വിനോദ സഞ്ചാരം

വിദേശ സഞ്ചാരികളുടെ വരവിന്റെ സമീപ കാലത്തെ പ്രവണത

ഒരു രാജ്യത്തേക്കുള്ള വിനോദ സഞ്ചാരികളുടെ വരവ് വിവിധ ഘടകങ്ങളാല്‍ സ്വാധീനിക്കപ്പെടുന്നു. ഒരു പ്രദേശത്തേക്ക് എത്തിചേരുന്ന വിദേശ, സ്വദേശ വിനോദ സഞ്ചാരികളെ സര്‍ക്കാരിന്റെ മാറുന്ന നയങ്ങളും സ്വാധീനിക്കാറുണ്ട്. വിനോദ സഞ്ചാര വ്യവസായത്തിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുന്നതിനായി സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ള നടപടികള്‍ വര്‍ദ്ധിച്ച വിനോദ സഞ്ചാര വ്യാപാരത്തി നിടയാക്കിയിട്ടുണ്ട്. ചെലവ് കാര്യക്ഷമമാക്കുന്ന വിധത്തിലുള്ള വിനോദ സഞ്ചാര പാക്കേജുകള്‍, വിപണന തന്ത്രങ്ങൾ നൂതനനമായ വിപണന തന്ത്രങ്ങൾഎന്നിവ വിനോദ സഞ്ചാര വ്യവസായ വളര്‍ച്ചയ്ക്ക് പ്രേരകമാകുന്നു. വര്‍ദ്ധിച്ച വിപണിയോടു കൂടി ശ്രീലങ്ക, തായ് ലാന്റ്, സിങ്കപ്പൂര്‍, മറ്റ് കിഴക്കന്‍ ഏഷ്യാ രാജ്യങ്ങള്‍, പസഫിക് രാജ്യങ്ങള്‍ എന്നിവയുടെ വളര്‍ച്ച ഇത് സൂചിപ്പിക്കുന്നു

ഇന്ത്യയിലേയും കേരളത്തിലേയും വിദേശ വിനോദ സഞ്ചാരികളുടെ ആഗമനത്തിന്റെ ഗതി വിഗതികള്‍ ചിത്രം 9.1 ല്‍ കൊടുത്തിരിക്കുന്നു

ചിത്രം 9.1
ഇന്ത്യയിലേയും കേരളത്തിലേയും വിദേശ വിനോദ സഞ്ചാരികളുടെ ആഗമനത്തിന്റെ ഗതി വിഗതികള്‍
അവലംബം: വിനോദ സഞ്ചാര വകുപ്പ് കേരള സര്‍ക്കാര്‍

2014 നേക്കാള്‍ 4.5 ശതമാനം വാര്‍ഷിക വളര്‍ച്ച രേഖപ്പെടുത്തി കൊണ്ട് 2015 ല്‍ കേരളത്തില്‍ വിദേശ വിനോദ സഞ്ചാരികളുടെ എണ്ണം 8.03 ദശലക്ഷം ആയി. . ഇത് 2014 ല്‍ 7.68 ദശലക്ഷം ആയിരുന്നു അന്താരാഷ്ട്ര തലത്തിലെ വിനോദ സഞ്ചാരികളുടെ എണ്ണത്തില്‍ ഇന്ത്യയുടെ സംഭാവന ഏകദേശം 0.68 ശതമാനമാണ്. ഇക്കാര്യത്തില്‍ ഇന്ത്യയ്ക്ക് 40ാം സ്ഥാനമാണുള്ളത്. ഏഷ്യ, പസഫിക് രാജ്യങ്ങളുടെ ഇടയില്‍ ഇന്ത്യയുടെ സ്ഥാനം 11ാ മതും സംഭാവന 2.88 ശതമാനവും ആണ്

