വിനോദ സഞ്ചാരം

ആഭ്യന്തര വിനോദ സഞ്ചാരികളുടെ വരവിന്റെ സമീപകാല പ്രവണതകള്‍

വിദേശ വിനോദ സഞ്ചാരികളുടെ വരവ് സംബന്ധിച്ച വിവരങ്ങൾ പോലെ പ്രാധാന്യം അർഹിക്കുന്നതാണ് ആഭ്യന്തര വിനോദ സഞ്ചാരികളുടെ വരവ് സംബന്ധിക്കുന്ന വിവരങ്ങളുടെ വിശകലനം. രാജ്യത്തെ ആഭ്യന്തര വിനോദ സഞ്ചാരം 3 ഘടകങ്ങള്‍ അടിസ്ഥാനമാക്കി തരംതിരിച്ചിരിക്കുന്നു. വിജ്ഞാനം, വിനോദ സഞ്ചാര കേന്ദ്രങ്ങളുടെ അടുപ്പം, കുറഞ്ഞ ഗതാഗത ചെലവ് എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. അന്താരാഷ്ട്ര വിനോദ സഞ്ചാരത്തെക്കാള്‍ കൂടുതലായി ആഭ്യന്തര വിനോദ സഞ്ചാരത്തില്‍ കൂടുംബങ്ങള്‍, കുട്ടികള്‍, കൗമാരക്കാര്‍, മുതിര്‍ന്ന പൗരന്മാർ, അംഗപരിമിതര്‍ കുറച്ച് വരുമാനമുള്ളവര്‍‍ എന്നിങ്ങനെയുള്ള വിഭാഗങ്ങളാണ് കൂടുതലായി പ്രതിനിധീകരിക്കുന്നത്.

2014 ലെ ആഭ്യന്തര വിനോദ സഞ്ചാര സന്ദര്‍ശകരുടെ എണ്ണത്തേക്കാള്‍ 11.63 ശതമാനം വര്‍ദ്ധനവ് രേഖപ്പെടുത്തി കൊണ്ട് 1432 ദശലക്ഷം പേരാണ് സംസ്ഥാനങ്ങള്‍ / കേന്ദ്ര ഭരണ പ്രദേശങ്ങള്‍ സന്ദര്‍ശിച്ചിട്ടുള്ളത്. 2014 ല്‍ ഇത് 1282.8 ദശലക്ഷം ആയിരുന്നു. 2015 ലെ ഏറ്റവും അധികം ആഭ്യന്തര വിനോദ സഞ്ചാരികളുടെ എണ്ണം രേഖപ്പെടുത്തിയ 10 സംസ്ഥാനങ്ങള്‍ തമിഴ്നാട് (333.5 ദശലക്ഷം) ഉത്തര്‍പ്രദേശ് (204.9), ആന്ധ്രാപ്രദേശ് (121.8) കര്‍ണ്ണാടക (119.9) മഹാരാഷ്ട്ര (103.4), തെലുങ്കാന (94.5), മധ്യപ്രദേശ് (78), പശ്ചിമ ബംഗാള്‍ (70.2), ഗുജറാത്ത് (36.3), രാജസ്ഥാന്‍ (35.2) എന്നിവയാണ്. 2015 ല്‍ ആകെ ആഭ്യന്തര വിനോദ സഞ്ചാരത്തില്‍ മുന്‍പന്തിയില്‍ നില്ക്കുന്ന 10 സംസ്ഥാനങ്ങളുടെ സംഭാവന 83.62% ആയിരുന്നു. ഇതില്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ തമിഴ്നാടിനും ഉത്തര്‍പ്രദേശിനുമാണ്. മൂന്നാം സ്ഥാനം ആന്ധ്രാപ്രദേശിനും തുടര്‍ന്നുള്ള സ്ഥാനങ്ങള്‍ . കര്‍ണ്ണാടക, മഹാരാഷ്ട്ര എന്നിവയ്ക്കുമാണ്. 2015 ലെ ആഭ്യന്തര വിനോദ സഞ്ചാരികളുടെ വരവിന്റെ, വിശദാംശങ്ങള്‍ അനുബന്ധം 9.4 ല്‍ കൊടുത്തിരിക്കുന്നു.

