വ്യവസായം, അധ്വാനം, തൊഴിൽ

ഉല്പന്ന നിര്‍മ്മാണം

ലോകത്തില്‍ ഏറ്റവും വേഗത്തില്‍ വളര്‍ന്നു വരുന്ന ഒരു സമ്പദ്ഘടനയായി ഇന്ത്യ ഉയര്‍ന്നു വന്നിട്ടുണ്ട് എന്ന് സി.എസ്.ഒ (സെന്‍ട്രല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓര്‍ഗനൈസേഷന്‍) നും ഐ.എ.എഫും (അന്താരാഷ്ട നാണയനിധി) റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇന്ത്യയില്‍ വ്യാവസായ വികസനത്തിന് അനുയോജ്യമായ ഒരു പരിസ്ഥിതി സൃഷ്ടിക്കുന്നതിനായി ഇന്ത്യഗവണ്‍മെന്റ് നടപ്പിലാക്കുന്ന ‘മെയ്ക്ക് ഇന്‍ ഇന്ത്യ’ പോലുളള പദ്ധതികള്‍ വളരെയധികം സഹായിക്കുന്നുണ്ട്. 2016 ഏപ്രില്‍ മുതല്‍ ഒക്ടോബര്‍ വരെയുളള കാലയളവില്‍ ഇന്‍ഡക്സ് ഓഫ് ഇന്‍ഡസ്ട്രിയല്‍ പ്രൊഡക്ഷന്‍ (ഐ.ഐ.പി), ഖനനം, ഉല്പന്ന നിര്‍മ്മാണം, ഇലക്ട്രിസിറ്റി എന്നീ മേഖലകളില്‍ യഥാക്രമം -2%, -1%, 4.6% വീതം വളര്‍ച്ച രേഖപ്പെടുത്തി.

സംസ്ഥാനത്തിന്റെ കാര്യത്തില്‍ വ്യവസായമേഖല എന്നുളളത് ഇടത്തരവും വലുതുമായ വ്യവസായങ്ങള്‍, സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങള്‍ (എം.എസ്.എം.ഇ), പാരമ്പര്യ വ്യവസായങ്ങള്‍ എന്നിവ ഉള്‍പ്പെടുന്നു. കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡവലപ്മെന്റ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് (കെ.എസ്.ഐ.ഡി.സി), കേരള സ്റ്റേറ്റ് ഇന്‍സ്ട്രിയല്‍ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഡവലപ്മെന്റ് കോര്‍പ്പറേഷന്‍ (കിന്‍ഫ്ര), പബ്ലിക് സെക്ടര്‍ റീസ്ട്രക്ച്ചറിംഗ് ആന്‍ഡ് ഇന്റേണല്‍ ഓഡിറ്റ് ബോര്‍ഡ് (റിയാബ്), ബ്യൂറോ ഓഫ് പബ്ലിക് എന്റര്‍പ്രൈസസ് (ബി.പി.ഇ), സെന്റര്‍ ഫോര്‍ മാനേജ്മെന്റ് ഡവലപ്മെന്റ് (സി.എം.ഡി) എന്നീ വകുപ്പുകള്‍/ ഏജന്‍സികളാണ് ഇടത്തരവും വലുതുമായ വ്യവസായങ്ങളുടെ കീഴില്‍ വരുന്നത്. സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങളുടേയും പരമ്പരാഗത വ്യവസായങ്ങളുടെയും കീഴില്‍ വരുന്ന ഏജന്‍സികളാണ് ഡിപാര്‍ട്ട്മെന്റ് ഓഫ് ഇന്‍ഡസ്ട്രീസ് ആന്‍ഡ് കൊമേഴ്സ്, ഡയറക്ടറേറ്റ് ഓഫ് ഹാന്‍ഡ് ലൂം ആന്‍ഡ് ടെക്സ്റ്റയില്‍സ്, ഡയറക്ടറേറ്റ് ഓഫ് കയര്‍ ഡവലപ്മെന്റ്, ഖാദി ആന്റ് വില്ലേജ് ഇന്‍ഡസ്ട്രീസ് ബോര്‍ഡ്, കാഷ്യൂ വര്‍ക്കേഴ്സ് അപെക്സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി (കാപ്പെക്സ്) മൈനിംഗ് ആന്‍ഡ് ജിയോളജി എന്നിവ. 2014-15, 2015-16, 2016-17 എന്നീ വര്‍ഷങ്ങളിലെ വകുപ്പ് തിരിച്ച് ലഭിച്ച പദ്ധതി വിഹിതവും, ചെലവും സംബന്ധിച്ച വിവരങ്ങള്‍ പട്ടിക 3.1 ല്‍ നല്‍കിയിരിക്കുന്നു. 2016-17 വര്‍ഷത്തില്‍ വ്യവസായിക മേഖലയ്ക്ക് 658.93 കോടി രൂപ നല്‍കിയിരിക്കുന്നു. ഇത് മുൻവർഷത്തേയ്ക്കാള്‍ 11.22 ശതമാനം കൂടുതലാണ്.

