തദ്ദേശ ഭരണ സ്ഥാപനങ്ങളും വികേന്ദീകൃത ആസൂത്രണവും

തദ്ദേശഭരണ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം വിലയിരുത്തല്‍

തദ്ദേശഭരണസ്ഥാപനങ്ങള്‍ അവയുടെ പദ്ധതിഫണ്ടുകള്‍ ഉല്പ്പാദനം, സേവനം, പശ്ചാത്തലം എന്നിങ്ങനെ മൂന്ന് മേഖലകളിലായാണ് വകയിരുത്തുന്നത്. ഉല്പാദനമേഖലയില്‍ കൃഷിയും അനുബന്ധ വിഭാഗങ്ങളും, മണ്ണും ജലസംരക്ഷണവും, ജലസേചനം, വ്യവസായം എന്നിവയും സേവന മേഖലയില്‍ വിദ്യാഭ്യാസവും ബന്ധപ്പെട്ട മേഖലകളും, ആരോഗ്യവും അനുബന്ധ സേവനങ്ങളും, സ്ത്രീകളുടെയും കുട്ടികളുടെയും ക്ഷേമം, തൊഴിലും, തൊഴിലാളി ക്ഷേമവും പശ്ചാത്തല വികസന മേഖലയില്‍ ഊര്ജ്ജം, ഗതാഗതം, കെട്ടിട നിര്‍മ്മാണം എന്നിവയും ഉള്‍പ്പെടുന്നു. 2015-16 വര്‍ഷത്തില്‍ വിവിധ വികസന മേഖലകള്‍ക്കു വകയിരുത്താനുള്ള വിഹിതമായി തദ്ദേശഭരണസ്ഥാപനങ്ങള്‍ക്ക് മുന്‍ വര്‍ഷ നീക്കിയിരിപ്പുള്‍പ്പെടെ ലഭ്യമായ മൊത്തം ഫണ്ട് 6069.18 കോടി രൂപയായിരുന്നു. മുന്‍ സാമ്പത്തിക വര്‍ഷത്തില്‍ നിന്നും 154.39 കോടി രൂപയുടെ അതായത് 2.61 ശതമാനത്തിന്റെ വര്‍ദ്ധനവാണ് ഉണ്ടായത്.

മൊത്തം ലഭ്യമായ തുകയില്‍ 4467.76 കോടി രൂപ മാത്രമാണ് വിവിധ മേഖലകള്‍ക്കു വേണ്ടി ചിലവഴിച്ചത്. അതായത് 2015-16 ലെ മൊത്തം വിനിയോഗം 73.61 ശതമാനമായിരുന്നു. ഇത് മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് കൂടുതലാണ്. വിവിധ തലങ്ങളിലുള്ള തദ്ദേശഭരണസ്ഥാപനങ്ങളുടെ ചെലവ് ശതമാനത്തില്‍ പ്രകടമായ വ്യതിയാനങ്ങള്‍ കാണുന്നുണ്ട്. ഗ്രാമതലത്തിലെ ത്രിതല തദ്ദേശഭരണസ്ഥാപനങ്ങളില്‍ ബ്ലോക്ക് പഞ്ചായത്തുകള്‍ 85.28 ശതമാനം തുക ചിലവഴിച്ചു മികച്ച പ്രകടനം നടത്തിയപ്പോള്‍ ഗ്രാമപ്പഞ്ചായത്തുകള്‍ 79.53 ശതമാനവും ജില്ലാപഞ്ചായത്തുകള്‍ 65.47 ശതമാനവുമാണ് 2015-16-ല്‍ ചിലവഴിച്ചത്. ഓരോതലത്തിലും വകയിരുത്തിയ തുകയില്‍ 2015-16 വര്‍ഷം നഗര തദ്ദേശഭരണസ്ഥാപനങ്ങളില്‍ മുനിസിപ്പാലിറ്റികള്‍ 68.64 ശതമാനം തുക ചിലവഴിച്ചപ്പോള്‍ കോര്‍പ്പറേഷനുകള്‍ 51.14 ശതമാനം തുക മാത്രമാണ് ചിലവഴിച്ചത്. 2014-15, 2015-16 വര്‍ഷങ്ങളില്‍ ഓരോ തലത്തിലും അനുവദിച്ച പദ്ധതി വിഹിതവും അതില്‍ നിന്നുള്ള ചിലവിന്റെ വിവരങ്ങളും ചിത്രം 8.3 ലും അനുബന്ധം 8.2 (എ), അനുബന്ധം 8.2 (ബി) യിലും കൊടുത്തിട്ടുണ്ട്.

ചിത്രം 8.3
തദ്ദേശസ്ഥാപനങ്ങള്‍ക്കുള്ള പദ്ധതി വിഹിതവും ചെലവും (2015-16)-(രൂപ കോടിയില്‍)
top