മുഖവുര


കേരളത്തിലെ മൊത്ത സംസ്ഥാന ആഭ്യന്തര ഉല്പാദനത്തിന്റെ (GSDP) വാർഷിക വളർച്ചാ നിരക്ക് 2023-24ല്‍, ത്വരിത കണക്കുകള്‍ പ്രകാരം, സ്ഥിരവിലയില്‍ 6 ശതമാനമാണ്. ഇത് മുൻ വർഷത്തിൽ 4.2 ശതമാനമായിരുന്നു. സമ്പദ് വ്യവസ്ഥയുടെ എല്ലാ മേഖലകളിലും പോസിറ്റീവ് വളർച്ചയാണ് സ്ഥിതിവിവര കണക്കുകള്‍ കാണിക്കുന്നത്. പ്രതിശീർഷ ജിഎസ്ഡിപി സ്ഥിരവിലയില്‍ 2023-24 ല്‍ 5.5 ശതമാനം വളർന്ന് ഇപ്പോള്‍ 1,76,072 രൂപയായി (ദേശീയ ശരാശരി 1,24,600 രൂപയാണ്). മുന്‍ വർഷത്തെ അപേക്ഷിച്ചുള്ള കേരളത്തിന്റെ വരുമാന വളർച്ചയില്‍ സംസ്ഥാനം എടുത്ത നയസമീപനങ്ങള്‍ക്ക് സുപ്രധാന പങ്കുണ്ട്.

സംസ്ഥാനത്തിന്റെ വികസനത്തില്‍ സാമ്പത്തികാസൂത്രണത്തിന് പ്രധാന പങ്കാണുള്ളത്. പതിനാലാം പഞ്ചവത്സര പദ്ധതി സംസ്ഥാനത്തെ സാമൂഹിക ചെലവഴിക്കലിന്റെ വ്യാപ്തി വർദ്ധിപ്പിക്കുകയും വിശാലമാക്കുകയും ചെയ്യുന്നു. കൂടാതെ മനുഷ്യ വിഭവശേഷിയുടെ നേട്ടങ്ങള്‍ സാമ്പത്തിക വളർച്ചയ്ക്കുള്ള ഒരു അടിസ്ഥാന ഘടകമായും ഉപയോഗിക്കുന്നു. ഉല്പാദന മേഖലകളിലും ഉന്നത നിലവാരമുള്ള അടിസ്ഥാന സൗകര്യങ്ങളിലും വരുമാനം നല്കുകന്ന സേവന മേഖലകളിലും (ടൂറിസം, വിവര സാങ്കേതിക വിദ്യ ഉൾപ്പെടെ) ചെറുകിട, ഇടത്തരം ബിസിനസ്സുകളിലും പ്രാദേശിക സർക്കാരുകളിലും നിക്ഷേപം വർദ്ധിച്ചിട്ടുണ്ട്. ആധുനിക തൊഴിലുകളിൽ നിക്ഷേപം നടത്തുന്നതിലും, അധ്വാനിക്കുന്ന ജനവിഭാഗങ്ങൾക്കും സഹായം ആവശ്യമുള്ളവർക്കും വേണ്ട സാമൂഹ്യ സേവനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിലും സംസ്ഥാനം പ്രത്യേകം ശ്രദ്ധിക്കുന്നു.

2023ല്‍ നീതി ആയോഗിന്റെ ‘മള്‍ട്ടി ഡൈമൻഷനൽ പോവെർട്ടി ഇൻഡക്സ് ’ (എംപിഐ) കേരളത്തെ ദാരിദ്ര്യം ഏറ്റവും കുറഞ്ഞ സംസ്ഥാനമായി (സ്കോർ 0.002) റാങ്കുചെയ്തു. സുസ്ഥിര വികസന ലക്ഷ്യങ്ങളില്‍ ഭൂരിഭാഗവും കേരളം കൈവരിച്ചിട്ടുണ്ട്. ‘ഇന്ത്യ സ്‌കിൽ റിപ്പോർട്ട് 2024’, പ്രതിഭകളായ സ്ത്രീ-പുരുഷന്മാര്‍ ജോലിചെയ്യാന്‍ ഏറ്റവും ഇഷ്ടപ്പെടുന്ന സംസ്ഥാനമായി കേരളത്തെ കണ്ടെത്തിയിരിക്കുന്നു.

ഈ വർഷത്തെ സാമ്പത്തിക അവലോകനത്തിന്റെ പ്രമേയ അധ്യായം കേരളത്തിന്റെ വ്യാവസായിക മേഖലയിലെ സമീപകാല നേട്ടങ്ങളാണ്. ‘കേരള വ്യവസായ നയം 2023’ ഈ രംഗത്തെ നാഴികക്കല്ലാവുന്ന ഒരു ഉദ്യമമാണ്. ഈ അധ്യായത്തില്‍ എംഎസ്എംഇ കളുടെ വളര്ച്ച യെ പ്രോത്സാഹിപ്പിക്കുന്നതിനും വ്യവസായത്തിനും വിദ്യാസമ്പന്നരായ യുവാക്കള്ക്കുംവ പുതിയൊരു അന്തരീക്ഷം സൃഷ്ടിക്കുന്നതിനും വ്യാവസായിക നിക്ഷേപത്തിന് ഒരു പുതിയ അന്തരീക്ഷം ഒരുക്കുന്നതിനുമുള്ള മുൻനിര പരിപാടികള്‍ വിശദമായി ചർച്ച ചെയ്തിട്ടുണ്ട്.

‘സാമ്പത്തിക അവലോകനം 2024’ ല്‍ കേരള സര്ക്കാ രിന്റെ സാമ്പത്തികരംഗത്തെ പ്രകടനം, പദ്ധതി മുൻഗണനകള്‍, നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന പ്രോഗ്രാമുകൾ, പരിപാടികള്‍, പ്രോജക്ടുകള്‍ എന്നിവയെ സംബന്ധിച്ചുള്ള ഏറ്റവും പുതിയ ഡാറ്റ ഉൾപ്പെടുത്തിയിരിക്കുന്നു. വാല്യം ഒന്നില്‍ സർക്കാർ വകുപ്പുകളുടെ നയങ്ങള്‍, പരിപാടികള്‍, നേട്ടങ്ങള്‍ എന്നിവ ഉൾപ്പെടുത്തിയിരിക്കുന്നു. വാല്യം രണ്ടില്‍ അനുബന്ധ സ്ഥിതിവിവര കണക്കുകള്‍ നൽകുന്നു. ‘സാമ്പത്തിക അവലോകനം 2024’ ഇംഗ്ലീഷിലും മലയാളത്തിലും പ്രസിദ്ധീകരിക്കുന്നു. ഇതിന്റെ ഡിജിറ്റല്‍ പതിപ്പ് സംസ്ഥാന ആസൂത്രണ ബോര്ഡിൻറെ വെബ് സൈറ്റായ www.spb.kerala.gov.in. ല്‍ അപ് ലോഡ് ചെയ്തിട്ടുണ്ട്.


വി കെ രാമചന്ദ്രന്‍

വൈസ് ചെയര്‍പേഴ്സണ്‍
ജനുവരി, 2025