ഇന്ത്യയുടെ മൊത്ത ദേശീയവരുമാനം 2015-16 ല്‍ സ്ഥിരവിലയില്‍ (2011-12) മുന്‍ വര്‍ഷത്തെ 1,04,27,701 കോടിയില്‍ നിന്ന് 1,12,13,328 കോടി രൂപയായതായി കണക്കാക്കുന്നു. (പട്ടിക 1.1). 2014-15 ലെ ദേശീയ വരുമാനത്തിന്റെ വളര്‍ച്ചാനിരക്കായിരുന്ന 7.3 ശതമാനവുമായി താരതമ്യപ്പെടുത്തുമ്പോള്‍ 2015-16 ല്‍ വളര്‍ച്ചാനിരക്ക് 7.5 ശതമാനമാണ്. 2015-16 ല്‍ മൊത്ത ദേശീയവരുമാനം നടപ്പുവിലയില്‍ 1,34,18,745 കോടി രൂപയാണ്. 2014-15 ല്‍ ഇത് 1,23,40,772 കോടി രൂപയായിരുന്നു. അതായത് 10.8 ശതമാനമാണ് വളര്‍ച്ചാനിരക്ക്. 2015-16 ല്‍ അറ്റദേശീയ വരുമാനം നടപ്പുവിലയില്‍ 1,19,69,428 കോടി രൂപയാണ്. ഇത് 2014-15 ല്‍ 1,10,07,592 കോടി രൂപയായിരുന്നു. ഇത് 8.7 ശതമാനം വളര്‍ച്ചാനിരക്ക് രേഖപ്പെടുത്തുന്നു. വിശദ വിവരങ്ങള്‍ക്ക് പട്ടിക 1.1 കാണുക.
ക്രമനം | ഇനം | 2011-12 വിലയില്‍ | നടപ്പ് വിലയില്‍ | ||||
2013-14(എന്‍ എസ്) | 2014-15 (എന്‍ എസ്) | 2015-16 (എന്‍ എസ്) | 2013-14(എന്‍ എസ്) | 2014-15 (എന്‍ എസ്) | 2015-16 (എന്‍ എസ്) | ||
1 | മൊത്തം ദേശീയ വരുമാനം (ജി.എന്‍.ഐ | 9717062 | 10427701(7.3) | 11213328 (7.5) | 11132877 | 12340772 (10.8) | 13418745 (8.7) |
2 | അറ്റ ദേശീയ വരുമാനം (എന്‍.എന്‍.ഐ) | 8615309 | 9235026 (7.2) | 9934863 (7.6) | 9934405 | 11007592 (10.8) | 11969428 (8.7) |
3 | മൊത്തം ആഭ്യന്തരോല്പാദനം (ജി.ഡി.പി)) | 9839434 | 10552151 (7.2) | 11350249 (7.6) | 11272764 | 12488205 (10.8) | 13576086 (8.7) |
4 | അറ്റ ആഭ്യന്തരോല്പാദനം (എന്‍.ഡി.പി)) | 8737681 | 9359476 (7.1) | 10071784(7.6) | 10074292 | 11155025(10.7) | 12126769 (8.7) |
5 | പ്രതിശീര്‍ഷ മൊത്ത ആഭ്യന്തരോല്പാദനം ( ) | 78653 | 83285 (5.9) | 88466(6.2) | 90110 | 98565 (9.4) | 105815 (7.4) |
6 | പ്രതിശീര്‍ഷ അറ്റ ആഭ്യന്തരോല്പാദനം ( ) | 69846 | 73871(5.7) | 78502(6.2) | 80530 | 88043(9.3) | 94519(7.4) |
മൊത്ത ആഭ്യന്തരോല്പാദനം സ്ഥിരവിലയില്‍ (2011-12) 2014-15 ല്‍ 10552151 കോടി രൂപയില്‍ നിന്ന് 7.6 ശതമാനം വളര്‍ച്ച കൈവരിച്ച് 2015-16 ല്‍ 1,13,50,249 കോടി രൂപയിലെത്തി. നടപ്പുവിലയില്‍ 2015-16 ല്‍ മൊത്ത ആഭ്യന്തരോല്പാദനം 2014-15-ലെ 1,24,88,205 കോടിരൂപയില്‍ നിന്ന് 1,35,76,086 കോടി രൂപയായി. ഇത് 8.7 ശതമാനം വളര്‍ച്ചാനിരക്ക് കാണിക്കുന്നു. യഥാര്‍ത്ഥ പ്രതിശീര്‍ഷവരുമാനം (പ്രതിശീര്‍ഷ മൊത്ത ആഭ്യന്തരോല്പാദനം) 2011-12 ലെ സ്ഥിരവിലയില്‍ 2014-15 ലെ 83,285 രൂപയില്‍ നിന്ന് 6.2 ശതമാനം വളര്‍ച്ച കൈവരിച്ച് 2015-16 ല്‍ 88,466 രൂപയായി. നടപ്പുവിലയില്‍ പ്രതിശീര്‍ഷ വരുമാനം 2014-15- ലെ 98565 രൂപയില്‍ നിന്ന് 7.4 ശതമാനം വളര്‍ച്ചയോടെ 2015-16 -ല്‍ 105815 രൂപയായി.