ആഭ്യന്തര വിനോദ സഞ്ചാരത്തിന്റെ വാര്‍ഷിക വളര്‍ച്ചാ നിരക്ക് 2014 ല്‍ 11.69 ദശലക്ഷം വിനോദ സഞ്ചാരികളില്‍ നിന്നും 2015 ല്‍ 12.46 ദശലക്ഷമായി വര്‍ദ്ധിച്ച് 6.59 % രേഖപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ 10 വര്‍ഷത്തെ കണക്കുകള്‍ പ്രകാരം 2008 ല്‍ സംസ്ഥാനം രണ്ടക്ക വളര്‍ച്ച നിരക്ക് നേടിയിട്ടുണ്ട്. 2009 ല്‍ ഇത് 4.25 ശതമാനമാകുകയും പിന്നീടുള്ള രണ്ട് വര്‍ഷങ്ങളില്‍ വലിയ നേട്ടം ഉണ്ടാക്കുകയും ചെയ്തു. 2012, 2013, 2014 വര്‍ഷങ്ങളില്‍ 7.41%. 7.75%. 7.71% എന്നിങ്ങനെ മാറ്റമില്ലാത്ത നിരക്ക് രേഖപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയിലേയും കേരളത്തിലേയും ആഭ്യന്തര വിനോദ സഞ്ചാരത്തിന്റെ വളര്‍ച്ച നിരക്ക് ചിത്രം 9.5 ല്‍ കാണിച്ചിരിക്കുന്നു.

ചിത്രം 9.5
ഇന്ത്യയിലേയും കേരളത്തിലേയും ആഭ്യന്തര വിനോദ സഞ്ചാരത്തിന്റെ വളര്‍ച്ച നിരക്ക്
അവലംബം: വിനോദ സഞ്ചാര വകുപ്പ് കേരള സര്‍ക്കാര്‍

കഴിഞ്ഞ 10 വര്‍ഷങ്ങളായി കേരളത്തിലെ ആഭ്യന്തര വിനോദ സഞ്ചാര വളര്‍ച്ചാ നിരക്ക് ദേശീയ ശരാശരിയേക്കാള്‍ കുറവാണെന്ന് ദേശീയ തലത്തിലുള്ള വിവരങ്ങളുമായുള്ള താരതമ്യം സൂചിപ്പിക്കുന്നു. 2014 ലെ ദേശീയ വിനോദ സഞ്ചാര സ്ഥിതി വിവര കണക്കു് പ്രകാരം ആഭ്യന്തര വിനോദ സഞ്ചാരത്തില്‍ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ കേരളത്തിന്റെ സ്ഥാനം പത്തൊമ്പതാണ്. എന്നാല്‍ വിദേശ സഞ്ചാരികളുടെ വരവില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന 10 സംസ്ഥാനങ്ങളില്‍ കേരളത്തിന് 7-ാം സ്ഥാനമാണ്.

കേരളത്തിന്റെ ആഭ്യന്തര വിനോദ സഞ്ചാരികളുടെ വരവ് മാസാടിസ്ഥാനത്തില്‍

ആഭ്യന്തര വിനോദ സഞ്ചാരികളുടെ വരവ് ഏറ്റവും കൂടുതല്‍ രേഖപ്പെടുത്തിയത് ഡിസംബര്‍ മാസത്തിലും കുറവ് രേഖപ്പെടുത്തിയത് ജൂണിലുമാണ്. സംസ്ഥാനത്തെ ആഭ്യന്തര വിനോദ സഞ്ചാരികളുടെ എണ്ണത്തില്‍ കഴിഞ്ഞ 5 വര്‍ഷങ്ങളായി ഇതേ പ്രവണത തന്നെയാണ് ദൃശ്യമാകുന്നത്. ശബരിമല, മറ്റ് അമ്പലങ്ങള്‍ /തീര്‍ത്ഥാടന വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ (ഗുരുവായൂര്‍, തിരുവനന്തപുരം)തുടങ്ങിയവ ഇതിൽ ഉള്‍പ്പെടുത്തിയിട്ടില്ല . സാധാരണയായി കണ്ടു വരുന്നത് തീര്‍ത്ഥാടനവും ഉല്ലാസ യാത്രയും യോജിപ്പിക്കുന്നതായിട്ടാണ്. 2010 മുതല്‍ 2015 വരെയുള്ള ആഭ്യന്തര വിനോദ സഞ്ചാര വ്യാപാരത്തിലെ വരവ് ചിത്രം 9.6 ല്‍ കാണിച്ചിരിക്കുന്നു.

