വിദേശ രംഗം

പ്രവാസി മലയാളി ക്ഷേമം

കേരളത്തിനു പുറത്തു ജീവിക്കുന്ന മലയാളികള്‍ സംസ്ഥാനത്തിന്റെ പുരോഗതിയില്‍ നിര്‍ണ്ണായക പങ്ക് വഹിക്കുന്നുണ്ട്. വിദേശ മലയാളികള്‍ നാടിന്റെ പുരോഗതിയില്‍ വഹിക്കുന്ന പങ്ക് കുടുംബതലത്തിലും, പ്രാദേശിക/സാമൂഹിക തലത്തിലും, രാജ്യതലത്തിലും ദൃശ്യമാണ്. കുടുംബതലത്തില്‍ പ്രവാസി മലയാളികളുടെ പങ്ക്, കുടുംബസമ്പാദ്യം, ആഹാരം, ആരോഗ്യം,പാര്‍പ്പിടം, വിദ്യാഭ്യാസ നിലവാരം എന്നീ രംഗങ്ങളില്‍ഉണ്ടായിട്ടുള്ള പുരോഗതി സ്പഷ്ടമാണ്. കഴിഞ്ഞ മൂന്ന് ദശകങ്ങളിലായി രാജ്യത്തിന്റെ കറണ്ട് അക്കൌണ്ട് കമ്മി നികത്താന്‍ റമിറ്റന്‍സ് സഹായിച്ചിട്ടുണ്ട്. നൈപുണ്യ വികസനത്തിലൂടെ മാറിക്കൊണ്ടിരിക്കുന്ന തൊഴിൽ സേനയുടെ പ്രത്യേകത ധാരാളം പ്രൊഫഷണൽ യുവജനങ്ങളെ കേരളത്തിന് പുറത്ത് പോവാൻ സഹായിക്കുന്നു. ഇക്കാരണത്താൽ ലോകം മുഴുവനായി കേരളത്തിൽ നിന്നുള്ള മലയാളികൾ വ്യാപിച്ച് കിടക്കുന്നു. സെന്റർ ഫോർ ഡെവലപ്പ്മെന്റ് സ്റ്റഡീസ് 2014 ൽ നടത്തിയ കേരള പ്രവാസി സർവ്വേ (കരട്) പ്രകാരം വിവിധ രാജ്യങ്ങളിലായി 24 ലക്ഷത്തിലും അധികം മലയാളികൾ പ്രവാസികളായി കഴിയുന്നു. അവരിൽ നിന്നുള്ള റമിറ്റൻസ് സംസ്ഥാനത്തിന്റെ അറ്റ ആഭ്യന്തര ഉല്പാദനത്തിന്റെ 36.5 ശതമാനത്തോളമാണ്. പ്രവാസി മലയാളിയുടെ ശരാശരി വയസ്സ് 24.74 വർഷമാണ്. 75% ശതമാനം ആളുകൾ 10-ാം തരം പാസാവുകയും 35.4 ശതമാനം ആളുകൾ ഡിപ്ലോമ /ഡിഗ്രി/ ഉയർന്ന വിദ്യാഭ്യാസം എന്നിവ നേടുകയും ചെയ്തിട്ടുണ്ട്. പ്രവാസികളുടെ എണ്ണം 2008 നേക്കാൾ 2,06,963 വർദ്ധിച്ചിട്ടുണ്ട്. ഇത് 2008 നേക്കാൾ 9.4 ശതമാനം അധികമാണ്. പ്രവാസികളുടെ ജില്ല തിരിച്ചുള്ള അനുപാതം ചിത്രം 6.3 ൽ കാണിക്കുന്നു.

ചിത്രം 6.3
പ്രവാസികളുടെ ജില്ല തിരിച്ചുള്ള അനുപാതം
അവലംബം:കേരള മൈഗ്രേഷന്‍ സർവ്വേ, 2014 (കരട്)സംസ്ഥാന ആസൂത്രണ ബോര്‍ഡ്, കേരള

മലപ്പുറം, കണ്ണൂർ, കാസർകോഡ് ജില്ലകളിൽ 2008 നേക്കാൾ 2014 ൽ പ്രവാസികളുടെ അനുപാതം കൂടിയിട്ടുണ്ട്. കേരളത്തിന്റെ മൊത്തം പ്രവാസികളുടെ 19 ശതമാനം ഉള്ള മലപ്പുറം ആണ്ഏറ്റവും കൂടിയ അനുപാതം കാണിക്കുന്നത് കണ്ണൂരിലെ പ്രവാസി അനുപാതം 12 ശതമാനമാണ്. തിരുവനന്തപുരം, പാലക്കാട്, തൃശ്ശൂർ ജില്ലകളിൽ 2008 നേക്കാൾ 2014 ൽ പ്രവാസികളുടെ അനുപാതം കുറഞ്ഞു. 9 ശതമാനത്തിൽ നിന്ന് 3 ശതമാനമായി കുറഞ്ഞ പാലക്കാടാണ് ഏറ്റവും കൂടുതൽ കുറവ് രേഖപ്പെടുത്തിയത്. ചില ജില്ലകളിൽ പ്രവാസികളുടെ എണ്ണത്തിൽ കുറവ് സംഭവിച്ചപ്പോൾ മലയോര പ്രദേശങ്ങൾ ഉൾപ്പെടുന്ന ചില പ്രത്യേക ജില്ലകളിൽ പ്രവാസികളുടെ അനുപാതം കാര്യമായി വർദ്ധിച്ചിട്ടുണ്ട്. 2008 മുതൽ 2014 വരെയുള്ള കാലയളവിൽ തെക്കൻ ജില്ലകളിലെ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിൽ പ്രവാസികളുടെ വർദ്ധന നിരക്ക് യഥാക്രമം 21.6, 3.7, 29.3 വീതം കുറഞ്ഞിട്ടുണ്ട്. പ്രവാസികളുടെ എണ്ണം തിരുവനന്തപുരത്ത് 66,754 ഉം കൊല്ലത്ത് 7583 ഉം ആലപ്പുഴയിൽ 38,623 ഉം കുറഞ്ഞിട്ടുണ്ട്. കാര്യമായ വർദ്ധനവ് നേടിയ ജില്ലകൾ പത്തനംതിട്ട, എറണാകുളം, ഇടുക്കി, കണ്ണൂർ, എന്നിവയാണ്. വിശദാംശങ്ങൾ അനുബന്ധം 6.5 കാണുന്നു. വീട്ടിലുള്ള പ്രവാസികളുടെ കണക്കിൽ മലപ്പുറം ജില്ലയാണ് മുന്നിലുള്ളത്. 2014 ലെ കണക്കനുസരിച്ച് 100 വീടുകളിലെ പ്രവാസികളുടെ സ്ഥിതിവിവരകണക്കനുസരിച്ച് 54 ശതമാനം മലപ്പുറം ജില്ലയിലാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 50 ശതമാനം രേഖപ്പെടുത്തിയ കണ്ണൂർ ജില്ലയാണ് രണ്ടാം സ്ഥാനത്ത്. ഇടുക്കി , വയനാട്, പാലക്കാട് എന്നീ ജില്ലകളിലാണ് വീട്ടിലുള്ള പ്രവാസികളുടെ കണക്ക് കുറഞ്ഞ കാണുന്നത്. പാലക്കാട് ജില്ലയിൽ 2008 വർഷം താരതമ്യം ചെയ്യുമ്പോൾ 21 ശതമാനം കുറവാണ് കാണുന്നത്.

ചിത്രം 6.4
വീട്ടിലുള്ള പ്രവാസികളുടെ ജില്ല തിരിച്ചുള്ള കണക്ക് (100 എണ്ണത്തിൽ)

മധ്യേഷ്യയിലെ സ്വദേശി നയങ്ങളും ലോകം മുഴുവൻ വ്യാപിച്ച സാമ്പത്തിക അസ്ഥിരതയും മൂലം കേരളത്തിലേക്ക് തിരിച്ചു വരുന്ന പ്രവാസികളുടെ എണ്ണം കൂടിക്കൊണ്ടിരിക്കുകയാണ്. 1998 ലെ 7.3 ലക്ഷത്തിൽ നിന്ന് 2014 ൽ തിരിച്ചു വന്ന പ്രവാസികളുടെ എണ്ണം 12.5 ലക്ഷമായി വർദ്ധിപ്പിച്ചിട്ടുണ്ട്. ചിത്രം. 6.5 കേരളത്തിൽ തിരിച്ചുവരുന്ന മലയാളികളുടെ എണ്ണത്തിലുള്ള കണക്ക് കാണിക്കുന്നു.

ചിത്രം 6.5
കേരളത്തിൽ തിരിച്ചുവരുന്ന മലയാളികളുടെ എണ്ണം

ജില്ല തിരിച്ചുള്ള വിശകലനം കാണിക്കുന്നത് തിരിച്ചു വരുന്ന പ്രവാസികളുടെ 24 ശതമാനമുള്ള മലപ്പുറം ഒന്നാം സ്ഥാനത്തും 17 ശതമാനമുള്ള തിരുവനന്തപുരം, 10 ശതമാനമുള്ള കൊല്ലം എന്നിവ രണ്ടും മൂന്നും സ്ഥാനത്തും എന്നാണ് 2008 മുതൽ 2014 വരെതിരിച്ചു വന്ന മലയാളികളുടെ ജില്ല തിരിച്ചുള്ള അനുപാതംചിത്രം ൽ കാണിക്കുന്നു. വിശദാംശങ്ങൾ അനുബന്ധം 6.6 ൽ കാണുന്നു.

ചിത്രം 6.6
തിരിച്ചു വന്ന മലയാളികളുടെ ജില്ല തിരിച്ചുള്ള അനുപാതം
Source: Kerala Migration Survey, 2014 (Draft), State Planning Board, GoK.

ജോലിചെയ്യുന്ന വിദേശ മലയാളികളുടെ എണ്ണം

വിദേശ മലയാളികളില്‍87.77 ശതമാനം പല തരത്തിലുള്ള ജോലികളില്‍ ഉള്‍പ്പെട്ടിട്ടുള്ളവരാണ്. ജോലിചെയ്യുന്ന വിദേശ മലയാളികളില്‍ 93.04 ശതമാനം പുരുഷന്മാരും 6.96 ശതമാനം സ്ത്രീകളുമാണ്. ജില്ല തിരിച്ചു കണക്കാക്കിയാല്‍ 19.51 ശതമാനം വിദേശമലയാളികള്‍ ജോലിചെയ്യുന്ന മലപ്പുറം ജില്ലയാണ് ഒന്നാം സ്ഥാനത്ത്. തൃശ്ശൂരും കോഴിക്കോടുമാണ് രണ്ടും മൂന്നും സ്ഥാനത്ത്. മൊത്തം ജോലിചെയ്യുന്ന വിദേശ മലയാളികളില്‍യഥാക്രമം 10.50 ശതമാനവും 10.37 ശതമാനവുമാണ് ഈ ജില്ലകളുടെ പങ്ക്. ലിംഗാടിസ്ഥാനത്തില്‍ നോക്കിയാല്‍ വിദേശമലയാളികളായ സ്ത്രീകള്‍, ഏറ്റവും കുറവ് ഇടുക്കി ജില്ലയിലാണ്. എന്നിരുന്നാലും തൊഴിലെടുക്കുന്ന ആകെ വിദേശ മലയാളികളുടെ 32.83 ശതമാനമാണ് ഈ ജില്ലയിലെ സ്ത്രീ പ്രവാസികളുടെ തോത്. കോട്ടയമാണ് രണ്ടാം സ്ഥാനത്ത്. ഇവിടെ ജോലി ചെയ്യുന്ന വിദേശ മലയാളികളില്‍ 31.68 ശതമാനം സ്ത്രീകളാണ്. ജില്ല/ലിംഗ അടിസ്ഥാനം തിരിച്ച് ജോലിചെയ്യുന്ന മലയാളികളുടെ വിവരം അനുബന്ധം 6.7-ല്‍ ലഭ്യമാണ്.

ചിത്രം 6.7
ജില്ല തിരിച്ച്- ജോലിചെയ്യുന്ന വിദേശ മലയാളികള്‍- കേരളം
അവലംബം:-എക്കണോമിക്സ് ആന്റ് സ്റ്റാറ്റിസ്റ്റിക്സ് ഡിപ്പാര്‍ട്ട്മെന്റ്

രാജ്യം തിരിച്ച് ജോലിചെയ്യുന്ന വിദേശ മലയാളികള്‍

രാജ്യം തിരിച്ച് കണക്കാക്കിയാല്‍ ഏറ്റവും കൂടുതല്‍ വിദേശ മലയാളികള്‍ജോലിയിലേര്‍പ്പെട്ടിരിക്കു ന്നതായി രേഖപ്പെടുത്തിയിട്ടുള്ളത് യുഎ.ഇ-ലാണ് - 37.5 ശതമാനം. 21.8 ശതമാനം രേഖപ്പെടുത്തിയ സൗദി അറേബ്യയാണ് രണ്ടാം സ്ഥാനത്ത്. രാജ്യം തിരിച്ച് ജോലി ചെയ്യുന്ന വിദേശ മലയാളികളുടെ വിവരം ചിത്രം.6.4-ല്‍ കൊടുത്തിരിക്കുന്നു.

ജോലി തിരിച്ചുള്ള വിദേശ മലയാളികള്‍

കേരളത്തിന്റെ മനുഷ്യ വിഭവ ശേഷി ലോകത്തെവിടെയും വ്യാപിച്ചു കിടക്കുന്ന ഒന്നാണ്. ജോലി അന്വേഷണത്തിന്റെ രീതി അനുസരിച്ച് വിദേശ രാജ്യങ്ങളില്‍ കുടിയേറിപ്പാര്‍ക്കുന്നവരുടെ രീതിയില്‍ മാറ്റം വന്നിരിക്കുകയാണ്. 1970 കാലഘട്ടത്തില്‍ വിദേശ രാജ്യങ്ങളില്‍ കുടിയേറി പാര്‍ത്തിട്ടുള്ള ആകെ തൊഴിലാളികളില്‍ വൈദഗ്ദ്ധ്യം ഉള്ളവര്‍ കുറവായിരുന്നു. നിലവില്‍ വിഗദ്ധ തൊഴില്‍ ചെയ്യുന്നവരായ ഡോക്ടര്‍മാര്‍, നഴ്സുമാര്‍, എഞ്ചിനീയര്‍മാര്‍, വിവര സാങ്കേതിക വിദഗ്ദ്ധര്‍, അദ്ധ്യാപകര്‍ എന്നിവരുടെ എണ്ണം കൂടിയിട്ടുണ്ട്. വിവിധ രാജ്യങ്ങളില്‍ ജോലി ചെയ്യുന്ന വിദേശ മലയാളികളെ തൊഴില്‍ തിരിച്ചു നോക്കിയാല്‍ 11.85 ശതമാനം പേര്‍ ഡ്രൈവര്‍ തൊഴില്‍ ചെയ്യുന്നവരാണ്. 10.99 ശതമാനം കടകളിലും മറ്റും സാധനങ്ങള്‍ വില്‍ക്കുന്നവരും, 6.37 ശതമാനം നഴ്സുമാരും, 3.78 ശതമാനം എന്‍ജിനീയര്‍മാരും 2.23 ശതമാനം വിവര സാങ്കേതിക വിദഗ്ദ്ധരും, 0.53 ശതമാനം ഡോക്ടര്‍മാരുമാണ്. പിന്നെയുള്ള 64.25 ശതമാനം പേര്‍ ബിസിനസ്, അദ്ധ്യാപന, ബാങ്ക് മുതലായ മേഖലകളില്‍ ജോലികള്‍ ചെയ്യുന്നവരുമാണ്. .

ചിത്രം 6.8
രാജ്യം തിരിച്ച് ജോലിചെയ്യുന്ന പ്രവാസികള്‍
അവലംബം:-എക്കണോമിക്സ് ആന്റ് സ്റ്റാറ്റിസ്റ്റിക്സ് ഡിപ്പാര്‍ട്ട്മെന്റ്

ഡോക്ടര്‍മാരില്‍ നിന്നും 14.39 ശതമാനവുമായി തിരുവനന്തപുരത്തുള്ളവരാണ് ജോലിക്കാര്യത്തില്‍ ഏറ്റവും മുന്നില്‍ നില്കുന്നത്.14.38 ശതമാനമുള്ള കോട്ടയം രണ്ടാം സ്ഥാനത്തും 14.34 ശതമാനമു ള്ള എറണാകുളം മൂന്നാം സ്ഥാനത്തുമാണ്. വിദേശ മലയാളി ഡോക്ടര്‍മാര്‍ ഏറ്റവും കുറവ് എണ്ണം രേഖപ്പെടുത്തിയത് വയനാട്ടിലാണ്. നഴ്സുമാരുടെ കാര്യത്തില്‍, 23.73 ശതമാനം രേഖപ്പെടുത്തിയ കോട്ടയമാണ് ഒന്നാം സ്ഥാനത്ത്, 20.75 ശതമാനമുള്ള പത്തനംതിട്ട രണ്ടാം സ്ഥാനത്തും 18.16 ശതമാനം രേഖപ്പെടുത്തിയ എറണാകുളം മൂന്നാം സ്ഥാനത്തുമാണ്. എഞ്ചിനീയര്‍മാരെ സംബന്ധിച്ച് 13.47 ശതമാനമുള്ള എറണാകുളത്തിനാണ് ആദ്യ സ്ഥാനം. 13.23 ശതമാനമുള്ള തൃശ്ശൂരും, 10.11 ശതമാനമുള്ള കോട്ടയവുമാണ് രണ്ടും മൂന്നും സ്ഥാനത്ത് ഉള്ളത്. അദ്ധ്യാപകരെ സംബന്ധിച്ച് 16.69 ശതമാനം രേഖപ്പെടുത്തിയ പത്തനംതിട്ടയാണ് ആദ്യ സ്ഥാനത്ത്. 15.99 ശതമാനമുള്ള ആലപ്പുഴ രണ്ടാം സ്ഥാനത്തും 9.74 ശതമാനം രേഖപ്പെടുത്തിയ കോട്ടയം മൂന്നാം സ്ഥാനത്തുമാണ്. തൊഴിലെടുക്കുന്ന പ്രവാസികളുടെ ജില്ലതിരിച്ചുള്ള എണ്ണം ചിത്രം-6.9 ല്‍ കാണാവുന്നതാണ്.

ചിത്രം 6.9
വിവിധ തരത്തിലുള്ള തൊഴിലില്‍ ഏര്‍പ്പെട്ട് കഴിയുന്ന പ്രവാസികളുടെ ജില്ലതിരിച്ചുള്ള വിവരങ്ങള്‍
അവലംബം:-എക്കണോമിക്സ് ആന്റ് സ്റ്റാറ്റിസ്റ്റിക്സ് ഡിപ്പാര്‍ട്ട്മെന്റ്

ബോക്സ് 6.1
വർക്കിംഗ് ഗ്രൂപ്പ് - നോർക്ക

പതിമൂന്നാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായി കേരള സർക്കാരിന്റെ നോർക്ക വകുപ്പിന്റെ മുൻ സെക്രട്ടറിയായിരുന്ന ഡോ. ഉഷ ടൈറ്റസും തിരുവനന്തപുരം സെന്റർ ഫോർ ഡവലപ്മെന്റ് സ്റ്റഡീസിലെ പ്രൊഫ. ഇരുദയരാജനും കൊ-ചെയർപെഴ്സൺമാരായി നോർക്കയ്ക്ക് വേണ്ടി വർക്കിംഗ് ഗ്രൂപ്പ് രൂപീകരിച്ചു.

  • പ്രവാസികളെപറ്റി നിലവിലുള്ള അടിസ്ഥാന വിവരം വിമർശനാത്മകമായി വിലയിരുത്തുകയും പ്രവാസികളായ മലയാളികളുടെ എണ്ണവും അനുപാതവും അവലോകനം ചെയ്യുകയും വിവരശേഖരണത്തിനും സ്ഥിരമായ പുതുക്കലിനും സമഗ്രമായ രീതിശാസ്ത്രം വികസിപ്പിക്കുകയും ചെയ്യുക.
  • കേരളത്തിൽ വിവിധ ജീവിത മേഖലകളിൽ പ്രത്യേകിച്ചും സാമൂഹ്യ – സാമ്പത്തിക വശങ്ങളിൽ പ്രവാസി ഉണ്ടാക്കിയ ഫലം വിശകലനം ചെയ്യുക.
  • കേരള സമ്പദ് വ്യവസ്ഥയുടെ മേഖലാ വൽക്കരണത്തിന്റെ സൂചകങ്ങളെ കുറിച്ച് വിശകലനം ചെയ്യുകയും കേരളത്തിനകത്തും പുറത്തു നിന്നുമുള്ള മലയാളികളുടെ സമഗ്ര വികസനത്തിന് വേണ്ടി ശുപാർശകൾ നടത്തുകയും ചെയ്യുക.
  • കേന്ദ്ര സർക്കാരിന്റെ പ്രവാസി നയത്തിനെ പരിശോധിക്കാനും നമ്മുടെ ആവശ്യങ്ങൾക്കനുസരിച്ച് എന്തൊക്കെ മാറ്റങ്ങൾ വേണം എന്ന നിർദ്ദേശം നൽകുക.
  • ഗവൺമെന്റ് സ്കീമുകളും പരിപാടികളും പ്രത്യേകിച്ച് 11 ഉം 12 ഉം പഞ്ചവത്സര പദ്ധതി കാലത്ത് ആരംഭിച്ച പരിപാടികൾ വിമർശനാത്മകമായി വിലയിരുത്തുകയും പ്രവാസത്തിനും പ്രവാസികളുടെ ക്ഷേമത്തിനും ഉതകുന്ന സമഗ്രമായ നയപരിപാടി രൂപീകരിക്കുകയും ചെയ്യുക.
  • പ്രവാസികളുടെ പുനരധിവാസം, പ്രവാസി മലയാളികളുടെ നിക്ഷേപം തുടങ്ങിയ ഗവൺമെന്റെ ഇടപെടലിലൂടെ പ്രശ്നങ്ങൾ തിരിച്ചറിയുകയും 13-ാം പഞ്ചവത്സര പദ്ധതിക്കാലത്ത് ഏറ്റെടുക്കേണ്ട നൂതനമായ പരിപാടികൾ രൂപീകരിക്കുകയും ചെയ്യുക.
  • മേഖലയിലെ / അളക്കാനാവുന്ന ഗുണഫല സൂചികകൾ തിരിച്ചറിയുകയും രൂപീകരിക്കുകയും ചെയ്യുക.

എന്നിങ്ങനെ എഴ് കാര്യങ്ങളാണ് വർക്കിംഗ് ഗ്രൂപ്പിന്റെ റഫറൻസിന് ഉണ്ടായിരുന്നത്.

ഭരണ അക്കാദമിക രംഗത്തു നിന്നുള്ള വിദഗ്ദ്ധരും വിദേശത്തുള്ള പ്രവാസി മലയാളികളുടെ പ്രതിനിധികളും വർക്കിംഗ് ഗ്രൂപ്പ് അംഗങ്ങളായി ഉൾപ്പെടുന്നു. റിപ്പോർട്ട് ഉടനടി പ്രസിദ്ധീകരിക്കുന്നതാണ്


ബോക്സ് 6.2
നോര്‍ക്ക റൂട്ട്സ് നല്‍കുന്ന പദ്ധതികളും സേവനങ്ങളും- ഒരു അവലോകനം

തിരിച്ചെത്തുന്ന പ്രവാസികളുടെ പുനരധിവാസം:- തിരിച്ചെത്തുന്ന പ്രവാസികള്‍ക്ക് തൊഴില‍വസരങ്ങള്‍ കണ്ടെത്താന്‍ സഹായിക്കുക, അല്ലെങ്കില്‍ അവര്‍ക്കു സ്വയം തൊഴില്‍ കണ്ടെത്താന്‍ അവസരമൊരുക്കുക എന്നിവയാണ് ഈ പദ്ധതികൊണ്ട് വിഭാവനം ചെയ്യുന്നത്. തിരിച്ചുവരുന്ന പ്രവാസികളെ പുനരധിവസിപ്പിക്കുന്നതിന്റെ ഭാഗമായി ഗവണ്‍മെന്റ് നോര്‍ക്കാ ഡിപ്പാര്‍ട്ട്മെന്റ് പ്രോജക്ട് ഫോര്‍ റിട്ടേണ്‍ഡ് എമിഗ്രന്റ്സ് എന്ന പ്ദധതി ആരംഭിച്ചു. സുസ്ഥിര ബിസിനസ് മാതൃക തയ്യാറാക്കുകയാണ് പദ്ധതിയുടെ ഉദ്ദേശ്യം. അഗ്രി-ബിസിനസ്സ്, വ്യാപാരം, സേവനം, നിര്‍മ്മാണം എന്നീ മേഖലകളിലെ സംരംഭകര്‍ക്ക് അവരുടെ പദ്ധതി ആരംഭിക്കാന്‍ പത്തു ശതമാനം മൂലധന സബ്സിഡിയായി നല്‍കും.

സാന്ത്വനം:- വിദേശത്ത് രണ്ടു വര്‍ഷത്തില്‍ കുറയാത്ത സേവനം നടത്തി തിരിച്ചെത്തി 10 വര്‍ഷം കഴിയാതെ, വാര്‍ഷിക വരുമാനം 2 ലക്ഷത്തില്‍ താഴെയുള്ളവര്‍ക്കായി വൈദ്യ സഹായം, കുട്ടികളുടെ വിവാഹാവശ്യങ്ങള്‍ എന്നിവയ്ക്കുള്ള സഹായ പദ്ധതിയാണിത്. ഈ പദ്ധതിയുടെ കീഴില്‍ ചികിത്സാ സഹായമായി 50000/- രൂപയും, മരണത്തിനായി 100,000/- രൂപയും വിവാഹ സഹായമായി 15000 രൂപയും വീല്‍ച്ചെയറിനും ക്രച്ചസ്സിനും കൃത്രിമ കാലിനും 10000 രൂപയും നല്‍കുന്നുണ്ട്.

സ്വപ്ന സാഫല്യം:- താഴ്ന്ന തലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന പ്രവാസി മലയാളികള്‍ വളരെയധികം ദുരിതങ്ങള്‍ക്ക് ഇരയാകുന്നു. സൗദി അറേബ്യയില്‍ മാത്രമായി തങ്ങളുടേതല്ലാത്ത കുറ്റങ്ങളാല്‍ ജയിലിലായ പ്രവാസി മലയാളികള്‍ക്ക് അവര്‍ ജയിലില്‍ നിന്ന് മോചിതരാവുന്ന സമയത്ത് എയര്‍ടിക്കറ്റ് നല്‍കുന്നതിനുദ്ദേശിച്ചുള്ളതാണ് ഈ പദ്ധതി.

പ്രവാസി ലീഗല്‍ അസിസ്റ്റന്‍സ് (പ്രവാസി ലീഗല്‍ എയ്ഡ് സെല്‍):-കേരളത്തില്‍ നിന്നും മധ്യകിഴക്കന്‍ രാജ്യങ്ങളിലേക്ക് കുടിയേറിപ്പാര്‍ക്കുന്ന തൊഴിലാളികള്‍ അഭിമുഖീകരിക്കുന്ന ഒരു പ്രധാന പ്രശ്നമാണ് അവര്‍ നേരിടുന്ന കോടതി കേസുകളും നിയമ പ്രശ്നങ്ങളും. ഒരു വ്യക്തമായ നിയമസഹായം ഇല്ലാത്തതിനാല്‍ പാവപ്പെട്ട പ്രവാസികള്‍ ജയിലുകളില്‍ പോലും എത്തപ്പെടുകയും എല്ലാതരത്തിലുള്ള ശിക്ഷകള്‍ക്ക് വിധേയരാകേണ്ടി വരികയും ചെയ്യുന്നു. യഥാര്‍ത്ഥത്തില്‍ നിസ്സാര കേസ്സുകളില്‍ ചിലപ്പോള്‍ യാതൊരു കുറ്റവും ചെയ്യാതെപോലും വലിയ ശിക്ഷയാണ് അനുഭവിക്കേണ്ടി വരുന്നത്. ഇത്തരം കേസുകളുടെ ആധിക്യം പരിഗണിച്ച് അര്‍ഹരായവര്‍ക്ക് ഏതെങ്കിലും തരത്തിലുള്ള നിയമ സഹായം സര്‍ക്കാര്‍ നല്‍കണമെന്ന കുടിയേറ്റ തൊഴിലാളികളുടെ ആവശ്യം കണക്കിലെടുക്കേണ്ടതുണ്ട്.

24 മണിക്കൂര്‍ ഹെല്‍പ്പ് ലൈന്‍/കോള്‍ സെന്ററുകള്‍:- വിദേശ മലയാളികളുടെ പരാതികള്‍ പരിഹരിക്കുന്നതിനും വിഷമഘട്ടത്തിലുള്ളവര്‍ക്ക് കൗണ്‍സിലിംഗ് നടത്തുന്നതിനും വിദേശത്ത് പോകുന്നവര്‍ക്കും പോകാന്‍ ആഗ്രഹിക്കുന്നവര്‍ക്കും അംഗീകൃത കുടിയേറ്റത്തിനെക്കുറിച്ചും ഈ മേഖലയില്‍ നടക്കുന്ന ചൂഷണങ്ങളെക്കുറിച്ചും ബോധവല്‍ക്കരണം നടത്തുക, പ്രവാസി മലയാളികള്‍ക്കു വേണ്ടി എല്ലാ സൗകര്യങ്ങളും ചെയ്തു കൊടുക്കുന്ന സഹായിയായി നില്‍ക്കുക തുടങ്ങിയവയ്ക്കായി സര്‍ക്കാരും നോര്‍ക്കാ റൂട്ട്സും നടത്തുന്ന വിവിധ പദ്ധതികളെക്കുറിച്ചുള്ള വിവരവ്യാപനം നടത്തുക എന്നതാണ് ഈ പദ്ധതി കൊണ്ടുദ്ദേശിക്കുന്നത്.

പ്രീഡിപ്പാര്‍ച്ചര്‍ ഓറിയന്റേഷന്‍ പ്രോഗ്രാം:- കുടിയേറ്റത്തെക്കുറിച്ചു് പൊതുവായും വിദേശ തൊഴില്‍ നിയമങ്ങളെക്കുറിച്ചു് പ്രത്യേകിച്ചും പൊതുജനങ്ങള്‍ക്ക് അവബോധം കുറവാണ്. നിയമാനുസൃതമായ കുടിയേറ്റം സാദ്ധ്യമാകുന്ന തരത്തില്‍ തൊഴില്‍ അന്വേഷകര്‍ക്ക് പരിശീലനവും അവബോധവും നല്‍കുന്നതിനുള്ള പദ്ധതിയാണിത്. സംസ്ഥാനത്ത് കൂടുതല്‍ ഗ്രാമീണ മേഖലകളിലേക്ക് ഈ പരിപാടി വ്യാപിപ്പിക്കുന്നത് വഴി വിസതട്ടിപ്പ്, അനധികൃത റിക്രൂട്ടിംഗ് ഏജന്‍സികള്‍ നിയമാനുസൃതമല്ലാത്ത കുടിയേറ്റം തുടങ്ങിയ കാര്യങ്ങള്‍ അവസാനിപ്പിക്കുന്നതിന് സഹായകരമായിരിക്കും.

കയറ്റുമതിയില്‍ കാണുന്ന ഉണിർവിന്റെ പുതിനാമ്പ് സമ്പദ് വ്യവസ്ഥയില്‍ വാണിജ്യത്തിന്റെ ഉത്തേജനത്തിനുള്ള ശുഭപ്രതീക്ഷ നല്കുന്നു. ഇന്ത്യയ്ക്ക് അന്താരാഷ്ട്ര വാണിജ്യ പരിസ്ഥിതിയില്‍ നിലനിന്ന് പോകാനുള്ള ഏക വഴിയായ കയറ്റുമതിയെ പ്രോല്‍സാഹിപ്പിക്കാനുള്ള നയങ്ങളുംതന്ത്രങ്ങളും ആവിഷ്കരിക്കേണ്ടതുണ്. ഈ മേഖലയിലെ വിടവുകളും തടസ്സങ്ങളും അതിജീവിക്കാന്‍ സംസ്ഥാനവും മുന്‍കൈ എടുക്കേണ്ടതുണ്ട്. മാര്‍ക്കറ്റിന്റെ വൈവിധ്യവല്‍ക്കരണം, സാക്ഷ്യപ്പെടുത്തലുകള്‍, പായ്ക്കറ്റിംഗ്, ലേബലിംഗ് എന്നിവയ്ക്ക് പ്രാധാന്യം കൊടുക്കേണ്ടതുണ്ട്. ഒരു കയറ്റുമതി നയം രൂപീകരിക്കേണ്ടതുണ്ട്. സംസ്ഥാന ജനസംഖ്യയിലെ ഒരു പ്രധാനഭാഗം സംസ്ഥാനത്തിന്റെ പുറത്ത് താമസിക്കുന്നതുകൊണ്ട് സംസ്ഥാനത്തിന്റെ വികസനാതിര്‍ത്തികള്‍ ഭൂമിശാസ്ത്ര അതിര്‍ത്തികള്‍ക്കപ്പുറമാണ്. നിലവിലുള്ള പരിപാടികളുടെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കുന്ന തരത്തില്‍ നൂതന പരിഹാരങ്ങളും വ്യക്തവും അനുയോജ്യവുമായ റിക്രൂട്ട്മെന്റ്തന്ത്രങ്ങളുമായി സംസ്ഥാനം മുന്നോട്ട് വരേണ്ടതാണ്. അങ്ങനെ പ്രവാസി മലയാളികളെ അവരുടെ ശേഷിക്കനുയോജ്യമായ രീതിയില്‍ സംസ്ഥാനത്തിന്റെ വികസനത്തില്‍ പങ്കെടുക്കേണ്ടതുമാണ്.

top