മൊത്ത ആഭ്യന്തരോല്പാദനം, അറ്റ ആഭ്യന്തരോല്പാദനം, മൊത്ത ദേശീയവരുമാനം, അറ്റ ദേശീയവരുമാനം എന്നിവയെ സംബന്ധിക്കുന്ന 2012-13 മുതല്‍ 2015-16 വരെയുള്ള നടപ്പ്, (2011-12) സ്ഥിരവിലകളിലെ ശതമാന വ്യതിയാനം ഉള്‍പ്പെടെ അനുബന്ധം 1.4, അനുബന്ധം 1.5, അനുബന്ധം 1.6 , അനുബന്ധം 1.7 വരെയുള്ള അനുബന്ധങ്ങളില്‍ കൊടുത്തിട്ടുണ്ട്. സ്ഥിരവിലയിലും നടപ്പുവിലയിലും കണക്കാക്കിയിട്ടുള്ള മൊത്തം ആഭ്യന്തരോല്പാദനത്തിന്റെ മേഖലാവിതരണം അനുബന്ധം 1.8 ലും അനുബന്ധം 1.9 ലും നല്കിയിട്ടുണ്ട്.
പദ്ധതി നിർവ്വഹണ സ്ഥിതിവിവരകണക്ക് മന്ത്രാലയം ദേശീയകണക്കുകളുടെ പുതിയ പരമ്പര പുറത്തിറക്കിയിട്ടുണ്ട്. 2004-05 അടിസ്ഥാന വര്‍ഷമായി കണക്കാക്കി 2014-15 വരെ പുറത്തിറക്കിയവയും 2011-12 അടിസ്ഥാന വര്‍ഷമായി കണക്കാക്കി ഇപ്പോള്‍ പുറത്തിറക്കിയ പ്രധാന സംഗ്രഹങ്ങളും തമ്മില്‍ ആശയപരമായ ചില വ്യത്യാസങ്ങളുണ്ട്. 2008-ലെ ദേശീയ കണക്കുകളുടെ മാതൃകയാണ് പുതിയ ദേശീയ കണക്ക് പരമ്പരയില്‍ കൂടുതലും ഉപയോഗിച്ചിരിക്കുന്നത്. ഘടക മൂല്യത്തിലെ മൊത്ത ആഭ്യന്തര ഉല്പന്നം എന്നതിന് (ജി.ഡി.പി. ഘടക മൂല്യത്തില്‍) പകരം മൊത്തം സംയോജിത മൂല്യം അടിസ്ഥാന വിലയില്‍ (ജി.വി.എ.) എന്നും കമ്പോള വിലയിലെ ജി.ഡി.പി.യെ ജി.ഡി.പി. ആയും നിർവ്വചിച്ചിരിക്കുന്നു .
