മുഖവുര


സ്വതന്ത്ര ഇന്ത്യയില്‍ ജനങ്ങളുടെ ക്ഷേമം മെച്ചപ്പെടുത്തുന്നതിനും ഒരു സംസ്ഥാനത്തെ സാമൂഹിക, രാഷ്ട്രീയ, സാംസ്കാരിക അവസ്ഥകളെ പരിവര്‍ത്തനം ചെയ്യുന്നതിനുമുള്ള ശക്തമായ പൊതു ഇടപെടലിന്റെ ഏറ്റവും നല്ല ഉദാഹരണമാണ് കേരളം. സാമൂഹികമായി സ്വാധീനം ചെലുത്തുന്ന ഫലങ്ങള്‍ സൃഷ്ടിക്കുന്ന പൊതു ഇടപെടലിന്റെ കരുത്ത് കേരളം വീണ്ടും തെളിയിച്ചു. കോവിഡ്-19 മഹാമാരിയും അനുബന്ധ പ്രതിസന്ധിയും സംസ്ഥാനം കൈകാര്യം ചെയ്തത് മാതൃകാപരവും പരക്കെ പ്രശംസ നേടിയിട്ടുള്ളതമാണ്. വര്‍ഷാവര്‍ഷം ഉണ്ടായ പ്രതിസന്ധികളെ നേരിടുന്നതിലെ അതുല്യമായ പ്രതികരണവും പ്രതിരോധവും കേരളത്തെ ഭരണനിർവഹണത്തില്‍ ഒരു മാതൃകയാക്കിത്തീര്‍ത്തു.

2017-ല്‍ പ്രസിദ്ധീകരിച്ച പതിമൂന്നാം പഞ്ചവത്സര പദ്ധതിയുടെ സമീപന രേഖയില്‍ മാനവശേഷി വികസനം, ലിംഗനീതി, ഉല്പാദനമേഖലയിലെ നിക്ഷേപം വര്‍ധിപ്പിക്കുക, വരുമാനദായക സേവനങ്ങളായ വിനോദസഞ്ചാരം, വിവര സാങ്കേതികവിദ്യ, ചെറുകിട, ഇടത്തരം ബിസിനസുകള്‍ എന്നിവ പ്രോത്സാഹിപ്പിക്കുക, പ്രാദേശിക സര്‍ക്കാരുകളെ ശക്തിപ്പെടുത്തുക എന്നീ സര്‍ക്കാരിന്റെ പ്രതിബദ്ധതകള്‍ ശക്തിപ്പെടുത്തുമെന്ന് പ്രതിജ്ഞയെടുത്തിട്ടുണ്ട്. 2018-ല്‍ കേരളത്തിന് ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ വെള്ളപ്പൊക്കത്തെ നേരിടേണ്ടിവന്നപ്പോള്‍ ജീവനോപാധി സംസ്ഥാന പദ്ധതിയുടെ കേബിന്ദുവായി മാറി. 2020-ല്‍ കോവിഡ്-19 മഹാമാരിയുടെ വരവോടു കൂടി ഏറ്റവും അത്യാവശ്യമായ പ്രൊജക്ടുകള്‍ക്കും പരിപാടികള്‍ക്കുമായി ചെലവഴിക്കലിന് മുന്‍ഗണന നിശ്ചയിക്കേണ്ടിവന്നു. കേരള സര്‍ക്കാര്‍ പ്രതിസന്ധി ഘട്ടത്തില്‍ ഒരു വ്യക്തിയുടെയും ജീവിതത്തിന്റെ അടിസ്ഥാന ആവശ്യങ്ങള്‍ നിഷേധിക്കപ്പെടുന്നില്ലെന്ന് ഉറപ്പുവരുത്തി.

സംസ്ഥാന സര്‍ക്കാരിന് പതിമൂന്നാം പഞ്ചവത്സര പദ്ധതി കാലയളവില്‍ നിരവധി പ്രയാസകരമായ സംഭവങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. അതില്‍ തീക്ഷ്ണമായ കാലാവസ്ഥാ സംഭവങ്ങളുണ്ടായിരുന്നു: 2017-ലെ ഓഖി ചുഴലിക്കാറ്റ്, 2018-ലെയും 2019-ലെയും അതിതീവ്ര മഴയും തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കവും മണ്ണിടിച്ചിലും. 2018-ല്‍ സംസ്ഥാനത്തിന് നിപാ വൈറസ് ബാധയെയും നേരിടേണ്ടിവന്നു. പ്രകൃതിദുരന്തങ്ങള്‍ക്കു പുറമേ കേന്ദ്രസര്‍ക്കാരിന്റെ നോട്ട് റദ്ദാക്കലും ചരക്ക് സേവന നികുതി നടപ്പാക്കലും എന്നീ പ്രതികൂല നടപടികളും സംസ്ഥാന സമ്പദ് വ്യവസ്ഥയെ സാരമായി ബാധിച്ചു. പ്രത്യേകിച്ചും വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനുള്ള ധനവിഭവങ്ങളെയാണ് പ്രതികൂലമായി ബാധിച്ചത്.