ഭാരതത്തിലേയ്ക്കുള്ള വിദേശ വിനോദ സഞ്ചാരികളുടെ വരവിന്റെ വളര്‍ച്ച നിരക്കില്‍ ഉയര്‍ച്ച താഴ്ചകളുടെ പ്രവണതയാണുള്ളത്. 2001 ലെ അമേരിക്കയിലെ ഭീകാരാക്രമണം ലോകത്തുടനീളമുള്ള വിനോദ സഞ്ചാര വ്യവസായത്തെ സ്വാധീനിച്ചിട്ടുണ്ട്. ഇതിന്റെ പ്രത്യാഘാതം എന്ന നിലയില്‍ ഇന്ത്യയില്‍ 2001, 2002 കാലയളവില്‍ ഈ മേഖലയില്‍ നെഗറ്റീവ് വളര്‍ച്ചാ നിരക്ക് രേഖപ്പെടുത്തുകയുണ്ടായി. എന്നാല്‍ ക്രമേണ ഇത് മാറുകയും 2003 ല്‍ വളര്‍ച്ചാ നിരക്ക് 16 ശതമാനവും 2004 ല് 25 ശതമാനമായി കഴിഞ്ഞ 20 വര്‍ഷത്തിനുള്ളിലെ ഏറ്റവും ഉയര്‍ന്ന നിരക്കായി രേഖപ്പെടുത്തുകയും ചെയ്തു. ഈ പ്രവണത 2007 വരെ തുടർന്നു. 2008 – 09 ല്‍ വളര്‍ച്ച നിരക്ക് കുറയുകയും 2009 ല്‍ -4.8 ശതമാനമാകുകയും ചെയ്തു. വിനോദ സഞ്ചാര മേഖലയിലെ ഇത്തരത്തിലുള്ള സാമ്പത്തിക മാന്ദ്യത്തിന് കാരണം ആഗോള തലത്തിലെ വളര്‍ച്ച നിരക്കിലുണ്ടായ കുറവ്, ഭീകര പ്രവര്‍ത്തനങ്ങള്‍, എച്ച്. 1 എന്‍ 1 പകര്‍ച്ചപനി എന്നിവയാണ്. (വാര്‍ഷിക റിപ്പോര്‍്ട്ട് 2010, വിനോദ സഞ്ചാര മന്ത്രാലയം, ഭാരത സര്‍ക്കാര്‍) 2010 ആയപ്പോഴേക്കും ഈ മേഖല പ്രതിസന്ധി ഘട്ടം തരണം ചെയ്യുകയും അന്നു മുതല്‍ വര്‍ഷങ്ങളായി വിദേശ വിനോദ സഞ്ചാരികളുടെ എണ്ണം സ്ഥിരമായ വളര്‍ച്ച രേഖപ്പെടുത്തി കൊണ്ടുമിരിക്കുന്നു.

വിദേശ വിനോദ സഞ്ചാരികളുടെ വരവ്, 2001, 2009 എന്നീ സാമ്പത്തിക പ്രതിസന്ധി കാലങ്ങളിലൊഴികെ, കഴിഞ്ഞ 2 ദശകങ്ങളായി സഞ്ചാരികളുടെ എണ്ണത്തില്‍ സംസ്ഥാനം സ്ഥിരമായ വളര്‍ച്ച രേഖപ്പെടുത്തിയിട്ടുണ്ട്. സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ള വിപണന തന്ത്രങ്ങള്‍ ഒരു പരിധി വരെ വിദേശ വിനോദ സഞ്ചാരികളെ സംസ്ഥാനത്തേക്ക് ആകര്‍ഷിക്കുന്നതിന് നല്ലൊരു പങ്ക് വഹിക്കുന്നതിന്. ഇടയാക്കിയിട്ടുണ്ട്. വിദേശ വിനോദ സഞ്ചാരികളുടെ കേരളത്തിലേക്കുള്ള വരവിന്റെ വളര്‍ച്ചാനിരക്ക് ദേശീയതലത്തിലേക്കാള്‍ ഉയര്‍ന്നതാണ്. എന്നാല്‍ കഴിഞ്ഞ 10 വര്‍ഷത്തിനിടയ്ക്ക് 2014 ല്‍ സംസ്ഥാനത്തെ വിദേശ വിനോദ സഞ്ചാര വളര്‍ച്ചാ നിരക്ക് ദേശീയ ശരാശരി മറികടക്കുകയുണ്ടായി. 2010 മുതല്‍ സംസ്ഥാനം കുറഞ്ഞ തോതിലുള്ള വളര്‍ച്ചാ നിരക്ക് രേഖപ്പെടുത്തുന്നത് ശ്രദ്ധിക്കപ്പെടേണ്ട വസ്തുതയാണ്. 2010 ല്‍ 18.31 ശതമാനം ആയിരുന്ന വളര്‍ച്ചാ നിരക്ക് 2013 ആയപ്പോഴെക്കും 8.12% ആയി കുറയുകയും 2015 ല്‍ നിരക്ക് വീണ്ടും കുറഞ്ഞ് 5.86 % ആകുകയും ചെയ്തു. 2005 മുതലുള്ള വിനോദ സഞ്ചാരികളുടെ വരവിലുള്ള വളര്‍ച്ചാ നിരക്ക് (ദേശീയ/സംസ്ഥാന നിരക്ക്) അനുബന്ധം 9.1 ല്‍ നല്‍കിയിരിക്കുന്നു.

