ഥികള്‍ക്ക് 856 കോടിയും സ്വകാര്യ ബാങ്കുകള്‍ 45,702 വിദ്യാര്‍ത്ഥികള്‍ക്കായി 1,074 കോടിയുമാണ് വിദ്യാഭ്യാസ വായ്പ ഇനത്തില്‍ നല്‍കിയിട്ടുളളത്. 2017 മാര്‍ച്ചില്‍ സഹകരണ ബാങ്കുകള്‍ 91 കോടി രൂപ 4,458 വിദ്യാര്‍ത്ഥികള്‍ക്കായി നല്‍കിട്ടുണ്ട്. ആകെ വിദ്യാഭ്യാസ വായ്പയുടെ കിട്ടാക്കടം 2017 കാലയളവില്‍ 13 ശതമാനമായി ഉയര്‍ന്നു. 2017-18 വര്‍ഷം ജൂണിലെ കണക്ക് പ്രകാരം 350,153 വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസ വായ്പ ഇനത്തില്‍ 9,267 കോടി രൂപ നല്‍കിയിട്ടുണ്ട്.
പഠനപൂര്‍ത്തീകരണത്തിനു ശേഷം വിദ്യാഭ്യാസ വായ്പ തിരിച്ചടയ്ക്കുവാന്‍ കഴിയാതെ കടക്കെണിയിലായവരെ സഹായിക്കുന്നതിനായി ഒരു പദ്ധതി 2016-17, 2017-18 ബജറ്റുകളില്‍ പ്രഖ്യാപിച്ചിരുന്നു. വിദ്യാഭ്യാസ വായ്പ എടുത്തവര്‍ക്ക് വായ്പ തിരിച്ചടവ് അവധിക്ക് (Repayment Holiday) ശേഷമുളള 4 വര്‍ഷ ആശ്വാസ കാലയളവില്‍ വായ്പ തിരിച്ചടവിനായി സര്‍ക്കാര്‍ സഹായം ലഭ്യമാക്കുകമാണ് ഈ പദ്ധതികൊണ്ട് ലക്ഷ്യമാക്കുന്നത്. ഈ പദ്ധതിയനുസരിച്ച്, വിദ്യാര്‍ത്ഥികള്‍ക്ക് അനുവദിച്ച വിദ്യാഭ്യാസ വായ്പകളെ രണ്ട് വിഭാഗങ്ങളായി തിരിച്ചിരിക്കുന്നു.
ഒന്നാമത്തെ വിഭാഗത്തില്‍, നാലു വര്‍ഷ ആശ്വാസ കാലയളവില്‍ വാര്‍ഷിക തിരിച്ചടവ് തുക (മുതലും പലിശയും) സര്‍ക്കാരും വായ്പയെടുത്ത വ്യക്തിയും തമ്മില്‍ നിര്‍ദ്ധിഷ്ട അനുപാതത്തില്‍ വീതിയ്ക്കപ്പെടുകയാണ് ചെയ്യുന്നത്. രണ്ടാമത്തെ വിഭാഗത്തില്‍, യോഗ്യതയ്ക്ക് അനുസൃതമായി ഒരു നിര്‍ദ്ധിഷ്ട സഹായം നല്‍കികൊണ്ട് ലോണ്‍ ക്ലോസ് ചെയ്യുന്നതിന് വായ്പയെടുത്തയാളെ സര്‍ക്കാര്‍ സഹായിക്കുന്നതാണ്.
ഈ പദ്ധതി, എല്ലാ ഷെഡ്യൂള്‍സ് കൊമേഴ്സ്യല്‍ ബാങ്കുകള്‍ക്കും, സഹകരണ ബാങ്കുകള്‍ക്കും, ഏറ്റെടുത്ത് നടപ്പിലാക്കാവുന്നതും ഇന്‍ഡ്യയിലെ അംഗീകൃത പ്രൊഫഷണല്‍/ടെക്നിക്കല്‍ കോഴ്സുകള്‍ക്ക് മാത്രം ബാധകമാകുന്നതുമാണ്. 9 ലക്ഷം രൂപ വരെ അനുവദിച്ചിട്ടുളള വായ്പകള്‍ക്ക് ഈ പദ്ധതി പ്രകാരമുളള സാമ്പത്തിക സഹായം ലഭിക്കുന്നതായിരിക്കും വിദ്യാഭ്യാസ വായ്പ തിരിച്ചടവ് സഹായ പദ്ധതിയുടെ കാര്യക്ഷമമായ നടത്തിപ്പിനുവേണ്ടിയുളള നോഡല്‍ ഏജന്‍സി സംസ്ഥാനതല ബാങ്കുകളുടെ സമിതി (എസ്.എല്‍ ബി.സി) ആയിരിക്കും.