ദേശീയ വരുമാനം കണക്കാക്കുന്നതിലെ അടിസ്ഥാന വര്‍ഷം 2004-05 എന്നതില്‍ നിന്നും 2011-12 ആക്കി. 2008-ലെ ദേശീയ അക്കൌണ്ട്സ് സംവിധാനം സ്വീകരിച്ചതിന്റെ ഫലമായി ചില ആശയങ്ങളിലും മാറ്റം വന്നിട്ടുണ്ട്. സ്ഥിരകമ്പോളവിലയിലെ ജി.ഡി.പി.യെ ഇനി മുതല്‍ ജി.ഡി.പി.യായും ഘടകമൂല്യത്തിലുള്ള ജി.ഡി.പി.യ്ക്ക് പകരം മൊത്തം സംയോജിത മൂല്യം അടിസ്ഥാന വിലയില്‍ (ജി.വി.എ.) എന്നതായും അറിയപ്പെടും. ഇവ രണ്ടും തമ്മിലുള്ള ബന്ധം: ജി.വി.എ അടിസ്ഥാന വിലയില്‍ = ഘടക വിലയില്‍ ജി.വി.എ. + ഉല്പാദന നികുതി – ഉല്പാദന സബ്സിഡികള്‍ എന്നതാണ്. ജി.ഡി.പി.യും ജി.വി.എ യും തമ്മില്‍ ഇനിപ്പറയുന്ന ബന്ധമാണുള്ളത്. ജി.ഡി.പി = ജി.വി.എ അടിസ്ഥാനവിലയില്‍ + ഉല്പന്ന നികുതി – ഉല്പന്ന സബ്സിഡികള്‍.
ഉല്പാദന നികുതിയും ഉല്പാദന സബ്സിഡികളും ഉല്പാദനവുമായി ബന്ധപ്പെട്ട് കൊടുക്കുന്നവയോ സ്വീകരിക്കുന്നവയോ ആണ്. ഉല്പാദനത്തിന്റെ യഥാര്‍ത്ഥ അളവുമായി അതിന് ബന്ധമില്ല. ഭുനികുതി, സ്റ്റാമ്പുകള്‍, രജിസ്ട്രേഷന്‍ ഫീസ്, തൊഴില്‍ നികുതി എന്നിവ ഉല്പാദന നികുതിയ്ക്ക് ചില ഉദാഹരണങ്ങളാണ്. റെയില്‍വേയ്ക്കുള്ള സബ്സിഡി, കര്‍ഷകര്‍ക്ക് നിവേശ സബ്സിഡി, ഗ്രാമീണ ചെറുകിട വ്യവസായങ്ങള്‍ക്കുള്ള സബ്സിഡി, സഹകരണ സമിതികള്‍ക്കോ സ്ഥാപനങ്ങള്‍ക്കോ ഉള്ള ഭരണകാര്യ സബ്സിഡി തുടങ്ങിയവ ഉല്പാദന സബ്സിഡികള്‍ക്കുള്ള ഉദാഹരണങ്ങളാണ്. പ്രതിയൂണിറ്റ് ഉല്പന്നത്തിന് കൊടുക്കുകയോ സ്വീകരിക്കുകയോ ചെയ്യുന്നവയാണ് ഉല്പന്ന സബ്സിഡികളും ഉല്പന്ന നികുതികളും. എക്സൈസ് നികുതി, വില്പന നികുതി, സേവന നികുതി, കയറ്റുമതി ഇറക്കുമതി നികുതി എന്നിവ ഉല്പന്ന നികുതിക്ക് ചില ഉദാഹരണങ്ങളാണ്. ബാങ്കുവഴിയുള്ള ഭക്ഷ്യ സബ്സിഡി, പെട്രോള്‍, വളം തുടങ്ങിയവയ്ക്കുള്ള സബ്സിഡി, കര്‍ഷകര്‍ക്കുള്ള പലിശ സബ്സിഡി, ഗാര്‍ഹിക യണിറ്റുകള്‍ക്കുള്ള സബ്സിഡി, ഗാര്‍ഹികഘടകങ്ങള്‍ക്ക് കുറഞ്ഞ നിരക്കില്‍ ഇന്‍ഷുറന്‍സ് നല്കുന്നതിനുള്ള സബ്സിഡി എന്നിവയെല്ലാം ഉല്പന്ന സബ്സിഡികള്‍ക്കുള്ള ഉദാഹരണങ്ങളാണ്.
സ്റ്റോക്ക് ബ്രോക്കര്‍മാരുടെ കണക്കുകള്‍, സ്റ്റോക്ക് എക്സ് ചേഞ്ചുകള്‍, ആസ്തി പരിപാലന കമ്പനികള്‍, മ്യൂച്ചല്‍ഫണ്ടുകള്‍, പെന്‍ഷന്‍ഫണ്ടുകള്‍, കാര്യനിര്‍വ്വഹണ സംഘങ്ങള്‍ എന്നിവയില്‍ നിന്നുള്ള വിവരങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ട് ഉല്പാദന, സേവന, ധനകാര്യ മേഖലകളിലെ കോര്‍പ്പറേറ്റ് മേഖലയെ സമഗ്രമായ ഉള്‍പ്പെടുത്തിയത് ജി.വി.എ. മേഖലാതലത്തിലും മൊത്തമായും കണക്കാക്കുന്നതില്‍ മാറ്റത്തിന് കാരണമായി.
ത്വരിതകണക്കുകളില്‍ മൊത്ത സംസ്ഥാന ആഭ്യന്തരോല്പാദനം (ജി.എസ്.ഡി.പി.) 2011-12- ലെ സ്ഥിരവിലയില്‍ 2014-15-ലെ താല്ക്കാലിക കണക്കുകളിലെ 4,32,23,674 ലക്ഷം രൂപയില്‍ നിന്ന് 2015-16 ല്‍ 4,67,24,313 ലക്ഷം രൂപയായി വര്‍ദ്ധിച്ചു. വളര്‍ച്ചാനിരക്ക് 2014-15 ലെ 7.31 ശതമാനവുമായി താരതമ്യപ്പെടുത്തുമ്പോള്‍ 2015-16 - ല്‍ 8.10 ശതമാനമാണ് (ചിത്രം 1.4). നടപ്പുവിലയില്‍ മൊത്ത സംസ്ഥാന ആഭ്യന്തരോല്പാദനം 2014-15 ലെ 5,26,00,230 ലക്ഷം രൂപയില്‍ നിന്ന് 11.85 ശതമാനം വളര്‍ച്ചയോടെ 2015-16 ല്‍ 5,88,33,659 ലക്ഷം രൂപയായി.
ത്വരിതകണക്കുകള്‍ പ്രകാരം കേരളത്തിന്റെ അറ്റ സംസ്ഥാന ആഭ്യന്തരോല്പാദനം ഘടകവിലയില്‍ 2011-12 ലെ സ്ഥിരവിലയില്‍ 2014-15 സമ്പത്തികവര്‍ഷവുമായി താരതമ്യപ്പെടുത്തുമ്പോള്‍ 3,93,70,155 ലക്ഷം രൂപയില്‍നിന്ന് 8.24 ശതമാനം വളര്‍ച്ച കൈവരിച്ച് 2015-16-ല്‍ 4,26,13,173 ലക്ഷം രൂപയായി. നടപ്പുവിലയിലുള്ള സംസ്ഥാന അറ്റആഭ്യന്തരോല്പാദനം 2014-15 ലെ 4,73,04,466 ലക്ഷം രൂപയില്‍ നിന്ന് വര്‍ദ്ധിച്ച് 2015-16-ല്‍ 5,31,12,606 ലക്ഷം രൂപയായി. സംസ്ഥാന വരുമാനത്തിന്റെ വളര്‍ച്ചാനിരക്ക് നടപ്പ് വിലയില്‍ 2014-15 -ല്‍ 13.37 ശതമാനത്തില്‍ നിന്ന് 2015-16- ല്‍ 12.28 ശതമാനമായി (പട്ടിക 1.2).