കേരളത്തിന്റെ 2019-20-ലെ വളര്‍ച്ചാ നിരക്ക് 2018-19-ലെ നിരക്കിനെക്കാള്‍ കുറവാണ്. 2018-ലെയും 2019-ലെയും വെളളപ്പൊക്കത്തിന്റെ നീണ്ടുനിന്ന ആഘാതങ്ങള്‍, ദേശീയ, അന്തര്‍ദേശീയ സാമ്പത്തികരംഗത്തെ മാന്ദ്യാവസ്ഥ, 2019-20 ന്റെ അവസാന പാദത്തില്‍ ആരംഭിച്ച കോവിഡ്-19 മഹാമാരി എന്നിവയാണ് മന്ദഗതിയിലുള്ള വളര്‍ച്ചയ്ക്ക് കാരണം. വാസ്തവത്തില്‍ ദേശീയ, അന്തര്‍ദേശീയ തലത്തിലുള്ള സാമ്പത്തിക മാന്ദ്യം 2019 മുതല്‍ പ്രകടമായിരുന്നു. ഇതിനെ കോവിഡ്-19 മഹാമാരി കൂടുതല്‍ വഷളാക്കി. വീണ്ടെടുക്കലിന്റെ ചില ലക്ഷണങ്ങള്‍ സാവധാനം കാണാന്‍ കഴിയുമെങ്കിലും സംസ്ഥാന സര്‍ക്കാരുകള്‍ക്ക് അതിനായി പ്രത്യേകമായ ബുദ്ധിമുട്ടുകള്‍ നേരിടേണ്ടിവരുന്നു.

2019-20-ലെ താഴ്ന്ന വളര്‍ച്ചയും ധനപരമായ പരിമിതികളും ഉണ്ടായിരുന്നിട്ടും സമ്പദ് വ്യവസ്ഥയിലെ ഉല്പാദന ശക്തികളുടെ വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുന്നതില്‍ കേരളം ശ്രദ്ധേയമായ മുന്നേറ്റം നടത്തി. കേരള സര്‍ക്കാര്‍ നവീകരണത്തെ പിന്തുണയ്ക്കുന്നതിനും വിവര സാങ്കേതികവിദ്യയെ ശക്തിപ്പെടുത്തുന്നതിനും സാമൂഹ്യക്ഷേമത്തിനും സംരക്ഷണത്തിനും ലിംഗസമത്വത്തിനും വേണ്ടിയുള്ള പ്രതിബദ്ധത തുടരുന്നതിനും ഊന്നല്‍ നല്‍കി. അടിസ്ഥാന സൗകര്യ വികസനത്തിന് ഒരു കുതിപ്പുണ്ടാവുകയും അടുത്ത വര്‍ഷങ്ങളില്‍ അനവധി പ്രൊജക്ടുകള്‍ പൂര്‍ത്തിയാക്കുകയും ചെയ്യും. എല്ലാവരുടെയും ജീവിത ഗുണനിലവാരത്തിനുള്ള അടിസ്ഥാന മുന്‍ഗണനകള്‍ നാല് മിഷനുകള്‍ ഉറപ്പുവരുത്തി.

ഇപ്പോള്‍ ഇരുപത്തിയഞ്ചാം വര്‍ഷത്തിലേക്ക് കടക്കുന്ന വികേീകൃതാസൂത്രണം വികസനത്തെ സമഗ്രവും പങ്കാളിത്തവുമുള്ള പ്രക്രിയയാക്കാന്‍ സഹായിച്ചു. പ്രാദേശിക സര്‍ക്കാരുകള്‍ സാമൂഹിക ഇടപെടലിന്റെ ശക്തി തിരിച്ചറിയുന്നതിനുള്ള പ്രധാനപ്പെട്ട സ്ഥാപനങ്ങളായി മാറിയിരിക്കുന്നു.

