വ്യവസായം, അധ്വാനം, തൊഴിൽ

പരമ്പരാഗത വ്യവസായങ്ങള്‍

കരകൗശല വ്യവസായങ്ങള്‍

കരകൗശല തൊഴിലാളികള്‍ക്ക് തൊഴില്‍ നല്‍കുന്ന കേരളത്തിലെ പരമ്പരാഗത വ്യവസായങ്ങളിലൊന്നാണ് കരകൗശല വ്യവസായം. ഇവരില്‍ 80 ശതമാനവും സാമൂഹികമായും സാമ്പത്തികമായും പിന്നോക്ക സമുദായങ്ങളില്‍പ്പെട്ടവരാണ്. ആനക്കൊമ്പ്, മുള, പനയോല, കക്കകള്‍, തടി, ചിരട്ട, കളിമണ്ണ്, തുണി, കയര്‍, ലോഹങ്ങള്‍, കല്ലുകള്‍, ലാക്വയര്‍ വെയര്‍ തുടങ്ങിയ വസ്തുക്കള്‍ ഉപയോഗിച്ച് അതിമനോഹരമായ ഉല്പന്നങ്ങള്‍ നിര്‍മ്മിക്കുന്ന ഒരു പാരമ്പര്യം കേരളത്തിനുണ്ട്. സംസ്ഥാനത്ത് കൊട്ടാരത്തിലും, പഴയ പുരാതന ഗൃഹങ്ങളിലും, മ്യൂസിയങ്ങളിലും, പ്രാചീനമായ കരകൗശല വിസ്മയങ്ങള്‍ കാണാം.

കരകൗശല വ്യവസായത്തിന്റെ പ്രാധാന്യം

കേരള സംസ്ഥാന കരകൗശല അപ്പെക്സ് സഹകരണ സംഘം (സുരഭി), കരകൗശല വികസന കോര്‍പ്പറേഷന്‍, കേരള ആര്‍ട്ടിസാന്റ്സ് വികസന കോര്‍പ്പറേഷന്‍ (കാഡ്കോ) എന്നിവയാണ് കേരളത്തിലെ കരകൗശല വ്യവസായത്തിന്റെ പ്രധാന പ്രോത്സാഹന ഏജന്‍സികള്‍. പ്രാഥമിക സഹകരണ സംഘങ്ങള്‍ ഉത്പാദിപ്പിക്കുന്ന ഉത്പന്നങ്ങള്‍ വിപണനം നടത്തി സംസ്ഥാനത്തെ കരകൗശല തൊഴിലാളികളുടെ ജീവിത നിലവാരം ഉയര്‍ത്തുക, കേന്ദ്രസംസ്ഥാന സര്‍ക്കാരുടെ സഹായത്തോടെ വിവിധ ക്ഷേമ പദ്ധതികള്‍ നടപ്പിലാക്കുക എന്നീ ലക്ഷ്യങ്ങളോടെ സ്ഥാപിക്കപ്പെട്ടതാണ് കേരള സംസ്ഥാന കരകൗശല അപ്പെക്സ് സഹകരണസംഘം(സുരഭി), 2015-16 വര്‍ഷത്തില്‍ ഈ സഹകരണസംഘത്തിന്റെ വിറ്റുവരവ് 280.84 ലക്ഷം രൂപയായിരുന്നു. ഇത് മുന്‍ വര്‍ഷത്തെ വിറ്റുവരവായ 337.33 ലക്ഷം രൂപയേക്കാള്‍ കുറവാണ്. കരകൗശല മേഖല അപ്പെക്സ് സ്ഥാപനങ്ങള്‍ക്ക് സഹായം എന്ന പദ്ധതിയില്‍ നിന്ന് ഈ അപെക്സ് സഹകരണ സംഘത്തിന് 170.62 ലക്ഷം രുപ ലഭിച്ചിരുന്നു. ഇത് പ്രഥമമായും കരകൗശല വസ്തുക്കളുടെ പ്രദര്‍ശനത്തിനും ഷോറൂമുകളുടെ അറ്റകുറ്റപ്പണി നടത്തുന്നതിനുമാണ് ഉപയോഗിച്ചത്. 48 സൊസൈറ്റികളുള്ള സുരഭി 2015-16 വര്‍ഷത്തില്‍ 13 എക്സിബിഷനുകളില്‍ നിന്നായി 2.36 ലക്ഷം രൂപ ലാഭമുണ്ടാക്കിയിട്ടുണ്ട്. ഇക്കാലയളവില്‍ 30000 തൊഴിലുകള്‍ സൃഷ്ടിച്ചു. വിശദവിവരങ്ങള്‍ അനുബന്ധം 3.32 ല്‍ ചേര്‍ത്തിരിക്കുന്നു. മറൈന്‍ ഡ്രൈവിലേയും തൃശ്ശൂരിലേയും ഷോറൂമുകളുടെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ചു. 2016-17 ല്‍ ഒക്ടേോബര്‍ 12-ാം തീയതിവരെ സംഘം 2 എക്സിബിഷന്‍ സംഘടിപ്പിക്കുകയും കേരളത്തിനകത്തും പുറത്തുമായി ഏകദേശംപന്ത്രണ്ടോളം എക്സിബിഷനുകള്‍ സംഘടിപ്പിക്കുന്നതിനുള്ളബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നു.

കേരള ഹാന്റീക്രാഫ്റ്റ്സ് ഡെവലപ്പ്മെന്റ് കോര്‍പ്പറേഷന്‍ ഭാരതത്തിലുള്ള കൈരളി എംപോറിയങ്ങളീലൂടെയും ശ്രീ മൂലം ഷഷ്ഠ്യബ്ദി പൂര്‍ത്തി മെമ്മോറിയല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലൂടെയും (SMSMI) കരകൗശല മേഖലയിലെ തൊഴിലാളികള്‍ ഉത്പാദിപ്പിക്കുന്ന ഉത്പന്നങ്ങള്‍ക്ക്ന്യായവില നല്‍കിക്കൊണ്ട് ഇവയുടെ സംഭരണവും വിപണനവും നടത്തിവരുന്നു. നിലവില്‍ 19 വിപണന എംപോറിയങ്ങളുടെ ഒരു ശൃംഖല ഈ സ്ഥാപനത്തിനുണ്ട്. കേന്ദ്രഗവൺമെന്റിന്റെസഹായത്തോടെ കരകൗശല തൊഴിലാളികള്‍ക്ക് ആരോഗ്യ ഇന്‍ഷ്യറന്‍സ്, പ്രധാന/ടൂറിസം കേന്ദ്രങ്ങളില്‍ എക്സിബിഷന്‍/ക്രാഫ്റ്റ് ഫെയര്‍ ഇവ സംഘടിപ്പിക്കുന്നുണ്ട്. തൊഴിലാളികള്‍ക്ക് വിവിധ കരകൗശല ഉൽപ്പന്നങ്ങൾ തയ്യാറാക്കുന്നതിനുവേണ്ടി സൗകര്യങ്ങൾ നല്കുന്ന ഒരു പൊതു സൗകര്യ സേവന കേന്ദ്രം (CFSC) കോര്‍പ്പറേഷന് തിരുവനന്തപുരത്തുണ്ട്. അസിസ്റ്റന്‍സ് ടു അപെക്സ് ഓർഗനൈസേഷൻ, കോമണ്‍ ഫെസിലിറ്റ് സ്വീ ർവസ് സെന്റര്‍ എന്നീ രണ്ട് സ്കീമുകളാണ് 2016-17 ല്‍ എച്ച്.ഡി.സി.കെ. വഴി നടപ്പാക്കിവരുന്നത്.കേരള ഹാന്റീക്രാഫ്റ്റ്സ് ഡെവലപ്പ്മെന്റ് കോര്‍പ്പറേഷന് 2015-16 വര്‍ഷത്തില്‍ ‘കരകൗശല മേഖല അപെക്സ് സ്ഥാപനങ്ങള്‍ക്ക് സഹായം എന്ന പദ്ധതി വഴി 29.37 ലക്ഷം രൂപ ലഭിച്ചു. ഈ തുക മുഖ്യമായും ഉത്പന്നങ്ങളുടെ വിപണനത്തിനും പ്രദര്‍ശനം സംഘടിപ്പിക്കുന്നതിനുമാണ് വിനിയോഗിച്ചത്. ഇതു വഴി 2500 ല്‍ പരം കരകൗശല തൊഴിലാളികള്‍ക്ക് നേരിട്ടും അല്ലാതെയും പ്രയോജനം ലഭിച്ചു, 2015-16 വര്‍ഷത്തില്‍ 49 എക്സിബിഷനുകളിലൂടെയും ഫെയറുകളിലൂടെയും 45 ലക്ഷം രൂപയുടെ നഷ്ടം കോര്‍പ്പറേഷന്‍ ഉണ്ടാക്കിയിട്ടുണ്ട്. ആകെ വിറ്റുവരവ് 1518 ലക്ഷം രൂപയാണ്.വിശദവിവരങ്ങള്‍ അനുബന്ധം 3.33 ല്‍ ചേര്‍ത്തിരിക്കുന്നു. കരകൗശല വിപണന തൊഴിലാളികള്‍ക്ക് ഉത്പാദന യൂണിറ്റ് ആരംഭിക്കുന്നതിനും കച്ചവട കേന്ദ്രങ്ങളിലൂടെയും ട്രേഡ് ഫെയറുകളിലൂടെയും ഉത്പന്നങ്ങളുടെ വിപണനം പ്രോത്സാഹിപ്പിക്കുന്നതിനും സഹായിക്കുന്ന സംസ്ഥാന ഏജന്‍സികളിലൊന്നാണ് കേരള ആര്‍ട്ടിസാന്‍സ് ഡെവലപ്പ്മെന്റ് കോര്‍പ്പറേഷന്‍ (കാഡ്കോ).

മുള വ്യവസായം

ഫലപ്രദവും നവീകരിക്കാവുന്നതും പരിസ്ഥിതി സൗഹൃദവുമായ ഒരു വിഭവമാണ് മുള. പരിസര സുരക്ഷയ്ക്കും, പോഷകാഹാരമായും ഉയര്‍ന്ന മൂല്യമുള്ള നിര്‍മ്മാണ സാമഗ്രിയായും മറ്റ് 1500 വിവിധ ആവശ്യങ്ങള്‍ക്കും വര്‍ദ്ധിച്ച തോതില്‍ മുള പ്രയോജനപ്പെടുത്തുന്നുണ്ട്. ലോകത്ത് 2.5 ബില്ല്യണ്‍ ആള്‍ക്കാര്‍ പല രൂപങ്ങളിലും മുള ഉപയോഗിക്കുന്നതായി കണക്കാക്കിയിട്ടിണ്ട്. ഫലപ്രദമായ ഇന്ധനോല്പാദനത്തിന് മുള ഉപയോഗിക്കുന്നതിന് വികസിത ഗവേഷണങ്ങള്‍ നടന്നു വരുന്നു.

കേരളത്തില്‍ 28 ഇനം മുളകള്‍ ലഭ്യമാണ്. കേരളത്തിലെ വനങ്ങളില്‍ നിന്നുള്ള മുള കുറഞ്ഞ നിരക്കില്‍ പ്രാധാനമായും പള്‍പ്പ് റയോണ്‍ യൂണിറ്റുകളിലേക്കാണ് എത്തപ്പെടുന്നത്. സംസ്ഥാനത്ത് ഏകദേശം ഒരു ലക്ഷം ആള്‍ക്കാര്‍ മുള വ്യവസായത്തില്‍ ജീവനോപാധി കണ്ടെത്തുന്നതായാണ് കാണുന്നത്. പഞ്ചായത്തുകളില്‍ നിന്ന് ഈയിടെ ലഭ്യമായ വിവരങ്ങളനുസരിച്ച് ഈ മേഖലയില്‍ നിന്ന് ധാരാളം തൊഴിലാളികള്‍ നിര്‍മ്മാണ മേഖല പോലെയുള്ള തൃതീയ മേഖലയിലേക്ക് ചേക്കേറുന്നതായി കാണാം. വ്യവസായത്തിനായുള്ള 67.3 ശതമാനം മുളയും വനത്തില്‍ നിന്നല്ല മറിച്ച് പുരയിടങ്ങളില്‍ നിന്നുതന്നെ ലഭിക്കുന്നുവെന്നത് കേരളത്തിലെ മുള വ്യവസായത്തിന്റെ തനതായ പ്രത്യേകതയാണ്.

മുള, ഈറ, ചൂരല്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട വ്യവസായങ്ങളുടെ വികസനവും പ്രോത്സാഹനവും ലക്ഷ്യവും കൊണ്ട് 1971 ല്‍ നിലവില്‍വന്ന സ്ഥാപനമാണ് കേരള സ്റ്റേറ്റ് ബാംബൂകോര്‍പ്പറേഷന്‍. സര്‍ക്കാര്‍ വനങ്ങളില്‍ ഗുണമേന്മയുള്ള മുള/ഈറ ശേഖരിക്കുക, കേരളം മുഴുവനുള്ള രജിസ്റ്റര്‍ ചെയ്ത മുളം പായ നെയ്ത്തുകാര്‍ക്ക് ഈറ വിതരണം ചെയ്യുക, ന്യായവില നല്കി മുളം പായകള്‍ ശേഖരിക്കുക, ഇങ്ങനെ നെയ്ത്തുകാര്‍ക്ക് തൊഴിലും ജീവിതമാര്‍ഗ്ഗവും ലഭ്യമാക്കുക എന്നിവയാണ് കോര്‍പ്പറേഷന്റെ പ്രധാന പ്രവര്‍ത്തനങ്ങള്‍. ബാംബൂ മാറ്റ്, ബാംബൂ പ്ലൈ, ഫ്ലാറ്റന്റ് ബോര്‍ഡ്, ഫ്ലോറിംഗ് ടൈല്‍സ് തുടങ്ങിയവയാണ് പ്രധാന ഉത്പന്നങ്ങള്‍. അങ്കമാലി പ്രദേശത്തുള്ള തൊഴിലാളികള്‍ക്ക് കോര്‍പ്പറേഷന്റെ സഹായം ലഭ്യമാണ്. ബാംബൂ വികസനത്തിനായി ഇന്നവേഷൻ സെന്റർ, മെമന്റോകള്‍ക്കുവേണ്ടിയുള്ള പ്രീമീയം ഡിസൈന്‍ എന്നിവ സ്ഥാപിച്ചു. ഈ കാലയളവിലെ പ്രധാന നേട്ടങ്ങള്‍, 1030.36 ലക്ഷം രൂപയുടെ സഹായം ഏകദേശം 10,000 പരമ്പരാഗത തൊഴിലാളികള്‍ക്കും കുടുംബങ്ങള്‍ക്കുയായി നല്‍കി, കോമണ്‍ ഫെസിലിറ്റിസെന്റർ, ഫെസിലിറ്റേഷന്‍ ആൻഡ് അമിനിറ്റീസ്സെന്റർ, ആട്ടോമാറ്റിക് പുട്ടിഅപ്ലെയിങ്യന്ത്രം, നല്ലളം ഫാക്ടറിയിൽ കോര്‍പ്പറേഷന്റെ കീഴില്‍ (1) ബാംബൂ പ്ലൈ നിര്‍മ്മാണത്തിന് ബാംബൂ ബോർഡ് ഫാക്ടറി, അങ്കമാലി (2)ബാംബൂ ഫ്ലോറിംഗ് ടൈല്‍, ബാംബൂ ഫര്‍ണീച്ചര്‍എന്നിവയുടെ നിർമാണത്തിന് ഹൈടെക് ബാംബൂ ഫ്ലോറിംഗ് ടൈല്‍ ഫാക്ടറി നല്ലളം, കാലിക്കറ്റ്.

കേരള സ്റ്റേറ്റ് ബാംബൂ മിഷന്‍

2003 ല്‍ രൂപീകരിച്ച കേരള സ്റ്റേറ്റ് ബാംബൂ മിഷന്‍ (KSBM), ഭാരത സര്‍ക്കാരിന്റെ കാര്‍ഷിക സഹകരണ മന്ത്രാലയത്തിന് കീഴിലുള്ള നാഷണല്‍ ബാംബൂ മിഷന്റെ (NBM) വിവിധ പദ്ധതികള്‍ നടപ്പിലാക്കുന്നതിനുള്ള സംസ്ഥാനത്തിന്റെ ബാംബൂ വികസന ഏജന്‍സി (BDA) ആയി നിയോഗിക്കപ്പെട്ടിരിക്കുന്നു. സ്റ്റേറ്റ് ബാംബൂ മിഷന് കീഴില്‍ മുളയുടെ പ്രചാരണം, സാങ്കേതിക വിദ്യ ഉപയോഗിക്കല്‍, ഗവേഷണവും വികസനവും, വിപണനവും ജീവിത മാര്‍ഗ്ഗവും, ഡിസൈനും പരിശീലനവും എന്നിവയ്ക്കായി 4 സബ് കമ്മിറ്റികളുണ്ട്. പദ്ധതിയുടെ ഫലപ്രദമായ നി്ർവഹണവും നിരീക്ഷണവും ഉറപ്പാക്കുന്നതിന് ഫോറസ്റ്റ് & വൈല്‍ഡ് ലൈഫ് അഡീഷണല്‍ ചീഫ് സെക്രട്ടറി ചെയര്‍മാനുമായുള്ള സംസ്ഥാന ബാംബൂ സ്റ്റീയറിംഗ് കമ്മിറ്റി (SBSC) രൂപീകരിച്ചിട്ടുണ്ട്.

മുള, കൃഷി, ഉചിതമായ നൈപുണ്യ വികസനത്തോടൊപ്പം കരകൗശല മേഖലയില്‍ നൂതന ഉത്പന്നങ്ങള്‍ക്ക് പുതിയ ഡിസൈനുകള്‍ സൃഷ്ടിക്കല്‍, അനുരൂപ സാങ്കേതിക വിദ്യാ വികസനത്തിലൂടെ മുള അധിഷ്ഠിത ആധുനിക വ്യവസായങ്ങള്‍ പ്രോത്സാഹിപ്പിക്കുക എന്നിവയാണ് ബാംബൂ മിഷന്‍ രൂപീകരണത്തിന് ശേഷം നടത്തിയ മുഖ്യ പ്രവര്‍ത്തനങ്ങള്‍. ഇത് വിവിധ തലത്തില്‍, പ്രത്യേകിച്ച് സ്ത്രീകളുടെ ഇടയില്‍ പുതിയ ബിസിനസ്സ് അവസരങ്ങള്‍ കൊണ്ടു വരുമെന്നും അങ്ങനെ ഗ്രാമീണ ജനതയുടെ ജീവിതനിലവാരം മെച്ചുപ്പെടുത്തി മൊത്തം മേഖലയുടെ വളര്‍ച്ചയ്ക്ക് ആധാരമാകുമെന്നും പ്രതീക്ഷിക്കുന്നു.

ബോക്സ് 3.5
കേരള ബാംബൂ മിഷൻ - മുഖ്യപ്രവര്‍ത്തനങ്ങള്‍

ബാംബൂ ഇന്നവേഷന്‍ സെന്റര്‍ അങ്കമാലി, എറണാകുളം
2016 ആഗസ്റ്റ് മാസം 16-ാ തീയ്യതി എറണാകുളം ജില്ലയിലെ അങ്കമാലിയില്‍ ബാംബൂ ഇന്നവേഷന്‍ സെന്ററിനു തുടക്കം കുറിച്ചു. സംസ്ഥാനത്തെ മുളവ്യവസായ മേഖലയുടെ വിഭവ കേന്ദ്രമായി (റിസോഴ്സ് സെന്ററായി) ഇത് പ്രവര്‍ത്തിക്കുന്നു. പ്രചരണം, ഡിസൈന്‍ പ്രോസസ്സ് ഡെവലപ്മെന്റ്, ടെക്നോളജി എന്നിവയില്‍ വിവരശേഖരണം നടത്തുന്നു.

ബാംബൂ സപ്ലൈ ചെയിൻ
സംസ്ഥാനത്തിന്റെ വിവിധ സ്ഥലങ്ങളിലെ കരകൗശല/ക്രാഫ്ട്സ്മാൻമാർ എന്നിവര്‍ക്കാവശ്യമായ മുളയുടെ ലഭ്യത ഉറപ്പുവരുത്തല്‍.

ബാംബൂ ഇന്‍ഫര്‍മേഷന്‍ സിസ്റ്റം
ഗുണ ഭോക്താക്കളില്‍ വിവരശേഖര കൈമാറ്റം നടത്തുന്നു. മുള ഉത്പ്പന്നങ്ങള്‍, പ്രചരണം, ട്രീറ്റ്മെന്റ് (വിളവെടുപ്പിനു ശേഷം) ഉല്പ്പന്നങ്ങളെ സംബന്ധിച്ച കൈ പുസ്തകം എന്നിവ സോഫ്റ്റ് വെയറില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു.

വ്യാപാര മേളകളിലെ പങ്കാളിത്തം
ഫര്‍ണിച്ചര്‍ കം ഹോം ഫര്‍ണിഷിംഗ്, പ്രോഡക്സ് എക്സിബിഷിന്‍, ഹോം സ്റ്റെയ്സ് ആന്റ് റൂറല്‍ ടൂറിസം ട്രവല്‍മിറ്റ് മുംബൈയിലെ യുബിഎം ഇന്‍ഡക്സ് ഫെയര്‍ 2015, ന്യൂഡല്‍ഹിയിലെ ഇഡ്യഇന്റര്‍ നാഷണല്‍ ട്രേഡ് ഫെയര്‍ 2015 കോഴിക്കോട്ടെ സ്വാശ്രയഭാരത് 2015 എക്സിബിഷന്‍.

പരിശീലന പരിപാടികള്‍ വയനാട്ടിലെ സ്വയം സഹായ സംഘങ്ങള്‍
ബാംബൂ ഗ്രൂപ്പുകള്‍ക്ക് ഗുണമേൻമയും സംസ്ക്കരണവും വര്‍ദ്ധിപ്പിക്കുന്നതിനുളള പരിശീലനം, വയനാട്ടിലെ സൂക്ഷ്മ വ്യവസായ സംരംഭത്തിലെയും സ്വയം സഹായ സംഘങ്ങളിലെയും ബാംബൂ കര കൗശല തൊഴിലാളികള്‍ക്കും ആവശ്യമായ ഡിസൈന്‍ കൈമാറ്റ പരിശിലനം, എന്‍.ജി.ഒ സൊസൈറ്റികള്‍ വഴി ബാംബൂ സ്കില്‍ അപ്ഗ്രഡേഷനില്‍ പരിശീലനം. അങ്കമാലി കെ.എസ്.ബി.എം ഇന്നവേഷൻ സെന്റർവഴി ബാംബൂ സ്കില്‍ അപ്ഗ്രഡേഷനില്‍ പരിശീലനം.

അവലംബംകേരള ബ്യൂറോ ഓഫ് ബന്‍ഡസ്ടിയല്‍ പ്രമേഷന്‍ (കെ-ബിപ്)

ബാംബൂ മേഖലയിലെ പ്രശ്നങ്ങള്‍

  • അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്ത്ത, ഭൂമി ഏറ്റെടുക്കല്‍ നടപടിയിലെ കാലതാമസം, പാരിസ്ഥിതിക പ്രശ്നങ്ങള്‍.
  • ലൈസന്‍സും ക്ലിയറന്‍സ് കിട്ടുന്നതിലെ കാലതാമസം.
  • എം.എസ്.എം ഇ ലേയ്ക്കുളള പരിമിതമായ വായ്പാ ഒഴുക്കും വിദഗ്ധ മനുഷ്യശേഷിയുടെ അഭാവവും.
  • സംരംകത്വ വികസന പരിപാടികളുടെയും നൈപ്യണ്യ വികസന പരിപാടികളുടെയും കുറവ്.
  • സാങ്കേതികത വിദക്തരും സംരംഭകരും തമ്മിലുളള അപര്യാപ്തമായ സഹകരണ കുറവ്.
  • ആധുനികവല്‍ക്കരണം, ഡിസൈന്‍ പുതുമ / കണ്ടുപിടുത്തങ്ങൾ എന്നിവയുടെ കുറവ്.
  • വിപണന സൗകര്യത്തിന്റെ അപര്യാപ്തത/ ഫോർവേഡ് ബാക്ക് വേഡ് ലിങ്കേജിന് ആവശ്യമായ ഹാന്റ് ഹോള്‍ ഡിംഗ് സപ്പോര്‍ട്ട്.

ഒരു സേവന ദാതാവ് എന്ന നിലയിൽ നിന്ന് മാറി ഒരു സംഘാടകന്റെ ഭാഗം കൂടി സര്‍ക്കാര്‍ നിര്‍ഹിവ്വക്കുന്നു. അടിസ്ഥാന സൗകര്യ വികസനം, സ്വകാര്യ നിക്ഷേപം ഉറപ്പാക്കല്‍, ആധുനികവൽക്കരണം, എം.എസ്.എം. ഇ മേഖലയുടെ വിഭിന്നതയും ആധുനികതയും ഉറപ്പുവരുത്തല്‍ എന്നീ ദൗത്യങ്ങൾ കൂടി സര്‍ക്കാര്‍ നിർവഹിക്കുന്നുണ്ട്.

ഉപസംഹാരം

കേരളം കഴിഞ്ഞ ചില വര്‍ഷങ്ങള്‍കൊണ്ട് വ്യവസായ മേഖലയില്‍ വേണ്ടത്ര പുരോഗതി നേടിയിട്ടുണ്ടെങ്കിലും മുമ്പില്‍ ശക്തമായ വെല്ലു വിളി നേരിടേണ്ടതുണ്ട് ഉയര്‍ന്ന ഉല്പാദന ചെലവ്, അന്താരാഷ്ട് കമ്പോളത്തിലെ കോംപറ്റീഷൻ, വളരെ കുറഞ്ഞ ഫോർവേര്‍ഡ് ബാക്ക് വേര്‍ഡ് ലിങ്കേജു കള്‍, ഭൂമിയുടെയും മൂലധനത്തിന്റെയും താരതമ്യേന കുറവ്, വ്യവസായ ആവശ്യത്തിനുളള അസംസ്കുത വസ്തുക്കളുടെ പ്രകടമായ അഭാവം എന്നിവ ഇതില്‍ പ്രധാനമാണ്. സംരംഭകരും, ഗവൺമെന്റും സമൂഹവും തമ്മിലുളള സംയോജിത സമീപനത്തിലൂടെ മാത്രമെ കേരളത്തിന് വേഗത്തില്‍ വ്യാവസായിക നേട്ടം കൈവരിക്കാന്‍ സാധിക്കൂ.

തുണി വ്യവസായം

രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയിൽ വ്യവസായിക ഉത്പാദനം, തൊഴിലവസരങ്ങള്‍ സൃഷ്ടിക്കല്‍, കയറ്റുമതി വരുമാനം എന്നിവയുടെ സംഭാവന കണക്കിലെടുക്കുമ്പോള്‍ ഇന്ത്യയിലെ തുണി വ്യവസായം വളരെ വലിയൊരു പങ്ക് വഹിക്കുന്നു. ഈ വ്യവസായത്തിന്റെ ഇറക്കവും ഏറ്റവും കണക്കിലെടുത്താൽ തന്നെയും സംസ്ഥാനത്തെ ഏറ്റവും പ്രമുഖമായ സാമ്പത്തിക പ്രവര്‍ത്തനമാണിത്. കേരളത്തിലെ തുണി വ്യവസായം പരമ്പരാഗത കൈത്തറി മേഖല, യന്ത്രത്തറി മേഖല, സ്പിന്നിംഗ് മേഖല എന്നീ വിഭാഗങ്ങളിലുള്ളവയാണ്.

കൈത്തറി മേഖല

ഇന്ത്യയിൽ, കാർഷിക മേഖല കഴിഞ്ഞാല്‍ 43 ലക്ഷത്തിലേറെ പേര്‍ക്ക് നെയ്ത്തിലും അനുബന്ധ ജോലികളിലുമായി പ്രത്യക്ഷമായോ പരോക്ഷമായോ തൊഴില്‍ നല്‍കുന്ന മേഖലയാണ് കൈത്തറി മേഖല. രാജ്യത്തെ തുണി ഉത്പാദനത്തിന്റെ ഏകദേശം 15 ശതമാനവും ഈ മേഖലയില്‍ നിന്നാണ്. മാത്രമല്ല, രാജ്യത്തെ കയറ്റുമതി വരുമാനത്തിലും പ്രസ്തുത മേഖലയുടെ സംഭാവന വിലപ്പെട്ടതാണ്. യഥാർത്ഥത്തിൽ കൈത്തറി തുണിത്തരങ്ങളില്‍ ലോകത്തിലെ 95 ശതമാനവും ഉല്പാദിപ്പിക്കപ്പെടുന്നത് ഇന്ത്യയിലാണ്. നമ്മുടെ സമ്പദ് ഘടനയില്‍ കൈത്തറി മേഖലയ്ക്ക് സമാനതകളില്ലാത്ത സ്ഥാനമാണുള്ളത്. അത് കൊണ്ട് തന്നെ ഈ മേഖലയുടെ ശക്തി അതിന്റെ സമാനതകളില്ലാത്ത സ്വഭാവം, ഉത്പാദനം ഏതു തരത്തിലും മാറ്റാനുള്ള കഴിവ്, നൂതന ആശയങ്ങളുടെ സ്വീകാര്യത, വിതരണക്കാരന് ആവശ്യാനുസൃതമായ ഉല്പന്നങ്ങള്‍, പാരമ്പര്യം എന്നിവയില്‍ അധിഷ്ഠിതമാണ്. മറ്റ് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളായ തമിഴ്നാട്, ആന്ധ്രാപ്രദേശ്, കര്‍ണ്ണാടക എന്നിവയുമായി താരതമ്യപ്പെടുത്തുമ്പോള്‍ കേരളത്തിന്റെ വിഹിതം കുറവായിട്ടാണ് കാണുന്നത്.

കേരളത്തിന്റെ പരമ്പരാഗത വ്യവസായങ്ങളില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്ന കാര്യത്തില്‍ കയര്‍ മേഖല കഴിഞ്ഞാല്‍ രണ്ടാം സ്ഥനം കൈത്തറി മേഖലയ്ക്കാണ്. സംസ്ഥാനത്തെ കൈത്തറി മേഖല പ്രധാനമായും തിരുവനന്തപുരം, കണ്ണൂര്‍ ജില്ലകളിലും കോഴിക്കോട്, പാലക്കാട്, തൃശ്ശൂര്‍, എറണാകുളം, കൊല്ലം, കാസര്‍കോട് ജില്ലകളുടെ ചില ഭാഗങ്ങളിലുമാണ് പ്രവര്‍ത്തിക്കുന്നത്. ഈ മേഖലയിലെ 96 ശതമാനം തറികളും സഹകരണ മേഖലയിലാണ് പ്രവര്‍ത്തിക്കുന്നത്. ബാക്കി 4 ശതമാനം വ്യവസായ സംരംഭകരുടെ കൈകളിലാണ്. ഫാക്ടറി മാതൃകയിലും കുടില്‍ മാതൃകയിലുമുള്ള സംഘങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് സഹകരണ മേഖല. കേരളത്തിൽ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന പ്രാഥമിക നെയ്ത്ത് സഹകരണ സംഘങ്ങള്‍, 2015 മാര്‍ച്ചില്‍ 575 ആയിരുന്നത് 2016 ഒക്ടോബറിലെ കണക്കനുസരിച്ച് 600 ആണ്. ഇതില്‍ 167 എണ്ണം ഫാക്ടറി മാതൃകയിലും 433 എണ്ണം കുടില്‍ മാതൃകയിലും ഉള്‍പ്പെടുന്നു. ഒക്ടോബര്‍ 2016 ലെ കണക്കനുസരിച്ച് ഈ 600 സംഘങ്ങളില്‍ 402 എണ്ണം പ്രവര്‍ത്തനക്ഷമമാണ്. ഫാക്ടറി മാതൃകയിലുള്ളവയില്‍ ഇപ്പോള്‍ പ്രവര്‍ത്തനക്ഷമായിട്ടുള്ളത് 84 (50%) എണ്ണവും കുടില്‍ മാതൃകയില്‍ 318 (53%) എണ്ണവും ആണ്. വിശദാംശങ്ങള്‍ അനുബന്ധം 3.34 ല്‍ ചേര്‍ത്തിരിക്കുനു.

മുണ്ടുകള്‍, അലങ്കാര വസ്തുക്കള്‍, ബെഡ്ഷീറ്റുകള്‍, ഷര്‍ട്ടിങ്ങുകള്‍, സാരികള്‍, ലുങ്കികള്‍ എന്നിവയാണ് കൈത്തറി മേഖലയിലെ പ്രധാന ഉത്പന്നങ്ങൾ. കൈത്തറിയുടെ പാരമ്പര്യവും പൈതൃകവും പരിഗണിച്ച് താഴെ പറയുന്ന ഉല്പന്നങ്ങളെ ഇന്ത്യയുടെ ഭൌമ സൂചിക നിയമത്തില്‍ കീഴില്‍ കൊണ്ടു വന്നിട്ടുണ്ട്.

  1. ബാലരാമപുരം സാരികളും പകിട്ടാര്‍ന്ന കോട്ടണ്‍ തുണിത്തരങ്ങളും
  2. കാസര്‍കോഡ് സാരികള്‍
  3. കുത്താമ്പുള്ളി സാരികള്‍
  4. ചേന്ദ മംഗലം മുണ്ടുകള്‍
  5. കണ്ണൂര്‍ ഗൃഹാലങ്കാര സാമഗ്രികള്‍

ഹാൻഡ്ലൂം ആന്റ് ടെക്സ്റ്റൈൽസ് ഡയറക്ടറേറ്റും കൈത്തറി മേഖലയിലെ ഏജന്‍സികളും

സംസ്ഥാന കൈത്തറി – വസ്ത്ര വ്യവസായത്തിന്റെ പ്രോത്സാഹനത്തിനും വികസനത്തിനുമായി നയങ്ങള്‍ രൂപീകരിക്കുന്നത് വ്യവസായ വാണിജ്യ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന കേരള ഹാൻഡ്ലൂം ആന്റ് ടെക്സ്റ്റൈല്‍സ് ഡയറക്ടറേറ്റാണ്. സംസ്ഥാനത്തെ അപെക്സ് സഹകരണ നെയ്ത്ത് സംഘങ്ങളുടെയും സഹകരണ സ്പിന്നിംഗ് മില്ലുകളുടെയും തലവനായി പ്രവര്‍ത്തിക്കുന്നത് ഹാൻഡ്ലൂം ആന്റ് ടെക്സ്റ്റൈല്‍സ് ഡയറക്ടറാണ്.

കേരള സംസ്ഥാന കൈത്തറി നെയ്ത്ത് സഹകരണ സംഘം (ഹാന്റെക്സ്)

കേരള സഹകരണ സംഘം നിയമം അനുസരിച്ച് 1961 ല്‍ ഹാന്റെക്സ് രജിസ്റ്റര്‍ ചെയ്തു. അസംസ്കൃത വസ്ത്തുക്കളുടെ സംഭരണം, പ്രോസ്സസ്സിംഗ്, വിപണനം, ഗുണനിലവാരമുള്ള നൂലുകളുടെ പ്രോസ്സസ്സിംഗ്, കയറ്റുമതിയിലൂടെ കൈത്തറി ഉല്പന്നങ്ങളെ പ്രോത്സാഹിപ്പിച്ചു കൊണ്ടുള്ള ബിസിനസ്സ് എന്നിങ്ങനെ പ്രാഥമിക സഹകരണ സംഘങ്ങള്‍ക്കാവശ്യമായ കാര്യങ്ങള്‍ നടപ്പാക്കുന്ന അപെക്സ് സ്ഥാപനമാണ് ഹാന്റെക്സ്. നിലവില്‍ ഹാന്റെക്സില്‍ 520 പ്രാഥമിക സഹകരണ സംഘങ്ങള്‍ അംഗങ്ങളായുണ്ട്. ഇവയില്‍ 350 എണ്ണം ആധുനിക സാങ്കേതിക വിദ്യയും പശ്ചാത്തല സൌകര്യങ്ങളും ഉപയോഗിച്ചുള്ള കരകൌശല തുണിത്തരങ്ങള്‍, അലങ്കാര വസ്ത്തുക്കള്‍, സാരികള്‍, പരമ്പരാഗത വസ്ത്രങ്ങള്‍ എന്നിവ രാജ്യത്തിനകത്തും പുറത്തുമുള്ള കയറ്റുമതി വിപണി ലക്ഷ്യമാക്കി പരിസ്ഥിതി സൌഹൃദ രീതിയില്‍ ഉല്പാദിപ്പിക്കുകയും സംഭരിക്കുകയും ചെയ്യുന്ന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നു. നിലവില്‍ ഹാന്റെക്സിന് 98 വില്പനശാലകള്‍ കേരളത്തിലുണ്ട്. 2015-16 വര്‍ഷം ഹാന്റെക്സിനുണ്ടായ നഷ്ടം 1998.48 ലക്ഷം രൂപയാണ്. ഹാന്റെക്സിന്റെ പ്രവര്‍ത്തന വിവരങ്ങള്‍ അനുബന്ധം 3.35 ല്‍ ചേര്‍ത്തിരിക്കുന്നു.

കേരള സംസ്ഥാന കൈത്തറി വികസന കോര്‍പ്പറേഷന്‍ (ഹാൻവീവ് )

കൈത്തറി വ്യവസായത്തിലെ അസംഘടിത പരമ്പരാഗത കൈത്തറി നെയ്ത്തുകാരുടെ ഉന്നമനത്തിനായി കണ്ണൂര്‍ ആസ്ഥാനമായി 1968 ല്‍ രൂപം കൊണ്ട ഏജന്‍സിയാണ് ഹാൻവീവ്. വിപണി സ്വഭാവം അനുസരിച്ച് വിവിധതരം കൈത്തറി ഉല്പന്നങ്ങള്‍ ഉല്പാദിപ്പിച്ച് കേരളത്തിലെ വിവിധ വില്പന ശാലകളിലൂടെ വിപണനം ചെയ്യുകയണ് ഈ ഏജന്‍സിയുടെ ലക്ഷ്യം. നിലവില്‍ കോര്‍പ്പറേഷന് 50 പ്രദര്‍ശന ശാലകളും, 7 എസ്ക്ളൂസീവ് ഏജന്‍സി ഷോറൂമുകളും 32 ഉല്പാദന കേന്ദ്രങ്ങളുമുണ്ട്. ഹാന്‍വീവിന്റെ പ്രവര്‍ത്തന വിവരങ്ങള്‍ അനുബന്ധം 3.36, അനുബന്ധം 3.37 ല്‍ ചേര്‍ത്തിരിക്കുന്നു. 2015-16 കാലയളവില്‍ ഹാന്‍വീവിന്റെ വിറ്റുവരവ് 1903.94 ലക്ഷം രൂപയും നഷ്ടം 7808.58 ലക്ഷം രൂപയുമാണ്.

ചിത്രം 3.13
കൈത്തറി മേഖലയിലെ ഉത്പാദനവും ഉത്പാദനമൂല്യവും
അവലംബം:ഹാൻഡ്ലൂം ആൻഡ് ടെക്സ്റ്റൈല്‍സ് ഡയറക്ടറേറ്റ്, കേരള സർക്കാർ
ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാൻഡ്ലൂം ടെക്നോളജി (ഐ.ഐ.എച്ച്.ടി)

കേരള സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള വ്യവസായ മാന്ത്രാലയത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്വയം ഭരണ സ്ഥാപനവും കൈത്തറി മേഖലയ്ക്കാവശ്യമായ സാങ്കേതിക വിവരങ്ങള്‍, മനുഷ്യശേഷി സഹായങ്ങൾ എന്നിവ നല്‍കുകയും ചെയ്യുന്ന നോഡല്‍ ഏജന്‍സിയാണ് ഐ.ഐ.എച്ച്.ടി. 1860 ലെ സൊസൈറ്റീസ് രജിസ്ട്രേഷന്‍ നിയമം അനുസരിച്ച് 1987 ല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാൻഡ്ലൂം ആന്റ് ടെക്സ്റ്റൈല്‍ ടെക്നോളജി (ഐ.എച്ച്.ടി.ടി) എന്ന പേരില്‍ നിലവില്‍ വന്നു. പിന്നീട് ഈ സ്ഥാപനത്തെ ഭാരതസർക്കാരിന്റെ ടെക്സ്റ്റൈല്‍ മാന്ത്രാലയത്തിന്റെ മാനദണ്ഡങ്ങൾക്കനുസരിച്ച് പ്രവർത്തിക്കുന്ന ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹാൻഡ്ലൂം ടെക്നോളോജിയുമായി ലയിപ്പിച്ചു.

കേരളത്തിലെ കൈത്തറി വ്യവസായം

കൈത്തറി മേഖലയുടെ വികസനത്തിനായി 2015-16 വര്‍ഷത്തില്‍ വായ്പയായി 173.86 ലക്ഷം രൂപയും ഗ്രാന്റായി 955.97 ലക്ഷം രൂപയും ഗവണ്‍മെന്റ് ധനസഹായം നല്‍കിയിട്ടുണ്ട്. വിശാദാംശങ്ങള്‍ അനുബന്ധം 3.38 ല്‍ നൽകിയിരിക്കുന്നു.

കൈത്തറി മേഖലയിലെ മൊത്തം ഉല്പാദന മൂല്യം 2014-15 ല്‍ 298.89 കോടിയായിരുന്നത് 2015-16- ൽ 339.25 കോടിയായി വര്‍ദ്ധിച്ചു. അതായത് 13.5% വര്‍ദ്ധനവ് കാണിക്കുന്നു. മൊത്തം തൊഴിലാളികളുടെ എണ്ണം 2014-15 ല്‍ 23071 ആയിരുന്നത് 2015-16 ല്‍ 13% കുറഞ്ഞ് 20135 ആയിട്ടുണ്ട്. മൊത്തം തൊഴില്‍ ദിനങ്ങളുടെ എണ്ണം 2014-15 ല്‍ 66.37 ലക്ഷം മനുഷ്യ ദിനങ്ങളില്‍ നിന്നും 2015-16 ല്‍ 67.37 ലക്ഷം മനുഷ്യ ദിനങ്ങളായി വര്‍ദ്ധിച്ചു. 2015-16 ലെ മൊത്തം വിറ്റു വരവ് മൂലധന, വേതന ചെലവ് ഉള്‍പ്പടെ 203.55 കോടിയാണ്. കൈത്തറി വ്യവസായത്തിലെ തൊഴിലാളികള്‍ക്ക് ഒരു ദിവസം കിട്ടുന്ന ശരാശരി കൂലി 150 മുതല്‍ 200 രൂപ വരെയാണ്. കേരളത്തിലെ കൈത്തറി വ്യവസായത്തിന്റെ ഉല്പാദന വിവരങ്ങള്‍ അനുബന്ധം 3.39 ലും ചിത്രം 3.13 ലും ചേര്‍ത്തിരിക്കുന്നു. കൈത്തറി മേഖലയിൽ സൃഷ്ടിക്കപ്പെട്ട തൊഴിൽ (ലക്ഷം മനുഷ്യദിനത്തിൽ) ചിത്രം 3.14 ൽ ചേർത്തിരിക്കുന്നു.

ചിത്രം 3.14
കൈത്തറി മേഖലയിൽ സൃഷ്ടിക്കപ്പെട്ട തൊഴിൽ (ലക്ഷം മനുഷ്യദിനത്തിൽ)
അവലംബം:ഹാൻഡ്ലൂം ആൻഡ് ടെക്സ്റ്റൈല്‍സ് ഡയറക്ടറേറ്റ്, കേരള സർക്കാർ

ചിത്രം 3.13 ല്‍ ഉല്പാദനത്തിലും ഉല്പാദന ക്ഷമതയിലും സ്ഥിരമായ വര്‍ദ്ധനവ് കാണിക്കുന്നു. എന്നാല്‍ ചിത്രം 3.14 ൽ തൊഴില്‍ സൃഷ്ടിക്കലിന്റെ എണ്ണത്തില്‍ ആദ്യത്തെ രണ്ട് വര്‍ഷം വര്‍ദ്ധനവും പിന്നീട് കുറഞ്ഞു വരുന്നതായും കാണാം. കൈത്തറി മേഖലയിലെ തൊഴിലാളികളുടെ എണ്ണം വയസ്സ് തിരിച്ച് ചിത്രം 3.15 ൽ കാണിച്ചിരിക്കുന്നു.

ചിത്രം 3.15
കൈത്തറി മേഖലയിലെ തൊഴിലാളികളുടെ വയസ്സ് തിരിച്ചുള്ള എണ്ണം
അവലംബം:ഹാൻഡ്ലൂം ആൻഡ് ടെക്സ്റ്റൈല്‍സ് ഡയറക്ടറേറ്റ്, കേരള സർക്കാർ

കൈത്തറി മേഖലയിലെ തൊഴിലാളികളില്‍ 2/3 ഭാഗവും 46 വയസ്സുള്ളവരോ അതില്‍ കൂടുതലോ ആണെന്ന് ചിത്രത്തില്‍ നിന്നും കാണാവുന്നതാണ്. 25 വയസ്സില്‍ കുറവുള്ളവര്‍ വളരെ കുറവാണെന്ന് കാണാം. 35 വയസ്സോ അതില്‍ താഴെയോ ഉള്ളവര്‍ 5 ശതമാനമോ അതില്‍ താഴെയോ ആണെന്ന് കാണാം. പുരുഷ തൊഴിലാളികളില്‍ 90 ശതമാനവും 46 വയസ്സിന് മുകളിലുള്ളവരാണ്.

2012-13 മുതല്‍ 2016-17 വരെയുള്ള കൈത്തറി മേഖലയുടെ പദ്ധതി വിഹിതവും പദ്ധതി ചെലവും പട്ടിക 3. 6 ൽ കാണിച്ചിരിക്കുന്നു.