ക്രമനം | ഇനം | വരുമാനം (ലക്ഷം രൂപയില്‍) | വളര്‍ച്ചാ നിരക്ക് ശതമാനം | |||
2013-14 | 2014-15 (പി) | 2015-16 (ക്യു) | 2014-15 (പി) | 2015-16(ക്യു) | ||
1 | മൊത്തംസംസ്ഥാനആഭ്യന്തരോല്പാദനം | |||||
എ) സ്ഥിരവിലയില്‍ | 40278133 | 43223674 | 46724313 | 7.31 | 8.10 | |
ബി) നടപ്പ് വിലയില്‍ | 46504121 | 52600230 | 58833659 | 13.11 | 11.85 | |
2 | അറ്റ സംസ്ഥാനആഭ്യന്തരോല്പാദനം | |||||
എ) സ്ഥിരവിലയില്‍ (2011-12) | 36470677 | 39370155 | 42613173 | 7.95 | 8.24 | |
ബി) നടപ്പ് വിലയില്‍ | 41726497 | 47304466 | 53112606 | 13.37 | 12.28 | |
3 | സംസ്ഥാന പ്രതിശീര്‍ഷവരുമാനം | |||||
എ) സ്ഥിരവിലയില്‍ | 119105 | 127187 | 136811 | 6.79 | 7.57 | |
ബി) നടപ്പ് വിലയില്‍ | 137515 | 154778 | 172268 | 12.55 | 11.30 | |
4 | അറ്റ സംസ്ഥാന പ്രതിശീര്‍ഷ ആഭ്യന്തര ഉല്പന്നം | |||||
എ) സ്ഥിര വിലയില്‍ (2011-12) | 107846 | 115848 | 124773 | 7.42 | 7.70 | |
ബി) നടപ്പ് വിലയില്‍ | 123388 | 139195 | 155516 | 12.81 | 11.73 |
ത്വരിത കണക്കുകള്‍ പ്രകാരം 2015-16-ല്‍ പ്രതിശീര്‍ഷ സംസ്ഥാന വരുമാനം (2011-12) സ്ഥിരവിലയില്‍ 1,36,811 രൂപയാണ്. 2014-15 ലെ താല്ക്കാലിക കണക്കു പ്രകാരം 1,27,187 രൂപ ആയിരുന്നു. 2015-16 ല്‍ 7.57 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. നടപ്പ് വിലയില്‍ പ്രതിശീര്‍ഷ സംസ്ഥാന വരുമാനം 2014-15 ല്‍ 1,54,778 ലക്ഷം രൂപ ആയിരുന്നത് 11.30 ശതമാനം വളര്‍ച്ചകൈവരിച്ചു 2015-16 ല്‍ 1,72,268 രൂപ ആയി. അറ്റ സംസ്ഥാന ആഭ്യന്തരഉല്പന്നത്തെ (സംസ്ഥാനത്തിനകത്തെ മൂല്യവര്‍ദ്ധനവ് കൂടി ഇതില്‍ ഉള്‍പ്പെടുന്നു) ജനസംഖ്യകൊണ്ട് ഭാഗിച്ചാല്‍ കിട്ടുന്നതാണ് പ്രതിശീര്‍ഷ വരുമാനത്തിന്റെ മികച്ച സൂചകം. ത്വരിത കണക്കുകള്‍ പ്രകാരം 2014-15 ല്‍ (സ്ഥിരവിലയില്‍ 2011-12) പ്രതിശീര്‍ഷ അറ്റ സംസ്ഥാന ആഭ്യന്തര ഉല്പന്നം 1,15,848 രൂപ ആയിരുന്നത് 2015-16 ല്‍ 7.70 ശതമാനം വളര്‍ച്ച കൈവരിച്ച് 1,24,773 രൂപയായി. 2013-14 മുതല്‍ 2015-16 വരെ കേരളത്തിന്റെ പ്രതിശീര്‍ഷ സംസ്ഥാന വരുമാനം പ്രതിശീര്‍ഷ ദേശീയ വരുമാനത്തേക്കാള്‍ ഉയര്‍ന്നതാണെന്ന് താഴെകൊടുത്തിട്ടുള്ള ചിത്രത്തില്‍ നിന്ന് (ചിത്രം 1.5) വ്യക്തമാകുന്നതാണ്.
