ജില്ല രൂപരേഖ

1957 ജനുവരി 1-നാണ് കണ്ണൂർ ജില്ല രൂപീകൃതമായത്.  പഴയ മലബാർ ജില്ലയും മദ്രാസ് സംസ്ഥാനത്തെ കാസർഗോഡ് താലൂക്കും ചേർന്ന കണ്ണൂർ ജില്ലയിൽ, മാനന്തവാടി (ഇപ്പോൾ വയനാട് ജില്ലയിൽ) കാസർഗോഡ് , ഹോസ്ദുർഗ് (ഇപ്പോൾ കാസർഗോഡ് ജില്ലയിൽ) ഉൾപ്പെടെ 6 താലൂക്കുകളാണ് ഉണ്ടായിരുന്നത്. 

11 °o 40 ’മുതൽ 12 ° o 48’ വടക്കും അക്ഷാംശങ്ങൾ 74 °o 52 ’മുതൽ 76 °o 56’ വരെ കിഴക്കും കണ്ണൂര്‍ ജില്ല സ്ഥിതിചെയ്യുന്നു. ജില്ലയുടെ കിഴക്ക് പശ്ചിമഘട്ടം (കർണാടക സംസ്ഥാനത്തിന്റെ കൂർഗ് ജില്ല), തെക്ക്  ദിശയില്‍ കോഴിക്കോട്, വയനാട് ജില്ലകൾ, പടിഞ്ഞാറ് ലക്ഷദ്വീപ് കടൽ, വടക്ക് കാസരഗോഡ് ജില്ല എന്നിങ്ങനെയാണ് സ്ഥിതി ചെയ്യുന്നത്.

ജനസംഖ്യാ ശാസ്ത്രം

2011-ലെ സെൻസസ് പ്രകാരം ജില്ലയിലെ ജനസംഖ്യ (25.23 ലക്ഷം) സംസ്ഥാനത്തെ മൊത്തം ജനസംഖ്യയുടെ 7.56 ശതമാനമാണ്. ജനസംഖ്യയിൽ 8.82 ലക്ഷം ഗ്രാമ പ്രദേശങ്ങളിൽ നിന്നും 16.41 ലക്ഷം നഗരപ്രദേശങ്ങളിൽ നിന്നുമാണ്.  0-6 വയസ്സിനിടയിലുള്ള കുട്ടികളുടെ ജനസംഖ്യ 2,74,318 ആണ്.  ഇത് ജില്ലയിലെ മൊത്തം ജനസംഖ്യയുടെ 10.87 ശതമാനമാണ്.  ജില്ലയിലെ മൊത്തം ജനസംഖ്യയിൽ ഗ്രാമീണ ജനസംഖ്യ 34.95 ശതമാനവും നഗര ജനസംഖ്യ 65.05 ശതമാനവുമാണ്.  ജില്ലയിലെ ലിംഗാനുപാതം 1000 പുരുഷൻമാർക്ക് 1133 ഉം നഗര ഗ്രാമീണ കണക്കുകൾ യഥാക്രമം 1168 ഉം 1071 ഉം ആണ്.  പട്ടികവർഗ്ഗ ജനസംഖ്യ 1.64%ഉം പട്ടികജാതി ജനസംഖ്യ 3.3%ഉം ആണ്.  ജില്ലയിലെ സ്ത്രീ ജനസംഖ്യ മൊത്തം ജനസംഖ്യയുടെ 53.17 ശതമാനമാണ്. എന്നാൽ 0-6 വയസ്സിനിടയിലുള്ള സ്ത്രീ ജനസംഖ്യ ഇതേ പ്രായത്തിലുള്ള മൊത്തം ജനസംഖ്യയുടെ 49.27 ശതമാനമാണ്. ജില്ലയിലെ സാക്ഷരതാ നിരക്ക് 95.41 ശതമാനമാണ്.

ഭരണ വിഭാഗം

കണ്ണൂർ ആണ് ജില്ലാ ആസ്ഥാനം.  ജില്ലയെ ആകെ 2 റവന്യൂ ഡിവിഷനുകളായും 5 താലൂക്കുകളായും തിരിച്ചിരിക്കുന്നു.  തലശ്ശേരി, കണ്ണൂർ, തളിപ്പറമ്പ്, പയ്യന്നൂർ, ഇരിട്ടി എന്നിങ്ങനെ 5 താലൂക്കുകളിലായി 129 റവന്യൂ വില്ലേജുകളും ജില്ലയിൽ ഉണ്ട്.  കൂടാതെ 71 ഗ്രാമ പഞ്ചായത്തുകളും 11 ബ്ലോക്ക് പഞ്ചായത്തുകളും 9 മുനിസിപ്പാലിറ്റികളും 1 മുനിസിപ്പൽ കോർപ്പറേഷനും ജില്ലയിൽ ഉണ്ട്.