മുന്‍ വര്‍ഷങ്ങളിലെന്നപോലെ സാമ്പത്തിക അവലോകനം 2020-ല്‍ സര്‍ക്കാര്‍ വകുപ്പുകളുടെ നയങ്ങളും പരിപാടികളും സംബന്ധിച്ച വിവരങ്ങള്‍ ഉള്‍പ്പെടുന്നു. ഇത് വിവിധ വകുപ്പുകളുടെ പ്രകടനത്തെക്കുറിച്ചും വരുംവര്‍ഷങ്ങളില്‍ കൈകാര്യംചെയ്യേണ്ട പ്രശ്നങ്ങളെക്കുറിച്ചും ചര്‍ച്ചചെയ്യുന്നു. മേഖലകളിലെ പ്രധാനപ്പെട്ട നേട്ടങ്ങള്‍ ബന്ധപ്പെട്ട ഭാഗത്ത് പ്രാധാന്യത്തോടെ അവതരിപ്പിച്ചിരിക്കുന്നു.

ഇക്കൊല്ലത്തെ പ്രമേയ അധ്യായം കോവിഡ്-19 മഹാമാരിയുടെ അനുഭവവും സര്‍ക്കാരിന്റെ പ്രതികരണവും കൈകാര്യംചെയ്യുന്നു. ഈ അധ്യായം മഹാമാരി നേരിടുന്നതിനും ജനങ്ങളുടെ ബുദ്ധിമുട്ടുകള്‍ പരിഹരിക്കുന്നതിനും സര്‍ക്കാര്‍ സ്വീകരിച്ച നടപടികളെക്കുറിച്ച് വിശദീകരിക്കുന്നു. കോവിഡ്-19 നോടുള്ള കേരളത്തിന്റെ പ്രതികരണം ലോകമെമ്പാടും പ്രശംസ പിടിച്ചുപറ്റിയതാണ്. കേരളം പൊതുഇടപെടലിന്റെയും പ്രതിസന്ധി കാലത്തെ മാനുഷിക പ്രതികരണത്തിന്റെയും ശക്തി ലോകത്തിന് കാണിച്ചുകൊടുക്കുകയും മാതൃക സൃഷ്ടിക്കുകയും ചെയ്തു. എല്ലാവര്‍ക്കും സൗജന്യമായി ഭക്ഷണം വിതരണം ചെയ്യുന്നതു മുതല്‍ സംസ്ഥാനത്തുള്ള കുടിയേറ്റ തൊഴിലാളികള്‍ക്ക് താമസസൗകര്യം നല്‍കുന്നതുവരെ പൊതുസേവനത്തിന്റെ ഉന്നത നിലവാരം പുലര്‍ത്തിക്കൊണ്ട് എല്ലാ നയസമീപനങ്ങളുടെയും കേമായി ജനങ്ങളെ പ്രതിഷ്ഠിക്കുകയും ചെയ്യുന്നു. സര്‍ക്കാരിന്റെ എല്ലാ വിഭാഗങ്ങളും കാര്യമായി സംഭാവനകള്‍ നല്‍കി. കോവിഡ്-19 മഹാമാരി പരിഹരിക്കുന്നതിനായി വകുപ്പുകള്‍ എടുത്ത സവിശേഷ പ്രതികരണ നടപടികള്‍ ബന്ധപ്പെട്ട ഭാഗത്ത് കൊടുത്തിട്ടുണ്ട്.

മുന്‍ വര്‍ഷങ്ങളിലെന്നപോലെ, അവലോകനം രണ്ട് വാല്യങ്ങളായി അവതരിപ്പിക്കുന്നു. വാല്യം I-ല്‍ സര്‍ക്കാര്‍ വകുപ്പുകളുടെ നയങ്ങള്‍, പരിപാടികള്‍, നേട്ടങ്ങള്‍ എന്നിവ ഉള്‍ക്കൊള്ളുന്നു. വാല്യം രണ്ട് അനുബന്ധ സ്ഥിതിവിവര കണക്കുകള്‍ അവതരിപ്പിക്കുന്നു. സാമ്പത്തിക അവലോകനം 2020 ഇംഗ്ലീഷിലും മലയാളത്തിലും പ്രസിദ്ധീകരിക്കുന്നു. ഡിജിറ്റല്‍ പതിപ്പ് സംസ്ഥാന ആസൂത്രണ ബോര്‍ഡിന്റെ വെബ്സൈറ്റായ www.spb.kerala.gov.in ല്‍ അപ് ലോഡ് ചെയ്യും.

തിരുവനന്തപുരം
ഡിസംബര്‍ 21, 2020