പട്ടിക: 3.6
പന്ത്രണ്ടാം പഞ്ചവത്സര കാലയളവിലെ കൈത്തറി മേഖലയുടെ പദ്ധതി വിഹിതവും പദ്ധതി ചെലവും (രൂ.ലക്ഷത്തിൽ)
വർഷം പദ്ധതി വിഹിതം പദ്ധതിച്ചെലവ് ചെലവ് വിഹിതത്തിന്റെ ശതമാനത്തിൽ
2012-13 6807.00 7168.13 105.3
2013-14 7676.00 8687.04 113.2
2014-15 6714.50 6652.48 99.1
2015-16 6715.00 9326.06 139.0
2016-17* 7073.00 1967.14 27.81
മൊത്തം തുക 34985.5 33800.85 96.6
അവലംബം : 2012-13 മുതൽ 2016-17 വരെയുള്ള ബഡ്ജറ്റ് , സംസ്ഥാന ആസൂത്രണ ബോർഡ് പ്ലാന്‍ സ്പെയ്സ്

മേൽ കാലയളവിൽ കൈത്തറി മേഖലയ്ക്ക് 2014-2015 ഒഴികെ 100% ചിലവ് ആയിട്ടുണ്ടെന്ന് കാണാം. 2014-2015 ഇത് 99 % ആയിരുന്നു. 2016-2017 വാർഷിക പദ്ധതിയിൽ കാണിച്ചിരിക്കുന്ന ചിലവ് ഒക്ടോബർ 2016 വരെ ഉള്ളതാണ്. 12ാം പഞ്ചവത്സര പദ്ധതി കാലയളവിലെ ആദ്യത്തെ നാലു വർഷത്തെ പദ്ധതി വിഹിതവും ചിലവും ചിത്രം 3.16 ൽ കാണിച്ചിരിക്കുന്നു.

ചിത്രം 3.16
കൈത്തറി മേഖലയിലെ പദ്ധതി വിഹിതവും ചെലവും
അവലംബം : 2012-13 മുതൽ 2016-17 വരെയുള്ള ബഡ്ജറ്റ് , സംസ്ഥാന ആസൂത്രണ ബോർഡ് പ്ലാന്‍ സ്പെയ്സ്

2012-13 മുതല്‍ 2014-15 വരെയുള്ള കാലയളവില്‍ വിഹിതവും ചെലവും തമ്മിലുള്ള വ്യത്യാസം താരതമ്യേന കുറവാണെന്ന് കാണാം. എന്നാല്‍ സ്പിന്നിംഗ് മില്ലുകള്‍ക്ക് വേണ്ടിയുള്ള പദ്ധതി ചെലവിലുണ്ടായ വര്‍ദ്ധനവ് മൂലം 2015-16 ലെ പദ്ധതി ചെലവ് വിഹിതത്തെക്കാള്‍ 39% കൂടുതലാണെന്ന് കാണാം.

2015-16 കാലയളവില്‍ ഹാൻഡ്ലൂം ആന്റ് ടെക്സ്റ്റൈല്‍സ് വഴി നടപ്പിലാക്കിയ പ്രധാന പദ്ധതികള്‍
  1. മൂലധന സഹായ പദ്ധതികള്‍
    2015-16 ൽ ഈ പദ്ധതിക്ക് കീഴില്‍‍ പ്രാഥമിക സഹകരണ സംഘങ്ങള്‍ക്കും അപെക്സ് സംഘങ്ങള്‍ക്കുമായി പല തരത്തിലുള്ള പശ്ചാത്തല വികസന പരിപാടികള്‍ നടപ്പിലാക്കിയിട്ടുണ്ട്. സാങ്കേതിക വിദ്യാ ഉദ്ഗ്രഥനം, പുനരുദ്ധാരണം, യൂണിററുകളിൽ ജോലിക്ക് അനുകൂലമായ മറ്റ് സാഹചര്യങ്ങള്‍ സൃഷ്ടിക്കല്‍ മുതലായവയാണ് പദ്ധതി ലക്ഷ്യങ്ങള്‍. ഇക്കാലയളവില്‍ മാസ്റ്റര്‍ വീവര്‍മാരുടെ പ്രോത്സാഹനത്തിനായി 14 ഉല്പാദക യൂണിറ്റുകള്‍ ആരംഭിക്കുകയും സ്വയം തൊഴില്‍ദാന പദ്ധതിയുടെ കീഴില്‍ 100 തറികളോട് കൂടിയ 20 പുതിയ കൈത്തറി യൂണിറ്റുകള്‍ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.
  2. വൈദഗ്ദ്ധ്യ വികസന പദ്ധതികള്‍
    വിവിധ തരത്തിലുള്ള മൂല്യ വര്‍ദ്ധിത ഉല്പന്നങ്ങള്‍ ഉല്പാദിപ്പിക്കുന്നതിനായി 2015-16 ല്‍ 657 നെയ്ത്തുകാര്‍ക്ക് പരിശീലനം നല്‍കിയിട്ടുണ്ട്.
  3. പ്രോത്സാഹന സഹായ പദ്ധതികള്‍
    നെയ്ത്തുകാര്‍ / അനുബന്ധ തൊഴിലാളികള്‍ക്കുള്ള പ്രോത്സാഹന പദ്ധതി, ഇന്‍കം സപ്പോര്‍ട്ട് സ്കീം, അംശദാന പദ്ധതി, ഗ്രൂപ്പ് ഇൻഷുറൻസ് പദ്ധതി എന്നിവയിലൂടെ വളരെയധികം നെയ്ത്തുകാര്‍ക്ക് പ്രയോജനം ലഭിച്ചിട്ടുണ്ട്.
  4. വിപണനം, വ്യാപാരം എന്നിവയെ പ്രോത്സാഹിപ്പിക്കുന്ന പദ്ധതികള്‍
    ഈ പദ്ധതിയുടെ ഭാഗമായി പ്രദര്‍ശന ശാലകള്‍ നവീകരിക്കുന്നതിനും ഹാന്റ് ലൂം എക്സ്പോസ് സംഘടിപ്പിക്കുന്നതിനും 2015-16 കാലയളവില്‍ ഊന്നല്‍ നല്‍കിയിട്ടുണ്ട്.
  5. പരിശീലന പദ്ധതികള്‍
    ഈ പദ്ധതിയുടെ ഭാഗമായി 2015-16 ല്‍ പുതിയ ഡിസൈനിലുള്ള ഉല്പന്നങ്ങള്‍ നിര്‍മ്മിക്കുന്നതിനായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള സമര്‍ത്ഥരായ 30 നെയ്ത്തുകാര്‍ക്ക് 3 മുതല്‍ 6 മാസം വരെ പരിശീലനം നല്കി.

സങ്കീര്‍ണ്ണമായ നെയ്ത്ത് തുണിത്തരങ്ങള്‍, വിവിധോദ്ദേശ്യ യുക്തമായതും വിഭിന്നങ്ങളുമായ തുണിത്തരങ്ങള്‍, വിവിധങ്ങളായ ഡിസൈനുകൾ, പുതിയ ഡിസൈനിലേക്ക് മാറാനുള്ള കഴിവ്, വൈദഗ്ദ്ധ്യമുള്ള തൊഴിലാളികള്‍, പരമ്പരാഗത രീതിയിലുള്ള ഉല്പാദനം, വൈദ്യുതിയുടെ കുറഞ്ഞ ഉപഭോഗം, പരിസ്ഥിതി സൌഹൃദം, അനൌപചാരികമായ വൈദഗ്ദ്ധ്യവികസനത്തിനുള്ള കഴിവ്, സാങ്കേതിക വിദ്യ കൈമാറാനുള്ള കഴിവ് എന്നിവ കൈത്തറി മേഖലയുടെ ശക്തി കേന്ദ്രങ്ങളാണ്. എന്നാലും കൈത്തറി വ്യവസായം ഇന്ന് ധാരാളം വെല്ലുവിളികൾ നേരിടുന്നുണ്ട്. കുറഞ്ഞ കൂലി കാരണം കൈത്തറി മേഖലയിലെത്തുന്ന നെയ്ത്തുകാരുടെ കുറവ്, കുറഞ്ഞ ഉല്പാദന ക്ഷമത, സാങ്കേതിക വിദ്യയിലുള്ള ന്യൂനത, സംസ്ഥാനത്തിന് പുറത്ത് നിന്നുള്ള മറ്റ് ടെക്സ്റ്റൈല്‍ യുണിറ്റുകളില്‍ നിന്നും യന്ത്രത്തറിയില്‍ നിന്നുമുള്ള മത്സരം എന്നിവ അവയില്‍ ‍ ചിലതാണ്. മാറുന്ന ട്രെന്‍ഡിനനുസരിച്ച് ഉല്പന്ന വൈദഗ്ദ്ധ്യമില്ലായ്മ, പ്രവര്‍ത്തന മൂലധന ദൌര്‍ലഭ്യം, കഴിനൂലിനും പരുത്തിക്കുമുള്ള വില വ്യതിയാനം എന്നിവ മറ്റു ചില കാരണങ്ങളാണ്.

കൈത്തറി മേഖലയുടെ ആധുനിക വത്കരണത്തിനായി മറ്റു ചില നടപടികള്‍ അവശ്യമായിട്ടുണ്ട്. പ്രധാനമായും ഉല്പന്ന ഗുണ നിലവാരവും ഉല്പാദനക്ഷമതയും വര്‍ദ്ധിപ്പിക്കുവാനുതകുന്ന തരത്തില്‍ സാങ്കേതിക വിദ്യ വികസിപ്പിക്കുകയും ഉല്പാദനത്തിലും വിപണനത്തിലും ദേശീയ അന്താരാഷ്ട്ര വിപണികളില്‍ പ്രചാരണമുണ്ടാക്കുന്നതിനുമായി വിവര സാങ്കേതിക വിദ്യ സാധ്യത പ്രയോജനപ്പെടുത്തേണ്ടതുമാണ്. ഉല്പാദന ക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനായി നെയ്ത്തുകാര്‍ക്ക് നേരിട്ട് ധന സഹായം ലഭിക്കുന്ന തരത്തില്‍ സഹായ പദ്ധതികള്‍ രൂപീകരിക്കാവുന്നതാണ്. ആധുനികവത്കരണം, യന്ത്രവത്കരണം, മൂല്യ വര്‍ദ്ധനവ്, എന്നിവയിലൂടെ വരുമാനം വര്‍ദ്ധിപ്പിക്കാനും അതു വഴി തൊഴിലാളികളുടെ കൊഴിഞ്ഞ് പോക്ക് തടയാനും സാധിക്കും. കൈത്തറി മേഖലയുടെ നവീകരണത്തിന്റെ ഭാഗമായി ജൈവ തുണിത്തരങ്ങള്‍ ഉല്പാദിപ്പിച്ച് ‘മെയ്ഡ് ഇന്‍ കേരള’ ബ്രാന്റ് പ്രോത്സാഹിപ്പിക്കാവുന്നതാണ്. കൈത്തറി മേഖലയുടെ പാരമ്പര്യ തനിമ പ്രദര്‍ശിപ്പിക്കുന്നതിലൂടെ കേരളത്തിലെ ടൂറിസം വികസനവും സാധ്യമാകുന്നു.

ബോക്സ് നമ്പര്‍ 3.6
2015-16 കാലയളവിലെ പ്രധാന നേട്ടങ്ങള്‍
  • തിരുവനന്തപുരം ജില്ലയില്‍ കൈത്തറിയിലും യന്ത്രത്തറിയിലും ബിസിനസ്സ് ഇന്‍കുബേറ്ററുകള്‍ സ്ഥാപിച്ചു.
  • 675 നെയ്ത്തുകാര്‍ക്ക് വൈദഗ്ദ്ധ്യ പരിശീലനം നല്‍കി
  • സോളിഡ് ബോര്‍ഡര്‍ ഡിസൈനില്‍ 30 നെയ്ത്തുകാര്‍ക്ക് പരിശീലനം നല്‍കി
  • കൈത്തറി ആര്‍ട്ട് വര്‍ക്കില്‍ 489 നെയത്തുകാര്‍ക്ക് പരിശീലനം നല്‍കി
  • കൈത്തറി ഉല്പന്നങ്ങളുടെ പ്രചരണത്തിനായി 69 സെമിനാറും പ്രദര്‍ശനവും സംഘടിപ്പിച്ചു
  • പുതിയ കൈത്തറി യൂണിറ്റുകൾ തുടങ്ങാന്‍ 20 നെയ്ത്തുകാര്‍ക്ക് സഹായം നല്‍കി.
  • സാങ്കേതിക വിദ്യ ഉദ്ഗ്രഥനം 14 കൈത്തറി യൂണിറ്റുകളില്‍ പൂര്‍ത്തിയാക്കി
  • ഗ്രൂപ്പ് ഇന്‍ഷൂറന്‍സ് പദ്ധതിയിലൂടെ 1020 കൈത്തറി നെയ്ത്തുകാര്‍ക്കും 423 യന്ത്രത്തറി നെയ്ത്തുകാര്‍ക്കും പ്രയോജനം ലഭിച്ചു
  • 120 യന്ത്രത്തറി നെയ്ത്തുകാര്‍ക്ക് വൈദഗ്ദ്ധ്യ പരിശീലനം നല്‍കി

ടെക്സ്റ്റൈല്‍ മേഖല – സ്പിന്നിംഗ് മില്ലുകള്‍

കേരളത്തിലെ ടെക്സ്റ്റൈല്‍ മേഖല പൊതുമേഖല, സഹകരണ മേഖല, പൊതു മേഖലയിലും സഹകരണ മേഖലയിലും ഉള്ള സംയോജിത യൂണിറ്റുകള്‍ എന്നിങ്ങനെയാണ് സംഘടിതമായിരിക്കുന്നത്.

കേരള സംസ്ഥാന ടെക്സ്റ്റൈല്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് (കെ.എസ്.ടി.സി)

സംസ്ഥാനത്ത് ടെക്സ്റ്റൈല്‍ മില്ലുകള്‍ സ്ഥാപിച്ച് നടപ്പിലാക്കുക എന്ന ഉദ്ദേശത്തോടെ 1972 ല്‍ ഒരു കേരള സര്‍ക്കാര്‍ സംരംഭമായി കെ.എസ്.ടി.സി നിലവില്‍ വന്നു. കോര്‍പ്പറേഷന്റെ കീഴില്‍ നാല് മില്ലുകളും ഒരു റിസര്‍ച്ച് ആന്റ് ടെസ്റ്റിംങ്ങ് സെന്ററും ഉണ്ട്. പ്രഭുറാം മില്‍സ്, കോട്ടയം മില്‍സ്, ഇടരിക്കോട് ടെക്സ്റ്റൈല്‍സ്, മലബാര്‍ സ്പിന്നിംഗ് ആന്റ് വീവിംഗ് മില്‍സ് എന്നിവയാണ് കോര്‍പ്പറേഷന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന മില്ലുകള്‍. മറ്റു രണ്ടു യൂണിറ്റുകളായ സീതാറം ടെക്സ്റ്റൈല്‍സും, ട്രിവാന്‍ഡ്രം സ്പിന്നിംഗ് മില്‍സ് ലിമിറ്റഡും ഇപ്പോള്‍ കെ.എസ്.ടി.സി യുടെ ഭരണത്തിന്‍ കീഴിലാണ്. ഇതു കൂടാതെ കോര്‍പ്പറേഷനു കീഴില്‍ ഒരു റിസര്‍ച്ച് ആന്റ് ടെസ്റ്റിംങ്ങ് (CARDT) ഡിവിഷനുമുണ്ട്. തിരുവനന്തപുരം ജില്ലയിലെ ബാലരാമപുരത്ത് പ്രവര്‍ത്തിക്കുന്ന ഈ സ്ഥാപനം കേരളത്തിലെ ടെക്സ്റ്റൈല്‍ യൂണിറ്റുകളിലുള്ള നൂല്‍, പഞ്ഞി, തുണിത്തരങ്ങള്‍ മുതലായവയുടെ ഗുണ നിലവാര പരിശോധന നടത്തുന്നു.

കേരള സംസ്ഥാന സഹകരണ ടെക്സ്റ്റൈല്‍ ഫെഡറേഷന്‍ ലിമിറ്റഡ് (ടെക്സ്ഫെഡ്)

കേരളത്തിലെ സഹകരണ മേഖലയിലെ ടെക്സ്റ്റൈല്‍ യൂണിറ്റുകളുടെ സ്ഥാപനം, മാനേജ്മെന്റ് എന്നിവയില്‍ സഹായിക്കുകയും മേല്‍ നോട്ടം വഹിക്കുകയും ചെയ്യുന്നതിനായി 1992 ല്‍ രൂപം കൊണ്ട സ്ഥാപനമാണ് ടെക്സ്ഫെഡ്. കേരളത്തിലെ സഹകരണ സ്പിന്നിംഗ് മില്ലുകളുടെയും സംയോജിത യന്ത്രത്തറി സഹകരണ സംഘങ്ങളുടെയും ഉന്നതാധികാര സമിതിയാണ് ടെക്സ്ഫെഡ്. ടെക്സ്റ്റൈല്‍ വ്യവസായത്തിലെ വിവിധ ഭാഗങ്ങളായ സ്പിന്നിംഗ്, വീവിംഗ്, പ്രോസ്സസ്സിംഗ്, ഗാര്‍മെന്റിംഗ് എന്നിവയെ സംയോജിപ്പിക്കുന്നത് ടി സ്ഥാപനം വഴിയാണ്. ടെക്സ്ഫെഡിന്റെ കീഴില്‍ ഏഴ് സ്പിന്നിംഗ് മില്ലുകള്‍ ‍ അംഗങ്ങളായുണ്ട്. ഇതില്‍ അഞ്ചെണ്ണം സംസ്ഥാന ഗവണ്‍മെന്റിന്റെ ഭരണത്തില്‍ കീഴിലും രണ്ടെണ്ണം തിരഞ്ഞെടുക്കപ്പെട്ട ബോര്‍ഡിന്റെ കീഴിലുമാണ്.

സ്പിന്നിംഗിലും വീവിംഗിലും ഏര്‍പ്പെട്ടിരിക്കുന്ന മില്ലുകള്‍ ഡിമാന്റ് - സപ്ലൈ രംഗങ്ങളില്‍ പ്രശ്നങ്ങള്‍ അഭിമുഖീകരിക്കുന്നുണ്ട്. കാലഹരണപ്പെട്ട യന്ത്രങ്ങള്‍, കടുത്ത മത്സരം, അസംസ്കൃത വസ്തുക്കളുടെ വിലക്കയറ്റം, കുറഞ്ഞ ഉല്പാദന ക്ഷമത, കുറയുന്ന ലാഭം, പ്രവര്‍ത്തന മൂലധന ന്യൂനത എന്നിവയും കേരളത്തിലെ തുണി മില്ലുകള്‍ ‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളാണ്.

റിയാബ്, ടെക്സ്ഫെഡ്, കെ.എസ്.റ്റി.സി, സ്പിന്നിംഗ് മില്ലുകളുടെ മാനേജിംഗ് ഡയറക്ടര്‍മാര്‍ എന്നിവരുള്‍പ്പെടുന്ന ഒരു പ്രൊഫഷണല്‍ സമിതി രൂപ വല്ക്കരിച്ച് വസ്ത്ര നിര്‍‍മ്മാണത്തിനാവശ്യമായ അസംസ്കൃത വസ്തുക്കള്‍ സംഭരിക്കാന്‍ ഒരു കേന്ദ്രീകൃത സംഭരണ രീതി സ്വീകരിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിച്ചു. ഡിപ്പോകളില്‍ നിന്നുള്ള നൂലിന്റെ വില്പ്പനയും സമിതിയുടെ നിരീക്ഷണത്തിലായിരിക്കും . ഇതിന്റെ ഫലമായി അസംസ്കൃത വസ്തുക്കളുടെ വില ഗണ്യമായി കുറയുകയും സമ്പാദ്യം വര്‍ദ്ധിപ്പിക്കാനും കഴിഞ്ഞിട്ടുണ്ട്. സംസ്ഥാനത്തെ ഭൂരിപക്ഷം സ്പിന്നിംഗ് മില്ലുകളും ഇരുപത്തിയഞ്ച് വര്‍ഷത്തിലെറെ പഴക്കം ചെന്നതും ഉപയോഗിക്കുന്ന യന്ത്ര സാമഗ്രികള്‍ കാലഹരണപ്പെട്ടതുമാണ്. ഭാഗീക ആധുനികവല്‍ക്കരണം നടപ്പിലാക്കിയിട്ടുണ്ടെങ്കിലും കാലികമായ വ്യവസായ നിലവാരത്തിലേക്ക് ഈ സ്ഥാപനങ്ങളെ എത്തിക്കാന്‍ കഴിഞ്ഞിട്ടില്ല.

സഹകരണ സ്പിന്നിംഗ് മില്ലുകളുടെ നവീകരണം

സഹകരണ മേഖല പുനരുജ്ജീവനത്തിനായി ഗവണ്‍മെന്റ് പല ശ്രമങ്ങളും നടത്തിയിട്ടുണ്ട്. കയറ്റുമതി നിലവാരത്തിലുള്ള നൂല്‍ ഉല്പാദിപ്പിക്കുന്നതിനായി നിലവിലെ യന്ത്രങ്ങളും സാങ്കേതിക വിദ്യയും നവീകരിക്കുന്നതിനായി മാളയിലുള്ള കെ. കരുണാകരന്‍ സ്മാരക സ്പിന്നിംഗ് മില്‍ ‍, പ്രിയദര്‍ശിനി സഹകരണ സ്പിന്നിംഗ് മില്‍, മലബാര്‍ സഹകരണ സ്പിന്നിംഗ് മില്‍ എന്നിവയ്ക്ക് ഗവണ്‍മെന്റ് ധനസഹായം നല്‍കുന്നുണ്ട്.

യന്ത്രത്തറി വ്യവസായം

കേരളത്തിലെ യന്ത്രത്തറി വ്യവസായം വേണ്ടത്ര വികസിച്ചിട്ടില്ല. കേരളത്തിലെ 75 ശതമാനം തുണി മില്ലുകളും കോട്ടണ്‍ നൂലുകള്‍ ഉല്പാദിപ്പിക്കുന്ന സ്പിന്നിംഗ് മില്ലുകളാണ്. വീവിംഗ് മേഖലയെ ഉത്തേജിപ്പിക്കുന്നതിനായി ഗവണ്‍മെന്റ് സംയോജിത യന്ത്രത്തറി സഹകരണ സംഘങ്ങള്‍ക്ക് പദ്ധതി സഹായം നല്കുന്നുണ്ട്. നിലവില്‍ 52 യന്ത്രത്തറി സഹകരണ സംഘങ്ങള്‍ കേരളത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. സംസ്ഥാനത്തെ 575 യന്ത്രത്തറികളില്‍ 550 എണ്ണം സഹകരണ മേഖലയിലാണ്. 2011-12 മുതല്‍ 2015-16 വരെയുള്ള കേരളത്തിലെ യന്ത്രത്തറി വ്യവസായത്തിലെ ഉല്പാദനവും ഉല്പാദന ക്ഷമതയും അനുബന്ധം 3.40 ല്‍ കൊടുത്തിരിക്കുന്നു.

ഖാദി ഗ്രാമവ്യവസായം

ഇന്ത്യയിലെ ഖാദിഗ്രാമവ്യവസായ മേഖലയില്‍ ഉല്പാദനം, വിപണനം, തൊഴില്‍ നല്‍കല്‍ എന്നിവയില്‍ കേരളത്തിന്റെ പങ്ക് താരതമ്യേന ചെറുതാണ് (പട്ടിക 3.7 കാണുക.)

