കാര്യശേഷി വികസനം

കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍
(കെ.എസ്.സി.എസ്.ടി.ഇ)

കേരള ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ കീഴില്‍ 2002 ല്‍ രൂപീകരിച്ച ഒരു സ്വയംഭരണ സ്ഥാപനമായ കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍ (കെ.എസ്.സി.എസി.ടി.ഇ) ശാസ്ത്ര സാങ്കേതികതയിലൂടെ വികസനവും മാറ്റങ്ങളും കൊണ്ടുവരുന്നതിനായുളള ഏജന്‍സി ആയി പ്രവര്‍ത്തിക്കുന്നു. 1972 ല്‍ സ്ഥാപിതമായ ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കമ്മിറ്റി കേരള സര്‍ക്കാരിന്റെ ശാസ്ത്ര നയത്തിന് അനുസൃതമായി 2002 ല്‍ കെ.എസ്.സി.എസ്.ടി.ഇ ആയി പുന:സംഘടിപ്പിക്കുകയും കേരളത്തിലെ മുഖ്യ മന്ത്രി പ്രസിഡന്റും ശാസ്ത്ര സാേങ്കതിക പരിസ്ഥിതി കൗണ്‍സിലിന്റെ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് അധ്യക്ഷനായും ഉളള എക്സിക്യൂട്ടിവ് കൗണ്‍സിലും ചേര്‍ന്നു സംസ്ഥാന കൗണ്‍സില്‍ കെ എസ് സി എസ് ടി യെ നിയന്ത്രിക്കുകയും ചെയ്യുന്നു. കെ എസ് സി എസ് ടി യുടെ കീഴില്‍ പൂര്‍ണമായി സജ്ജീകരിച്ച 7 ഗവേഷണ വികസനകേന്ദ്രങ്ങളും ഗവേഷണകേന്ദ്രങ്ങളായി വളര്‍ന്നുകൊണ്ടിരിക്കുന്ന രണ്ടു സ്ഥാപനങ്ങളും, സര്‍ക്കാരിന്റെ ധനസഹായത്തോടെ പ്രവര്‍ത്തിക്കുന്ന രണ്ടു സ്ഥാപനങ്ങളുമാണ് നിലവിലുളളത്.

കെ എസ് സി എസ് ടി യുടെ പ്രധാന ലക്ഷ്യങ്ങള്‍

കൗണ്‍സിലിന്റെ രൂപീകരണത്തിന് പിന്നിലെ ലക്ഷ്യങ്ങള്‍ താഴെ പറയുന്നവയാണ്

  • കേരളത്തിലെ സാമൂഹിക സാമ്പത്തിക വികസനം ത്വരിതപ്പെടുത്തുന്നതിനും ജീവിത നിലവാരം, പരിസ്ഥിതി എന്നിവ മെച്ചപ്പെടുത്തുന്നതിനും വേണ്ടി ശാസ്ത്ര സാങ്കേതിക രംഗത്ത് ഊന്നല്‍ നല്കേണ്ട മേഖലകള്‍ തെരഞ്ഞെടുക്കല്‍.
  • പ്രകൃതി വിഭവങ്ങളുടെ സംരക്ഷണത്തിനും സമൂഹത്തിന്റെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനും വേണ്ടി ശാസ്ത്രത്തിന്റെയും സാങ്കേതികതയുടെയും ഉപയോഗം പ്രോത്സാഹിപ്പിക്കുന്ന വിധത്തിലുളള നയങ്ങള്‍ക്കും രീതികള്‍ക്കും രൂപം നല്‍കുന്നതിനും അവ നടപ്പിലാക്കുന്നതിനുളള മാര്‍ഗ്ഗങ്ങള്‍ നിര്‍ദേശിക്കുന്നതിനും സര്‍ക്കാരിന് ഉപദേശം നല്‍കുക
  • സംസ്ഥാനത്തിന് വേണ്ടിയുളള ശാസ്ത്ര സാങ്കേതിക വികസന പദ്ധതി തയ്യാറാക്കുന്നതിനും അവ നടപ്പിലാക്കുന്നതിനും സഹായിക്കുക
  • ശാസ്ത്ര ഗവേഷണത്തിലൂടെ സൃഷ്ടിക്കപ്പെടുന്ന അറിവും കഴിവുകളും സാങ്കേതിക കൈമാറ്റത്തിലൂടെ പ്രയോജനപ്പെടുത്തുന്നതിനു സ്വകാര്യ മേഖലയുള്‍പ്പെടെ ശാസ്ത്ര സാങ്കേതിക ഗവേഷണകേന്ദ്രങ്ങള്‍, സര്‍ക്കാര്‍ ഏജന്‍സികള്‍, ഫാമുകള്‍, വ്യവസായങ്ങള്‍ എന്നിവയുടെ ഏകോപനം പ്രോത്സാഹിപ്പിക്കല്‍
  • സർവകലാശാലകളിലെയും സര്‍ക്കാർ സ്ഥാപനങ്ങളിലെയും ഗവേഷണ പരിപാടികള്‍, സ്വകാര്യ മേഖലയിലെ ഗവേഷണ, വികസന, പരീക്ഷണ ശാലകള്‍ എന്നിവയെ ഗവേഷണ പര്യാപ്തതയിലെത്തിക്കാന്‍ വേണ്ടി സഹായിക്കുകയും ഏകോപിപ്പിക്കുകയും ചെയ്യുക
  • കേരളത്തിന്റെ സാമ്പത്തിക, വ്യാവസായിക, വിദ്യാഭ്യാസ, സാമൂഹിക, വികസനത്തിന് അത്യന്താപേക്ഷിതമായ ശാസ്ത്ര സാങ്കേതികതയുടെ പ്രായോഗികതയുമായി ബന്ധപ്പെട്ട എല്ലാ വസ്തുതകളിലും സര്‍ക്കാരിനെ ഉപദേശിക്കുകയും അവ പരിഗണിക്കുകയും ചെയ്യുക
  • തദ്ദേശ മേഖലയിലെ വികസനത്തിനായി ശാസ്ത്ര സാങ്കേതികത വിനിയോഗിക്കുന്നത് സംബന്ധിച്ച് തദ്ദേശ സ്വയം ഭരണ ഗവണ്മെന്റിന് ഉപദേശം നല്‍കല്‍
  • രാജ്യത്തിനകത്തും പുറത്തുമുളള ശാസ്ത്ര സാങ്കേതിക ഏജന്‍സികള്‍ തമ്മില്‍ ബന്ധിപ്പിക്കല്‍
  • ശാസ്ത്ര, സാങ്കേതിക, പരിസ്ഥിതി പദ്ധതികളെ സംസ്ഥാനത്തിന്റെ വികസന ആവശ്യങ്ങള്‍ക്ക് അനുസരണമായി തയാറാക്കുകയും കൃഷി, വ്യവസായം, വൈദ്യുതി, ജലം, ഊര്‍ജം, വിദ്യാഭ്യാസം, വിവര സാങ്കേതികത എന്നിങ്ങനെ സര്‍ക്കാരിന്റെ ശാസ്ത്ര സേവന വകുപ്പുകളുടെ പരിപാടികളുമായി യോജിപ്പിക്കുകയും ചെയ്യുക

സംസ്ഥാനത്തെ വികസനം സംബന്ധിക്കുന്ന ശാസ്ത്ര സാങ്കേതിക നൂതന പദ്ധതി രൂപീകരിക്കുകയാണ് കെ എസ് സി എസ് ടി ഇ യുടെ പ്രധാന ലക്ഷ്യം. ശാസ്ത്ര പഠനത്തിന്റെ അടിസ്ഥാന ഗവേഷണത്തിനും പ്രോത്സാഹനത്തിനും ആവശ്യമായ പശ്ചാത്തല സൗകര്യ വികസനത്തിലൂടെ സംസ്ഥാനത്ത് ഉന്നത നിലവാരത്തിലുളള ശാസ്ത്ര പഠനവും ഈ കൗണ്‍സിലിന്റെ പദ്ധതികളും പരിപാടികളും ലക്ഷ്യമിടുന്നു. തെരഞ്ഞെടുത്ത ഗവേഷണ വികസന പ്രവർത്തനങ്ങൾക്ക് ഗവേഷണ വികസന കേന്ദ്രങ്ങളുടെ ഗവേഷണത്തിനും പുരോഗതിക്കുമായി പശ്ചാത്തല സൗകര്യം ഒരുക്കല്‍, ഗവേഷണ സൗകര്യങ്ങള്‍ എന്നിവക്ക് സഹായങ്ങള്‍ കെ.എസ്.സി.എസ്. ടി. ഇ. നല്‍കുന്നു കൗണ്‍സിലിന്റെ മറ്റു സംരംഭങ്ങൾ

  • ശാസ്ത്ര പ്രചാരണ പരിപാടികള്‍
  • ഗവേഷണ വികസന പരിപാടികള്‍
  • ആവാസ വ്യവസ്ഥ, പരിസ്ഥിതിപരിപാടികള്‍
  • ശാസ്ത്ര പ്രോത്സാഹനത്തിനായുളള അംഗീകാരവും പുരസ്കാരങ്ങളും
  • സാങ്കേതിക വിദ്യ-വികസിപ്പിക്കലും കൈമാറ്റവും
  • സ്കൂൾ തലപരിപാടികൾ

അടിസ്ഥാന ശാസ്ത്രം, പ്രയോഗിക ശാസ്ത്രം, സാങ്കേതിക വിദ്യ , പരിസ്ഥിതി ശാസ്ത്രം, മെഡിക്കല്‍ സയന്‍സ് മറ്റു ശാസ്ത്ര അനുബന്ധ മേഖലകള്‍ എന്നിവയുള്‍പ്പെടെ ജനങ്ങള്‍ക്കിടയിലെ ശാസ്ത്ര പ്രചാരണത്തിനായി സര്‍ക്കാര്‍, സര്‍ക്കാരിതര സംഘടനകള്‍ കോളേജുകള്‍, അംഗീകൃത സ്ഥാപനങ്ങള്‍ എന്നിവയുടെ സഹായത്തോടെ കെ എസ് സി എസ് ടി ഇ പരിശ്രമിക്കുന്നു. ശാസ്ത്രത്തിന്റെ പ്രാധാന്യവും പ്രയോഗികതയും ജനങ്ങള്‍ക്കിടയില്‍ പ്രചരിപ്പിക്കുന്നതിനായി ദേശീയ ശാസ്ത്ര ദിനവും ദേശിയ സാങ്കേതിക ദിനവും ആചരിക്കുന്നു. സെമിനാറുകള്‍, സിമ്പോസിയങ്ങള്‍, ശില്പശാലകള്‍, സാങ്കേതികോത്സവങ്ങള്‍, ഗ്രാമീണ ആശയാവിഷ്കാരസമ്മേളനങ്ങള്‍, കേരള ശാസ്ത്ര കോണ്‍ഗ്രസ് എന്നിവ സംഘടിപ്പിച്ചു ഗവേഷകരുടെയും തൊഴില്‍ നിപുണരുടെയും വ്യവസായ മേഖലയുടെയും നയരൂപീകരണം നടത്തുന്നവരുടെയും പാരസ്പര്യവും സാധ്യമാക്കുന്നു.

പേറ്റന്‍റ് വിനിമയകേന്ദ്രം, ശാസ്ത്ര സാങ്കേതിക പരിപാടികള്‍, സാങ്കേതിക വിദ്യ വികസിപ്പിച്ചു ഉപയുക്തമാക്കല്‍ പരിപാടികള്‍, ഗ്രാമീണ സാങ്കേതിക വിദ്യ പരിപാടികള്‍ മുതലായവ വഴി സാങ്കേതിക വിദ്യ വികസിപ്പിച്ചു കൈമാറ്റം ചെയ്യുന്നത് പ്രോത്സാഹിപ്പിക്കുന്നു. ശാസ്ത്രവും സാങ്കേതിക വിദ്യയും പ്രോത്സാഹിപ്പിക്കുന്നതിനും ശാസ്ത്രാഭിരുചി യുവജനങ്ങളില്‍ പരിപോഷിപ്പിക്കുന്നതിനും കൗണ്‍സില്‍ പുരസ്കാരങ്ങളും അംഗീകാരങ്ങളും നല്‍കി വരുന്നു. ലോകത്തിന്റെ ഏതു ഭാഗത്തും പ്രവര്‍ത്തിക്കുന്ന കേരളീയന്‍ ആയ യുവശാസത്രഞ്ജന്റെ ആജീവനാന്ത സംഭാവനകള്‍ കണക്കിലെടുത്തു കേരള ശാസ്ത്ര പുരസ്കാരം, നല്‍കിവരുന്നു. ഇവ കൂടാതെ യുവ ശാസ്ത്രജ്ഞന്മാർക്കുള്ള പുരസ്കാരം എ൯വയണ്‍മെന്റ് ഏർലി കരിയര്‍ റിസര്‍ച്ച് അവാര്‍ഡ് ശാസ്ത്രസാഹിത്യ പുരസ്കാരങ്ങളും പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകനുളള പുരസ്കാരം തുടങ്ങി ശാസ്ത്ര സാങ്കേതിക പരിപോഷണത്തിനുളള പുരസ്കാരങ്ങളും കൗണ്‍സില്‍ നല്‍കിവരുന്നു.

കെ എസ് സി എസ് ടി ഇ യുടെ മുഖ്യ ശാഖകള്‍

കൗണ്‍സിലിന്റെ കീഴില്‍ പ്രത്യേക മേഖലകളില്‍ നിശ്ചിത ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ഗവേഷണ, വികസന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഏഴ് ഗവേഷണ വികസനകേന്ദ്രങ്ങളാണുളളത്.

