ഇന്ത്യയിലെ എല്ലാ സാമ്പത്തിക പ്രവര്‍ത്തനങ്ങളെയും നിര്‍ണ്ണയിക്കുന്ന പ്രധാന ഘടകമാണ് സാധനങ്ങളുടെ വില. അവശ്യ സാധനങ്ങളുടെ വിലയില്‍ ഉണ്ടാകുന്ന ചാഞ്ചാട്ടം വ്യക്തികളുടെയും സമൂഹത്തിന്റെയും ഉപഭോഗത്തില്‍ വ്യക്തമായ സ്വാധീനം ചെലുത്തുന്നു. ദുര്‍ബലമായ ചോദനത്തിന്റെയും വലിയ തോതിലുള്ള പ്രധാനത്തിന്റെയും ഫലമായി ആഗോള കമ്പോളത്തില്‍ ഉപഭോഗ സാധനങ്ങളുടെ വില തുടര്‍ച്ചയായി കുറയുന്നു. ഇന്ധനത്തിന്റെ തുടര്‍ച്ചയായ അധിക ലഭ്യത 2015-16 ല്‍ ഇന്ധനത്തിന്റെ വിലയില്‍ ഏകദേശം 45 ശതമാനം കുറവുണ്ടാവുകയും ചെയ്തു. ഒക്റ്റോബര്‍ 2016 ല്‍ ‘എല്ലാ സാധനങ്ങളുടെയും’ ഒദ്യോഗീക മൊത്ത വിലസൂചിക (അടിസ്ഥാനം.2004-05=100) മുന്‍ വര്‍ഷത്തിലുള്ള 182.8 (തല്‍ക്കാലികം) ല്‍ നിന്ന് 0.1 ശതമാനം വര്‍ദ്ധിച്ച് 182.9 ശതമാനമായി (താല്‍ക്കാലികം). ഓരോ മാസത്തെയും മൊത്ത വില സൂചിക അടിസ്ഥാനത്തില്‍ വാര്‍ഷിക പണപ്പെരുപ്പം ഒക്റ്റോബര്‍ 2016 ല്‍ 3.39 ശതമാനമായി (താല്‍ക്കാലികം). ഇത് മുന്‍ മാസം 3.57 ശതമാനമായിരുന്നു. കഴിഞ്ഞവര്‍ഷം ഇതേ കാലയളവില്‍ പരിശോധിച്ചാല്‍ -3.70 ശതമാനമാണ്. സാമ്പത്തിക വര്‍ഷം ആകെ പണപ്പെരുപ്പ നിരക്ക് 4.34 ശതമാനമാണ്. ഇത് കഴിഞ്ഞവര്‍ഷം ഇതേ കാലയളവില്‍ 0.45 ശതമാനമായിരുന്നു. പ്രധാനമായും ശരാശരി പണപ്പെരുപ്പം മൊത്ത വിലസൂചികയില്‍ കണക്കാക്കുമ്പോള്‍ 2013-14 ല്‍ 6 ശതമാനത്തില്‍ നിന്ന് 2014-15 ല്‍ 2 ശതമാനമായി കുറഞ്ഞു. ഇത് വീണ്ടും 2015-16 ല്‍ (ഏപ്രില്‍ -ഡിസംബര്‍) -3 ശതമാനമായും ഡിസംബര്‍ 2015 ല്‍ -0.7 ശതമാനംമാവുകയും ചെയ്തു. അതുപോലെ പുതിയ ശ്രേണിയില്‍ പണപ്പെരുപ്പം ഉപഭോക്തൃ വിലസൂചികയില്‍ കണക്കാക്കുമ്പോള്‍ 2015-16 ല്‍ (ഏപ്രില്‍-ഡിസംബര്‍) മിതമായ നിരക്കായ 4.8 ശതമാനമായിരുന്നു. ഇത് 2014-15 ല്‍ 5.9 ശതമാനമാണ്. എന്നാല്‍ ഡിസംബര്‍ 2015 ല്‍ 5.6 ശതമാനമാവുകയാണ് ചെയ്തത്. 2013-14 ല്‍ ഭക്ഷ്യ വിലക്കയറ്റം മൊത്ത വിലസൂചികയില്‍ 9.4 ശതമാനമായി ഉയര്‍ന്ന നിരക്കിലും 2014-15 ല്‍ മിതമായ നിരക്കായ 4.9 ശതമാനമാണ് ഉണ്ടായത്. 2015-16 ല്‍ (ഏപ്രില്‍-ഡിസംബര്‍) 1.9 ശതമാനത്തില്‍ എത്തുകയും ഡിസംബര്‍ 2015 ല്‍ റിക്കോര്‍ഡ് നിരക്കായി 6.2 ശതമാനമാനമാവുകയും ചെയ്തു.