2014-15 നെ അപേക്ഷിച്ച് 2015-16 ല്‍ ഉല്പാദനം, തൊഴില്‍ദിനങ്ങള്‍ എന്നിവയില്‍ കേരളത്തിലെ ഖാദി ഗ്രാമവകുപ്പിന്റെ പങ്ക് കുറഞ്ഞു വരുകയാണ്(ചിത്രം 3.17 കാണുക). 2014-15 ലെ ഉല്പാദനമൂല്യം 136.35 കോടി രൂപയില്‍ നിന്നും 2015-16 ആകുമ്പോഴേയ്ക്കും 135.66 കോടി രൂപയായി കുറയുകയുണ്ടായി.

കേരളത്തിലെ ഖാദിഗ്രാമവകുപ്പിന് കീഴില്‍ 2011-12 ല്‍ ലഭിച്ച 1.29 ലക്ഷം തൊഴില്‍ ദിനങ്ങൾ 2015-16 ആകുമ്പോഴേക്കും 0.99 ലക്ഷം തൊഴിൽ ദിനങ്ങളായി കുറഞ്ഞു. സംസ്ഥാനത്തന്റെ ആഭ്യന്തരഉല്പാദനവും വിപണനവും കുറയുന്ന പ്രവണതയാണ് കാണിക്കുന്നത്. ഈ മേഖലയില്‍ തൊഴിലാളികളുടെ എണ്ണത്തില്‍ കുറവുവരുന്നതിനു പ്രധാന കാരണം മികച്ച തൊഴില്‍ അന്വേഷിച്ചുള്ള തൊഴിലാളികളുടെ കൊഴിഞ്ഞു പോക്കും ഉന്നതവിദ്യാഭ്യാസലക്ഷ്യവുമാണ്. വന്‍തോതില്‍ ഉല്പാദിപ്പിക്കാനാവശ്യമായ അസംസ്കൃതവസ്തുക്കളുടെ ലഭ്യതക്കുറവ്, രാജ്യത്ത് പവർലൂം മേഖലയുടെ വമ്പിച്ച വളര്‍ച്ച, തുണിത്തരങ്ങളുടെ ആവശ്യത്തിന്‍മേലുള്ള വ്യതിയാനം, ഉല്പാദനക്ഷമമല്ലാത്ത ചര്‍ക്കകളുടേയും തറികളുടേയും ഉപയോഗം എന്നിവ ഈ മേഖലയുടെ മുന്നോട്ടുള്ള പ്രയാണത്തെ പിന്നോട്ടു വലിക്കുന്നു.

ഖാദി വ്യവസായ ബോര്‍ഡിന് 2014-15, 2015-16 വര്‍ഷങ്ങളില്‍ വിവിധ തലങ്ങളില്‍ നിന്നു ലഭിച്ച വിഹിതവും അതിന്റെ ചെലവും പട്ടിക 3.8 ല്‍ ചേര്‍ത്തിരിക്കുന്നു.

ചിത്രം 3.17
ഖാദി ഗ്രാമ വ്യവസായ മേഖലയിലെ ഉല്പ്പാദനം, വിൽപ്പന, തൊഴിൽ
അവലംബം: വാർഷിക റിപ്പോർട്ട് 2015-16 എം.സ്.എം.ഇ മന്ത്രാലയം, ഭാരത സർക്കാർ & ഖാദി ഗ്രാമ വ്യവസായ ബോർഡ്, കേരളം സർക്കാർ
പട്ടിക 3.7
ഖാദി ഗ്രാമ വ്യവസായ മേഖലയിലെ ഉല്പ്പാദനം, വിൽപ്പന, തൊഴിൽ
വർഷം ഉൽപ്പാദനം (കോടിയിൽ) വില്പ്പന (കോടിയിൽ) തൊഴിൽ സൃഷ്ടിക്കൽ(ലക്ഷം തൊഴിൽ ദിനങ്ങൾ)
ദേശീയം കേരളം സംസ്ഥാന വിഹിതം (ശതമാനത്തിൽ) ദേശീയം കേരളം സംസ്ഥാന വിഹിതം (ശതമാനത്തിൽ) ദേശീയം കേരളം സംസ്ഥാന വിഹിതം (ശതമാനത്തിൽ)
2011-12 21852.04 144.73 0.66 26797.13 167.47 0.62 119.1 1.29 1.08
2012-13 24024.24 145.79 0.61 27839.69 170.84 0.61 124.76 1.20 0.96
2013-14 26109.08 139.79 0.54 31152.4 172.55 0.55 140.38 1.17 0.83
2014-15 27569.37 136.35 0.49 33135.9 170.03 0.51 134.25 1.09 0.81
2015-16 27868.05 135.66 0.49 37642.24 161.30 0.43 154.84 0.99 0.64
അവലംബം: വാർഷിക റിപ്പോർട്ട് 2015-16 എം.സ്.എം.ഇ മന്ത്രാലയം, ഭാരത സർക്കാർ & ഖാദി ഗ്രാമ വ്യവസായ ബോർഡ്, കേരളം സർക്കാർ
ചിത്രം 3.18
സാമ്പത്തിക പ്രകടനം 2012-13 മുതൽ 2015-16 വരെ
അവലംബം: ബജറ്റ്2012-13 മുതൽ 2015-16 അക്കൗണ്ട്സ് , പ്ലാൻസ്പേസ്

പന്ത്രണ്ടാം പഞ്ചവത്സരപദ്ധതിയുടെ ആദ്യ നാല് വര്‍ഷത്തെ ഖാദിമേഖലയുടെ പദ്ധതി വിഹിതവും ചെലവും

2012-14ൽ പദ്ധതി വിഹിതത്തെക്കാള്‍ പദ്ധതി ചെലവ് കൂടുതലായിരുന്നു. എങ്കിലും 2014-15 ലെ പദ്ധതിചെലവ് മൊത്തം പദ്ധതി തുകയായ 1397.6 ലക്ഷം രൂപയുടെ 24 ശതമാനം മാത്രമായിരുന്നു. ഇതിനു പ്രധാന കാരണം സമയബന്ധിതമായി പദ്ധതി വിഹിതം നല്‍കുന്നതിനു നേരിട്ട കാലതാമസമാണ്. എന്നാല്‍ 2015-16 ല്‍ പദ്ധതി ചെലവ് 80 ശതമാനമായി വര്‍ദ്ധിച്ചു. (പട്ടിക 3.9). 2016-17ല്‍ 1399.00 ലക്ഷം രൂപയാണ് പദ്ധതി വിഹിതമായി ഈ മേഖലയ്ക്ക് അനുവദിച്ചിട്ടുള്ളത്.

പട്ടിക 3.9
സാമ്പത്തിക പ്രകടനം 2012-13 മുതൽ 2015-16 വരെ (₹ലക്ഷത്തിൽ)
വർഷം വിഹിതം ചെലവ് ശതമാനം
2012-13 1210.00 1306.00 108
2013-14 1331.00 2490.00 187
2014-15 1397.60 341.60 24
2015-16 1397.60 1114.60 80
ആകെ 5336.20 5252.20 98
അവലംബം: ബജറ്റ്2012-13 മുതൽ 2015-16 അക്കൗണ്ട്സ് , പ്ലാൻസ്പേസ്

ഇതിന് പുറമെ ഖാദി ബോർഡിന്റെ തന്നെ സ്വാശ്രയ സംഘങ്ങൾ വഴിയും ഗ്രാമീണ തൊഴിൽ ദാന പരിപാടി (REGP), പ്രധാനമന്ത്രി തൊഴിൽ ദാന പരിപാടി എന്നിവയിലൂടെയും 537.96 കോടിരൂപ മൂല്യമുള്ള ഉല്പന്നങ്ങള്‍ ഉല്പാദിപ്പിച്ച് കൂടാതെ 601.13 കോടി രൂപയുടെ സാധനങ്ങള്‍ വിറ്റഴിച്ചതിലൂടെ 1,39,569 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുവാനും സാധിച്ചു. ഖാദി ഗ്രാമവ്യവസായ എയ്ഡഡ് സംഘങ്ങളുടെ ആളോഹരി ഉല്പാദനക്ഷമത ഖാദിഗ്രാമവ്യവസായവകുപ്പ് യൂണിറ്റുകളുടേതിനേക്കാള്‍ ഉയര്‍ന്നതാണെന്ന് കാണാന്‍ കഴിയും. ഖാദി ബോര്‍ഡിന്റെ 2014-15, 2015-16 വര്‍ഷങ്ങളിലെ ഉല്പാദനം, വിപണനം, വേതനം തൊഴില്‍ദിനങ്ങളുടെ എണ്ണം എന്നിവയും ജില്ലതിരിച്ചുള്ള വില്പന കേന്ദ്രങ്ങളുടെ വിരവങ്ങളും അനുബന്ധം 3.41 , അനുബന്ധം 3.42 എന്നിവയില്‍ നല്‍കിയിരിക്കുന്നു.

ബോക്സ് 3.7
2015-16 ലെ ഖാദിഗ്രാമ വ്യവസായ ബോര്‍ഡിന്റെ പ്രധാന ഭൗതികനേട്ടങ്ങള്‍

2015-16 ല്‍ ഖാദിവ്യവസായ ബോര്‍ഡ് പ്രധാനമന്ത്രി തൊഴില്‍ദാനപരിപാടിയിലൂടെ (PMEGP) 2906 പുതിയ തൊഴിൽ അവസരങ്ങൾ സൃഷ്ടിച്ചു.

  • അര്‍ഹരായവര്‍ക്ക് മാര്‍ജിന്‍മണി ഗ്രാന്റായി 819.46 ലക്ഷം രൂപ വിതരണം ചെയ്തു.
  • ഖാദി ബോര്‍ഡിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ ഖാദി ഉല്പാദകകേന്ദ്രങ്ങളെയും കെട്ടിടനികുതിയില്‍ നിന്നും ഒഴിവാക്കി.
  • മുൻവര്‍ഷത്തെ അപേക്ഷിച്ച് 20 ശതമാനം അധികം ഉല്പാദനം നടത്താന്‍ ഖാദിബോര്‍ഡിന് സ്വന്തം സ്ഥാപനങ്ങളിലൂടെ സാധിച്ചു.
  • 2015-16 ല്‍ 2000.50 ലക്ഷം രൂപയുടെ തുണിത്തരങ്ങള്‍ ഉല്പാദിപ്പിച്ചു.
  • 25 പുതിയ ഖാദി ഉല്പാദനകേന്ദ്രങ്ങള്‍ ആരംഭിച്ചു. കൂടാതെ 780 പുതിയ ചര്‍ക്കകളും, 650 പുതിയ തറികളും 20 പുതിയ റെഡിമെയ്ഡ് വാര്‍പ്പിംഗ് യൂണിറ്റുകളും സ്ഥാപിച്ചു.
  • 650 കരകൗശലപപ്പണിക്കാര്‍ക്ക് ഖാദി മേഖലയില്‍ പരിശീലനം നല്‍കുകയും തൊഴില്‍ ലഭ്യമാക്കുകയും ചെയ്തു.
  • ഓണം ഉത്സവബത്ത 1000 രൂപയായി വര്‍ദ്ധിപ്പിച്ച് വിതരണം ചെയ്തു.
  • ഖാദി നെയ്ത്ത് തൊഴിലാളികള്‍ക്ക് ഹാങ്ക് ഒന്നിന് 90 പൈസസായിരുന്ന ഉല്പാദനബത്ത 180 പൈസയായി വര്‍ദ്ധിപ്പിച്ചു. അതുപോലെ ഖാദി നൂല്‍നൂല്‍ക്കല്‍ തൊഴിലാളികളുടെയും ഉത്സവബത്ത ഹാങ്ക് ഒന്നിന് 30 പൈസയില്‍ നിന്നും 60 പൈസയായി വര്‍ദ്ധിച്ചു.
  • 2015-16 ല്‍ ഉല്പാദന/ഉത്സവബത്തയായി 4 കോടി രൂപ ഖാദി നെയ്ത്തുകാര്‍ക്കും നൂല്‍നൂല്‍ക്കല്‍ തൊഴിലാഴികള്‍ക്കും വിതരണം ചെയ്തു.
  • എല്ലാ ഖാദി തൊഴിലാളികളെയും 1.4.2016 മുതല്‍ ESI ആക്ടിന്റെ പരിധിയില്‍ കൊണ്ടുവരുകയും എല്ലാ ESI ആനുകൂല്യങ്ങള്‍ക്കും അര്‍ഹരാക്കുകയും ചെയ്തു.
  • 2015-16 ല്‍ ഖാദി ബോർഡിൽ ഏറ്റവും കുറഞ്ഞ വേതനം വരുത്താൻ വരുമാനാധിഷ്ഠിതപദ്ധതിയുലൂടെ (Income Support Scheme) 27 കോടി രൂപ എല്ലാ ഖാദി തൊഴിലാളികള്‍ക്കും വിതരണം ചെയ്തു.

പ്രധാനമന്ത്രിയുടെ തൊഴില്‍ദാന പരിപാടിയുടെ (PMEGP) ആനുകൂല്യം ലഭിക്കാത്ത ചെറുകിടസംരംഭകരെയും പരമ്പരാഗത തൊഴിലാളികളെയും ഉദ്ദേശിച്ചു നടപ്പിലാക്കിയ പദ്ധതിയാണ് പ്രത്യേക തൊഴില്‍ദാന പരിപാടി (SEGP). 2015-16 ലെ മൊത്തം പദ്ധതി ചെലവ്

910.59 ലക്ഷം രൂപയാണ്. ഇക്കാലയളവില്‍ 1148 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാൻ സാധിച്ചു. തൊഴിലവസരങ്ങള്‍ ഏറ്റവും കൂടുതല്‍ സൃഷ്ടിച്ച ജില്ല ആലപ്പുഴയും (298) തൊട്ടു പിന്നില്‍ കോട്ടയവുമാണ്(192). സബ്സിഡിയിനത്തില്‍ 294.32 ലക്ഷം രൂപ വിതരണം ചെയ്യുകയും 351 പുതിയ യൂണിറ്റുകള്‍ ആരംഭിക്കുകയും ചെയ്തു. ഖാദിബോര്‍ഡ് ജില്ലാതല ബോധവത്ക്കരണ സെമിനാറുകളും പ്രദര്‍ശനപരിപാടികളും സംഘടിപ്പിച്ചു. സ്വയം തൊഴില്‍ പദ്ധതി വഴി 2015-16 വര്‍ഷത്തെ നേട്ടങ്ങള്‍ ജില്ല തിരിച്ച്, അനുബന്ധം 3.43 ല്‍ ചേര്‍ത്തിരിക്കുന്നു.

സാങ്കേതികവിദ്യയും മൂല്യവര്‍ദ്ധനവും

ഖാദി വ്യവസായം പ്രധാനമായും പരമ്പരാഗതസാങ്കേതികവിദ്യയെയാണ് ആശ്രയിക്കുന്നത്. നിലവിലെ ഉല്പാദന ഉപകരണങ്ങളുടെ ഉല്പാദനക്ഷമത മെച്ചപ്പെടുത്തുന്നതിനുവേണ്ടി ഖാദി ബോര്‍ഡ് ഐ.ഐ.ടി മദ്രാസിന്റെ സഹായത്തോടെ

പുതിയ സാങ്കേതിക വിദ്യാകൂട്ടിച്ചേര്‍ക്കല്‍ പരിപാടി ആരംഭിച്ചിട്ടുണ്ട്. ഖാദി ബോര്‍ഡില്‍ പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിന് സാധ്യത ഏറെയാണ്. 13-ാം പഞ്ചവത്സരപദ്ധതി കാലയളവില്‍ 10,000 പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുവാനാണ് ഖാദി ബോര്‍ഡ് ലക്ഷ്യമിടുന്നത്.

2015-16ലെ വിപണനം

ഖാദി ബോര്‍ഡിനുകീഴില്‍ 208 വില്പനകേന്ദ്രങ്ങളുണ്ട്. ഇതില്‍ ഖാദിഗ്രാമസൗഭാഗ്യ(39), ഖാദിസൗഭാഗ്യ (51), ഗ്രാമസൗഭാഗ്യ (ജി.എസ്.ഡിപ്പോ 15),എന്നിവ കൂടാതെ 3 മൊബൈല്‍ വാനുകളും പ്രവര്‍ത്തിക്കുന്നു. 2015 ല്‍ ഖാദിബോര്‍ഡ് ഓണം മേള സംഘടിപ്പിക്കുകയുണ്ടായി. സംസ്ഥാനതല ഓണം മേള 2015 ജൂലൈമാസം 23-ാം തിയ്യതി കണ്ണൂരില്‍ സംഘടിപ്പിച്ചു. ലക്ഷ്യമിട്ടിരുന്ന 25 കോടി രൂപയെ മറികടന്ന് 25.8 കോടിരൂപയുടെ വില്പന നടത്തുവാന്‍ 2015 ഓണംമേളയിലൂടെ സാധിച്ചു. 2016-17 ലെ ജില്ല തിരിച്ചുള്ള വിപണനം (2016 സെപ്തംബര്‍ 30 വരെ) പട്ടിക 3.10 ല്‍ ചേര്‍ത്തിരിക്കുന്നു.

പട്ടിക 3.10
2016-17 ലെ ജില്ല തിരിച്ചുള്ള വാർഷിക (30/09/2016 വരെയുള്ള കണക്ക്)
ക്ര.നർ. ജില്ല 2016-17ലെ ലക്ഷ്യമിട്ട തുക (ലക്ഷത്തിൽ) വിതരണ കേന്ദ്രങ്ങളുടെ എണ്ണം തുക (ലക്ഷത്തിൽ)
1 തിരുവനന്തപുരം 400 18 282.20
2 കൊല്ലം 300 15 291.99
3 പത്തനംതിട്ട 175 7 247.94
4 ആലപ്പുഴ 225 8 205.26
5 കോട്ടയം 270 16 189.22
6 ഇടുക്കി 140 3 141.80
7 എറണാകുളം 885 12 569.08
8 തൃശൂർ 300 19 199.07
9 പാലക്കാട് 325 19 245.71
10 മലപ്പുറം 130 14 88.80
11 കോഴിക്കോട് 450 29 254.07
12 വയനാട് 60 1 36.87
13 പികെസി (കണ്ണൂർ, കാസർഗോഡ്) 1640 47 1393.49
  ആകെ 5300 208 4145.5
അവലംബം: ഖാദി ഗ്രാമ വ്യവസായ ബോർഡ്, കേരളം സർക്കാർ

ഖാദിഗ്രാമവ്യവസായ വകുപ്പിലെ പരിമിതികളും ഭാവി തന്ത്രങ്ങളും

ഈ മേഖലയില്‍ നിന്നും തൊഴിലാളികള്‍ കൊഴിഞ്ഞു പോകുന്നതിനുപ്രധാനകാരണം മറ്റുമേഖലകളിലെ ആകര്‍ഷണീയവരുമാനവും അവസരങ്ങളുമാണ്. വിറ്റഴിക്കാത്ത ഖാദി ഉല്പന്നങ്ങളുടെ അമിതശേഖരം, ബാങ്ക് വായ്പ നേടുന്നതിനുള്ള പ്രയാസം, പുതിയ വിപണന തന്ത്രങ്ങള്‍ സ്വീകരിക്കുന്നതിലുള്ള പോരായ്മ, ഉല്പന്നവൈവിദ്യ കുറവ്, ഉല്പന്നങ്ങളുടെ മോശം ഗുണനിലവാരം, ഉയര്‍ന്ന ഉല്പാദനചെലവ് എന്നിവയാണ് ഈ മേഖലയെ നിശ്ചലാവസ്ഥയ്ക്ക് കാരണമാക്കുന്ന മറ്റ് പ്രധാനതടസ്സങ്ങള്‍. പോഷകസംഘങ്ങളെ ശക്തിപ്പെയുത്തുകയും ഗവേഷണവികസന നടപടികള്‍ ഊര്‍ജ്ജിതപ്പെടുത്തേണ്ടതും അത്യാവശ്യമാണ്. അതിന് ഗവണ്മെന്റിന്റെയും വകുപ്പിന്റയും ഭാഗത്തുനിന്നും പ്രായോഗികമായ സമീപനം ഉണ്ടാകണം. എങ്കിൽ മാത്രമെ ഈ വ്യവസായത്തെ നവീകരണ മാർഗ്ഗത്തിലേക് കൊണ്ടുവരാൻ സാധിക്കൂ.

കയര്‍ വ്യവസായം

ലോകത്ത് ഏറ്റവും കൂടുതല്‍ കയര്‍ ഉത്പാദിപ്പിക്കുന്ന രാജ്യമാണ് ഇന്ത്യ. ഇന്ത്യയുടെ ചകിരി ഉല്‍പ്പാദനം ലോക ഉല്‍പ്പാദനത്തിന്റെ 80 ശതമാനത്തില്‍ അധികം വരും. ചൈന, യു.എസ്.എ, നെതര്‍ലാന്റ്, സൌത്ത് കൊറിയ, സ്പെയിന്‍ തുടങ്ങിയ രാജ്യങ്ങളുള്‍പ്പെടെ 115 രാജ്യങ്ങളില്‍ കയറും കയറുത്പ്പന്നങ്ങളും കയറ്റുമതി ചെയ്യുന്നുണ്ട്. പത്തൊന്‍പതാം നൂറ്റാണ്ടിലാണ് കേരളത്തില്‍ കയര്‍ വ്യവസായത്തിന് തുടക്കം കുറിച്ചത്. സംസ്ഥാനത്തിലെ ദൈര്‍ഘ്യമേറിയ തീരദേശങ്ങള്‍, തടാകങ്ങള്‍, കായലുകള്‍ എന്നിവ കയര്‍ വ്യവസായത്തിന് അനുകൂലമായ ഘടകങ്ങളായി വര്‍ത്തിക്കുന്നു. തമിഴ്നാട്, കര്‍ണ്ണാടക, ആന്ധ്രാപ്രദേസ്, ഒറീസ്സ, പശ്ചിമബംഗാള്‍, ആസ്സാം, ത്രിപുര തുടങ്ങിയ സംസ്ഥാനങ്ങളില്‍ നാളികേരോത്പാദനം വര്‍ദ്ധിച്ചതിന്റെ അടിസ്ഥാനത്തില്‍ കയര്‍ വ്യവസായവും ഉയര്‍ന്നു വരുന്നുണ്ട്.

ഇന്ത്യയുടെ മൊത്തം കയര്‍ ഉത്പാദനത്തിന്റെ 85 ശതമാനവും കേരളത്തില്‍ നിന്നാണ്. കയര്‍ വ്യവസായം പ്രധാനമായും നാല് ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ് പ്രവര്‍ത്തിക്കുന്നത്. അവ,

  1. തൊണ്ട് കുതിര്‍ത്ത് ചകിരി നാര് വേര്‍തിരി ച്ചെടുക്കുന്ന മേഖല
  2. പിരി മേഖല
  3. ഉല്പാദന മേഖല
  4. കയറ്റുമതി ഉള്‍പ്പടെയുള്ള വ്യാപാര മേഖല എന്നിവയാണ്.