അവലംബം: സ.ഉ.(പി).നം.65/2017/ധന തീയതി. 16/05/2017മൈക്രോ ഫിനാന്‍സ്
മൈക്രോ ഫിനാന്‍സ് സ്ഥാപനങ്ങള്‍ക്ക് റീ-ഫിനാന്‍സ് സൗകര്യം നല്‍കുന്നതില്‍ വാണിജ്യ ബാങ്കുകള്‍, ഗ്രാമീണ ബാങ്കുകള്‍, സഹകരണ സംഘങ്ങള്‍ മറ്റു വന്‍കിട കമ്പനികള്‍ എന്നിവ പ്രധാന പങ്കു വഹിച്ചിട്ടുണ്ട്. മൈക്രോ ഫിനാന്‍സ് സ്ഥാപനങ്ങള്‍ ബാങ്കുകളുടെ പകര സംവിധാനമായി പ്രവര്‍ത്തിക്കുന്നു. ഈ സ്ഥാപനം മൈക്രോ ക്രെഡിറ്റ്, വാഗ്ദാനം ചെയ്യുന്നത് മാത്രമല്ല, സ്വയം തൊഴില്‍ ആരംഭിക്കുന്നതിനുളള സൌകര്യവും, ഇന്‍ഷുറന്‍സ്, പണമടയ്ക്കല്‍, വ്യക്തിപരമായ കൌണ്‍സിലിംഗ്, പരിശീലനം, പിന്തുണ എന്നിവ പോലുളള മറ്റ് ധനകാര്യ സേവനങ്ങളും അവര്‍ നല്‍കുന്നു. സ്ഥിരമായ ബാങ്കിംഗ് സേവനങ്ങളൊന്നും ലഭ്യമല്ലാത്തവര്‍ക്ക് ഇത് ഒരു ആശ്വാസമാണ്. എസ്.എല്‍.ബി.സി യുടെ കണക്ക് പ്രകാരം 2017 മാര്‍ച്ച് വരെ 2.70 ലക്ഷത്തില്‍ കൂടുതല്‍ സ്വയം സഹായ സംഘങ്ങളുടെ സേവിംഗ്സ് ബാങ്ക് അക്കൌങ്ങുകളില്‍ വിവിധ ബാങ്കുകളിലായി 1,504 കോടി രൂപയുടെ നിക്ഷേപമുണ്ട്.
ബാങ്കുകള്‍ തിരിച്ചുളള കണക്ക് പ്രകാരം ദേശസാല്‍കൃത ബാങ്കുകളിലാണ് കൂടുതല്‍ അക്കൗണ്ടുകളുളളത്. (50.5 ശതമാനം). മറ്റു ബാങ്കുകളില്‍ ഉളള സ്വയം സഹായ സംഘങ്ങളുടെ അക്കൗണ്ടുകളുടെ ശതമാനം ഗ്രാമീണ ബാങ്കുകള്‍ (21 ശതമാനം), സ്വകാര്യ ബാങ്കുകള്‍ (18.8 ശതമാനം) സ്റ്റേറ്റ് ബാങ്ക് (9.7 ശതമാനം) എന്നിങ്ങനെയാണ്. ആകെ സ്വയം സഹായ സംഘങ്ങളുടെ ഡെപ്പോസിറ്റ് സ്റ്റേറ്റ് ബാങ്ക് (3.66 ശതമാനം), ഗ്രാമീണ ബാങ്ക് (4.72 ശതമാനം), സ്വകാര്യ ബാങ്ക് (18.88 ശതമാനം) എന്നിങ്ങനെയാണ്.
