ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 46 പ്രകാരം പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്ക് പ്രത്യേക സംരക്ഷണം ഉറപ്പുവരുത്തുകയും അവരുടെ താല്‍പര്യം സംരക്ഷിക്കുകയുമാണ് പ്രത്യേക ഘടകപദ്ധതിയുടെയും പട്ടികവര്‍ഗ്ഗ ഉപപദ്ധതിയുടെയും ലക്ഷ്യം. ഭരണഘടനാ വ്യവസ്ഥപ്രകാരം സംസ്ഥാനങ്ങള്‍ സാമൂഹ്യനീതി ഉറപ്പു വരുത്തുവാനുള്ള സമഗ്രമായ നടപടികള്‍ വഴി ഒരു സമത്വാധിഷ്ഠിത ഭരണക്രമം നിര്‍മ്മിക്കുന്നതിന് പ്രതിജ്ഞാബദ്ധമാണ്. സാമ്പത്തികം, തൊഴില്‍, വിദ്യാഭ്യാസം, പാര്‍പ്പിട സൗകര്യങ്ങള്‍, ആരോഗ്യം, പോഷകാഹാരം തുടങ്ങി ജീവിതത്തിലെ സമസ്തമേഖലയിലും പട്ടികജാതി/പട്ടികവര്‍ഗ്ഗ മറ്റ് പാര്‍ശ്വവല്‍കൃത സമൂഹങ്ങളും സാമൂഹ്യമായി മുന്നില്‍ നില്ക്കുന്ന ജാതികളും തമ്മിലുള്ള അന്തരം ഇല്ലാതാക്കുകയെന്നതാണ് സാമൂഹ്യ സമത്വമെന്നതുകൊണ്ടുദ്ദേശിക്കുന്നത്. പട്ടികജാതി-പട്ടികവര്‍ഗ്ഗക്കാരുടെ സാമൂഹിക - സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുകയും ജീവിതനിലവാരം ഉയര്‍ത്തുകയും ചെയ്യുകയെന്നത് വികേന്ദ്രീകൃത പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങളിലൊന്നാകയാല്‍ എസ്.സി.പി/ടി.എസ്.പി കാര്യക്ഷമമായി നടപ്പിലാക്കുന്നതിന് ഗവണ്‍മെന്റ് തലത്തിലും തദ്ദേശ ഭരണ സ്ഥാപനതലത്തിലും ബോധപൂർവമായ ശ്രമം ആവശ്യമാണ്.
സംസ്ഥാനത്തെ മൊത്തം പട്ടികജാതി/പട്ടികവര്‍ഗ്ഗങ്ങളുടെ ജനസംഖ്യയുടെ അനുപാതത്തിനനുസൃതമായാണ് സംസ്ഥാന പദ്ധതി വിഹിതത്തില്‍ നിന്നും എസ്.സി.പിയ്ക്കും ടി.എസ്.പിയ്ക്കും പദ്ധതിവിഹിതം വകയിരുത്തുന്നത്. മൊത്തം എസ്.സി.പി / ടി.എസ്.പി വിഹിതത്തില്‍നിന്നും, ഒരു നിശ്ചിത ശതമാനം തുക വികേന്ദ്രീകൃതാസൂത്രണത്തിന് കീഴിലുള്ള പദ്ധതികളുടെ നടത്തിപ്പിലേക്കായി തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്കുവേണ്ടി വകയിരുത്തുന്നു. പ്രത്യേക ഘടകപദ്ധതി/പട്ടികവര്‍ഗ്ഗ ഉപപദ്ധതിയിലെ പ്രോജക്ടുകളെ ഗുണഭോക്താക്കളെ ലക്ഷ്യമാക്കിയുള്ള പ്രോജക്ടുകളെന്നും പശ്ചാത്തല വികസന പ്രോജക്ടുകളെന്നും രണ്ടായി തരംതിരിക്കാം. പട്ടികജാതി/പട്ടിക വര്‍ഗ്ഗ വിഭാഗങ്ങളുടെ പദ്ധതികള്‍ക്കായി വകയിരുത്തിയ വിഹിതത്തിന്റെയും ചെലവിന്റെയും കണക്കുകള്‍ പട്ടിക 8.7 ല്‍ കൊടുത്തിരിക്കുന്നു.
വര്‍ഷം | എസ്.സി.പി | ടി.എസ്.സി.പി | ആകെ | |||
ബഡ്ജറ്റ് വിഹിതം | ചെലവ്* | ബഡ്ജറ്റ് വിഹിതം | ചെലവ്* | ബഡ്ജറ്റ് വിഹിതം | ചെലവ്* | |
2012-13 | 739.46 | 661.58 | 110.98 | 99.65 | 850.44 | 761.23 |
2013-14 | 828.2 | 882.49 | 124.3 | 136.89 | 952.5 | 1019.38 |
2014-15 | 927.58 | 811.56 | 139.21 | 121.61 | 1066.80 | 933.17 |
2015-16 | 927.58 | 857.03 | 139.21 | 149.77 | 1066.79 | 1006.8 |