വനിതാ ഘടകപദ്ധതിയും ദുര്‍ബല വിഭാഗങ്ങള്‍ക്കുള്ള (വൃദ്ധര്‍, കുട്ടികള്‍, ഭിന്നശേഷിയുള്ളവര്‍, സാന്ത്വന പരിചരണം ആവശ്യമുള്ളവര്‍, മറ്റ് അവശത അനുഭവിക്കുന്നവര്‍) പദ്ധതിയുമാണ് കേരളത്തിലെ വികേന്ദ്രീകരണത്തിന്റെ ഒരു സവിശേഷത. തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ മൊത്തം പദ്ധതി വിഹിതത്തിന്റെ കുറഞ്ഞത് 10 ശതമാനം തുക വനിതാ ഘടകപദ്ധതിക്കും 5 ശതമാനം തുക ദുര്‍ബല വിഭാഗങ്ങള്‍ക്കും നിര്‍ബന്ധമായും വകയിരുത്തണം. വനിതാഘടകപദ്ധതിയുടെയും ശിശുക്കളുടെ പദ്ധതിയുടെയും ചെലവ് 2015-16-ല്‍ യഥാക്രമം 72 ശതമാനവും 86 ശതമാനവും ആയിരുന്നു. സാന്ത്വന ചികിത്സ ആവശ്യമുള്ളവര്‍ക്കും, മറ്റു ദുര്‍ബലവിഭാഗങ്ങള്‍ക്കും വേണ്ടി അവലോകന വര്‍ഷത്തില്‍ യഥാക്രമം 42.79 കോടി രൂപയും 168.13 കോടി രൂപയും വകയിരുത്തി. ഇതില്‍ നിന്നും സാന്ത്വന ചികിത്സ ആവശ്യമുള്ളവരുടെ ക്ഷേമത്തിനുവേണ്ടി ചിലവാക്കിയത് 91 ശതമാനമാണ്. 2015-16-ല്‍ വകയിരുത്തിയ തുകയുടെയും ചിലവിന്റെയും വിശദാംശങ്ങള്‍ പട്ടിക8.8 ലും 2014-15 ലെയും 2015-16-ലെയും കണക്കുകള്‍ അനുബന്ധം 8.7(എ), അനുബന്ധം 8.7 (ബി) യിലും ചേര്‍ത്തിട്ടുണ്ട്.
പ്രത്യേകപദ്ധതികള്‍ | 2015-16 | ||
വിഹിതം | ചെലവ് | ശതമാനം | |
വനിതാ ഘടക പദ്ധതി | 604.57 | 433.43 | 72 |
കുട്ടികള്‍ക്കായുള്ള പദ്ധതി | 177.64 | 150.04 | 85 |
വയോജന പദ്ധതി | 28.39 | 19.29 | 68 |
ഭിന്നശേഷിയുള്ളവര്‍ക്കുള്ള പദ്ധതി | 111.96 | 90.20 | 81 |
മറ്റുദുര്‍ബല വിഭാഗങ്ങള്‍ക്കുള്ള പദ്ധതി | 168.14 | 102.10 | 61 |
സാന്ത്വന പരിരക്ഷ | 42.79 | 39.23 | 91 |
യുവജനക്ഷേമം | 164.29 | 84.15 | 51 |
ജില്ലയിലെ ത്രിതല പഞ്ചായത്തുകളും നഗരസഭാ സ്ഥാപനങ്ങളും തയ്യാറാക്കുന്ന പദ്ധതികള്‍ സംയോജിപ്പിച്ച് ജില്ലാ പദ്ധതി തയ്യാറാക്കുന്നതിന് വേണ്ടി ജില്ലാ ആസൂത്രണ സമിതി രൂപീകരിക്കണമെന്ന് ഭരണ ഘടനയുടെ 74-)ഠ ഭേദഗതി നിഷ്കര്‍ഷിക്കുന്നുണ്ട്. ഇന്ത്യന്‍ ഭരണഘടനയുടെ 243 ZD ആര്‍ട്ടിക്കിള്‍ പ്രകാരം