വായ്പ–നിക്ഷേപ അനുപാതം
മാര്‍ച്ച് 2017 അവസാനം വരെയുളള കണക്ക് പ്രകാരം ഇന്ത്യയില്‍ ബാങ്കിംഗ് മേഖലയില്‍ ഷെഡ്യൂള്‍ഡ് വാണിജ്യ ബാങ്കുകളിലെ ആകെ വായ്പ-നിക്ഷേപാനുപാതം 73.73 ശതമാനമാണ്. ഇത് മാര്‍ച്ച് 2016 -ല്‍ 77.86 ശതമാനമായിരുന്നു. ഇന്ത്യയിലെ പ്രമുഖ സംസ്ഥാനങ്ങളില്‍ വായ്പ-നിക്ഷേപം അനുപാതത്തിന്റെ കാര്യത്തില്‍ തമിഴ്നാട് (106.55 ശതമാനം) മുന്‍പന്തിയിലാണ്. മറ്റു സംസ്ഥാനങ്ങളായ മഹാരാഷ്ട്ര (106.28 ശതമാനം), ആന്ധ്രാപ്രദേശ് (100.21 ശതമാനം) എന്നിവിടങ്ങളിലും വായ്പ നിക്ഷേപ അനുപാതം കൂടുതലാണ്. കേരളത്തിന്റെ ഷെഡ്യൂള്‍ഡ് വാണിജ്യ ബാങ്കുകളിലെ വായ്പ നിക്ഷേപ അനുപാതം 59.71 ശതമാനം മാത്രമാണ്. ഇത് മുന്‍ വര്‍ഷത്തെ 61.84 ശതമാനത്തെകാളും കുറവാണ്. (അനുബന്ധം 1.45). ആര്‍.ബി.ഐയുടെ ത്രൈമാസ കണക്കുകള്‍ പ്രകാരം 2017 ജൂണ്‍ അവസാനം കേരളത്തിലെ ഷെഡ്യൂള്‍ഡ് വാണിജ്യ ബാങ്കുകള്‍ക്ക് 419,839 കോടി രൂപയുടെ ആകെ നിക്ഷേപവും, 249,529 കോടി രൂപയുടെ ആകെ വായ്പയുമാണ് ഉള്ളത്. ഇത്പ്രകാരം വായ്പ-നിക്ഷോനുപാതം 59.43 ശതമാനമാണ്.
ഇന്ത്യയിലെ പൊതുമേഖലാ ബാങ്കുകളുടെ 2017 മാര്‍ച്ചിലെ വായ്പ നിക്ഷേപ അനുപാതം 69.64 ശതമാനമാണ്. ഇത് 2016 മാര്‍ച്ചില്‍ 74.68 ശതമാനമായിരുന്നു. ഇന്ത്യയിലെ പ്രമുഖ സംസ്ഥാനങ്ങളില്‍ വായ്പ-നിക്ഷേപ അനുപാതത്തിന്റെ കാര്യത്തില്‍ മഹാരാഷ്ട്ര (109.20 ശതമാനം) മുന്‍പന്തിയിലാണ്. ഇക്കാര്യത്തില്‍ നൂറ് ശതമാനത്തിന് മുകളിലുളള മറ്റ് സംസ്ഥാനങ്ങള്‍ തെലുങ്കാന (106.35), തമിഴ്നാട് (105) എന്നിവയാണ്. കേരളത്തിലെ പൊതുമേഖല ബാങ്കുകളുടെ വായ്പ-നിക്ഷേപ അനുപാതം 63.04 ശതമാനമാണ്. ഇത് 2016 മാര്‍ച്ചില്‍ 67.09 ശതമാനമായിരുന്നു. (അനുബന്ധം 1.46)
ബാങ്കിംഗ്- സ്ഥിതിവിവരകണക്കിന്റെ ജില്ല തിരിച്ചുളള വിശകലനം
ജില്ലകളിലെ കണക്കുകള്‍ പരിശോധിക്കുകയാണെങ്കില്‍ ഏറ്റവും കൂടുതല്‍ ശാഖകളോട് കൂടി എറണാകുളം ജില്ലയാണ് മുന്‍പന്തിയില്‍ (999). തൊട്ടുപിന്നാലെ തൃശൂര്‍ (733) തിരുവനന്തപുരം (725) എന്നിങ്ങനെയാണ്. ഏറ്റവും കുറവ് ബാങ്ക് ശാഖകളുളള ജില്ല വയനാട് ആണ്(121). കേരളത്തില്‍ വായ്പാനുപാതം ഏറ്റവും കൂടുതലുളളത് വയനാടും (115.91 ശതമാനം) ഇടുക്കിയുമാണ് (107.37 ശതമാനം). വായ്പാനുപാതത്തിന്റെ കാര്യത്തില്‍ 25.24 ശതമാന നിരക്കില്‍ ഏറ്റവും പിന്നില് പത്തനംതിട്ട ജില്ലയാണ് (അനുബന്ധം 1.47). സംസ്ഥാനത്ത് എറണാകുളം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ ബാങ്ക് നിക്ഷേപം ഉളളത്. ജില്ല തിരിച്ചുളള വാണിജ്യ ബാങ്കുകളുടെ നിക്ഷേപവും അഡ്വാന്‍സിന്റെയും കണക്ക് ചിത്രം 1.15 -ല്‍ കാണിച്ചിരിക്കുന്നു.
