73ഉം 74ഉം ഭരണഘടനാ ഭേദഗതികള്‍ക്ക് തുടര്‍ച്ചയായി പ്രാദേശിക ഭരണ സംവിധാനം പ്രാവര്‍ത്തികമാക്കുന്നതിനും അതുവഴി സാമ്പത്തിക പുരോഗതിയും സാമൂഹിക നീതിയും ഉറപ്പും വരുത്തുന്നതിനുമായി സംസ്ഥാനം നിരവധി നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. കേരളത്തില്‍ നടപ്പാക്കിയ ജനാധിപത്യ വികേന്ദ്രീകരണം യഥാര്‍ത്ഥ പ്രാദേശിക തല ജനാധിപത്യത്തിന്റെ ഒരു പുതിയ വികസന സംസ്കാരത്തിനും സാമ്പത്തിക വികസനത്തിലെ ജനപങ്കാളിത്തത്തിനും വഴിയൊരുക്കിയതായി കാണാവുന്നതാണ്. കൈമാറിയ ഉദ്യോഗസ്ഥരുടെ ദ്വിതല ഭരണ നിയന്ത്രണം, വിവിധ തട്ടുകളിലെ തദ്ദേശഭരണ സ്ഥാപനങ്ങളുടെ ചുമതലാ വിഭജനത്തിലെ വ്യക്തത കുറവ്, തുടങ്ങി ചില ദൗര്‍ബല്യങ്ങള്‍ ഉണ്ടായിട്ടുകൂടി നീതി പൂർവ്വകമായ സാമ്പത്തിക വളര്‍ച്ചയുടെ ഒരു പുതിയ മാതൃക സൃഷ്ടിക്കുന്നതില്‍ സംസ്ഥാനത്തെ തദ്ദേശഭരണസ്ഥാപനങ്ങള്‍ വിജയിച്ചിട്ടുണ്ട്. കഴിഞ്ഞ രണ്ട് പതിറ്റാണ്ടിലെ വികേന്ദ്രീകൃതാസൂത്രണവും പ്രാദേശിക ഭരണ നി ർവഹണത്തിന്റെ നടത്തിപ്പും ചെയ്ത് പഠിക്കുക എന്ന രീതിയാണ് വ്യക്തമാക്കുന്നത്. കഴിഞ്ഞ 20 വര്‍ഷത്തെ അനുഭവ പാഠങ്ങള്‍ ഉള്‍ക്കൊണ്ട് പതിമൂന്നാം പഞ്ചവത്സര പദ്ധതിയില്‍ പങ്കാളിത്ത ആസൂത്രണത്തിന്റെ രീതി ശാസ്ത്രം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിന് ശ്രമിക്കുന്നതാണ്.