ഏതൊരു രാജ്യത്തിന്റെയും സാമ്പത്തിക വളര്‍ച്ചയ്ക്കും ആ രാജ്യത്തെ വ്യവസായങ്ങളുടെ വികസനം വളരെ നിര്‍ണ്ണായകമാണ്. കൃഷിമേഖലയുടെ ആധുനികവല്‍ക്കരണം സയന്‍സ് & ടെക്നോളജിയുടെ വികസനം, സംരംഭകത്വം, പ്രതിരോധ ഉല്പാദനത്തില്‍ സ്വയം പര്യാപ്തത, ദാരിദ്രവും തൊഴിലില്ലായ്മയും തുടച്ചു നീക്കല്‍, പ്രതിശീര്‍ഷവരുമാനത്തിന്റെ വര്‍ദ്ധനവ്, ജനങ്ങളുടെ ജീവിത നിലവാരം ഉയര്‍ത്തല്‍ എന്നിവയുമായെല്ലാം ഒരു രാജ്യത്തെ വ്യാവസായിക വളര്‍ച്ച വളരെയധികം ബന്ധപ്പെട്ടിരിക്കുന്നു. ഒരു രാജ്യത്തിന്റെ വളര്‍ച്ച നിലനിര്‍ത്തുന്നതിനായി ആഭ്യന്തര സാങ്കേതിക കഴിവുകള്‍ വളര്‍ത്തിയെടുക്കേണ്ടതാവശ്യമാണ് എന്നുളളതാണ് യുണൈറ്റഡ് നേഷന്‍സ് ഇന്‍ഡസ്ട്രയല്‍ ഡവലപ്മെന്റ് ഓര്‍ഗനൈസേഷന്‍ പുറത്തിറക്കിയ 2016 ലെ വ്യാവസായിക വികസന റിപ്പോര്‍ട്ടിലെ ഒരു പ്രധാനപ്പെട്ട കണ്ടെത്തല്‍. ഒരു വികസ്വര രാജ്യത്തിന്റെ വളര്‍ച്ച ആരംഭിക്കുമ്പോള്‍ മൂല്യവര്‍ദ്ധനവില്‍, ഉല്പന്നനിര്‍മ്മാണ മേഖലയുടേയും തൊഴില്‍ മേഖലയുടേയും പങ്ക് വര്‍ദ്ധിക്കും എന്നുളളതും റിപ്പോര്‍ട്ടില്‍ അടിവരയിട്ട് പറയുന്നുണ്ട്.