സ്ഥൂല സാമ്പത്തിക വീക്ഷണം

ജനസംഖ്യാസ്ഥിതിവിവരങ്ങള്‍

സെന്‍സസ് ഡയറക്ടറേറ്റ് പ്രസിദ്ധീകരിച്ച അന്തിമ സ്ഥിതിവിവരക്കണക്കുകള്‍ പ്രകാരം മാര്‍ച്ച് 2011-ല്‍ കേരളത്തിന്റെ ജനസംഖ്യ 3,34,06,061 ആണ്. ഇതില്‍ 1,60,27,412 (48 ശതമാനം) പുരുഷന്മാരും 1,73,78,649 (52 ശതമാനം) സ്ത്രീകളുമാണ്. 2001-ല്‍ കാനേഷുമാരി കണക്കെടുത്തപ്പോള്‍ കേരളത്തില്‍ ആകെ ഉണ്ടായിരുന്ന 3,18,41,374 കോടി ജനങ്ങളില്‍ 1,54,68,614 (48.6 ശതമാനം) പുരുഷന്മാരും 1,63,72,760 (51.4 ശതമാനം) സ്ത്രീകളുമായിരുന്നു.

ജനസംഖ്യയുടെ ദശാബ്ദവളര്‍ച്ചാനിരക്ക് നോക്കുമ്പോള്‍ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഏറ്റവും കുറവ് (4.9 ശതമാനം) കേരളത്തിലാണ്. അതേസമയം ദേശീയ ജനസംഖ്യവളര്‍ച്ചാനിരക്ക് 17.6 ശതമാനമായിരുന്നു (ചിത്രം 1.1). കേരളത്തിന്റെ ജനസംഖ്യാവളര്‍ച്ചയിലെ പ്രവണതകള്‍ ശൂന്യവളര്‍ച്ചയിലേക്കോ അതിലും താഴേയോ നീങ്ങുന്നതായി കാണിക്കുന്നു. ജില്ലകളില്‍ ഏറ്റവുമുയര്‍ന്ന വളര്‍ച്ചാനിരക്ക് മലപ്പുറത്തും (13.4 ശതമാനം) ഏറ്റവും കുറവ് പത്തനംതിട്ടയിലുമാണ് (-3.0 ശതമാനം) ഇടുക്കിയും പൂജ്യത്തില്‍ താഴെയാണ് കാണിക്കുന്നത് (-1.8 ശതമാനം). ജനസംഖ്യാവളര്‍ച്ചാനിരക്ക് ഇടുക്കി, കോട്ടയം, ആലപ്പുഴ, കൊല്ലം, പത്തനംതിട്ട, തിരുവനന്തപുരം എന്നീ തെക്കന്‍ ജില്ലകളിലെ താരതമ്യേന വളരെ കുറവാണ്.

 2001-ലെ സെന്‍സസ് പ്രകാരം കേരളത്തിലെ കുട്ടികളുടെ (0-6 വയസ്സ്) ജനസംഖ്യ 37,93,146 ആയിരുന്നത് 2011-ല്‍ 34,72,955 ആയി. ജനസംഖ്യ വളർച്ചാനിരക്ക് സംസ്ഥാനത്ത് പൂജ്യത്തിനും താഴെയാണ് (-8.44 ശതമാനം). കേരളത്തിൽ കുട്ടികളുടെ ജനസംഖ്യ കുറഞ്ഞു വരുന്ന പ്രവണതയാണ് സെന്‍സസ് ഡാറ്റ കാണിക്കുന്നത്. 2001-ലെ സെൻസസ് കണക്കനുസരിച്ച് കുട്ടികളുടെ ജനസംഖ്യ 12 ശതമാനമായിരുന്നത് 2011-ല്‍ 10 ശതമാനമായി. കേരളത്തിലെ കുട്ടികളുടെ ജനസംഖ്യയുടെ 2001-ലെയും 2011-ലെയും ശതമാനത്തിന്റെ താരതമ്യ ചിത്രം 1.2 ൽ ജില്ലതിരിച്ച് കാണിച്ചിരിക്കുന്നു. കുട്ടികളുടെ ജനസംഖ്യയിലെ ഏറ്റവും ഉയർന്ന അനുപാതം മലപ്പുറം ജില്ലയിലും ഏറ്റവും കുറഞ്ഞ അനുപാതം പത്തനംതിട്ട ജില്ലയിലുമാണ്. കേരളത്തിലെ കുട്ടികളുടെ ജനസംഖ്യാനുപാതം എല്ലാ ജില്ലകളിലും കുറയുന്ന പ്രവണത കാണുന്നുണ്ട്. കൊല്ലം ഒഴികെയുള്ള തെക്കൻ ജില്ലകളിൽ രണ്ടു ശതമാനം കുറവ് കാണിക്കുമ്പോൾ വയനാട് ഒഴികെയുള്ള വടക്കൻ ജില്ലകളിൽ ഈ കുറവ് ഒരു ശതമാനമാണ്. കൊല്ലം ജില്ലയിൽ ഇത് ഒരു ശതമാനവും വയനാട് ജില്ലയിൽ ഇത് രണ്ടു ശതമാനവുമാണ്. ഇതിൽ നിന്ന് മനസ്സിലാക്കാവുന്നത് തെക്കൻ കേരളത്തേക്കാൾ വേഗത്തിൽ വടക്കൻ കേരളം ജനസംഖ്യയിൽ കൂട്ടിച്ചേർക്കൽ നടത്തുന്നു എന്നാണ്. വിശദ വിവരങ്ങൾ അനുബന്ധം 1.1 ല്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.

