മുഖവുര
സാമ്പത്തിക പ്രതിസന്ധികള്‍ക്കും വെല്ലുവിളികൾക്കുമിടയിലും 2021-22ലെ കോവിഡ് മഹാമാരി ഏല്‍പ്പിച്ച ആഘാതത്തിൽ നിന്നും കേരളം ശക്തമായ തിരിച്ചുവരവിലൂടെ സ്ഥായിയായ വളര്‍ച്ച രേഖപ്പെടുത്തിയ വർഷമാണ് 2023-24. ത്വരിതകണക്കുകള്‍ അനുസരിച്ച് 2022-23ല്‍ സംസ്ഥാന മൊത്ത ആഭ്യന്തര ഉല്‍പ്പാദനം (ജിഎസ്ഡിപി) സ്ഥിരവിലയില്‍ 6.6 ശതമാനം വളര്‍ച്ച കൈവരിച്ചു. അഖിലേന്ത്യാ തലത്തില്‍ 2022-23ല്‍ പ്രതിശീര്‍ഷ വരുമാനം 5.9 ശതമാനം വളർച്ച രേഖപ്പെടുത്തിയപ്പോൾ കേരളത്തിൽ പ്രതിശീര്‍ഷ ജിഎസ്ഡിപി 6.06 ശതമാനം വര്‍ദ്ധിച്ചു. 2021-22ൽ ദേശീയതലത്തില്‍ മൊത്തം ആഭ്യന്തര വരുമാനത്തിൽ സ്ഥിരവിലയിലുള്ള വളർച്ച 9.1 ശതമാനത്തിൽ നിന്നും 2022-23ല്‍ 7.0 ശതമാനമായി കുറഞ്ഞു.
അസമത്വവും നീതീകരണമില്ലാത്തതുമായ കേന്ദ്ര-സംസ്ഥാന ധനകാര്യ ബന്ധവും ഫെഡറലിസത്തിന്റെ നയങ്ങള്‍ യഥാവിധി നടപ്പിലാക്കുന്നതിലെ കേന്ദ്ര സര്‍ക്കാരിന്റെ പരാജയവും ഇന്ന് സംസ്ഥാന സമ്പദ്ഘടനയെ മുന്‍പുണ്ടായിട്ടില്ലാത്ത വിധത്തിലുള്ള ധനകാര്യ പ്രതിസന്ധിയിലേക്ക് എത്തിച്ചിരിക്കുകയാണ്. കേന്ദ്ര സര്‍ക്കാരിന്റെ നിരവധി നയങ്ങള്‍ സംസ്ഥാനത്തിനുള്ള വിഹിത കൈമാറ്റത്തില്‍ ഗണ്യമായ കുറവുണ്ടാക്കി. 2022 ജൂണില്‍ ജി.എസ്.ടി. നഷ്ടപരിഹാരം നിര്‍ത്തലാക്കിയത്, 2023-24ല്‍ റവന്യൂക്കമ്മി ഗ്രാന്റ് ഇല്ലാതാക്കിയത്, കടംവാങ്ങാനുള്ള പരിധി ജിഎസ്ഡിപിയുടെ 3 ശതമാനമായി കുറച്ചത്, പ്രത്യേകോദ്ദേശ കമ്പനികളായ കിഫ്ബി, സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ ലിമിറ്റഡ് എന്നിവയുടെ കടമെടുക്കല്‍ സംസ്ഥാനത്തിന്റെ വായ്പാപരിധിയിൽ ഉള്‍പ്പെടുത്തിയത്, സംസ്ഥാനത്തെ കേന്ദ്രാവിഷ്കൃത പദ്ധതികളുടെ വകയിരുത്തലുമായി ബന്ധപ്പെട്ട നയങ്ങള്‍ എന്നിവ ഇതിലുള്‍പ്പെടുന്നു.