ജില്ലാതലത്തിലും അതിനു താഴെയുമുള്ള ആസൂത്രണത്തിനു വേണ്ടി ജില്ലാ ആസൂത്രണ സമിതി രൂപീകരിക്കപ്പെട്ടിട്ടുണ്ട്. അതു പ്രകാരം കേരളത്തില്‍ 14 ജില്ലകളിലും ജില്ലാ ആസൂത്രണ സമിതികള്‍ നിലവിലുണ്ട്. തദ്ദേശഭരണസ്ഥാപനങ്ങളുടെ പ്രാദേശിക പദ്ധതികളുടെ രൂപീകരണത്തിന് മേല്‍നോട്ടം വഹിക്കല്‍, അംഗീകാരം, തദ്ദേശഭരണ സ്ഥാപനങ്ങളുടെ പദ്ധതി രൂപീകരണത്തിന് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കല്‍, പദ്ധതി നടത്തിപ്പില്‍ മേല്‍നോട്ടം വഹിക്കല്‍, തദ്ദേശഭരണസ്ഥാപനങ്ങളുടെ പദ്ധതികള്‍ ജില്ലാതലത്തില്‍ സംയോജിപ്പിക്കല്‍, സംസ്ഥാന പദ്ധതിയുമായി ബന്ധിപ്പിക്കല്‍ മുതലായ കാര്യങ്ങള്‍ക്ക് ജില്ലാ ആസൂത്രണസമിതി പ്രധാന പങ്ക് വഹിക്കുന്നു. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് തലവനും ജില്ലാകളക്ടര്‍ മെമ്പര്‍സെക്രട്ടറിയും ഉള്‍പ്പെടെ പതിനഞ്ച് അംഗങ്ങളുള്ള ഒരു സംവിധാനമാണ് ജില്ലാ ആസൂത്രണ സമിതി. പതിനഞ്ചംഗങ്ങളില്‍ പന്ത്രണ്ടുപേരും ജില്ലാപഞ്ചായത്തില്‍ നിന്നും നഗരതലങ്ങളിലെ തദ്ദേശഭരണസ്ഥാപനങ്ങളില്‍ നിന്നും ജനസംഖ്യാടിസ്ഥാനത്തില്‍ തെരഞ്ഞെടുക്കപ്പെടുന്നവരാണ്. ഒരാള്‍ സര്‍ക്കാര്‍ നാമനിര്‍ദ്ദേശം ചെയ്ത വിദഗ്ദ്ധനായിരിക്കും. എല്ലാ എം.പിമാരും എം.എല്‍എമാരും ഡി.പി.സിയിലെ സ്ഥിരം ക്ഷണിതാക്കളായിരിക്കും. കൂടാതെ എല്ലാ ജില്ലാതല ഉദ്യോഗസ്ഥരും എക്സ്-ഒഫീഷ്യോ ജോയിന്റ് സെക്രട്ടറിമാരുമായിരിക്കും. സംസ്ഥാനത്ത് എല്ലാ ജില്ലാ ആസൂത്രണ സമിതികളും പൂര്‍ണ്ണമായും പ്രവര്‍ത്തിക്കുന്നു. കോ-ഓര്‍ഡിനേഷന്റെ ചുമതലയുള്ള ജില്ലാ ജോയിന്റ് സെക്രട്ടറിയായ ജില്ലാ പ്ലാനിംഗ് ഓഫീസര്‍, ജില്ലാ ആസൂത്രണസമിതിയുടെ യോഗങ്ങള്‍ നടത്തുന്നതിനും, അജണ്ട തയ്യാറാക്കുന്നതിനും യോഗത്തിന്റെ മിനിറ്റ്സ് തയ്യാറാക്കുന്നതിനും മറ്റും സഹായിക്കുന്നു. തദ്ദേശ ഭരണ സ്ഥാപനങ്ങളില്‍ തിരഞ്ഞെടുപ്പു നടത്തുന്നതിനോടൊപ്പം തന്നെ യഥാസമയം അഞ്ച് വര്‍ഷത്തിലൊരിക്കല്‍ മുടക്കമില്ലാതെ വ്യവസ്ഥാനുസരണം ഡി.പി.സി പുനഃസംഘടിപ്പിക്കുന്നു.