2015-16 ല്‍ (2011-12 സ്ഥിരവിലയില്‍) സംസ്ഥാന ആഭ്യന്തരോല്പാദനത്തില്‍ പ്രാഥമിക, ദ്വിതീയ, തൃതീയ മേഖലകളുടെ വിഹിതം യഥാക്രമം 11.58 ശതമാനം, 26.18 ശതമാനം, 62.24 ശതമാനം ആണ്. നടപ്പുവിലയില്‍ 2015-16 കാലയളവില്‍ മൊത്തസംസ്ഥാന ആഭ്യന്തരോല്പാദനത്തില്‍ ഈ മൂന്ന് മേഖലകളുടെയും വിഹിതം യഥാക്രമം 12.07 ശതമാനം, 24.27 ശതമാനം, 63.66 ശതമാനം എന്ന നിലയിലാണ് (ചിത്രം 1.6).
സംസ്ഥാന വരുമാനത്തിന്റെ മേഖലാവിതരണം വിശകലനം ചെയ്താല്‍ കാണുന്നത് 2015-16- ല്‍ പ്രാഥമിക, ദ്വിതീയ മേഖലകളുടെ സംഭാവന കുറഞ്ഞുവരുന്നതായാണ്. എന്നാല്‍ തൃതീയ മേഖലയുടെ 2014-15-ലെ പങ്ക് 61.53 ശതമാനത്തില്‍ നിന്ന് 2015-16-ല്‍ 63.66 ശതമാനമായി വർദ്ധിച്ചു. ഇതേകാലയളവില്‍ പ്രാഥമികമേഖല 13.45 ശതമാനത്തില്‍നിന്ന് 12.07 ശതമാനമായും ദ്വിതീയ മേഖല 25.02 ശതമാനത്തില്‍നിന്ന് 24.27 ശതമാനമായും കുറഞ്ഞു. സംസ്ഥാന മൊത്ത ആഭ്യന്തര വരുമാനത്തിലെ വളര്‍ച്ചാനിരക്ക് പരിശോധിക്കുമ്പോള്‍ 2011-12-ലെസ്ഥിര വിലയില്‍ 2015-16- ല്‍ തൃതീയ മേഖല 8.78 ശതമാനം വളര്‍ച്ചനേടി ഏറ്റവും ഉയര്‍ന്ന വളര്‍ച്ച കാണിച്ചപ്പോള്‍ ദ്വിതീയ മേഖല 8.58 ശതമാനവും പ്രാഥമിക മേഖല -2.08 എന്ന ഋണ വളര്‍ച്ചയും രേഖപ്പെടുത്തി. ചില നാണ്യവിളകളുടെ ഉല്പാദനം, മത്സ്യമേഖല, വനവിഭവങ്ങള്‍ എന്നിവയിലുണ്ടായ കുറവാണ് പ്രാഥമികമേഖലയില്‍ ഋണവളര്‍ച്ചക്ക് കാരണമായത്.
കഴിഞ്ഞ മൂന്ന് വര്‍ഷക്കാലയളവിലെ സംസ്ഥാന മൊത്ത ആഭ്യന്തരോല്പാദനത്തിന്റെ മേഖലാതല വിതരണത്തിന്റെ വിശദവിവരം അനുബന്ധം 1.10 , അനുബന്ധം 1.11 , അനുബന്ധം 1.12 വരെ നല്കിയിട്ടുണ്ട്. ജി.എസ്.ഡി.പി., എന്‍.എസ്.ഡി.പി. എന്നിവ സ്ഥിരവിലയിലും തന്നാണ്ട് വിലയിലുമുള്ളവ 2011-12 മുതല്‍ 2015-16 വരെയുള്ള വിശദാംശങ്ങള്‍ അനുബന്ധം 1.13 , അനുബന്ധം 1.14 , അനുബന്ധം 1.15 , അനുബന്ധം 1.16 വരെ നല്കിയിരിക്കുന്നു .