പട്ടിക 3.1
2014-15 മുതല്‍ 2016-17 വരെ സബ്സെക്ടര്‍ തിരിച്ചുളള അടങ്കലും ചെലവും (തുക ലക്ഷത്തില്‍)
ക്രമ നം ഡിപ്പാര്‍ട്ട്മെന്റിന്റെ പേര്/സ്കീം 2014-15 2015-16 2016-17
അടങ്കല്‍ ചെലവ് അടങ്കല്‍ ചെലവ് അടങ്കല്‍ ചെലവ് *
ഒക്ടോബർ 2016 വരെ
1 ഇടത്തരവും വലുതുമായ വ്യവസായങ്ങള്‍ 30084.00 6184.43 23405.33 21788.79 29178.00 2851.33
2 മൈനിംഗ് ആന്റ് ജിയോളജി വകുപ്പ് 83.00 53.07 83.00 79.93 84.00 19.11
3 വില്ലേജ് ആന്‍ഡ് സ്മോള്‍ സ്കെയില്‍ ഇന്‍ഡസ്ട്രീസ് 33773.00 20571.56 35757.00 28821.31 36631.00 10922.91
ആകെ 63940.00 26809.06 59245.33 50690.03 65893.00 13793.35
സ്രോതസ്സ് : സംസ്ഥാന പ്ലാനിങ് ബോർഡ്

സെന്‍ട്രല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓര്‍ഗനൈസേഷന്റെ കണക്ക് പ്രകാരം 2015-16 ല്‍ മൊത്തം കൂട്ടിച്ചേര്‍ത്ത മൂല്യത്തിലേക്ക് ഉല്പന്നനിര്‍മ്മാണ മേഖലയുടെ സംഭാവന സ്ഥിരവിലയില്‍ 17.81 ശതമാനമാണ്.

2012-13 മുതല്‍ 2016-17 (ആദ്യ പകുതി) വരെയുള്ള കാലയളവിലെ ഇന്ത്യയുടെ ഉല്‍പ്പന്ന നിര്‍മ്മാണ മേഖലയുടെ വളര്‍ച്ച (സ്ഥിരവിലയില്‍) മൊത്തം കൂട്ടിചേര്‍ക്കപ്പെട്ട മൂല്യത്തിന്റെ (GVA) താല്ക്കാലിക കണക്കുകള്‍ ചിത്രം 3.1 ല്‍ രേഖപ്പെടുത്തിയിരിക്കുന്നു.

ചിത്രം 3.1
ഇന്ത്യയിലെ ഉല്‍പ്പന്ന നിര്‍മ്മാണ മേഖലയിലെ വളര്‍ച്ചാനിരക്ക് ശതമാനത്തില്‍
ഉറവിടം: സെന്‍ട്രല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓര്‍ഗനൈസേഷന്‍

സംസ്ഥാനത്തിന്റെ സ്ഥിതി

ഇക്കണോമിക്സ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്സ് വകുപ്പിന്റെ കൂട്ടിചേര്‍ക്കപ്പെട്ട മൊത്തം മൂല്യത്തിന്റെ (ജി.വി.എ) ത്വരിത ഗതിയിലുള്ള കണക്കനുസരിച്ച് കേരളത്തിലെ ഉല്‍പ്പന്ന നിര്‍മ്മാണ മേഖല നടപ്പു വിലയില്‍ മുന്‍ വര്‍ഷത്തെ 5.02 ശതമാനം വളര്‍ച്ചയെ അപേക്ഷിച്ച് 2015-16 ല്‍ 9.28 ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയിട്ടുണ്ട്. സ്ഥിര വിലയിലെ (2011-12) കണക്കനുസരിച്ച്, ഈ മേഖലയുടെ വളര്‍ച്ച 2014-15 ലെ 2.46 ശതമാനത്തില്‍ നിന്നും 2015-16 ല്‍ 12.65 ശതമാനമായി വര്‍ദ്ധിച്ചു. 2015-16 ല്‍ മൊത്തം കൂട്ടിചേര്‍ക്കപ്പെട്ട മൂല്യത്തിലേക്ക് ഉല്‍പ്പന്ന നിര്‍‍മ്മാണ മേഖലയുടെ വിഹിതം സ്ഥിര വിലയിലും നടപ്പു വിലയിലും യഥാക്രമം 9.97 ശതമാനവും 8.72 ശതമാനവുമാണ്. 2011-12 മുതല്‍ 2015-16 വരെ മൊത്തം കൂട്ടിചേര്‍ക്കപ്പെട്ട മൂല്യത്തിലേക്ക് (ജി.എസ്.ഡി.പി) ഉല്‍പ്പന്ന നിര്‍മ്മാണ മേഖലയുടെ വിഹിതം അനുബന്ധം 3.1 ല്‍ ചേര്‍ത്തിരിക്കുന്നു.