ചിത്രം 1.1
ഇന്ത്യയുടെയും കേരളത്തിന്റെയും ദശാബ്ദജനസംഖ്യാവളര്‍ച്ച 1901-2011
അവലംബം: സെൻസസ് 2011
ചിത്രം 1.2
കേരളത്തിൽ കുട്ടികളുടെ ജനസംഖ്യ ശതമാനം
അവലംബം: സെൻസസ് 2001 & 2011

സാക്ഷരത

2011-ലെ സെന്‍സസ് പ്രകാരം ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍‍‍ ഏറ്റവും ഉയര്‍ന്ന സാക്ഷരതയുള്ള സംസ്ഥാനമാണ് കേരളം (94 ശതമാനം). 2001-ല്‍ ഇത് 90 ശതമാനമായിരുന്നു. സാക്ഷരതയില്‍ ഒന്നാം സ്ഥാനത്ത് 97.2 ശതമാനവുമായി കോട്ടയം നില്ക്കുമ്പോള്‍ തൊട്ടുപിന്നില്‍ 96.5 ശതമാനവുമായി പത്തനംതിട്ടയാണുള്ളത്. ഏറ്റവും കുറഞ്ഞ സാക്ഷരതാ നിരക്ക് വയനാട്ടിലാണ് (89 ശതമാനം). തൊട്ടു മുന്നില്‍ പാലക്കാട് (89.3 ശതമാനം) ആണ്. ദേശീയ സാക്ഷരതാ നിരക്കായ 72 ശതമാനത്തിനും മുകളിലാണ് കേരളത്തില്‍ ഏറ്റവും കുറഞ്ഞ സാക്ഷരതാനിരക്കായ വയനാട്ടിലെ 89 ശതമാനം. എല്ലാ ജില്ലകളിലും വര്‍ദ്ധനവ് ഉണ്ടായതായിക്കാണാവുന്നതാണ്. സാക്ഷരതാനിരക്കില്‍ ഏറ്റവും കുറവും കൂടുതലും തമ്മിലുള്ള വ്യത്യാസം കേരളത്തില്‍ 8.2 ശതമാനം ആണെന്ന് കാണാം. വിശദാംശങ്ങള്‍ അനുബന്ധം 1.2 - ല്‍ കൊടുത്തിട്ടുണ്ട്.

