വിനോദ സഞ്ചാരം

ഉത്തരവാദിത്വ വിനോദ സഞ്ചാരം

വിനോദ സഞ്ചാര വകുപ്പ് 2008 ല്‍ ആരംഭിച്ച കേരള ഉത്തരവാദിത്വ വിനോദ സഞ്ചാര (ആര്‍.റ്റി) സംരംഭത്തിലൂടെ വിനോദ സഞ്ചാര വികസനത്തില്‍ ജനകീയ പങ്കാളിത്തം വിജയകരമായി സംസ്ഥാനത്ത് നടപ്പിലാക്കി. വിവിധ കേന്ദ്രങ്ങളില്‍ വിനോദ സഞ്ചാര പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനായി വിഭവങ്ങള്‍ വിനിയോഗിക്കുന്നതിനും സാധാരണ ജന സമൂഹത്തെ ഒരുമിപ്പിക്കുന്നതിനും പ്രാരംഭമായി നടപ്പിലാക്കിയ ഈ സംരംഭം വിജയിച്ചു. 2012 ലെ സംസ്ഥാന വിനോദ സഞ്ചാര നയം ഉത്തരവാദിത്വ വിനോദ സഞ്ചാര തത്വങ്ങള്‍ അടിസ്ഥാനമാക്കിയുളളതാണ്. ടൂറിസം പ്രവര്‍ത്തനങ്ങളില്‍ ഉത്തരവാദിത്വ വിനോദ സഞ്ചാര ആശയങ്ങള്‍ മുഖ്യധാരയില്‍ കൊണ്ടു വരേണ്ടതില്‍ സംസ്ഥാനം ശ്രദ്ധ കേന്ദീകരിക്കേണ്ടതും വിനോദ സഞ്ചാര സേവന ദാതാക്കള്‍ക്ക് അവരുടെ ബിസിനസ്സില്‍ ഉത്തരവാദിത്വ വിനോദ സഞ്ചാര ആശയങ്ങള്‍ ഉള്‍പ്പെടുത്തുവാന്‍ പ്രോത്സാഹനം നല്‍കേണ്ടതുമാണ്. 2008 പ്രാരംഭ ഘട്ടം മുതലുള്ള അറിവ് മുന്‍നിര്‍ത്തി സംസ്ഥാനം മുഴുവനായി ഇത് പ്രാവര്‍ത്തികമാക്കേണ്ടതാണ്. സംസ്ഥാനത്തെ ആര്‍.റ്റി. പ്രവര്‍ത്തനങ്ങള്‍ക്ക് നിലവില്‍ രണ്ട്ശാഖകളാണുള്ളത്.

  1. സമൂഹം, തദ്ദേശ സ്വയം ഭരണ സ്ഥപാനങ്ങള്‍, സര്‍ക്കാര്‍ ഏജന്‍സികള്‍, സര്‍ക്കാര്‍ ഇതര സംഘടനകള്‍, വിനോദ സഞ്ചാര വ്യാപാരം എന്നിവയുമായി ചേര്‍ന്നുള്ള ഫീല്‍ഡ് ലെവല്‍ പ്രവര്‍ത്തനങ്ങള്‍
  2. ഫീല്‍ഡ് ലെവല്‍ പ്രവര്‍ത്തനങ്ങളില്‍ സഹായിക്കുന്നതിനും പഠനങ്ങള്‍ അടിസ്ഥാനമാക്കിയുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിനും വേണ്ടിയുള്ള പഠന, ഗവേഷണ പ്രവര്‍ത്തനങ്ങള്‍

