മുഖവുര
കേരളം 2018 ൽ അനുഭവിച്ചത് 1924 നുശേഷമുണ്ടായ അതിരൂക്ഷമായ വെള്ളപ്പൊക്കവും മണ്ണിടിച്ചിലുകളുമാണ്. 2018 ആഗസ്തിലെ പ്രകൃതി ദുരന്തം, ജീവന്റെയും ജീവനോപാധികളുടെയും നഷ്ടങ്ങൾക്കിടയാക്കുകയും വീടുകൾ, റോഡുകൾ, മറ്റ് അടിസ്ഥാനസൗകര്യങ്ങൾ എന്നിവയ്ക്ക് കേടുപാടുകള്‍ വരുത്തുന്നതിന് കാരണമാവുകയും ചെയ്തു. കൃഷി, വ്യവസായം, വിനോദസഞ്ചാരം തുടങ്ങിയ സമ്പദ്ഘടനയിലെ ഉത്പാദന മേഖലകൾക്കു വലിയ നഷ്ടം സഹിക്കേണ്ടിവന്നു.
കേരള സംസ്ഥാനം - അതിന്റെ സര്‍ക്കാരും ജനങ്ങളും - പ്രതിസന്ധി കാലയളവില്‍ അടിയന്തര രക്ഷാപ്രവര്‍ത്തനവും ദുരിതാശ്വാസ പ്രവർത്തനവും നടത്തുന്നതിൽ അനിതരസാധാരണമായ കഴിവ് പ്രകടമാക്കി. പ്രതിസന്ധിയോടുള്ള പ്രതികരണം വ്യാപകവും ഭരണകൂടവും പൗരൻമാരും ചേർന്ന നിസ്വാർത്ഥവുമായ പൊതു ഇടപെടലുകളിലൊന്നായിരുന്നു. മത്സ്യത്തൊഴിലാളികളും യുവാക്കളും, വീരോചിതമായ രക്ഷാപ്രവര്‍ത്തനത്തിനും ദുരിതാശ്വാസ ശ്രമങ്ങള്‍ക്കും നേതൃത്വംനല്‍കിക്കൊണ്ട് കാണിച്ച സ്വമേധയായുള്ള സാമൂഹ്യ പ്രതിബദ്ധതയും സാഹോദര്യവും ശ്ലാഘനീയമായിരുന്നു. വേഗത്തില്‍, സൂക്ഷ്മതയോടെ, ജനപങ്കാളിത്തത്തോടെ പ്രതിസന്ധി കൈകാര്യം ചെയ്തതിന് ഇന്ത്യയിലെയും ലോകത്തിന്റെയും മറ്റ് ഭാഗങ്ങളിൽ നിന്ന് കേരള സംസ്ഥാനം പ്രശംസ നേടി.
വെള്ളപ്പൊക്കത്തിന്റെയും മണ്ണിടിച്ചിലിന്റെയും സാമ്പത്തിക വളര്‍ച്ചയ്ക്കുമേലുള്ള മൊത്തത്തിലുള്ള സ്വാധീനം വരും മാസങ്ങളിൽ പ്രകടമാകും. സാമ്പത്തിക അവലോകനം 2018 ൽ കേരള സമ്പദ്ഘടനയിലെ 2018 ലെ പ്രവണതകള്‍ വിവരിക്കുന്നുണ്ട്. 2016-17 ലെ 6.22 ശതമാനം (സ്ഥിരവിലയിൽ) വളര്‍ച്ചയെ അപേക്ഷിച്ച്, 2017-18 ല്‍ കേരള സമ്പദ്ഘടന 7.18 ശതമാനം (സ്ഥിരവിലയിൽ) കണ്ട് വളര്‍ന്നു. കാർഷിക മേഖലയും അനുബന്ധ മേഖലകളും കൈവരിച്ച മികച്ച പ്രവണതയായ 3.64 ശതമാനമെന്നത് 2017-18 ലും തുടര്‍ന്നു. ഉത്പന്ന നിർമ്മാണ മേഖലയിൽ മികച്ച വളർച്ചാ നിരക്ക് 9.22 ശതമാനം (സ്ഥിരവിലയിൽ) 2017-18ൽ രേഖപ്പെടുത്തി. ആരോഗ്യം, വിദ്യാഭ്യാസം എന്നിവയിലെ പൊതുനിക്ഷേപത്തിന്റെ ഫലം ലഭിക്കുന്നത് തുടരുന്നു. സർക്കാർ, സർക്കാർ എയ്ഡഡ് സ്കൂളുകളിലെ വിദ്യാർത്ഥികളുടെ പ്രവേശനം വർദ്ധിച്ചു. സ്വകാര്യ സ്കൂളുകളിൽ നിന്നും സര്‍ക്കാര്‍ സ്കൂളുകളിലേക്ക് മാറ്റം നടക്കുന്നു. സംസ്ഥാനത്തെ ശക്തമായ രോഗ നിരീക്ഷണ സംവിധാനം 2018 മെയ് മാസത്തിലെ നിപ്പാ വൈറസിന്റെ വ്യാപനം നിയന്ത്രിക്കുന്നതിലും തടയുന്നതിലും വിജയകരമെന്ന് തെളിയിച്ചു. വെള്ളപ്പൊക്കത്തിനു ശേഷം കേരളത്തിൽ പകർച്ചവ്യാധികൾ അടിച്ചമർത്തിയതും നിയന്ത്രിച്ചതും ഒരു ചരിത്ര നേട്ടമാണ്.
2018 സാമ്പത്തിക അവലോകനത്തിൽ "പൊതു സേവനങ്ങൾ", "കേരളത്തിന്റെ വികസനത്തിന് നാല് മിഷനുകൾ" എന്നീ പുതിയ വിഭാഗങ്ങൾ അവതരിപ്പിക്കുന്നു. "പൊതു സേവനങ്ങൾ" എന്ന വിഭാഗത്തിൽ സർവേ, ഭൂരേഖ, രജിസ്ട്രേഷൻ, എക്സൈസ്, പോലീസ് എന്നീ വകുപ്പുകള്‍ പൗര-കേന്ദ്രിതമായി നല്‍കുന്ന സേവനങ്ങള്‍ കൈകാര്യംചെയ്യുന്നു. നാല് വികസന മിഷനുകളുടെ നേട്ടങ്ങളും പുരോഗതിയും"കേരളത്തിന്റെ വികസനത്തിന് നാല് മിഷനുകൾ" എന്ന വിഭാഗത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഈ വർഷത്തെ അവലോകനം ആരംഭിക്കുന്നത് "കേരളം ഒറ്റനോട്ടത്തിൽ" എന്ന ഭാഗത്ത് കേരളത്തിന്റെ സമ്പദ്ഘടനയുടെ വികസനങ്ങളെക്കുറിച്ചുള്ള ഒരു ചെറിയ വിശകലനത്തോടെയാണ്.
അധികാര വികേന്ദ്രീകരണത്തിന്റെ രണ്ടാം ഘട്ടം പദ്ധതികൾ തയ്യാറാക്കുന്നതിലും നടപ്പാക്കുന്നതിലും ഗണ്യമായ പുരോഗതി കൈവരിച്ചിരിക്കുന്നു. 2018-19 ലേക്കുള്ള പ്രാദേശിക സര്‍ക്കാരുകളുടെ പദ്ധതികള്‍ക്ക് സാമ്പത്തിക വര്‍ഷത്തിന്റെ തുടക്കത്തില്‍തന്നെ അംഗീകാരം ലഭിക്കുന്നതിനുവേണ്ടി 2018-19 ല്‍ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പരിഷ്കരിച്ച് വിതരണം ചെയ്തിരുന്നു. അതിന്റെ ഫലമായി, സംസ്ഥാനത്തെ 1,147 പ്രാദേശിക സര്‍ക്കാരുകള്‍ക്ക് 2018-19 ലെ അവരുടെ വാര്‍ഷിക പദ്ധതി രൂപീകരണ പ്രക്രിയകള്‍ 2018 ഏപ്രിൽ 1 ന് മുമ്പ് പൂർത്തിയാക്കാനും പദ്ധതി നടപ്പിലാക്കുന്നതിന് ഒരു വര്‍ഷം മുഴുവന്‍ ലഭിക്കുകയുമുണ്ടായി. അതുകൊണ്ട് പ്രാദേശിക സര്‍ക്കാരുകള്‍ക്ക്, ഇന്നത്തെ രൂപത്തിൽ വികേന്ദ്രീകരണം നടപ്പിലാക്കിയതിന് ശേഷം, ആദ്യമായി ബജറ്റുമായി അവരുടെ വാര്‍ഷിക പദ്ധതികള്‍ സംയോജിപ്പിക്കാന്‍ കഴിഞ്ഞു.
