തദ്ദേശ ഭരണ സ്ഥാപനങ്ങളും വികേന്ദീകൃത ആസൂത്രണവും

വിവിധ പദ്ധതിക്കാലത്തെ പ്രധാന സമീപനങ്ങള്‍

കേരളത്തില്‍ വികേന്ദ്രീകരണം ആരംഭിക്കുന്നത് പങ്കാളിത്ത ആസൂത്രണം എന്ന ആശയത്തിന് ഊന്നല്‍ നല്‍കി ക്യാമ്പയിന്‍ മാതൃകയില്‍ ഒമ്പതാം പഞ്ചവത്സര പദ്ധതിക്കാലത്താണ്. പത്താം പഞ്ചവത്സര പദ്ധതിക്കാലത്ത് കേരളത്തിലെ വികേന്ദ്രീകരണ പ്രക്രിയ പുനരാവിഷ്കരിച്ച് കേരള വികസന പദ്ധതി എന്ന പേരില്‍ നടപ്പിലാക്കി. ജനകീയാസൂത്രണ ആശയത്തിന് കൂടുതല്‍ ഊന്നല്‍ നല്‍കിക്കൊണ്ടും വികേന്ദ്രീകരണത്തെ സ്ഥാപനവത്കരിക്കാനുള്ള പ്രക്രിയ പൂര്‍ത്തിയാക്കുക എന്ന ലക്ഷ്യം വെച്ചുകൊണ്ടും പതിനൊന്നാം പഞ്ചവത്സര പദ്ധതിക്കാലത്ത് വികേന്ദ്രീകൃത ആസൂത്രണ പ്രക്രിയ പൂര്‍ണ്ണമായും നവീകരിച്ചു. വിവരസാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തി ആസൂത്രണ പ്രക്രിയ ശക്തിപ്പെടുത്തുന്നതിന് വേണ്ട മൂര്‍ത്തമായ നടപടികള്‍ക്കാണ് പന്ത്രണ്ടാം പദ്ധതിയില്‍ വിഭാവനം ചെയ്തിരുന്നത്. ആസൂത്രണ പക്രിയയില്‍ ഉദ്യോഗസ്ഥരുടെ അമിത ഇടപെടല്‍ ഒഴിവാക്കി ജനങ്ങളുടെ അര്‍ത്ഥപൂര്‍ണ്ണമായ പങ്കാളിത്തം താഴെത്തട്ടില്‍ ഉറപ്പാക്കുന്നതിന് പതിമൂന്നാം പഞ്ചവത്സര പദ്ധതിയില്‍ ലക്ഷ്യമിടുന്നു. വിദഗ്ദ്ധര്‍, ഗവേഷണസ്ഥാപനങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ മുതലായവയുടെ പങ്കാളിത്തം ഉറപ്പാക്കി തദ്ദേശഭരണ സ്ഥാപനങ്ങളുടെ പ്രോജക്ടുകളുടെ ഗുണമേന്‍മ മെച്ചപ്പെടുത്തുന്നതിനും പതിമൂന്നാം പദ്ധതിയില്‍ നടപടികളുണ്ടാകും.

തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്കുള്ള പദ്ധതി വിഹിതം

തദ്ദേശ ഭരണസ്ഥാപനങ്ങളുടെ തനത് പരിപാടികളും കൈമാറിക്കിട്ടിയ പദ്ധതികളും നടപ്പാക്കുന്നതിന് ആവശ്യമായ വിഭവങ്ങള്‍ ലഭ്യമാക്കുന്ന ധനകാര്യ അധികാര വികേന്ദ്രീകരണമാണ് കേരളത്തിലെ വികേന്ദ്രീകരണ പ്രക്രിയയിലെ ഏറ്റവും പ്രധാനപ്പെട്ട ഘടകം. പ്രാദേശിക വികസനത്തിനുളള പദ്ധതികള്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്നതിന് വേണ്ടി തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ക്ക് സംസ്ഥാന പദ്ധതി വിഹിതത്തിന്റെ ഏകദേശം 25 ശതമാനം തുക ഉപാധിരഹിത ഫണ്ടായി അനുവദിക്കുന്നുണ്ട്. സര്‍ക്കാര്‍ പുറപ്പെടുവിക്കുന്ന മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ക്ക് വിധേയമായി മുന്‍ഗണന നിശ്ചയിച്ചതിന് ശേഷം പദ്ധതികള്‍ക്ക് രൂപം നല്‍കുന്നതിനും അവ നടപ്പിലാക്കുന്നതിനുമുള്ള സ്വാത്യന്ത്രം തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ക്കുണ്ട്.