ഭൗതിക സവിശേഷതകൾ  

ജില്ലയെ ഭൂപ്രകൃതിയുടെ അടിസ്ഥാനത്തിൽ മൂന്നായി തിരിക്കാം. 1. ഉയർന്ന പ്രദേശം(high land) മിഡ് ലാന്റ്, താഴ്ന്ന പ്രദേശം(low land). ഭൂപ്രകൃതി, ഭൂമിശാസ്ത്രം, മണ്ണ്, കാലാവസ്ഥ, പ്രകൃതി സസ്യങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിൽ കണ്ണൂർ ജില്ലയെ 4 ഉപ മൈക്രോ മേഖലകളായി തിരിച്ചിരിക്കുന്നു.

കാനന്നൂർ തീരം

ജില്ലയുടെ പടിഞ്ഞാറ് ഭാഗത്തെ ഇടുങ്ങിയ തീര പ്രദേശമായ ഈ പ്രദേശം ജില്ലയുടെ എല്ലാ താലൂക്കുകളുടെയും രേഖാംശമായി ഖണ്ഡിക്കുന്നു. ഏഴിമലയ്ക്കടുത്തുള്ള (260 മീറ്റർ) പാറക്കൂട്ടവും വടക്കൻ തീരത്തിനും തലശ്ശേരി തീരത്തിനു ചുറ്റുമുള്ള ചില ഒറ്റപ്പെട്ട പോക്കറ്റുകളും ഒഴികെ മധ്യഭാഗം പൊതുവെ പരന്നതാണ്.  കിഴക്കാം തൂക്കായ ലാറ്ററൈറ്റ് മലഞ്ചേരിവുകളും ഇവിടെ കാണാം.

തളിപ്പറമ്പ് – കൂത്തുപറമ്പ് സമതലം

ഈ പ്രദേശം വടക്കും കിഴക്കും പെരിങ്ങോം-മട്ടന്നൂർ നിംനോനത പ്രദേശങ്ങളാലും തെക്ക് കോഴിക്കോട് ജില്ലയായും പടിഞ്ഞാറ് കണ്ണൂർ തീര സമതലത്താലും ചുറ്റപ്പെട്ടിരിക്കുന്നു.  ഈ സമതലം പടിഞ്ഞാറോട്ട് ചെരിഞ്ഞാണ് സ്ഥിതി ചെയ്യുന്നത്.  തെക്കേ അറ്റത്ത് തലശ്ശേരി താലൂക്കിലെ കൊളവല്ലൂർ പ്രദേശവും (പരമാവധി ഉയരം 159 മീറ്റർ) തളിപ്പറമ്പ് താലൂക്കിലെ പട്ടുവം പ്രദേശവും (ഏറ്റവും കുറഞ്ഞ ഉയരം – 63 മീറ്റർ) ആണ്. 

പെരിങ്ങോം-മട്ടന്നൂർ നിംന്നോനത പ്രദേശം

വടക്ക് കാസർഗോഡ് പീഠഭൂമി, കിഴക്ക് കർണ്ണാടക സംസ്ഥാനം, തെക്ക് കണ്ണവം വനമേഖലയിലുള്ള കുന്നുകൾ, പടിഞ്ഞാറ് തളിപ്പറമ്പ് – കൂത്തുപറമ്പ് സമതലം, കാനന്നൂർ തീരം എന്നിവയാണ്.  ഈ പ്രദേശത്തിന്റെ അതിർത്തി ഒറ്റപ്പെട്ട കുന്നുകളടങ്ങിയ ഭൂപ്രദേശമാണ്. 


