മുഖവുര
വളർച്ചയും നിക്ഷേപവും പിന്നോട്ടുപോയ വർഷമായിരുന്നു 2019. ആഗോള സമ്പദ്വ്യവസ്ഥ മാന്ദ്യത്തിലേക്കു നീങ്ങുകയാണ്. ഇപ്പോള്‍ കണക്കാക്കപ്പെടുന്ന ആഗോള വളർച്ച 3.9 ശതമാനമെന്നത് 2008-09 ന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയാണ്. വർദ്ധിച്ചുവരുന്ന വ്യാപാര തടസ്സങ്ങൾ, വ്യാപാരത്തെയും രാജ്യങ്ങളുടെ രാഷ്ട്രീയ സ്ഥിതിഗതികളെയും ചുറ്റിപ്പറ്റിയുള്ള അനിശ്ചിതത്വം, കുറഞ്ഞ ഉൽപാദന ക്ഷമത എന്നിവ മൊത്തത്തില്‍ ഈ മന്ദഗതിയിലുള്ള വളർച്ചയ്ക്ക് കാരണമാവുന്നു. ഇന്ത്യ, ബ്രസീൽ, മെക്സിക്കോ, റഷ്യ, ദക്ഷിണാഫ്രിക്ക എന്നിവയുൾപ്പെടെ പ്രധാന സമ്പദ്വ്യവസ്ഥകളുടെ വളര്‍ച്ച 2018 നെ അപേക്ഷിച്ച് 2019 ല്‍ കുറവാണ്. ദേശീയ വളർച്ചയുടെ സമീപകാല കണക്കുകളും ഒരു സാമ്പത്തിക മാന്ദ്യത്തെ സൂചിപ്പിക്കുന്നു. ദേശീയ വളർച്ച അതിന്റെ ഏറ്റവും താഴ്ന്ന നിരക്കിലൊന്ന് രേഖപ്പെടുത്തി. 2019-20 ൽ യഥാർത്ഥ ജിഡിപിയുടെ പ്രതീക്ഷിത വളർച്ച 5 ശതമാനമാണ്, ഇത് 2018-19 ൽ രേഖപ്പെടുത്തിയ 6.8 ശതമാനം എന്ന വളർച്ചാ നിരക്കിനേക്കാൾ വളരെ കുറവാണ്.
2018-19 ലെ വളർച്ചയുടെ ദ്രുത കണക്കെടുപ്പ് കാണിക്കുന്നത് കേരള സമ്പദ്വ്യവസ്ഥ 7.5 ശതമാനം (സ്ഥിരവിലയില്‍) വളർന്നു എന്നാണ്. 2017-18 ൽ 7.3 ശതമാനമായിരുന്നു വളർച്ച. 2018-19 ലെ വളർച്ചയുടെ കാരണം പ്രധാനമായും ദ്വിതീയ മേഖലയുടെ സംഭാവനയാണ്, അത് 8.8 ശതമാനം (സ്ഥിരവിലയിൽ) വളർച്ച രേഖപ്പെടുത്തി. ഇതേ വർഷം ത്രിതീയ മേഖല 8.4 ശതമാനം വളർന്നു. കഴിഞ്ഞ രണ്ട് വർഷമായി സംസ്ഥാനം പ്രശ്നങ്ങൾ നേരിടുന്നതിനിടയിലും നല്ല വളർച്ചാ നിരക്ക് രേഖപ്പെടുത്തിയിട്ടുണ്ട്. ഇതില്‍ രണ്ട് വർഷത്തെ കനത്തമഴയും തുടര്‍ന്നുള്ള വെള്ളപ്പൊക്കവും മണ്ണിടിച്ചിലും ചരക്ക് സേവന നികുതി നടപ്പാക്കിയതിനുശേഷമുള്ള വിഭവങ്ങളുടെ കടുത്ത ക്ഷാമവും ഉൾപ്പെടുന്നു.