കേരളത്തിലെ സഹകരണ ബാങ്കിംഗ് മേഖല
കേരളത്തിലെ ഹൃസ്വകാല വായ്പയുടെ ഏറ്റവും ജനസമ്മിതിയുള്ള ബാങ്ക് ആണ് കേരള സംസ്ഥാന സഹകരണ ബാങ്ക്. ജില്ലാ സഹകരണ ബാങ്കുകള്‍, പ്രാഥമിക കാര്‍ഷിക വായ്പ സംഘങ്ങള്‍ മറ്റ് സഹകരണ സ്ഥാപനങ്ങള്‍ എന്നിവയിലെ മിച്ച ശൃംഖലകളെ ഉള്‍കൊളളുന്നതിനുളള കേന്ദ്ര ബാലന്‍സിംഗ് കേന്ദ്രമായി ഇത് പ്രവര്‍ത്തിക്കുന്നു. എസ്.എല്‍.ബി.സിയുടെ 2017 മാര്‍ച്ച് വരെയുളള കണക്ക് പ്രകാരം സഹകരണ ബാങ്കിന്റെ 980 ശാഖകളില്‍ 135 എണ്ണം ഗ്രാമീണ മേഖലയിലും, 26 എണ്ണം അര്‍ദ്ധ നഗര മേഖലയിലും, 819 എണ്ണം നഗര പ്രദേശത്തുമാണ്.
ഇന്ത്യന്‍ ബാങ്കിംഗ് സംവിധാനം ഏകീകരണത്തിന്റെ ഘട്ടത്തിലേക്ക് നീങ്ങുന്ന സാഹചര്യത്തില്‍ 2016 ജൂണ്‍ 15-ന് കേന്ദ്ര കാബിനറ്റ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ 5 ഉപവിഭാഗങ്ങളുമായി ലയനത്തിന് അംഗീകാരം നല്‍കി. അസ്സോസിയേറ്റ് ബാങ്കുകളുടെയും എസ്.ബി.ഐ.യുടെ ഭാരതീയ മഹിളാ ബാങ്കിന്റെയും ലയനം ഭാരതീയ ബാങ്കിംഗ് മേഖലയില്‍ നടന്ന ബൃഹത്തും പ്രഥമവുമായ ഏകീകരണമാണ്. സ്റ്റേറ്റ് ബാങ്ക് ഓഫ് ബികാനിയര്‍ & ജയ്പൂര്‍ (എസ്.ബി.ബി ജെ), സ്റ്റേറ്റ് ബാങ്ക് ഓഫ് മൈസൂര്‍, സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍, സ്റ്റേറ്റ് ബാങ്ക് ഓഫ് ഹൈദരാബാദ്, സ്റ്റേറ്റ് ബാങ്ക് ഓഫ് പാട്യാലയും കൂടാതെ ഭാരതീയ മഹിളാ ബാങ്ക് എന്നിവ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുമായി (എസ്.ബി.ഐ.) ലയിച്ചത് 2017 ഏപ്രില്‍ 1 നാണ്.
