മുഖവുര


2021 മെയ് മാസത്തില്‍, 44 വര്‍ഷത്തിനു ശേഷം, സംസ്ഥാനത്ത് ഒരു സര്‍ക്കാരിനെ ജനങ്ങള്‍ വീണ്ടും തിരഞ്ഞെടുത്തതിലൂടെ കഴിഞ്ഞ അഞ്ച് വര്‍ഷത്തെ സാമ്പത്തിക നയത്തിന് അംഗീകാരം ലഭിക്കുകയാണ് ഉണ്ടായത്. ജനങ്ങള്‍ സര്‍ക്കാരിലുള്ള വിശ്വാസം ആവര്‍ത്തിച്ച് ഉറപ്പിക്കുകയും നയസമീപനത്തില്‍ തുടര്‍ച്ച ഉറപ്പാക്കുകയും ചെയ്തു.

കഴിഞ്ഞ അഞ്ചുവര്‍ഷക്കാലം മുന്‍കാലങ്ങളെ അപേക്ഷിച്ച് പലതരത്തിലുള്ള വെല്ലുവിളികള്‍ നിറഞ്ഞതായിരുന്നു. തീവ്രമായ കാലാവസ്ഥാ ദുരന്തസംഭവങ്ങള്‍ ഉണ്ടായി: 2017-ല്‍ വെള്ളപ്പൊക്കവും 2018 ലും 2019 ലും വെള്ളപ്പൊക്കവും മണ്ണിടിച്ചിലുമുണ്ടായി. സംസ്ഥാനത്തെ രണ്ടു ജില്ലകളില്‍ 2018-ല്‍ നിപ്പ വൈറസ് ബാധയുണ്ടായി. 2016 ലെ നോട്ടുനിരോധനവും 2017-ല്‍ ജി.എസ്.ടി നടപ്പിലാക്കിയതും സംസ്ഥാനത്തിന്റെ സമ്പദ് വ്യവസ്ഥയില്‍ പുതിയ സമ്മര്‍ദ്ദങ്ങള്‍ക്കു കാരണമായി. മറ്റു സ്ഥലങ്ങളിലെന്നപോലെ കേരളത്തിലും കോവിഡ്-19 മഹാമാരിയുമായി ബന്ധപ്പെട്ട പ്രതിസന്ധി മുമ്പെങ്ങുമില്ലാത്തവിധം അനിശ്ചിതത്വം സൃഷ്ടിച്ചു.

അഞ്ചുവര്‍ഷമായി കേരള സര്‍ക്കാരിന് പലവിധ വെല്ലുവിളികള്‍ അഭിമുഖീകരിക്കേണ്ടിവന്നെങ്കിലും സമ്പദ് വ്യവസ്ഥയുടെ വിവിധ മേഖലകളില്‍ ഹ്രസ്വകാല, ഇടക്കാല, ദീര്‍ഘകാല നേട്ടങ്ങള്‍ കൈവരിച്ചു. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടയില്‍ പൊതുവിദ്യാഭ്യാസം; ആരോഗ്യ സേവനങ്ങളുടെ ലഭ്യത; പാവപ്പെട്ടവര്‍ക്കും ഭവനരഹിതര്‍ക്കും വീട് നിര്‍മ്മിക്കുന്നതില്‍ ഒരു പുതിയ കാഴ്ചപ്പാടും നേട്ടവും; അടിസ്ഥാനസൗകര്യ വികസനത്തില്‍ ഒരു പരിവര്‍ത്തനം; കൃഷി, വ്യവസായം, വിവരസാങ്കേതികവിദ്യ, വിനോദസഞ്ചാരം എന്നിവയ്ക്ക് പുതിയൊരു ഊന്നല്‍; പ്രാദേശിക സര്‍ക്കാരുകളുടെ ശാക്തീകരണം; സാമൂഹിക സുരക്ഷയുടെയും സ്ത്രീശാക്തീകരണത്തിന്റെയും മെച്ചപ്പെടുത്തല്‍ എന്നീകാര്യങ്ങളില്‍ പതിറ്റാണ്ടുകള്‍ക്കിടയിലെ ഏറ്റവും വലിയ മാറ്റങ്ങളാണ് ഉണ്ടായത്.