വെള്ളപ്പൊക്കത്തെയും മണ്ണിടിച്ചിലിനെയും തുടർന്നുള്ള പ്രതിസന്ധി, കാലാവസ്ഥാ മാറ്റങ്ങളോടു പൊരുത്തപ്പെടുന്നതും പൗരര്‍ക്ക് മെച്ചപ്പെട്ട ജീവിത നിലവാരം ഉറപ്പുവരുത്തുന്നതുമായ രീതിയില്‍ സംസ്ഥാനത്തെ പുനർനിർമിക്കാനുള്ള അവസരമായിട്ടെടുത്തു. സംസ്ഥാനത്തെ പുനർനിർമ്മിക്കാൻ സർക്കാർ നടത്തുന്ന ശ്രമങ്ങളെ സാമ്പത്തിക അവലോകനം 2019 രേഖപ്പെടുത്തുന്നു. നവ കേരള നിര്‍മ്മിതി എന്ന പുതിയ വിഭാഗം ഈ വർഷം അവതരിപ്പിക്കുന്നു. കാലാവസ്ഥയിലെ മാറ്റങ്ങളോട് പൊരുത്തപ്പെടുന്ന പശ്ചാത്തല സൗകര്യങ്ങൾ, മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങൾ, ഭാവിയിൽ ഉണ്ടായേക്കാവുന്ന ദുരന്തങ്ങളെ നേരിടാൻ ആളുകൾക്കും ആസ്തികൾക്കും കഴിയുമെന്ന് ഉറപ്പുവരുത്തുന്ന പുതിയ പ്രധാനപ്പെട്ട വികസന പ്രൊജക്ടുകള്‍ എന്നിവ വികസിപ്പിക്കാനുള്ള സർക്കാരിന്റെ പ്രതിബദ്ധതയാണ് കേരള പുനര്‍നിര്‍മ്മാണ ഉദ്യമം. യഥാര്‍ത്ഥത്തിൽ, 2019-20 വാര്‍ഷിക പദ്ധതിയുടെ പ്രധാന ലക്ഷ്യം പ്രളയത്തിലും മണ്ണിടിച്ചിലും നഷ്ടപ്പെട്ട ഉപജീവനമാർഗങ്ങൾ പുന:സ്ഥാപിക്കുക എന്നതായിരുന്നു. ഈ ശ്രമത്തിന്റെ ഭാഗമായി സംസ്ഥാന ആസൂത്രണ ബോർഡ് വിവിധ മേഖലകൾക്കായി ജീവനോപാധി വികസന പാക്കേജ് തയ്യാറാക്കി.
ജനങ്ങൾക്ക് മികച്ച നിലവാരമുള്ള ആരോഗ്യ സുരക്ഷയും വിദ്യാഭ്യാസവും നൽകാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണ്. ആര്‍ദ്രം മിഷന്‍ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളായി ഉയര്‍ത്തുകയും വിവിധ തലങ്ങളിലെ സർക്കാർ ആശുപത്രികളിൽ പുതിയ മെഡിക്കൽ പശ്ചാത്തലസൌകര്യങ്ങള്‍ ഒരുക്കാൻ സഹായിക്കുകയും ചെയ്തു. സര്‍ക്കാര്‍ സ്കൂൾ വിദ്യാഭ്യാസത്തിൽ നടത്തുന്ന ഇടപെടലുകളുടെ ഫലമായി, സ്കൂൾ വിദ്യാർത്ഥികള്‍ സ്വകാര്യസ്ഥാപനങ്ങളില്‍ നിന്ന് സർക്കാർ, എയ്ഡഡ് സ്ഥാപനങ്ങളിലേക്ക് മാറുന്ന സ്ഥിതയുണ്ടായി. സര്‍ക്കാരിന്റെ ആരോഗ്യരംഗത്തെയും വിദ്യാഭ്യാസരംഗത്തെയും നടപടികള്‍ ഗണ്യമായി വർധിച്ചു; ഇക്കാരണത്താൽ, ആരോഗ്യത്തിലെയും വിദ്യാഭ്യാസത്തിലെയും നേട്ടങ്ങളെക്കുറിച്ചാണ് ഈ വർഷത്തെ പ്രധാന അധ്യായം.
