ജില്ലയുടെ രൂപരേഖ
കൊല്ലം, ആലപ്പുഴ, ഇടുക്കി എന്നീ ജില്ലകളുടെ ഭാഗങ്ങള്‍ ഉള്‍പ്പെടുത്തി 1982 നവംബര്‍ ഒന്നിനാണ് പത്തനംതിട്ട ജില്ല രൂപീകൃതമായത്. ഭൂമിശാസ്ത്രപരമായി 9.270 വടക്കും 76.780 കിഴക്കും ആണ് ജില്ലയുടെ സ്ഥാനം.
ജനസംഖ്യാ ശാസ്ത്രം
2011 സെന്‍സസ് പ്രകാരം 10,62,553 ആണ് ജില്ലയിലെ ജനസംഖ്യ. ഇതില്‍ 4,99,181 പുരുഷന്‍മാരും 5,63,372 സ്ത്രീകളും ഉണ്ട്. 1132 സ്ത്രീകള്‍ക്ക് 1000 പുരുഷന്‍മാര്‍ എന്നതാണ് സ്ത്രീ-പുരുഷ അനുപാതം. ഒരു സ്ക്വ.കി.മീറ്ററിന് 452 എന്നതാണ് ജന സാന്ദ്രത. ജില്ലയുടെ ആകെ വിസ്തീര്‍ണ്ണം 2652 സ്ക്വ.കി.മീ ആണ്. ഇതിന്‍റെ 52 ശതമാനവും റിസര്‍വ് വനഭൂമിയായി പരിരക്ഷിച്ചിരിക്കുന്നു.
ഭരണകൂടം
ഭരണ സൗകര്യത്തിനായി ജില്ലയെ രണ്ട് റവന്യൂ ഡിവിഷനുകളായും 6 താലൂക്കുകളായും 70 വില്ലേജുകളായും തിരിച്ചിരിക്കുന്നു. ജില്ലയെ 8 കമ്യൂണിറ്റി ഡെവലപ്മെന്‍റ് ബ്ലോക്കുകള്‍, 53 ഗ്രാമ പഞ്ചായത്തുകള്‍, 4 മുനിസിപ്പാലിറ്റികള്‍ എന്നിങ്ങനെയും വിഭജിച്ചിട്ടുണ്ട്. ജില്ലയില്‍ ആകെ 5 നിയമസഭാ നിയോജക മണ്ഡലങ്ങളും (റാന്നി, ആറന്‍മുള, തിരുവല്ല, അടൂര്‍, കോന്നി) ഒരു പാര്‍ലമെന്‍റ് നിയോജക മണ്ഡലവും (പത്തനംതിട്ട) ആണ് ഉള്ളത്.
കൃഷി
ആകെ കൃഷിഭൂമിയുടെ 41.17 ശതമാനം റബ്ബറും (411.45 ച.കി.മീ), 29.43 ശതമാനം തെങ്ങും (294.12 ച.കി.മീ), 7.37 ശതമാനം നെല്ലും (73.66 ച.കി.മീ) കൃഷി ചെയ്യുന്നു. ഇതു കൂടാതെ കിഴങ്ങ് വര്‍ഗ്ഗങ്ങള്‍, വാഴ, സുഗന്ധ വ്യജ്ഞനങ്ങള്‍, പച്ചക്കറികള്‍ തുടങ്ങിയവയും ജില്ലയില്‍ വ്യാപകമായി കൃഷി ചെയ്യുന്നുണ്ട്.
വ്യവസായം
കിന്‍ഫ്ര പാര്‍ക്ക് കുന്നന്താനം, ട്രാവന്‍കൂര്‍ കെമിക്കല്‍സ് & ഷുഗര്‍ പുളിക്കീഴ്, ട്രാകോ കേബിള്‍ ലിമിറ്റഡ് തിരുവല്ല എന്നിവയാണ് പൊതുമേഖലയിലെ പ്രമുഖ വ്യവസായ സ്ഥാപനങ്ങള്‍.
വിദ്യാഭ്യാസം
739 സ്കൂളുകള്‍(261 സര്‍ക്കാര്‍, 431 എയ്ഡഡ്, 47 അണ്‍ എയ്ഡഡ്), 10 ആര്‍ട്സ് & സയന്‍സ് കോളജുകള്‍, 8 എഞ്ചിനീയറിംഗ് കോളജുകള്‍, പുതുതായി ആരംഭിച്ച കോന്നി സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ഉള്‍പ്പെടെ 4 മെഡിക്കല്‍ കോളജുകള്‍, 4 പോളിടെക്നിക് കോളജുകള്‍ എന്നിവയാണ് ജില്ലയിലുള്ളത്. മാര്‍ത്തോമ്മാ കോളജ് തിരുവല്ല, കാതോലിക്കറ്റ് കോളജ് പത്തനംതിട്ട, ഐ.എച്ച്.ആര്‍.ഡി അടൂര്‍ എന്നിവയാണ് ജില്ലയിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍.