വിദേശരംഗം

വിദേശ വ്യാപാരം - കേരളത്തിൽ

കേരളത്തിലെ വിദേശവാണിജ്യം പ്രധാനമായും കൊച്ചി തുറമുഖം മുഖേനയാണ് നടക്കുന്നത്. സുഗന്ധവ്യഞ്ജനങ്ങള്‍, സമുദ്രോല്പന്നങ്ങള്‍ എന്നിവയുടെ കയറ്റുമതിയില്‍ നല്ലൊരുഭാഗം സംഭാവനചെയ്യുന്നതിലൂടെ രാജ്യത്തിന്റെ കയറ്റുമതിയില്‍ കേരളം പ്രധാന പങ്ക് വഹിക്കുന്നു. കശുവണ്ടി, കയര്‍, കയറുല്പന്നങ്ങള്‍, തേയില, കാപ്പി, കുരുമുളക്, ഏലം, ഇഞ്ചി, മറ്റ് സുഗന്ധവ്യഞ്ജനങ്ങള്‍, സുഗന്ധവ്യഞ്ജന എണ്ണ, സമുദ്രോല്പന്നങ്ങള്‍, യന്ത്രസാമഗ്രികള്‍, രാസവസ്തുക്കള്‍, കല്ക്കരി, രാസവളം, അസംസ്കൃതവസ്തുക്കള്‍ എന്നിവയാണ് കേരളത്തിന്റെ പ്രധാന വിദേശവ്യാപാര സാധനങ്ങള്‍. കൊച്ചിതുറമുഖം 2015-16-ല്‍ കൈകാര്യംചെയ്തിരുന്ന മൊത്തം ചരക്ക് 215.95 ലക്ഷം ടണ്ണായിരുന്നത് 2.33 ശതമാനം വര്‍ദ്ധിച്ച് 2015-16-ല്‍ 220.98 ലക്ഷം ടണ്ണായി. ഇതില്‍, 39.14 ലക്ഷം ടണ്‍ കയറ്റുമതിയും 181.84 ലക്ഷം ടണ്‍ ഇറക്കുമതിയുമാണ്. (പട്ടിക 6.1 കാണുക)

പട്ടിക 6.1
കൊച്ചി തുറമുഖം വഴി കൈകാര്യം ചെയ്ത ചരക്കുകള്‍ 2011-12മുതല്‍ 2015-16വരെ (അളവ്: ലക്ഷം മെട്രിക്ടണ്ണില്‍)
വ്യാപാരം കയറ്റുമതി ഇറക്കുമതി
2011-12 2012-13 2013-14 2014-15 2015-16 2011-12 2012-13 2013-14 2014-15 2015-16
1 2 3 4 5 6 7 8 9 10 11
ആഭ്യന്തരം 14.86 14.05 17.18 16.48 12.86 51.74 52.12 60.63 52.15 60.40
വിദേശം 28.25 24.29 25.32 24.10 26.28 106.06 107.99 105.73 123.22 121.44
ആകെ 43.11 38.34 42.50 40.58 39.14 157.80 160.11 166.36 175.37 181.84
അവലംബം: വാര്‍ഷിക റിപ്പോര്‍ട്ട് 2015-16 കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റ്

തേയില, കശുവണ്ടി, കയര്‍, കയറുല്പന്നങ്ങള്‍, കാപ്പി, കുരുമുളക്, ഏലം, ഇഞ്ചി, മറ്റ് സുഗന്ധവ്യഞ്ജനങ്ങള്‍, സുഗന്ധവ്യഞ്ജന എണ്ണ, സമുദ്രോല്പന്നങ്ങള്‍ എന്നിവയാണ് കൊച്ചിതുറമുഖം വഴി കയറ്റുമതി ചെയ്യുന്ന പ്രധാന വസ്തുക്കള്‍. കൊച്ചിതുറമുഖം വഴിയുള്ള വിദേശ, ആഭ്യന്തര കയറ്റുമതി 2015-16 – ല്‍ 3.55 ശതമാനം കുറഞ്ഞു. മൊത്തം കയറ്റുമതി 2014-15-ലെ 40.58 ലക്ഷം ടണ്ണില്‍നിന്നും 3.55 ശതമാനം കുറഞ്ഞ് 2015-16-ല്‍ 39.14 ലക്ഷം ടണ്ണായി. അതേസമയം മൂല്യത്തിന്റെ കാര്യത്തില്‍ ഈ കാലയളവില്‍ 14.5 ശതമാനം വര്‍ദ്ധനവുണ്ടായി. (അനുബന്ധം 6.1). ആഭ്യന്തര കയറ്റുമതി 2014-15 – ല്‍ 16.48 ലക്ഷം ടണ്ണായിരുന്നത് 12.86 ലക്ഷം ടണ്ണായി കുറഞ്ഞു. അതേസമയം വിദേശ കയറ്റുമതി 2014-15-ല്‍ 24.10 ലക്ഷം ടണ്ണായിരുന്നത് 2015-16-ല്‍ 26.28 ലക്ഷം ടണ്ണായി വര്‍ദ്ധിച്ചു.

ചില പ്രത്യേക വസ്തുക്കളുടെ കാര്യത്തില്‍ 2014-15 നും 2015-16 – നും ഇടയില്‍ കൊച്ചിതുറമുഖം വഴിയുള്ള കയറ്റുമതിയില്‍ കുറവ് കാണിക്കുന്നു. സുഗന്ധവ്യഞ്ജനങ്ങളുടെ കയറ്റുമതി 41 ശതമാനം കുറഞ്ഞപ്പോള്‍ തേയില 25.73 ശതമാനം, കശുവണ്ടിപരിപ്പ് 25.6 ശതമാനം, സമുദ്രോല്പന്നങ്ങള്‍ 24.71 ശതമാനം, കാപ്പി 16.09 ശതമാനം എന്നിങ്ങനെ കുറവ് രേഖപ്പെടുത്തി. പ്രസ്തുത കാലയളവില്‍ കയറുല്പന്നങ്ങളുടെ കയറ്റുമതി 0.97 ശതമാനവും പെട്രോളിയം ഉള്‍പ്പെടെ മറ്റുള്ളവയുടെ കയറ്റുമതി 0.34 ശതമാനവും മാത്രമാണ് കുറവ് വന്നത്.

രാസവളം, അസംസ്കൃത വസ്തുക്കള്‍, ഇരുമ്പ്, ഉരുക്ക്, യന്ത്രസാമഗ്രികള്‍, പത്രക്കടലാസ്, അസംസ്കൃത കശുവണ്ടി, ഭക്ഷ്യധാന്യം, പെട്രോളിയം എന്നിവയാണ് പ്രധാന ഇറക്കുമതി സാധനങ്ങള്‍. കൊച്ചിതുറമുഖം മുഖേനയുള്ള ഇറക്കുമതി 2014-15-ലെ 175.37 ലക്ഷം ടണ്ണില്‍നിന്നും 3.6 ശതമാനം വര്‍ദ്ധിച്ച് 2015-16-ല്‍ 181.84 ലക്ഷം ടണ്ണായി. 2014-15 നും 2015-16 നും ഇടയില്‍ ആഭ്യന്തര ഇറക്കുമതി 15.82 ശതമാനം വര്‍ദ്ധിച്ചപ്പോള്‍ വിദേശ ഇറക്കുമതി 1.44 ശതമാനം കുറഞ്ഞു.

2014-15 നും 2015-16-നും ഇടയില്‍ രാസവളം, അസംസ്കൃത വസ്തുക്കള്‍ എന്നിവയുടെ ഇറക്കുമതി 43 ശതമാനവും അസംസ്കൃത കശുവണ്ടിയുടെ ഇറക്കുമതിയില്‍ 22.48 ശതമാനവും കുറവ് രേഖപ്പെടുത്തി. ഇരുമ്പുരുക്ക്, യന്ത്രസാമഗ്രികള്‍ എന്നിവയുടെ കാര്യത്തില്‍ 2014-15-നെ അപേക്ഷിച്ച് 2015-16-ല്‍ 44.47 ശതമാനം വര്‍ദ്ധനവുണ്ടായി. ഇത് മുന്‍കാലങ്ങളിലേതിനേക്കാള്‍ കൂടുതലാണ്. ഈ കാലയളവില്‍ കൊച്ചിതുറമുഖം വഴി 95475 മെട്രിക് ടണ്‍ ഭക്ഷ്യധാന്യം ഇറക്കുമതി ചെയ്തു. ഈ കാലയളവില്‍ പത്രക്കടലാസ് ഇറക്കുമതി ചെയ്തിട്ടില്ല. ഈ കാലയളവില്‍ രാസവളം, അസംസ്കൃത വസ്തുക്കള്‍ അസംസ്കൃത കശുവണ്ടി പലവകവസ്തുക്കള്‍ എന്നിവയൊഴികെ എല്ലാ സാധനങ്ങളുടെയും ഇറക്കുമതി 2014-15 നും 2015-16 നും ഇടയില്‍ വര്‍ദ്ധിച്ച് വരുന്നതായി കാണിന്നു. (അനുബന്ധം 6.2 കാണുക)

സമുദ്രോല്പന്നങ്ങളുടെ കയറ്റുമതി

കൊഞ്ച്, മത്സ്യം, സ്ക്വിഡ്, ഉണക്കിയ വിഭവങ്ങള്‍. തണുപ്പിച്ചതും അല്ലാത്തതുമായ സമുദ്രോല്പന്നങ്ങള്‍ എന്നിവയാണ് പ്രധാന സമുദ്രോല്പന്ന കയറ്റുമതി വിഭവങ്ങള്‍. 2015-16-ല്‍ കേരളത്തില്‍നിന്നും സമുദ്രോല്പന്ന കയറ്റുമതിയുടെ ഇനം തിരിച്ചുള്ള വിവരങ്ങള്‍ അനുബന്ധം 6.3 -ല്‍ കൊടുത്തിരിക്കുന്നു.

2015-16-ല്‍ 30420.83 കോടി രൂപയ്ക്കുള്ള 945892 മെട്രിക് ടണ്‍ സമുദ്രോല്പന്ന വിഭവങ്ങള്‍ കയറ്റുമതിചെയ്തു. 2014-15-ല്‍ ഇത് 33441.61 കോടി രൂപയ്ക്കുള്ള 10521243 മെട്രിക് ടണ്ണായിരുന്നു. കേരളത്തില്‍നിന്നുള്ള സമുദ്രോല്പന്ന കയറ്റുമതിയില്‍ 2014-15, 2015-16 കാലയളവില്‍ അളവിലും മൂല്യത്തിലും കുറവുണ്ടായി. സമുദ്രോല്പന്നകയറ്റുമതി 2014-15-ല്‍ 1,66,754 മെട്രിക് ടണ്ണായിരുന്നത് 2015-16 -ല്‍ 149138 മെട്രിക് ടണ്ണായി കുറഞ്ഞു, മൂല്യത്തില്‍ 5166.08 കോടി രൂപയില്‍ നിന്നും 4644.42 കോടി രൂപയായി കുറഞ്ഞു. ഇന്ത്യന്‍ കയറ്റുമതിയില്‍ കേരളത്തിന്റെ പങ്ക് അളവില്‍ 15.86 ശതമാനത്തില്‍ നിന്നും 15.77 ശതമാനമായും മൂല്യത്തിന്റെ കാര്യത്തില്‍ 15.45 ശതമാനത്തില്‍ നിന്ന് 15.27 ശതമാനമായും കുറഞ്ഞു. (പട്ടിക 6.2 കാണുക).

പട്ടിക 6.2
ഇന്ത്യയിലെയും കേരളത്തിലെയും സമുദ്രോല്പന്നങ്ങളുടെ കയറ്റുമതി (2010-11 മുതല്‍ 2015-16വരെ) (അളവ് ടണ്ണിലും മൂല്യം ലക്ഷം രൂപയിലും)
വര്‍ഷം ഇന്ത്യ കേരളം കേരളത്തിന്റെ ഓഹരി
(ശതമാനത്തില്‍)
അളവ് മൂല്യം അളവ് മൂല്യം അളവ് മൂല്യം
2010-11 813091 1290147 124615 200210 15.33 15.52
2011-12 862021 1659723 155714 298833 18.06 18.00
2012-13 928215 1885626 166399 343585 17.93 18.22
2013-14 983756 3021326 165698 470636 16.84 15.58
2014-15 1051243 3344161 166754 516608 15.86 15.45
2015-16 945892 3042083 149138 464442 15.77 15.27
അവലംബം: സമുദ്രോല്പന്ന കയറ്റുമതി വികസന അതോറിറ്റി

ഇന്ത്യയുടെ സമുദ്രോല്പന്ന കയറ്റുമതിയുടെ ഏറ്റവും കൂടുതല്‍ യു.എസ്.എ (28 ശതമാനം)യിലേയ്ക്കാണ്. തെക്ക്-കിഴക്കേ ഏഷ്യ (24 ശതമാനം), യൂറോപ്യന്‍ യൂണിയന്‍ (21 ശതമാനം), ജപ്പാന്‍ (9 ശതമാനം), മറ്റു രാജ്യങ്ങള്‍ (7 ശതമാനം), മധ്യേഷ്യ (6 ശതമാനം), ചൈന (5 ശതമാനം) എന്നിങ്ങനെയാണ് മറ്റ് പ്രദേശങ്ങളിലേയ്ക്കുള്ള സമുദ്രോല്പന്ന കയറ്റുമതി. (ചിത്രം 6.1 കാണുക)

(ചിത്രം 6.1)
സമുദ്രോല്പന്ന കയറ്റുമതി 2015-16
അവലംബം: കൊച്ചിതുറമുഖ ട്രസ്റ്റ്

കശുവണ്ടി കയറ്റുമതി

കയറ്റുമതി – ഇറക്കുമതി കണക്കുകളനുസരിച്ച് 2015-16-ല്‍ രാജ്യത്തിന്റെ മൊത്തം കയറ്റുമതിയുടെ 6.84 ശതമാനം കാര്‍ഷികോല്പന്നങ്ങളാണ്. അതില്‍ മൊത്തം കാര്‍ഷികോല്പന്ന കയറ്റുമതിയുടെ 4.28 ശതമാനം സംഭാവന ചെയ്തുകൊണ്ട് കശുവണ്ടി ആറാം സ്ഥാനത്താണ്. 2015-16-ല്‍ ഇന്ത്യയില്‍നിന്നും 4952.12 കോടി രൂപയുടെ 96346 മെട്രിക് ടണ്‍ കശുവണ്ടിപ്പരിപ്പ് കയറ്റുമതിചെയ്തു. 2014-15-ല്‍ ഇത് 5432.85 കോടി രൂപയുടെ 118952 മെട്രിക് ടണ്‍ കശുവണ്ടിയായിരുന്നു. ഇത് അളവില്‍ 19 ശതമാനത്തിന്റെയും മൂല്യത്തില്‍ 9 ശതമാനത്തിന്റെയും കുറവ് രേഖപ്പെടുത്തി. യു.എസ്.എ., യു.എ.ഇ., ജപ്പാന്‍, സൗദി അറേബ്യ, നെതര്‍ലാന്റ്, യു.കെ., ഫ്രാന്‍സ്, സ്പെയിന്‍, ജര്‍മ്മനി, കൊറിയ, ഇറാന്‍, മലേഷ്യ എന്നിവയാണ് ഇന്ത്യന്‍ കശുവണ്ടിയുടെ പ്രധാന കമ്പോളങ്ങള്‍.

മു൯വര്‍ഷത്തെ അപേക്ഷിച്ച് 2015-16-ല്‍ കേരളത്തില്‍നിന്നുള്ള കശുവണ്ടി കയറ്റുമതി അളവില്‍ 25.68 ശതമാനവും മൂല്യത്തില്‍ 16.76 ശതമാനവും കുറവുണ്ടായി. 2015-16-ല്‍ കശുവണ്ടി കയറ്റുമതി 2579.49 കോടി രൂപയ്ക്കുള്ള 50652 മെട്രിക് ടണ്ണാണ്. 2014-15-ല്‍ ഇത് 3098.75 കോടി രൂപയ്ക്കുള്ള 68150 മെട്രിക് ടണ്ണായിരുന്നു. 2014-15-ല്‍ ഇന്ത്യയുടെ മൊത്തം കശുവണ്ടി കയറ്റുമതിയുടെ 57.29 ശതമാനം കേരളത്തില്‍നിന്നായിരുന്നത് 2015-16-ല്‍ 52.57 ശതമാനമായി കുറഞ്ഞു. മൂല്യത്തിന്റെ കാര്യത്തില്‍ നോക്കിയാല്‍ 2014-15-ല്‍ 57.04 ശതമാനമായിരുന്നത് 2015-16-ല്‍ 52.09 ശതമാനമായി. (പട്ടിക 6.3 കാണുക)