2012-13 മുതല്‍ 2015-16 വരെ സ്ഥിര വിലയിലെ മൊത്തം കൂട്ടിചേര്‍ക്കപ്പെട്ട മൂല്യമനുസരിച്ച് കേരളത്തിലെ ഉല്‍പ്പന്ന നിര്‍മ്മാണ മേഖലയുടെ വളര്‍ച്ചാ നിരക്ക് ചിത്രം 3.2 ല്‍ ചേര്‍ത്തിരിക്കുന്നു.

ചിത്രം 3.2
കേരളത്തിലെ ഉല്‍പ്പന്ന നിര്‍മ്മാണ മേഖലയുടെ വളര്‍ച്ചാ നിരക്ക്

അവലംബം: സാമ്പത്തിക സ്ഥിതി വിവര വകുപ്പ്

കേരളത്തിലെ ഉല്‍പ്പന്ന നിര്‍മ്മാണ മേഖലയുടെ വളര്‍ച്ചാനിരക്ക് 2012-13 ല്‍ 12.47 ശതമാനമായിരുന്നത് 2013-14 ല്‍ -4.65 ശതമാനമായി കുറഞ്ഞു. 2014-15 ല്‍ ഇത് 2.46 ശതമാനമായി വര്‍ദ്ധിച്ചിട്ടുണ്ട്. 2015-16 ല്‍ ഇടത്തരം വളര്‍ച്ച നിരക്കായ 12.65 ശതമാനം രേഖപ്പെടുത്തി.

ഖനനം

ഇരുമ്പയിര്, ബാരയെറ്റ്സ്, റെയര്‍ എര്‍ത്ത്, ധാതു ലവണങ്ങള്‍ എന്നിവയുടെ വന്‍ശേഖരമുള്ള, ധാതുക്കളാല്‍ സമ്പന്നമായ രാജ്യമാണ് ഇന്ത്യ. 2012-13 ല്‍ ഇന്ത്യയില്‍ ഉല്പാദിപ്പിച്ചിരുന്ന 90 ധാതുക്കളില്‍ 11 മെറ്റാലിക്, 52 നോണ്‍ മെറ്റാലിക്, 23 മൈനര്‍ ധാതുക്കള്‍ എന്നിവ ഉള്‍പ്പെട്ടിരുന്നു. 2012 ലെ കണക്കുകളനുസരിച്ച് ആഗോള തലത്തില്‍ ഇന്ത്യയ്ക്ക് ബാരെയെററ്സിന്റെ ഉല്‍പ്പാദനത്തില്‍ 2-ം സ്ഥാനവും, ക്രോമൈറ്റ്, കല്‍ക്കരി, ലിഗ്നൈറ്റ് എന്നിവയുടെ ഉല്‍പ്പാദനത്തില്‍ 3-ാം സ്ഥാനവും ഇരുമ്പയിരിന്റെയും സ്റ്റീലിന്റെയും (ക്രൂഡ്) ഉല്‍പ്പാദനത്തില്‍ 5-ാം സ്ഥാനവും, ബോക്സൈററ് അയിരിന്റെ ഉത്പാദനത്തില്‍ 6-ാം സ്ഥാനവും, മാംഗനീസ് അയിരിന്റെ ഉത്പാദനത്തില്‍ 7-ാംസ്ഥാനവും, അലൂമിനിയത്തില്‍ (ക്രൂഡ്) 8-ാം സ്ഥാനവുമാണ്. 2015-16 ല്‍ ഇന്ത്യയില്‍ ധാതുക്കളുടെ ഉല്‍പ്പാദനം (മൈനര്‍ മിനറലുകള്‍, പെട്രോളിയം (ക്രൂഡ്) പ്രകൃതി വാതകം, ആണവ ധാതുക്കള്‍ ഒഴികെ) നടക്കുന്ന 1878 ഖനികള്‍ ഉണ്ടായിരുന്നു. 2014 -15 ല്‍ ആകെയുളള ഖനികള്‍ (മൈനര്‍ മിനറല്‍സും, പെട്രോളിയവും, (ക്രൂഡ്), പ്രകൃതിവാതകം, അറ്റോമിക് മിനറല്‍സ് ഇവ ഒഴികെ) 3524 എണ്ണം ആയിരുന്നു. എന്നാല്‍ 2015-16 ല്‍ എണ്ണം 1878 ആയി കുറഞ്ഞു.