കേരള വന ഗവേഷണ സ്ഥാപനം (കെ എഫ് ആര്‍ ഐ)

1975 ല്‍ സ്ഥാപിതമായ കെ എഫ് ആര്‍ ഐ ഉഷ്ണമേഖലാ വനങ്ങളെയും ജൈവ വൈവിധ്യ സംരക്ഷണത്തെയും കുറിച്ചുളള ഗവേഷണത്തില്‍ കഴിഞ്ഞ നാലു ദശകങ്ങളായി സ്ഥാപനത്തിന്റെ ആരംഭം മുതല്‍ ഗണ്യമായി സംഭാവന നല്കിയിട്ടുണ്ട്. ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലിന്റെ കീഴില്‍ പ്രവര്‍ത്തനം ആരംഭിച്ച കെ എഫ് ആര്‍ ഐ 2002 ല്‍ കെ എസ് സി എസ് ടി ഇ യുടെ ഭാഗമായി പ്രകൃതി വിഭവ സംരക്ഷണം, സുസ്ഥിര വിനിയോഗം, ശാസ്ത്രീയ പരിപാലനം എന്നിവക്ക് ഊന്നല്‍ നല്‍കിക്കൊണ്ട് വനപരിപാലനവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ നയപരമായ തീരുമാനങ്ങള്‍ എടുക്കുന്നതിന് ശാസ്ത്രീയ പിന്തുണ നല്‍കിക്കൊണ്ട് ഉഷ്ണമേഖല വനപരിപാലനത്തില്‍ ഒരു മികവിന്റെകേന്ദ്രമായി നിലകൊളളുന്നു.

വനങ്ങളുടെ സുസ്ഥിര പരിപാലനത്തിന് ശാസ്ത്രീയ - സാങ്കേതിക അടിത്തറ അത്യാവശ്യമാണ്. വനങ്ങളുടെ പരിസ്ഥിതിപരമായ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കിക്കൊണ്ടു വനപരിപാലനത്തില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തേണ്ടത് ആവശ്യമാണ്. വനം വകുപ്പം മറ്റു സ്റ്റേക്ക് ഹോള്‍ഡര്‍മാരുമായി കൂടിച്ചേര്‍ന്നു പ്രവൃത്തിച്ചുകൊണ്ടു വനപരിപാലനത്തിലെ ശാസ്ത്രീയ അടിത്തറ മെച്ചപ്പെടുത്തുന്നതില്‍ കെ എഫ് ആര്‍ ഐ പ്രധാന പങ്ക വഹിക്കുന്നു.

പ്രധാന നേട്ടങ്ങള്‍

  • ഉഷ്ണമേഖലാ വനസംരക്ഷണത്തിലെ അന്താരാഷ്ട്ര മികവിന്റെകേന്ദ്രമായി ഈ സ്ഥാപനം അംഗീകരിക്കപ്പെട്ടിട്ടുണ്ട്.
  • രണ്ടു പ്രധാനപ്പെട്ട അന്താരാഷ്ട്ര ഗവേഷണ സ്ഥാപനസംരംഭങ്ങള്‍ ഈ സ്ഥാപനത്തിന്റെ അടിസ്ഥാനത്തിലാണ് ഏറ്റെടുത്തിട്ടുളളത്. ‘ടീക്ക് നെറ്റ്’ ന്റെ ഔദ്യോഗിക കാര്യാലയം കെ എഫ് ആര്‍ ഐ യില്‍ സ്ഥിതി ചെയ്യുന്നു. തേക്ക് വൃക്ഷത്തിന്റെ പരിപാലനത്തില്‍ തല്പരരായ സ്ഥാപനങ്ങളുടെയും വ്യക്തികളുടെയും അന്താരാഷ്ട്ര ശൃംഖലയാണ് ടീക് നെറ്റ് ഐക്യരാഷ്ട്ര സംഘടനയുടെ ഭക്ഷ്യ കാര്‍ഷിക സംഘടനയുടെ സ്റ്റാറ്റിയുട്ടറി ബോഡിയായ ഏഷ്യ പസിഫിക് ഫോറസ്റ്ററി കമ്മീഷനിലെ അംഗങ്ങളായ 33 രാജ്യങ്ങളുടെ സഹകരണ സഖ്യത്തിന്റെ ശൃംഖലയായ ഏഷ്യ പസിഫിക് ഫോറസ്റ്റ് ഇേ൯വസീവ് സ്പീഷീസ് നെറ്റ്വര്‍ക്കിന്റെ കാര്യാലയവും കെ എഫ് ആര്‍ ഐ യിലാണ് പ്രവര്‍ത്തിക്കുന്നത്. ഏഷ്യ പസഫിക് മേഖലയിലെ വനങ്ങള്‍ നിരീക്ഷിക്കുന്നതിനും സംരക്ഷിക്കുന്നതിനുമായി രാജ്യങ്ങള്‍ തമ്മിലുളള സഹകരണമാണ് ഈ ശൃംഖല ലക്ഷ്യമിടുന്നത്.
  • വിവിധ സംസ്ഥാനങ്ങളില്‍ നിന്നുമുളള ഇന്ത്യന്‍ ഫോറസ്റ്റ് സർവീസിലെ ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്‍കുന്നതിനുളള സ്ഥാപനങ്ങളില്‍ ഒന്നായി കെ.എഫ്.ആര്‍.ഐ യെ ഭാരത സര്‍ക്കാര്‍ അംഗീകരിച്ചിട്ടുണ്ട്.
  • ജൈവ നിയന്ത്രണത്തിനായിട്ടുള്ള എച്ച്.പി.എന്‍.പി.വി. സാങ്കേതിക വിദ്യ ടീക് ഡീഫോലിയേറ്റര്‍- ഹെബ്ലിയ – പ്യൂര,എന്നിവ കെ.എഫ്.ആര്‍.ഐ വികസിപ്പിച്ചെടുത്തിട്ടുണ്ട് (ദേശീയ പേറ്റന്റ്)
  • ജീവാമൃതം ഉപയോഗിച്ചുകൊണ്ട് പാഴ്ച്ചെടികളെ ഗുണമേന്‍മയുളള ജൈവ വളമാക്കുന്നതിനും നഗര മേഖലയിലെ മാലിന്യങ്ങളെ ജീവാ മൃതത്തിന്റെ സഹായത്താല്‍ മെച്ചപ്പെട്ട ജൈവവളമാക്കി മാറ്റുന്നതിനുമുളള സാങ്കേതിക വിദ്യ കെ.എഫ്.ആര്‍.ഐ വികസിപ്പിച്ചെടുത്തിട്ടുണ്ട്.
ദേശീയ ഗതാഗത ആസൂത്രണകേന്ദ്രം (നാറ്റ്പാക്)

കേരള സര്‍ക്കാരിന്റെ കീഴിലുളള പൊതുമേഖലാ സ്ഥാപനമായ കെല്‍ട്രോണിന്റെ ഒരു വിഭാഗമായി 1976 ല്‍ നാറ്റ് പാക് നിലവില്‍ വന്നു. 1982 ല്‍ ഈകേന്ദ്രത്തെ പുന:സംഘടിപ്പിച്ച് കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി വകുപ്പിന്റെ കീഴിലുളള ഒരു ഗവേഷണ സ്ഥാപനമാക്കി. 2002 ല്‍ നാറ്റ് പാക് കെ.എസ്.സി.എസ്.റ്റി ഇയുടെ ഭാഗമായി ഗതാഗത എഞ്ചിനീയറിംഗ്, ഗതാഗത ആസൂത്രണം, ദേശീയ പാത എഞ്ചിനീയറിംഗ്, പൊതു ഗതാഗതം, പൊതു ഗതാഗത്തിന് ബദല്‍ സംവിധാനം, ട്രാൻസ്പോർട് എനര്‍ജി ഉള്‍നാടന്‍ ജലഗതാഗതം, വിനോദസഞ്ചാര ആസൂത്രണം , ഗ്രാമീണറോഡുകള്‍ എന്നിവ സംബന്ധിക്കുന്ന ഗവേഷണവും സാങ്കേതിക ഉപദേശവും നാറ്റ് പാക് നല്‍കുന്നു. റോഡ്, റെയില്‍, ജലം, തുറമുഖങ്ങള്‍ വിമാനത്താവളങ്ങള്‍ എന്നീ ഗതാഗത മാര്‍ഗ്ഗങ്ങളിലെ വിവിധ മാതൃകകള്‍ക്കായുളള പശ്ചാത്തല സൗകര്യ വികസനത്തിനായി സാങ്കേതിക പഠനങ്ങള്‍, പ്രായോഗിക വിശകലനങ്ങള്‍, വിശദമായ പ്രോജക്ട് റിപ്പോര്‍ട്ടുകള്‍ എന്നിവ തയ്യാറാക്കുന്നതും സർവ്വേനടത്തുന്നതും നാറ്റ് പാക്കിന്റെ പ്രവര്‍ത്തന പരിധിയില്‍ ഉള്‍പ്പെടുന്നു. നിലവില്‍ നാറ്റ് പാകിന് ഏഴ് ശാസ്ത്രീയ വിഭാഗങ്ങള്‍ ഉണ്ട്.

പ്രധാന നേട്ടങ്ങള്‍

  • ബസ് നിരക്ക് തീരുമാനിക്കുന്നതിനായി ശാസ്ത്രീയമായ രീതി വികസിപ്പിച്ചെടുത്തു.
  • “ക്വിക് റെസ്പോന്‍സ്” എന്ന ആശയം വിനിയോഗിച്ചു കൊണ്ട് കേരളത്തിലെ തിരഞ്ഞെടുത്ത പട്ടണങ്ങളില്‍ ഒരു ട്രിപ് ജനറേഷന്‍ മോഡല്‍ വികസിപ്പിച്ചു.
  • സിഗ്നല്‍ സംവിധാനമുളള ജംഗ്ഷനുകളില്‍ നിന്നും ഡൌണ്‍സ്ട്രീം ബസ് ബേകളുടെ ബസുകളുടെ സഞ്ചാരത്തില്‍ പ്ലട്ടുണ്‍ മുവ്മെന്റിന്റെ സ്വാധീനം
  • ഗതാഗത സംവിധാനത്തില്‍ വിഴിഞ്ഞം പദ്ധതിയുടെ സ്വാധീനത്തെ സംബന്ധിക്കുന്ന പഠനങ്ങള്‍
  • സംസ്ഥാനത്ത് ഹരിത ഗതാഗതം വ്യാപകമായ തോതില്‍ ഉപയോഗിക്കുന്നതിനായി തിരുവനന്തപുരം ടെക്നോപാര്‍ക്ക് ക്യാമ്പസില്‍ ഹരിതഗതാഗതം (പ്രാരംഭമായി നടപ്പിലാക്കുന്നതിന്) സാധ്യമായ റോഡ് മാപ്പ് തിരെഞ്ഞടുത്തു.
  • തിരുവനന്തപുരം, കൊച്ചി നഗരങ്ങളിലെ തിരഞ്ഞെടുത്ത റോഡുകളിലെ ഇടവഴികളില്‍ കാല്‍ നടക്കാര്‍ക്ക് ലഭ്യമായിട്ടുളള നിലവിലെ സൗകര്യങ്ങളെക്കുറിച്ചും പശ്ചാത്തല സൗകര്യങ്ങളെക്കറിച്ചുമുളള പഠനം നടത്തുകയും മെച്ചപ്പെട്ട സൗകര്യങ്ങളുടെ ലഭ്യതയും, സൗകര്യപ്രദവും സുരക്ഷിതവുമായ കാല്‍ നടയ്ക്കാവശ്യമായ ചുറ്റുപാടുകളും വര്‍ദ്ധിപ്പിക്കുന്നതിനാവശ്യമായ നടപടികള്‍ക്ക് രൂപം കൊടുക്കുകയും ചെയ്തു.
  • കേരള സംസ്ഥാന ഗതാഗത പ്രോജക്ടിന്റെ കീഴില്‍ വികസിപ്പിച്ചെടുത്ത ഹൈവേകളെ കുറിച്ച് ഘടനാപരവും പ്രവര്‍ത്തനം സംബന്ധിച്ചതുമായ വിലയിരുത്തല്‍ നടത്തുന്നു.
  • കേരളത്തിലെ ദേശീയ പാതകള്‍ക്കായി ഒരു ഗതാഗത വളര്‍ച്ചാ നിരക്ക് മാതൃക വികസിപ്പിച്ചു.
  • എന്‍ ഡബ്ലിയു-3 യെ തൃശൂര്‍ പട്ടണവുമായി ജലപാതയിലൂടെ ബന്ധിപ്പിക്കുന്നതിന്റെ പ്രായോഗികത വിലയിരുത്തി
  • അപകടങ്ങള്‍ മുന്‍കൂട്ടി അറിയുന്നതിനായുളള മാതൃകകള്‍ വികസിപ്പിച്ചെടുത്തു.
  • റോഡ് സുരക്ഷയെ സംബന്ധിക്കുന്ന പരിശീലനം നല്‍കുന്നതിനായി പുസ്തകങ്ങള്‍, കലണ്ടറുകള്‍, ബുക് ലെറ്റുകള്‍, ലഘുലേഖകള്‍, പ്രദര്‍ശന ബോര്‍ഡ് എന്നിവ തയ്യാറാക്കി
  • വിവിധതരത്തിലുളള റോഡ് ഉപഭോക്താക്കളെ ലക്ഷ്യമാക്കിക്കൊണ്ട് റോഡ് സുരക്ഷയുടെ വിവിധ വസ്തുതകളെ സംബന്ധിക്കുന്ന 18 ചലച്ചിത്രങ്ങള്‍ നിര്‍മ്മിക്കുകയും ആന്‍ഡ്രോയിഡ് അടിസ്ഥാനമാക്കി റോഡ് സുരക്ഷക്കായി ‘സേഫ് സവാരി’ എന്ന പേരില്‍ ഒരു മൊബൈല്‍ ആപ്ലിക്കേഷന്‍ വികസിപ്പിക്കുകയും ചെയ്തു.
സെന്റര്‍ ഫോര്‍ വാട്ടര്‍ റിസോഴസ് ഡെവലപ്മെന്റ് ആന്റ് മാനേജ്മെന്റ് (സി.ഡബ്ള്യു. ആര്‍.ഡി.എം)