കേരളത്തിലെ 5 അസ്സോസിയേറ്റ് ബാങ്കുകളുടെയും ഭാരതീയ മഹിളാ ബാങ്കിന്റെയും ലയനത്തിന് ശേഷം 2017 ഒക്ടോബര്‍ 31 -ലെ കണക്ക് പ്രകാരം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യക്ക് 22 ശതമാനം ബ്രാഞ്ചുകളോട് കൂടി 1,313 ശാഖകളാണുള്ളത്. ലയനത്തിന് ശേഷം കേരളത്തില്‍ നിക്ഷേപത്തിന്റെ മാര്‍ക്കറ്റ് വിഹിതം 11.60 ശതമാനത്തില്‍ നിന്ന് 32.74 ശതമാനമായി ഉയരുകയും മുന്‍കൂര്‍ തുക 10.60 ശതമാനത്തില്‍ നിന്ന് 25.82 ശതമാനമായി വര്‍ദ്ധിക്കുകയും ചെയ്തു.
ലയനത്തിന്റെ ഭാഗമായി എസ്.ബി.ഐ.യും അസ്സോസിയേറ്റ് ബാങ്കുകളും അതിനോടനുബന്ധിച്ച എ.റ്റി.എം. കൗണ്ടറുകളും മാറ്റി സ്ഥാപിച്ചതിന്റെ വിവരങ്ങള്‍ അനുബന്ധം 1.48 -ല്‍ കാണിച്ചിരിക്കുന്നു. 2017 ഒക്ടോബര്‍ 31 -ലെ കണക്ക് പ്രകാരം ജില്ല തിരിച്ചുള്ള എസ്.ബി.ഐ. ശാഖകളുടെ എണ്ണം അനുബന്ധം 1.49 -ല്‍ കൊടുത്തിരിക്കുന്നു.
അവലംബം: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യമാര്‍ച്ച് 2017 വരെ യുളള കണക്ക് പ്രകാരം കേരളത്തിലെ ബാങ്കിംഗ് മേഖലയിലുളള വാണിജ്യ ബാങ്കുകളുടെയും സഹകരണ ബാങ്കുകളുടെയും ആകെ ഡെപ്പോസിറ്റ് 474,626 കോടി രൂപയാണ്. 2017 മാര്‍ച്ച് മാസം വരെ സഹകരണ ബാങ്കിലെ ഡെപ്പോസിറ്റ് 64,134 കോടിയായിരുന്നു. ഇത് കൊമേഴ്സ്യല്‍ ബാങ്കിന്റെയും സഹകരണ ബാങ്കിന്റെയും ആകെ നിക്ഷേപത്തിന്റെ 13.51 ശതമാനമാണ്. 2017 മാര്‍ച്ചില്‍ കേരളത്തിലെ മുഴുവന്‍ വാണിജ്യ ബാങ്കുകളും സഹകരണ സംഘങ്ങളും ചേര്‍ന്ന് നല്‍കിയ അഡ്വാന്‍സ് തുക 298,093 കോടി രൂപയാണ്. ഇതില്‍ സഹകരണ ബാങ്ക് നല്‍കിയത് 14.10 ശതമാനമായ 42,018 കോടി രൂപയാണ്. കേരളത്തില്‍ കാര്‍ഷിക വായ്പ 2017 മാര്‍ച്ച് മാസത്തെ കണക്ക് പ്രകാരം 68,787 കോടി രൂപയായിരുന്നു. ഇതില്‍ സഹകരണ മേഖലയുടേത് ആകെ കാര്‍ഷിക വായ്പയുടെ 10.66 ശതമാനമായ 7,330 കോടി രൂപയായിരുന്നു. കേരളത്തിലെ ബാങ്കിംഗ് മേഖലയിലെ ആകെ ക്രയവിക്രയം 2016 മാര്‍ച്ച് മാസത്തെ കണക്ക് പ്രകാരം 690,528 കോടി രൂപയായിരുന്നു. ഇത് 2017 മാര്‍ച്ചില്‍ 772,718 കോടി രൂപയായി ഉയര്‍ന്നു. (പട്ടിക 1.15 )
ഘടകം | 2017 മാർച്ച് | സഹകരണ മേഖലയുടെ ശതമാനം | ||