ഫീല്‍ഡ് ലെവല്‍ പ്രവര്‍ത്തനങ്ങള്‍ ആര്‍.റ്റി. മിഷന്‍ സംസ്ഥാനവും ഫീല്‍ഡ് ലെവല്‍ ജീവനക്കാരുമായി ചേര്‍ന്ന് നടപ്പിലാക്കാനുദ്ദേശിച്ചിട്ടുള്ളവയാണ്. ആര്‍.റ്റി യുമായി ബന്ധപ്പെട്ട ഗവേഷണ പ്രവര്‍ത്തനങ്ങള്‍ ആര്‍.റ്റി. സ്ക്കൂളിന് കീഴില്‍ കെ.ഐ. റ്റി.റ്റി. എസ് ഏറ്റെടുക്കുന്നതാണ്. വിനോദ സഞ്ചാരം കൊണ്ടുളള നേട്ടങ്ങള്‍ ആത്യന്തികമായി സാധാരണ ജനസമൂഹത്തിന് എത്തിക്കേണ്ടതിനു വേണ്ടി ആര്‍.റ്റി. മിഷനും ആര്‍.റ്റി സ്ക്കൂളും പരസ്പര സഹകരണത്തോടെ പ്രവര്‍ത്തിക്കേണ്ടതാണ്. ഈ പദ്ധതിയില്‍ വിഭാവനം ചെയ്യുന്നത് ഹോട്ടലുകള്‍ / ഹോം സ്റ്റേ / ഹൌസ് ബോട്ട് / ആയൂർവേദ സെന്ററുകള്‍ /ടൂര്‍ ഓപ്പറേറ്റര്‍മാര്‍ / ടൂറിസ്റ്റ് ട്രാന്‍സ്പോര്‍ട്ട് ഓപ്പറേറ്റര്‍മാര്‍ തുടങ്ങിയ ടൂറിസ്റ്റ് യൂണിറ്റുകളില്‍ ആര്‍.റ്റി. വിഭാവനം, കമ്മ്യൂണിറ്റി തലത്തിലുള്ള വിനോദ സഞ്ചാര പ്രവര്‍ത്തനങ്ങള്‍ പ്രോല്‍സാഹിപ്പിക്കല്‍ സുഗമമാക്കല്‍, കമ്മ്യൂണിറ്റി നിലവാരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ ടൂറിസം വഴി സ്ഥാപിച്ച് സുഗമമാക്കല്‍, ടൂറിസം യൂണിറ്റുകള്‍, ടൂറിസം എന്നിവ പ്രോല്‍സാഹിപ്പിക്കല്‍ സുഗമമാക്കല്‍, സാമൂഹിക പ്രശസ്തിയുള്ള പരിപാടികള്‍ ഏറ്റെടുക്കല്‍ പരിസ്ഥിതി സൗഹാര്‍ദ്ദ ആശയങ്ങളില്‍ ടൂറിസം യൂണിറ്റുകളെയും ടൂറിസ്റ്റുകളെയും പ്രോത്സാഹിപ്പിക്കല്‍ സുഗമമാക്കല്‍, ഫീല്‍ഡ് തലത്തില്‍ പ്രവര്‍ത്തനങ്ങളുടെ ഡോക്യൂമെന്റേഷന്‍, പഠനങ്ങള്‍, ഗവേഷണങ്ങള്‍ ടൂറിസത്തിന്റെ പ്രയോജനം ലഭിക്കാന്‍ വിവിധ തലത്തില്‍ കമ്മ്യൂണിറ്റിയുടെ ശേഷി വര്‍ദ്ധിപ്പിക്കല്‍ തുടങ്ങിയവയാണ്.

വിനോദ സഞ്ചാര മേഖലയിലെ വെല്ലുവിളികള്‍ അഭിമുഖീകരിക്കുന്നതിനായി കേരളത്തിന് ഗുണകരമായ പ്രവര്‍ത്തന തന്ത്രങ്ങള്‍ രൂപീകരിക്കേണ്ടത് ആവശ്യമാണ്. അനുയോജ്യമായ പ്രവര്‍ത്തന തന്ത്രങ്ങള്‍ വിഭാവനം ചെയ്യുന്നതിനും രൂപീകരിക്കുന്നതിനം വേണ്ടി ഈ മേഖലയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളുടെ കൃത്യവും പരിഷ്ക്കരിച്ചതുമായ വിവരങ്ങള്‍ സംസ്ഥാനത്തിന് ആവശ്യമാണ്. പശ്ചാത്തല സൗകര്യത്തിലെ വിടവുകള്‍ നീക്കുക, പുതിയ ഉത്പ്പന്നങ്ങളും വിനോദ സഞ്ചാര കേന്ദ്രങ്ങളും പ്രോത്സാഹിപ്പിക്കുക, എക്കോ ടൂറിസം, സാംസ്കാരിക വിനോദ സഞ്ചാരം, പൈതൃക വിനോദ സഞ്ചാരം എന്നിവയുടെ സാധ്യതകള്‍ ഉപയോഗപ്പെടുത്തുക, കൂടുതല്‍ വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്നതിനായി സുരക്ഷിതമായ വിനോദ സഞ്ചാര ചുറ്റുപാട് പ്രദാനം ചെയ്യുക എന്നിവയ്ക്ക് കൂടുതല്‍ ശ്രദ്ധ നല്കേണ്ടതാണ്. ഭാവിയിലെ ഒരു വാഗ്ദാന മേഖലയായി വിനോദ സഞ്ചാരത്തെ പ്രോത്സാഹിപ്പിക്കുന്നതിന് അതിന്റെ വെല്ലുവിളികള്‍ മനസ്സിലാക്കി കൊണ്ട് മേഖലയുടെ ശക്തി കേന്ദ്രങ്ങളും വികസിപ്പിക്കേണ്ടത് ആവശ്യമാണ്.

top