ചിത്രം 9.6
കേരളത്തിലെ ആഭ്യന്തര വിനോദ സഞ്ചാരികളുടെ എണ്ണം 2010 മുതല്‍ 2015 വരെ
അവലംബം: വിനോദ സഞ്ചാര വകുപ്പ് കേരള സര്‍ക്കാര്‍

ആഭ്യന്തര വിനോദ സഞ്ചാരം പ്രദാനം ചെയ്യുന്ന ഉറവിടം

കേരളത്തിലെ ആഭ്യന്തര വിനോദ സഞ്ചാര സന്ദര്‍ശകരെ സംബന്ധിക്കുന്ന വിവരങ്ങള്‍ സൂചിപ്പിക്കുന്നത് ഏകദേശം 75.7 ശതമാനവും സംസ്ഥാനത്തിനകത്ത് തന്നെയുള്ള സന്ദര്‍ശകരാണെന്നാണ്. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് ആഭ്യന്തര വിനോദ സഞ്ചാരത്തില്‍ 8.02 ശതമാനവുമായി തമിഴ്നാടാണ് ഒന്നാം സ്ഥാനത്ത്. ഇതിലുള്‍പ്പെടുന്ന മറ്റ് സംസ്ഥാനങ്ങള്‍ കര്‍ണ്ണാടകം (4.61%), മഹാരാഷ്ട്ര (2.8%), ആന്ധ്രാപ്രദേശ് (1.83%) എന്നിവയാണ്. വടക്കന്‍ സംസ്ഥാനങ്ങളുടെ സംഭാവന ആഭ്യന്തര വിനോദ സഞ്ചാരത്തിന്റെ സ്ഥിതി വിവര കണക്കു പ്രകാരം കുറവാണ്. കേരളത്തിലെ ആഭ്യന്തര വിനോദ സഞ്ചാരികളുടെ വരവില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന 15 സംസ്ഥാനങ്ങളുടെ വിശദാംശങ്ങള്‍ അനുബന്ധം 9.5 ല്‍ കൊടുത്തിരിക്കുന്നു.