2015 ല്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് വിദേശ വിനോദ സഞ്ചാരികളുടെ പങ്കില്‍ ഇന്ത്യയിലെ മുന്‍ പന്തിയില്‍ നില്‍ക്കുന്ന 10 സംസ്ഥാനങ്ങളില്‍ 7-ാം സ്ഥാനം കേരളത്തിനാണ്. വിദേശ സഞ്ചാരികളുടെ എണ്ണത്തില്‍ കേരളത്തിന്റെ സംഭാവന 2015 ല് 12.2 ശതമാനമാണ്. കഴിഞ്ഞ നാലു വര്‍ഷമായി ഈ നിരക്ക് ഏറെക്കുറെ മാറ്റമില്ലാതെ നില്ക്കുന്നു. അയല്‍ സംസ്ഥാനമായ തമിഴ്നാട് വിദേശ സഞ്ചാരികളുടെ എണ്ണത്തില്‍ ദേശീയ നിരക്കിന്റെ 21.9 ശതമാനം നേടി കൊണ്ട് ഒന്നാം സ്ഥാനത്താണ്.

വിദേശ സഞ്ചാരികളുടെ ആഗമനത്തിലെ കാലികത

കേരളത്തിലെത്തുന്ന വിനോദ സഞ്ചാരികളെ സംബന്ധിക്കുന്ന മാസാടിസ്ഥാനത്തിലുള്ള വിശകലനം സൂചിപ്പിക്കുന്നത് സംസ്ഥാനത്തെ വിനോദ സഞ്ചാര സീസണ്‍ നവംബറില്‍ ആരംഭിച്ച് മാര്‍ച്ച് വരെ നീണ്ടുനില്ക്കുന്നു എന്നതാണ്. ഡിസംബര്‍, ജനുവരി, ഫെബ്രുവരി, മാസങ്ങളിലാണ് ഏറ്റവും തിരക്കേറിയ സീസണ്‍. ദേശീയ തലത്തിലും ഇതേ പ്രവണത ദൃശ്യമാണ്. 2015 ല്‍ ഏറ്റവുമധികം വിദേശ സഞ്ചാരികള്‍ എത്തിയത് ഫെബ്രുവരിയിലും തുടര്‍ന്ന് ജനുവരിയിലുമാണ്. ജൂണ് മാസത്തിലാണ് വിദേശ സന്ദര്‍ശകരുടെ എണ്ണത്തില്‍ നിരക്ക് കുറവ് രേഖപ്പെടുത്തിയത്. ഫെബ്രുവരി മാസത്തില്‍ ഏകദേശം 13.6 ശതമാനം വിനോദ സഞ്ചാരികള്‍ സംസ്ഥാനം സന്ദര്‍ശിക്കുകയുണ്ടായി 2010 മുതല്‍ 2015 വരെയുള്ള വിദേശ സഞ്ചാരികളുടെ വരവിന്റെ മാസാടിസ്ഥാനത്തിലുള്ള താരതമ്യവും ചിത്രം 9.2 ല്‍ കൊടുത്തിരിക്കുന്നു.

ചിത്രം 9.2
2010 മുതല്‍ 2015 വരെയുള്ള വിദേശ സഞ്ചാരികളുടെ വരവിന്റെ മാസാടിസ്ഥാനത്തിലുള്ള താരതമ്യം
അവലംബം: വിനോദ സഞ്ചാര വകുപ്പ് കേരള സര്‍ക്കാര്‍