ജലവിഭവ മേഖലയിലെ ഒരു മുഖ്യ ഗവേഷണ വികസന സ്ഥാപനമാണ് കെ.എസ്.സി.എസ്.റ്റി. ഇയുടെ കീഴിലുളള സി.ഡബ്ള്യു.ആര്‍.ഡി.എം. ജലവിഭവ മേഖലയിലെ വികസന ഗവേഷണ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി കേരള സര്‍ക്കാരിന്റെ ശാസ്ത്ര സാങ്കേതികനയങ്ങള്‍ക്കുനുസ്യതമായി 1978 ഫെബ്രുവരി മാസത്തില്‍ ഒരു സ്വയം ഭരണ ഗവേഷണ സ്ഥാപനമായി സി.ഡബ്ള്യു.ആര്‍.ഡി.എം. സ്ഥാപിതമായി ഈ സ്ഥാപനത്തെ അതിന്റെ രജതജൂബിലി ആഘോഷിച്ച 2003 ല്‍ കെ.എസ്.സി.എസ്.റ്റി.ഇ യോടൊപ്പം കൂട്ടിച്ചേര്‍ക്കുകയുണ്ടായി. ജല സംരക്ഷണത്തിലും ജല സംബന്ധിയായ ശാസ്ത്രീയ പഠനങ്ങളിലും സി.ഡബ്ള്യു.ആര്‍.ഡി.എം. ഗണ്യമായ സംഭാവന നല്‍കിയിട്ടുണ്ട്. ജല വിഭവമേഖലയുടെ വ്യഷ്ടിപ്രദേശ വികസനം, ചതുപ്പ് സംരക്ഷണം, കാര്‍ഷിക ആവശ്യങ്ങള്‍ക്കായുളള ജല സംരക്ഷണം, വന-നഗര ഹൈഡ്രോളജി, പാഴ്ഭൂമി പരിപാലനം,ഭുഗര്‍ഭ ജലവികസനം, ജല ഗുണനിലവാര പരിരക്ഷണം, ജലവും പരിസ്ഥിതിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍, ജലസേചനം, പാഴ്ജലം സംബന്ധിക്കുന്ന വസ്തുതകള്‍ എന്നിവയെല്ലാം സംബന്ധിച്ച് ഗവേഷണത്തിനാവശ്യമായ വസ്തുതകള്‍ സി.ഡബ്ള്യു.ആര്‍.ഡി.എം. പ്രഭാനം ചെയ്യുന്നു ഭാരത സര്‍ക്കാര്‍, ഐക്യരാഷ്ട്ര സംഘടനയുടെ വികസന പരിപാടി, ഐക്യരാഷ്ട്ര സംഘടനാ പരിസ്ഥിതി പരിപാടി, യുണിസെഫ്, ലോക ബാങ്ക്, അമേരിക്കയിലെ ദേശീയ ശാസ്ത്ര അക്കാദമി എന്നിവയുള്‍പ്പെടെ വിവിധ ദേശീയ, അന്തര്‍ദേശീയ ഏജന്‍സികള്‍ ധനസഹായം നല്‍കുന്ന പരിപാടികളില്‍ പങ്കാളിത്തം വഹിക്കുന്നതിനും പൂര്‍ത്തിയാക്കുന്നതിനും ഈ സെന്ററിന് സാധ്യമായത് അഭിമാനകരമായ നേട്ടമാണ്. നിലവില്‍ സി.ഡബ്ള്യു.ആര്‍.ഡി.എമ്മിന് 10 ശാസ്ത്രീയ വിഭാഗങ്ങളും 3 എക്സ്റ്റന്‍ഷന്‍കേന്ദ്രങ്ങളുമാണുളളത്.

ജവഹർലാൽ നെഹ്റു ട്രോപ്പിക്കല്‍ ബൊട്ടാണിക്കല്‍ ഗാർഡൻ ആന്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യുട്ട് (ജെ.എന്‍.റ്റി.ബി.ജി.ആര്‍.ഐ)

രാജ്യത്തെ, പ്രത്യേകിച്ച് കേരളത്തിലെ ഉഷ്ണമേഖലാ സസ്യങ്ങളുടെ ഒരു സംരക്ഷിത ഉദ്യാനം നിര്‍മ്മിക്കുക എന്ന ഉദ്ദേശത്തോടെ ആദ്യം ട്രോപ്പിക്കല്‍ ബൊട്ടാണിക് ഗാര്‍ഡന്‍ ആന്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് (റ്റി.ബി.ജി.ആര്‍.ഐ)എന്നപേരിലറിയപ്പെട്ടിരുന്ന ജവഹർലാൽ നെഹ്റു ട്രോപ്പിക്കല്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ ആന്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് (ജെ.എന്‍.റ്റി.ബി.ജി.ആര്‍.ഐ) 1979 ല്‍ ഒരു സ്വയം ഭരണ സ്ഥാപനമായി സ്ഥാപിക്കപ്പെട്ടു. ഉഷ്ണമേഖലാ സസ്യങ്ങളുടെ സുസ്ഥിര ഉപയോഗം സംബന്ധിക്കുന്ന ഗവേഷണ പരിപാടികള്‍ ഇവിടെ നടത്തുന്നുണ്ട്. തിരുവനന്തപുരത്തിന് 40 കിലോമീറ്റര്‍ വടക്ക് കിഴക്ക് പശ്ചിമഘട്ടത്തിന്റെ മടിത്തിട്ടില്‍ പാലോട് 300 ഏക്കര്‍ പ്രകൃതിദത്തെ വനഭൂമിയിലാണ് ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്നത്.

ഏഷ്യയിലെ ഏറ്റവും വലിയ സംരക്ഷിത തോട്ടമായി കണക്കാക്കപ്പെടുന്ന ഇവിടെ നാലായിരത്തിലധികം വിവിധ തരം പൂച്ചെടികളും ഏകദേശം 300 തരത്തില്‍ ഉള്ള വിവിധയിനം പുഷ്പിക്കാത്ത സസ്യങ്ങളും നിലവില്‍ ഇവിടെ സംരക്ഷിക്കപ്പെടുന്നുണ്ട്. ബയോ ഇന്‍ഫോമാറ്റിക്സ്കേന്ദ്രം സ്ഥാപിതമായിട്ടുള്ള തിരുവനന്തപുരത്തെ പുത്തന്‍തോപ്പില്‍ സ്ഥിതി ചെയ്യുന്ന് സരസ്വതി തങ്കവേലുകേന്ദ്രം ഈ സ്ഥാപനത്തിന്റെ എക്സ്റ്റന്‍ഷന്‍ സെന്റര്‍ ആണ്. ഭാരതസര്‍ക്കാര്‍ ജെ.എന്‍.റ്റി.ബി.ജി.ആര്‍.ഐ.യെ ദേശീയ തലത്തിലുള്ള മികവിന്റെകേന്ദ്രമായി അംഗീകരിച്ചിട്ടുണ്ട്.

സ്ഥാപനത്തിന് ഇപ്പോള്‍ 9 ശാസ്തീയ വിഭാഗങ്ങളാണുളളത്. രാജ്യത്തെ സസ്യസമ്പത്തിന്റെ സംരക്ഷണം, ജൈവവൈവിദ്ധ്യം സംബന്ധിക്കുന്ന രേഖകള്‍ ശേഖരിച്ച് ഉപയോഗിക്കല്‍, ചിട്ടയായ പഠനങ്ങള്‍, സസ്യങ്ങളുടെ സുസ്ഥിര വിനിയോഗത്തിനായി ജൈവരീതിയില്‍ സസ്യങ്ങളുടെ ഭാവിവീക്ഷണം, (ബയോടെക് നോളജിക്കല്‍, ഫൈറേറ്റാകെമിക്കല്‍, ഫാർമക്കോളജിക്കൽ തുടങ്ങിയവ) നാട്ടറിവുകള്‍ ശേഖരിച്ച് ഉപയോഗപ്പെടുത്തല്‍, സസ്യങ്ങളുടെ സംരക്ഷണം സുസ്ഥിര ഉപയോഗം എന്നിവ സംബന്ധിക്കുന്ന വിദ്യാഭ്യാസം, വ്യാപനം, പരിശീലനം എന്നിങ്ങനെയുള്ള ഗവേഷണപ്രവര്‍ത്തനങ്ങള്‍, വിവിധ സംസ്ഥാനങ്ങളില്‍ നിന്നും ദേശീയ ധനസഹായ ഏജന്‍സികളില്‍ നിന്നുള്ള ധനസഹായത്തോടെ നടപ്പിലാക്കുന്നു.

കേരള സ്കൂള്‍ ഓഫ് മാത്തമാറ്റിക്സ് (കെ.എസ്.ഒ.എം)

ഗണിത ശാസ്ത്രത്തില്‍ ഉന്നതപഠനവും ഗവേഷണവും നടത്തുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ ശാസ്ത്രസാങ്കേതിക പരിസ്ഥിതി കൗണ്‍സിലുംകേന്ദ്ര സര്‍ക്കാരിന്റെ അറ്റോമിക് എനര്‍ജി വകുപ്പും ചേര്‍ന്ന് 2009 ല്‍ രൂപീകരിച്ചതാണ് കേരള സ്കൂള്‍ ഓഫ് മാത്തമാറ്റിക്സ്. ഈ സ്ഥാപനം കോഴിക്കോടിനടുത്തുള്ള കുന്ദമംഗലത്ത് സ്ഥിതി ചെയ്യുന്നു. കേരളത്തിന്റെ മഹത്തായ ഗണിത ശാസ്ത്ര പാരമ്പര്യം ആധുനിക മാതൃകയില്‍ നവീകരിക്കുന്നതിന് പ്രധാന പങ്ക് വഹിക്കുന്നതിന് കെ.എസ്.ഒ.എം. ലക്ഷ്യമിടുന്നു. ഈ സ്ഥാപനം ഡോക്ടറല്‍, പോസ്റ്റ് ഡോക്ടറല്‍ തലത്തില്‍ ഗവേഷണം, ഗണിതശാസ്ത്രത്തിന്റെ പ്രധാന തലങ്ങളില്‍ ശില്പശാലകള്‍, ദേശീയ, അന്തര്‍ദേശീയ സമ്മേളനങ്ങള്‍, ബോധന പരമായ സമ്മേളനങ്ങള്‍, യുവഗണിത ശാസ്ത്രജ്ഞന്മാര്‍ക്കായി ചിട്ടയായ പാഠ്യക്രമവും അദ്ധ്യാപനവും, ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥികള്‍, ഗവേഷക പ്രതിഭകള്‍, അധ്യാപകര്‍ എന്നിവര്‍ക്കായുള്ള പരിശീലനം എന്നീ പ്രവര്‍ത്തനങ്ങളിലൂടെ രാജ്യത്തിനകത്തും കേരളത്തില്‍ പ്രത്യേകിച്ചും ഗണിത ശാസ്ത്രഗവേഷണം മുതലായവ പ്രോത്സാഹിപ്പിക്കുന്നതിനായി ഒരു ദേശീയ സ്ഥാപനമായി പ്രവർത്തിക്കുന്നതിൽ കെ.എസ്.ഒ.എം. ലക്ഷ്യമിടുന്നു.

ശ്രീനിവാസ രാമാനുജന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ബേസിക് സയന്‍സസ് (എസ്.ആര്‍.ഐ.ബി.എസ്)

അടിസ്ഥാന ശാസ്ത്രത്തില്‍ ഗവേഷണം, അധ്യാപനം, പഠനം എന്നിവയ്ക്കായി വിഭാവനം ചെയ്തിട്ടുള്ളതും കഴിവുകള്‍ വികസിപ്പിക്കുന്നതിനും വേണ്ടിയുള്ള സ്ഥാപനമാണ് ശ്രീനിവാസരാമാനുജന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ബേസിക് സയന്‍സസ് (എസ്.ആര്‍.ഐ.ബി.എസ്). 2013ല്‍ കേരള സര്‍ക്കാര്‍ കോട്ടയത്ത് സ്ഥാപിച്ച ഇന്‍സ്റ്റിറ്റ്യൂട്ട് പാമ്പാടിയില്‍ പ്രവര്‍ത്തിക്കുന്നു. ശാസ്ത്ര അനുബന്ധ മേഖഖലകളില്‍ യുവ അധ്യാപകര്‍, ഗവേഷകര്‍, ബിരുദാനന്തര ബിരുദധാരികള്‍ എന്നിവര്‍ക്കായി കഴിവുകള്‍ വിപുലമാക്കുന്ന തരത്തിലുള്ള പരിപാടികള്‍ക്ക് രൂപം കൊടുക്കുകയും അവ നടപ്പിലാക്കുകയും ചെയ്യുക എന്നതാണ് ഈ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പ്രധാന ലക്ഷ്യം.

ലോകമെമ്പാടുമുള്ള ഏകദേശം നൂറോളം രാജ്യങ്ങളില്‍ നിന്നുമുള്ള ഇരുനൂറിലധികം അന്താരാഷ്ട്ര തലത്തിലെ ശാസ്ത്രജ്ഞരുടെ സഹായത്തോടെ 1500ലധികം വിദ്യാര്‍ത്ഥികള്‍, അധ്യാപകര്‍, ഗവേഷകര്‍ എന്നിങ്ങനെ ശാസ്ത്രത്തിന്റെ വിവിധ മേഖലകളില്‍പ്പെടുന്നവര്‍ക്ക് പ്രയോജനം നല്‍കിക്കൊണ്ട് നിരവധി സെമിനാറുകള്‍, ശില്പശാലകള്‍, സിംപോസിയം എന്നിവ ഈ ഇന്‍സ്റ്റിറ്റ്യൂട്ട് സംഘടിപ്പിച്ചിട്ടുണ്ട്.

മലബാര്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ ആന്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പ്ലാന്റ് സയന്‍സസ് (എം.ബി.ജി.ഐ.പി.എസ്)

വിവിധയിനം ജലാശയ സസ്യങ്ങള്‍, ചെറിയ സസ്യങ്ങള്‍, മലബാര്‍ മേഖലയിലെ വംശനാശ ഭീഷണി നേരിടുന്ന സസ്യങ്ങള്‍ എന്നിവയുടെ സംരക്ഷണത്തിനും ഗവേഷണത്തിനുമായി പ്രവര്‍ത്തിക്കുന്നതും സസ്യശാസ്ത്രത്തിന്റെ വിവിധതലങ്ങളെ സംബന്ധിക്കുന്ന വിജ്ഞാനം പകര്‍ന്നുനല്‍കുന്നതിനും വേണ്ടി കെ.എസ്.സി.എസ്.റ്റി.യുടെ സ്ഥാപനമാണ് മലബാര്‍ ബൊട്ടോണിക്കല്‍ ഗാര്‍ഡന്‍ ആന്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പ്ലാന്റ് സയന്‍സസ് (എം.ബി.ജി.ഐ.പി.എസ്).കോഴിക്കോട് ജില്ലയിലെ ഒളവണ്ണ വില്ലേജിലെ പൊക്കുന്നിന് സമീപമാണ് ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്നത്.