പട്ടിക 6.3
കശുവണ്ടി കയറ്റുമതി – കേരളം ഇന്ത്യ (2010-11 മുതല്‍ 2015-16 വരെ)
(അളവ് : മെട്രിക് ടണ്‍ , മൂല്യം : രൂപ കോടിയില്‍)
വര്‍ഷം കേരളം ഇന്ത്യ കേരളത്തിന്റെ ഓഹരി
(ശതമാനത്തില്‍)
അളവ് മൂല്യം അളവ് മൂല്യം അളവ് മൂല്യം
2010-11 56578 1478.67 105755 2819.39 53.50 52.45
2011-12 68655 2295.84 130869 4383.82 52.46 52.37
2012-13 53624 2138.47 100105 4046.23 53.57 52.85
2013-14 65679 2861.75 114791 5058.73 57.22 56.57
2014-15 68150 3098.75 118952 5432.85 57.29 57.04
2015-16 50652 2579.49 96346 4952.12 52.57 52.09
*കൊച്ചി തുറമുഖം വഴിയുള്ള കയറ്റുമതി
അവലംബം: കാഷ്യു എക്സ്പോര്‍ട്ട് കൗണ്‍സില്‍ ഓഫ് ഇന്ത്യ

2014-15-ല്‍ ഇന്ത്യയില്‍ നിന്നുള്ള കശുവണ്ടിത്തോടെണ്ണക്കയറ്റുമതി 55.81 കോടി രൂപയ്ക്കുള്ള 10938 മെട്രിക് ടണ്ണായിരുന്നത് 2015-16-ല്‍ 57.59 കോടി രൂപയ്ക്കുള്ള 11677 മെട്രിക് ടണ്ണായി വര്‍ദ്ധിച്ചു. ഇതിന്റെ കയറ്റുമതിയുടെ അളവ് 6.76 ശതമാനം വര്‍ദ്ധിച്ചപ്പോള്‍, മൂല്യത്തില്‍ 3.19 ശതമാനം വര്‍ദ്ധനവാണുണ്ടായത്. എന്നാല്‍ ഇതിന്റെ കൊച്ചിതുറമുഖം വഴിയുള്ള കയറ്റുമതി 2014-15-ല്‍ 2.7 കോടി രൂപയ്ക്കുള്ള 818 മെട്രിക് ടണ്ണായിരുന്നത് 2015-16-ല്‍ 0.27 കോടി രൂപയ്ക്കുള്ള 111 മെട്രിക് ടണ്ണായി കുറഞ്ഞു. (അനുബന്ധം 6.4 കാണുക)

ലോകത്തിലെ അസംസ്കൃത കശുവണ്ടി ഉല്പാദകരില്‍ ഒന്നാംസ്ഥാനത്തുതന്നെ ഇന്ത്യ തുടരുകയാണ്. 2014-15-ല്‍ അസംസ്കൃത കശുവണ്ടി ഉല്പാദനം 725420 മെട്രിക് ടണ്ണായിരുന്നത് 2015-16-ല്‍ 670300 മെട്രിക് ടണ്ണായി. വിയറ്റ്നാം, ബ്രസീല്‍, താന്‍സാനിയ, ഐവറികോസ്റ്റ്, ഗിനിയ, മൊസാംബിക്ക്, ഇന്തോനേഷ്യ എന്നിവയാണ് മറ്റ് പ്രമുഖ കശുവണ്ടി ഉല്പാദക രാജ്യങ്ങള്‍. 2015-16-ല്‍ 8561.01 കോടി രൂപയ്ക്കുള്ള 958339 മെട്രിക് ടണ്‍ അസംസ്കൃത കശുവണ്ടി ഇന്ത്യയിലേയ്ക്ക് ഇറക്കുമതിചെയ്തു. 2014-15-ല്‍ ഇത് 6570.93 കോടി രൂപയ്ക്കുള്ള 939912 മെട്രിക് ടണ്ണായിരുന്നു. അസംസ്കൃത കശുവണ്ടിയുടെ യൂണിറ്റ് വിലയില്‍ 69.91 ല്‍ നിന്നും 89.33 ആയി വര്‍ദ്ധിച്ചതാണ് അസംസ്കൃത കശുവണ്ടിയുടെ ഇറക്കുമതിമൂല്യം ഉയര്‍ന്നതിനുകാരണം. അതേസമയം കൊച്ചിതുറമുഖം വഴിയുള്ള അസംസ്കൃത കശുവണ്ടി ഇറക്കുമതി 2014-15-ല്‍ 213106 മെട്രിക് ടണ്ണായിരുന്നത് 25.9 ശതമാനം കുറഞ്ഞ് 2015-16-ല്‍ 157905 മെട്രിക് ടണ്ണായി.