ഈ പ്രതിബന്ധങ്ങള്‍ക്കിടയിലും സംസ്ഥാന സര്‍ക്കാര്‍ ജനക്ഷേമത്തിനും വരുമാന വളര്‍ച്ചയ്കും ഊന്നൽ നൽകി ഒരു നവകേരളം നിര്‍മ്മിക്കാനുള്ള ദൃഢനിശ്ചയവുമായി മുന്നേറുകയാണ്. ഗുണനിലവാരമുള്ള പൊതുവിദ്യാഭ്യാസം, ആരോഗ്യപരിപാലനം, മറ്റ് സാമൂഹ്യ നിക്ഷേപങ്ങള്‍ എന്നിവയ്ക്കും, ഉന്നതനിലവാരമുള്ള പശ്ചാത്തല സൗകര്യങ്ങള്‍ ഒരുക്കുന്നതിനും, ഉല്‍പ്പാദന മേഖലയിലെയും പ്രാഥമിക മേഖലയിലെയും ഉല്‍പ്പാദനം വർധിപ്പിക്കുന്നതിനും, വിവര സാങ്കേതികവിദ്യ, വിനോദസഞ്ചാരം പോലുള്ള ആധുനിക സേവനങ്ങളില്‍ നിക്ഷേപം ആകർഷിക്കുന്നതിനും, പ്രാദേശിക സര്‍ക്കാരുകളിലെ ജനകീയ പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനും, ജീവനോപാധികളും ആധുനിക തൊഴിലും സൃഷ്ടിക്കുന്നതിനും, നിക്ഷേപം നടത്തുന്നതിനും ആധുനിക തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നു. കേരളത്തിലെ സാമ്പത്തിക ആസൂത്രണത്തിന്റെ അടിസ്ഥാന തത്വം സാമൂഹിക ഉള്‍ച്ചേര്‍ക്കലും, സാമൂഹ്യനീതിയും, മതനിരപേക്ഷതയും, ജനാധിപത്യ പ്രക്രിയയോടുള്ള പ്രതിബദ്ധതയുമാണ്.
കേരളം മാനവ വിഭവശേഷി വികസനത്തിനും ജനങ്ങളുടെ വരുമാന വർദ്ധനവിനും ജീവനോപാധിയിലും നടത്തിയ നിക്ഷേപത്തിന്റെ പ്രതിഫലനമാണ് സംസ്ഥാനത്തിനു ലഭിച്ച അംഗീകാരങ്ങള്‍. നീതി ആയോഗിന്റെ 2023 മള്‍ട്ടി ഡൈമന്‍ഷണല്‍ പോവര്‍ട്ടി ഇന്‍ഡക്സ് പ്രകാരം കേരളമാണ് രാജ്യത്തെ ഏറ്റവും മികച്ച പ്രകടനം (0.002 ശതമാനം) കാഴ്ച വെച്ച സംസ്ഥാനം. നീതി ആയോഗിന്റെ സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ സൂചികയില്‍ കേരളം തുടര്‍ച്ചയായി കഴിഞ്ഞ മൂന്ന് എഡിഷനുകളിൽ ഒന്നാം സ്ഥാനം നേടിയിരുന്നു. വികസിത രാജ്യങ്ങള്‍ക്കു സമാനമായ മാനവ വികസന സൂചികയായ 7.5 പോയിന്റുമായി കേരളം രാജ്യത്ത് ഒന്നാം സ്ഥാനത്താണ്. ഇന്ത്യ സ്കില്‍ റിപ്പോര്‍ട്ട് 2024 അനുസരിച്ച് 18നും 21നും ഇടയില്‍ പ്രായമുള്ള കേരളത്തിലെ യുവാക്കള്‍ രാജ്യത്തെ തൊഴിലിന് അനുയോജ്യരായവരിൽ രണ്ടാം സ്ഥാനത്താണ്. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവ ഈ മികവിന്റെ കാര്യത്തില്‍ ആദ്യ പത്തില്‍ ഉള്‍പ്പെടുന്നു. നാഷണല്‍ അര്‍ബന്‍ ലൈവ് ലിഹുഡ് മിഷന്‍ നടപ്പാക്കുന്നതില്‍ സംസ്ഥാനം തുടര്‍ച്ചയായി ആറാം വര്‍ഷവും മികച്ച പ്രകടനം കാഴ്ചവെച്ചു.