ഈ കൃഷി അധിഷ്ഠിത ഗ്രാമ വ്യവസായം കേരളത്തിന്റെ തീരദേശങ്ങളിലുള്ള ഏകദേശം 2 ലക്ഷത്തോളം കുടുംബങ്ങളുടെ ജീവനോപാധിയാണ്. കയര്‍ മേഖലയെ സഹകരണ മേഖല വളരെയധികം സ്വാധീനിക്കുന്നുണ്ട്. കയര്‍, യാണ്‍ ഉല്പാദകര്‍, ഉല്പന്ന നിര്‍മ്മാതാക്കള്‍, കയറ്റുമതിക്കാര്‍ എന്നിവരുടെയിടയില്‍ സ്വകാര്യ മേഖലയില്‍ നിന്നുള്ളവര്‍ക്ക് വളരെ വലിയൊരു പങ്കുണ്ട്.

കയര്‍ വികസന ഡയറക്ടറേറ്റും കയര്‍ മേഖലയിലെ മറ്റ് ഏജന്‍സികളും

കേരളത്തിലെ കയര്‍ മേഖലയ്ക്കാവശ്യമായ പദ്ധതികളും പ്രവര്‍ത്തനങ്ങളും ഏകോപിപ്പിക്കുന്ന ചുമതല കയര്‍ വികസന ഡയറക്ടറേറ്റിനാണ്. സംസ്ഥാനത്തെ കയര്‍ വ്യവസായത്തിന്റെ സുഗമമായ പ്രവര്‍ത്തനത്തെ പ്രോത്സാഹിപ്പിക്കുന്നതും കയര്‍ വികസന ഡയറക്ടറേറ്റാണ്. കേരള സംസ്ഥാന സഹകരണ കയര്‍ മാര്‍ക്കറ്റിംഗ് ഫെഡറേഷന്‍ (കയര്‍ ഫെഡ്)കേരള സംസ്ഥാന കയര്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് (കെ.എസ്.സി.സി), ഫോം മാററിംഗ്സ് ഇന്ത്യ ലിമിറ്റഡ് (എഫ്.ഒ.എ.ഐ.എല്‍) ദേശീയ കയര്‍ ഗവേഷണ മാനേജ്മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ട് (എന്‍.സി.ആര്‍.എം.ഐ), സെന്‍ട്രല്‍ കയര്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്, കയര്‍ ബോര്‍ഡ് എന്നിവയാണ് കയര്‍ മേഖലയുടെ വികസനവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന പ്രധാനപ്പെട്ട സ്ഥാപനങ്ങള്‍. കേരളത്തിലെ കയര്‍ വ്യവസായത്തിന്റെ വികസനത്തിനും പ്രോത്സാഹനത്തിനുമായുള്ള കേന്ദ്രഗവണ്‍മെന്റിന്റെ സഹായം കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കയര്‍ ബോര്‍ഡ് വഴിയാണ് ലഭിക്കുന്നത്.

കേരള സംസ്ഥാന സഹകരണ കയര്‍ മാര്‍ക്കറ്റിംഗ് ഫെഡറേഷന്‍ (കയര്‍ഫെഡ്)

കേരളത്തിലെ കയര്‍ വ്യവസായ മേഖലയില്‍ വ്യാപിച്ചു കിടക്കുന്ന പ്രാഥമിക സഹകരണ സംഘങ്ങളുടെ അപ്പെക്സ് ഏജന്‍സിയാണ് കയര്‍ഫെഡ്. അംഗങ്ങളായുള്ള സഹകരണ സംഘങ്ങളില്‍ നിന്നും കയര്‍ ഉത്പന്നങ്ങള്‍ ശേഖരിക്കുകയും വിപണനം ചെയ്യുകയുമാണ് കയര്‍ ഫെഡിന്റെ പ്രധാന പ്രവര്‍ത്തനം. നിലവില്‍ കയര്‍ ഫെഡിന് മൂല്യ വര്‍ദ്ധിത ഉല്പന്നങ്ങൾ, റബ്ബര്‍ അധിഷ്ഠിത കയര്‍ മാറ്റുകള്‍ എന്നിങ്ങനെ രണ്ട് ഫാക്ടറികളുണ്ട്. കൂടാതെ നാല് ഡീഫൈബറിംഗ് യൂണിറ്റുകളുമുണ്ട്. കയര്‍ഫെഡിന്റെ കയറ്റുമതി 2014-15 ല്‍ 13.11 ലക്ഷം രൂപയായിരുന്നത് 2015-16 ല്‍ 29.17 ലക്ഷം രൂപയായി ഉയര്‍ന്നിട്ടുണ്ട്.

കേരള സംസ്ഥാന കയര്‍ കോര്‍പ്പറേഷന്‍ ( കെ.എസ്.സി.സി)

കേരളത്തിലെ കയര്‍ വ്യവസായത്തിന്റെ വ്യവസ്ഥാപിതമായ പുരോഗതിക്കായി 1969 ലാണ് കേരള സംസ്ഥാന കയര്‍ കോര്‍പ്പറേഷന്‍ സ്ഥാപിക്കപ്പെട്ടത്. ചെറുകിട കയര്‍ ഉല്‍പാദകര്‍ക്ക് ഉല്‍പാദന - വിപണന സൌകര്യങ്ങള്‍ സജ്ജീകരിക്കുന്നത് കയര്‍ കോര്‍പ്പറേഷനാണ്. കയര്‍ പിരി ഉല്‍പ്പന്നങ്ങളുടെയും അനുബന്ധ ഉല്‍പ്പന്നങ്ങളുടെയും ഉല്പാദനവും കോര്‍പ്പറേഷനില്‍ നിക്ഷിപ്തമാണ്. കയര്‍ മേഖലയില്‍ വില വ്യതിയാന സ്ഥിരതാ ഫണ്ട് പദ്ധതി നടപ്പിലാക്കുന്നത് കയര്‍ കോര്‍പ്പറേഷന്‍ മുഖേനയാണ്. ഈ പദ്ധതി അനുസരിച്ച് ചെറുകിട ഉല്പാദകരില്‍ നിന്നുള്ള ഉല്പന്നങ്ങള്‍ ഇടനിലക്കാരെ ഒഴിവാക്കി കയര്‍ കോര്‍പ്പറേഷന്‍ ശേഖരിക്കുന്നു. കയര്‍ കോര്‍പ്പറേഷന്റെ കയറ്റുമതി മൂല്യം 2014-15 ല്‍ 4.16 കോടി രൂപയായിരുന്നത് 2015-16 ല്‍ 8.14 കോടി രൂപയായി വര്‍ദ്ധിച്ചു.

ഫോം മാറ്റിംഗ്സ് ഇന്ത്യ ലിമിറ്റഡ് (ഫോമില്‍)

മൂല്യ വര്‍ദ്ധിത കയര്‍ ഉല്പന്നങ്ങളുടെ പ്രോത്സാഹനത്തിനായി 1979- ല്‍ നിലവില്‍ വന്ന സ്ഥാപനമാണ് ഫോമില്‍. സാങ്കേതിക വിദ്യ, യന്ത്ര ങ്ങള്‍ എന്നിവയുടെ ഉപയോഗത്തിനാണ് ഫോമില്‍ പ്രധാന്യം നല്‍കുന്നത്. ലാറ്റക്സ് ബാക്കിംഗ് പ്ലാന്റിലൂടെ ലാറ്റക്സ് അധിഷ്ഠിത മാറ്റിംഗുകളുടെ നിര്‍മ്മാണം, ആധുനിക ഡൈഹൌസ്, അര്‍ദ്ധ/പൂര്‍ണ്ണ സ്വയം പ്രവര്‍ത്തിത യന്ത്രത്തറികള്‍, അനുബന്ധ സൌകര്യങ്ങള്‍, തടസ്സമില്ലാത്ത വൈദ്യുതി വിതരണം എന്നിവയ്ക്ക് തുടക്കം കുറിച്ചിട്ടുണ്ട്. ഡെന്‍മാര്‍ക്കില്‍ നിന്നും യന്ത്രങ്ങള്‍ ഇറക്കുമതി ചെയ്തതിനെ തുടര്‍ന്ന് 1980 ലാണ് ലാറ്റക്സ് അധിഷ്ഠിത ഉല്പാദന സൗകര്യം ആരംഭിച്ചത്. ഇന്നും ലാറ്റക്സ് അധിഷ്ഠിത ഉല്പാദനത്തില്‍ കുത്തക ഫോമില്ലിന് തന്നെയാണ്. യന്ത്രത്തറി മേഖലയിലെ കയറ്റുമതിക്കാരെ സഹായിക്കുന്നതിനായി 2000-ല്‍ ആധുനിക രീതിയിലുള്ള ഒരു ഡൈ ഹൌസും ആരംഭിച്ചിട്ടുണ്ട്. ഫോമില്ലിന്റെ കയറ്റുമതി മൂല്യം 2014-15- ല്‍ 49.99 ലക്ഷം രൂപയായിരുന്നത് 2015-16- ല്‍ 13.05 ലക്ഷം രൂപയായി കുറഞ്ഞിട്ടുണ്ട്.

ദേശീയ കയര്‍ ഗവേഷണ മാനേജ്മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ട് (എന്‍.സി.ആര്‍.എം.ഐ)

ഗവേഷണ വികസന പ്രവര്‍ത്തനങ്ങളിലൂടെ മൂല്യ വര്‍ദ്ധിത ഉത്പന്നങ്ങളും രൂപ കല്പനാധിഷ്ഠിത ഉത്പന്നങ്ങളും വികസിപ്പിച്ച്, ‘ന്യായവിലയ്ക്ക് കയര്‍ ഉത്പന്നങ്ങള്‍ ലഭ്യമാക്കുക’ എന്നതാണ് ഈ സ്ഥാപനത്തിന്റെ പ്രധാന പ്രവര്‍ത്തനം. ദേശീയവും അന്തര്‍ദേശീയവുമായ സമാന ഗവേഷണ സ്ഥാപനങ്ങളുമായുള്ള സഹ പ്രവര്‍ത്തനത്തിലൂടെ പുതിയ കയര്‍ സാങ്കതിക വിദ്യകളില്‍ പഠനങ്ങളും എന്‍.സി.ആര്‍.എം.ഐ നടത്തുന്നുണ്ട്.

കേന്ദ്രകയര്‍ ഗവേഷണ സ്ഥാപനം

കേന്ദ്രകയര്‍ ബോര്‍ഡിന്റെ പ്രധാനപ്പെട്ട ഒരു കയര്‍ ഗവേഷണ സ്ഥാപനമാണ് ആലപ്പുഴയിലെ കലവൂരിലുള്ള കേന്ദ്രകയര്‍ ഗവേഷണ സ്ഥാപനം. 1959- ല്‍ സ്ഥാപിതമായ ഈ സ്ഥാപനത്തിന് ഭാരത സര്‍ക്കാരിന്റെ കീഴിലുള്ള ശാസ്ത്ര സാങ്കേതിക വകപ്പിന്റെ അംഗീകാരം ലഭിച്ചിട്ടുണ്ട്. കയര്‍ വ്യവസായവുമായി ബന്ധപ്പെട്ട ഏല്ലാ ശാസ്ത്ര സാങ്കേതിക പ്രവര്‍ത്തനങ്ങളും നടപ്പിലാക്കുന്നത് ഈ സ്ഥാപനമാണ്.

കേരള സംസ്ഥാന കയര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്

കയര്‍ മേഖലയില്‍ ജോലി ചെയ്യുന്ന പാവപ്പെട്ടവരും അധ:സ്ഥിതരുമായ തൊഴിലാളികളുടെ ഉന്നമനത്തിനു വേണ്ടി രൂപീകരിച്ച വ്യവസ്ഥാപിത സ്ഥാപനമാണ് കേരള സംസ്ഥാന കയര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്. 2016 ജൂലൈ 31 ലെ കണക്ക് പ്രകാരം ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്ത 208251 കയര്‍ തൊഴിലാളികളുണ്ട്. ഇതില്‍ ഏകദേശം 80 ശതമാനവും സ്ത്രീകളാണ്. ഇവിടെ നിന്നും പെന്‍ഷനും മററു സഹായങ്ങളും അംഗങ്ങള്‍ക്ക് ലഭ്യമാക്കുന്നുണ്ട്. (അവലംബം: കേരള സംസഥാന കയര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്, ആലപ്പുഴ).

കയര്‍ സഹകരണ സംഘങ്ങള്‍

കയറുല്‍പ്പന്ന നിര്‍മ്മാണത്തിനാവശ്യമായ ചകിരിനാര് ശേഖരണം, സംസ്കരണം, വിവിധങ്ങളായ കയറുല്‍പ്പന്നങ്ങളുടെ നിര്‍മ്മാണം എന്നീ പ്രക്രിയകളില്‍, കയര്‍ സഹകരണ സംഘങ്ങള്‍ സുപ്രധാന പങ്കു വഹിക്കുന്നു. 2016 മാര്‍ച്ച് 31 വരെയുള്ള കണക്കനുസരിച്ച് രജിസ്റ്റര്‍ ചെയ്ത കയര്‍ സഹകരണ സംഘങ്ങളുടെ എണ്ണം 1007 ആണ്. കയര്‍ ഡയറക്ടറേറ്റിന്റെ കണക്കനുസരിച്ച് 16 പുതിയ യൂണിറ്റുകള്‍ 2015-16ല്‍ രജിസ്ററര്‍ ചെയ്തിട്ടുണ്ട്. കൂടാതെ പ്രവർത്തനോന്മുഖമായ സഹകരണ സംഘങ്ങളുടെ എണ്ണം 2014-15 വര്‍ഷത്തില്‍ 536 ല്‍ നിന്ന് 544 ആയി വര്‍ദ്ധിച്ചു. അതായത് 8 എണ്ണത്തിന്റെ വര്‍ദ്ധനവ് ഉണ്ടായി. വിശദാംശങ്ങള്‍ അനുബന്ധം 3.44 ല്‍ ചേര്‍ത്തിരിക്കുന്നു.

തൊണ്ട് ശേഖരണവും ചകിരിനാര് നിര്‍മ്മാണവും


കേരളത്തിലെ കയര്‍ സഹകരണ സംഘങ്ങള്‍ 2015-16ല്‍ 1.21 കോടി രൂപ ചെലവില്‍ 0.98 കോടി എണ്ണം തൊണ്ടും 33.93 കോടി രൂപ ചെലവില്‍ 11847.27 ടണ്‍ ചകിരി നാരും സംഭരിച്ചിട്ടുണ്ട്. 54.59 കോടി രൂപ മൂല്യത്തിന് ഏകദേശം 10771.11 ടണ്‍ കയര്‍ ഉല്പാദിപ്പിച്ചിട്ടുണ്ട്. മുന്‍ വര്‍ഷവുമായി താരതമ്യപ്പെടുത്തുമ്പോള്‍ തൊണ്ട് സംഭരണം 2015-16ല്‍ വര്‍ദ്ധിച്ചിട്ടുണ്ട്. 2015-16ല്‍ 455 കയര്‍ സഹകരണ സംഘങ്ങള്‍ കയര്‍ ഇഴ നിര്‍മ്മാണ മേഖലയിലും 76 എണ്ണം കയര്‍ ഉല്പന്ന മേഖലയിലും പ്രവര്‍ത്തിക്കുന്നു. 2015-16ല്‍ കയര്‍ ഉല്പാദക മേഖലയിലും ഉല്പന്ന മേഖലയിലും നല്‍കിയിരിക്കുന്ന മൊത്തം കൂലി യഥാക്രമം 3083.58 ലക്ഷം രൂപയും 657.4 ലക്ഷം രൂപയുമാണ്. കഴിഞ്ഞ 5 വര്‍ഷത്തെ വിശദാംശങ്ങള്‍ അനുബന്ധം 3.45 ല്‍ കൊടുത്തിരിക്കുന്നു.

പട്ടിക 3.11
കയര്‍ മേഖലയിലെ തൊഴിലാളികളുടെ വയസ്സ് തിരിച്ചുളള വിവരങ്ങള്‍ (2015-16ലേത്)
ക്രമ നമ്പര്‍ വയസ് തൊഴിലാളികളുടെ എണ്ണം
പുരുഷന്മാര്‍ സ്ത്രീകള്‍ ആകെ തൊഴിലാളികള്‍
1 25-ഉം അതില്‍ താഴെയും 22 343 365
2 26-35 88 1952 2040
3 36-45 222 4958 5180
4 46-55 485 7122 7607
5 56-65 496 3525 4021
6 65 വയസ്സിനു മുകളില്‍ 100 300 400
7 എല്ലാ വയസിലുമുള്ളവര്‍ 1413 18200 19613
അവലംബം : കയര്‍ വികസന ഡയറക്ടറേറ്റ് (ഇൻകം സപ്പോർട്ട് സ്കീം പ്രകാരം)
ചിത്രം 3.19
കയര്‍ മേഖലയിലെ തൊഴിലാളികളുടെ വയസ്സ് തിരിച്ചുളള വിവരങ്ങള്‍ (2015-16)
അവലംബം : കയര്‍ വികസന ഡയറക്ടറേറ്റ്

കയര്‍ മേഖലയിലെ തൊഴിലാളികളുടെ വയസ്സ് തിരിച്ചുളള വിവരങ്ങള്‍

2015-16ല്‍ കയര്‍ മേഖലയിലെ തൊഴിലാളികളുടെ വയസ് തിരിച്ചുള്ള വിവരങ്ങള്‍ ചുവടെ പട്ടിക 3.11 ലും ചിത്രം 3.19 ലും ചേര്‍ത്തിരിക്കുന്നു.കയര്‍ മേഖലയിലെ തൊഴിലാളികളില്‍ 80 ശതമാനവും സ്ത്രീകളാണെന്നും 25 വയസ്സിനും അതില്‍ താഴെയുമുള്ളവര്‍ വളരെ കുറവാണെന്നും ചിത്രം 3.19 ൽ നിന്നും കാണാവുന്നതാണ്. പുരുഷ തൊഴിലാളികളില്‍ ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ കൂടുതല്‍ 56-65 വയസ്സിനിടയിലുള്ളവരും സ്ത്രീ തൊഴിലാളികള്‍ കൂടുതലും 46-55 വയസ്സിനിടയിലുള്ളവരുമാണ്. അതുപോലെ തന്നെ 65 വയസിനു മുകളിലുള്ളവര്‍ ജോലിക്കെത്തുന്നത് വളരെ കുറവാണെന്നും കാണാന്‍ സാധിക്കും.

കയര്‍, കയറുല്‍പ്പന്നങ്ങള്‍ എന്നിവയുടെ കയറ്റുമതി

2014-15 സാമ്പത്തിക വര്‍ഷം, കയറിന്റെയും കയറുല്‍പ്പന്നങ്ങളുടെയും കയറ്റുമതി മൂല്യവും അളവും 1630.34 കോടി രൂപയും 626666 MT യും ആയിരുന്നത് 2015-16ല്‍ 1901.43 കോടി രൂപയും 752020 MTയും ആയി വര്‍ദ്ധിച്ചിട്ടുണ്ട്. അതായത് 20 ശതമാനം വര്‍ദ്ധനവ് അളവിലും 17 ശതമാനം മൂല്യത്തിലും രേഖപ്പെടുത്തിയതായി കണക്കാക്കുന്നു. കയര്‍നാര്, കയര്‍ റഗ്സ്, കയര്‍ പിത്ത്, കയര്‍ റോപ്പ്, കയര്‍ യാണ്‍, കയര്‍ ജിയോ ടെക്സ്റ്റൈല്‍സ്, കൈത്തറി മാറ്റിങ്ങ്സ്, യന്ത്രത്തറി മാറ്റിങ്ങ്സ്, റബ്ബറൈസ്ഡ് കയര്‍, മറ്റു പലതരം ഉല്പ്പന്നങ്ങള്‍ തുടങ്ങിയവയാണ് 2015-16ല്‍ ഇന്ത്യയില്‍ നിന്നുള്ള പ്രധാന കയര്‍ കയറ്റുമതി ഉല്പന്നങ്ങള്‍. കഴിഞ്ഞ 5 വര്‍ഷത്തെ കേരളത്തിലെ കയര്‍ പൊതുമേഖലാ സ്ഥാപനങ്ങള്‍/കയര്‍ഫെഡ് വഴിയുള്ള കയര്‍, കയറുല്‍പ്പന്നങ്ങള്‍ എന്നിവയുടെ വിശദാംശങ്ങള്‍ അനുബന്ധം 3.46 ലും ചിത്രം 3.20 ലും കാണിച്ചിരിക്കുന്നു.

ചിത്രം 3.20
സംസ്ഥാനപൊതുമേഖലാ സ്ഥാപനങ്ങളുടെ കയര്‍ കയറുല്പന്ന കയറ്റുമതി 2011-12 മുതല്‍
അവലംബം: കയര്‍ വികസന ഡയറക്ടറേറ്റ്

കേരളത്തിലെ കയര്‍ പൊതുമേഖലാ സ്ഥാപനങ്ങളുടെ കയറിന്റേയും കയര്‍ ഉല്പന്നങ്ങളുടെയും കയറ്റുമതി അനുകൂലമായ ഗതിയാണ് കാണിക്കുന്നത്. മുൻവര്‍ഷവുമായി താരതമ്യപ്പെടുത്തുമ്പോള്‍ 2015-16ല്‍ 80% കയറ്റുമതി വര്‍ദ്ധനവ് കാണിക്കുന്നതായി കാണാം. കേരളാ സ്റ്റേറ്റ് കയര്‍ കോര്‍പ്പറേഷന്റെ കയറ്റുമതിയിലുണ്ടായ വര്‍ദ്ധനവാണിതിന് കാരണം. ദേശീയ തലത്തില്‍ പലവര്‍ഷങ്ങളിലും വ്യതിയാനം കാണിക്കുന്നുണ്ടെങ്കിലും ഉല്പാദനത്തിലും കയറ്റുമതിയിലും അനുകൂലമായ ഗതിയാണ് കാണിക്കുന്നത്. സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങളുടെ കയറ്റുമതിയും ദേശീയ തലത്തിലുള്ള കയറ്റുമതിയും തമ്മിലുള്ള താരതമ്യം ചിത്രം 3.21ല്‍ കാണിച്ചിരിക്കുന്നു.