സഹകരണ മേഖല | വാണിജ്യ ബാങ്കുകൾ | വാണിജ്യ ബാങ്കുകൾ+ സഹകരണ ബാങ്കുകൾ | ||
ശാഖകൾ | 980 | 6,332 | 7,312 | 13.40 |
ആകെ നിക്ഷേപം | 64,134 | 410,492 | 474,626 | 13.51 |
ആകെ അഡ്വാന്‍സ് | 42,018 | 256,075 | 298,093 | 14.10 |
ആകെ ബിസിനസ് | 106,152 | 666,566 | 772,718 | 13.74 |
മുൻഗണനാ മേഖലക്കുള്ള അഡ്വാൻസ് | 26,366 | 142,102 | 168,468 | 15.65 |
കാർഷിക അഡ്വാൻസുകൾ | 7,330 | 61,457 | 68,787 | 10.66 |
എസ്.എം.ഇ. അഡ്വാൻസ് | 963 | 39,408 | 4,0371 | 2.39 |
അവലംബം: സംസ്ഥാനതല ബാങ്കേഴ്സ് കമ്മിറ്റി 2017 |
2016 ജൂണ്‍ 24 ന് കേരള ഗവര്‍ണ്ണര്‍ കേരളത്തിലെ ഹൃസ്വകാല സഹകരണ വായ്പാ ഘടന പുന:സംഘടിപ്പിക്കുന്നതിനെ കുറിച്ച് നിയമസഭയില്‍ പ്രഖ്യാപിച്ചു. 14 ജില്ലാ സഹകരണ ബാങ്കുകളും സംസ്ഥാന സഹകരണ ബാങ്കും ലയിപ്പിക്കുന്നതിനുളള സാധ്യതകളെക്കുറിച്ച് നിരീക്ഷിക്കാന്‍ വേണ്ടി പ്രൊഫസര്‍ എം.എസ്.ശ്രീറാം ഇന്‍ഡ്യന്‍ ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് മാനേജ്മെന്റ് ബാംഗ്ലൂരിന്റെ നേതൃത്വത്തിലുളള വിദഗ്ധ സമിതിയെ കേരള സര്‍ക്കാര്‍ നിയമിച്ചു. യുവാക്കളുടെ ആവശ്യങ്ങള്‍ നിറവേറ്റുവാന്‍ കഴിയുന്ന രീതിയില്‍ 15 ബാങ്കുകളെ ലയിപ്പിക്കുതിനോടൊപ്പം ഒരു സാങ്കേതിക, ഉന്നത നിലവാരമുളള ആധുനിക ബാങ്കിനെ സൃഷ്ടിക്കുന്നതിനുളള നിര്‍ദേശങ്ങള്‍ അടങ്ങിയ റിപ്പോര്‍ട്ട് സമിതി സമര്‍പ്പിച്ചു. സംസ്ഥാന സഹകരണ ബാങ്കിന്റെ 820 ശാഖകളിലൂടെ ഫോറെക്സ് ബിസിനസ്സ് (Forex Business) ഉള്‍പ്പെടെ എല്ലാ ആധുനിക ബാങ്കിംഗ് സൗകര്യങ്ങളും ലഭ്യമാകും.
സംസ്ഥാന സഹകരണബാങ്കിന്റെ രൂപീകരണത്തിനുവേണ്ടി ഒരു ചെയര്‍മാനും ബാങ്കിംഗ്, ഐ.ടി.യും എച്ച്.ആര്‍ ആന്റ് കോ-ഓപ്പറേഷന്‍ എന്നി മേഖവലകളില്‍ നിന്ന് മൂന്ന് അംഗങ്ങളും ഉള്‍പ്പെടുന്ന ഒരു ടാസ്ക് ഫോഴ്സിനെ സര്‍ക്കാര്‍ നിയമിച്ചു. ടാസ്ക് ഫോഴ്സ് പ്രവര്‍ത്തനം ആരംഭിക്കുകയും സംയോജിത പ്രക്രിയ നടക്കുകയും ചെയ്യുകയാണ്. 2018 ചിങ്ങം ഒന്നോടു കൂടി സംസ്ഥാന സഹകരണ ബാങ്കിന്റെ പ്രവര്‍ത്തനം തുടങ്ങുവാന്‍ കഴിയുമെന്ന് പ്രതിക്ഷിക്കുന്നു.
