ജില്ലാ രൂപരേഖ

1957 ആഗസ്റ്റ് 17 ന് പഴയ കോട്ടയം, കൊല്ലം ജില്ലകളുടെ ഭാഗങ്ങൾ ചേർത്താണ് ആലപ്പുഴ ജില്ല നിലവിൽ വന്നത്. ഉത്തര അക്ഷാംശം 9051 നും പൂർവ്വരേഖാംശം 760171 മുതൽ 760441 നും ഇടയിലായി 1414 ച.കിമീ വിസ്തൃതിയുള്ള ആലപ്പുഴ ജില്ല വിസ്തീർണ്ണത്തിൽ സംസ്ഥാനത്ത് ഏറ്റവും ചെറിയ ജില്ലയാണ്.

ജനസംഖ്യ

2011 സെൻസസ് പ്രകാരം ജില്ലയിലെ ആകെ ജനസംഖ്യ 21,27,789 ആണ്. അതിൽ 11,14,647 സ്ത്രീകളും 10,13,142 പുരുഷന്മാരുമാണ്. ജില്ലയുടെ ജനസാന്ദ്രത സ്ക്വയർ കിലോമീറ്ററിന് 1504 ആണ്. സാക്ഷരതാ നിരക്ക് 95.72 ശതമാനവും അതിൽ സ്ത്രീ സാക്ഷരത 94.24 ശതമാനവും പുരുഷ സാക്ഷരത 97.36 ശതമാനവുമാണ്. പട്ടികജാതി പട്ടികവർഗ്ഗ വിഭാഗക്കാർ യഥാക്രമം ആകെ ജനസംഖ്യയുടെ 9.45 ശതമാനവും 0.15 ശതമാനവുമാണ്. ഇത് മറ്റു ജില്ലകളെ അപേക്ഷിച്ച് വളരെ കുറവാണ്.
ഭരണം
ആലപ്പുഴ ജില്ലയെ ആലപ്പുഴ, ചെങ്ങന്നൂർ എന്നിങ്ങനെ രണ്ട് റവന്യൂ ഭാഗങ്ങളായി തിരിച്ചിരിക്കുന്നു.  ഇവയെ അമ്പലപ്പുഴ, കുട്ടനാട്, ചെങ്ങന്നൂർ, കായംകുളം, മാവേലിക്കര, ചേർത്തല എന്നിങ്ങനെ 6 താലൂക്കുകളായും തിരിച്ചിരിക്കുന്നു.  93 വില്ലേജുകൾ ഉൾക്കൊള്ളുന്നതാണ് ഈ താലൂക്കുകൾ. ആലപ്പുഴ ജില്ലയിൽ ആകെ 91 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളാണ് ഉള്ളത്. അതിൽ 72 ഗ്രാമ പഞ്ചയത്തുകളും 12 ബ്ലോക്ക് പഞ്ചായത്തുകളും 6 നഗരസഭകളും ജില്ലാ പഞ്ചായത്തും ഉൾപ്പെടുന്നു.
ഭൂപ്രകൃതി
തടാകങ്ങളും നദികളും കനാലുകളും നിറഞ്ഞ ഭൂപ്രകൃതിയാണ് ആലപ്പുഴ ജില്ലയ്ക്കുള്ളത്. ജില്ലയിൽ പർവ്വതങ്ങളോ കുന്നുകളോ ഇല്ല, എന്നാൽ ചിതറിക്കിടക്കുന്ന പാറക്കുന്നുകൾ ഭരണിക്കാവിനും ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്തുകൾക്കുമിടയിൽ കാണപ്പെടുന്നുണ്ട്. ജില്ലയുടെ 80 ശതമാനവും താഴ്ന്ന പ്രദേശവും, ബാക്കിയുള്ള പ്രദേശം ഇടനാടുമാണ്. മലമ്പ്രദേശമോ വനഭൂമിയോ ഇല്ലാത്ത സംസ്ഥാനത്തെ ഏക ജില്ലയാണ് ആലപ്പുഴ. ജില്ലയുടെ ഭൂമിശാസ്ത്ര വിസ്തൃതിയുടെ 10 ശതമാനത്തിൽ ജലാശയങ്ങൾ വ്യാപിച്ചിരിക്കുന്നു. കുട്ടനാട് പ്രദേശം സമുദ്രനിരപ്പിന് താഴെയാണ്.