വിവിധയിനം സസ്യങ്ങള്‍ക്ക് വ്യത്യസ്തമായ സ്വാഭാവിക വാസസ്ഥലം പ്രദാനം ചെയ്തുകൊണ്ട് ഏകദേശം 15 ഏക്കറോളം ചതുപ്പു നിലങ്ങളും ബാക്കി ഭാഗം ഉയര്‍ന്ന ഭൂപ്രദേശവുമായി ഏകദേശം 40 ഏക്കര്‍ സ്ഥലത്തായി ഇന്‍സ്റ്റിറ്റ്യൂട്ട് വ്യാപിച്ചു കിടക്കുന്നു. ജലാശയ/തണ്ണീര്‍ത്തട സസ്യങ്ങളുടെ പ്രകൃതിദത്ത വാസസ്ഥലങ്ങള്‍ക്ക് പുറത്ത് അവയെ സംരക്ഷിക്കുന്നതിനായി മാത്രമുള്ള സ്ഥാപനമാണിത്. കൂടാതെ, ഇത്തരം സസ്യങ്ങളെ സംബന്ധിക്കുന്ന ഗവേഷണവും നടത്തുന്ന സ്ഥാപനവുമാണിത്. വ്യവസ്ഥിതമായ ഉദ്യാനം, ജലസസ്യ സംരക്ഷണാലയം, ഹോര്‍ത്തുസ് മലബാറിക്കസ് ഉദ്യാനം, അപൂർവവും വംശനാശ ഭീഷണി നേരിടുന്നതുമായ സസ്യങ്ങളുടെ സംരക്ഷണം, ചെറിയ ഇനം സസ്യങ്ങളുടെ സംരക്ഷണാലയം എന്നിവയാണ് ഈ സ്ഥാപനത്തിന്റെ പ്രത്യേകതകള്‍. ഇവിടുത്തെ ഉദ്യാനം പരിസ്ഥിതി പഠനത്തിനായി വിദ്യാര്‍ത്ഥികള്‍ക്കും പ്രസ്തുത പ്രദേശത്തെ ശാസ്ത്രീയ വിനോദ സഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിനുമായി പൊതുജനങ്ങള്‍ക്കും പ്രവേശനയോഗ്യമാണ്. വിവിധ വിഭാഗങ്ങളിലും സസ്യങ്ങളിലും നല്‍കിയിരിക്കുന്ന വിവരണാത്മകമായ ലേബലുകള്‍ ഉദ്യാനത്തിന്റെ വിദ്യാഭ്യാസമൂല്യം പ്രകടമാക്കുന്നു. കാലിക്കറ്റ് സർവകലാശാല അംഗീകരിച്ചിട്ടുള്ള സസ്യശാസ്ത്ര ഗവേഷണകേന്ദ്രവും കൂടിയാണ് ഇന്‍സ്റ്റിറ്റ്യൂട്ട്.

പ്രധാന നേട്ടങ്ങള്‍

  • ഫെല്ലോഷിപ്പ് ശീര്‍ഷകങ്ങള്‍
  • (എ) നാഷണല്‍ അക്കാഡമി ഫോര്‍ ബയോളജിക്കല്‍ സയന്‍സസ്
  • (എഫ്.എന്‍.എ.ബി.എസ്)
  • (ബി ) ഗ്രിഗര്‍ മെന്‍ഡല്‍ ഫൌണ്ടേഷന്‍ 2016 (എഫ്.ജി.എം.എഫ്)
  • (സി) നാഷണല്‍ അക്കാഡമി ഓഫ് സയന്‍സസ്, ഇന്ത്യ 2016 (എഫ്.എന്‍.എ.എസ്.സി)
  • നാഷണല്‍ അക്കാഡമി ഓഫ് ബയോളജിക്കല്‍ സയന്‍സിന്റെ ലീഡര്‍ഷിപ്പ് പുരസ്ക്കാരം 2015.
  • ഇന്റര്‍നാഷണല്‍ ഫൌണ്ടേഷന്‍ ഫോര്‍ ഇക്കോളജി & എ൯വയോണ്‍മെന്റിന്റെ 2016ലെ എമിനന്റ് സയന്റിസ്റ്റ് ഓഫ് ദി ഇയര്‍ പുരസ്ക്കാരം.
  • സേവനത്തിനായുള്ള 2015ലെ സര്‍ട്ടിഫിക്കറ്റ് ഓഫ് അപ്രിസിയേഷന്‍ (ജി.എം.എഫ്)
  • മികച്ച മൈക്രോബയോളജിസ്റ്റ് അവാര്‍ഡ് 2015 (എസ്.ഇ.എസ്.ആര്‍)
  • അന്താരാഷ്ട്ര ആയുർ േവദ ഫെസ്റ്റിവല്‍ 2016ലെ മികച്ച വിജ്ഞാന പ്രദര്‍ശനത്തിനുള്ള പുരസ്കാരം
  • 26-ാമത് കേരള ശാസ്ത്ര കോണ്‍ഗ്രസിലെ മികച്ച ശാസ്ത്ര എക്സ്പോ പുരസ്കാരം

ഗവേഷണ, വികസന സ്ഥാപനങ്ങളുടെ പഠനപരമായ നേട്ടങ്ങള്‍

ഗവേഷണ പ്രസിദ്ധീകരണങ്ങള്‍ - വ്യത്യസ്ത മേഖലകളില്‍ വിജ്ഞാനം സംജാതമാക്കുന്നതിനായി പ്രവര്‍ത്തിക്കുന്നവയാണ് കെ.എസ്.സി.എസ്.റ്റി. ഇയുടെ ഗവേഷണ വികസന സ്ഥാപനങ്ങള്‍. ദേശീയ,അന്തര്‍ദേശീയ കോണ്‍ഫറന്‍സുകളില്‍ ഗവേഷണ പ്രബന്ധങ്ങള്‍, ആനുകാലിക പ്രസിദ്ധീകരണം, പുസ്തക പ്രസിദ്ധീകരണം എന്നിവയില്‍ ഈ ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ പങ്കാളികളാകുന്നു. 2012 കാലയളവ് മുതല്‍ ഈ ഗവേഷണ വികസന സ്ഥാപനങ്ങല്‍ പ്രസിദ്ധീകരിച്ച ഗവേഷണ പ്രബന്ധങ്ങളുടെ എണ്ണം ചിത്രം 7.1ല്‍ കാണിച്ചിരിക്കുന്നു.

ചിത്രം 7.1.
ഗവേഷണ വികസന സ്ഥാപനങ്ങള്‍ 2012 മുതല്‍ 2016 വരെ പ്രസിദ്ധീകരിച്ചു ഗവേഷണ പ്രബന്ധങ്ങൾ
അവലംബം: കെ.എസ്.സി.എസ്.റ്റി.ഇ, ശാസ്ത്രഭവന്‍, തിരുവനന്തപുരം

2016ലെ ഗവേഷണ പ്രബന്ധങ്ങളുടെ എണ്ണം നവംബര്‍ 2016 വരെയുള്ള ദ്രുതകണക്കെടുപ്പിന്റെ അടിസ്ഥാനത്തിലുള്ളതാണ്. കൗണ്‍സിലിന്റെ കീഴിലുള്ള 7 ഗവേഷണ വികസന സ്ഥാപനങ്ങളില്‍ ഗവേഷണ പ്രസിദ്ധീകരണങ്ങളുടെ കാര്യത്തില്‍ ജെ.എന്‍.റ്റി.ബി.ജി.ആര്‍.ഐ, സി.ഡബ്ള്യൂ. ആര്‍.ഡി.എം, കെ.എഫ്.ആര്‍.ഐ. എന്നിവയാണ് ഏറ്റവും മുന്‍ നിരയിലുള്ള സ്ഥാപനങ്ങള്‍. പുസ്തകങ്ങളുടെ പ്രസിദ്ധീകരണത്തില്‍ 2016-17ല്‍ ജെ.എൻ.റ്റി. ബി . ജി. ആര്‍. ഐ 3 പുസ്തകങ്ങളും ഒരു അദ്ധ്യായം എഡിറ്റും ചെയ്തൂ. സി.ഡബ്ള്യൂ.ആര്‍.ഡി.എം. ഒരു പുസ്തകവും 11 സാങ്കേതിക റിപ്പോര്‍ട്ടുകളും ഇതേ കാലയളവില്‍ പ്രസിദ്ധീകരിക്കുകയുണ്ടായി. കെ.എഫ്.ആര്‍.ഐ. 2 പുസ്തകങ്ങളാണ് പ്രസിദ്ധീകരിച്ചത്.

കെ.എസ്.സി.എസ്.റ്റി.ഇ.യുടെ മറ്റു പദ്ധതികളും പരിപാടികളും

കൗണ്‍സിലിന്റെ ശാസ്ത്ര സാങ്കേതിക പ്രചാരണ വിഭാഗത്തിന്റെ (എസ്.റ്റി.ഡി.പി) ഫ്ലാഗ്ഷിപ്പ് പ്രവര്‍ത്തനങ്ങളില്‍ ഒന്നാണ് എസ്.ആര്‍.എസ്. സംസ്ഥാനത്തെ അടിസ്ഥാന, പ്രായോഗിക ഗവേഷണത്തില്‍ വികസന, ഗവേഷണ പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന് ഈ പദ്ധതി ലക്ഷ്യമിടുന്നു. ഈ പദ്ധതിയുടെ കീഴില്‍, ശാസ്ത്ര സാങ്കേതിക മേഖലകളില്‍ ഗവേഷണത്തിന് സാമ്പത്തിക സഹായം നല്‍കുന്നു. സർവകലാശാലാ വിഭാഗങ്ങള്‍, കലാലയങ്ങള്‍, ഗവേഷണ വികസന സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെ ഗവേഷണ പ്രോജക്ടുകള്‍ക്കാണ് സഹായം അനുവദിക്കുന്നത്. 2012-13 മുതല്‍ 2015-16 വരെ പദ്ധതിയുടെ കീഴില്‍ അനുമതി നല്‍കിയിട്ടുള്ള പ്രോജക്ടുകളുടെ എണ്ണം ചിത്രം 7.2ല്‍ കൊടുത്തിരിക്കുന്നു.

ചിത്രം 7.2
ശാസ്ത്ര ഗവേഷണ പദ്ധതിയുടെ കീഴില്‍ അനുവദിച്ച പ്രോജക്ടുകള്‍ - വിഷയം അനുസരിച്ച്
അവലംബം: കെ.എസ്.സി.എസ്.റ്റി.ഇ, ശാസ്ത്രഭവന്‍, തിരുവനന്തപുരം

12-ാം പദ്ധതിക്കാലത്ത് ഈ പദ്ധതി പ്രകാരം സർവകലാശാലാ വിഭാഗങ്ങള്‍, കലാലയങ്ങള്‍, ഗവേഷണ വികസന സ്ഥാപനങ്ങള്‍ എന്നിവയുടെ പ്രസിദ്ധീകരണങ്ങള്‍ ചിത്രം 7.3ല്‍ കൊടുത്തിരിക്കുന്നു.

ചിത്രം 7.3
ശാസ്ത്ര ഗവേഷണ പദ്ധതിയുടെ കീഴില്‍ 12-ാം പദ്ധതി കാലത്തെ പ്രസിദ്ധീകരണങ്ങള്‍
അവലംബം: കെ.എസ്.സി.എസ്.റ്റി.ഇ, ശാസ്ത്രഭവന്‍, തിരുവനന്തപുരം

കെ.എസ്.സി.എസ്റ്റി.ഇ.യിലെ ഗവേഷകരുടെ നേട്ടങ്ങള്‍

കെ.എസ്.സി.എസ്.റ്റി.ഇ.യുടെ കണക്കുകള്‍ പ്രകാരം 2002 മുതല്‍ ഏകദേശം 343 വിദ്യാര്‍ത്ഥികള്‍ക്കും ശാസ്ത്രത്തില്‍ പി.എച്ച്.ഡി നേടുന്നതിന് കൗണ്‍സില്‍ സഹായിച്ചിട്ടുണ്ട്. ഇവിടത്തെ ഗവേഷകരില്‍ ഭാരതത്തിലും വിദേശത്തുമുള്ള വിദ്യാഭ്യാസ ഗവേഷണ, വികസന സ്ഥാപനങ്ങളില്‍ സ്ഥാനം ലഭിച്ചിടുണ്ട് അവരില്‍ പലര്‍ക്കും യുവ ശാസ്ത്രജ്ഞ പുരസ്കാരവും മികച്ച പ്രബന്ധത്തിനുള്ള പുരസ്കാരവും ലഭ്യമായിട്ടുണ്ട്. 2013-15 കാലയളവില്‍ കെ.എസ്.സി.എസ്.റ്റി.ഇ. ഗവേഷകരുടെ നേട്ടങ്ങള്‍ ചിത്രം 7.4ല്‍ കൊടുത്തിരിക്കുന്നു.