സ്ത്രീപുരുഷ അനുപാതം

2001-ലെ സെന്‍സസുമായി താരതമ്യം ചെയ്യുമ്പോള്‍ 2011 – ല്‍ കേരളത്തിലെ സ്ത്രീപുരുഷാനുപാതം (ആയിരം പുരുഷന്മാര്‍ക്ക് സ്ത്രീകളുടെ എണ്ണം) 26 പോയിന്റ് വര്‍ദ്ധിച്ച് 1084 ല്‍ എത്തി. 1961-ല്‍ കേരളത്തിലെ സ്ത്രീപുരുഷാനുപാതം 1022 ആയിരുന്നു. 2011-ല്‍ ഇന്ത്യയുടെ സ്ത്രീ പുരുഷാനുപാതം 943 ആണ്. ജില്ലകളില്‍ ഏറ്റവും ഉയര്‍ന്ന സ്ത്രീ പുരുഷാനുപാതം (1136) കണ്ണൂരും തൊട്ടുപിന്നില്‍ പത്തനംതിട്ടയുമാണ് (1132). ഏറ്റവും കുറവ് ഇടുക്കി (1006), തൊട്ടുമുകളില്‍ എറണാകുളം (1027). എല്ലാ ജില്ലകള്‍ക്കും സൂചിക 1000 - നു മുകളിലാണ്. 2001 -ല്‍ വയനാട് സൂചിക 1000 ല്‍ താഴെയായിരുന്നു (994). സ്ത്രീപുരുഷാനുപാതം ഏറ്റവും കുറഞ്ഞ ഇടുക്കിയും (1006) ഏറ്റവും ഉയര്‍ന്ന കണ്ണൂരും (1136) തമ്മില്‍ 130 പോയിന്റിന്റെ അന്തരമാണുള്ളത്. വിശദാംശങ്ങള്‍ അനുബന്ധം 1.1 -ല്‍ കാണാം.

കുട്ടികളിലെ ആണ്‍ പെണ്‍ അനുപാതം (0-6 വയസ്)

കേരളത്തില്‍ കുട്ടികളിലെ ആണ്‍-പെണ്‍ അനുപാതം 2011 - ലെ സെന്‍സസ് പ്രകാരം 964 ആണ്. 2001 - ല്‍ ഇത് 960 ആയിരുന്നു. പത്തനംതിട്ടയാണ് ഏറ്റവും മുന്നില്‍ (976). തൊട്ടുപിന്നിലായി കൊല്ലം (973) കണ്ണൂര്‍ (971) ജില്ലകളാണ്. തൃശൂരിന്റെ സൂചിക 950 ഉം ആലപ്പുഴയുടേത് 951 ഉം ആണ്. ഏറ്റവും താഴ്ന്നതും ഉയര്‍ന്നതും തമ്മില്‍ 26 പോയിന്റ് അന്തരമാണുള്ളത്. എല്ലാ ജില്ലകളുടേയും സൂചിക 1000-ന് താഴെയാണ്. ദശാബ്ദമാറ്റം വിശകലന വിധേയമാക്കിയപ്പോള്‍ ഏറ്റവും ഉയര്‍ന്ന നേട്ടവുമായി കൊല്ലം (13 പോയിന്റ്) തൊട്ടുപിന്നില്‍ കോഴിക്കോടുമാണുള്ളത് (10 പോയിന്റ്). മറ്റെല്ലാ ജില്ലകളുടെയും സ്ഥാനം പത്ത് പോയിന്റില്‍ താഴെയാണ്. തൃശൂര്‍ (-8), ഇടുക്കി (-5), ആലപ്പുഴ (-5) എന്നീ ജില്ലകളില്‍ കുട്ടികളിലെ ആണ്‍-പെണ്‍ അനുപാതത്തില്‍ ദശാബ്ദ വളര്‍ച്ച പൂജ്യത്തിലും താഴെയാണ്. വിശദാംശങ്ങള്‍ അനുബന്ധം 1.1 - ല്‍ കാണാം.

ജനസാന്ദ്രത

2011 - ലെ സെന്‍സസ് പ്രകാരം ഒരു ചതുരശ്രകിലോമീറ്ററില്‍ 860 ആളുകള്‍ എന്ന നിരക്കിലാണ് കേരളത്തിന്റെ ജനസാന്ദ്രത. ഇത് ഇന്ത്യയുടെ ജനസാന്ദ്രതയേക്കാള്‍ (382) ഏറെ ഉയര്‍ന്നതാണ്. ജില്ലകളില്‍ തിരുവനന്തപുരം ഒന്നാമതും (1508) ഇടുക്കി ഏറ്റവും പിന്നിലും ആണ് (255). പത്തനംതിട്ട (-16), ഇടുക്കി (-4) ഒഴികെ എല്ലാ ജില്ലകളിലും ജനസാന്ദ്രത ഉയര്‍ന്നതായിക്കാണുന്നു. വിശദാംശങ്ങള്‍ അനുബന്ധം 1.2 - ല്‍ കാണാം.