കാപ്പി കയറ്റുമതി

2015-16-ല്‍ ഇന്ത്യയില്‍ നിന്നുള്ള കാപ്പി കയറ്റുമതി 5175.56 കോടി രൂപയ്ക്കുള്ള 318100 മെട്രിക് ടണ്ണായിരുന്നു. 2014-15-ല്‍ ഇത് 4804.48 കോടിരൂപയ്ക്കുള്ള 272139 മെട്രിക് ടണ്‍ ആയിരുന്നു. മു൯വര്‍ഷത്തെ അപേക്ഷിച്ച് അളവില്‍ 16.89 ശതമാനവും മൂല്യത്തില്‍ 7.72 ശതമാനവും വര്‍ദ്ധനവുണ്ടായി. 2015-16-ല്‍ കൊച്ചിതുറമുഖം വഴിയുള്ള കാപ്പി കയറ്റുമതി 986.18 കോടിരൂപയ്ക്കുള്ള 62883 മെട്രിക് ടണ്ണായിരുന്നു. 2014-15-ല്‍ ഇത് 1007.33 കോടിരൂപയ്ക്കുള്ള 58601 മെട്രിക് ടണ്‍ ആയിരുന്നു. കാപ്പിയുടെ വിലയിലുണ്ടായ കുറവാണ് മൂല്യത്തില്‍ ചെറിയ കുറവുണ്ടാകാന്‍ കാരണമായത്.

തേയില കയറ്റുമതി

ഇന്ത്യയില്‍ നിന്നുള്ള തേയില കയറ്റുമതി 2015-16-ല്‍ 4493.10 കോടി രൂപയ്ക്കുള്ള 232920 മെട്രിക് ടണ്ണായിരുന്നു. 2014-15-ല്‍ ഇത് 3823.64 കോടി രൂപയ്ക്കുള്ള 199077 മെട്രിക് ടണ്‍ ആയിരുന്നു. കേരള തുറമുഖങ്ങളില്‍നിന്നും 2015-16 -ല്‍ 1025.34 കോടി രൂപയ്ക്കുള്ള 69706 മെട്രിക് ടണ്‍ തേയില കയറ്റുമതിചെയ്തു. 2014-15-ല്‍ ഇത് 948.78 കോടി രൂപയ്ക്കുള്ള 69343 മെട്രിക് ടണ്ണായിരുന്നു. തേയില കയറ്റുമതി അളവില്‍ 0.52 ശതമാനവും മൂല്യത്തില്‍ 8.07 ശതമാനവും നേരിയ വര്‍ദ്ധനവ് രേഖപ്പെടുത്തി. (പട്ടിക 6.4 കാണുക)


പട്ടിക 6.4
കേരളത്തിലെയും ഇന്ത്യയിലെയും തുറമുഖങ്ങളില്‍ നിന്നുള്ള തേയില കയറ്റുമതി (2010-11 മുതല്‍ 2016-17 വരെ)
(അളവ്: മെട്രിക് ടണ്‍ , മൂല്യം : രൂപ കോടിയില്‍)
വര്‍ഷം കേരളം ഇന്ത്യ
അളവ് മൂല്യം അളവ് മൂല്യം
2010-11 48104 552.12 222019 3058.31
2011-12 71784 742.87 214355 3304.83
2012-13 69017 904.62 216231 4005.93
2013-14 75036 1064.67 225764 4509.09
2014-15 69343 948.79 199077 3823.64
2015-16 69706 1025.34 232920 4493.10
2016-17* 32248 545.97 101042 2084.06
അവലംബം: റ്റീബോര്‍ഡ് ഇന്ത്യ, *ഏപ്രില്‍ മുതല്‍ സെപ്തംബർവരെ