കേരളത്തില്‍ 941 ഗ്രാമപ്പഞ്ചായത്തുകള്‍, 152 ബ്ലോക്ക് പഞ്ചായത്തുകള്‍, 14 ജില്ലാ പഞ്ചായത്തുകള്‍, 87 മുനിസിപ്പാലിറ്റികള്‍, 6 കോര്‍റേഷനുകള്‍ ഉള്‍പ്പെടെ 1200 തദ്ദേശഭരണസ്ഥാപനങ്ങളുണ്ട്. തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ പൊതുവിഭാഗം, പ്രത്യേകഘടകപദ്ധതി (എസ്.സി.പി) പട്ടികവര്‍ഗ്ഗ ഉപപദ്ധതി (ടി.എസ്.പി) എന്നീ മൂന്ന് വിഭാഗങ്ങളായാണ് വികസന ഫണ്ട് അനുവദിക്കുന്നത്. നാലാം സംസ്ഥാനധനകാര്യ കമ്മീഷന്റെ ശൂപാര്‍ശയുടെ അടിസ്ഥാനത്തിലാണ് 2011-16 കാലയളവില്‍ ഓരോ വിഭാഗത്തിനുമുള്ള വികസനഫണ്ട് വകയിരുത്തിയിരുന്നത്. നാലാം ധനകാര്യ കമ്മീഷന്റെ ശൂപാര്‍ശയുടെ അടിസ്ഥാനത്തില്‍ 2011-16 കാലയളവില്‍ മൊത്തം സംസ്ഥാന പദ്ധതി വിഹിതത്തിന്റെ കുറഞ്ഞത് 25 ശതമാനം തുക തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്കു കൈമാറേണ്ടതുണ്ട്. പ്രസ്തുത തുകയില്‍ പതിമൂന്നാം കേന്ദ്രധനകാര്യ കമ്മീഷന്‍ ഗ്രാന്റും ലോകബാങ്ക് സഹായമുള്ള പ്രോജക്ടായ കേരള ലോക്കല്‍ ഗവണ്മെന്റ് സർവീസ് ഡെലിവറി പ്രോജക്ടില്‍ (കെ.എല്‍.ജി.എസ്.ഡി.പി) നിന്നും തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ക്കുള്ള ഫണ്ടും ഉള്‍പ്പെടുന്നു. അഞ്ചാം ധനകാര്യക്കമ്മീഷന്‍ റിപ്പോര്‍ട്ട് സര്‍ക്കാരിന്റെ പരിഗണനയിലാ യതിനാല്‍ 2016-17 വാര്‍ഷികപദ്ധതിക്കാലത്ത് തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്കുള്ള പദ്ധതി വിഹിതം നാലാം ധനകാര്യക്കമ്മീഷന്‍ നിര്‍ദ്ദേശിച്ച തുകയില്‍ നിന്നും 10 ശതമാനം വര്‍ദ്ധിപ്പിച്ചാണ് നല്‍കിയത്. കഴിഞ്ഞ അഞ്ച് വര്‍ഷം തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്ക് ബഡ്ജറ്റില്‍ വകയിരുത്തിയ തുകയും പദ്ധതി വിഹിതത്തിന്റെ ശതമാനവും പട്ടിക 8.1 ല്‍ ചേര്‍ക്കുന്നു.