കണ്ണവം വനമേഖല

ഈ പ്രദേശം വടക്ക് പെരിങ്ങോം-മട്ടന്നൂർ സമതല പ്രദേശം കിഴക്ക് കർണ്ണാടക സംസ്ഥാനം, തെക്ക് വയനാട്, കോഴിക്കോട് ജില്ലകൾ, പടിഞ്ഞാറ് തളിപ്പറമ്പ-കൂത്തുപറമ്പ സമതലങ്ങൾ എന്നിവയാൽ ചുറ്റപ്പെട്ടിരിക്കുന്നു.  തലശ്ശേരി താലൂക്കിലെ ചെറുവാഞ്ചേരി വില്ലേജാണ് ഈ മേഖലയിൽ ഏറ്റവും ഉയർന്ന പ്രദേശം. (1047 മീറ്റർ).  മഴക്കാലത്ത് ഈ പ്രദേശങ്ങളിൽ മണ്ണിടിച്ചിൽ ഉണ്ടാവാറുണ്ട്.

നദികൾ

നദികളാൽ സമ്പന്നമായ ജില്ലയാണ് കണ്ണൂർ.  ചുരുക്കം ചില ചെറുനദികളൊഴികെ മിക്ക നദികളും വറ്റാത്തവയാണ്. അവ ജലസേചനത്തിനും ചെറിയ ജലസേചന പദ്ധതികളിലൂടെ വെള്ളപ്പൊക്കം നിയന്ത്രിക്കുന്നതിനുമുള്ള സാധ്യത നൽകുന്നു.

ജില്ലയിലെ ഏറ്റവും നീളം കൂടിയ നദിയായ വളപട്ടണം പുഴ, മാനന്തവാടിക്ക് വടക്ക് 15 കിലോ മീറ്റർ ദൂരെ വയനാട് ജില്ലയിൽ സ്ഥിതിചെയ്യുന്ന ബ്രഹ്മഗിരി മലനിരകളിൽ നിന്നും ഉത്ഭവിക്കുന്നു. വളപട്ടണം നദിയുടെ പ്രധാന കൈവഴി ആറളം പുഴയാണ്.

കർണ്ണാടക സംസ്ഥാനത്തെ കുടക് ജില്ലയിലെ പാഡിനാൽക്കാട് റിസർവ് വനത്തിൽ നിന്നും ഉത്ഭവിക്കുന്ന നദിയായ  കുപ്പം നദി, പടിഞ്ഞാറ് തടിക്കടവ്, കാവേരി, തളിപ്പറമ്പ വഴി ഒഴുകി വളപട്ടണം നദിയിൽ ചേരുന്നു. 

മയ്യഴി പുഴ എന്നറിയപ്പെടുന്ന മാഹി പുഴ പശ്ചിമഘട്ടത്തിലെ വയനാടൻ മലനിരകളിൽ നിന്നും ഉത്ഭവിച്ച് വയനാട് ജില്ലയിലെ മാനന്തവാടി താലൂക്ക്, കോഴിക്കോട് ജില്ലയിലെ വടകര താലൂക്ക്, തലശ്ശേരി താലൂക്ക് എന്നിവയിലൂടെ കടന്നു പോയി തലശ്ശേരിക്ക് 6 കി.മീറ്റർ തെക്ക് മാഹിയിൽ വെച്ച് അറബിക്കടലിൽ ചേരുന്നു. 
            ജില്ലയിലെ മിക്ക നദികളും ജലഗതാഗതത്തിന് യോഗ്യമാണ്. സഞ്ചരിക്കാവുന്ന ഏറ്റവും ദൈർഘ്യമേറിയ സഞ്ചാരപാത വളപട്ടണം നദിയിലൂടെയും ശേഷം അഞ്ചരക്കണ്ടി പുഴയിലുടെയുമാണ്.
 
ചരിത്രം

കണ്ണൂർ എന്ന മലയാള പദത്തിന്റെ ആംഗലേയ രൂപമാണ് ‘കാനന്നൂർ’ എന്ന പഴയ പേര്.  “കണ്ണൂർ” എന്നത് കണ്ണൂർ മുനിസിപ്പാലിറ്റിയുടെ ഒരു വാർഡിൽ ഇന്നും നിലനിൽക്കുന്ന പുരാതന ഗ്രാമമായ കാനത്തൂരിൽ നിന്നും ഉരുത്തിരിഞ്ഞ പേരാണ് എന്നൊരു അഭിപ്രായം നിലവിൽ ഉണ്ട്. ഹിന്ദു ദേവതയായ കണ്ണന്റെ (ശ്രീകൃഷ്ണൻ) ഊര് (സ്ഥലം) എന്ന അർത്ഥത്തിൽ കണ്ണൂർ എന്ന പേര് വന്നതായിരിക്കാമെന്ന് മറ്റൊരു ഭാഷ്യവുമുണ്ട്.
            കണ്ണൂർ ജില്ലയെ ‘തറികളുടെയും തിറകളുടെയും നാട്’(the land of looms and lores) എന്നറിയപ്പെടുന്നു.  ജില്ലയിലെ കാവുകളിലും കളരികളിലും അനുഷ്ഠാന കലയായ തെയ്യം കെട്ടിയാടി വരുന്നുണ്ട്.