ചിത്രം 7.4
കെ.എസ്.സി.എസ്.റ്റി.ഇ ഗവേഷകരുടെ 2013-15 ലെ നേട്ടങ്ങള്‍
അവലംബം: കെ.എസ്.സി.എസ്.റ്റി.ഇ, ശാസ്ത്രഭവന്‍, തിരുവനന്തപുരം

ശാസ്ത്ര സാങ്കേതികതയിലെ പശ്ചാത്തല സൗകര്യ വികസന പരിപാടികള്‍

ശാസ്ത്ര മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനും ഗവേഷണം വ്യാപിപ്പിക്കുന്നതിനും കലാലയങ്ങള്‍ക്കും വിദ്യാലയങ്ങള്‍ക്കും ആവശ്യമായ പശ്ചാത്തലസൗകര്യങ്ങള്‍ പ്രദാനം ചെയ്യുന്നതിനായി ലാബുകളും അനുബന്ധ സൗകര്യങ്ങളും ഈ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ക്രമീകരിക്കുന്നതിനാവശ്യമായ സാമ്പത്തിക സഹായം കൗണ്‍സില്‍ നല്‍കുന്നുണ്ട്. സെലക്ടീവ് ഓഗ്മെന്റേഷന്‍ ഓഫ്റിസർച്ച്‌ ആന്‍ഡ് ഡവലപ്മെന്റ് (എസ്.എ.ആര്‍.ഡി), ശാസ്ത്രപോഷിണി എന്നീ രണ്ടു പരിപാടികള്‍ കൗണ്‍സില്‍ ഇതിനായി നടത്തുന്നുണ്ട്. കലാലയങ്ങളിലും സർവകലാശാലകളിലും നിര്‍ദ്ദിഷ്ഠ മേഖലകളില്‍ ഗവേഷണം വര്‍ദ്ധിപ്പിക്കുന്നതിനാവശ്യമായ സൗകര്യങ്ങള്‍ സൃഷ്ടിക്കുന്നതിനായി വിഭാവനം ചെയ്തിട്ടുള്ളതാണ് എസ്.എ.ആര്‍.ഡി. ലബോറട്ടറകളിലെ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായി ഉപകരണങ്ങള്‍ വാങ്ങുന്നതിനും അവയുടെ അറ്റകുറ്റ പണികള്‍ക്കുമായി ഈ പരിപാടിയിലൂടെ ധനസഹായം നല്‍കുന്നു. ഇത്തരത്തില്‍ കേരളത്തിലെ 57 സയന്‍സ് ബിരുദാനന്തരബിരുദ ലബോറട്ടറികളിലും ഗവേഷണ സ്ഥാപനങ്ങളിലും അടിസ്ഥാന സൗകര്യങ്ങൾ ഇതുവരെ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.

ഹൈസ്കൂള്‍തലത്തില്‍ മെച്ചപ്പെട്ട ശാസ്ത്ര അന്തരീക്ഷം സൃഷ്ടിക്കുന്നതിനായി ഭൌതിക ശാസ്ത്രം, രസതന്ത്രം, ജീവശാസ്ത്രം എന്നീ വിഷയങ്ങളി‍ല്‍ മാതൃക ലബോറട്ടറികള്‍ സ്ഥാപിക്കുന്നതിന് ലക്ഷ്യമിടുന്ന പദ്ധതിയാണ് ശാസ്ത്രപോഷിണി. ഈ പദ്ധതിയുടെ ആരംഭം മുതല്‍ സംസ്ഥാനത്തെ സര്‍ക്കാര്‍, എയിഡഡ് മേഖലകളിലെ 179 സ്കൂളുകളില്‍ മെച്ചപ്പെട്ട ശാസ്ത്ര ലബോറട്ടറികള്‍ സ്ഥാപിക്കുന്നതിന് സഹായം നല്‍കിയിട്ടുണ്ട്.

എഞ്ചിനീയറിംഗ് ആന്‍ഡ് ടെക്നോളജി പ്രോഗ്രാം (ഇ.റ്റി.പി.)

എഞ്ചിനീയറിംഗ്, സാങ്കേതിക മേഖലയില്‍ ഉന്നത നിലവാരത്തിലുള്ള ഗവേഷണ പ്രതിഭകളെ പ്രോത്സാഹിപ്പിക്കുന്നതിനായുള്ള പരിപാടിയാണ് ഇ.റ്റി.പി. സംസ്ഥാനത്തെ എഞ്ചിനീയറിംഗ് കോളേജുകളിലെ പ്രഗത്ഭര്‍ക്കും ഗവേഷണ, വികസന സ്ഥാപനങ്ങളിലെ ശാസ്ത്രജ്ഞര്‍ക്കും വേണ്ടി ആരംഭിച്ചിട്ടുള്ളതാണ് ഈ പദ്ധതി. 2010-11 മുതല്‍ 2015-16 വരെയുള്ള കാലയളവില്‍ ഇ.റ്റി.പി.യുടെ കീഴില്‍ ലഭ്യമായതും അംഗീകരിക്കപ്പെട്ടതുമായ പ്രൊപ്പോസലുകളുടെ എണ്ണം ചിത്രം 7.5ല്‍ െകാടുത്തിരിക്കുന്നു.

ചിത്രം 7.5
2010 -11 മുതല്‍ 2015-16 വരെ ലഭിച്ചയും അംഗീകരിച്ചതുവായ ഇ.റ്റി.പി. പ്രൊസ്പോസലുകള്‍
അവലംബം: കെ.എസ്.സി.എസ്.റ്റി.ഇ, ശാസ്ത്രഭവന്‍, തിരുവനന്തപുരം

സാങ്കേതികവിദ്യ വികസനവും അനുരൂപീകരണവും പരിപാടി (റ്റി.ഡി.എ.പി)

നൂതനവും ആവശ്യാധിഷ്ഠിതവുമായ സാങ്കേതികവിദ്യയുടെ വികസനത്തിനും പരീക്ഷണത്തിനും വേണ്ട സഹായം നല്‍കുക എന്നതാണ് പരിപാടിയുടെ ശരിയായ ലക്ഷ്യം. ഇത്തരത്തിലുള്ള സാങ്കേതിക വിദ്യ വാണിജ്യവല്‍ക്കരണം വരെ എത്തിക്കുക എന്നതും പരിപാടി ലക്ഷ്യമിടുന്നു. തൊഴിലധിഷ്ഠിത ബിരുദധാരികളായ (എഞ്ചിനീയറിംഗ് അല്ലെങ്കില്‍ തത്തുല്യ ഡിപ്ലോമ/ബിരുദം) തൊഴിലധിഷ്ഠിത സാങ്കേതിക കോഴ്സുകളിലെ വിദ്യാര്‍ത്ഥികള്‍, ഗവേഷണ സ്ഥാപനങ്ങള്‍/വിദ്യാഭ്യാസ സ്ഥാപനങ്ങള്‍/സര്‍ക്കാരിതര സംഘടനകള്‍ എന്നിവിടങ്ങളില്‍ നിന്നുമുള്ള ശാസ്ത്രജ്ഞര്‍/ഗവേഷകര്‍ എന്നിവര്‍ക്ക് ഈ പദ്ധതിപ്രകാരം അപേക്ഷിക്കാവുന്നതാണ്. 2015-16 വര്‍ഷത്തില്‍ ലഭിച്ച 14 പ്രൊപ്പോസലുകളില്‍ 5 എണ്ണം അനുവദിച്ചിട്ടുണ്ട്

ഗ്രാമീണ സാങ്കേതിക പരിപാടി (ആര്‍.റ്റി.പി.)

പരമ്പരാഗത ഗ്രാമീണ സാങ്കേതിക വിദ്യ പ്രോത്സാഹിപ്പിക്കുന്നതിനും അവ നവീകരിക്കുന്നതിനും വേണ്ടി ധനസഹായത്തിന്റെ രൂപത്തില്‍ സഹായം പ്രദാനം ചെയ്യുന്നതിനും അതുവഴി സാങ്കേതിക വിദ്യ മെച്ചപ്പെടുത്തി വ്യാപകമായി ഉപയോഗിക്കുന്നതിനും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും ഗ്രാമീണ നിവാസികളുടെ കഠിനമായ ജോലിഭാരം കുറയ്ക്കുന്നതിനും ലക്ഷ്യമിട്ടുകൊണ്ടുള്ളതാണ് ആര്‍.റ്റി.പി. പദ്ധതി. അടിസ്ഥാനതലത്തിലുള്ള വ്യക്തികളെയും നൂതന കണ്ടുപിടിത്തങ്ങള്‍ നടത്തുന്നവരെയും പ്രോത്സാഹിപ്പിക്കുന്നതിനും സഹായിക്കുന്നതിനും അതിലൂടെ ഗ്രാമീണ സാങ്കേതിക മേഖലയിലുള്ള നൂതന ആശയങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും നൂതന കണ്ടുപിടുത്തങ്ങള്‍ സംരംഭക നിലയില്‍ എത്തിക്കുന്നതിനും ആണ് പദ്ധതി പ്രധാനമായും ലക്ഷ്യമിടുന്നത്. ആര്‍.റ്റി.പി. പരിപാടിയില്‍ ഉള്‍പ്പെട്ടിട്ടുള്ള സ്ഥാപനങ്ങള്‍ ചിത്രം 7.6ല്‍ കൊടുത്തിരിക്കുന്നു.

ചിത്രം 7.6
ആര്‍.റ്റി.പിയില്‍ ഉള്‍പ്പെട്ടിട്ടുളള സ്ഥാപനങ്ങള്‍
അവലംബം: കെ.എസ്.സി.എസ്.റ്റി.ഇ, ശാസ്ത്രഭവന്‍, തിരുവനന്തപുരം


പേറ്റന്റ് ഇന്‍ഫര്‍മേഷന്‍ കേന്ദ്രം – കേരള (പി.ഐ.സി. കേരള)

കേരള സംസ്ഥാനത്തിലെ ജനങ്ങള്‍ക്ക് ബൌദ്ധിക സ്വത്തവകാശം (ഐ.പി.ആര്‍) സംബന്ധിക്കുന്ന സേവനങ്ങള്‍ ലഭ്യമാക്കുന്നതിനായി കെ.എസ്.സി.എസ്.റ്റി.ഇ. ഭാരതസര്‍ക്കാരിന്റെ ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ സഹകരണത്തോടെ 2003ല്‍ പേറ്റന്റ് ഇന്‍ഫര്‍മേഷന്‍കേന്ദ്രം സ്ഥാപിച്ചു. ബോധവല്‍ക്കരണ ക്യാംപയിനുകള്‍, പ്രസിദ്ധീകരണങ്ങള്‍ എന്നിവയിലൂടെ സംസ്ഥാനത്ത് ഐ.പി.ആര്‍ പ്രചരിപ്പിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായ പി.ഐ.സി. വിവിധ പരിപാടികള്‍ നടപ്പിലാക്കുന്നുണ്ട്. കണ്ടുപിടിത്തം നടത്തുന്ന വ്യക്തികള്‍ക്ക് തങ്ങളുടെ ബൌദ്ധിക സ്വത്തുക്കള്‍ സംരക്ഷിക്കുന്നതിനും പേറ്റന്റ് സംബന്ധിക്കുന്ന രേഖകള്‍ ലഭ്യമാക്കുന്നതിനും ഈകേന്ദ്രം മാര്‍ഗനിര്‍ദേശം നല്‍കുന്നു. ഈകേന്ദ്രത്തിന്റെ അത്യന്തിക ലക്ഷ്യം സംസ്ഥാനത്തെ ബൌദ്ധിക ഫലം വര്‍ദ്ധിപ്പിക്കുക എന്നതാണ്. പട്ടിക 7.1 ല്‍ പേറ്റന്റ് സംബന്ധിക്കുന്ന അപേക്ഷയുടെ എണ്ണം കൊടുത്തിരിക്കുന്നു.

പട്ടിക – 7.1
പേറ്റന്റ് അപേക്ഷയുടെ എണ്ണം
വര്‍ഷം പേറ്റന്‍റ് അപേക്ഷയുടെ എണ്ണം
2010 56
2011 74
2012 87
2013 89
2014 59
2015 60
2016 45
അവലംബം: കെ.എസ്.സി.എസ്.റ്റി.ഇ, ശാസ്ത്രഭവന്‍, തിരുവനന്തപുര

സ്ത്രീകള്‍ക്കായുള്ള ശാസ്ത്ര പരിപാടി

സ്ത്രീസാക്ഷരരുടെ എണ്ണം കേരളത്തില്‍ വളരെ കൂടുതലാണെങ്കിലും ശാസ്ത്ര ഗവേഷണത്തില്‍ അവരുടെ പങ്കാളിത്തം വളരെ കുറവാണ്. സ്ത്രീകളേയും പെണ്‍കുട്ടികളേയും ശാസ്ത്ര രംഗത്തേക്ക് ആകര്‍ഷിക്കുന്നതിനും ഈ മേഖലയില്‍ നിന്നും തൊഴില്‍ സ്വീകരിക്കുന്നതിനും സഹായകരമാകുന്ന സംവിധാനങ്ങള്‍ പ്രദാനം ചെയ്യുന്നതിനായി ശാസ്ത്രം, സാങ്കേതികത, എഞ്ചിനീയറിംഗ്, കൃഷി, വൈദ്യശാസ്ത്രം (എസ്.റ്റി.ഇ.എ.എം) എന്നീ മേഖലകളില്‍ സ്ത്രീകളുടേയും പെണ്‍കുട്ടികളുടെയും പങ്കാളിത്തം വര്‍ദ്ധിപ്പിക്കുന്നതിനായി വളരെയധികം പദ്ധതികളും പരിപാടികളും കെ.എസ്.സി. എസ്.റ്റി.ഇ.യുടെ വനിതാ ശാസ്ത്ര വിഭാഗം ആരംഭിച്ചിട്ടുണ്ട്. ഈ മേഖലയില്‍ കൗണ്‍സില്‍ നടപ്പിലാക്കുന്ന പ്രധാന പരിപാടികള്‍ താഴെ ചേര്‍ക്കുന്നു.