പട്ടിക 8.1
തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്കുള്ള വികസന ഫണ്ട് (2012-17) (രൂപ കോടിയില്‍)
വര്‍ഷം ബഡ്ജറ്റ് വിഹിതം മൊത്തം പദ്ധതി വിഹിതത്തിന്റെ ശതമാനം*
2012-13 3228.00 23
2013-14 4000.00 24
2014-15 4700 .00 24
2015-16 4800 .00 24
2016-17 5500.00 23
*കെ.എസ്.ഇ.ബി വിഹിതം ഉള്‍പ്പെടെ
അവലംബം: ബഡ്ജറ്റ് അനുബന്ധം IV

പന്ത്രണ്ടാം പദ്ധതിയുടെ പ്രധാന സവിശേഷതകൾ

പന്ത്രണ്ടാം പദ്ധതിയുടെ തുടക്കത്തില്‍ പദ്ധതിരൂപീകരണത്തില്‍ തദ്ദേശസ്ഥാപനങ്ങള്‍ക്കു കൂടുതല്‍ സ്വാതന്ത്രം അനുവദിക്കുന്നതിനുള്ള ബോധപൂർവമായ ചില ശ്രമങ്ങള്‍ നടത്തിയിട്ടുണ്ട്. അതനുസരിച്ച് പദ്ധതിമാര്‍ഗ്ഗരേഖയില്‍ മുഖ്യമായും മേഖലാ പരിധിയിലും പദ്ധതിയുടെ പരിശോധനയിലും ചില മാറ്റങ്ങളുണ്ടായി. 2015-16 വരെ ഉല്പാദനമേഖലയിലോ സേവനമേഖലയിലോ ഏറ്റവും കൂടുതലോ കുറവോ എത്രയായിരിക്കണമെന്നതിനു നിബന്ധനകളൊന്നും നിലവിലില്ലായിരുന്നു. പക്ഷേ, പശ്ചാത്തല മേഖലയില്‍, പൊതുവിഭാഗത്തിലെ പദ്ധതിവിഹിതത്തില്‍ ഗ്രാമപഞ്ചായത്തുകള്‍ക്കും ബ്ലോക്ക് പഞ്ചായത്തു കള്‍ക്കും 45 ശതമാനവും മുനിസിപ്പാലിറ്റികള്‍ക്കും കോര്‍പ്പറേഷനുകള്‍ക്കും 55 ശതമാനവും ജില്ലാ പഞ്ചായത്തുകള്‍ക്ക് 50 ശതമാനവും എന്ന പരിധി നിശ്ചയിച്ചിരുന്നു. ഇതിനുപുറമെ വികസനഫണ്ടിന്റെ 10 ശതമാനം വനിതഘടകപദ്ധതിക്കും 5 ശതമാനം കുട്ടികള്‍, വൃദ്ധര്‍, ഭിന്നശേഷിയുള്ളവര്‍, സാന്ത്വന ചികിത്സ ആവശ്യമുള്ളവര്‍, മറ്റുദുര്‍ബല വിഭാഗങ്ങള്‍ എന്നിവര്‍ക്ക് വേണ്ടിയും മാറ്റിവെയ്ക്കണം. ജില്ലാ ആസൂത്രണ സമിതി (ഡി.പി.സി) തദ്ദേശ ഭരണസ്ഥാപനങ്ങളുടെ ഓരോ പ്രോജക്ടും വെവ്വേറെ അംഗീകരിക്കുന്നതിന് പകരം വാര്‍ഷിക പദ്ധതി രേഖ അംഗീകരിച്ചാല്‍ മതിയാകും. 2016-17 വാര്‍ഷിക പദ്ധതിയില്‍ ഉത്പാദന മേഖലയ്ക്ക് 20 ശതമാനവും ശുചിത്വ മാലിന്യ സംസ്കരണത്തിന് 10 ശതമാനവും നിര്‍ബന്ധമാക്കിയിട്ടുണ്ട്.

സാങ്കേതിക ഉപദേശക സമിതി (ടി.എ.ജി) സംവിധാനം ഉപേക്ഷിച്ചുവെന്നതാണ് മറ്റൊരു പ്രധാന സവിശേഷത. ബന്ധപ്പെട്ട ടി.എ.ജിയുടെ പരിശോധനയ്ക്ക് പകരം, അതാത് നിർവഹണ ഉദ്യേോഗസ്ഥന്‍ പരിശോധിച്ച് സാക്ഷ്യപ്പെടുത്തിയതിന് ശേഷം വിലയിരുത്തലിനും അംഗീകാരത്തിനുമായി അതേ ഉദ്യോഗസ്ഥന്റ മേലുദ്യോഗസ്ഥന് കൈമാറുന്നു. തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ക്ക് വേണ്ടി പ്രോജക്ടുകള്‍ തയ്യാറാക്കി അംഗീകരിക്കുന്നതിനുള്ള സാങ്കേതിക വൈദഗ്ദ്ധ്യം ലഭ്യമാക്കുന്നതിന് ആവശ്യമെങ്കില്‍ പ്രോജക്ട് ഫോര്‍മുലേഷന്‍ കമ്മിറ്റികള്‍ (പി.എഫ്.സി) രൂപീകരിക്കാവുന്നതാണ്.