പൊതുസമൂഹത്തില്‍ നിക്ഷേപം നടത്തുക, എല്ലാവർക്കും സാമൂഹ്യനീതി ഉറപ്പാക്കുക, സമ്പദ്വ്യവസ്ഥയിലെ ഉൽപാദന ശക്തികളെ പ്രോത്സാഹിപ്പിക്കുക എന്നിവയാണ് കേരള സർക്കാരിന്റെ നയം. സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ നേട്ടത്തിൽ കേരളം തുടര്‍ച്ചയായി ഒന്നാംസ്ഥാനത്താണ്. ആരോഗ്യം, വ്യവസായം, നൂതനാശയ വികസനം, പശ്ചാത്തലസൗകര്യങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട ലക്ഷ്യങ്ങൾ നേടുന്നതിൽ കേരളം ഒന്നാമതാണ്.
പദ്ധതി രൂപവത്കരണ പ്രക്രിയ ത്വരിതപ്പെടുത്തി വികേന്ദ്രീകൃത ആസൂത്രണ സംവിധാനം സർക്കാർ കാര്യക്ഷമമാക്കി, അതുവഴി പദ്ധതികൾ നടപ്പാക്കുന്നതിന് ലഭ്യമായ സമയം വർദ്ധിപ്പിച്ചു. പദ്ധതികളുടെ ഗുണനിലവാരം ഉയർത്തുന്നതിനായി ജില്ലാ വിഭവ കേന്ദ്രങ്ങൾ ഇപ്പോൾ പ്രവർത്തിക്കാൻ തുടങ്ങിയിട്ടുണ്ട്.
സാമ്പത്തിക അവലോകനം 2019 ൽ സർക്കാർ വകുപ്പുകളുടെ നയങ്ങളും പരിപാടികളും സംബന്ധിച്ച വിവരങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നു. ഇത് വിവിധ വകുപ്പുകളുടെ പ്രകടനവും വരും വർഷങ്ങളിൽ അഭിസംബോധന ചെയ്യേണ്ട വിഷയങ്ങളും ചർച്ചചെയ്യുന്നു. ഈ വർഷത്തെ അവലോകനത്തിലെ ഭാഗങ്ങൾ കൂടുതൽ പ്രമേയകേന്ദ്രിതമാക്കുന്നതിനായി ചെറിയതോതില്‍ പുന:ക്രമീകരിച്ചിട്ടുണ്ട്. ഓരോ മേഖലകളിലെയും പ്രധാന നേട്ടങ്ങൾ പ്രസക്തമായ ഭാഗങ്ങളിൽ എടുത്തുകാണിച്ചിരിക്കുന്നു. മുൻ വർഷങ്ങളിലെന്നപോലെ, സാമ്പത്തിക അവലോകനം രണ്ട് വാല്യങ്ങളായാണ് അവതരിപ്പിക്കുന്നത്. ഒന്നാം വാല്യത്തില്‍ സർക്കാർ വകുപ്പുകളുടെ നയങ്ങളും പരപാടികളും നേട്ടങ്ങളും രണ്ടാം വാല്യത്തില്‍ അനുബന്ധ സ്ഥിതിവിവര കണക്കുകളും നൽകുന്നു. സാമ്പത്തിക അവലോകനം 2019 ഇംഗ്ലീഷിലും മലയാളത്തിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. സംസ്ഥാന ആസൂത്രണ ബോർഡ് വെബ്സൈറ്റായ www.spb.kerala.gov.in ൽ ഇതിന്റെ ഡിജിറ്റൽ പതിപ്പ് അപ്ലോഡുചെയ്തിട്ടുണ്ട്.
തിരുവനന്തപുരം
ജനുവരി 22, 2020