മൊത്തം കൂട്ടിചേര്‍ക്കപ്പെട്ട മൂല്യത്തിന്റെ താല്കാലിക കണക്കുകള്‍ (പി.ഇ) പ്രകാരം സ്ഥിര വിലയില്‍ (2011-12) ദേശീയ തലത്തില്‍ ഖനന മേഖലയുടെ വളര്‍ച്ച 2014-15 ല്‍ 10.8 ശതമാനത്തില്‍ നിന്നും 2015-16 ല്‍ നിരക്ക് 7.4 ശതമാനമായി കുറഞ്ഞു. 2016 ഏപ്രില്‍ - സെപ്റ്റംബര്‍ (ആദ്യ പകുതിയില്‍) കാലയളവില്‍ സ്ഥിര വിലയില്‍ മൊത്തം കൂട്ടിചേര്‍ക്കപ്പെട്ട മൂല്യത്തിലേക്ക് ഖനന മേഖലയുടെ വിഹിതം 1.49 ലക്ഷം കോടി രൂപയാണ്. 2015-16 ലെ ആദ്യ പകുതിയിലെ 6.9 ശതമാനവുമായി തുലനം ചെയ്യുമ്പോള്‍ ഈ മേഖലയുടെ വളര്‍ച്ച -0.9% രേഖപ്പെടുത്തിയിരുന്നു. 2015-16 (ആദ്യ പകുതി) കാലയളവില്‍ നടപ്പു വിലയില്‍ മൊത്തം കൂട്ടിചേര്‍ക്കപ്പെട്ട മൂല്യത്തില്‍ ഈ മേഖലയുടെ വിഹിതം 3.5 ശതമാനമായിരുന്നത് 2016-17 (ആദ്യ പകുതിയില്‍) 1.3% വളര്‍ച്ച നിരക്കോടെ മേഖലയുടെ മൊത്തം കൂട്ടിച്ചേര്‍ത്ത മൂല്യത്തിലേക്കുളള വിഹിതം 1.68 ലക്ഷം കോടി രൂപയായി. സ്ഥിരവിലയിലെ മൊത്തം കൂട്ടിച്ചേര്‍ക്കപ്പെട്ട മൂല്യത്തിന്റെ അടിസ്ഥാനത്തില്‍ ഖനന മേഖലയുടെ ദേശീയ വളര്‍ച്ചാ നിരക്ക് ചിത്രം 3.3 ല്‍ രേഖപ്പെടുത്തിരിക്കുന്നു.

ചിത്രം 3.3
ഖനന ക്വാറി മേഖലയിലെ ദേശീയ വളര്‍ച്ചാ നിരക്ക്
അവലംബം: സെന്‍ട്രല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓര്‍ഗനൈസേഷന്‍

സംസ്ഥാനത്തെ ഖനന മേഖലയുടെ വളര്‍ച്ച

2015-16 ലെ സ്ഥിര വിലയില്‍ മൊത്തം സംസ്ഥാന ആഭ്യന്തര ഉല്പന്നത്തിലേക്ക് മൈനിംഗ് ആന്റ് ക്വാറിയിംഗ് മേഖലയുടെ കൂട്ടിചേര്‍ക്കപ്പെട്ട മുല്യത്തിലേക്കുള്ള വിഹിതം 5,07,958 ലക്ഷം രൂപയായിരുന്നു. ഇത് മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 6.21 ശതമാനം കൂടുതലാണ്. സ്ഥിര വിലയില്‍ ഈ മേഖലയുടെ വിഹിതം 2015-16 ല്‍ 1.20 ശതമാനം രേഖപ്പെടുത്തി. സ്ഥിര വിലയിലെ (2011-12) മൊത്തം സംസ്ഥാന ആഭ്യന്തര ഉല്പന്ന കണക്കുകള്‍ പ്രകാരം 2012-13 മുതല്‍ 2015-16 വരെ ഈ മേഖലയില്‍ സംസ്ഥാനം കൈവരിച്ച വളര്‍ച്ചാ നിരക്കുകള്‍ ചിത്രം 3.4 ല്‍ രേഖപ്പെടുത്തിയിരിക്കുന്നു.