കേരളം, പ്രത്യേകിച്ച് സമീപകാലത്ത്, മിക്ക സൂചികകളിലും സംസ്ഥാനങ്ങളുടെ റാങ്കിംഗില്‍ ഒന്നാമതെത്തിയിട്ടുണ്ട്, അല്ലെങ്കില്‍ ആദ്യ അഞ്ച് സംസ്ഥാനങ്ങളില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. തുടര്‍ച്ചയായി മൂന്നുവര്‍ഷം (2018, 2019, 2020) എസ്.ഡി.ജി ഇന്ത്യ സൂചികയില്‍ ഒന്നാംസ്ഥാനത്താണ് കേരളം. നീതി ആയോഗിന്റെ ബഹുമുഖ ദാരിദ്ര്യ സൂചിക പ്രകാരം കേരളത്തിലെ പ്രതിശീര്‍ഷ അനുപാതം 0.71 ശതമാനമാണ്, ഇത് രാജ്യത്തെ സംസ്ഥാനങ്ങളിലെ ഏറ്റവും താഴ്ന്ന നിരക്കാണ്. ഇന്ത്യ നൈപുണ്യ റിപ്പോര്‍ട്ട് 2022 യുവാക്കളുടെ തൊഴില്‍ ക്ഷമതയുടെ കാര്യത്തില്‍ സംസ്ഥാനങ്ങളില്‍ കേരളത്തിന് മൂന്നാം സ്ഥാനമാണ് നല്‍കിയിരിക്കുന്നത്.

ആസൂത്രിത സാമ്പത്തിക വികസനമാണ് ഈ നേട്ടങ്ങളുടെ കേന്ദ്രബിന്ദു. കേരള സംസ്ഥാനം ആസൂത്രണ പ്രക്രിയയില്‍ കര്‍ശനമായിട്ടും പ്രതിജ്ഞാബദ്ധമായിരിക്കുന്നു. കേരള സര്‍ക്കാരിപ്പോള്‍ പതിനാലാം പഞ്ചവത്സര പദ്ധതി (2022-27) ആവിഷ്കരിക്കുകയാണ്.

വാക്സിനുകള്‍ വികസിപ്പിക്കുന്നതിന്റെയും കോവിഡ്-19 മഹാമാരിക്കെതിരായ വാക്സിന്‍ വിതരണത്തിന്റെയും പശ്ചാത്തലത്തില്‍ 2021 ശുഭാപ്തിവിശാസത്തോടെയാണ് ആരംഭിച്ചതെങ്കിലും സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ ഏറെക്കുറെ മന്ദഗതിയിലായിരുന്നു. പ്രതിസന്ധിയില്‍ നിന്ന് ഒരു പരിധിവരെ രക്ഷപ്പെട്ടുനിന്നത് കാര്‍ഷിക മേഖലയായിരുന്നു. പ്രത്യേകിച്ചും മൃഗവിഭവ മേഖല വളര്‍ച്ച രേഖപ്പെടുത്തുകയുണ്ടായി. വ്യാവസായിക മേഖലയോടൊപ്പം പ്രവര്‍ത്തിക്കുകയും പ്രാദേശിക സര്‍ക്കാരുകളുടെ ശക്തി പ്രയോജനപ്പെടുത്തിയും പ്രതിസന്ധിഘട്ടങ്ങളില്‍ വളര്‍ച്ചയെ പുനരുജ്ജീവിപ്പിക്കാനും നിലനിര്‍ത്താനുമുള്ള കൃഷി, മത്സ്യബന്ധനം, മൃഗവിഭവങ്ങള്‍ എന്നിവയുടെ സാധ്യതകള്‍ മഹാമാരിയുടെ തുടക്കത്തില്‍ത്തന്നെ കേരള സര്‍ക്കാര്‍ തിരിച്ചറിഞ്ഞു. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ സുഭിക്ഷ കേരളം പരിപാടി മഹാമാരിയുടെ പ്രാരംഭ ഘട്ടത്തില്‍ ആരംഭിച്ചു.