മുന്‍ വര്‍ഷവുമായി താരതമ്യംചെയ്യുമ്പോള്‍ തന്നാണ്ട് വിലയില്‍ 2015-16 –ല്‍ തൃതീയമേഖല 14.94 ശതമാനവും, ദ്വിതീയമേഖല 7.73 ശതമാനവും പ്രാഥമികമേഖല 0.37 ശതമാനവും വളര്‍ച്ച നേടിയിട്ടുണ്ട്. ഗതാഗതം, സംഭരണം, വാര്‍ത്താവിതരണം പ്രക്ഷേപണവുമായി ബന്ധപ്പെട്ട സേവനങ്ങള്‍, റിയല്‍ എസ്റ്റേറ്റ്, പ്രൊഫഷണല്‍ സേവനങ്ങള്‍, ഭവനം എന്നീ മേഖലകളിലെ വളര്‍ച്ചയാണ് തൃതീയ മേഖലയുടെ വളര്‍ച്ചയ്ക്ക് കാരണമായത്.
2015-16 - ലെ മൊത്ത സംസ്ഥാന ആഭ്യന്തരോല്പാദനത്തിന്റെ ജില്ലാ വിതരണത്തില്‍ (നടപ്പ് വില) എറണാകുളം ജില്ല 68,11,532 ലക്ഷം രൂപയോടെ ഒന്നാം സ്ഥാനത്ത് തുടരുന്നതായി കാണുന്നു. 2014-15-ല്‍ ജില്ലയുടെ വിഹിതം 60,42,283 ലക്ഷം രൂപയായിരുന്നു. അതായത് 2014-15- നെ അപേക്ഷിച്ച് 12.73 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. സ്ഥിരവിലയില്‍ (2011-12) 2014-15 -ല്‍ ഇത് 50,61,012 ലക്ഷം രൂപയായിരുന്നത് 2015-16- ല്‍ 5489638 ലക്ഷം രൂപയായി. വിശദാംശങ്ങള്‍ താഴെ പട്ടിക 1.3 - ല്‍ നല്കിയിട്ടുണ്ട്.
ക്രമ നം | ജില്ല | ഘടകമൂല്യത്തില്‍ മൊത്ത സംസ്ഥാന ആഭ്യന്തരോല്പാദനം | |||||
നടപ്പ് വിലയില്‍ | സ്ഥിരവിലയില്‍ | ||||||
2014-15 (പി) | 2015-16 (ക്യു) | വളര്‍ച്ചാനിരക്ക് (%) | 2014-15 (പി) | 2015-16 (ക്യു) | വളര്‍ച്ചാനിരക്ക് (%) | ||
1 | തിരുവനന്തപുരം | 4856255 | 5527866 | 13.83 | 3980052 | 4379870 | 10.05 |
2 | കൊല്ലം | 4447889 | 4833817 | 8.68 | 3635333 | 3816002 | 4.97 |
3 | പത്തനംതിട്ട | 1388104 | 1484563 | 6.95 | 1151854 | 1192745 | 3.55 |
4 | ആലപ്പുഴ | 3578694 | 3860438 | 7.87 | 2902885 | 3060179 | 5.42 |
5 | കോട്ടയം | 2929854 | 3231414 | 10.29 | 2484692 | 2631789 | 5.92 |
6 | ഇടുക്കി | 1820222 | 1931443 | 6.11 | 1445373 | 1509331 | 4.43 |
7 | എറണാകുളം | 6042283 | 6811532 | 12.73 | 5061012 | 5489638 | 8.47 |
8 | തൃശൂർ | 4887638 | 5499420 | 12.52 | 4019513 | 4359486 | 8.46 |
9 | പാലക്കാട് | 3502457 | 3916469 | 11.82 | 2837929 | 3053495 | 7.60 |
10 | മലപ്പുറം | 4600118 | 5188140 | 12.78 | 3783386 | 4089318 | 8.09 |
11 | കോഴിക്കോട് | 4214011 | 4669634 | 10.81 | 3436883 | 3686581 | 7.27 |
12 | വയനാട് | 981932 | 1073096 | 9.28 | 764660 | 810384 | 5.98 |
13 | കണ്ണൂർ | 3358216 | 3727473 | 11.00 | 2757405 | 2972726 | 7.81 |
14 | കാസർകോട് | 1625587 | 1819296 | 11.92 | 1311212 | 1427568 | 8.87 |
മൊത്ത സംസ്ഥാന ആഭ്യന്തരോല്പാദനം | 48233260 | 53574598 | 11.07 | 39572189 | 42479111 | 7.35 |
2015-16- ലെ എറണാകുളം ജില്ല (2011-12- ലെ അടിസ്ഥാനവില) 1,46,518 രൂപയുമായി പ്രതിശീര്‍ഷ വരുമാനത്തില്‍ ഒന്നാമത് നില്ക്കുന്നതായി ജില്ലാതല പ്രതിശീര്‍ഷ വരുമാനത്തിന്റെ വിശകലനം കാണിക്കുന്നു. 2014-15- ല്‍ ഇത് 1,35,817 രൂപയായിരുന്നു. ജില്ലാതല പ്രതിശീര്‍ഷ വരുമാനത്തിന്റെ സ്ഥാനവും വളര്‍ച്ചയും പട്ടിക 1.4- ല്‍ കൊടുത്തിട്ടുണ്ട്.