ചിത്രം 3.21
കയര്‍ മേഖലയിലെ വളര്‍ച്ചാനിരക്കിന്റെ കേരളത്തിലെ കയര്‍ പൊതുമേഖലയും ദേശീയ തലവും തമ്മിലുള്ള താരതമ്യം
അവലംബം: കയർ ബോർഡ് സ്റ്റാറ്റിസ്റ്റിക്സ്, കയര്‍ വികസന ഡയറക്ടറേറ്റ് കേരളസർക്കാർ
പട്ടിക 3.12
പന്ത്രണ്ടാം പഞ്ചവത്സരക്കാലത്ത് കയര്‍ മേഖലയ്ക്കനുവദിച്ച സംസ്ഥാന പദ്ധതി വിഹിതവും പദ്ധതിച്ചെലവും (രൂപ ലക്ഷത്തില്‍)
വര്‍ഷം പദ്ധതി വിഹിതം പദ്ധതിച്ചെലവ് ചെലവ് വിഹിതത്തിന്റെ ശതമാനത്തില്‍
2012-13 10070.00 9838.05 97.69
2013-14 11137.00 6640.76 59.63
2014-15 11693.90 5817.76 49.75
2015-16 11694.00 6828.52 58.59
2016-17* 11700.00 2692.91 23.02
മൊത്തം തുക 56294 31811.9 56.52
അവലംബം : 2012-13 മുതല്‍ 2016-17 വരെയുള്ള സംസ്ഥാന ആസൂത്രണ ബോര്‍ഡിന്റെ ബഡ്ജറ്റ്, പ്ലാന്‍ സ്പേസ്,
*2016 ഒക്ടോബ൪30 വരെയുള്ള വിവരങ്ങൾ
ചിത്രം 3.22
കേരളത്തിലെ കയര്‍ മേഖലയുടെ പദ്ധതിവിഹിതവും പദ്ധതിച്ചെലവും
അവലംബം : 2012-13 മുതല്‍ 2016-17 വരെയുള്ള സംസ്ഥാന ആസൂത്രണ ബോര്‍ഡിന്റെ ബഡ്ജറ്റ്, പ്ലാന്‍ സ്പേസ്

2012-13 സാമ്പത്തിക വര്‍ഷം മുതല്‍ 2016-17 വരെ കയര്‍ മേഖലയ്ക്ക് അനുവദിച്ച പദ്ധതി വിഹിതവും പദ്ധതിച്ചെലവും പട്ടിക 3.12 ല്‍ കാണിച്ചിരിക്കുന്നു.

2013-14നും 2015-16നും ഇടയ്ക്ക് പദ്ധതി വിഹിതത്തിന്റെ 50-60 ശതമാനം വരെയാണ് പദ്ധതിച്ചെലവെന്ന് കാണാന്‍ സാധിക്കും. പന്ത്രണ്ടാം പഞ്ചവത്സര പദ്ധതികകാലയളവിലെ ആദ്യത്തെ നാല് വര്‍ഷത്തെ പദ്ധതി വിഹിതവും പദ്ധതിച്ചെലവും ചിത്രം 3.22ല്‍ കാണിച്ചിരിക്കുന്നു.

പദ്ധതിവിഹിതത്തിന്റെ മോശമായ വിനിയോഗ ത്തിന്റെ കാരണങ്ങള്‍ അപ്രായോഗികമായ പ്രൊപ്പോസലുകള്‍, സാങ്കേതികവും

ഭരണതലത്തിലുമുള്ള പരിമിതികള്‍, കര്‍മ്മസമിതികളില്‍ അംഗീകാരം ലഭിച്ചാലും പ്രോജക്ടുകള്‍ക്ക് അനുമതി ലഭിക്കാനുള്ള കാലതാമസം മുതലായവയാണ്.

ബോക്സ് നമ്പര്‍ 3.8
കേരളത്തിലെ കയര്‍ വ്യവസായത്തിന്റെ പ്രധാന നേട്ടങ്ങള്‍
  • കയര്‍ വികസന വകുപ്പ് ആലപ്പുഴയില്‍ ‘കയര്‍ കേരള 2016’ സംഘടിപ്പിച്ചു. പ്രകൃതിദത്ത നാരുകളുടെയും അനുബന്ധ ഉല്‍പ്പന്നങ്ങളുടെയും മേളയില്‍ ഇന്ത്യയിലെ വിവിധ ഭാഗങ്ങളിൽ നിന്നും 38 മറ്റു രാജ്യങ്ങളില്‍ നിന്നുമുള്ള ബയേഴ്സ് പങ്കെടുത്തു.
  • 2015-16ല്‍ 269 സൊസൈറ്റികള്‍ക്കായി 5 കോടി രൂപ വിതരണം ചെയ്തു. 2015-16-ല്‍ 25 മാറ്റ്സ് ആന്റ് മാറ്റിംഗ്സ് സൊസൈറ്റികള്‍, കയര്‍ കോര്‍പ്പറേഷന്‍, ഫോം മാറ്റിംഗ്സ് ഇന്ത്യ ലിമിറ്റഡ്, കയര്‍ഫെഡ് എന്നിവയ്ക്കായി 8 കോടി രൂപവിതരണം ചെയ്തു.
  • 2015-16ല്‍ 25.4 കോടി രൂപ കയര്‍തൊഴിലാളികള്‍ക്കുള്ള പെന്‍ഷനും സമാന ധനസഹായവുമായി വിതരണം ചെയ്തു.
  • പശ്ചാത്തല സൌകര്യ വികസനത്തിനായി 196 സംഘങ്ങള്‍ക്ക് സഹായം നല്കി.
  • ചിറയിന്‍കീഴ്, കൊല്ലം, കായംകുളം എന്നിവിടങ്ങളിലെ തൊഴിലാളികള്‍ക്ക് ഇലക്ട്രോണിക് റാട്ടില്‍ കയര്‍ പിരിക്കുന്നതിനുള്ള പരിശീലനം നല്കി. 20 സംഘങ്ങള്‍ക്ക് ഗവണ്‍മെന്റ് ഓഹരി പങ്കാളിത്ത സഹായം നല്കി.
  • ആലപ്പുഴയില്‍ കയര്‍ മെഷിനറി മാനുഫാക്ചറിങ് ഫാക്ടറി ഉദ്ഘാടനം ചെയ്തു.

കയര്‍ വികസനത്തിന്റെ ഊന്നല്‍ മേഖലകള്‍

രാജ്യത്തിലെ കയര്‍ മേഖലയുടെ ആധുനീകരണത്തിന് ഉതകുന്ന ധാരാളം പദ്ധതികളുണ്ട്. ക്ലസ്റ്റര്‍ വികസന പദ്ധതി, തൊണ്ട് ശേഖരണത്തിനും സംഭരണത്തിനുമുളള സംവിധാനം, ഉല്പന്ന വികസനം, സാങ്കേതിക വിദ്യ നിലവാരമുയര്‍ത്തല്‍, ഗുണനിലവാരം മെച്ചപ്പെടുത്തല്‍, മൂല്യവര്‍ദ്ധനവ്, വൈവിദ്ധ്യവല്‍ക്കരണം എന്നിവയ്ക്കുള്ള പദ്ധതികള്‍ മുതലായവ ഇതിലുള്‍പ്പെടുന്നു.

ദേശീയ കയര്‍ നയം -2015

കയര്‍ വ്യവസായത്തിന്റെ സമഗ്ര വികസനത്തിനായി കയര്‍ ബോര്‍ഡ് ദേശീയ കരട് കയര്‍ നയവും വിഷന്‍ 2025-ഉം ആവിഷ്കരിച്ചിട്ടുണ്ട്. ഈ നയത്തിൽ, ഭാരത സര്‍ക്കാര്‍, ഇന്ത്യയുടെ കയര്‍ വികസന കാഴ്ചപ്പാടുകളും 2025 നകം ഈ മേഖലയില്‍ കൈവരിക്കേണ്ട ലക്ഷ്യങ്ങളും സാമാന്യമായി പ്രതിപാദിച്ചിരിക്കുന്നു. ദേശീയ കയര്‍ നയത്തിന്റെ സാമാന്യ ലക്ഷ്യങ്ങള്‍ താഴെ പറയും പ്രകാരമാണ്.

  • നാളികേര ഉല്പാദന സംസ്ഥാനങ്ങളിലെ ലഭ്യമായ തൊണ്ടിന്റെ ഉപയുക്തത കൂട്ടി, പരമാവധി ചകിരി സംസ്ക്കരിക്കല്‍
  • ചകിരി നാരിന്റെയും കയറുല്പന്നങ്ങളുടെയും ഗുണനിലവാരം മെച്ചപ്പെടുത്തല്‍
  • കയര്‍/കയര്‍ ഉല്പന്നങ്ങളുടെ മേന്മ വര്‍ദ്ധനവിലൂടെ, മൂല്യ വര്‍ദ്ധനവും തദ്വാര വനിതാ ശാക്തീകരണവും
  • മാലിന്യ രഹിത ചകിരി നാരുല്പാദനവും ഉല്പാദന പ്രക്രിയയും
  • സമൂഹത്തിനും പരിസ്ഥിതിയ്ക്കും അനുയോജ്യമായ പുതിയ ഉല്പന്നങ്ങളും ഉല്പാദന രീതികളും അവലംബിക്കല്‍
  • ഉല്പാദനവും ഗുണമേന്മയും ഉറപ്പാക്കി, ഉല്പാദന – സംസ്കരണ വേളകളിലെ മാലിന്യ നിര്‍മ്മാര്‍ജജനത്തിനുതകും വിധം യന്ത്ര നവീകരണം
  • അടിസ്ഥാന സൌകര്യങ്ങളിലെ അപാകതകള്‍ പരിഹരിക്കല്‍
  • കയര്‍ വ്യവസായ അഭിവൃദ്ധി ഉറപ്പാക്കും വിധത്തില്‍ സാങ്കേതിക വിദ്യ നവീകരണവും മെച്ചപ്പെടുത്തലും
  • ശേഷി വര്‍ദ്ധിപ്പിക്കുന്നതിനുള്ള സഹായം
  • നിലവിലുള്ള കയര്‍തൊഴിലാളികള്‍ക്ക് സമ്പൂര്‍ണ്ണ തൊഴിലും പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കലും
  • കയര്‍ വ്യവസായത്തിന്റെ പുത്തന്‍ സാധ്യതകള്‍ കണ്ടത്തുന്നതിനു വേണ്ടി ഗവേഷണ – വികസന പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തല്‍
  • ഉയര്‍ന്ന ഉല്പാദനക്ഷമതയുള്ളതും യന്ത്രസംവിധാനത്തോടും കൂടിയ കയര്‍ പിരിക്കല്‍ യൂണിറ്റുകള്‍ വികസിപ്പിക്കല്‍.
  • തെങ്ങിന്‍ തടിയുടേയും കാതലിന്റെയും പുതു ഉപയോഗ സാധ്യതകളും, ഇന്ത്യയ്ക്കകത്തും പുറത്തും കൂടുതല്‍ വിപണന സാധ്യതകളും കണ്ടെത്തല്‍
  • രാജ്യത്തെ ചകിരി ലഭ്യത വര്‍ദ്ധിപ്പിക്കലും കയര്‍ മേഖലയില്‍ ആരോഗ്യകരമായ മത്സരം ഉറപ്പാക്കലും
  • ആഭ്യന്തര – കയറ്റുമതി - കയറുല്പന്നങ്ങള്‍ വികസിപ്പിക്കല്‍
  • കയര്‍ ഉല്പാദന-കയറ്റുമതി രംഗം, ബഹുരാഷ്ട്ര ധനസഹായത്തോടെ അഭിവൃദ്ധിപ്പെടുത്തത്തക്കവിധം മാതൃക സമീപനം
  • കയര്‍ മേഖലയിലെ തൊഴിലാളികള്‍ക്ക് ക്ഷേമ പദ്ധതികള്‍ നടപ്പിലാക്കല്‍
  • കയര്‍ ഉല്പാദിത മേഖലകളില്‍ കയറ്റുമതി വൈശിഷ്ട്യ കേന്ദ്രങ്ങള്‍ പ്രോത്സാഹിപ്പിക്കല്‍

കയർ മേഖലയ്ക്കായുള്ള കേന്ദ്രപദ്ധതികൾ

  1. മഹിള കയര്‍ യോജന
    കയര്‍ വ്യവസായ മേഖലയില്‍ ഗ്രാമീണ വനിതകള്‍ക്ക് ചകിരി ഉല്പാദനമേഖലയിലും അനുബന്ധ മേഖലകളിലും സ്വയം തൊഴില്‍ സംരംഭങ്ങള്‍ പ്രദാനം ചെയ്യുക എന്ന ഉദ്ദേശ ലക്ഷ്യത്തോടെ നിലവില്‍ വന്ന ആദ്യ പദ്ധതിയാണ് മഹിളാ കയര്‍ യോജന. ഗ്രാമീണ മേഖലയില്‍ ചകിരി പിരിക്കുന്നതിന് യന്ത്രവല്‍കൃത റാട്ടുകള്‍ ഉപയോഗിക്കുന്നതിലൂടെ തൊഴിലവസരങ്ങള്‍, ഗുണം, ഉല്പാദനക്ഷമത, മികച്ച ജോലി സാഹചര്യങ്ങള്‍, തൊഴിലാളികള്‍ക്ക് ഉയര്‍ന്ന വരുമാനം എന്നിവ വര്‍ദ്ധിപ്പിക്കുന്നതിനുള്ള സാധ്യത സൃഷ്ടിക്കപ്പെടുന്നു.
  2. കയര്‍ ഉദ്യമി യോജന
    കയര്‍ വ്യവസായ പുനരുദ്ധാരണം, നവീകരണം, നൂതന സാങ്കേതിക വിദ്യകള്‍ വികസിപ്പിക്കല്‍ എന്നിവയിലൂടെ കയര്‍ മേഖലയുടെ സുസ്ഥിര വികസനം ലക്ഷ്യമിട്ട് വിഭാവനം ചെയ്ത പദ്ധതിയാണ് കയര്‍ ഉദ്യമി യോജന. ഇതിലൂടെ സ്ത്രീകള്‍ക്കും ഗ്രാമീണ മേഖലയിലെ ദുര്‍ബല വിഭാഗങ്ങള്‍ക്കും കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിന് അവസരം ഉണ്ടാക്കുന്നു.

2015-16-ല്‍ കയര്‍ വികസന ഡയറക്ടറേറ്റ് വഴി നടപ്പിലാക്കി വരുന്ന പ്രധാന പദ്ധതികള്‍

  1. കയര്‍ വ്യവസായത്തിന്റെ ആധുനികവല്‍ക്കരണത്തിനായി കയര്‍ വ്യവസായത്തില്‍ നിയന്ത്രിത യന്ത്രവല്ക്കരണ പദ്ധതി
    മലബാര്‍ കയര്‍ കോംപ്ലക്സ് നവീകരിക്കല്‍, കാണിച്ചുകുളങ്ങരയിലെ കയര്‍ പാര്‍ക്ക് ഡിവിഷനില്‍ അഗ്നി സുരക്ഷാ സംവിധാനം, അഗ്നി സുരക്ഷാ റോഡുകള്‍ എന്നിവ സ്ഥാപിക്കല്‍, കേരളം മുഴുവന്‍ വിതരണം ചെയ്യാനായി നിലവാരമുള്ള ഡിഫൈബറിംഗ് മെഷീനുകളുടെ ഫാബ്രിക്കേഷന്‍, ഓട്ടോമാറ്റിക് സ്പിന്നിംഗ് മെഷീനുകളുടെ സ്ഥാപിക്കലും വിതരണവും മറ്റ് പശ്ചാത്തല സൌകര്യങ്ങള്‍ എന്നിവ 2015-16-ല്‍ ഈ പദ്ധതിക്ക് കീഴില്‍ നടപ്പിലാക്കിയിട്ടുണ്ട്.
  2. വിപണനം, പരസ്യ പ്രചാരണ വ്യാപാര പ്രവര്‍ത്തനങ്ങള്‍ മുതലായവയ്ക്കും ഷോറൂമുകള്‍ സ്ഥാപിക്കുന്നതിനുമുള്ള ധന സഹായം
    കയര്‍ കേരള 2015, എന്‍.സി.ആര്‍.എം.ഐ.യുടെ വിപണന വിഭാഗം മുഖേന ഓൺലൈൻ പ്രോത്സാഹനം എന്നിവ സംഘടിപ്പിക്കുകയും കയർ മേഖലയ്ക്കായുള്ള കേന്ദ്രപദ്ധതികൾ കയര്‍ ഉല്പന്നങ്ങളുടെ വില്പന പ്രോത്സാഹിപ്പിക്കുന്നതിനായി പുതിയ വിപണി വികസനതന്ത്രങ്ങള്‍ രൂപവല്ക്കരിക്കുകയും ചെയ്തു.
  3. കയര്‍, ചകിരി, നാര് എന്നിവയുടെ വിലസ്ഥിരതയ്ക്ക് വേണ്ടിയുള്ള വില വ്യതിയാന സ്ഥിരത ഫണ്ട്
    വില വ്യതിയാന സ്ഥിരതാഫണ്ടിന്റെ കീഴില്‍ കേരള സംസ്ഥാന കയര്‍ കോര്‍പ്പറേഷന്‍, കയർഫെഡ്, ഫോമില്‍ എന്നിവയ്ക്ക് ചെലവായ തുകയുടെ നഷ്ടപരിഹാരം ധനസഹായമായി നല്‍കിയിട്ടുണ്ട്.
  4. കയര്‍ ഭൂവസ്ത്ര വികസന പരിപാടി
    കയര്‍ ഭൂവസ്ത്രം ഉപയോഗിച്ചുകൊണ്ടുള്ള കയര്‍ അധിഷ്ഠിത പുതിയ സാങ്കേതിക വിദ്യകളുടെ വ്യാപനമാണ് ഈ പദ്ധതി കൊണ്ടുദ്ദേശിക്കുന്നത്
  5. ഉല്പാദനവും വിപണന പ്രചോദനവും
    2015-16-ല്‍ ഈ പദ്ധതിയുടെ കീഴില്‍ 137 കയര്‍ സഹകരണ സംഘങ്ങള്‍ക്ക് ഉല്പാദന വിപണന പ്രചോദന സഹായം നല്കി.
  6. കയര്‍, കയറുല്പന്നങ്ങള്‍ എന്നിവയുടെ വില്പനയ്ക്കുള്ള വിപണി വികസന സഹായം.
    ഈ പദ്ധതി പ്രകാരം ഡിപ്പാര്‍ട്ട്മെന്റ് വഴി 3 സംഘങ്ങള്‍ക്കും പ്രോജക്ട് ഓഫീസുകൾക്കും വിപണി വികസന സഹായം നൽകിയിട്ടുണ്ട്

കേരളത്തിലെ കയര്‍ വ്യവസായത്തിന് ദേശീയ അന്തര്‍ദേശീയ വിപണികളില്‍ മാത്സര്യം നേരിടേണ്ടി വരുന്നുണ്ട്. ഈ വ്യവസായം നേരിടുന്ന പ്രധാനപ്പെട്ട വെല്ലുവിളി കൃത്രിമ ഉല്പന്നങ്ങളെ അപേക്ഷിച്ച് കയര്‍ ഉല്പന്നങ്ങളുടെ ഉയര്‍ന്ന വിലയാണ്. മൊത്തം ഉല്പന്ന വിലയുടെ എഴുപത് ശതമാനത്തോളം കൂലിയായി പോകുന്നുണ്ട്. ഓരോ തൊഴിലാളിയുടെയും ഉത്പാദനത്തിന്റെ മൂല്യവര്‍ദ്ധനവിലൂടെ മാത്രമേ കൂലിയില്‍ വര്‍ദ്ധനവ് നേടാന്‍ സാധിക്കുകയുള്ളൂ. പ്രകൃതിദത്ത നാര് എന്ന നിലയിലേക്ക് കയര്‍ വ്യവസായം ഉയര്‍ന്നാല്‍ മാത്രമേ ഇതിന്റെ പുനരുദ്ധാരണം സാധ്യമാകുകയുള്ളൂ. “പ്രകൃതിയിലേക്ക് തിരിച്ചു പോവുക” എന്ന ആദര്‍ശം കേരളത്തിലെ കയര്‍ വ്യവസായം പടുത്തുയര്‍ത്തേണ്ടതുണ്ട്. മാത്രമല്ല, തൊണ്ടു ശേഖരണത്തിലെ ന്യൂനത, ഉയര്‍ന്ന ഉല്പാദനച്ചെലവ്, പാരമ്പര്യ രീതിയില്‍ തൊണ്ട് അഴുക്കുമ്പോഴും തല്ലുമ്പോഴും ഉണ്ടാകുന്ന പരിസ്ഥിതി മലിനീകരണം, പ്രവൃത്തിപരമായ ഭരണ നി്ർവഹണം തുടങ്ങിയ ബുദ്ധിമുട്ടുകള്‍ക്ക് പരിഹാരം കണ്ടെത്തുന്നതിലൂടെ മാത്രമേ കയര്‍ വ്യവസായത്തിന്റെ പുനരുദ്ധാരണം സാധ്യമാവുകയുള്ളൂ.

കശുവണ്ടി വ്യവസായം

ലോക വ്യാപകമായി ഉപയോഗിക്കുന്നതും ഏറ്റവും പ്രിയങ്കരവും ഭക്ഷ്യയോഗ്യവുമായ കശുവണ്ടി പരിപ്പിന്റെ ഉല്പാദനത്തിൽ ഇന്ത്യ മൂന്നാം സ്ഥാനത്താണ്. അവലംബം (http://www.casheinfo.com). 2014 ലെ കണക്കുകൂൾ പ്രകാരം ഇന്ത്യയുടെ അസംസ്കൃത കശുവണ്ടി ഉത്പാദനം 7,37,000 മെട്രിക് ടൺ ആണ്. ഇത് ലോകത്ത് ആകെ ഉല്പാദിപ്പിച്ച കശുവണ്ടിയുടെ 18 ശതമാനമാണ്. ഐവറികോസ്റ്റ്, വിയറ്റ്നാം, ഗിനി-ബിസൗ, എന്നിവയാണ് അന്തർദേശിയ കശുവണ്ടി ഉല്പാദനത്തിൽ അഗ്രഗണ്യരായ 3 രാജ്യങ്ങൾ. ടാൻസാനിയ നൈജീരിയ ബ്രസീൽ ഇന്തോനേഷ്യ മൊസാംബിക് തുടങ്ങിയവയാണ് മാറ്റ് പ്രദാന ഉത്പാദക രാജ്യങ്ങൾ (പട്ടിക 3.13).