ടൂറിസം രംഗത്ത് കേരളം ദേശീയ അന്തർദേശീയ തലത്തില്‍ അവാര്‍ഡുകള്‍ നേടുന്നത് തുടരുന്നു. ടൂറിസം രംഗത്തെ സമഗ്ര വികസനത്തിനുള്ള ഹാള്‍ ഓഫ് ഫെയിം അവാര്‍ഡ് 2023ലെ നാഷണല്‍ ടൂറിസം അവാര്‍ഡ്സില്‍ കേരളത്തിന് ലഭിച്ചു. ടൂറിസത്തിലും ഉത്തരവാദിത്ത ടൂറിസത്തിലും ഉന്നത നിലവാരമുള്ള ടൂറിസം കേന്ദ്രം എന്ന നിലയിലും അന്തര്‍ദേശീയ തലത്തില്‍ സംസ്ഥാനം തുടര്‍ച്ചയായി ഉന്നത സ്ഥാനത്ത് പരിഗണിക്കപ്പെടുന്നു.
കേന്ദ്ര വ്യവസായ, വാണിജ്യ വകുപ്പ് മന്ത്രാലയത്തിന്റെ 2022ലെ സ്റ്റാര്‍ട്ടപ്പ് റാങ്കിംഗില്‍ കേരളം മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന സംസ്ഥാനമായി അംഗീകരിക്കപ്പെട്ടിട്ടുണ്ട്. സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭ മേഖല ശ്രദ്ധേയമായ നേട്ടങ്ങള്‍ കൈവരിച്ചിട്ടുണ്ട്. കേരള സര്‍ക്കാര്‍ 2022-23നെ സംരംഭക വര്‍ഷമായി പ്രഖ്യാപിക്കുകയും 250 ദിവസങ്ങള്‍ക്കുള്ളില്‍ 1,00,000 പുതിയ സംരംഭങ്ങള്‍ തുടങ്ങുക എന്ന മഹത്തായ ലക്ഷ്യം കൈവരിക്കുകയും ചെയ്തു. സര്‍ക്കാര്‍ ഈ ശ്രമങ്ങള്‍ 2023-24ലും തുടരുന്നതാണ്. ഈ കാലയളവിൽ 13,474.52 കോടി രൂപയുടെ നിക്ഷേപം വരുന്ന 2,14,564 സംരംഭങ്ങള്‍ ആരംഭിച്ചു. സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭ മേഖലയിലെ അഭൂതപൂർവ്വമായ ഈ വളര്‍ച്ച 4,56,913 തൊഴിലവസരങ്ങൾ സംസ്ഥാനത്ത് സൃഷ്ടിച്ചു.
സാമ്പത്തിക അവലോകനം 2023ന്റെ മുഖ്യ പ്രമേയമായ അധ്യായം “നവകേരളം: പശ്ചാത്തല സൗകര്യ വികസന മുന്‍ഗണനകള്‍”എന്നതാണ്. പതിനാലാം പഞ്ചവത്സര പദ്ധതിയുടെ ആദ്യവര്‍ഷങ്ങളില്‍ ഉന്നതനിലവാരമുള്ള ഭൗതിക പശ്ചാത്തല സൗകര്യങ്ങളുടെ സമാനതകളില്ലാത്ത വളര്‍ച്ചയാണ് സംസ്ഥാനത്തുണ്ടായത്. മലയോര ഹൈവേ, തീരദേശ ഹൈവേ, ആനക്കാംപൊയില്‍ - മേപ്പാടി തുരങ്കപാത, കുതിരാന്‍ ടണല്‍, ട്രാന്‍സ് ഗ്രിഡ് 2.0, നവകേരള മിഷനുമായി ബന്ധപ്പെട്ട പശ്ചാത്തല സൗകര്യ വികസനം, ദേശീയപാത 66, തിരുവനന്തപുരത്ത് ലൈഫ് സയന്‍സ് പാര്‍ക്ക് (രണ്ടാം ഘട്ടത്തിനു വേണ്ടിയുള്ള ഭൂമിയേറ്റെടുക്കല്‍), കണ്ണൂര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്, കൊച്ചി വാട്ടര്‍ മെട്രോ തുടങ്ങിയ പ്രൊജക്ടുകള്‍ കമ്മീഷന്‍ ചെയ്തവയിൽ ഉൾപ്പെടുന്നു. സൈബര്‍പാര്‍ക്ക്, കെ-ഫോണ്‍, ഇ-സേവനം, ഹൈടെക് സ്കൂള്‍ പ്രോഗ്രാം എന്നിവയുള്‍പ്പെടെയുള്ള ഡിജിറ്റല്‍, സാങ്കേതിക വിദ്യാ മേഖലകളിലെ പശ്ചാത്തല സൗകര്യങ്ങള്‍ വളരെയധികം പുരോഗതി കൈവരിക്കുകയുണ്ടായി.