കേരളത്തിലെ ആഭ്യന്തര സഞ്ചാരികളുടെ വരവ് ജില്ലാടിസ്ഥാനത്തില്‍

സംസ്ഥാനത്തിന്റെ വിവിധ ജില്ലകളില്‍ ആഭ്യന്തര വിനോദ സഞ്ചാരികളുടെ വരവ് വിദേശ വിനോദ സഞ്ചാരികളുടെ വരവില്‍ നിന്നും നേരിയ തോതില്‍ വ്യത്യാസപ്പെട്ടിരിക്കുന്നു. ആഭ്യന്തര വിനോദ സഞ്ചാരികളെ സ്വീകരിക്കുന്നതില്‍ ഏറ്റവുമധികം സംഭാവന എറണാകുളവും (23.2%) തൊട്ടു പിന്നില്‍ തൃശൂരും (21.3%) മൂന്നാം സ്ഥാനത്ത് തിരുവനന്തപുരവുമാണ് (14.9%) കോഴിക്കോട് ജില്ല ആഞ്ചാം സ്ഥാനത്താണ്. (6.5%) ആഭ്യന്തര സഞ്ചാരികള്‍ ഏറ്റവും കുറച്ച് പരിഗണിക്കുന്ന ജില്ലകളാണ് പത്തനംതിട്ടയും കാസര്‍ഗോഡും ആഭ്യന്തര സന്ദര്‍ശകരില്‍ അധികവും സംസ്ഥാനത്തിനുള്ളില്‍ തന്നെയുള്ളവരായതു കൊണ്ട് വിദേശ വിനോദ സഞ്ചാരികളുടെ വരവില്‍ ഉള്ളതു പോലെയുള്ള പ്രാദേശിക വ്യത്യാസം ദൃശ്യമാകുന്നില്ല. 2015 ലെ പ്രദേശങ്ങള്‍ തിരിച്ചുള്ള കണക്കനുസരിച്ച് അനുസരിച്ചുള്ള ആഭ്യന്തരം വിനോദ സഞ്ചാര സന്ദര്‍ശനം ഏകദേശം 54% സംഭാവനയോടെ ഏറ്റവും കൂടുതലുള്ളത് മധ്യ കേരളത്തിലാണ്. തുടര്‍ന്ന് വടക്കന്‍ കേരളത്തിലും (26%) തെക്കന്‍ കേരളത്തിലുമാണ് (20%). ജില്ലകള്‍ തിരിച്ചുള്ള സഞ്ചാരികളുടെ വരവിന്റെ വിശദാംശങ്ങള്‍ അനുബന്ധം 9.6 ലും പ്രദേശങ്ങള്‍ തിരിച്ചുള്ള ആഭ്യന്തര വിനോദ സഞ്ചാരത്തിന്റെ വിവരങ്ങള്‍ ചിത്രം 9.7 ലും കാണിച്ചിരിക്കുന്നു.

ചിത്രം 9.7
കേരളത്തില്‍ എത്തുന്ന പ്രദേശങ്ങള്‍ തിരിച്ചുള്ള ആഭ്യന്തര വിനോദ സഞ്ചാരികളുടെ കണക്ക് ശതമാനത്തില്‍
അവലംബം: വിനോദ സഞ്ചാര വകുപ്പ് കേരള സര്‍ക്കാര്‍

കേരളത്തിലെ വിനോദ സഞ്ചാര താമസ സൗകര്യങ്ങള്‍

കേരളത്തില്‍ വിനോദ സഞ്ചാര മേഖലയില്‍ തരം തിരിക്കപ്പെട്ടിട്ടുള്ള ഹോട്ടലുകളിലെ താമസ സൗകര്യങ്ങളുടെ ലഭ്യത സംബന്ധിക്കുന്ന വിവരങ്ങള്‍ അനുസരിച്ച് 2015 ല്‍ ഹോട്ടലുകളുടെയും ഹോട്ടല്‍ മുറികളുടെയും എണ്ണത്തില്‍ കുറവുണ്ടായതായി സൂചിപ്പിക്കുന്നു. 2014 ല്‍ 409 എണ്ണം ആയിരുന്ന ഹോട്ടലുകളുടെ എണ്ണം 2015 ആയപ്പോള്‍ ഗണ്യമായി കുറഞ്ഞ് 334 എണ്ണമായി. അതുപോലെ ലഭ്യമായിട്ടുള്ള ഹോട്ടല്‍ മുറികളുടെ എണ്ണവും 2014 ല്‍ 11387 ആിരുന്നത് 2015 ആയപ്പോള്‍ 9224 ആയി കുറഞ്ഞു. തരംതിരിക്കപ്പെട്ടിട്ടുള്ള ഹോട്ടലുകളില്‍ ലഭ്യമായ സൗകര്യങ്ങളുടെ വിശദാംശങ്ങള്‍ അനുബന്ധം 9.7 ല്‍ നല്‍കിയിരിക്കുന്നു. വിദേശ, ആഭ്യന്തര വിനോദ സഞ്ചാരികളുടെ വരവിലെ വര്‍ഷങ്ങളായുള്ള വര്‍ദ്ധനവ് കണക്കിലെടുക്കുമ്പോള്‍ താമസ സൗകര്യ ലഭ്യത കുറഞ്ഞു വരുന്നത് പ്രധാന പരിഗണന അര്‍ഹിക്കുന്നു.

top