കൃഷി
            ജില്ലയിലെ ഭൂരിപക്ഷം ജനങ്ങളും അവരുടെ ഉപജീവനത്തിനായി നേരിട്ടോ അല്ലാതെയോ കാർഷിക മേഖലയെ ആശ്രയിച്ചിരിക്കുന്നു.  തേങ്ങ, കുരുമുളക്, കശുവണ്ടി, മരച്ചീനി, അടയ്ക്ക, റബ്ബർ പോലുള്ള തോട്ടവിളകളാണ് ജില്ലയിലെ പ്രധാന വിളകൾ.  സുഗന്ധ വ്യഞ്ജനമായ കറുവപട്ട ഉത്പ്പാദിപ്പിക്കുന്ന ഏഷ്യയിലെ ഏറ്റവും വലിയ കറുവപ്പട്ട എസ്റ്റേറ്റ് 1767-ൽ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ലോർഡ് ബ്രൗൺ സ്ഥാപിച്ചത് കണ്ണൂർ ജില്ലയിലെ അഞ്ചരക്കണ്ടിയിലാണ്.
            വാർഷിക വിളകളിൽ ഏറ്റവും വലിയ പ്രദേശത്ത് ഇത്പ്പാദിപ്പിക്കുന്ന വിള നെല്ലാണ്.  നെല്ലിന്റെ ശരാശരി വിളവ് ഹെക്ടറിന് 2146 കി.ഗ്രാം ആണ്.  നെൽകൃഷി കഴിഞ്ഞാൽ അടുത്തായി ജില്ലയിലെ ഏറ്റവും പ്രധാനപ്പെട്ട വിള നാളികേരമാണ്.  ജില്ലയിലുടനീളം നാളികേരം വ്യാപകമായി കൃഷി ചെയ്യുന്നു.  ജില്ലയിൽ വളർത്തുന്ന ഒരു പ്രധാന നാണ്യവിളയാണ്  കശുവണ്ടി.  കശുവണ്ടി കൃഷിയിലും ഉൽപ്പാദനത്തിലും കണ്ണൂർ ജില്ലയ്ക്ക് ഒരു സുപ്രധാന പങ്കുണ്ട്.  ജില്ലയിലെ ഫലഭൂഷ്ഠത കുറഞ്ഞ വിശാലമായ തരിശു നിലങ്ങളുടെ ലഭ്യത കശുവണ്ടി കൃഷിയും അനുബന്ധ വ്യവസായങ്ങളും വികസിപ്പിക്കാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു.
            സുഗന്ധ വ്യഞ്ജനങ്ങൾക്കിടയിൽ, കുരുമുള്ക് ഒരു പ്രധാന സ്ഥാനം വഹിക്കുന്നു.  തേങ്ങ, അടയ്ക്ക, വിവിധ ഫലവൃക്ഷങ്ങൾ എന്നിവയ്ക്കിടയിൽ ഒരു ഇടവിളയാണ് കുരുമുളക് കൂടുതലും ഉത്പ്പാദിപ്പിക്കുന്നത്. ജില്ലയിലെ മലയോര പ്രദേശങ്ങളിൽ ഇടവിളയായി റബ്ബറും കശുവണ്ടിയും ഉപയോഗിക്കുന്നു. തോട്ടവിളകളിൽ ഏറ്റവും പ്രധാനപ്പെട്ട വ്യാവസായിക നാണ്യവിളയാണ് റബ്ബർ.  കണ്ണൂർ ജില്ലയിലെ റബ്ബർ കൃഷിയുടെ 55 ശതമാനവും തളിപ്പറമ്പ് താലൂക്കിലും ശേഷം തലശ്ശേരി, കണ്ണൂർ താലൂക്കുകളിലുമാണ്.  2000 കി. ഗ്രാം മുതൽ 4000 കി. ഗ്രാം വരെയാണ് പ്രതിഹെക്ടറിലെ റബ്ബർ ഉത്പ്പാദനം.