സാമ്പത്തിക ഉത്തേജനം നല്‍കുന്നതിന് സര്‍ക്കാരിന്റെ ആദ്യകാല ഇടപെടലുകള്‍ ഇല്ലായിരുന്നുവെങ്കില്‍ വളര്‍ച്ചാ നിരക്ക് വളരെയധികം കുറയുമായിരുന്നു. 2021 ജൂണ്‍ മാസത്തില്‍ 20,000 കോടി രൂപയുടെ രണ്ടാം സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചു. ആദ്യ പാക്കേജ് പ്രഖ്യാപിച്ചത് 2020 മാര്‍ച്ച് മാസത്തിലാണ് (കേരളമാണ് ഉത്തേജക പാക്കേജ് നടപ്പിലാക്കിയ ആദ്യ സംസ്ഥാനം). അതിനു പുറമേ, ചെറുകിട വ്യവസായങ്ങള്‍ക്കായി 5,650 കോടി രൂപയുടെ പുനരുജ്ജീവന പാക്കേജും പ്രഖ്യാപിച്ചു. സര്‍ക്കാര്‍ പൊതുജനാരോഗ്യ കേന്ദ്രങ്ങളില്‍ എല്ലാവര്‍ക്കും സൗജന്യ ആരോഗ്യ പരിചരണം മുടങ്ങാതെ നല്‍കിക്കൊണ്ടിരുന്നു. ആരും പട്ടിണി കിടക്കരുത് എന്നുറപ്പുവരുത്തി എല്ലാവര്‍ക്കും ഭക്ഷണ കിറ്റുകള്‍ വിതരണം ചെയ്തു. നൂറുദിന പരിപാടികളിലൂടെ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിച്ചു. തൊഴില്‍ സൃഷ്ടിക്കലും ഉപജീവന മാര്‍ഗ്ഗം സൃഷ്ടിക്കലും എല്ലാ സര്‍ക്കാര്‍ ഉദ്യമങ്ങളുടെയും പ്രധാന ദൗത്യമായിരുന്നു. 2021 ല്‍ സര്‍ക്കാര്‍ നവകേരളം പദ്ധതിയുടെ രണ്ടാംഘട്ടം ആരംഭിച്ചു. വിനോദസഞ്ചാരം മഹാമാരിക്കുശേഷമുള്ള പുനരുജ്ജീവനത്തില്‍ ഒരു പ്രധാന പങ്കുവഹിക്കും. ഈ മേഖലയിലെ ആദ്യശ്രമങ്ങളുടെ ഭാഗമായി 2021-ല്‍ കാരവന്‍ ടൂറിസനയം പ്രഖ്യാപിച്ചു.

സംസ്ഥാന സര്‍ക്കാര്‍ ഈ ചെലവുകലെല്ലാം ഏറ്റെടുത്തത് കേന്ദ്ര സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള സാമ്പത്തിക പരിമിതികള്‍ക്കുള്ളിലാണ്. അടുത്ത വര്‍ഷങ്ങളില്‍ സാമ്പത്തിക പരിമിതികള്‍ കൂടുതല്‍ കര്‍ശനമായേക്കാം. പതിനഞ്ചാം ധനകാര്യ കമ്മീഷന്‍ ശുപാര്‍ശ ചെയ്ത റവന്യൂ കമ്മി ഗ്രാന്റുകള്‍ 2023-24 നുശേഷം നിര്‍ത്തലാക്കും. ജി.എസ്.ടി നഷ്ടപരിഹാരം 2022 ജൂണില്‍ അവസാനിച്ചേക്കാം. കൂടാതെ സംസ്ഥാനങ്ങള്‍ക്ക് അനുവദിച്ചിട്ടുള്ള കടമെടുക്കല്‍ പരിധി 2025-26 മുതല്‍ 3 ശതമാനം എന്നതിലേക്ക് തിരികെകൊണ്ടുവരും. ഈ സാഹചര്യത്തില്‍ സമ്പദ്വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാനുള്ള കോവിഡാനന്തര വീണ്ടെടുക്കല്‍ പരിശ്രമങ്ങളില്‍ നാം ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്. സമ്പദ് വ്യവസ്ഥയുടെ സുസ്ഥിര വളര്‍ച്ച പ്രോത്സാഹിപ്പിക്കുന്നതിനുള്ള കര്‍ത്തവ്യം മാറ്റിവയ്ക്കാനാവില്ല.