സംസ്ഥാനത്ത് മള്‍ട്ടി മോഡല്‍ ഗതാഗത സംവിധാനം വികസിപ്പിക്കാനായത് ഒരു സവിശേഷ നേട്ടമാണ്. ഇന്ത്യയിൽ ആദ്യമായി സംയോജിത ജലഗതാഗത സംവിധാനവും വാട്ടർ മെട്രോ സംവിധാനവും 2021ല്‍ കേരളം തുടങ്ങി. രാജ്യത്തെ മറ്റേതൊരു സംസ്ഥാനവും ദേശീയപാതയ്ക്കു ഭൂമി ഏറ്റെടുക്കുന്നതിനു നല്‍കിയതിനെക്കാള്‍ വലിയ തുക (5580 കോടി രൂപ) കേരള സര്‍ക്കാര്‍ നൽകുകയുണ്ടായി. ഈ തുക ദേശീയപാതയ്ക്കു ഭൂമി ഏറ്റെടുക്കുന്നതിനായി എല്ലാ സംസ്ഥാനങ്ങളും കൂടി ചെലവഴിച്ചതിന്റെ ഏകദേശം 40 ശതമാനമാണ്. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം ഇന്ത്യയിലെ ആദ്യത്തെ ഡീപ് വാട്ടർ ട്രാന്‍സ്ഷിപ്പ്മെന്റ് ടെര്‍മിനലാണ്. 2023 ഒക്ടോബര്‍ 15ന് ‘ഷെന്‍ഹുവ 15' എന്ന അന്താരാഷ്ട്ര ചരക്കു കപ്പല്‍ വിഴിഞ്ഞം തുറമുഖത്ത് എത്തി. കോവളം–ബേക്കല്‍ ജലപാത, ലൈഫ് സയന്‍സ് പാര്‍ക്കുകള്‍, മെഗാ സീഫുഡ് പാര്‍ക്കുകള്‍, മലയോര ഹൈവേ, തീരദേശ ഹൈവേ, ട്രാന്‍സ് ഗ്രിഡ് 2.0 തുടങ്ങിയവ കേരളത്തിന്റെ പശ്ചാത്തല സൗകര്യ വികസന മേഖലയിലെ പുതിയ കാൽവെപ്പുകളാണ്.
സാമ്പത്തിക അവലോകനം 2023ല്‍ സര്‍ക്കാര്‍ വകുപ്പുകളുടെ നയങ്ങളും പരിപാടികളും സംബന്ധിച്ച വിവരങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. ഇത് വിവിധ വകുപ്പുകളുടെ പ്രകടനത്തെക്കുറിച്ചും വരും വര്‍ഷങ്ങളില്‍ കൈകാര്യം ചെയ്യേണ്ട പ്രശ്നങ്ങളെക്കുറിച്ചും പ്രതിപാദിക്കുന്നു. മുന്‍വര്‍ഷങ്ങളിലെപ്പോലെ സാമ്പത്തിക അവലോകനം രണ്ടു വാല്യങ്ങളിലായി അവതരിപ്പിക്കുന്നു. വാല്യം ഒന്നില്‍ സര്‍ക്കാര്‍ വകുപ്പുകളുടെ നയങ്ങള്‍, പരിപാടികള്‍, നേട്ടങ്ങള്‍ എന്നിവ ഉള്‍പ്പെടുത്തിയിരിക്കുന്നു. വാല്യം രണ്ടില്‍ അനുബന്ധ സ്ഥിതിവിവര കണക്കുകള്‍ നല്‍കുന്നു. സാമ്പത്തിക അവലോകനം 2023 ഇംഗ്ലീഷിലും മലയാളത്തിലും പ്രസിദ്ധീകരിക്കുന്നു. സാമ്പത്തിക അവലോകനത്തിന്റെ ഡിജിറ്റല്‍ പതിപ്പ് സംസ്ഥാന ആസൂത്രണ ബോര്‍ഡിന്റെ വെബ് സൈറ്റായ www.spb.kerala.gov.in ല്‍ അപ് ലോഡുചെയ്യും.
വി കെ രാമചന്ദ്രന്‍
വൈസ് ചെയര്‍പേഴ്സണ്‍
ജനുവരി, 2024