സാമ്പത്തിക അവലോകനം 2018 ന്റെ പ്രമേയ അധ്യായമായിട്ടു കൊടുത്തിത്തിരിക്കുന്നത് 2018 ആഗസ്തിലെ പ്രളയത്തിനുശേഷം ഒരു നവകേരളം കെട്ടിപ്പെടുക്കുക എന്നതിനെ സംബന്ധിച്ചുള്ളതാണ്. ഈ പ്രതിസന്ധിയെ സര്‍ക്കാര്‍ സമൂഹത്തിലെ എല്ലാ വിഭാഗങ്ങൾക്കും മെച്ചപ്പെട്ട ജീവിതനിലവാരം ഉറപ്പുനല്‍കുന്ന ഒരു സംസ്ഥാനം പുനർനിർമിക്കുന്നതിനുള്ള വെല്ലുവിളിയായും അവസരമായുമാണ് എടുത്തത്. കാലാവസ്ഥയോടു കൂടുതൽ യോജിക്കുന്നതും പുരോഗമനപരവുമായ ഒരു സംസ്ഥാനം കെട്ടിപ്പടുക്കാന്‍ വേണ്ട ഒരു കാഴ്ചപ്പാട് സര്‍ക്കാര്‍ അവതരിപ്പിച്ചു. ആസൂത്രിതമായ സാമ്പത്തിക വികസനം, സാമൂഹ്യനീതി, ലിംഗസമത്വം, അധികാര വികേന്ദ്രീകരണം എന്നിവയിലെ സംസ്ഥാനത്തിന്റെ വിജയത്തിനുമേല്‍ ഒരു മെച്ചപ്പെട്ട കേരളം നിര്‍മ്മിക്കും.
സാമ്പത്തിക അവലോകനം 2018 ൽ സര്‍ക്കാര്‍ വകുപ്പുകളുടെ നയങ്ങളും പരിപാടികളും സംബന്ധിച്ച വിവരങ്ങള്‍ ഉൾപ്പെടുത്തിയിരിക്കുന്നു. ഇത് വിവിധ വകുപ്പുകളുടെ പ്രകടനവും വരുംവർഷങ്ങളിൽ അഭിസംബോധന ചെയ്യേണ്ട വിഷയങ്ങളും ചർച്ചചെയ്യുന്നു. മുന്‍ വർഷത്തെപ്പോലെ, സാമ്പത്തിക അവലോകനം രണ്ട് വാല്യങ്ങളിലായാണ് അവതരിപ്പിച്ചിരിക്കുന്നത്. ഒന്നാം വാല്യത്തില്‍ സർക്കാർ വകുപ്പുകളുടെ നയങ്ങളും പരിപാടികളും നേട്ടങ്ങളും രണ്ടാം വാല്യത്തില്‍ അനുബന്ധ സ്ഥിതിവിവരകണക്കുകളും നൽകുന്നു. സാമ്പത്തിക അവലോകനം 2018 ഇംഗ്ലീഷിലും മലയാളത്തിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. സംസ്ഥാന ആസൂത്രണ ബോര്‍ഡിന്റെ വെബ്സൈറ്റായ www.spb.kerala.gov.in. ല്‍ ഡിജിറ്റൽ രൂപം അപ് ലോഡു ചെയ്തിട്ടുണ്ട്.
തിരുവനന്തപുരം
ജനുവരി 16, 2019