വിമന്‍ ഇന്‍ സയന്‍സ്

  • ബാക്ക് റ്റു ലാബ് റിസര്‍ച്ച് ഫെല്ലോഷിപ്പ് പരിപാടി
    സ്ത്രീകളുടെ ജീവിതത്തില്‍ മാറ്റങ്ങള്‍ ഉളവാക്കുന്നതില്‍ ശാസ്ത്രപുരോഗതിയുടെ പ്രാധാന്യം സംബന്ധിക്കുന്ന അവബോധ പരിപാടികള്‍
  • കേരളത്തിലെ ശാസ്ത്രരംഗത്തെ സ്ത്രീകളെ സംബന്ധിക്കുന്ന ഡേറ്റാബേസ് തയ്യാറാക്കുന്നതിനായുള്ള പദ്ധതി
    വി.എസ്.ഒ.ആര്‍,റ്റി – തൊഴില്‍പരമായ വൈദഗ്ദ്ധ്യം പുന:സ്ഥാപിക്കുന്നതിനായുള്ള പരിശീലനം
  • സ്റ്റാര്‍സ് (സയന്‍സില്‍ ഗവേഷണം നടത്തുന്നതിന് പ്രാഗത്ഭ്യവും, അഭിരുചിയും ഉള്ള വിദ്യാര്‍ത്ഥികള്‍ക്കായുള്ള പരിപാടി)
    • പ്രതിഭ സ്കോളര്‍ഷിപ്പ് പദ്ധതി
    • സ്പീഡ് (വിദ്യാര്‍ത്ഥികള്‍ക്കായി പരീക്ഷണ മാതൃകകളി‍ല്‍ മികവിനുള്ള പരിപാടി)

ശാസ്ത്ര സേവനങ്ങളിലും ഗവേഷണത്തിലുമുള്ള സര്‍ക്കാര്‍ ധന വിനിയോഗം

സംസ്ഥാനത്തെ ശാസ്ത്ര സേവനങ്ങളുടേയും ഗവേഷണത്തിന്റേയും വ്യാപനവുമായി ബന്ധപ്പെട്ട വര്‍ദ്ധിച്ചു വരുന്ന ചെലവുകള്‍ക്കും ധനനിക്ഷേപത്തിനുമായി, അഞ്ചാം പഞ്ചവത്സര പദ്ധതിക്കാലം മുതല്‍ സംസ്ഥാനത്തിന്റെ ബജറ്റ് വിനിയോഗത്തില്‍ നിശ്ചിത ഭാഗം ശാസ്ത്രമേഖലയ്ക്കായി വകയിരുത്തുന്നുണ്ട്. അഞ്ചാം പഞ്ചവത്സര പദ്ധതിക്കാലത്ത് (1974-78) ഈ മേഖലയ്ക്കനുവദിച്ച വിഹിതം 7.98 കോടിയായിരുന്നത് പന്ത്രണ്ടാം പദ്ധതി കാലയളവില്‍ (2012-17)ല്‍ 436.44 കോടിയായി വര്‍ദ്ധിച്ചിട്ടുണ്ട്. 2012-13 മുതല്‍ 2016-17 വരെയുള്ള കാലയളവിലെ പദ്ധതി വിഹിതവും ചെലവും പട്ടിക 7.2ല്‍ കൊടുത്തിരിക്കുന്നു.

പട്ടിക 7.2
2012 മുതല്‍ 2017 വരെയും പദ്ധതി വിഹിതവും ചെലവും, (രൂപ ലക്ഷത്തില്‍)
വര്‍ഷം വിഹിതം ചെലവ്
2012-13 6620 6396.15
2013-14 7895 5136.93
2014-15 9171 5464.65
2015-16 9979 6362.20
2016-17 9979 2323.24*
അവലംബം: വാര്‍ഷിക പദ്ധതി സംസ്ഥാന ആസൂത്രണ ബോര്‍ഡ്.

മാനവശേഷി വികസന പരിശീലനം

പ്രഗത്ഭരായ ശാസ്ത്രപ്രതിഭകളുടെ സുസ്ഥിര ലഭ്യത ഉറപ്പാക്കുക എന്നത് ഒരു വെല്ലുവിളിയാണ്. ഒരു സംസ്ഥാനത്തെയോ അതിന്റെ സമ്പദ് വ്യസ്ഥയേയോ വിജയകരമായി നയിക്കുന്നതില്‍ ശാസ്ത്രം, സാങ്കേതികത, നൂതന കണ്ടുപിടിത്തങ്ങള്‍, ശാസ്ത്ര സാങ്കേതികത അടിസ്ഥാനമായുള്ള പ്രശ്നപരിഹാരം എന്നിവയില്‍ യുവാക്കളെ സജ്ജരാക്കുന്നതിനുള്ള ഗവേഷണനൈപുണ്യവും പ്രാഗത്ഭ്യവും വളര്‍ത്തിയെടുക്കുന്നതില്‍ ശാസ്ത്രഗവേഷണ സ്ഥാപനങ്ങള്‍ക്ക് മുഖ്യ പ്രാധാന്യമുണ്ട്. 2016 ഒക്ടോബര്‍ വരെ കെ.എസ്.സി.എസ്.റ്റി.ഇ.യുടെ ഗവേഷണ വികസന സ്ഥാപനങ്ങള്‍ 7 പി.എച്ച്.ഡി. നല്‍കിയിട്ടുണ്ട്. ഗവേഷണത്തില്‍ 1174 മാനവശേഷി പരിശീലനവും സാങ്കേതികതയില്‍ 170 പരിശീലനവും ഈ സ്ഥാപനങ്ങള്‍ നടത്തി. മെച്ചപ്പെട്ട മാനവശേഷി, പേറ്റന്റ്, സാങ്കേതിക കൈമാറ്റം എന്നിവയിലൂടെ മെച്ചമായ ഫലങ്ങള്‍ സൃഷ്ടിക്കുന്നതിനായി, ഗവേഷണ വികസന സ്ഥാപനങ്ങളുടെ യോജിച്ചുള്ള പ്രവര്‍ത്തനം പട്ടിക 7.3ല്‍ കൊടുത്തിരിക്കുന്നു.

പട്ടിക 7.3
ഗവേഷണ വികസന സ്ഥാപനങ്ങളുടെ നേട്ടങ്ങള്‍
ഗവേഷണ വികസന സ്ഥാപനങ്ങള്‍ 2012 2013 2014 2015 2016
പി എച് ഡി 12 10 11 12 7
ഗവേഷണ മാനവശേഷി പരിശീലനം 171 1017 703 534 1174
സാങ്കേതിക മാനവശേഷി പരിശീലനം 146 283 473 243 170
പേറ്റന്‍റ് അപേക്ഷ 1 1 Nil 1 Nil
സാങ്കേതിക വിദ്യ കൈമാറ്റം റോഡ് നിര്‍മ്മാണത്തില്‍ പ്ലാസ്റ്റിക് മാലിന്യത്തിന്റെ ഉപയോഗം 3
അവലംബം: വാര്‍ഷിക പദ്ധതി സംസ്ഥാന ആസൂത്രണ ബോര്‍ഡ്

വിദ്യാഭ്യാസ, വ്യവസായ, ഗവേഷണ സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെ പഠനം, ഗവേഷണം, വികസനം എന്നിവയിലൂടെ മെച്ചമായ ശാസ്ത്രവും സാങ്കേതികതയും പ്രോത്സാഹിപ്പിക്കുന്നതിന് കൗണ്‍സില്‍ കാര്യമായി പ്രവര്‍ത്തിക്കുന്നുണ്ട്. ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി സര്‍ക്കാരില്‍ നിന്നും ഗണ്യമായ വിഹിതം കൗണ്‍സിലിന് ലഭിക്കുന്നുമുണ്ട്. ശാസ്ത്രസാങ്കേതിക രംഗത്തെ നേട്ടങ്ങള്‍ സമ്പദ് വ്യവസ്ഥയുടെ മറ്റ് എല്ലാ മേഖലകളിലെയും മുന്നോട്ടുള്ള വികസനത്തിനും നവീകരണത്തിനും സഹായിക്കുന്നു. സംസ്ഥാനത്തിന് ഉചിതമായ ശാസ്ത്ര ഗവേഷണ പ്രവര്‍ത്തനങ്ങളില്‍ ശാസ്ത്രജ്ഞരെയും സർവകലാശാലയിലെ വിദഗ്ദരെയും ഉള്‍പ്പെടുത്തിക്കൊണ്ടും ഗുണനിലവാലമുള്ള ഗവേഷണം, മാനവശേഷി, ഉപകരണങ്ങള്‍, ആവശ്യ പശ്ചാത്തല സൗകര്യം എന്നിവ പ്രദാനം ചെയ്യുന്നതിലൂടെയും ഈ മേഖലയുടെ വികസനം ഉറപ്പു വരുത്താവുന്നതാണ്.

റീജിയണല്‍ കാന്‍സെര്‍ സെന്റര്‍, തിരുവനന്തപുരം (ആര്‍.സി.സി)

സംസ്ഥാന സര്‍ക്കാരും ഭാരത സര്‍ക്കാരും സംയുക്തമായി 1981 ല്‍ സ്ഥാപിച്ച തിരുവനന്തപുരം റീജണല്‍ ക്യാന്‍സര്‍ ‍ സെന്റര്‍ സര്‍ക്കാര്‍ ‍ ധന സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ഒരു മുന്‍നിര അര്‍ബുദ രോഗ പരിശോധനാ ചികിത്സ നിവാരണ സ്ഥാപനമാണ്. അര്‍‍ബുദ രോഗ ഗവേഷണം പ്രോത്സാഹിപ്പിക്കുകയും അര്‍ബുദ രോഗത്തെ പറ്റി പഠിക്കുന്ന വൈദ്യ ശാസ്ത്ര ശാഖയില്‍ ‍ ആവശ്യമായ മാനവ ശേഷി വികസനവും , സംയുക്ത കാന്‍സര്‍ കെയര്‍ പ്രവര്‍ത്തനങ്ങളും ഈ സ്ഥാപനം നടത്തുന്നുണ്ട്. അര്‍ബുദ രോഗ പഠന വൈദ്യ ശാസ്ത്ര മേഖലയിലെ വിവിധ മേഖലകളെ സംബന്ധിക്കുന്ന അടിസ്ഥാന പ്രായോഗിക സ്ഥിതി വിവര ശാസ്ത്ര ഗവേഷണം നടത്തുക എന്നതാണ് ഈ സെന്ററിന്റെ പ്രധാന ലക്ഷ്യം.

കേരളത്തിലെ ക്യാന്‍സര്‍ രോഗ നിര്‍ണ്ണയം /നിയന്ത്രണം, ചികിത്സ എന്നിവയ്ക്കായി സര്‍ക്കാര്‍ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന പ്രമുഖ സ്ഥാപനമാണ് അര്‍,സി.സി രാജ്യത്ത് നിലവിലുള്ള 28 റീജണല്‍ ക്യാന്‍സര്‍ സെന്ററുകളില്‍ മുന്‍പന്തിയിലുള്ള മൂന്നെണ്ണത്തിലൊന്നാണ് അര്‍.സി.സി. അന്താരാഷ്ട്ര സംഘടനകളായ ലോകാരോഗ്യ സംഘടന, അന്താരാഷ്ട്ര ക്യാന്‍സര്‍ ഗവേഷണകേന്ദ്രം (ഫ്രാന്‍സ്), അന്താരാഷ്ട്ര ആണവോര്‍ജ്ജ ഏജന്‍സി (വിയന്ന), ദേശീയ ക്യാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് (യു.എസ്എ), ക്യാന്‍സര്‍ ഗവേഷണകേന്ദ്രം ( യു.കെ) ആരോഗ്യ ഗവേഷണകേന്ദ്രം (ജപ്പാന്‍) എന്നിവയും മറ്റ് പ്രമുഖ സംഘടനകളുമായി ആര്‍.സി.സി മെച്ചമായ ബന്ധം നിലനിര്‍ത്തുന്നു.

കഴിഞ് 30 വര്‍ഷങ്ങളായി കുറഞ്ഞ ചെലവില്‍ മെച്ചപ്പെട്ട അര്‍ബുദ പരിശോധനയും ചികില്‍സയും നല്‍കി കൊണ്ട് കേരളത്തിലെയും തമിഴ്നാട്, കര്‍ണ്ണാടക എന്നീ സംസ്ഥാനങ്ങളിലെ സമീപ പ്രദേശത്തിലെയും ജനങ്ങളുടെ വര്‍ദ്ധിച്ചു വരുന്ന അര്‍ബുധ രോഗാവശ്യങ്ങള്‍ പരിഗണിക്കുന്നതില്‍ അര്‍.സി.സി ഗണ്യമായ സംഭാവന ചെയ്തിട്ടുണ്ട്. അര്‍ബുദ രോഗംനിയന്ത്രണ വിധേയമാകുന്നതിനും അര്‍ബുദ ചികില്‍സയുടെ വിവിധ മേഖലകളിലാവശ്യമായ മാനുഷിക ശേഷി വളര്‍ത്തുന്നതിനും പുതിയ ചികിത്സാ രീതികള്‍ ലഭ്യമാക്കുന്നതിനായി ഗവേഷണം പ്രോത്സാഹിപ്പിക്കുന്നതിനും ആര്‍.സി.സി പ്രതിജ്ഞാബന്ധമാണ്. ബോക്സ് 7.1 അര്‍ .സി.സി യുടെ രൂപ രേഖ നല്‍കുന്നു.

ബോക്സ് 7.1
ആര്‍.സി.സി യുടെ 2015 -16 ലെ രൂപ രേഖ ഒറ്റനോട്ടത്തില്‍
  • രജിസ്റ്റര്‍ ചെയ്ത പുതിയ കേസുകള്‍ - 16042
  • പുന: പരിശോധനയക്കായി രജിസ്റ്റര്‍ ചെയ്ത കേസുകള്‍ - 216156
  • കിടത്തി ചികിത്സിച്ച രേഗികള്‍ - 11237
  • റേഡിയോ തെറാപ്പി - 6886
  • ബ്രചി തെറാപ്പി - 1646
  • ശാസ്ത്രക്രിയ സംബന്ധിക്കുന്ന പ്രവര്‍ത്തനങ്ങള്‍ - 5547
  • എന്‍ഡോസ്കോപ്പുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ - 1830
  • കീമോതെറാപ്പി - 10089
  • മജ്ജമാറ്റിവയ്ക്കല്‍ - 30
  • ക്യാന്‍സര്‍ രോഗ നിര്‍ണ്ണയ പരിപാടകള്‍ - 444
  • ക്യാന്‍സര്‍ രോഗ വിദ്യാഭ്യാസ പരിപാടികള്‍ - 184
  • നിലവിലുള്ള ഗവേഷണ പ്രോജക്ടുകള്‍ - 155
അവലംബം: ആര്‍ .സി.സി, തിരുവനന്തപുരം

രോഗികള്‍ക്കായുള്ള പരിചരണ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തല്‍

അര്‍ബുദ രോഗ ചികിത്സ ഭേദമാക്കുന്നതിനുള്ള പ്രധാന ഘടകം ആരംഭത്തില്‍ തന്നെ കണ്ടെത്തുകയെന്നതാണ്. ആധുനിക രോഗ കണ്ടെത്തല്‍ സൗകര്യങ്ങള്‍ ഇതിന് അത്യാവശ്യമാണ്. കഴിഞ്ഞ ആറു വര്‍ഷങ്ങളില്‍, രോഗം ഭേദമായി ആരോഗ്യപ്രദമായ ജീവിതം നയിക്കുന്നതിനുള്ള സാഹചര്യം രോഗികള്‍ക്ക് ഒരുക്കുന്നതിന് ആദ്യകാലഘട്ടങ്ങളില്‍ തന്നെ രോഗം കണ്ടെത്തി സംയോജിത ചികിത്സ നല്‍കുന്നതിന് ആവശ്യമായ ആധുനിക ഉപകരണങ്ങള്‍ സ്വയത്തമാക്കുന്നതിന് ആര്‍സിസി ക്ക് കഴിഞ്ഞിട്ടുണ്ട്. സമഗ്ര അര്‍ബുദ ചികിത്സയ്ക്കാവശ്യമായ എല്ലാ വിഭാഗങ്ങളും ചികിത്സാ സൗകര്യങ്ങളും ആര്‍ .സി.സി യില്‍ നിലവിലുണ്ട്.

