മുഖവുര


കേരളത്തിന്റെ സമ്പ്ദ് വ്യവസ്ഥ 2021-22ല്‍ ശക്തമായ ഒരു തിരിച്ചുവരവ് രേഖപ്പെടുത്തി. ത്വരിത കണക്കുകള്‍ പ്രകാരം സ്ഥിരവിലയില്‍ മൊത്ത സംസ്ഥാന ആഭ്യന്തര ഉല്‍പാദനം 2020-21 ലെ (-)8.43 എന്ന നിരക്കുമായി താരതമ്യപ്പെടുത്തുമ്പോള്‍ 12.01 ശതമാനം എന്ന ശക്തമായ വളര്‍ച്ച 2021-22ല്‍ കൈവരിച്ചു. 2012-13നു ശേഷമുള്ള ഏറ്റവും ഉയര്‍ന്ന വളര്‍ച്ചയാണിത്. സംസ്ഥാന സര്‍ക്കാരിന്റെ നയപരമായ ഇടപെടലുകള്‍ക്കൊപ്പം ഉത്തേജക പാക്കേജുകളും വളര്‍ച്ച വേഗത്തിലാക്കി, പ്രത്യേകിച്ചും സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ക്ക് കടുത്ത പരിമിതികള്‍ നേരിട്ട സമയത്ത്.

പതിമൂന്നാം പഞ്ചവത്സര പദ്ധതിയുടെ അവസാനത്തോടെ പൊതുവിദ്യാഭ്യാസത്തിലും പൊതുജനാരോഗ്യ രംഗത്തും പൊതുജനങ്ങള്‍ക്കുള്ള പ്രാപ്യതയിലും സേവനങ്ങളുടെ ഗുണനിലവാരത്തിലും വലിയ മാറ്റങ്ങള്‍ക്ക് സംസ്ഥാനം സാക്ഷ്യംവഹിച്ചു. ഭൗതികസൗകര്യങ്ങളുടെ രൂപപരിണാമം, വ്യവസായത്തിലെയും വിവിരസാങ്കേതിക വിദ്യയിലെയും പുതിയ ദിശാബോധം, പ്രാദേശിക സര്‍ക്കാരുകളിലെ ജനപങ്കാളിത്തം വര്‍ധിപ്പിക്കല്‍, ജീവനോപാധികളുടെയും തൊഴില്‍സൃഷ്ടിക്കലിന്റെയും പുനരുജ്ജീവനശ്രമം, സാമൂഹിക സുരക്ഷയുടെ മെച്ചപ്പെടുത്തല്‍, ലിംഗശാക്തീകരണ രംഗത്തെ പുതിയ നടപടികള്‍ എന്നീ കാര്യങ്ങളിലൊക്കെ അനിതരസാധാരണമായ മാറ്റങ്ങള്‍ സംസ്ഥാനത്ത് രേഖപ്പെടുത്തി.

സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ ശക്തമായ സാമൂഹിക ഇടപെടലിലൂടെ ജനങ്ങളുടെ ക്ഷേമം മെച്ചപ്പെടുത്തുന്നതിന്റെയും സാമൂഹിക, രാഷ്ട്രീയ, സാംസ്കാരിക സ്ഥിതിഗതികളുടെ നിലവാരം ഉയര്‍ത്തിയതിന്റെയും ഏറ്റവും നല്ല ഉദാഹരണമാണ് കേരളം. മാനവവികസന സൂചികകളില്‍ ഇന്ത്യയിലെ സംസ്ഥാനങ്ങളില്‍ ഒന്നാം സ്ഥാനത്താണ് കേരളം. തുടര്‍ച്ചയായി മൂന്നുവര്‍ഷം (2018, 2019, 2020) എസ്.ഡി.ജി ഇന്ത്യ സൂചികയില്‍ ഒന്നാം സ്ഥാനത്താണ് കേരളം. നീതി ആയോഗിന്റെ ബഹുമുഖ ദാരിദ്ര്യ സൂചിക പ്രകാരം കേരളത്തിലെ പ്രതിശീര്‍ഷ അനുപാതം 0.71 ശതമാനമാണ്, ഇത് രാജ്യത്തെ സംസ്ഥാനങ്ങളിലെ ഏറ്റവും താഴ്ന്ന നിരക്കാണ്. ഇന്ത്യ നൈപുണ്യ റിപ്പോര്‍ട്ട് 2022 യുവജനങ്ങളുടെ തൊഴില്‍ ക്ഷമതയുടെ കാര്യത്തില്‍ സംസ്ഥാനങ്ങളില്‍ കേരളത്തിന് മൂന്നാംസ്ഥാനമാണ് നല്‍കിയിരിക്കുന്നത്. ജനനസമയത്തെ ആയുര്‍ദൈര്‍ഘ്യം, ശിശുമരണ നിരക്ക്, മാതൃമരണ നിരക്ക്, ജനസംഖ്യയില്‍ സ്ത്രീ-പുരുഷാനുപാതം തുടങ്ങിയ സൂചകങ്ങളുടെ കാര്യത്തില്‍ രാജ്യത്ത് കേരള സംസ്ഥാനം മുന്‍നിരയിലാണ്.