വിദേശ സഞ്ചാരികളുടെ വരവിന്റെ സീസണുകള്‍ ഈ വര്‍ഷങ്ങളിലെല്ലാം ഒരു പോലെയാണ് എന്ന് കാണാന്‍ കഴിയും. ഏപ്രില്‍ മുതല്‍ സെപ്റ്റംബര്‍ വരെ ഉള്ള കാലം വിനോദ സഞ്ചാരത്തെ സംബന്ധിച്ച് സീസണല്ലാത്ത കാലയളവായി പരിഗണിക്കുന്നു. സീസണുകളല്ലാത്ത സമയത്തെ വിനോദ സഞ്ചാരികളുടെ എണ്ണത്തില്‍ കഴിഞ്ഞ അഞ്ച് വര്‍ഷങ്ങളില്‍ വര്‍ദ്ധനവുണ്ടായതായി ചിത്രത്തില്‍ നിന്നും വ്യക്തമാണ്. കഴിഞ്ഞ 2 ദശാബ്ദങ്ങളായി ഓഫ് സീസണുകള്‍ക്കിടയിലുള്ള ആഗസ്റ്റ് മാസത്തില്‍ വിനോദ സഞ്ചാരികളുടെ വരവില്‍ വര്‍ദ്ധനവ് കാണാന്‍ സാധിക്കും.

365 ദിവസ ദൈര്‍ഘ്യ, മുഴുവന്‍ സമയ വിനോദ സഞ്ചാര കേന്ദ്രമായി സംസ്ഥാനത്തെ മാറ്റുക എന്നതാണ് കേരളത്തിലെ വിനോദ സഞ്ചാര മേഖല ലക്ഷ്യമിടുന്നതെങ്കിലും വിദേശ വിനോദ സഞ്ചാരികളുടെ വരവിന്റെ പ്രതിമാസ കണക്കുകള്‍ സൂചിപ്പിക്കുന്നത്, പുതിയതും വൈവിധ്യമാര്‍ന്നതും സംസ്ഥാനത്തിന് താരതമ്യേന പ്രയോജനകരമായതുമായ വിനോദ സഞ്ചാര കേന്ദ്രങ്ങളും ഉല്പ്പന്നങ്ങളും കണ്ടെത്തുക, സീസണാലിറ്റിയെ തരണം ചെയ്യുക എന്നിവയുടെ ആവശ്യകതയാണ്. കേരളത്തെ മാറ്റിയെടുക്കുന്നതിനായി മണ്‍സൂണ്‍ വിനോദ സഞ്ചാരം, മീറ്റിംഗുകള്‍, പ്രോത്സാഹനം, കോണ്‍ഫറന്‍സുകള്‍. എക്സിബിഷന്‍ (എം.ഐ.സി.ഇ ടൂറിസം), ഓഫ് സീസണുകളില്‍ വിവിധ പാക്കേജുകള്‍ എന്നിങ്ങനെ വിനോദ സഞ്ചാര വകുപ്പ് കേരളത്തെ മുഴുവന്‍ സമയം വിനോദ സഞ്ചാര കേന്ദ്രമാക്കി മാറ്റുന്നതിനുള്ള നടപടികള്‍ എടുത്തിട്ടുണ്ട്. കഴിഞ്ഞ 5 വര്‍ഷങ്ങളില്‍ ഓഫ് സീസണില്‍ വിദേശ വിനോദ സഞ്ചാരികളുടെ എണ്ണത്തിലുണ്ടായ വര്‍ദ്ധനവ് നമ്മുടെ സംസ്ഥാനത്തെ വിനോദ സഞ്ചാര വ്യവസായം സ്വീകരിച്ച നടപടികളുടെ ഫലമാണ്. സ്ഥിര വരുമാനവും വര്‍ദ്ധിച്ച തൊഴിലവസരങ്ങളും പ്രദാനം ചെയ്യുന്ന ഒരു മേഖലയായി വിനോദ സഞ്ചാരത്തെ മറ്റുന്നതിനായി മുകളില്‍ നിര്‍ദ്ദേശിച്ച ഉദ്യമങ്ങള്‍ തുടരേണ്ടതും എല്ലാ സീണുകള്‍ക്കും അനുയോജ്യമായ ഉല്പ്ന്നങ്ങള്‍ പ്രചാരത്തില്‍ കൊണ്ടുവരേണ്ടതുമാണ്. കൂടാതെ വിപണിക്ക് അനുയോജ്യമായതും വിപണി വിശകലനത്തെ അടിസ്ഥാനമാക്കിയുള്ള വിവിധങ്ങളായ വിപണന തന്ത്രങ്ങൾ ആവിഷ്ക്കരിക്കുന്നതു വഴി വര്‍ഷം മുഴുവനും വിദേശ വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കേണ്ടതുണ്ട്.