പ്രധാന രോഗ നിര്‍ണ്ണയ, ചികിത്സാ സൗകര്യങ്ങള്‍

രോഗ നിര്‍ണ്ണയങ്ങള്‍

  • പത്തോളജി
  • ഇേമേജാളജി
  • ന്യൂക്ളിയര്‍മെഡിസിന്‍
  • ക്സിനിക്കല്‍ ലബോറട്ടറി
  • ട്രാന്‍സ്ഫ്യൂമേഷൻ മെഡിസിൻ
  • മൈക്രോബയോളജി
  • കാ ൻസര്‍ റിസര്‍ച്ച്

ചികിത്സാ സൗകര്യങ്ങള്‍

  • റേഡിയേഷൻ ഓങ്കോളജി
  • സര്‍ജിക്കല്‍ ഓങ്കോളജി
  • മെഡിക്കല്‍ ഓങ്കോളജി
  • പിഡിയാട്രിക് ഓങ്കോളജി
  • സ്വാന്തന ചികിത്സ

ചിത്രം 7.7 ല്‍ വിവിധ ശരീരഭാഗങ്ങളില്‍ വ്യാപിച്ച അര്‍ബുദ രോഗത്തിന്റെ വിവരങ്ങള്‍ 2015-16 ല്‍ രജിസ്റ്റര്‍ ചെയ്ത രോഗികളുടെ എണ്ണത്തിന്റെ ശതമാനത്തില്‍ കാണിച്ചിരിക്കുന്നു.

ചിത്രം 7.7
വിവിധ ശരീരഭാഗങ്ങളില്‍ വ്യാപിച്ച അര്‍ബുദ രോഗത്തിന്റെ വിവരങ്ങള്‍ 2015-16
അവലംബം:റീജനല്‍ ക്യാന്‍സര്‍ സെന്റര്‍, തിരുവനന്തപുരം

ഏറ്റവും കൂടുതല്‍ പുതിയ അര്‍ബുദ രോഗ കേസുകള്‍ രജിസ്റ്റര്‍ ചെയ്തത് നെഞ്ച് ഗ്രാസ്ട്രോഇന്റസ്റ്റീനല്‍ രോഗങ്ങള്‍ക്കാണ്. തുടര്‍ന്ന ഗര്‍ഭാശയ ജെനിറ്റോ യൂറിനറി, ബ്രെസ്റ്റ്,കേന്ദ്രനാഡീ വ്യവസ്ഥാ ക്യാന്‍സറുകളാണ്. പുതിയതും പുന: പരിശോധനയ്ക്കുമായി രജിസ്റ്റര്‍ ചെയ്ത കേസുകളുടെ കണക്കുകള്‍ സൂചിപ്പിക്കുന്നത് നെഞ്ച്, ഗ്യാസ്ട്രോഇന്റസ്റ്റീനല്‍, ബ്രെസ്ററ്,കേന്ദ്ര നാഡീ വ്യവസ്ഥ എന്നിവയില്‍ വര്‍ദ്ധനവുണ്ടായിട്ടുണ്ട്. 2015-16 ല്‍ പുതിയതായി ചികിത്സ തേടിയിട്ടുള്ള പുന:പരിശോധനയ്ക്ക് വിധേയമായതുമായ രോഗികളുടെ എണ്ണ പട്ടിക 7.4 ല്‍ കൊടുത്തിരിക്കുന്നു.

പട്ടിക 7.4
2015-16 ല്‍ പുതിയതായി ചികിത്സ തേടിയിട്ടുള്ള പുന:പരിശോധനയ്ക്ക് വിധേയമായതുമായ രോഗികളുടെ എണ്ണം
ക്ലീനിക് പുതിയത് റിവ്യൂ ആകെ
നെഞ്ച്. ഗ്രാസ്ട്രോഇന്റസ്റ്റീനല്‍ 3702 33002 36704
ഗൈനക്, ജനിറ്റിനറി 2708 31262 33970
സ്തനം,കേന്ദ്ര നാഡീ വ്യൂഹം 2628 44502 47130
ഹെഡ്, നെക്ക് 2575 32147 34722
ഹിമറ്റോ ലിം ഫോറിറ്റിക്യുലാര്‍, ബോണ്‍, സോഫ്റ്റ്, ടിഷ്യൂ സര്‍കോമ 2375 40666 43041
പീഡിയാട്രിക് 645 14728 15373
തൈറോയിഡ് 1409 19849 21258
ആകെ 16042 216156 232198
അവലംബം:റീജനല്‍ ക്യാന്‍സര്‍ സെന്റര്‍, തിരുവനന്തപുരം

രജിസ്റ്റര്‍ ചെയ്ത പുതിയ കേസുകള്‍ സൂചിപ്പിക്കുന്നത് മധ്യവയസ്കരാണ് കൂടുതല്‍ രോഗ ബാധിതര്‍ എന്നാണ്. പുരുഷന്മാരില്‍ ‍ 55 -64 പ്രായമുള്ളവരില്‍ ഏകദേശം 29.19% പേര്‍ രോഗ ബാധിതരാണ്. എന്നാല്‍ സ്ത്രീകളുടെ കാര്യത്തില്‍ ഇതിലും കുറഞ്ഞ പ്രായമുള്ളവരാണ് രോഗ ബാധിതര്‍. അതായത് 25.4% ക്യാന്‍സര്‍ ബാധിതരായ സ്ത്രീകള്‍ ഉള്‍പ്പെടുന്നത്. 45-54 പ്രായ പരിധിയിലാണ്.

പട്ടിക 7.5
അര്‍ബുദ രോഗികളുടെ എണ്ണം ലിംഗാടിസ്ഥാനത്തില്‍ 2015-16 (ശതമാനം)
പുരുഷന്‍ തരം സ്ത്രീ
185 (2.6) ബ്രെയിന്‍ & നാഡീ വ്യവസ്ഥ 116 (1.6)
1315 (18.9) ഓറല്‍ ക്യാവിറ്റി & ഫാരിംഗ്സ് 537 (7.4)
315 (4.5) തൈറോയ്ഡ് 1059 (14.8)
1305 (18.5) റെസ്പിറേറ്ററി സിസ്റ്റം 228 (3.2)
25 (0.4) ബ്രെസ്റ്റ് 2054 (28.7)
602 (8.6) അന്നനാളം & ഉദരം 217 (3.0)
848 (12.0) ദഹന വ്യവസ്ഥയുമായി ബന്ധപ്പെട്ട മറ്റ് അവയവങ്ങള്‍ 510 (7.1)
290 (4.2) യൂറിനറി ട്രാക്റ്റ് 63 (0.9)
390 (5.6) റീപ്രൊഡക്റ്റീവ് സിസ്റ്റം 1214 (16.9)
300 (4.4) ബോണ്‍, ടിഷ്യൂ & സ്കിന്‍ 243 (3.4)
711 (10.1) ലുക്കീമിയ & മൈലോമ 520 (7.2)
481 (6.9) ലിംഫോമ 274 (3.8)
258 (3.7) മറ്റുള്ളവ 128 (1.9)
അവലംബം:റീജനല്‍ ക്യാന്‍സര്‍ സെന്റര്‍, തിരുവനന്തപുരം
പട്ടിക 7.6
2015-16 ല്‍ പുതിയതായി രജിസ്റ്റര്‍ ചെയ്ത രോഗികളുടെ എണ്ണം
(സാമൂഹിക-സാമ്പത്തിക നില അടിസ്ഥാനമാക്കി)
വിഭാഗം രോഗികളുടെ എണ്ണം ശതമാനം
ഏറ്റവും കുറവ് ചാര്‍ജ് ഈടാക്കിയത് 8513 53
കുറഞ്ഞ നിരക്കില്‍ ഈടാക്കിയത് 4284 27
സാധാരണ നിരക്ക് 3246 20
ആകെ 15,939 100
അവലംബം: ആര്‍.സി.സി, തിരുവനന്തപുരം

ചിത്രം 7.8 ല്‍ ലിംഗ / പ്രായ മനുസരിച്ച് 2015-16 ല്‍ ആര്‍.സി.സി യില്‍ കാന്‍സര്‍ ചികിത്സയ്ക്കായി രജിസ്റ്റര്‍ ചെയ്ത രോഗികളുടെ വിവരങ്ങള്‍ കൊടുത്തിരിക്കുന്നു.

ചിത്രം 7.8
2015-16 ല്‍ രജിസ്റ്റര്‍ ചെയ്ത പുതിയ രോഗികളെ പ്രായവും ലിംഗവുമനുസരിച്ചുളള കണക്ക്
അവലംബം:റീജനല്‍ ക്യാന്‍സര്‍ സെന്റര്‍, തിരുവനന്തപുരം

പട്ടിക 7.5 ല്‍ ലിംഗാടിസ്ഥാനത്തില്‍ അര്‍ബുദ രോഗികളുടെ എണ്ണം ശതമാനത്തില്‍ സൂചിപ്പിച്ചിരിക്കുന്നു. ചിലതരം അര്‍ബുദ രോഗങ്ങള്‍ ബാധിക്കുന്നതിലെ ലിഗംഭേദം കണക്കിലെടുത്താല്‍ ഓറല്‍ ക്യാവിറ്റി, ഫാരിന്‍കസ് ക്യാന്‍സര്‍, ശ്വാസകോശ ക്യാന്‍സര്‍ എന്നിവ സ്ത്രീകളേക്കാള്‍ കൂടുതല്‍ പുരുഷന്‍മാരെയാണ് ബാധിക്കുന്നത് എന്നുകാണാം.

റഫറല്‍ സിസ്റ്റം

ത്രിതീയ തലത്തിലുളള ഒരു റഫറല്‍ ആശുപത്രിയായ ആര്‍.സി.സി. യിലേക്ക് മറ്റ് സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളില്‍ നിന്നുമുളള രോഗികളെ റഫര്‍ ചെയ്യുന്നു. മിക്കവാറും കേസുകള്‍ തിരുവനന്തപുരം ജില്ലായില്‍ നിന്നുമാണ് റഫര്‍ ചെയ്യപ്പെടുന്നത്. തുടര്‍ന്ന് കൊല്ലം, മലപ്പുറം, പാലക്കാട്, ആലപ്പുഴ എന്നിവിടങ്ങളില്‍ നിന്നുമാണ്. കൂടാതെ തമിഴ്നാട്ടില്‍ നിന്നും 1740 കേസുകള്‍ കര്‍ണ്ണാടകയില്‍ നിന്നും 12 എണ്ണം, ലക്ഷദ്വീപില്‍ നിന്ന് 13, മറ്റ് ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നും 193 ഉം റഫര്‍ ചെയ്യപ്പെട്ടിടുണ്ട്. 2015-16 ല്‍ മാലിദ്വീപില്‍ നിന്ന് റഫര്‍ ചെയ്തിട്ടുളള രോഗികള്‍ 225 ആണ്.

രോഗികള്‍ക്കായുളള ക്ഷേമപദ്ധതികള്‍

താഴ്ന്ന വരുമാനമുളളവര്‍ക്ക് കുറഞ്ഞ നിരക്കിലുളള ചാര്‍ജുകള്‍ മാത്രമാണ് ആര്‍.സി.സി ഈടാക്കുന്നത്. ഇതിനായി സാമൂഹിക-സാമ്പത്തിക നിലവാരം, പണം നല്‍കുന്നതിനുളള കഴിവ് എന്നിവ അടിസ്ഥാനമാക്കി രോഗികളെ തരം തിരിച്ചിട്ടുണ്ട്.

പട്ടിക 7.6 ല്‍ വിവിധ വിഭാഗങ്ങളില്‍ നിന്നും 2015-16 ല്‍ രജിസ്റ്റര്‍ ചെയ്ത രോഗികളുടെ എണ്ണം കൊടുത്തിരിക്കുന്നു.

സര്‍ക്കാര്‍, സര്‍ക്കാരിതര സംഘടനകള്‍ എന്നിവയുടെ സഹായത്തോടെയുളള വിവിധ പരിപാടികളിലൂടെ രോഗികള്‍ക്കും അവരുടെ കുടുംബത്തിനുമായി സാമ്പത്തിക സഹായം, സൗജന്യഭക്ഷണം, മരുന്നുകള്‍, വിവിധ തരത്തിലുളള പുനരധിവാസ സൗകര്യങ്ങള്‍ എന്നിവ നല്‍കുന്നതിനായി ആര്‍.സി.സി വിവിധ പദ്ധതികള്‍ നടപ്പിലാക്കിയിട്ടുണ്ട്.

സംസ്ഥാന സര്‍ക്കാരിന്റെ സഹായത്തോടെയുളള പദ്ധതികള്‍ - ക്യാന്‍സര്‍ സുരക്ഷ പദ്ധതി, ചിസ് പ്ലസ് കാരുണ്യ ഉദാര പദ്ധതി, സുകൃതം, താലോലം, പട്ടിക വര്‍ഗ്ഗ രോഗികള്‍ക്കുളള ഫണ്ട്, എന്‍ഡോസള്‍ഫാന്‍, ദുരിത ബാധിതര്‍ക്കുളള സ്നേഹസാന്ത്വനം.കേന്ദ്ര സര്‍ക്കാര്‍ പദ്ധതികള്‍ - പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ പദ്ധതി, ആരോഗ്യമന്ത്രിയുടെ രാഷ്ട്രീയ ആരോഗ്യ നിധി (ആര്‍.എ.എന്‍), ആരോഗ്യമന്ത്രിയുടെ പ്രത്യേത ഫണ്ട്.