പതിനാലാം പഞ്ചവത്സര പദ്ധതിയുടെ ഒന്നാം വര്‍ഷമാണ് 2022-23. സാമ്പത്തിക ആസൂത്രണമാണ് സംസ്ഥാനത്തിന്റെ സാമ്പത്തിക നേട്ടങ്ങളുടെ കേന്ദ്രബിന്ദു. ആസൂത്രണത്തിലൂടെ ആധുനികവും വികസിതവുമായ കേരളം സൃഷ്ടിക്കാനുള്ള പ്രതിബദ്ധത സര്‍ക്കാര്‍ ആവര്‍ത്തിച്ചുറപ്പിക്കുന്നു. അത് ശാസ്ത്ര സാങ്കേതിക പുരോഗതി, ശാസ്ത്രബോധത്തിന്റെ വികാസം, പുതിയ തലങ്ങളിലുള്ള ഉല്‍പാദനം, തൊഴില്‍രംഗത്തേക്കു കടന്നുവരുന്ന യുവജനങ്ങള്‍ക്ക് മാന്യമായ തൊഴിലവസരങ്ങള്‍ എന്നിവയാല്‍ മികച്ചതായിരിക്കും.

2021-22ല്‍ മൊത്ത സംസ്ഥാന ആഭ്യന്തര ഉല്‍പാദനത്തിലെ മേഖല തിരിച്ചുള്ള കണക്കുകള്‍ എല്ലാ മേഖലകളിലെയും പുരോഗതി വെളിവാക്കുന്നു. കൃഷിയും അനുബന്ധ പ്രവൃത്തികളും, വ്യവസായം, ദ്വിദീയ മേഖല എന്നിവ 2020-21 നെ അപേക്ഷിച്ച് 2021-22ല്‍ യഥാക്രമം 4.6 ശതമാനം, 3.8 ശതമാനം, 17.3 ശതമാനം എന്നീ നിരക്കുകളില്‍ വളര്‍ന്നു. ഇത് വളരെ അഭിമാനകരമായ വളര്‍ച്ചയാണ്, പ്രത്യേകിച്ചും കഴിഞ്ഞവര്‍ഷം ഈ മേഖലകള്‍ നെഗറ്റീവ് വളര്‍ച്ച രേഖപ്പെടുത്തിയ പശ്ചാത്തലത്തില്‍. കേന്ദ്ര സര്‍ക്കാര്‍ ഏല്‍പ്പിച്ച ധനപരമായ പരിമിതികള്‍ക്കിടയിലാണ് സംസ്ഥാന സര്‍ക്കാര്‍ ഈ ശക്തമായ വളര്‍ച്ച കൈവരിച്ചത്. പല ഘടകങ്ങള്‍ വളര്‍ച്ചയ്ക്ക് സംഭാവനയേകിയിട്ടുണ്ട്. യഥാക്രമം 2020 മാര്‍ച്ചിലും 2021 ജൂണിലും പ്രഖ്യാപിച്ച 20,000 കോടി രൂപയുടെ രണ്ട് സാമ്പത്തിക പാക്കേജുകളും ചെറുകിട വ്യവസായങ്ങളെ സഹായിക്കുന്നതിനായി പ്രഖ്യാപിച്ച 5,650 കോടി രൂപയുടെ പാക്കേജും ഉള്‍പ്പടെ, ചാക്രിക വിരുദ്ധ ധനനയത്തിലൂടെയുള്ള സംസ്ഥാനത്തിന്റെ ഇടപെടലുകള്‍, വീണ്ടെടുക്കലില്‍ ഒരു പ്രധാന പങ്കുവഹിച്ചു.