കയറും കയറുല്പന്നങ്ങളുടെയും കയറ്റുമതി

കയര്‍മാറ്റു്, കയര്‍നാര് മറ്റ് കയറുല്പന്നങ്ങള്‍ എന്നിവയാണ് പ്രധാന കയര്‍ കയറ്റുമതി വസ്തുക്കള്‍. 2014-15 മായി താരതമ്യം ചെയ്യുമ്പോള്‍ 2015-16-ല്‍ കയറിന്റെയും കയറുല്പന്നങ്ങളുടേയും കയറ്റുമതിയില്‍ നേരിയ കുറവും (0.97 ശതമാനം) രേഖപ്പെടുത്തി. ഇവയുടെ കയറ്റുമതി 2014-15-ല്‍ 389.12 കോടി രൂപയ്ക്കുള്ള 125523 മെട്രിക് ടണ്ണായിരുന്നത് 2015-16-ല്‍ 374.03 കോടി രൂപയ്ക്കുള്ള 124305 മെട്രിക് ടണ്ണായി കുറഞ്ഞു. 2010-11 മുതല്‍ 2015-16 വരെയുള്ള കാലയളവില്‍ കൊച്ചിതുറമുഖം വഴി കയറ്റുമതിചെയ്ത കയറിന്റെയും , കയറുല്പന്നങ്ങളുടെയും വിശദവിവരം ചിത്രം 6.2 -ല്‍കൊടുത്തിട്ടുണ്ട്. .

ചിത്രം 6.2
കയറിന്റെയും കയറുല്പന്നങ്ങളുടേയും കൊച്ചിതുറമുഖംവഴിയുള്ള കയറ്റുമതി (അളവ്: ലക്ഷം മെട്രിക് ടണ്‍)
അവലംബം: കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റ്

സുഗന്ധവ്യഞ്ജനങ്ങളുടെ കയറ്റുമതി

2015-16-ല്‍ ഇന്ത്യയില്‍ നിന്നുള്ള സുഗന്ധവ്യഞ്ജന കയറ്റുമതി മൂല്യത്തില്‍ വര്‍ദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇതേകാലയളവില്‍ ഇന്ത്യയില്‍ നിന്നും 16238.23 കോടി രൂപയ്ക്കുള്ള 843255 മെട്രിക് ടണ്‍ സുഗന്ധവ്യഞ്ജനങ്ങള്‍ കയറ്റുമതിചെയ്തു. 2014-15-ല്‍ ഇത് 14899.68 കോടി രൂപയ്ക്കുള്ള 893920 മെട്രിക് ടണ്ണായിരുന്നു. മൂല്യത്തില്‍ 9 ശതമാനം വര്‍ദ്ധനവ് ഉണ്ടായെങ്കിലും അളവില്‍ 5.67 ശതമാനം കുറവുണ്ടായി. ജീരകത്തിന്റെ കയറ്റുമതിയിലുണ്ടായ കുറവാണ് മൊത്തം സുഗന്ധവ്യഞ്ജന കയറ്റുമതിയില്‍ കുറവുണ്ടാകാന്‍ പ്രധാന കാരണം.

കുരുമുളക്, ഏലം, മുളക്, ഇഞ്ചി, മഞ്ഞള്‍, മല്ലി, ജീരകം, മുള്ളങ്കി, പെരുജീരകം, ഉലുവ, വെളുത്തുള്ളി, വാളന്‍പുളി, ജാതിക്ക, ചോളം, കറിപൗഡര്‍ മറ്റ് സുഗന്ധവ്യഞ്ജനവിത്തുകള്‍, സുഗന്ധവ്യഞ്ജന എണ്ണ, പുതിന എന്നിവയാണ് കേരളത്തില്‍ നിന്നുള്ള പ്രധാന സുഗന്ധവ്യഞ്ജന കയറ്റുമതി വസ്തുക്കള്‍. കേരളത്തില്‍ നിന്നുള്ള സുഗന്ധവ്യഞ്ജന കയറ്റുമതി 2014-15-നെ അപേക്ഷിച്ച് 2015-16-ല്‍ അളവില്‍ 22.71 ശതമാനവും മൂല്യത്തില്‍ 18.87 ശതമാനവും വര്‍ദ്ധിച്ചു. 2015-16-ല്‍ കേരളത്തില്‍നിന്നും 3905.18 കോടി രൂപയ്ക്കുള്ള 100076 മെട്രിക് ടണ്ണാണ്. 2014-15-ല്‍ ഇത് 3285.34 കോടി രൂപയ്ക്കുള്ള 81555.27 മെട്രിക് ടണ്ണായിരുന്നു.

top