ജനസംഖ്യയുടെ ജില്ലാതല കണക്ക്

കേരള ജനസംഖ്യയുടെ ജില്ലതിരിച്ചുള്ള 1981 മുതല്‍ 2011- വരെയുള്ള കണക്ക് പരിശോധിക്കുമ്പോള്‍ ജനസംഖ്യയുടെ കൂടുതല്‍ ഭാഗം (12.3 ശതമാനം)വുമായി മലപ്പുറംജില്ല മുമ്പില്‍ നില്ക്കുന്നു. തിരുവനന്തപുരം (9.9 ശതമാനം) എറണാകുളം (9.8 ശതമാനം) തൃശ്ശൂര്‍ (9 ശതമാനം) കോഴിക്കോട് (9 ശതമാനം) ജില്ലകളാണ് തൊട്ടുപുറകിലുള്ളത്. ഇടുക്കി, കാസര്‍കോട് ജില്ലകളില്‍ ജനസംഖ്യയുടെ 3-4 ശതമാനം വീതം വരുമ്പോള്‍ 2.4 ശതമാനവുമായി വയനാട് ജില്ലയാണ് ഏറ്റവും കുറവ് ജനസംഖ്യ. കഴിഞ്ഞ 40 വര്‍ഷമായി (1981 മുതല്‍ 2011 വരെ) ജനസംഖ്യയുടെ ജില്ലാതല വിതരണത്തില്‍ കാര്യമായ വ്യതിയാനം ഉണ്ടായിട്ടില്ലെന്ന് വ്യക്തമാണ്. വിശദാംശങ്ങള്‍ അനുബന്ധം 1.2 - ല്‍ കാണാം.

പ്രായവിഭാഗ വിതരണം

വിവിധ പ്രായവിഭാഗങ്ങളിലായി ജനസംഖ്യയുടെ വിതരണം പരിശോധിക്കുമ്പോള്‍ 0-14 പ്രായ വിഭാഗത്തിലുള്ള ജനസംഖ്യ 1961-ല്‍ 43 ശതമാനമായിരുന്നത് 2011 ല്‍ 23 ശതമാനമായി കുറഞ്ഞു. എന്നാല്‍ തൊഴില്‍സേനയുള്‍പ്പെടുന്ന 15-59 വിഭാഗം വളരെകുറഞ്ഞ നിരക്കില്‍ വര്‍ദ്ധിച്ചുവരുന്നതായിക്കാണാം. എന്നാല്‍ മെച്ചപ്പെട്ട ആരോഗ്യ സംവിധാനങ്ങളുടെ ലഭ്യതയും, ആയുര്‍ദൈര്‍ഘ്യം വര്‍ദ്ധിച്ചതും കാരണം 60 വയസ്സിനു മുകളിലുള്ള ആശ്രിതവിഭാഗം 1961-ലെ 5 ശതമാനത്തില്‍ നിന്നും 2011-ലെ 13 ശതമാനമായി ഉയര്‍ന്നിട്ടുണ്ട്. (ചിത്രം 1.3)

ചിത്രം 1.3
പ്രായവിഭാഗ വിതരണം (ശതമാനം) കേരളം 1961-2011
അവലംബം: സെൻസസ് 2001 & 2011

തൊഴില്‍സേനയുള്‍ക്കൊള്ളുന്ന (15-59) പ്രായവിഭാഗത്തിലെ വര്‍ദ്ധനവ് സാമ്പത്തിക അഭിവൃദ്ധിക്ക് അനുകൂലമാണ്. എന്നാല്‍ 0-14 പ്രായവിഭാഗത്തിലെ കുറവ് ഉത്കണ്ഠയുളവാക്കുന്നു. അതുപോലെ 60 വയസ്സിനു മുകളിലുള്ളവരുടെ എണ്ണം കൂടുന്നത്, അവര്‍ക്ക് സാമൂഹ്യസുരക്ഷിതത്വ നടപടികള്‍ കൈക്കൊള്ളേണ്ടതാണ്.

top