ചിത്രം 3.4
കേരളം - ഖനന ക്വാറി മേഖലയിലെ വളര്‍ച്ചാ നിരക്ക്
അവലംബം: സാമ്പത്തിക സ്ഥിതി വിവര വകുപ്പ്

സംസ്ഥാനത്തെ ഖനന ക്വാറി മേഖലകളുടെ വളര്‍ച്ച നിരക്ക് 2012-13ൽ നെഗറ്റീവാണ് രേഖപ്പെടുത്തിയത്. എന്നാല്‍ 2013-14 ല്‍ വളര്‍ച്ച പോസിറ്റീവ് ആയി 50.13% രേഖപ്പെടുത്തി. 2014-15 ല്‍ വളര്‍ച്ച 39.13% ആയി കുറയുകയും ചെയ്തു. 2015-16 ല്‍ 6.21% വളര്‍ച്ച രേഖപ്പെടുത്തി.

2016 മാര്‍ച്ച് 31 വരെയുള്ള കണക്കുകള്‍ അനുസരിച്ച് കേരളത്തില്‍ 87 പ്രധാന ധാതു ഖനികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 2015-16 കാലയളവില്‍ 77 മേജര്‍ മിനറല്‍ മൈനിംഗ് ലീസുകളും, മൈനര്‍ മിനറല്‍ വിഭാഗത്തില്‍പ്പെട്ട 501 ക്വാറി ലീസുകളും, 2670 മൈനര്‍ മിനറലുകള്‍ക്കായുളള ക്വാറി പെര്‍മിറ്റും, 1549 ഡീലര്‍ ലൈസന്‍സുകളും നല്‍കി. 2015-16 ലെ കണക്ക് പ്രകാരം കേരളത്തില്‍ ആകെ 188 അംഗീകൃത മെറ്റല്‍ ക്രഷര്‍ യൂണിറ്റുകളുണ്ട്. കൂടാതെ രണ്ട് മൈനര്‍ മിനറല്‍സിനായുളള ലൈസന്‍സുകള്‍ നല്‍കുകയും ചെയ്തു.

2016 ഒക്ടോബര്‍ വരെയുള്ള കണക്കു പ്രകാരം മൈനിംഗ് ലീസുകള്‍ നടത്തുന്ന ആകെയുളള പ്രദേശം 1139.75 ഹെക്ടറാണ്. ഇതില്‍ ധാതുമണല്‍ 558.37 ഹെക്ടറും, കക്ക 245.69 ഹെക്ടറും, കക്ക/ സീഷെല്‍ 99.4 ഹെക്ടറും, ഇരുമ്പയിര് 86.06 ഹെക്ടറും ചൈനാക്ലേ 72.95 ഹെക്ടറുമാണ്. ഗ്രാഫൈറ്റ് ഉള്‍പ്പെടുന്ന ഭൂപ്രദേശം 1.25 ഹെക്ടറുമാണ്. ബോക്സൈറ്റ് ഖനനം ഇപ്പോള്‍ കേരളത്തിലില്ല. മൈനിംഗ് ലീസുകളില്‍ ലഭ്യമായിട്ടുള്ള ധാതുക്കളുടെ ഏരിയ തിരിച്ചുളള വിവരങ്ങള്‍ അനുബന്ധം 3.2 ല്‍ രേഖപ്പെടുത്തിയിരിക്കുന്നു.