ഉപഭോക്ത്യ വില സൂചികയുടെ അടിസ്ഥാനത്തിലുള്ള പണപ്പെരുപ്പം തുടര്‍ന്നും ഒരേ രീതിയില്‍ കണ്ടുവരുന്നു. 2012-14 കാലയളവില്‍ 9-10 ശതമാനത്തില്‍ നിന്ന് 2014-15 ല്‍ 5.9 ശതമാനമായി. 2015-16ല്‍ (ഏപ്രില്‍- ഒക്റ്റോബര്‍) 4.6 ശതമാനമവുകയും ചെയ്തു. ഭക്ഷ്യ സാധനങ്ങളുടെയും, ഭവനമേഖലയിലുമുള്ള മിതമായ വിലക്കുറവിന്റെ വ്യതിയാനം ഉപഭോഗത്തിലുണ്ടായ പണപ്പെരുപ്പം കുറയാന്‍ സാധിച്ചു. 2015-16 ന്റെ രണ്ടാം പാദത്തില്‍ ഉപഭോക്ത്യ വില സൂചികയുടെ അടിസ്ഥാനത്തില്‍ പണപ്പെരുപ്പം എക്കാലത്തെയും കുറവായ 2.7 ശതമാനത്തിലെത്തിച്ചേര്‍ന്നു. ധാന്യങ്ങളുടെ വലിയ തോതിലുള്ള വിലക്കുറവാണ് ഇതിന് പ്രധാന കാരണം ഉപഭോക്താവിന്റെ വാങ്ങല്‍ ശേഷിയില്‍ ഭക്ഷ്യ സാധനങ്ങളുടെയും പച്ചക്കറിയുടെയും ഗണത്തില്‍ ധാന്യങ്ങളുടെ പങ്ക് 24.8 ശതമാനമാണ്. ഉപഭോക്ത്യ വിലസൂചികയില്‍ പണപ്പെരുപ്പം (ഭക്ഷ്യേതര – ഇന്ധനേതര) കഴിഞ്ഞ നാല് പാദങ്ങളിലും മിതമായ നിരക്കിലുള്ള മാറ്റമാണ് സൂചിപ്പിക്കുന്നത്. അവശ്യ സാധനങ്ങളെ സംബന്ധിച്ചടത്തോളം, പ്രധാന ഗണത്തില്‍പ്പെടുന്നവയായ ഉഴുന്ന്, പഴവര്‍ഗങ്ങള്‍, പച്ചക്കറികള്‍, പരിപ്പ്,പയര്‍ എന്നിവയുടെ വിലസൂചിക സെപ്പ്റ്റംബര്‍ 2016 ല്‍ 0.8 ശതമാനം കുറഞ്ഞ് 263.9 ല്‍ നിന്ന് 261.8 ല്‍ എത്തിച്ചേര്‍ന്നു. കൂടാതെ ഭക്ഷ്യേതര സാധനങ്ങളായ സോയാബീന്‍, നിലക്കടല, പുഷ്പങ്ങള്‍, അസംസ്കൃത പരുത്തി എന്നിവയുടെ വിലയില്‍ സെപ്റ്റംബര്‍ 2016 ല്‍ 3.1 ശതമാനം കുറഞ്ഞ് 230.3 ല്‍ നിന്നും 223.2 ആകുകയായിരുന്നു.
കേരളം ഒരു ഉപഭോക്തൃ സംസ്ഥാനമാണ്. ഭക്ഷ്യ- ഭക്ഷ്യേതര വസ്തുക്കളില്‍ അധികവും വിപണിയില്‍ എത്തുന്നത് അയല്‍ സംസ്ഥാനങ്ങളില്‍ നിന്നാണ്. അവശ്യ സാധനങ്ങളുടെ വിലഘടന നിര്‍ണ്ണയിക്കുന്നത് അവയുടെ ചോദനയുടെയും ലഭ്യതയുടെയും അടിസ്ഥാനത്തിലായിരിക്കും. കേരളം പുറമെ നിന്നുള്ള ശ്രോതസുകളെ കൂടുതലായി ആശ്രയിക്കുന്നതിനാല്‍ സാധന വിലയിലെ പ്രവണതകള്‍ മറ്റ് രാജ്യങ്ങളിലുണ്ടാകുന്ന മാറ്റങ്ങള്‍ വളരെയധികം സ്വാധീനീക്കുന്നുണ്ട്. സംസ്ഥാന സര്‍ക്കാര്‍ അവശ്യ സാധന സേവനങ്ങളുടെ വിപണിയില്‍ കാര്യമായ ഇടപെടുലുകള്‍ നടത്തുന്നുണ്ട്.