ചരിത്രം

ആലപ്പുഴ പട്ടണത്തിന്റെ ശില്പി 18-ാം നൂറ്റാണ്ടിലെ രാജാകേശവദാസാണ്. കേരളത്തിന്റെ നെല്ലറയായി കുട്ടനാട് സംഘകാലഘട്ടത്തിന്റെ പ്രാരംഭം മുതൽ അറിയപ്പെട്ടിരുന്നു. ചരിത്രരേഖകൾ പ്രകാരം മധ്യകാലഘട്ടത്തിൽ പുരാതന ഗ്രീക്കുകാരുമായും റോമാക്കാരുമായും ആലപ്പുഴയ്ക്ക് വ്യാപാര ബന്ധമുണ്ടായിരുന്നു.

കൃഷി

നെല്ലും നാളികേരവുമാണ് പ്രധാന കാർഷിക വിളകൾ. ഏകദേശം 38052.47 ഹെക്ടർ പ്രദേശത്ത് നെല്ല് കൃഷി ചെയ്തുവരുന്നു. ജില്ലയിൽ നെൽകൃഷി കൂടുതലായും ചെയ്യുന്നത് കുട്ടനാട് മേഖലയിലാണ്. കേരളത്തിന്റെ നെല്ലറ എന്നാണ് കുട്ടനാട് അറിയപ്പെടുന്നത്.

വ്യവസായം

ജില്ലയിൽ സ്ഥിതി ചെയ്യുന്ന പ്രധാന വ്യവസായ സ്ഥാപനങ്ങൾ KSDP, HOMCO, Autocast, കോമളപുരം Spinning Mill തുടങ്ങിയവയാണ്.

ജനപ്രതിനിധികൾ

ജില്ലയിൽ 2 ലോകസഭാ മണ്ഡലവും 9 നിയമസഭാ മണ്ഡലങ്ങളും ഉണ്ട്. അഡ്വ. എ.എം. ആരിഫ് എം.പി ആലപ്പുഴ ലോകസഭാ മണ്ഡലത്തേയും ശ്രീ. കൊടിക്കുന്നിൽ സുരേഷ് എം.പി മാവേലിക്കര ലോകസഭാ മണ്ഡലത്തേയും പ്രതിനിധീകരിക്കുന്നു. പൊതുമാരമത്ത്, രജിസ്ട്രേഷൻ വകുപ്പ് മന്ത്രി              ശ്രീ. ജി. സുധാകരൻ (അമ്പലപ്പുഴ നിയമസഭാ നിയോജകമണ്ഡലം), ധനകാര്യ മന്ത്രി                           ഡോ. ടി.എം. തോമസ് ഐസക്  (ആലപ്പുഴ നിയമസഭാ നിയോജകമണ്ഡലം), ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ശ്രീ. പി. തിലോത്തമൻ  (ചേർത്തല നിയമസഭാ നിയോജകമണ്ഡലം) പ്രതിപക്ഷ നേതാവ് ശ്രീ. രമേശ് ചെന്നിത്തല  (ഹരിപ്പാട് നിയമസഭാ നിയോജകമണ്ഡലം)                 അഡ്വ. ഷാനിമോൾ ഉസ്മാൻ എം.എൽ.എ  (അരൂർ നിയമസഭാ നിയോജകമണ്ഡലം),                   ശ്രീ. രാജേഷ് എം.എൽ.എ  (മാവേലിക്കര നിയമസഭാ നിയോജകമണ്ഡലം), അഡ്വ. യു.പ്രതിഭ എം.എൽ.എ (കായംകുളം നിയമസഭാ നിയോജകമണ്ഡലം), ശ്രീ. സജി ചെറിയാൻ  എം.എൽ.എ  (ചെങ്ങന്നൂർ നിയമസഭാ നിയോജകമണ്ഡലം) തുടങ്ങിയവർ ജില്ലയിലെ വിവിധ നിയമസഭാ നിയോജകമണ്ഡലങ്ങളെ പ്രതിനിധീകരിക്കുന്നു. ശ്രീ. തോമസ് ചാണ്ടി എം.എൽ.എയുടെ നിര്യാണത്തെ തുടർന്ന് കുട്ടനാട് നിയോജക മണ്ഡലം നിലവിൽ ഒഴിഞ്ഞു കിടക്കുന്നു.

പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങൾ

ടി.ഡി മെഡിക്കൽ കോളേജ്, ആലപ്പുഴ, ഡെന്റൽ കോളേജ് ആലപ്പുഴ, കോ-ഓപ്പറേറ്റീവ് അക്കാഡമി ഓഫ് പ്രഫഷണൽ എഡ്യൂക്കേഷൻ (CAPE), എസ്.ഡി കോളേജ്, സെന്റ് ജോസഫ് കോളേജ് ഫോർ വുമൺ തുടങ്ങിയവയാണ് ജില്ലയിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങൾ.

 

ശ്രീ. സത്യപ്രകാശ് എസ്

ജില്ലാ പ്ലാനിംഗ് ഓഫീസർ
അലപ്പുഴ