കണ്ണൂർ ജില്ലയിൽ നിന്നുള്ള എം.പിമാർ

 1. ശ്രീ. കുമ്പക്കുടി സുധാകരൻ - കണ്ണൂർ ലോക് സഭ
 2. ശ്രീ. കെ.കെ. രാഗേഷ് -  രാജ്യസഭ

കണ്ണൂർ ജില്ലയിൽ നിന്നും ഉള്ള എം.എൽ.എമാർ

 1. ശ്രീ. സി. കൃഷ്ണൻ - പയ്യന്നൂർ
 2. ശ്രീ. ടി.വി രാജേഷ് - കല്ല്യാശ്ശേരി
 3. ശ്രീ. ജെയിംസ് മാത്യു – തളിപ്പറമ്പ
 4. ശ്രീ. കെ.സി. ജോസഫ്  - ഇരിക്കൂർ
 5. ശ്രീ. കെ.എം. ഷാജി – അഴീക്കോട്
 6. ശ്രീ. കടന്നപ്പള്ളി രാമചന്ദ്രൻ - കണ്ണൂർ
 7. ശ്രീ. പിണറായി വിജയൻ - ധർമ്മടം
 8. ശ്രീ. എ.എൻ. ഷംസീർ - തലശ്ശേരി
 9. ശ്രീമതി. കെ.കെ. ശൈലജ ടീച്ചർ - കൂത്തുപറമ്പ
 10. ശ്രീ. ഇ.പി. ജയരാജൻ - മട്ടന്നൂർ
 11. ശ്രീ. സണ്ണി ജോസഫ് – പേരാവൂർ

വിദ്യാഭ്യാസവും വിദ്യാഭ്യാസ സ്ഥാപനങ്ങളും
            പരിയാരം ഗവ.മെഡിക്കൽ കോളേജ്, പരിയാരം ഗവ. ആയുർവ്വേദ കോളേജ്, മാങ്ങാട്ടുപറമ്പ് ഗവ. എഞ്ചിനീയറിംഗ് കോളേജ്, തോട്ടട ഗവ. പോളി ടെക്നിക് കോളേജ് , തലശ്ശേരി ഗവ. ബ്രണ്ണൻ കോളേജ്, കൃഷ്ണമേനോൻ സ്മാരക ഗവ. വനിതാ കോളേജ് എന്നിവയാണ് ജില്ലയിലെ പ്രധാന വിദ്യാഭ്യാസ സ്ഥാപനങ്ങൾ.

ജില്ലയിലെ പ്രധാന പരിപാടികളും പദ്ധതികളും

 1. നെല്ലിൽ വിരിഞ്ഞ വിസ്മയം – മയ്യിൽ മോഡൽ

കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് അസംബ്ലി നിയോജക മണ്ഡലത്തിൽ ഉൾപ്പെടുന്ന ഇരിക്കൂർ ബ്ലോക്കിന് കീഴിലെ മയ്യിൽ ഗ്രാമപഞ്ചായത്തിലാണ് ഇന്ന് ലോകം അറിയപ്പെടുന്ന മയ്യിൽ നെല്ല് ഉത്പാദക കമ്പനി (MRPC) സ്ഥിതി ചെയ്യന്നത്. നെൽകൃഷി പരിപോഷിപ്പിക്കാൻ ലക്ഷ്യമിട്ട് 2016 ആഗസ്ത് മാസം ‘സമ്പൂർണ്ണ നെൽകൃഷി’ എന്ന പേരിൽ മയ്യിലിൽ ഒരു പ്രചാരണ പരിപാടി സംഘടിപ്പിച്ചു. മയ്യിൽ നെല്ലുത്പാദനത്തിന്റെ വിജയ ഗാഥയിൽ പങ്കാളികളായി കർഷകരും, കൃഷിശാസ്ത്രജ്ഞരും, സർക്കാർ ഏജൻസികളും, സ്ത്രീകളും, യുവജനങ്ങളും, രാഷ്ട്രീയപാർട്ടി പ്രവർത്തകരും നിലകൊള്ളുന്നു. 2016-17 വർഷം ഒന്നും രണ്ടും വിളകളിൽ നിന്നായി 300 ഹെക്ടർ സ്ഥലത്ത് കൃഷി ചെയ്ത് 645 ടൺ വിളവെടുത്ത സ്ഥാനത്ത് 2017-18 ൽ 600 ഹെക്ടർ വരെ നെൽകൃഷി വ്യാപിപ്പിക്കുകയും ഉത്പാദനം ഏതാണ്ട് 4½ ഇരട്ടി വർദ്ധിപ്പിച്ച് 3000 ടൺ ആയി വർദ്ധിപ്പിക്കാൻ മയ്യിലിലെ കർഷകർക്ക് സാധിച്ചു. മയ്യിൽ എന്ന പേരിൽ ബ്രാൻഡ് ചെയ്ത് അരി കമ്പോളത്തിൽ എത്തിക്കാൻ കഴിഞ്ഞതോടൊപ്പം സഞ്ചരിക്കുന്ന നെല്ല് സംസ്കരണ യൂണിറ്റ് (നെല്ല്കുത്ത് മില്ല്) എന്ന നൂതന ആശയം സാക്ഷാത്കരിക്കാനും കർഷകർക്ക് സാധിച്ചു. മാരുതി എന്ന പേരിലുള്ള ഈ ചെറിയ നെല്ല്കുത്ത് മില്ലിലെ 3HP  മോട്ടോറിന് മണിക്കൂറിൽ 120Kg   നെല്ലിനെ അരിയാക്കി മാറ്റാൻ സാധിക്കുന്നു. 13 മിനി നെല്ല്കുത്ത് മില്ലുകളും ഒരു മൊബൈൽ മില്ലും ഇന്ന് പ്രവർത്തിക്കുന്നു. പ്രാദേശിക ഉത്പാദക വിപണന രംഗത്തെ കേരള മാതൃകയാക്കി മയ്യിൽ വിജയഗാഥ അറിയപ്പെടുന്നു.