ഈ വര്‍ഷത്തെ പ്രമേയ അധ്യായം കേരളത്തിലെ ജനകീയാസൂത്രണത്തിന്റെ 25 വര്‍ഷം എന്ന വിഷയമാണ്. കേരളം പ്രാദേശിക ഭരണത്തിന്റെ കാര്യത്തില്‍ മാതൃകാ സംസ്ഥാനമാണ്. കാലക്രമേണ പ്രാദേശിക സര്‍ക്കാരുകള്‍ ജനപങ്കാളിത്തത്തിന്റെയും പ്രാദേശിക ജനാധിപത്യത്തിന്റെയും ശക്തമായ മാധ്യമങ്ങളായി പരിണമിച്ചു. പ്രാദേശിക സര്‍ക്കാരുകള്‍ വികസനത്തിന്റെ ഫലങ്ങള്‍ ജനങ്ങളിലെത്തിക്കുകയും പ്രതിസന്ധി ഘട്ടങ്ങളില്‍ മാതൃകാപരമായ പങ്ക് വഹിക്കുകയും ചെയ്തു. അടുത്ത 25 വര്‍ഷത്തിനുള്ളില്‍ പ്രാദേശിക സര്‍ക്കാരുകളും വളര്‍ച്ചയുടെ എഞ്ചിനുകളായി ഉയര്‍ന്നുവരണം.

മുന്‍ വര്‍ഷങ്ങളിലെന്നപോല, സാമ്പത്തിക അവലോകനത്തില്‍ സര്‍ക്കാര്‍ വകുപ്പുകളുടെ നയങ്ങളും പരിപാടികളും സംബന്ധിച്ച വിവരങ്ങള്‍ ഉള്‍പ്പെടുന്നു. ഇത് വിവിധ വകുപ്പുകളുടെ പ്രകടനത്തെക്കുറിച്ചും വരുംവര്‍ഷങ്ങളില്‍ കൈകാര്യംചെയ്യേണ്ട പ്രശ്നങ്ങളെക്കുറിച്ചും ചര്‍ച്ചചെയ്യുന്നു. മേഖലകളിലെ പ്രധാനപ്പെട്ട നേട്ടങ്ങള്‍ ബന്ധപ്പെട്ട ഭാഗത്ത് പ്രാധാന്യത്തോടെ അവതരിപ്പിച്ചിരിക്കുന്നു.

അവലോകനം രണ്ടു വാല്യങ്ങളിലായി അവതരിപ്പിക്കുന്നു. വാല്യം 1-ല്‍ സര്‍ക്കാര്‍ വകുപ്പുകളുടെ നയങ്ങള്‍, പരിപാടികള്‍, നേട്ടങ്ങള്‍ എന്നിവ ഉള്‍പ്പെടുന്നു. വാല്യം 2 അനുബന്ധ സ്ഥിതിവിവര കണക്കുകള്‍ അവതരിപ്പിക്കുന്നു. സാമ്പത്തിക അവലോകനം 2021 ഇംഗ്ലീഷിലും മലയാളത്തിലും പ്രസിദ്ധീകരിക്കുന്നു. ഡിജിറ്റല്‍ പതിപ്പ് സംസ്ഥാന ആസൂത്രണ ബോര്‍ഡിന്റെ വെബ്സൈറ്റായ www.spb.kerala.gov.in -ല്‍ അപ് ലോഡ് ചെയ്യും.

 

വി കെ രാമചന്ദ്രന്‍

വൈസ് ചെയര്‍പേഴ്സണ്‍
ഫെബ്രുവരി 1, 2022