വിനോദ സഞ്ചാരികള്‍- വിപണി ഉറവിടം

2015 ല്‍ ഇന്ത്യയിലെത്തിയ വിദേശ വിനോദ സഞ്ചാരികളെ സംബന്ധിക്കുന്ന വിവരങ്ങള്‍ സൂചിപ്പിക്കുന്നത്, ഏകദേശം 15.1% വിദേശ വിനോദ സഞ്ചാരികള്‍ കടന്നു വന്നത് അമേരിക്കയില്‍ നിന്നും തുടര്‍ന്ന് ബംഗ്ലാദേശ് (14.13%) യു.കെ. (10.81%) ശ്രീലങ്ക (3.73%) എന്നിവിടങ്ങളില്‍ നിന്നുമാണ്. 2012, 2013, 2014 എന്നീ വര്‍ഷങ്ങളില്‍ ഈ ‍ പ്രവണത മാറ്റമില്ലാതെ തുടരുന്നു.

കേരളത്തില്‍ വിദേശ വിനോദ സഞ്ചാരികളുടെ എണ്ണത്തിന്റെ കാര്യത്തില്‍ ഏറ്റവുമധികം സംഭാവന ചെയ്യുന്ന രാജ്യം യു.കെ(17.1%) ആണ്. 9.4 ശതമാനത്തോടെ ഫ്രാന്‍സ് ആണ് രണ്ടാം സ്ഥാനത്ത്. തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍ ജര്‍മനി (7.9%) അമേരിക്ക (7.8%) എന്നിവയാണ്. കേരള വിനോദ സഞ്ചാരത്തിന്റെ 2015 ലെ അന്താരാഷ്ട്ര പ്രധാന വിപണി ഉറവിടങ്ങള്‍ അനുബന്ധം 9.2 ല്‍ കൊടുത്തിരിക്കുന്നു.

2007 മുതല്‍ 2015 വരെയുള്ള വിവരങ്ങള്‍ താരതമ്യം ചെയ്യുമ്പോള്‍ സംസ്ഥാനത്തെ വിനോദ സഞ്ചാര വിപണിയില്‍ ഏറ്റവും മുന്‍പന്തിയില്‍ ബ്രിട്ടണ്‍ ആയിരുന്നു എങ്കിലും 2007 ല്‍ 23.36 % ആയിരുന്ന ബ്രിട്ടന്റെ സംഭാവന 2015 ആയപ്പോള്‍ 17.1% ആയി കുറഞ്ഞു. ഇതേ കാലയളവില്‍ ഫ്രാന്‍സിന്റെയും അമേരിക്കയുടെയും സംഭാവന മാറ്റമില്ലാതെ നില്ക്കുകയും ജര്‍മ്മനിയുടെ സംഭാവന 2007 ല്‍ 7.9% ആയിരുന്നത് 2015 ല്‍ 6.9 ശതമാനമായി കുറയുകയും ചെയ്തു. എന്നാല്‍ സൗദി അറേബ്യയുടെ സംഭാവന ഈ കാലയളവില്‍ 1.66 ശതമാനത്തില്‍ നിന്ന് 5.2 ശതമാനമായി വര്‍ദ്ധിച്ചു. റഷ്യയുടെയും മലേഷ്യയുടെയും സംഭാവന വിഹിതവും ഈ വര്‍ഷങ്ങളില്‍ വര്‍ദ്ധിച്ചിട്ടുണ്ട് 2007 ല്‍ 4.9 ശതമാനം സംഭാവന ചെയ്ത മാലീദ്വീപിന്റെ വിഹിതം 2015 ല് 1.29 ശതമാനമായി കുറഞ്ഞു. 2007 മുതല്‍ 2015 വരെയുള്ള കാലയളവിലെ വിദേശ സഞ്ചാരികള്‍ എത്തിച്ചേരുന്നതില്‍ ഏറ്റവും കൂടുതല്‍ സംഭാവന ചെയ്യുന്നതില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന 10 രാജ്യങ്ങളുടെ പ്രവണത ചിത്രം 9.3 ല്‍ കൊടുത്തിരിക്കുന്നു.