ആര്‍.സി.സിയുടെ പ്രധാന സംരംഭങ്ങള്‍

സര്‍ക്കാര്‍ സാഹായപദ്ധതികള്‍ക്കു പുറമേകാന്‍സര്‍ രോഗികുളെയും കുടുംബങ്ങളെയും താഴെ പറയുന്ന മറ്റു പദ്ധതികള്‍ വഴിയും സഹായിക്കുന്നു

  1. ക്യാന്‍സര്‍ കെയര്‍ ഫോര്‍ ലൈഫ് (സി.സി.എല്‍) പദ്ധതി – ക്യാന്‍സര്‍ രോഗ ചികിത്സയ്ക്കായുളള ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയാണിത്. ജനങ്ങളില്‍ നിന്നുമുളള പ്രതികരണത്തിന്റെ അടിസ്ഥാനത്തില്‍ ഈ പദ്ധതി ആര്‍.സി.സി പരിഷ്ക്കുരിക്കുന്നുണ്ട്. 2015-16 ല്‍ ഈ പദ്ധതിപ്രകാരം 163 രോഗികള്‍ ചികിത്സ നേടിയിട്ടുണ്ട്.
  2. സൗജന്യമരുന്ന് ബാങ്ക് – പ്രത്യേക നിര്‍ദ്ദേശങ്ങള്‍ക്കനുസരണമായി, ആര്‍.സി.സിയുടെ ഡയറക്ടര്‍ രൂപീകരിച്ചിട്ടുളള ഒരു കമ്മറ്റിയുടെ നിരീക്ഷണങ്ങള്‍ക്കുനുസരിച്ചാണ് ഈ സൗജന്യമരുന്ന് ബാങ്ക് പ്രവര്‍ത്തിക്കുന്നത്. 2015-16 ല്‍ 4630 രോഗികള്‍ക്ക് പൂര്‍ണ്ണമായോ ഭാഗികമായോ ഇതിലൂടെ സഹായം ലഭ്യമാക്കിയിട്ടുണ്ട്.
  3. സൗജന്യ ഭക്ഷണം (അക്ഷയപാത്രം) വിവിധ മനുഷ്യത്വപരമായ സംഘടനകളുടെ സഹായത്തോടെ 2015-16 ല്‍ മെച്ചമല്ലാത്ത സാമൂഹിക സാമ്പത്തിക സ്ഥിതിയിലുളള 8400 രോഗികള്‍ക്ക് ഭക്ഷണം സൗജന്യമായി നല്‍കിയിടുണ്ട്.
  4. രോഗ ബാധിതരായ കുട്ടികള്‍ക്കുളള സഹായം – ശിശുരോഗ വിഭാഗവുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന സന്നന്ധസംഘടനയായ ‘പ്രത്യാശ’ കുട്ടികള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും ആവശ്യമായ സാമ്പത്തിക സഹായവും മാനസിക പിന്തുണയും നല്‍കുന്നു.
  5. ഇന്ത്യന്‍ ക്യാന്‍സര്‍ സൊസൈറ്റിയുടെ സഹായ പദ്ധതി – ക്യാന്‍സര്‍ രോഗ ചികിത്സക്കായി ഇന്ത്യന്‍ ക്യാന്‍സര്‍ സെന്ററിന്റെ സഹായം ലഭിക്കുന്ന രാജ്യത്തുട നീളമുളള 5 ക്യാന്‍സര്‍ സെന്ററുകളില്‍ ഒന്നായി ആര്‍.സി.സി യെ തെരഞ്ഞെടുത്തിട്ടുണ്ട് 2015-16 ല്‍ 12 പുതിയ രോഗികളുമുള്‍പ്പെടെ 175 പേര്‍ക്ക് 196.6 ലക്ഷം രൂപയുടെ സഹായം ലഭ്യമായിടുണ്ട്.

ഗവേഷണ വികസന പരിപാടികള്‍

ഒരു മുന്‍നിര ക്യാന്‍സര്‍ ഗവേഷണ സ്ഥാപനമെന്ന നിലയില്‍ ധാരാളം പി.എച്ച്.ഡികള്‍ ആര്‍.സി.സി നല്‍കിയിടുണ്ട്. 2015-16 ല്‍ ഏകദേശം 25 ഗവേഷകള്‍ ഗവേഷണം നടത്തുന്നു, 33 പേര്‍ വൈദ്യശാസ്ത്രം, ശിശുരോഗം, സര്‍ജിക്കല്‍ ഓങ്കോളജി എന്നീ വിഷയങ്ങളില്‍ സൂപ്പര്‍ സ്പെഷ്യാലിറ്റി കോഴ്സുകളും 46 പേര്‍ അനസ്തേഷ്യ, രോഗനിര്‍ണ്ണയ ശാസ്ത്രം, റേഡിയോ ഡയഗ്നോസിസ്, റേഡിയോ തെറാപ്പി വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദവും പഠിക്കുന്നു. 155 ഗവേഷണ പദ്ധതികളും ആര്‍.സി.സി. ഏറ്റെടുത്തിട്ടുണ്ട്.

ക്യാന്‍സര്‍നിയന്ത്രണ പരിപാടികള്‍

  • ക്യാന്‍സര്‍ ബോധവല്‍ക്കരണ പരിപാടികള്‍ - സമൂഹത്തില്‍ ക്യാന്‍സര്‍ അവബോധം നല്‍കുന്നതിനായി 6000 പേര്‍ സംബന്ധിച്ച 58 ക്യാന്‍സര്‍ ബോധവല്‍ക്കരണ പരിപാടികള്‍ നടത്തുകയുണ്ടായി ഈ പരിപാടികള്‍ പ്രധാനമായും ഹൈസ്കൂള്‍/ഹയര്‍ സെക്കന്റഡറി സ്കൂള്‍ വിദ്യാര്‍ത്ഥികള്‍, അധ്യാപകര്‍, ഓഫീസ് ജീവനക്കാര്‍, സാധാരണ ജനങ്ങള്‍, സമൂഹത്തിലെ ദുര്‍ബല വിഭാഗങ്ങളായ പട്ടികവര്‍ഗ്ഗം, മത്സ്യതൊഴിലാളികള്‍, ഗ്രാമീണ ജനത എന്നിവര്‍ക്കായിട്ടാണ് നടത്തിയത്.
  • അന്താരാഷ്ട്ര കോള്‍പോസ്കോപ്പി സ്കൂള്‍- 16 ഡോക്ടര്‍മാര്‍ക്ക് ഒരാഴ്ചത്തെ പരിശീലനവും 30 ബി.എസ്.സി. (എം.എല്‍.റ്റി) വിദ്യാര്‍ത്ഥികള്‍ക്ക് ഓറിയന്റേഷന്‍ പ്രോഗ്രമും വി.ഐ.എ, വി.ഐ.എല്‍.ഐ, കോള്‍പോസ്കോപ്പി എന്നിവ സംബന്ധിച്ച് നല്‍കി.
  • പരിശീലകര്‍ - പരിശീലന പരിപാടി – സര്‍ക്കാര്‍, സര്‍ക്കാരിതര സ്ഥാപനങ്ങളിലെ ആരോഗ്യസംരക്ഷണദായകരായ ഡോക്ടര്‍മാര്‍, വൈദ്യശാസ്ത്ര ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥികള്‍, പാരാമെഡിക്കല്‍ സ്റ്റാഫ് എന്നിവര്‍ക്കായി 21 പരിശീലകര്‍ - പരിശീലന പരിപാടി നടത്തുകയുണ്ടായി. സംസ്ഥാനത്തിന്റെ വിവിധ ജില്ലകളില്‍ നിന്നുളള കുടുംബശ്രീ, ആശ എന്നിവടങ്ങളിലെ സാമൂഹ്യസനദ്ധസേവകര്‍, പൊതു ആരോഗ്യ പരിശിലന വിദ്യാര്‍ത്ഥികള്‍, അധ്യാപകര്‍, സ്കൂള്‍ കുട്ടികള്‍ എന്നിവര്‍ക്കായി 22 പരിപാടികളും സംഘടിപ്പിച്ചു.

പ്രാരംഭദിശയില്‍ ക്യാന്‍സര്‍ കണ്ടെത്തുന്നതിനുളള പരിപാടി 2015

പ്രാരംഭദിശയില്‍ ക്യാന്‍സര്‍ രോഗം കണ്ടെത്തുന്നതിനുളള ക്ലിനിക്കുകളില്‍ 2015-16 ല്‍ 5940 പേര്‍ പരിശോധനയ്ക്ക് വിധേയമായി. ഓറല്‍ ബയോപ്സി 61 രോഗികളില്‍ (53 പഞ്ച്, 8 എക്സിഷന്‍ ബയോപ്സീസ്സ്) നടത്തിയിട്ടുണ്ട്.

ക്യാന്‍സര്‍ ഔട്ട്റീച്ച് പ്രോഗ്രാമുകള്‍ - 2015

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി 102 ക്യാന്‍സര്‍ നിര്‍ണയ ക്യാമ്പുകള്‍ സംഘടിപ്പിക്കുകയും 9478 ആളുകള്‍ പരിശോധനയ്ക്ക് വിധേയമാകുകയും ചെയ്തു. മംഗലപുരം ബ്രെസ്റ്റ് ക്യാന്‍സര്‍ പരിശോധനാ പദ്ധതി മേഖലയില്‍ താമസിക്കുന്ന സ്ത്രീകള്‍ക്കായി നടത്തിയ 24 രോഗനിര്‍ണ്ണയ ക്യാമ്പുകളും ഇടുക്കി ജില്ലയില്‍ നടത്തിയ 7 ക്യാമ്പുകളും ഇതിലുള്‍പ്പെടുന്നു.

സ്വാസ്ത്യം പദ്ധതി

പത്തനംതിട്ട ജില്ലയിലെ ജനങ്ങളെ സ്വാസ്ത്യം പദ്ധതിയിലൂടെ ബോധവല്‍ക്കരിക്കുന്നതിനായി ജില്ലയില്‍ ആരംഭിച്ച ക്യാന്‍സര്‍ തടയുന്നതിനായുളള പദ്ധതിയില്‍ കുടുംബശ്രീ വിഷനിലെ വനിതാ സന്നദ്ധ പ്രവര്‍ത്തകര്‍ക്കായി പരിശീലനം നല്‍കുന്നതിന്റെ നേതൃത്വം ആര്‍.സി.സി. ഏറ്റെടുത്തിടുണ്ട്. ഇതിന്റെ ഭാഗമായി ക്യാന്‍സര്‍ തടയുന്നതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ 164 പ്രഗത്ഭരെ പരിശീലിപ്പിക്കുന്നതിനായി രണ്ട് പൊതു പ്രചോദന പരിപാടികളും 5 പരിശീലകര്‍ - പരിശീലന പരിപാടികളും ആര്‍.സി.സി. നടത്തുകയുണ്ടായി. ഇതിന്റെ ഒരു പ്രധാനം ഉദ്ദേശം എന്ന് പറയുന്നത് ക്യാന്‍സറിന്റെ ലക്ഷണങ്ങള്‍ ഏതെങ്കിലും ഉണ്ടായാല്‍ ഹോസ്പിറ്റലുകളില്‍ രോഗനിര്‍ണയും നടത്തുന്നതിനായി ജനങ്ങളെ ഉപദേശിക്കുക എന്നതാണ്.

മറ്റ് സംരംഭങ്ങള്‍

കേരളത്തിലെ കൗമാരക്കാരായ സ്കൂള്‍ വിദ്യാത്ഥികളില്‍ കണ്ടുവരുന്ന വര്‍ദ്ധിച്ച തോതിലുളള പുകയിലയും അതുമായി ബന്ധപ്പെട്ട വസ്തുക്കളുടെ ഉപയോഗവും കണക്കിലെടുത്തുകൊണ്ട് ഹൈസ്കൂള്‍/ഹയര്‍ സെക്കന്റഡറി തലത്തിലുളള വിദ്യാര്‍ത്ഥികള്‍ക്കായി വിവിധ പുകയില വിരുദ്ധ വിദ്യാഭ്യാസ പരിപാടികള്‍ ആര്‍.സി.സി. ആരംഭിച്ചിടുണ്ട്. ശ്രീചിത്തിരതിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് ആന്‍ഡ് ടെക്നോളജി, ആരോഗ്യ സംരക്ഷണ കാര്യാലയം, ടൊബാക്കോ ഫ്രീ കേരള, കേരള സന്നദ്ധ ആരോഗ്യ സേവനങ്ങള്‍, എ.ഡി.ഐ.സി, ഇന്ത്യ, റീജിയണല്‍ ക്യാന്‍സര്‍ അസോസിയേഷന്‍ എന്നിവയുമായി ചേര്‍ന്നുകൊണ്ട് ആര്‍.സി.സി മേയ് 31 ന് ലോക പുകയില വിരുദ്ധദിനം ആചരിക്കുകയുണ്ടായി. ഗ്രാമീണമേഖലയിലെ ഹൈസ്കൂള്‍/ഹയര്‍ സെക്കന്റഡറി സ്കൂളുകളിലെ പുകയില, ആള്‍ക്കഹോള്‍ ഉപഭോഗത്തിനെതിരായി സ്കൂള്‍ തല മധ്യസ്ഥത പരിപാടികള്‍, സെന്റര്‍ ആരംഭിച്ചു. തിരുവനന്തപുരം ജില്ലയിലെ ഉള്‍പ്രദേശങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്കിടയിലുളള പുകയില, ആള്‍ക്കഹോള്‍ ഉപഭോഗത്തിന്റെ രീതി മനസിലാക്കുക എന്നതാന്ന് ഈ പരിപാടിയുടെ ലക്ഷ്യം. കൗമാരക്കാരായ സ്കൂള്‍ വിദ്യാര്‍ത്ഥികളുടെ ഇടയിലുളള പുകയില, ആള്‍ക്കഹോള്‍ ഉപഭോഗത്തിന്റെ വ്യാപ്തിയും രീതികളും സംബന്ധിക്കുന്ന വിവരം ഇതുവഴി ലഭ്യമാകുന്നതാണ്.

top