പട്ടിക 3.13
തെരെഞ്ഞെടുത്ത രാജ്യങ്ങളിലെ കശുവണ്ടി ഉല്പ്പാദനം, 2014, മെട്രിക് ടണ്ണിൽ
രാജ്യങ്ങൾ 2011 2012 2013 2014
ഇന്ത്യ 692000 674000 728000 737000
ഐവറികോസ്റ്റ് 400000 460000 525000 460000
വിയറ്റ്നാം 300002 264810 252000 425000
ഗിനി-ബിസൗ 190000 176400 158000 220000
ടാൻസാനിയ 149999 130000 126000 120000
അവലംബം: കാഷ്യൂ എക്സ്പോർട്ട് പ്രൊമോഷൻ കൗൺസിൽ, കൊല്ലം

കശുവണ്ടി സംസ്കരണത്തിന്റെ 50 ശതമാനവും അസംഘടിത മേഖലയിലാണ് പ്രവർത്തിക്കുന്നത്. ഏകദേശം 1800 ഇടത്തരവും 2200 വലുതുമായിട്ടുള്ള കശുവണ്ടി സംസ്കരണ യൂണിറ്റുകൾ പ്രവര്‍ത്തിക്കുന്നു. പണിയെടുക്കുന്ന തൊഴിലാളികളിൽ ഭൂരിഭാഗവും സ്ത്രീകളാണ്. കേരളം, കർണാടക, ഗോവ, മഹാരാഷ്ട്ര, തമിഴ്നാടിന്റെ പശ്ചിമ തീരപ്രദേശം, ആന്ധ്രപ്രദേശ്, ഒറീസ്സയുടെ കിഴക്കൻ തീരപ്രദേശം, പശ്ചിമ ബംഗാൾ, ഛത്തിസ്ഗഡ്, ഗുജറാത്ത് ജാർഖണ്ഡ് വടക്കു-കിഴക്കൻസംസ്ഥനങ്ങൾ എന്നീ പ്രദേശങ്ങളിലാണ് കശുമാവ് കൃഷി മുഖ്യമായും കണ്ടുവരുന്നത്. 7.37 ലക്ഷം മെട്രിക് ടൺ ഉല്പാദനവും 782 കിലോഗ്രാം/ഹെക്ടർ പ്രദേശം ഉല്പ്പാദനക്ഷമതയോടും കൂടിയ 10.08 ലക്ഷം ഹെക്ടർ പ്രദേശത്താണ് കശുമാവ് കൃഷി ചെയ്തുവരുന്നത്. ഇന്ത്യയുടെ മൊത്തം കശുവണ്ടി ഉപഭോഗം 16.23 ലക്ഷം ടൺ ആണ്. ഇതിൽ 8.98 ലക്ഷം മെട്രിക് ടൺ അസംസ്കൃത കശുവണ്ടി ആഫ്രിക്കൻ തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളിൽ നിന്നും ഇറക്കുമതി ചെയ്യുന്നു. എങ്കിലും മൊത്തത്തിൽ 1.15 ലക്ഷം മെട്രിക് ടൺ അസംസ്കൃത കശുവണ്ടിയുടെ കുറവ് ആഭ്യന്തരമായി അനുഭവപ്പെടുന്നു. 2015-16ലെ ഇന്ത്യയുടെ അസംസ്കൃത കശുവണ്ടി ഇറക്കുമതി 9.58 ലക്ഷം മെട്രിക് ടൺ ആയിരുന്നു.

ഡി.ജി.ഐ &എസ് കണക്കുകളനുസരിച്ച് (അവലംബം:സിഇപിസിഐ,കൊല്ലം)2014-15 വർഷകാലയളവിൽ 5432.85 കോടി രൂപ മൂല്യമുള്ള 118952 മെട്രിക് ടൺകശുവണ്ടിപ്പരിപ്പും 2015-16ൽ 4952.12 കോടി രൂപ മൂല്യമുള്ള 96346 മെട്രിക് ടൺകശുവണ്ടിപ്പരിപ്പും ഇന്ത്യയിൽ നിന്നും കയറ്റുമതി ചെയ്തിട്ടുണ്ട്. ഇന്ത്യയിൽ ഉൽപ്പാദിപ്പിക്കുന്ന കശുവണ്ടിപരിപ്പിന്റെ പ്രധാന വിപണി അമേരിക്ക, യൂണൈറ്റഡ് അറബ് എമിറേറ്റ്സ്, ജപ്പാൻ, സൗദി അറേബ്യ, നെതർലാൻഡ്, ഫ്രാൻസ്, കൊറിയ, ഡി.പി.റിപ്പബ്ലിക്, ജർമ്മനി, ബെൽജിയം, സ്പെയിൻ, കുവൈറ്റ്, യൂ.കെ, ഇറാൻ, സിങ്കപ്പൂർ തുടങ്ങിയ രാജ്യങ്ങളാണ്.2007-08 മുതൽ 2016-17 (ഏപ്രിൽ-ഒക്ടോബര് കണക്ക്) കശുവണ്ടി മേഖലയിൽ നിന്നുള്ള വിദേശ നാണ്യ വരുമാനം അനുബന്ധം 3.47 ചേർത്തിരിക്കുന്നു.

ചിത്രം 3.23
ലോകത്തിലെ തെരെഞ്ഞെടുത്ത രാജ്യങ്ങളിലെ കശുവണ്ടി ഉല്പ്പാദനം
അവലംബം: കാഷ്യൂ എക്സ്പോർട്ട് പ്രൊമോഷൻ കൗൺസിൽ, കൊല്ലം

ഇന്ത്യ ലോക കശുവണ്ടി ഉപഭോഗത്തിൽ മൂന്നാം സ്ഥാനത്താണ്. ഇന്ത്യയിൽ ആകെ ഉൽപ്പാദിപ്പിക്കുന്ന കശുവണ്ടിപരിപ്പിന്റെ ശരാശരി 150-160 ആയിരം മെട്രിക് ടൺ കശുവണ്ടിപരിപ്പും വർധിച്ചുവരുന്ന ഇന്ത്യൻ വിപണികളിലേക്ക് ആഗിരണം ചെയ്യപ്പെടുകയാണ് ചെയ്യുന്നത്. വാസ്തവത്തിൽ ഇന്ത്യയിൽ കശുവണ്ടി യുടെ ആവശ്യം വർധിച്ചുവരുകയാണ്.

പ്രധാന കശുവണ്ടി ഉത്പാദക സംസ്ഥാനങ്ങളിൽ ഉൽപ്പാദനത്തിലും ഉൽപ്പാദനക്ഷമതയിലും മുന്നിൽമഹാരാഷ്ട്ര സംസ്ഥാനമാണ്. ഉയർന്ന ഉൽപ്പാദനക്ഷമതയുള്ള വിത്തിനങ്ങളുടെ ഉപയോഗം, മെച്ചപ്പെട്ട കൃഷി പരിപാലനം, വേണ്ടത്ര ജലസേചന സൗകര്യം എന്നിവയിലൂടെയാണ് മഹാരാഷ്ട്ര ഈ നേട്ടം കൈവരിച്ചത്. ഡി.സി.സി.ഡി കണക്കുകളനുസരിച്ച് 2015-16ൽ അസംസ്കൃത കശുവണ്ടി ഉൽപ്പാദനത്തിൽ കേരളം അഞ്ചാം സ്ഥാനത്താണ് . മൂല്യ വര്‍ധനവിനും കയറ്റുമതി വിപണനത്തിനും കശുവണ്ടി വ്യവസായം ഇറക്കുമതി ചെയ്ത അസംസ്കൃത വസ്തുക്കളെയാണ് മുഖ്യമായും ആശ്രയിക്കുന്നത്. ഇന്ത്യയിലെ കശുവണ്ടിയുടെ കൃഷി വിസ്തീര്‍ണ്ണം, ഉല്പാദനക്ഷമത, ആഭ്യന്തര ഉൽപ്പാദനം ഇവ അനുബന്ധം 3.48 ൽ ചേർത്തിരിക്കുന്നു.

കേരളത്തിലെ കശുവണ്ടി വ്യവസായം

കേരളത്തിൽ കശുവണ്ടി വ്യവസായം മുഖ്യമായും കൊല്ലം ജില്ലയിലാണ് കേന്ദ്രീകരിച്ചിരിക്കുന്നത് ‘കശുവണ്ടി വ്യവസായ കേന്ദ്രം’ എന്നാണ് കൊല്ലത്തെ കേന്ദ്രഗവണ്മെന്റ് വിശേഷിപ്പിച്ചിട്ടുള്ളത്).ധാരാളം തൊഴിൽ സാദ്ധ്യത നൽകുന്നതും ഏകദേശം രണ്ട് ലക്ഷത്തോളം പേർ പണിയെടുക്കുന്നതുമായ ഈ മേഖലയിൽ സ്ത്രീ തൊഴിലാളികളാണ് അധികവും (90 ശതമാനത്തിനു മുകളിൽ).താഴ്ന്ന വരുമാനക്കാരായ അനേകം കുടുംബങ്ങളുടെ വരുമാന മാർഗം കൂടിയാണിത്. 2014-15ൽ കൊച്ചി തുറമുഖം വഴി കയറ്റുമതി ചെയ്ത കശുവണ്ടിയുടെയും കശുവണ്ടിപ്പരിപ്പിന്റെയും മൊത്തം കയറ്റുമതി 68150 മെട്രിക് ടൺ ആണ്. ഇന്ത്യയിലെ ആഭ്യന്തര കശുവണ്ടി ഉൽപ്പാദനത്തിൻറെ 11 ശതമാനവും സംസ്കരണത്തിന്റെ 35 ശതമാനവും കേരളം കൈകാര്യം ചെയ്യുന്നു. സംസ്ഥാനത്തിന്റെ വിവിധ ഇടങ്ങളിലായി പ്രവർത്തിക്കിന്ന 800 ഫാക്ടറികളുടെ ആവശ്യത്തിന് 6 ലക്ഷം മെട്രിക് ടൺ കശുവണ്ടി പ്രതിവർഷം ആവശ്യമാണ്.

പതിനൊന്നാം പഞ്ചവത്സര പദ്ധതിയിൽ കശുവണ്ടി വ്യവസായത്തിന് അനുവദിച്ച പദ്ധതിവിഹിതം 186.50 കോടി രൂപയും ചെലവ് 175.78 കോടി രൂപയുമാണ് (94 ശതമാനം).

2012-13 മുതൽ 2016-17 വരെ (14.12.2016 വരെയുള്ള കണക്ക്) കശുവണ്ടി വ്യവസായത്തിന് അനുവദിച്ച പദ്ധധിവിഹിതവും ചെലവും ശതമാനം തിരിച്ച് ചുവടെ കാണിച്ചിരിക്കുന്നു (പട്ടിക 3.14).

പട്ടിക 3.14
2012-13 മുതൽ 2016-17 (14.12.2016 വരെ) കശുവണ്ടി വ്യവസായത്തിന് അനുവദിച്ച പദ്ധതിവിഹിതവും ചെലവും ശതമാനം തിരിച്ച് ( രൂപ കോടിയിൽ)
വർഷം വിഹിതം ചെലവ് പദ്ധധിവിഹിതവും ചെലവും ശതമാനം തിരിച്ച്
2012-2013 65.00 65.00 100
2013-2014 71.50 71.50 100
2014-2015 54.50 33.50 61.47
2015-2016 45.00 45.00 100
2016-2017 45.00 42.31 94.03
ആകെ 236.00 2015.00 91.10
*14.12.2016വരെ ഉള്ള കണക്ക്.
അവലംബം: അക്കൗണ്ട്സ് & പ്ലാൻസ്പേസ് , സംസ്ഥാന ആസൂത്രണ ബോർഡ്

മുകളിലെ പട്ടിക അനുസരിച്ച് പന്ത്രണ്ടാം പഞ്ചവത്സരപദ്ധതിയിൽ കശുവണ്ടി മേഖലക്ക് അനുവദിച്ച പദ്ധതിവിഹിതം 236.00 കോടി രൂപയും (പതിനൊന്നാം പദ്ധതിയെഅപേക്ഷിച്ച് 20.98 ശതമാനം വർദ്ധനവ്). 14.12.2016 വരെയുള്ള കണക്കുകൾ പ്രകാരം ആകെ പദ്ധതി ചെലവ് 215.00 കോടി രൂപയാണ് (91.10 ശതമാനം).

1990കളുടെ തുടക്കം വരെ അസംസ്കൃത കശുവണ്ടി ഉൽപ്പാദനത്തിൽ കേരളം ഒന്നാമതായിരുന്നു.എന്നാൽ ഇന്ന്, മഹാരാഷ്ട്ര,ആന്ധ്രപ്രദേശ്, ഒറീസ്സ എന്നീ സംസ്ഥാനങ്ങൾക്ക് പിന്നിൽ കേരളം നാലാം സ്ഥാനത്താണ്. 2010-11 മുതൽ 2015-16വരെയുള്ള കശുമാവുകൃഷിയുടെയും ഉൽപ്പാദനത്തിന്റെയും വിശദാംശം ചുവടെ ചിത്രം 3.25 ൽ ചേർത്തിരിക്കുന്നു.

ചിത്രം 3.24
2012-13 മുതൽ 2016-17 (14.12.2016 വരെ) കശുവണ്ടി വ്യവസായത്തിന് അനുവദിച്ച പദ്ധധി വിഹിതവും ചെലവും
അവലംബം: അക്കൗണ്ട്സ് & പ്ലാൻസ്പേസ് , സംസ്ഥാന ആസൂത്രണ ബോർഡ്
ചിത്രം 3.25
2010-11 മുതൽ 2015-16വരെയുള്ള കശുമാവുകൃഷിയുടെ വിസ്തൃതിയും (1000 ഹെക്ടറിൽ) കശുവണ്ടിയുടെ ഉൽപാദനവും (മെട്രിക് ടണ്ണിൽ)
അവലംബം: കാഷ്യു എക്സ്പോർട് പ്രൊമോഷൻ കൗൺസിൽ, കൊല്ലം

കേരളത്തിലെ കശുമാവ് കൃഷി സ്ഥലത്തിന്റെ വിസ്തൃതിയും ഒരു ഹെക്ടർ പ്രദേശത്തുനിന്ന് ലഭിക്കുന്ന വിളവിന്റെ ലഭ്യതയും കുറഞ്ഞു വരുകയാണ്. ഇതിനു കാരണം കശുവണ്ടിമേഖലയിലേക്കുള്ള റബ്ബറിന്റെ കടന്നുകയറ്റവും വർധിച്ചുവരുന്ന നഗരവത്കരണവുമാണ്. ഇന്ന് കൃഷി ചെയ്തുവരുന്ന 90000 ഹെക്ടർ പ്രദേശത്തെ കശുമാവുകൃഷിയെ 2 ലക്ഷം ഹെക്ടർ പ്രദേശത്തേക്കായി വ്യാപിപ്പിക്കുകയാണെങ്കിൽ സംസ്ഥാനത്തെ കശുവണ്ടി വ്യവസായം ഇന്ന് നേരിടുന്ന പ്രതിസന്ധി തരണം ചെയ്യുവാൻ സാധിക്കും.

കേരളത്തിലെ കശുവണ്ടി സംസ്കരണ മേഖലയിൽ പ്രവർത്തിക്കുന്ന രണ്ടു പ്രദാന ഏജൻസികളാണ് കേരളം സംസ്ഥാന കശുവണ്ടി വികസന കോർപറേഷനും (കെ.എസ്.സി.ഡി.സി) കേരള സംസ്ഥാന കശുവണ്ടി തൊഴിലാളി സഹകരണ സംഘം (ക്യാപെക്സ്)

കേരള സംസ്ഥാന കശുവണ്ടി വികസന കോർപറേഷന്‍ (കെ.എസ്.സി.ഡി.സി)

കേരള സംസ്ഥാന കശുവണ്ടി വികസന കോർപ്പറേഷന്റെ കീഴില്‍ 30 ഫാക്ടറികളും 11000 തൊഴിലാളികളുമുണ്ട്. കോര്‍പ്പറേഷന്‍ അസംസ്കത കശുവണ്ടി സംസ്ക്കരിച്ച് മൂല്യവര്‍ദ്ധിത ഉത്പന്നങ്ങള്‍ ഉണ്ടാക്കുന്നു. 2015-16 ല്‍ 106 പ്രവര്‍ത്തിദിനങ്ങളും 10632 പേര്‍ക്ക് തൊഴിലും നല്‍കിയ കോര്‍പ്പറേഷന്റെ ഇക്കാലത്തെ ആകെ വിറ്റുവരവ് 6940 ലക്ഷം രൂപയാണ്. ഇത് മുന്‍വര്‍ഷത്തെ വിറ്റുവരവായ 14690 ലക്ഷം രൂപയെ അപേക്ഷിച്ച് 52.76 ശതമാനം കുറവാണ്. ഇന്ന് കോര്‍പ്പറേഷന്‍ 2058 ലക്ഷം രൂപ നഷ്ടത്തിലാണ് പ്രവര്‍ത്തിക്കുന്നത്. ഇത് മുന്‍വര്‍ഷത്തെ നഷ്ടമായ 3279 ലക്ഷം രൂപയെ അപേക്ഷിച്ച് 37.24 ശതമാനം കുറവാണ്. കോര്‍പ്പറേഷന്റെ ഏറ്റവും ഉയര്‍ന്ന നഷ്ടം 2012-13 ല്‍ രേഖപ്പെടുത്തിയ 88,768 ലക്ഷം രൂപയാണ്. കഴിഞ്ഞ അഞ്ച് വര്‍ഷത്തെ കോര്‍പ്പറേഷന്റെ പ്രവര്‍ത്തന പുരോഗതി അനുബന്ധം 3.49 ല്‍ കൊടുത്തിരിക്കുന്നു. ഈ മേഖലയില്‍ പണിയെടുക്കുന്ന തൊഴിലാളികളില്‍ പത്ത് ശതമാനത്തില്‍ താഴെ മാത്രമാണ് കാപെക്സിലും കെ.എസ്.സി.ഡി.സിയിലുമായി ഉള്ളത്. കാപെക്സിലും കെ.എസ്.സി.ഡി.സിയിലുമായി 14600 തൊഴിലാളികള്‍ പണിയെടുക്കുന്നു. ബാക്കി ഉള്ളവരിൽ ബഹുഭൂരിപക്ഷവും സ്വകാര്യ മേഖലയില്‍ പണിയെടുക്കുന്നവരാണ്. കശുവണ്ടി മേഖലുടെ ആധുനികവര്‍ക്കരണവും ബ്രാന്‍ഡ് ബില്‍ഡിഗും, നിലവിലെ സംവിധാനങ്ങളുടെ ആധുനികവല്‍ക്കരണവും മെച്ചപ്പെടുത്തലും എന്നിവയാണ് കെ.എസ്.സി.ഡി.സി നടപ്പിലാക്കിവരുന്ന വിവിധ പദ്ധതികൾ.

പ്രവര്‍ത്തനമൂലധനത്തിന്റെ അപര്യാപ്തത, അസംസ്തുത വസ്തുക്കളുടെ ഉയര്‍ന്നവില, ഉൽപാദനത്തെ അപേക്ഷിച്ച് ഉയര്‍ന്ന കൂലി നിരക്ക്, ആഭ്യന്തരമായും അന്തര്‍ദേശീയമായും ഈ വ്യവസയാത്തിലുണ്ടായിട്ടുള്ള വമ്പിച്ച കിടമത്സരം എന്നിവയാണ് കെ എസ് സി ഡി സി നേരിടുന്ന ഇന്നത്തെ പ്രധാന വെല്ലുവിളികള്‍.

കേരള സംസ്ഥാന കശുവണ്ടി തൊഴിലാളി അപ്പെക്സ് സഹ കരണ സംഘം (കാപെക്സ്)

കശുവണ്ടി തൊഴിലാളി പ്രാഥമിക സഹകരണ സംഘങ്ങളുടെ ഉന്നത സ്ഥപനമാണ് കൊല്ലം ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന കേരള സംസ്ഥാന കശുവണ്ടി തൊഴിലാളി അപക്സ് സഹകരണ സംഘം (കാപെക്സ്). കശുവണ്ടി മേഖലയെ വാണിജ്യാടിസ്ഥാനത്തില്‍ സംഘടിപ്പിക്കുക, അസംസ്കൃത കശുവണ്ടി സംഭരിക്കുന്നതിനും വിതരണം ചെയ്യുന്നതിനും അനുബന്ധ സംഘങ്ങള്‍ക്ക് സഹായം നല്‍കുകയും ഫാക്ടറികളിലും മറ്റ് വിവിധ സംഘങ്ങളിലും ഉത്പാദിപ്പിക്കുന്ന കശുവണ്ടി പരിപ്പിനും ഉല്പന്നങ്ങള്‍ക്കും വേണ്ടത്ര ധനസഹായം ഉറപ്പാക്കുക എന്നിവയാണ് കാപെക്സിന്റെ പ്രധാന ലക്ഷ്യങ്ങള്‍ കാപെക്സ് അതിന്റെ പ്രവര്‍ത്തനം ആരംഭിച്ചത് 1985 കളുടെ ആരംഭത്തിലാണ്. കശുവണ്ടി വ്യവസായത്തിലെ മാതൃകാ തോഴില്‍ ദാതാവായി കാപ്ക്സ് പ്രവര്‍ത്തിക്കുന്നു. കാപെക്സിന്റെ കീഴില്‍ പത്ത് ഫാക്ടറികളും ഒരു പാക്കിങ് സെന്ററും പ്രവര്‍ത്തിക്കുന്നു. ഉല്പാദനം വര്‍ദ്ധിപ്പിക്കുന്നതിന് ആധുനിക കശുവണ്ടി ഷെല്‍ കട്ടിംഗ് മെഷീന്‍, ഇലക്ട്രിക് ബോര്‍ മാസ്, സ്റ്റീം കുക്കറുകള്‍ പീലിംഗ് മെഷീനുകള്‍ എന്നിവ കാപെക്സിന്റെ വിവിധ ഫാക്ടറികളില്‍ സ്ഥപിച്ചിട്ടുണ്ട്. 3600 തൊഴിലാളികള്‍ കാപെക്സിന്റെ കീഴില്‍‍ പണിയെടുക്കുന്നു. 2015-16 ല്‍ 232 തൊഴില്‍ ദിനങ്ങള്‍ പ്രദാനം ചെയ്യാന്‍ കാപെക്സിന് കഴിഞ്ഞിട്ടുണ്ട്. കപെക്സ് ബ്രാന്‍ഡ് ഉത്പന്നങ്ങളുടെ വിതരണത്തിന് കേരളത്തിന്റെ വിവിധ ഭാഗങ്ങളിലായി 36 സജീവ വിതരണ കേന്ദ്രങ്ങളും കേരളത്തിന് പുറത്ത മറ്റ് 6 കേന്ദ്രങ്ങളും പ്രവര്‍ത്തിക്കുന്നു. 2015-16 ല്‍ 878120 പേര്‍ക്ക് തൊഴില്‍ നല്‍കുകയും 7372 ലക്ഷം രൂപ വിററു വരവും കാപെക്സ് നേടുകയുണ്ടായി. ഇത് മുന്‍ വര്‍ഷത്തെ വിറ്റുവരവ് 7385.74 ലക്ഷം രൂപയെ അപേക്ഷിച്ച് 0.18 ശതമാനം കുറവാണ്. ഈ കാലയളവില്‍ 1537 (6.3 ശതമാനം കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കൂടുതല്‍) ലക്ഷം രൂപ നഷ്ടത്തിലാണ് കാപെക്സ് പ്രവര്‍ത്തിക്കുന്നത്. 2008-09 നു ശേഷം റിപ്പോര്‍ട്ട് ചെയ്തതില്‍ 2014-15ലെ നഷ്ടമായ 1445.95 രൂപയാണ് ഏറ്റവും ഉയര്‍ന്ന നിരക്ക്.