ചിത്രം 9.3
വിദേശ വിനോദ സഞ്ചാരികളുടെ കേരളത്തിലേക്കുള്ള വരവിന്റെ പ്രവണത ശതമാനത്തില്‍ 2007-2015 വരെ
അവലംബം: വിനോദ സഞ്ചാര വകുപ്പ് കേരള സര്‍ക്കാര്‍

വിദേശ വിനോദ സഞ്ചാരികളുടെ വരവ് സംബന്ധിക്കുന്ന ജില്ലാതല വിവരങ്ങള്‍

വിദേശ വിനോദ സഞ്ചാരികളുടെ വരവ് സംബന്ധിക്കുന്ന ജില്ല അടിസ്ഥാനത്തിലുള്ള വിവരങ്ങള്‍ പരിശോധിച്ചാല്‍ കഴിഞ്ഞ രണ്ട് വര്‍ഷങ്ങളില്‍ വിദേശ വിനോദ സഞ്ചാരികള്‍ വിവിധ ജില്ലകള്‍ സന്ദര്‍ശനത്തിനായി തെരഞ്ഞെടുക്കുന്നതില്‍ ജില്ലകള്‍ക്ക് നല്‍കുന്ന മുന്‍ഗണന ഏകദേശം മാറ്റമില്ലാതെ നിലനില്ക്കുന്നു. സംസ്ഥാനത്തെ മധ്യ തെക്കന്‍ ജില്ലകളിലാണ് വിദേശ വിനോദ സഞ്ചാരികള്‍ ഏറ്റവുമധികം ശ്രദ്ധ കേന്ദ്രികരിച്ചിരിക്കുന്നത്. 2015 ല്‍ വിദേശ സഞ്ചാരികളെ ആകര്‍ഷിക്കുന്നതില്‍ ഏറ്റവും മുന്‍പന്തിയില്‍ ഏറണാകുളം ആയിരുന്നു. (39.2%) ഏറ്റവും മുന്‍പന്തിയില്‍ നില്ക്കുന്ന അഞ്ച് ജില്ലകളില്‍ മറ്റുള്ളവ തിരുവനന്തപുരം (31.7%),ഇടുക്കി (8.6%) ആലപ്പുഴ (6.5%), കോട്ടയം (5.1%) എന്നിവയാണ് . വിദേശ വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്നതില്‍ സംസ്ഥാനത്തിന്റെ വടക്കന്‍ പ്രദേശങ്ങള്‍ ഇപ്പോഴും പിന്നിലാണ്. വിദേശ സഞ്ചാരികളുടെ വരവില്‍ ഈ പ്രദേശങ്ങളുടെ സംഭാവന നിസ്സാരവും 3 ശതമാനത്തില്‍ താഴെയുമാണ്. വിദേശ സഞ്ചാരികളുടെ വരവിന്റെ ജില്ലാടിസ്ഥാനത്തിലുള്ള വിശദാംശങ്ങള്‍ അനുബന്ധം 9.3 ലും കേരളത്തില്‍ എത്തിചേരുന്ന വിദേശ സഞ്ചാരികളുടെ എണ്ണം പ്രദേശങ്ങള്‍ അടിസ്ഥാനമാക്കി ചിത്രം 9.4 ലും കൊടുത്തിരിക്കുന്നു.

ചിത്രം 9.4
കേരളത്തിലെ വിദേശ സഞ്ചാരികളുടെ എണ്ണം, പ്രദേശങ്ങളനുസരിച്ച് (ശതമാനം)
അവലംബം: വിനോദ സഞ്ചാര വകുപ്പ് കേരള സര്‍ക്കാര്‍

കേരളത്തിന്റെ വടക്കന്‍ പ്രദേശങ്ങളിലെ ദീര്‍ഘമായ തീര പ്രദേശം, ജലാശയങ്ങള്‍, ഉയര്‍ന്ന പ്രദേശങ്ങളിലെ വിനോദ സഞ്ചാരം, സാംസ്കാരിക, പൈതൃക വിനോദ സഞ്ചാര വികസന സാധ്യത എന്നിങ്ങനെയുള്ള നേട്ടങ്ങള്‍ ഉള്ളത് കൊണ്ട് വിനോദ സഞ്ചാര മേഖലയില്‍ നിലനില്ക്കുന്ന പ്രാദേശിക വൈജാത്യങ്ങള്‍ ഇല്ലാതാകുന്നതിനുള്ള മാര്‍ ഗ്ഗങ്ങള്‍ കണ്ടെത്തേണ്ടതുണ്ട്.

top