കേരളത്തില്‍ 2016 ല്‍ ഭക്ഷ്യ ഉല്‍പ്പന്നങ്ങളുടെ വിലയില്‍ ഗണ്യമായ വര്‍ദ്ധനവ് ഉണ്ടായി. അരിയുടെ വില സൂചിക 2011 ല്‍ 4768.35 ആയിരുന്നത് ആഗസ്റ്റ് 2016 ല്‍ 6344.85 ആയി വര്‍ദ്ധിച്ചു. വില സൂചികയില്‍ കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 33 ശതമാനം വര്‍ദ്ധനവ് രേഖപ്പെടുത്തി. പഴങ്ങളുടെയും പച്ചക്കറികളുടെയും മൊത്ത വില സൂചിക 2015 ല്‍ 9831.91 ല്‍ നിന്ന് 2016 ആഗസ്റ്റ് മാസം 12862.92 ആയി വര്‍ദ്ധിച്ചു. ഇതിന്റെ ഫലമായി ഭക്ഷ്യ വിളകളുടെ മൊത്ത വിലസൂചിക ആഗസ്റ്റ് 2015 ലെ 7396.62 ല്‍ നിന്നും ആഗസ്റ്റ് 2016 ല്‍ 8033.23 ആയി വര്‍ദ്ധിച്ചു. ഭക്ഷ്യേതര വിളകളെ സംബന്ധിച്ച് 2015 ആഗസറ്റില്‍ മൊത്ത വിലസൂചിക 7226.53 ല്‍ നിന്നും 19.2 ശതമാനം കുറഞ്ഞ് ആഗസ്റ്റ് 2016 ല്‍ 5841.01 ആയി. ഭക്ഷ്യേതര വിളകളില്‍പ്പെടുന്ന എണ്ണയുടെയും എണ്ണക്കുരുവിന്റെയും വില കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ആഗസ്റ്റ് 2016 ല്‍ 23.18 ശതമാനം കുറഞ്ഞു. കേരളത്തിലെ എല്ലാ വിളകളുടെയും വിലനിലവാരം വിശകലനം ചെയ്യുമ്പോള്‍ വിവിധ വിളകളുടെ മൊത്ത വില സൂചിക ആഗസ്റ്റ് 2015 ല്‍ 7394.28 ല്‍ നിന്നും ആഗസ്റ്റ് 2016 ല്‍ 7233.07 ആയി കുറയുകയാണുണ്ടായത് (അനുബന്ധം 1.26 ). മൊത്ത വില സൂചിക 2016 ല്‍ എല്ലാ മാസവും ക്രമമായി ഭക്ഷ്യ വിളകളുടെ വിലയില്‍ മിതമായ വര്‍ദ്ധനവ് ഉണ്ടായി എന്നതാണ്. വില നിലവാരത്തിന്റെ ഒരു സമഗ്രമായ വിവരണം അനുബന്ധം 1.27 ല്‍ കൊടുത്തിട്ടുണ്ട്.