പട്ടികജാതി/പട്ടികവര്‍ഗ്ഗ സങ്കേതങ്ങള്‍ക്കുള്ളിലെ റോഡു നിര്‍മ്മാണത്തിന് ഇപ്പോള്‍ പ്രത്യേക ഘടകപദ്ധതിയില്‍ നിന്നും പട്ടികവര്‍ഗ്ഗ ഉപപദ്ധതിയില്‍ നിന്നും ഫണ്ട് ഉപയോഗിക്കാവുന്നതാണ്. പട്ടികവര്‍ഗ്ഗ കോളനികളിലെ റോഡുകളുടെ വീതി പരമാവധി മൂന്നു മീറ്ററായി ഉയര്‍ത്തി. പട്ടികജാതി/പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ക്ക് വിദേശത്ത് തൊഴില്‍ ലഭിക്കുന്നതിനുള്ള ധനസഹായം, ദേശീയ അന്തര്‍ദേശീയ സ്ഥാപനങ്ങളില്‍ പ്രവേശനം ലഭിക്കുന്നതിനുള്ള സഹായം തുടങ്ങിയവ പ്രത്യേകഘടക പദ്ധതിയുടെയും പട്ടികവര്‍ഗ്ഗ ഉപപദ്ധതിയുടെയും വിനിയോഗത്തിലെ നാഴികക്കല്ലുകളാണ്. സാങ്കേതിക ഉപദേശക സമിതി അനുവര്‍ത്തിച്ചിരുന്ന സമീപനത്തിന് പകരം സുലേഖ സോഫ്റ്റ് വെയര്‍ മുഖേന തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ പ്രോജക്ടുകള്‍ക്ക് ഓണ്‍ ലൈന്‍ അംഗീകാരം നല്കുന്നത് ഒരു പ്രധാന മാറ്റമായി പരിഗണിക്കപ്പെടുന്നു. പദ്ധതി രൂപീകരണം, വിലയിരുത്തല്‍, അംഗീകാരം, മോണിറ്ററിംഗ്, ഭേദഗതി നടപടികള്‍, പദ്ധതിച്ചെലവുകളുടെ പുരോഗതി നിരീക്ഷണം എന്നിവയ്ക്ക് ഈ സോഫ്റ്റ് വെയര്‍ഉപയോഗിക്കുന്നു.

പന്ത്രണ്ടാം പദ്ധതിക്കാലത്തെ മറ്റൊരു സുപ്രധാന മാറ്റമാണ് സ്പെഷ്യല്‍ ഗ്രാമസഭകള്‍, അയല്‍ സഭകള്‍, സേവാഗ്രാം-ഗ്രാമകേന്ദ്രങ്ങള്‍ എന്നിവ ഗ്രാമ/വാര്‍ഡ് സഭകള്‍ ശക്തിപ്പെടുത്തുന്നതിന് ഓരോ വാര്‍ഡിലും 50 മുതല്‍ 100 കുടുംബങ്ങളെ ഒന്നിച്ച് ചേര്‍ത്ത് അയല്‍സഭകള്‍ രൂപീകരിക്കുന്നു. മാനസിക വൈകല്യമുള്ളവരും ഭിന്നശേഷിയുള്ളവരുമുള്ള കുടുംബങ്ങള്‍ക്ക് പ്രത്യേക ഗ്രാമസഭകള്‍ വിളിച്ച് ചേര്‍ക്കുന്നു. അയല്‍സഭകളും സേവാഗ്രാം-ഗ്രാമകേന്ദ്രങ്ങളും മുഖേന പദ്ധതി ആസൂത്രണത്തിലും നടത്തിപ്പിലും കൂടുതല്‍ ജനപങ്കാളിത്തം ഉറപ്പു വരുത്തുന്നതിന് ഇത് ലക്ഷ്യമിടുന്നു.