സാമ്പത്തിക അവലോകനം 2022 ന്റെ പ്രമേയ അധ്യായം “പുരോഗതിക്കും വികസനത്തിനും ഉന്നതവിദ്യാഭ്യാസം: ഒരു അവലോകനം” എന്നതാണ്. സര്‍ക്കാര്‍ വിഭാവനം ചെയ്യുന്ന ഒരു വിജ്ഞാന സമൂഹമായി സംസ്ഥാനത്തെ വികസിപ്പിക്കുന്നതിന് ഉന്നതവിദ്യാഭ്യാസ രംഗത്തെ പുരോഗതി അനിവാര്യമാണ്. കേരള സര്‍ക്കാര്‍ അക്കാദമിക നിലവാരം ഉയര്‍ത്തുന്നതിനും പ്രവേശനാനുപാതം വര്‍ധിപ്പിക്കുന്നതിനും യുവജനങ്ങള്‍ക്ക് അത്യാധുനിക സൗകര്യങ്ങള്‍ ലഭ്യമാക്കുന്നതിനും ഒന്നിലധികം നടപടികള്‍ കൈക്കൊണ്ടിട്ടുണ്ട്.

കേരളത്തിലെ കോളേജുകളും സര്‍വകലാശാലകളും 2022-23 ലെ നാഷണല്‍ അസസ്സ്മെന്റ് ആന്റ് അക്രഡിറ്റേഷന്‍ കൗണ്‍സിലിന്റെ റാങ്കിംഗില്‍ പുതിയ തലത്തിലുള്ള അംഗീകാരം നേടിയെടുത്തു. ഈ വര്‍ഷം രണ്ട് പുതിയ സംഭവവികാസങ്ങള്‍ കൂടിയുണ്ടായി. ഒന്നാമത്തേത്, ഉന്നതവിദ്യാഭ്യാസത്തിനുള്ള ബജറ്റ് വിഹിതത്തില്‍ കുത്തനെയുള്ള വര്‍ധനവുണ്ടായി. രണ്ടാമത്, മൂന്ന് കമ്മീഷനുകളെ സര്‍ക്കാര്‍ നിയോഗിക്കുകയും അവരില്‍നിന്ന് റിപ്പോര്‍ട്ടുകള്‍ സ്വീകരിക്കുകയും ചെയ്തു. കേരളത്തിലെ സര്‍വകലാശാലകളിലെയും ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും പരീക്ഷാ പരിഷ്കാരങ്ങള്‍, ഉന്നതവിദ്യാഭ്യാസ പരിഷ്കരണം, സര്‍വകലാശാല നിയമ പരിഷ്കരണം എന്നിവയായിരുന്നു കമ്മീഷനുകള്‍.

സാമ്പത്തിക അവലോകനം 2022ല്‍ സര്‍ക്കാര്‍ വകുപ്പുകളുടെ നയങ്ങളും പരിപാടികളും സംബന്ധിച്ച വിവരങ്ങള്‍ ഉള്‍പ്പെടുന്നു. ഇത് വിവിധ വകുപ്പുകളുടെ പ്രകടനത്തെക്കുറിച്ചും വരുംവര്‍ഷങ്ങളില്‍ കൈകാര്യം ചെയ്യേണ്ട പ്രശ്നങ്ങളെക്കുറിച്ചും ചര്‍ച്ചചെയ്യുന്നു.

മുന്‍വര്‍ഷങ്ങളിലെപ്പോലെ സാമ്പത്തിക അവലോകനം രണ്ടു വാല്യങ്ങളിലായി അവതരിപ്പിക്കുന്നു. വാല്യം I-ല്‍ സര്‍ക്കാര്‍ വകുപ്പുകളുടെ നയങ്ങള്‍, പരിപാടികള്‍, നേട്ടങ്ങള്‍ എന്നിവ ഉള്‍പ്പെടുത്തിയിരിക്കുന്നു. വാല്യം II-ല്‍ അനുബന്ധ സ്ഥിതിവിവര കണക്കുകള്‍ നല്‍കുന്നു. സാമ്പത്തിക അവലോകനം 2022 ഇംഗ്ലീഷിലും മലയാളത്തിലും പ്രസിദ്ധീകരിക്കുന്നു. ഡിജിറ്റല്‍ പതിപ്പ് സംസ്ഥാന ആസൂത്രണ ബോര്‍ഡിന്റെ വെബ് സൈറ്റായ www.spb.kerala.gov.in ല്‍ അപ് ലോഡുചെയ്യും.


വി കെ രാമചന്ദ്രന്‍

വൈസ് ചെയര്‍പേഴ്സണ്‍
ജനുവരി, 2023