കേരളത്തിലെ ഉപഭോക്ത്യ വില സൂചിക കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 2016 ല്‍ ഗണ്യമായി വര്‍ദ്ധിച്ചു. ഉപഭോക്ത്യ വില സൂചികയും കേരളത്തിലെ വ്യത്യസ്ത കേന്ദ്രങ്ങളില്‍ അനുഭവപ്പെട്ട ശരാശരി വാര്‍ഷിക പണപ്പെരുപ്പവും പരിശോധിച്ചാല്‍ , വിലനിലവാരം ഉയരുന്നു എന്ന്കാണാം. 2016 ല്‍ കേരളത്തില്‍ ശരാശരി ഉപഭോക്ത്യ വിലസൂചിക 291 ആണ്. ഇത് 2015 ല്‍ 277 ആയിരുന്നു. ഈ കാലയളവില്‍ ഏകദേശം 5.05 ശതമാനം വര്‍ദ്ധനവ് രേഖപ്പെടുത്തി. പത്തനംതിട്ട ജില്ലയില്‍ 2016 ലെ ഉപഭോക്ത്യ വില സൂചിക 309 ആണ്. ഇത് മറ്റ് കേന്ദ്രങ്ങളെ അപേക്ഷിച്ച് ഏറ്റവും അധികമാണ്. കഴിഞ്ഞ വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ പണപ്പെരുപ്പം 2016 ല്‍ 4.04 ശതമാനമാണ്. ഉപഭോക്തൃ വില സൂചിക മുണ്ടക്കയത്തും കാസര്‍കോഡും യഥാക്രമം 304,303 എന്നിങ്ങനെയാണ്. എന്നാല്‍ കേരളത്തില്‍ ഏറ്റവും അധികം പണപ്പെരുപ്പം രേഖപ്പെടുത്തിയത് കണ്ണൂരും (6.43) കോഴിക്കോടുമാണ് (6.2). കേരളത്തിലെ മറ്റ്കേന്ദ്രങ്ങളെ അപേക്ഷിച്ച് 2016 ല്‍ എറണാകുളം ജില്ലയില്‍ പണപ്പെരുപ്പത്തിന്റെ വ്യാപ്തി താരതമ്യേന കുറവാണ്. എറണാകുളം ജില്ലയില്‍ പണപ്പെരുപ്പത്തിന്റെ നിരക്ക് 2.9 ശതമാനം മാത്രമാണ്. ഓരോകേന്ദ്രങ്ങളിലെയും ഉപഭോക്തൃ വില സൂചികയും അതിന്റെ ശതമാനത്തിലുണ്ടായ വ്യതിയാനം അനുബന്ധം 1.28 ലും സംസ്ഥാന ശരാശരി ചിത്രം 1.9 ലും വിവരിച്ചിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷത്തേക്കാള്‍ നവംബര്‍ 2016 ല്‍ പലവ്യഞ്ജനങ്ങളുടെയും പച്ചക്കറികളുടെയും ഗണത്തില്‍ വരുന്ന ചില സാധനങ്ങളുടെ ചില്ലറ വിലയില്‍ നാമമാത്ര വര്‍ദ്ധനവും മറ്റ് ചിലതിന് വിലക്കുറവും രേഖപ്പെടുത്തി. ഒരുകിലോ അരിയുടെ വില നവംബര്‍ 2016 ല്‍ 35.70 രൂപയായി ചെറിയ തോതില്‍ വര്‍ദ്ധിച്ചു. കഴിഞ്ഞ വര്‍ഷം ഇക്കാലയളവില്‍ ഇതിന്റെ വില 33.68 രൂപയായിരുന്നു. ചുവന്നപയറിന്റെ വില മുന്‍ വര്‍ഷത്തേക്കാള്‍ നവംബര്‍ 2016 ല്‍ 78.71 രൂപയായി വര്‍ദ്ധിച്ചു. പലവ്യഞ്ജനങ്ങളുടെ വിലയില്‍ 2016 ല്‍ ഗണ്യമായ വര്‍ദ്ധനവ് അനുഭവപ്പെട്ടില്ല. നവംബര്‍ 2015 നോട് താരതമ്യം ചെയ്യുമ്പോള്‍ ചെറുപയര്‍, ഡാല്‍, ഉഴുന്ന്, തുവരപ്പരിപ്പ് എന്നിവയ്ക്ക് നവംബര്‍ 2016 ല്‍ വിലക്കുറവ് അനുഭവപ്പെട്ടു. പഴങ്ങള്‍, പച്ചകറികള്‍ എന്നിവയ്ക്ക് കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 2016 ല്‍ വില ഗണ്യമായി കുറയുകയായിരുന്നു. 2016 ലെ അത്യാവശ്യ സാധനങ്ങളുടെ ചില്ലറ വിലയുടെ വിവരങ്ങള്‍ അനുബന്ധം 1.29 ല്‍ കാണിച്ചിട്ടുണ്ട്.