എല്ലാവര്‍ക്കും സുരക്ഷിതവും വിശ്വാസയോഗ്യവുമായ ബാങ്കിംഗ് സേവനങ്ങള്‍ ലഭ്യമാക്കുക എന്നതാണ് പുതിയ ബാങ്കിന്റെ വീക്ഷണം. മാന്യമായ ഉപജീവനമാര്‍ഗ്ഗം നിവര്‍ത്തിക്കുന്നതിന് മെച്ചപ്പെട്ട സാമ്പത്തിക സേവനങ്ങള്‍ നല്‍കുന്നതിലൂടെ സുരക്ഷിതവും സൗഹൃദപരവുമായ ബാങ്കിംഗ് സേവനങ്ങള്‍ സാധാരണ ജനങ്ങള്‍ക്ക് എളുപ്പത്തില്‍ ലഭ്യമാക്കുക എന്നതാണ് പുതിയ ഈ ബാങ്കിന്റെ ദൗത്യം.
നിര്‍ദ്ദിഷ്ട സംസ്ഥാന സഹകരണ ബാങ്ക് കേരളത്തിലെ കര്‍ഷകര്‍, സ്ത്രീകള്‍, യുവാക്കള്‍, ചെറുകിട സംരംഭകര്‍, നോണ്‍-റസിഡന്റ് ഇന്‍ഡ്യന്‍സ് തുടങ്ങിയ സാധാരണ ജനങ്ങള്‍ക്ക് ഒരു ആധുനിക ബാങ്കായി കണക്കാക്കപ്പെടുന്നു. സഹകരണ മേഖലയിലെ ഒരു “സമ്പൂര്‍ണ്ണ സേവന സാർവ്വത്രിക ബാങ്കായി” രൂപീകരിക്കപ്പെടും. പ്രാഥമിക കാര്‍ഷിക സഹകരണ സംഘങ്ങള്‍ക്കും (പി.എ.സി.എസ്) അതിന്റെ അംഗങ്ങള്‍ക്കുമാണ് ഇതിന്റെ സേവനം ലഭ്യമാകുക, പുതിയ ബാങ്ക് സമൂഹത്തിന്റെ എല്ലാ വിഭാഗങ്ങള്‍ക്കും സേവനം നല്‍കുന്നതിനായി പരിശ്രമിക്കുകയും കേരളത്തിലെ പൊതുസമൂഹത്തിന്റെ അഭിമാനസ്ഥാപനവുമായി നിലകൊള്ളുന്നതാണ്. ഇത് “ജനങ്ങളുടെ സ്വന്തം ബാങ്ക്” ആയിരിക്കും. സംസ്ഥാനത്തിന്റെ എല്ലാ പരമ്പരാഗത, ആധുനിക ബാങ്കിംഗ് ഉല്‍പ്പന്നങ്ങളും, സേവനങ്ങളും സംസ്ഥാനത്തെ ജനങ്ങള്‍ക്ക് താങ്ങാവുന്ന നിരക്കില്‍ ലഭ്യമാക്കുകയും ചെയ്യും.
കേരളത്തിലെ സഹകരണ ബാങ്കിംഗ് സംവിധാനം ജനങ്ങളെ സേവിക്കുന്നതിലും സംസ്ഥാനത്തിന്റെ ഗ്രാമീണ സമ്പദ് വ്യവസ്ഥയെ പിന്തുണക്കുന്നതിലും സുപ്രധാന പങ്ക് വഹിക്കുന്ന കാര്യത്തില്‍ ഒരു സംശയവുമില്ല. കേരള ബാങ്ക് എന്ന സങ്കല്പത്തിന് പിന്നിലെ പ്രധാന ഉദ്ദേശം കേരളത്തിന്റെ വളര്‍ച്ചയ്ക്കും വികസനത്തിനും വേണ്ടി വര്‍ദ്ധിച്ചു വരുന്ന വിഭവ ലഭ്യത ഉറപ്പാക്കലാണ്.