തദ്ദേശഭരണസ്ഥാപനങ്ങളുടെ പദ്ധതിയിലെ ധന വിന്യാസം

തദ്ദേശഭരണസ്ഥാപനങ്ങളുടെ 2015-16- ലെ മൊത്തം പദ്ധതി അടങ്കല്‍ തുക 12523.37 കോടി രൂപയായിരുന്നു. ഇതില്‍ 6069.18 കോടി രൂപ അതായത് 48.46 ശതമാനമാണ് സര്‍ക്കാരില്‍ നിന്നുളള പദ്ധതി വിഹിതം. തദ്ദേശ സ്ഥാപനങ്ങളുടെ തനത് ഫണ്ട് സംഭാവന 8.52 ശതമാനവും ബാക്കിയുള്ളത് മറ്റ് സ്രോതസുകളില്‍ നിന്നുമായിരുന്നു. 2015-16- ല്‍ രേഖപ്പെടുത്തിയ ആകെ ചിലവ് 54.88 ശതമാനവും അതിന് മുൻവ ര്‍ഷത്തെ ചെലവ് 51.49 ശതമാനവുമായിരുന്നു. അതായത് മുന്‍ സാമ്പത്തിക വര്‍ഷത്തില്‍ നിന്നും 3.4 ശതമാനം കൂടുതല്‍ ചെലവ് അവലോകന വര്‍ഷത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. മൊത്തം ചിലവില്‍ പദ്ധതി വിഹിതത്തിന്റെ പങ്ക് 65.01 ശതമാനവും, തനത് ഫണ്ടില്‍ നിന്നുള്ളത് 6.29 ശതമാനവും സംസ്ഥാന/കേന്ദ്രവിഷ്കൃത പരിപാടികളും പുറമെ നിന്നുള്ള ധനസഹായവും കൂടി 3.29 ശതമാനവും ശേഷിച്ചത് മറ്റു സ്രോതസുകളില്‍ നിന്നുള്ള വരുമാനവുമാണ്.

ചിത്രം 8.1 ല്‍ 2014-15 ലെയും 2015-16 ലെയും സ്രോതസ്സു് തിരിച്ചുള്ള ധനാഗമ മാര്‍ഗ്ഗങ്ങളുടെ വിശദാംശങ്ങള്‍ ചേര്‍ത്തിരിക്കുന്നു. ഉപമേഖല വിശദാംശങ്ങള്‍ അനുബന്ധം 8.1 (എ), അനുബന്ധം 8.1 (ബി) യില്‍ കൊടുത്തിട്ടുണ്ട്. ചിത്രം 8.2 ല്‍ 2015-16 ലെ വിവിധ സ്രോതസ്സുകളില്‍ നിന്നുള്ള ചിലവിന്റെ ശതമാനം ചേര്‍ത്തിരിക്കുന്നു.

ചിത്രം 8.1
തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ പദ്ധതി സ്രോതസ്സുകള്‍(ശതമാനത്തില്‍)-(2014-15, 2015-16)
അവലംബം: ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍-2016
ചിത്രം 8.2
2015-16-ല്‍ തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ക്ക് വിവിധ സ്രോതസ്സുകളില്‍ നിന്നും ലഭിച്ച ഫണ്ടിന്റെ ചെലവ് (ശതമാനത്തില്‍)
* മറ്റുള്ളവ എന്ന വിഭാഗത്തില്‍ സംസ്ഥാന വിഹിതം, കേന്ദ്ര വിഹിതം, സഹകരണ സ്ഥാപനങ്ങളില്‍ നിന്നുള്ള വായ്പ, പുറമേ നിന്നുള്ള ധനസഹായം, സന്നദ്ധ സേവനം, ഗുണഭോക്തൃ വിഹിതം, മറ്റ് സ്രോതസുകള്‍ (വികസന ഫണ്ട്, തനത ഫണ്ട് ഒഴിച്ചുള്ളവ) എന്നിവ ഉള്‍പ്പെടുന്നു.
top