വളത്തിന്റെ വിലയില്‍ ഉണ്ടായ വര്‍ദ്ധനവ്, അധിക ഗതാഗത ചെലവ് എന്നിവ കാരണം 2006 മുതല്‍ കൃഷിച്ചെലവ് തുടര്‍ച്ചയായി വര്‍ദ്ധിച്ചുവരുന്നു. ഈ സാഹചര്യത്തില്‍ കൃഷിക്കാര്‍ വളരെയേറെ ദുരിതം അനുഭവിക്കുകയും ഉല്‍പന്നങ്ങള്‍ക്ക് ആവശ്യമായ വില ലഭിക്കാതെയുമായി. 2014 ല്‍ കൃഷിയുമായി ബന്ധപ്പെട്ട ചെലവ് സൂചിക (കൃഷിക്കാര്‍ വഹിച്ച ചെലവ്) 11477.67 ആയിട്ടാണ് കണക്കാക്കിയിട്ടുള്ളത്. എന്നാല്‍ വരുമാന സൂചിക 8272.25 മാത്രമായിരുന്നു. ഈ കാലയളവിലെ വില സമാനത 72.08 ആണ്. 2015 ല്‍ കൃഷിക്കാരുടെ ഉല്‍പ്പന്നങ്ങളില്‍ നിന്നുള്ള വരുമാനം കുറയുകയും, സൂചിക 7706.08 ല്‍ എത്തിച്ചേരുകയും ചെയ്തു. അതേ സമയം കൃഷിക്ക് വേണ്ടിയുള്ള ചെലവ് അതേ വര്‍ഷം കുത്തനെ വര്‍ദ്ധിക്കുകയും ചെയ്തു. 2016 ലും കൃഷിച്ചെലവ്, വളത്തിന്റെ വില തൊഴിലാളികളുടെ വേതനം എന്നിവ വര്‍ദ്ധിക്കുകയാണ് ഉണ്ടായത്. ഇക്കാലയളവില്‍ കര്‍ഷകര്‍ക്ക് ലഭിച്ച വരുമാന സൂചിക 7528.17 ഉം കൃഷിച്ചെലവിനായി കണക്കായിട്ടുള്ള സൂചിക 12826.5 ആണ്. ഉയര്‍ന്ന കൂലിയും, കൃഷിച്ചെലവിന്റെ വര്‍ദ്ധനവും കാര്‍ഷിക ഉത്പന്നങ്ങളുടെ വിലയിടിവും കര്‍ഷകരുടെ ദുരിതം വര്‍ദ്ധിപ്പിച്ചതായാണ് സൂചിപ്പിക്കുന്നത്. കര്‍ഷകരുടെ വരുമാനത്തിന്റെയും ചെലവിന്റെയും വാര്‍ഷിക ശരാശരി സൂചിക അനുബന്ധം 1.30 ലും ചിത്രം 1.10 ലും കാണാം.
കേരളത്തിലെ വിദഗ്ധ, അവിദഗ്ധ തൊഴിലാളികളുടെ വേതന നിരക്ക് ഓരോ വര്‍ഷവും വര്‍ദ്ധിച്ചു വരുകയാണ്. കാര്‍ഷിക മേഖലയിലെ വിദഗ്ധ തൊഴിലാളികളുടെ വേതന നിരക്ക് വിശകലനം ചെയ്യുമ്പോള്‍ 2015-16 ല്‍ വേതന നിരക്ക് മുൻ വർഷത്തെ അപേക്ഷിച്ച് ഗണ്യമായി വര്‍ദ്ധിച്ചു. (അനുബന്ധം 1.31 ) 2013-14 ല്‍ മരപ്പണിക്കാരന്റെ വേതനം 644.92 രൂപയായിരുന്നു. 2014-15 ല്‍ ഇത് 705.08 രൂപയായും 2015-16 ല്‍ 746.17 രൂപയായും വര്‍ദ്ധിച്ചു. കല്‍പ്പണിക്കാരന്റെ വേതനം 2004-05 മുതലുള്ള വര്‍ഷങ്ങളില്‍ വളരെയധികം വര്‍ദ്ധിച്ച് 2014-15 ല്‍ 707.75 രൂപയായും 2015-16 ല്‍ 735.08 രൂപയായും ഉയര്‍ന്നു. അവിദഗ്ധ തൊഴിലാളികളുടെ വേതന നിരക്കും ഇതേ പ്രവണതയില്‍ തന്നെ വര്‍ദ്ധിക്കുകയായിരുന്നു. കാര്‍ഷിക മേഖലയിലെ അവിദഗ്ധ പുരുഷ സ്ത്രീ തൊഴിലാളികളുടെ ശരാശരി ദിവസ വേതന നിരക്ക് 2015-16 ല്‍ യഥാക്രമം 586.06 രൂപയായും 422.19 രൂപയായും വര്‍ദ്ധിച്ചു. എന്നാല്‍ ഇത് 2014-15 ല്‍ പുരഷതൊഴിലാളിക്ക് 545.15 രൂപയും സ്ത്രീ തൊഴിലാളിക്ക് 392.46 രൂപയുമായിരുന്നു. ഈ വിഭാഗങ്ങളുടെ വേതന ഘടനയും വിശദവിവരങ്ങള്‍ അനുബന്ധം 1.32 ല്‍ വിശദീകരിച്ചിട്ടുണ്ട്.