പുതിയ ബാങ്കിംഗ് ഡയറക്ടര്‍മാരില്‍ 22 അംഗങ്ങളാണുള്ളത്. ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി ഒരു അനുഭവ പരിചയമുള്ള ബാങ്കര്‍, പ്രാഥമിക കാര്‍ഷിക വായ്പ സംഘങ്ങളില്‍ നിന്ന് 14 പ്രതിനിധികള്‍ (ഓരോ ജില്ലയില്‍ നിന്നും ഒരാള്‍ വീതം കുറഞ്ഞ നിര്‍ദ്ദിഷ്ഠ യോഗ്യത അനുസരിച്ച്) അപെക്സ് സഹകരണ സംഘങ്ങളെ പ്രതിനിധീകരിക്കുന്ന രണ്ട് അംഗങ്ങള്‍, ഡൊമെയിന്‍/സബ്ജക്ട് വിദഗ്ദ്ധരുടെ 3 പ്രതിനിധികള്‍, 2 എക്സ്ഒഫീഷ്യോ പ്രതിനിധികള്‍, നബാര്‍ഡ് (1), സഹകരണ വകുപ്പിന്റെ മുന്‍ ഉദ്യോഗസ്ഥര്‍ (1) എന്നിവരടങ്ങുന്നതാണ് യോഗ്യതാ മാനദണ്ഡം. റീജ്യണല്‍ ബോര്‍ഡുകള്‍ ഒന്നും നിര്‍ദ്ദേശിച്ചിട്ടില്ല.
പുതിയ ബാങ്കിന്റെ ആസ്ഥാനം തിരുവനന്തപുരത്തായിരിക്കും. രണ്ട് ജില്ലകള്‍ വീതം ഉള്‍ക്കൊള്ളുന്ന ഏഴ് മേഖലാ ഓഫീസുകളെ മതിയായ അധികാരമുള്ള റീജിയണല്‍ മാനേജര്‍മാര്‍ നയിക്കും. റീജിയണല്‍ ഓഫീസുകളുടെ അധികാര പരിധിയിന്‍കീഴില്‍ വരുന്ന പ്രാഥമിക കാര്‍ഷിക സഹകരണ സംഘങ്ങളെ നയിക്കുന്നതിനായി മാര്‍ഗ്ഗനിര്‍ദ്ദേശി എന്ന നിലയില്‍ ഒരു വിദഗ്ദ്ധ ടീം ഉണ്ടായിരിക്കും. നിലവിലുള്ള സഹകരണ സംഘങ്ങളുടെ ലയനം തുടരും. മേഖലാ മാനേജര്‍മാര്‍ തലവനായുള്ള രണ്ട് ജില്ലകളെ ഉള്‍ക്കൊള്ളുന്ന 7 മേഖലാ ഓഫീസുകളും ഉണ്ടായിരിക്കും. റീജ്യണല്‍ ഓഫീസുകള്‍ക്ക് പ്രാഥമിക കര്‍ഷക സംഘടനകളുടെ അധികാര പരിധിയില്‍ ഒരു മാര്‍ഗ്ഗനിര്‍ദ്ദേശം വഹിച്ചുകൊണ്ട് കൈപ്പറ്റുന്നതിനുള്ള സമര്‍പ്പിത സംഘം ഉണ്ടായിരിക്കും. നിലവിലുള്ള കമ്പനികളുടെ ശൃംഖല ലയിപ്പിക്കും.
നിലവില്‍ സഹകരണ ബാങ്കിംഗ് ത്രിതല സംവിധാനമാണുള്ളത്. അവ സംസ്ഥാന സഹകരണ ബാങ്കും, പുറമെ ജില്ലാ സഹകരണ ബാങ്കുകള്‍, സഹകരണ ബാങ്കുകളും സൊസൈറ്റികളും എന്ന ക്രമത്തിലാണ് ചിട്ടപ്പെടുത്തിയിട്ടുള്ളത്. താഴത്തെ തലത്തില്‍ ഉള്‍ക്കൊള്ളുന്നു. കേരള ബാങ്കിന്റെ രൂപവത്കരണത്തിന് ശേഷം ഇത് രണ്ട് തലത്തിലുള്ള സംവിധാനമായി മാറുന്നതാണ്.
അവലംബം : കേരള സഹകരണ വകുപ്പും കേരള ബാങ്കുകളുടെ രൂപീകരണം സംബന്ധിക്കുന്ന വിദഗ്ദ സമിതി റിപ്പോര്‍ട്ടും