 1. കൂത്തുപറമ്പ മോഡൽ അഗ്രോ സർവ്വീസ് സെന്റർ

കൂത്തുപറമ്പ മോഡൽ അഗ്രോ സർവ്വീസ് സെന്റർ പ്രവർത്തിക്കുന്നത് ബ്ലോക്കിന്റെ പരിധിയിൽ വരുന്ന പാട്യം ഗ്രാമ പഞ്ചായത്തിലെ ചെറുവാഞ്ചേരി എന്ന പ്രദേശത്താണ്. 
കൃഷി വകുപ്പിന്റെ മേൽനോട്ടത്തിലാണ് ഈ പദ്ധതിയുടെ പ്രവർത്തനങ്ങൾ നടത്തുന്നത്.  കാർഷിക സേവന കേന്ദ്രത്തിന്റെ പ്രധാന ഉദേശ്യങ്ങൾ നൂതന സാങ്കേതിക വിദ്യയിലൂടെ കർഷകർക്ക് കൂടുതൽ മെച്ചപ്പെട്ട വിളവ് ലഭ്യമാക്കുക, കാർഷിക മേഖലയിലെ തൊഴിലാളികളുടെ ദൗർലഭ്യത്തിന് പരിഹാരം കാണുക, കർഷകരുടെ സാമ്പത്തിക ബാധ്യത കുറച്ചുകൊണ്ടുവരിക, അത്യുൽപ്പാദന ശേഷിയുള്ള വിത്തിനങ്ങൾ ലഭ്യമാക്കുക, ഉൽപ്പന്നങ്ങൾക്ക് നല്ല വിപണി കണ്ടെത്തുക എന്നിവയാണ്.
കാർഷിക മേഖല നേരിടുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിന് സാങ്കേതിക വിദ്യകളുടെ പ്രായോഗിക പരിശീലനം, ജൈവ കൃഷിക്ക് മുഖ്യ പ്രാധാന്യം നൽകി വിള പരിപാലനം, കാർഷികോൽപ്പന്നങ്ങളുടെ സംസ്കരണം, മൂല്യ വർദ്ധിത ഉൽപ്പന്നങ്ങളുടെ നിർമ്മാണവും വിതരണവും, മൃഗസംരക്ഷണം, ക്ഷീര വികസനം, തേനീച്ച വളർത്തൽ, കൂൺ കൃഷി, അലങ്കാര മത്സ്യകൃഷി, വിത്തുൽപ്പാദനം തുടങ്ങിയ മേഖലകളിലേയ്ക്കും  അഗ്രോ സർവ്വീസ് സെന്ററിന്റെ പ്രവർത്തനം വ്യാപിപ്പിച്ചിട്ടുണ്ട്.

ശ്രീ പ്രകാശന്‍ കെ

ജില്ലാ പ്ലാനിംഗ് ഓഫീസർ
കണ്ണൂർ