വിദേശരംഗം

വിദേശ വ്യാപാരം - ഇന്ത്യയിൽ

ഇന്ത്യയില്‍നിന്നുള്ള കയറ്റുമതിയും ഇറക്കുമതിയും 2004 - 2015 വരെയുള്ള കാലയളവില്‍ വര്‍ദ്ധിച്ചു. ഇതേ കാലയളവില്‍ ഇന്ത്യയുടെ കയറ്റുമതി 0.8 ശതമാനത്തില്‍നിന്നും 1.6 ശതമാനമായും ഇറക്കുമതി 1 ശതമാനത്തില്‍നിന്നും 2.3 ശതമാനവുമായി. കയറ്റുമതിയും ഇറക്കുമതിയും ചെയ്യുന്ന രാജ്യങ്ങള്‍ക്കിടയില്‍ മൂല്യത്തിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യയുടെ സ്ഥാനം 2004-ല്‍ 30 - ഉം 23- ഉം റാങ്കായിരുന്നത് 2015-ല്‍ 19 - ഉം 13- ഉം ആയി ഉയര്‍ന്നു. എന്നാല്‍, 2013-14 ന് ശേഷം ഇന്ത്യയുടെ കയറ്റുമതി വളര്‍ച്ചകുറഞ്ഞുവരികയാണ്. പെട്രോളിയം ഉല്പന്നങ്ങള്‍, പവിഴം, അമൂല്യമായ കല്ലുകള്‍, കോട്ടണ്‍ ഉല്പന്നങ്ങള്‍, സ്വര്‍ണ്ണം, വിലകൂടിയ ലോഹ ആഭരണങ്ങള്‍, മരുന്ന്, ബയോളജിക്കല്‍സ്, സമുദ്രോല്പന്നങ്ങള്‍, സുഗന്ധവ്യഞ്ജനങ്ങള്‍ എന്നിവയാണ് ഇന്ത്യയിലെ പ്രധാന കയറ്റുമതി വസ്തുക്കള്‍. 2014-15-ല്‍ ഇന്ത്യയില്‍നിന്നുള്ള കയറ്റുമതി മൊത്തം ആഭ്യന്തര ഉല്പന്നത്തിന്റെ 23.8 ശതമാനമായിരുന്നത് 2015-16 ല്‍ 20.7 ശതമാനമായി കുറഞ്ഞു. ഇന്ത്യന്‍ കയറ്റുമതി 2013-14-ല്‍ 19,05,011 കോടി രൂപയായിരുന്നത് 2014-15-ല്‍ 18,96,348 കോടി രൂപയായും 2015-16-ല്‍ 16,02,414 കോടി രൂപയായും കുറഞ്ഞതായിക്കാണുന്നു. 2014-15 - 2015-16 കാലയളവില്‍ 15.5 ശതമാനം ഋണവളര്‍ച്ചയാണ് ഇന്ത്യയുടെ കയറ്റുമതി രേഖപ്പെടുത്തിയത്. ശോഭനമല്ലാത്ത ആഭ്യന്തര ആഗോളസാമ്പത്തിക അവസ്ഥയും അസംസ്കൃതയെണ്ണയുടെ വിലയിലെ കുറയുന്ന പ്രവണതയും ഇതിന് കാരണങ്ങളാണ്.

പെട്രോളിയം, ഓയിലും ലൂബ്രിക്കന്റുകളും, സ്വര്‍ണ്ണം, വെള്ളി, യന്ത്രസാമഗ്രികള്‍ എന്നിവയാണ് ഇന്ത്യയുടെ പ്രധാന ഇറക്കുമതി സാധനങ്ങള്‍. ഇന്ത്യയുടെ ഇറക്കുമതി 2014-15-ല്‍ 2737087 കോടി രൂപയായിരുന്നത് 2015-16-ല്‍ 2323786 കോടി രൂപയായി കുറഞ്ഞു. പ്രസ്തുത കാലയളവില്‍ ഇറക്കുമതിയില്‍ 15.1 ശതമാനം ഋണവളര്‍ച്ച രേഖപ്പെടുത്തി. ഇന്ത്യയുടെ ഇറക്കുമതി 2014-15-ല്‍ മൊത്ത ആഭ്യന്തര ഉല്പന്നത്തിന്റെ 25.2 ശതമാനമായിരുന്നത് 2015-16 ല്‍ 22 ശതമാനമായി കുറഞ്ഞു.

വ്യാപാര വ്യവസായ പ്രവര്‍ത്തനങ്ങള്‍ നിര്‍മ്മാണ സേവനമേലകളിലെ കയറ്റുമതി പ്രോത്സാഹിപ്പിക്കു ന്നതിനും ഊന്നല്‍ നല്കിക്കൊണ്ട് ഇന്ത്യാഗവണ്മെന്റ് ഒരു പുതിയ വിദേശ വ്യാപാരനയം 2015-20 കാലഘട്ടത്തിലേയ്ക്ക് ആരംഭിച്ചു.കേന്ദ്രസര്‍ക്കാരിന്റെ ' മേക്ക് ഇന്‍ ഇന്ത്യ', 'ഡിജിറ്റല്‍ ഇന്ത്യ' എന്നീ പരിപാടികള്‍ ഇതിനോടൊപ്പം കൂട്ടിച്ചേര്‍ക്കുന്നതിനുള്ള ഒരു രൂപരേഖയും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

top