ക്രമ നം | ജില്ല | 2014-15(പി) | റാങ്ക് | 2015-16 (ക്യു) | റാങ്ക് | വളര്‍ച്ചാനിരക്ക് (%) |
1 | തിരുവനന്തപുരം | 108108 | 7 | 118740 | 7 | 9.83 |
2 | കൊല്ലം | 124329 | 2 | 130341 | 2 | 4.84 |
3 | പത്തനംതിട്ട | 88399 | 10 | 92130 | 12 | 4.22 |
4 | ആലപ്പുഴ | 123368 | 3 | 130172 | 3 | 5.52 |
5 | കോട്ടയം | 113519 | 6 | 120122 | 5 | 5.82 |
6 | ഇടുക്കി | 114673 | 4 | 119908 | 6 | 4.57 |
7 | എറണാകുളം | 135817 | 1 | 146518 | 1 | 7.88 |
8 | തൃശൂർ | 114168 | 5 | 123341 | 4 | 8.03 |
9 | പാലക്കാട് | 88342 | 11 | 94623 | 10 | 7.11 |
10 | മലപ്പുറം | 80277 | 14 | 85575 | 14 | 6.60 |
11 | കോഴിക്കോട് | 99197 | 8 | 105873 | 8 | 6.73 |
12 | വയനാട് | 81842 | 13 | 86202 | 13 | 5.33 |
13 | കണ്ണൂർ | 97178 | 9 | 104246 | 9 | 7.27 |
14 | കാസർകോട് | 86045 | 12 | 93180 | 11 | 8.29 |
കേരളം | 105104 | 112343 | 6.89 |
എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, തിരുവനന്തപുരം, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകള്‍ 2015-16 സാമ്പത്തികവര്‍ഷം പ്രതിശീര്‍ഷ വരുമാനത്തിന്റെ ശരാശരി വളര്‍ച്ചാനിരക്കിനേക്കാള്‍ ഉയര്‍ന്ന നിലയില്‍ എത്തിയതായി പട്ടിക 1.4 വ്യക്തമാക്കുന്നു. അതേസമയം വയനാട്, കൊല്ലം, ഇടുക്കി, പത്തനംതിട്ട, കോട്ടയം എന്നീ ജില്ലകള്‍ക്ക് സംസ്ഥാന ശരാശരിയിലും വളരെ താഴ്ന്ന വളര്‍ച്ചാനിരക്കാണുള്ളത്.
2012-13 മുതല്‍ 2015-16 വരെയുള്ള ജില്ലാതല, മേഖലാതല മൊത്തസംസ്ഥാന ആഭ്യന്തരോല്പാദനം നടപ്പുവിലയിലും സ്ഥിരവിലയിലും (2011-12) അനുബന്ധം 1.17, അനുബന്ധം 1.18 , അനുബന്ധം 1.19, അനുബന്ധം 1.20 , അനുബന്ധം 1.21 , അനുബന്ധം 1.22 വരെ കൊടുത്തിട്ടുണ്ട്.