പട്ടിക 3.15
2012-13 മുതല്‍ 2016-17 വരെയുള്ള കാംപെക്സിന്റെ വില്പന, കയറ്റുമതി, അറ്റാദായം (ലക്ഷത്തിൽ)
വർഷം ആഭ്യന്തര ഉൽപ്പാദനം കയറ്റുമതി അറ്റാദായം
2012-2013 5309.39 1573.61 6883
2013-2014 4229.58 2117.42 6347
2014-2015 5944.52 1440.48 7385
2015-2016 5906.13 1465.87 7372
2016-2017 1752.20 1481.80 3234
ആകെ 23141.82 8079.18 31221
അവലംബം: കാപെക്സ്, കൊല്ലം

കാപെക്സ് ഫാക്ടറികളുടെ ആധുനികവത്കരണം ഭാഗീക യന്ത്രവല്കരണവും, ബ്രാന്‍ഡ് ബില്‍ഡിംഗും ഇന്ത്യയിലും അന്താരാഷ്ട്ര കമ്പോളങ്ങളിലുമുള്ള ബോധവത്ക്കരണ നടപടികള്‍ എന്നിവയാണ് കാപെക്സ് നടപ്പിലാക്കുന്ന വിവിധ പദ്ധതികൾ. 2015-16 ല്‍ മേല്‍ പറഞ്ഞ പദ്ധതികൾ നടപ്പിലാക്കാന്‍ 1000 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. ഇതു പ്രകാരം അസംസ്കൃത വസ്ത്തുക്കള്‍ വാങ്ങുന്നതിനും ബോണസ് നല്‍കുന്നതിനും 4 കോടി രൂപ വീതം വിനിയോഗിച്ചു. വില്പന വര്‍ദ്ധനവ് ലക്ഷ്യമാക്കി നടത്തിയ പരസ്യങ്ങള്‍ക്കും പ്രദര്‍ശനങ്ങള്‍ക്കുമായി 200 ലക്ഷം രൂപ വിനിയോഗിച്ചു. കാപെക്സിന്റെ കഴിഞ്ഞ അഞ്ച് വര്‍ഷത്തെ പ്രവര്‍ത്തന പുരോഗതി അനുബന്ധം 3.50 ല്‍ കൊടുത്തിരിക്കുന്നു.

നേട്ടങ്ങളും ഭാവിപരിപാടികളും

സ്വകാര്യമാനേജ്മെന്റുകളുടെ ചൂഷണത്തില്‍ നിന്നും പാവപ്പെട്ട കശുവണ്ടി തൊഴിലാളികളെ സംരക്ഷിക്കുന്നതിനായി ഗവണ്മെന്റ് മാനദണ്ഡങ്ങള്‍ക്കനുസരിച്ച് ആനുകൂല്യങ്ങള്‍ വിതരണം ചെയ്തും കൂടുതല്‍ തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിച്ചും കാപെക്സ് ഒരു മാതൃകാ തൊഴില്‍ ദാതാവായി പ്രവര്‍ത്തിക്കുന്നു. ഇത്തരത്തില്‍ നേരിട്ടും അല്ലാതെയും കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിലൂടെ ഒരു ക്ഷേമ സമൂഹം കെട്ടിപ്പടുക്കുവാന്‍ കാപെക്സ് സഹായിക്കുന്നു. യന്ത്രവത്ക്കരണത്തിന്റെ ഭാഗമായി കാപെക്സ് സൌകര്യങ്ങള്‍ മെച്ചപ്പെടുത്തി വരുന്നുണ്ട്. ഇതിന്റെ ഭാഗമായി ഫാക്ടറികളെയും പാക്കിങ് സെന്ററുകളെയും വൃത്തിയും വെടിപ്പുമുള്ളതാക്കി നിലനിര്‍ത്തുവാൻ കാപെക്സിനു സാധിച്ചു.10 ഫാക്ടറികളെയും ഒരു പാക്കിംഗ്സെന്ററിനെയും ആധുനികവത്ക്കരിക്കുകയും ഉന്നതതിലവാരത്തിലേയ്ക്ക് ഉയര്‍ത്തുകയും ചെയ്തു. ഇലക്ട്രിക് ബോര്‍മാസുകളും പാക്കിങ് മെഷീനുകളും പാക്കിങ് സെന്ററുകളില്‍ സ്ഥാപിച്ചു. വില്പനവര്‍ദ്ധിപ്പിക്കുവാന്‍ പരസ്യങ്ങളും പ്രദര്‍ശനങ്ങളും സംഘടിപ്പിച്ചു. ഇത്തരം മികച്ച പ്രവര്‍ത്തനത്തിലൂടെ കാപെക്സ് “ഒണ്‍സ്റ്റാര്‍ എക്സ്പോര്‍ട്ട് ഹൗസ്” പദവിയും ISO 22000 സര്‍ട്ടിഫിക്കറ്റും കരസ്ഥമാക്കി. പന്ത്രണ്ടാം പദ്ധതിയുടെ ആദ്യനാല് വര്‍ഷങ്ങളില്‍ 916 പ്രവൃത്തി ദിനങ്ങളും 14.11.2016 വരെ 84 പ്രവര്‍ത്തിദിനങ്ങളും കാപെക്സ് നല്‍കിയിട്ടുണ്ട്. 2012-13 മുതല്‍ കാംപെക്സിന്റെ വില്പന, കയറ്റുമതി, അറ്റാദായം എന്നിവ പട്ടിക 3.15 ല്‍ കൊടുത്തിരിക്കുന്നു.

പ്രവര്‍ത്തന മൂലധനത്തിന്റയും ബാങ്കിംഗം ധനസഹായത്തിന്റെയും കുറവ് കാപെക്സ് നേരിടുന്നു. പൂര്‍ണ്ണമായും പദ്ധതി വിഹിതത്തിന്റെ മാത്രം അടിസ്ഥാനത്തിലാണ് കാപെക്സ് പ്രവര്‍ത്തിക്കുന്നത്. സമയബന്ധിതമായിട്ടുള്ള പദ്ധതി വിഹിതത്തിന്റെ ലഭ്യത കുറവ് സീസണനുസരിച്ചുള്ള കശുവണ്ടിയുടെ കരുതലിനെ തടസ്സപ്പെടുത്തുന്നു. ഇവ പ്രതേകിച്ചും സീസണനുസരിച്ച് വാങ്ങേണ്ടവയാണ്. ആഭ്യന്തരമായും അന്തർദ്ദേശിയമായും വിപണികളിൽനിന്നും ഉന്നത ഗുണമേന്മയുള്ള അസംസ്കൃത കശുവണ്ടി ലഭ്യമാക്കിയാലെ ഇതിന്റെ പ്രയോജനം ലഭിക്കുകയുള്ളൂ.

കേരള സ്റ്റേറ്റ് ഏജന്‍സി ഫോര്‍ എക്സ്പാന്‍ഷന്‍ ഓഫ് കാഷ്യൂകള്‍ട്ടിവേഷന്‍ (കെ.എസ്.എ.സി.സി)

സംസ്ഥാനത്തിന്റെ കുറഞ്ഞുവരുന്ന കശുവണ്ടി കൃഷിയുടെ വിസ്തൃതി വിപുലീകരിക്കുന്നതിനുദ്ദേശിച്ച് 2007 ല്‍ കേരള സര്‍ക്കാര്‍ കൊല്ലം ജില്ല ആസ്ഥാനമാക്കി രൂപം നല്കിയ ഏജന്‍സിയാണ് കേരള സംസ്ഥാന കശുവണ്ടി കൃഷി വികസന ഏജന്‍സി(കെ.എസ്.എ.സി.സി). സംസ്ഥാനത്തെ കശുവണ്ടി ഉദ്പ്പാദനം കുറഞ്ഞ സാഹചര്യം മറികടക്കുവാനാണ് ഈ സ്ഥാപനം നിലവില്‍ വന്നത്. ഘട്ടംഘട്ടമായി ആഭ്യന്തര അസംസ്കൃത കശുവണ്ടിയുടെ ഉല്പാദനം പ്രതിവര്‍ഷം 65000 മെട്രിക് ടണ്ണില്‍ നിന്ന് 150555 മെട്രിക് ടണ്‍ ആക്കുക എന്നതാണ് കെ.എസ്.എ.സി.സിയുടെ കാഴ്ചപ്പാട്. ഇതിന് ഉയര്‍ന്ന വിളവ് നല്കുന്ന കശുമാവ് കൃഷിയുടെ വ്യാപനം, സ്ഥിരതയോടുകൂടിയ അസംസ്കൃത കശുവണ്ടിയുടെ ലഭ്യത എന്നിവ ഈ വ്യവസായത്തിന്റെ പ്രവര്‍ത്തനത്തിന് അനിവാര്യമാണ്. 2008 മുതല്‍ കശുമാവ് കര്‍ഷകര്‍ക്കും സംസ്ഥാനത്തെ ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മറ്റ് ഇതര സ്ഥാപനങ്ങള്‍ക്കും അത്യുല്‍പാദനശേഷിയുള്ള തൈകള്‍ വിതരണം ചെയ്തും, കശുമാവ് കൃഷിക്ക് മതിയായ സാമ്പത്തികസഹായങ്ങള്‍ നല്‍കിയും കശുമാവ് കൃഷി വിപുലീകരിക്കുന്നതിനുമുള്ള പ്രോത്സാഹനപരിപാടികള്‍ കെ.എസ്.എ.സി.സി നടപ്പിലാക്കിവരുന്നു. 2007-2008 ലാണ് ഏജന്‍സി “കള്‍ട്ടിവേഷന്‍ ഓഫ് ഓര്‍ഗാനിക് കാഷ്യൂ ആന്റ് എസ്റ്റാബ്ലിഷ്മെന്റ് ഓഫ് റാ നട്ട് ബാങ്ക്” എന്ന പദ്ധതി ആരംഭിച്ചത്. ഉന്നത സാങ്കേതികവിദ്യയുടെ സഹായത്തോടെ കശുവണ്ടി ആവശ്യം നേരിടുന്നതിനായി ഉല്‍പാദനവും ഉല്‍പാദനക്ഷമതയും വര്‍ദ്ധിപ്പിക്കുന്നതിനായി ഉയര്‍ന്ന ഉല്‍പാദനം നല്‍കുന്ന കശുമാവിന്‍ തൈ വിതരണം, സംസ്ക്കരണം, മൂല്യവര്‍ദ്ധനവ്, സ്വയം സഹായ സംഘങ്ങള്‍, സ്ത്രീ ശാക്തീകരണ പരിപാടികള്‍ കശുമാവ് കൃഷിയിലും സംസ്ക്കരണത്തിലും നേരിട്ടും അല്ലാതെയും ഉള്ള അധിക തൊഴില്‍ സൃഷ്ടിക്കല്‍, ഇറക്കുമതി കുറയ്ക്കല്‍ എന്നിവയാണ് ഈ പദ്ധതിയുടെ മുഖ്യ ലക്ഷ്യങ്ങളാണ്. കശുമാവ് കൃഷി പ്രവര്‍ത്തനങ്ങളില്‍ കേരളത്തിലെ എന്‍.എച്ച്.എം (നാഷണല്‍ ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍)ന്റെ അംഗീകരിച്ച നോഡല്‍ ഏജന്‍സിയായി കെ.എസ്.എ.സി.സി പ്രവര്‍ത്തിക്കുന്നു. 30.9.2015 വരെ ഈ പദ്ധതിയിലൂടെ 3,02,286 എണ്ണം കശുമാവിന്‍ തൈകള്‍ (1511 ഹെക്ടര്‍ പ്രദേശം) കര്‍ഷകര്‍ക്ക് വിതരണം ചെയ്തു.

പന്ത്രണ്ടാം പദ്ധതിയിലെ (കെ.എസ്.എ.സി.സിയുടെ) ഭൗതിക നേട്ടങ്ങള്‍

പന്ത്രണ്ടാം പദ്ധതിയില്‍ കെ.എസ്.എ.സി.സി.ക്ക് പല സുപ്രധാന ഭൗതിക നേട്ടങ്ങള്‍ കൈവരിക്കുവാന്‍ സാധിച്ചിട്ടുണ്ട്. 16525 ഹെക്ടര്‍ പ്രദേശത്തെ കശുമാവ് കൃഷി, കര്‍ഷകര്‍ക്കുള്ള സബ്സിഡി വിതരണം, ഗ്രാമപഞ്ചായത്തുകളുടേയും, കൃഷി വകുപ്പിന്റേയും സഹായത്തോടെ കര്‍ഷകരുടെ കൃഷിയിടങ്ങളിലും പൊതുമേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഫാക്ടറികളുടേയും അനുബന്ധ സ്ഥാപനങ്ങളുടേയും ഭൂമിയില്‍ കശുമാവ് കൃഷി വളര്‍ത്തല്‍ പ്രോത്സാഹനം, കാര്‍ഷിക സ ർവകലാശാലയുടെ സഹായത്തോടെ റിസര്‍ച്ച് പ്രോജക്ട് പരിപാടികള്‍ കാഷ്യൂ എക്സ്പോര്‍ട്ട് പ്രമോഷന്‍ കൌണ്‍സിലിന്റെ നേതൃത്വത്തില്‍ കാഷ്യു ആപ്പിളില്‍ നിന്നും പരീക്ഷണാടിസ്ഥാനത്തില്‍ ബയോഎത്തനോള്‍ നിര്‍മ്മാണം, “കര്‍ഷക കൂട്ടായ്മയിലൂടെ മദ്ധ്യവര്‍ത്തികളെ ഒഴിവാക്കി കര്‍ഷകുരുടെ ഉല്പന്നങ്ങള്‍ക്ക് മികച്ച വില ലഭ്യമാക്കല്‍, കാഷ്യു ആപ്പിളില്‍ നിന്നും മൂല്യവര്‍ദ്ധിത ഉല്പന്നങ്ങള്‍, ജില്ലകള്‍ തോറും സെമിനാറുകളും, പരിശീലനപരിപാടികളും സംഘടിപ്പിക്കല്‍ പഞ്ചായത്തുതലത്തില്‍ നടപ്പിലാക്കിവരുന്ന ബോധവല്‍ക്കരണപരിപാടികള്‍, അച്ചടി, ദൃശ്യശ്രവ്യമാധ്യമങ്ങളിലൂടെയുള്ള പ്രചാരണം എന്നിവ കെ.എസ്.എ.സി.സി യുടെ പ്രധാന ഭൗതിക നേട്ടങ്ങളില്‍ ചിലതാണ്.

കാഷ്യു എക്സ്പോര്‍ട്ട് പ്രമോഷന്‍ കൗണ്‍സില്‍ ഓഫ് ഇന്‍ഡ്യ (CEPCI)

കശുവണ്ടി പരിപ്പ്, കശുവണ്ടിതോടെണ്ണ എന്നിവയുടെ കയറ്റുമതി പ്രോല്‍സാഹിപ്പിക്കുന്നതിന് ലാഭേച്ഛകൂടാതെ കൊല്ലം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് കാഷ്യു എക്സ്പോര്‍ട്ട് പ്രമോഷന്‍ കൗണ്‍സില്‍ ഓഫ് ഇന്‍ഡ്യ (CEPCI Govt. of India). ഭാരത സര്‍ക്കാരിന്റെ ആസൂത്രണ പദ്ധതികളും കയറ്റുമതി നടത്തുന്ന അംഗങ്ങള്‍ക്ക് വിവിധ സേവനങ്ങളും കൗണ്‍സില്‍ നടപ്പിലാക്കുന്നു. 2015-16 ലെ കയറ്റുമതി ഇറക്കുമതി, സ്ഥിതിവിവരകണക്കുകള്‍ പ്രകാരം രാജ്യത്തിന്റെ കയറ്റുമതി വരുമാനത്തില്‍ കാര്‍ഷിക ഉല്പന്നങ്ങളുടെ വിഹിതം 6.84 ശതമാനമാണ്. ഇതില്‍ കശുവണ്ടിപ്പരിപ്പ് കയറ്റുമതിയില്‍ ആറാം സ്ഥാനവുമാണ്, 2015-16 ല്‍ 4952.12 കോടി രൂപ മൂല്യമുള്ള 96346 മെട്രിക്ടണ്‍ കശുവണ്ടിപ്പരിപ്പാണ് കയറ്റുമതി ചെയ്തത്. ഇത് മുന്‍വര്‍ഷത്തെ അപേക്ഷിച്ച് കയറ്റുമതിയില്‍ 19 ശതമാനത്തിന്റേയും രൂപ വിനിമയനിരക്കില്‍ 9 ശതമാനത്തിന്റേയും കുറവ് രേഖപ്പെടുത്തുന്നു. 2014-15 ല്‍ 5432.85 കോടി രൂപയുടെ 1,18,952 മെട്രിക്ടണ്‍ കശുവണ്ടി പരിപ്പാണ് ഇതേ സ്ഥാനത്ത് കയറ്റുമതി ചെയ്തത്. (അവലംബം: ആന്വല്‍ റിപ്പോര്‍ട്ട് ആന്റ് അക്കൗണ്ട്സ് കാഷ്യു എക്സ്പോര്‍ട്ട് പ്രൊമോഷന്‍ കൗണ്‍സില്‍). കശുവണ്ടി കയറ്റുമതിയുടേയും വിദേശനാണ്യ വരുമാനത്തിന്റേയും വിശദവിവരങ്ങള്‍ അദ്ധ്യായം 6-ല്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

അന്തര്‍ദ്ദേശീയ മാനദണ്ഡങ്ങള്‍ക്കനുസൃതമായി പ്രവര്‍ത്തിക്കുന്ന ഒരു ലബോറട്ടറിയും സാങ്കേതിക വിഭാഗവും കൗൺസിൽ സജ്ജമാക്കിയിട്ടുണ്ട്. കണ്ണൂര്‍, കേരള സർവകലാശാലകളുടെ അംഗീകാരമുള്ള ഡോക്ടറല്‍ റിസര്‍ച്ച് സെന്ററായി ഇത് പ്രവര്‍ത്തിക്കുന്നു. സി.ഇ.പി.സി ലാബിന്റെ സേവനം കശുവണ്ടി വ്യവസായത്തിന് മാത്രമല്ല, ഇന്ത്യക്കകത്തും പുറത്തുമുള്ള എല്ലാ ഭക്ഷ്യസംസ്ക്കരണ വ്യവസായങ്ങള്‍ക്കും ലഭ്യമാണ്. 2015-16 ല്‍ കൊല്ലത്തെ സി.ഇ.പി.സി ലാബിലും മറ്റ് അനുബന്ധ വിഭാഗങ്ങളിലുമായി 8431 സാമ്പിളുകള്‍ പരിശോധിച്ചിട്ടുണ്ട്.

കശുവണ്ടിവ്യവസായത്തിലെ പരിമിധികള്‍

സംസ്ഥാനത്തെ 800 ഫാക്ടറികളുടെ ആവശ്യത്തിന് 6 ലക്ഷം മെട്രിക് ടണ്‍ കശുവണ്ടി പ്രതിവര്‍ഷം ആവശ്യമാണ്. വര്‍ദ്ധിച്ച ആവശ്യവും വിതരണത്തിലെ അന്തരവും ലഘൂകരിക്കാന്‍ സംസ്ഥാന ഗവണ്മെന്റ് വിദേശമൂല്യയിനത്തില്‍ അയ്യായിരം കോടി രൂപയുടെ അസംസ്കൃത കശുവണ്ടി വിദേശരാജ്യങ്ങളില്‍ നിന്നും പ്രതിവര്‍ഷം ഇറക്കുമതി ചെയ്യുന്നു. എന്നാല്‍ സംസ്ഥാനത്തെ 2 ലക്ഷം ഹെക്ടര്‍ പ്രദേശത്തേയ്ക്കായി കശുമാവ് കൃഷിക്കായി വ്യാപിപ്പിക്കുകയാണെങ്കില്‍ വിദേശ നാണ്യം ലാഭിക്കാനും ആറായിരം കോടിയിലേറെ രൂപയുടെ വിദേശനാണ്യം ഇന്ത്യൻ ഖജനാവിലേക്ക്എത്തിക്കുവാനും സാധിക്കും. കശുവണ്ടി വ്യവസായത്തിന്റെ എതിരാളി എന്ന നിലയില്‍ റബ്ബര്‍ മേഖല ഇന്ന് വന്‍പ്രതിസന്ധി നേരിടുകയാണ്. മൂല്യത്തകര്‍ച്ച, ഉയര്‍ന്ന തൊഴില്‍ വേതനം എന്നിവ റബ്ബര്‍ മേഖലയില്‍ നിന്നും ജനങ്ങളെ താരതമ്യേന ചെലവുകുറഞ്ഞതും എന്നാല്‍ കൂടുതല്‍ വരുമാനം ലഭിക്കുന്നതുമായ കശുവണ്ടി വ്യവസായത്തിലേക്ക് ആകര്‍ഷിക്കുന്നു. ഇത് ഈ വ്യവസായത്തിന്റെ വന്‍തോതിലുള്ള വളര്‍ച്ചയ്ക്ക് സാഹചര്യം ഒരുക്കിയിട്ടുണ്ട്. കാഷ്യൂ ആപ്പിളില്‍നിന്നുള്ള മൂല്യവര്‍ദ്ധിതഉല്പന്നങ്ങളുടെ നിര്‍മ്മാണം വനിത സ്വയം സഹായസംഘങ്ങളുടെ പ്രവര്‍ത്തനത്തിന് ആത്മവിശ്വാസം പകരുന്നു.

താഴ്ന്ന ഉല്പാദന ക്ഷമത കശുവണ്ടി വ്യവസായം നേരിടുന്ന പ്രധാന പ്രതിസന്ധിയാണ്. തൊഴിലാളികളുടെ വേതനം, ക്ഷേമം, സുരക്ഷ, ആരോഗ്യം, ജോലിസാഹചര്യം എന്നിവയ്ക്ക് പ്രത്യേക ഊന്നല്‍ കൊടുക്കേണ്ടതുണ്ട്. അവശ്യ വിതരണ സംവിധാനത്തിലെ അന്തരം ലഘൂകരിക്കൽ സംസ്ക്കരണകേന്ദ്രങ്ങളിലെ വര്‍ദ്ധിച്ച യന്ത്രവല്ക്കരണചെലവ്, പാരിസ്ഥിതിക പ്രശ്നങ്ങള്‍, എന്നിവയുടെ പരിഹാരം, സംസ്ഥാനത്തിന്റെ കശുവണ്ടി വ്യവസായത്തിന്റെ സുസ്ഥിരവികസനത്തിന് അത്യന്താപേക്ഷിതമാണ്.

വികസനലക്ഷ്യങ്ങള്‍

വര്‍ദ്ധിച്ചുവരുന്ന കശുവണ്ടി ആവശ്യത്തെ മുന്നില്‍ കണ്ട് സംസ്ഥാനത്ത് ഗവേഷവികസനപരിപാടികള്‍ പുനരാംരംഭിച്ച് കുറവുകള്‍ കണ്ടെത്തി പരിഹാര നടപടികൾ സ്വീകരിക്കേണ്ടതാണ്. ഇത് സംസ്ഥാനത്തെ കശുവണ്ടി ഉല്പാദനത്തില്‍ സ്വയം പര്യാപ്തത കൈവരിക്കുന്നതിന് സഹായിക്കും. തൊഴില്‍, ന്യായമായ വേതനം ഉല്പാദനം ഇവയ്ക്ക് ഊന്നല്‍ നല്‍കല്‍, കശുവണ്ടി ഉത്പാദനം വര്‍ദ്ധിപ്പിക്കല്‍ സംസ്ക്കരണം എന്നിവയില്‍ ഗവേഷണ വികസനപരിപാടികള്‍, കാഷ്യു ആപ്പിൾ, ഹാന്‍ഡ് ക്രാഫ്റ്റഡ് കാഷ്യു എന്നിവയില്‍ നിന്നും മൂല്യവര്‍ദ്ധിത ഉല്പന്നങ്ങള്‍, കാഷ്യു ആപ്പിള്‍ ഉപയോഗിക്കുന്നതിനുള്ള നടപടികള്‍, എന്നിവയ്ക്കാണ് പ്രാധാന ഊന്നല്‍ നല്‍കിയിട്ടുള്ളത്.

top