എറണാകുളം, തൃശ്ശുര്‍, കാസര്‍ഗോഡ്, വയനാട്, കണ്ണുര്‍, ആലപ്പുഴ, എന്നീ ജില്ലകളില്‍ ഡി.പിസി. കെട്ടിടങ്ങളുടെ പണി പൂര്‍ത്തിയാക്കുകയും പ്രവര്‍ത്തനം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. മറ്റ് ജില്ലകളിലെ പ്രവൃത്തികള്‍ പുരോഗതിയിലാണ്. കേരളത്തിന്റെ വികേന്ദ്രീകൃത ആസൂത്രണ പ്രക്രിയയിലെ ഒരു നാഴികക്കല്ലാണ് ഡി.പി.സി. സെക്രട്ടേറിയേറ്റ് നിര്‍മ്മാണം.
കേരളത്തിന്റെ വികേന്ദ്രീകരണ അനുഭവം സമാനതകളില്ലാത്തും ലോകമാകെ അംഗീകരിച്ചിട്ടുള്ളതുമാണ്. പ്രാദേശിക തലത്തിലെ ആസൂത്രണത്തിലും സാമ്പത്തിക പുരോഗതിയിലും സാമൂഹ്യ നീതിയിലും വികേന്ദ്രീകരണം സ്വാധീനം ചെലുത്തിയിട്ടുണ്ടെന്നുള്ളത് ഒരു വസ്തുതയാണ്. സുതാര്യത, ഉത്തരവാദിത്തം, ജന പങ്കാളിത്തം എന്നിവ ജനാധിപത്യ ഭരണ വ്യവസ്ഥയുടെ അവിഭാജ്യഘടകങ്ങളാണ്. ഇതില്‍ ജനകീയ പങ്കാളിത്തമെന്നത് യഥാര്‍ത്ഥ ജനാധിപത്യത്തില്‍ ഒഴിവാക്കാനാകാത്തതാണ്. നിരവധി സംഘടനാ സംവിധാനങ്ങളിലൂടെ ജനപങ്കാളിത്തം ഉറപ്പാക്കിയ നൂതന സംരംഭമായ ജനകീയാസൂത്രണം അന്താരാഷ്ട്ര തലത്തില്‍തന്നെ അംഗീകരിക്കപ്പെട്ടു. പതിമൂന്നാംപഞ്ചവത്സര പദ്ധതിക്കാലത്ത് സംസ്ഥാനം വിഭാവനം ചെയ്യുന്നത് ജനാധിപത്യ ആസൂത്രണത്തിന്റെ പൂര്‍ണ്ണ തോതിലുള്ള നവീകരണമാണ്. ആസൂത്രണത്തിലെ ഉദ്യോഗസ്ഥ കേന്ദ്രീകരണം ഇല്ലാതാക്കുക, പ്രാദേശിക സാമ്പത്തിക വികസനം സാധ്യമാക്കുക, സ്ഥാപനങ്ങളിലൂടെയുള്ല സേവനങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുക, ജനങ്ങളുടെയും വിദഗ്ദ്ധരുടെയും ഗവേഷണ-വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും പങ്കാളിത്തം ഉറപ്പാക്കി പ്രാദേശിക പദ്ധതികള്‍ സംയോജിപ്പിച്ച് ജില്ലാപദ്ധതി തയ്യാറാക്കുക തുടങ്ങിയവയ്ക്ക് ഊന്നല്‍ നല്‍കി തദ്ദേസഭരണ സ്ഥാപനങ്ങലുടെ ശാക്തീകരണം പതിമൂന്നാംപദ്ധതിയില്‍ ലക്ഷ്യമിടുന്നു.