ധാതുക്കളുടെ 2015-16 ലെ ഉല്പാദനവും റോയല്‍റ്റിയും

കേരളത്തില്‍ 2015-16 വര്‍ഷത്തില്‍ 408.01 ലക്ഷം ടണ്‍ മേജര്‍/മൈനര്‍ മിനറലുകള്‍ ഉല്‍പ്പാദിപ്പിച്ചു. മേജര്‍ മിനറലുകളില്‍ ഒന്നാം സ്ഥാനം ബോക്സൈറ്റ്/ലാറ്ററേറ്റിനാണ് (16.90 ലക്ഷം ടണ്‍) ചുണ്ണാമ്പുകല്ല് (6.26 ലക്ഷം ടണ്‍), ചൈനാക്ലേ (5.86 ലക്ഷം ടണ്‍) എന്നിവ തുടര്‍ സ്ഥാനങ്ങളില്‍ ഉണ്ട്. മൈനര്‍ മിനറലുകളി‍ല്‍ ഏറ്റവും കൂടുതല്‍ ഉല്‍പ്പാദിപ്പിക്കപ്പെടുന്നത് ഗ്രാനൈറ്റ് ബില്‍ഡിംഗ് സ്റ്റോണാണ് (298.75 ലക്ഷം ടണ്‍). ഓര്‍ഡിനറി എര്‍ത്ത് (55.08 ലക്ഷം ടണ്‍), സാധാരണ മണല്‍ (13.31 ലക്ഷം ടണ്‍) എന്നിവ രണ്ടും മൂന്നും സ്ഥാനത്തുണ്ട്.

2015-16 ല്‍ ധാതുക്കളില്‍ നിന്നുള്ള റോയല്‍റ്റി ഇനത്തില്‍ 119.51 കോടി രൂപ ലഭിച്ചു. ഇതില്‍ 28 കോടി രൂപ മേജര്‍ മിനറലുകളില്‍ നിന്നും 91.57 കോടി രൂപ മൈനര്‍ മിനറലുകളില്‍ നിന്നുമാണ്. മേജര്‍ മിനറലുകളില്‍ 2015-16 ല്‍ ഏറ്റവുമധികം റോയല്‍റ്റി ലഭിച്ചത് ബോക്സൈറ്റ്/ലാറ്ററേറ്റി ല്‍ നിന്നാണ് (16.22 കോടി രൂപ). തുടര്‍ന്ന്ചുണ്ണാമ്പ് കല്ല് (5.01 കോടി), ചൈനാക്ലേ (2.34 കോടി രൂപ), സിലിക്ക സാന്റ് (1.59 കോടിരൂപ), ഇല്‍മനൈറ്റ് (1.15 കോടി രൂപ) എന്നിവയാണ്. മൈനര്‍ മിനറലുകളില്‍ ഗ്രാനൈറ്റ് ബില്‍ഡിംഗ് സ്റ്റോണില്‍ (71.70 കോടി രൂപ) നിന്നാണ് ഏറ്റവുമധികം റോയല്‍റ്റി 2015-16 വര്‍ഷത്തില്‍ ലഭിച്ചത്. രണ്ടാം സ്ഥാനം ഓര്‍ഡിനറി എര്‍ത്തിനും (11.01 കോടി രൂപ, മൂന്നാം സ്ഥാനം ഓര്‍ഡിനറി സാന്റിനുമാണ് (5.32 കോടി രൂപ). 2015-16 ല്‍ സംസ്ഥാനത്തെ ധാതുക്കളുടെ ഉല്‍പ്പാദനവും റോയല്‍റ്റിയും സംബന്ധിച്ച വിവരങ്ങള്‍ അനുബന്ധം 3.3 ല്‍ ചേര്‍ത്തിരിക്കുന്നു.

മേജര്‍/മൈനര്‍ മിനറലില്‍ നിന്ന് ലഭിച്ച വരുമാനം

ജില്ല തിരിച്ചുളള റവന്യൂ വരുമാനം പരിശോധിക്കുമ്പോള്‍ ഏറ്റവും കൂടുതല്‍ വരുമാനം നേടിയ ജില്ല എറണാകുളമാണ് 22.51 കോടി രൂപ (ആകെ വരുമാനത്തിന്റെ 16.11%). രണ്ടാം സ്ഥാനം പാലക്കാടിനും (17.43 കോടി രൂപ, 12.48%) മൂന്നാം സ്ഥാനം കണ്ണൂരിനുമാണ് (13 കോടി രൂപ, 9.31%). ഏറ്റവും കുറച്ച് വരുമാനം ലഭിച്ചത് ആലപ്പുഴ ജില്ലയില്‍ നിന്നുമാണ് (3.01 കോടി രൂപ, 2.15%). ധാതുക്കളില്‍ നിന്നുള്ള വരുമാനം സംബന്ധിച്ച ജില്ലാടിസ്ഥാനത്തിലുള്ള കണക്കുകള്‍ അനുബന്ധം 3.4 ല്‍ രേഖപ്പെടുത്തിയിരിക്കുന്നു.

top