വ്യവസായം, അധ്വാനം, തൊഴിൽ

പൊതു മേഖലാ സ്ഥാപനങ്ങള്‍

ഇന്ത്യയുടെ വികസനത്തില്‍ പൊതു മേഖലാസ്ഥാപനങ്ങള്‍ വഹിച്ച പങ്ക് വളരെ നിര്‍ണ്ണായകമാണ്. സാധനങ്ങളുടെയും സേവന ങ്ങളുടെയും ഉല്‍പ്പാദനത്തിലും സാങ്കേതിക വിദ്യയിലും സ്വയം പര്യാപ്തതത കൈവരിക്കുക എന്നത് ലക്ഷ്യമിട്ടു കൊണ്ടാണ് ഇന്ത്യയില്‍ പൊതുമേഖല സ്ഥാപനങ്ങള്‍ ആരംഭിച്ചത്. വിവിധ മന്ത്രാലയങ്ങളുടെയും വകുപ്പുകളുടെയും ഭരണനിയന്ത്രണത്തിലായി ഇന്ത്യയില്‍ 2015 വര്‍ഷത്തില്‍ 298 കേന്ദ്ര പൊതുമേഖല സ്ഥാപനങ്ങള്‍ നിലവിലുണ്ട്. ഇതില്‍ 235 സ്ഥാപനങ്ങള്‍ പ്രവര്‍ത്തനക്ഷമമാണ്. 2014-15 ല്‍ ലാഭകരമായി പ്രവര്‍ത്തിക്കുന്ന (157) സ്ഥാപനങ്ങളുടെ അറ്റലാഭം 2014-15 വര്‍ഷത്തില്‍ 1,30,363 കോടി രൂപയാണ്. അതേ സമയം നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന (77) സ്ഥാപനങ്ങളുടെ അറ്റനഷ്ടം 27,360 കോടി രൂപയാണ്.

കേന്ദ്ര മേഖലാ നിക്ഷേപം

ഇന്ത്യയിലെ കേന്ദ്ര പൊതു മേഖലാ സ്ഥാപനങ്ങളുടെ (സി.പി എസ് ഇ) ആകെയുള്ള യഥാര്‍ത്ഥ നിക്ഷേപം കണക്കാക്കുന്നത് ഗ്രോസ് ബ്ലോക്കുകളിലാണ്. ഇത് 2013-14 ല്‍ 17,56,530.80 കോടിയായിരുന്നത് 2014-15 ല്‍ 19,06,796.31 കോടി രൂപയായി വര്‍ദ്ധിച്ചു. 2013-14 ലെ വളര്‍ച്ചയെ അപേക്ഷിച്ച് 8.55% വര്‍ദ്ധനവുണ്ടായി. സംസ്ഥാനത്തെ കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളിലെ നിക്ഷേപം ‘ഗ്രോസ് ബ്ലോക്കില്‍’ 2013-14 ല്‍ 33865.88 കോടി രൂപയായിരുന്നത് 2014-15 ല്‍ 37,875.79 കോടി രൂപയായി ഉയര്‍ന്നു. അതായത് 11.69 ശതമാനം വര്‍ദ്ധന രേഖപ്പെടുത്തി. എന്നാല്‍ ഇന്ത്യയിലെ കേന്ദ്ര പൊതു മേഖലാ സ്ഥാപനങ്ങളില്‍ നടത്തിയ യഥാര്‍ത്ഥ മൊത്തം നിക്ഷേപത്തില്‍ നിന്ന് കേരളത്തിന് ലഭിച്ച വിഹിതം 2013-14 ലെ 1.93 ശതമാനത്തില്‍ നിന്നും 2014-15 ല്‍ 1.98 ശതമാനമായി മാത്രം വര്‍ദ്ധിച്ചു. (പബ്ലിക്ക് എന്റര്‍പ്രൈസസ് സർവ്വേ 2014-15). സംസ്ഥാനടിസ്ഥാനത്തില്‍ പരിശോധിച്ചതില്‍ ഏറ്റവും കൂടുതല്‍ നിക്ഷേപമുള്ളത് മഹാരാഷ്ട്രയിലാണ് (16.97%). തമിഴ്നാട് രണ്ടാം സ്ഥാനത്തും (6.51%), ഉത്തര്‍പ്രദേശ് (6.22%) മൂന്നാം സ്ഥാനത്തുമാണ്. 2012-13 മുതല്‍ 2014-15 വരെ കേരളത്തിലെ കേന്ദ്ര പൊതു മേഖലാ സ്ഥാപനങ്ങളിലെ നിക്ഷേപത്തിന്റെ വിശദാംശങ്ങള്‍ അനുബന്ധം 3.5 ല്‍ ചേര്‍ത്തിരിക്കുന്നു. 2015 മാര്‍ച്ച് 31 വരെ തെരഞ്ഞെടുത്ത സംസ്ഥാനങ്ങളിലെ കേന്ദ്ര മേഖലാ നിക്ഷേപം സംബന്ധിച്ച വിവരങ്ങള്‍ അനുബന്ധം 3.6 ല്‍ ചേര്‍ത്തിരിക്കുന്നു.

2011-12 മുതല്‍ 2014-15 വരെയുള്ള കാലയളവില്‍ കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളിലൂടെ കേരളത്തിന് ലഭിച്ച നിക്ഷേപ വിഹിതം ചിത്രം 3.5 ല്‍ ചേര്‍ത്തിരിക്കുന്നു. 2011-12 മുതല്‍ കേരളത്തിന്റെ വിഹിതം കുറഞ്ഞു കൊണ്ടിരിക്കുന്നത് ചിത്രത്തില്‍ നിന്ന് വ്യക്തമാണ്.

ചിത്രം 3.5
കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളിലെ കേന്ദ്ര നിക്ഷേപം കേരളത്തിന്റെ പങ്ക് -ശതമാനത്തില്‍
അവലംബം – പബ്ലിക് എന്റര്‍പ്രൈസസ് സർവേ 2013-14

സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങള്‍

സമ്പദ് ഘടനയുടെ വളര്‍ച്ചയ്ക്ക്, പ്രത്യേകിച്ച് ഉല്പന്ന നിര്‍മ്മാണ മേഖലയുടെ വികസനത്തില്‍ സംസ്ഥാനത്തെ പൊതുമേഖലാസ്ഥാപനങ്ങള്‍ വളരെ നിര്‍ണ്ണായകമായ ഒരു പങ്കാണ് വഹിക്കുന്നത്. വാണിജ്യാടിസ്ഥാനത്തില്‍ പ്രവര്‍ത്തനം നടത്തുന്ന സംസ്ഥാന ഗവണ്‍മെന്റ് കമ്പനികളും സ്റ്റാറ്റ്യൂട്ടറി കോര്‍പ്പറേഷനുകളും പൊതുമേഖലാ സ്ഥാപനങ്ങളില്‍പെടുന്നു. കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങളെ കുറിച്ചുളള ഇന്ത്യന്‍ കണ്‍ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറലിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് 2015 മാര്‍ച്ച് 31 വരെ കേരളത്തില്‍ ആകെ 126 പൊതുമേഖല സ്ഥാപനങ്ങളുണ്ട്. അതില്‍ 122 എണ്ണം ഗവണ്‍മെന്റ് കമ്പനികളും 4 എണ്ണം സ്റ്റാറ്റ്യൂട്ടറി കോര്‍പ്പറേഷനുകളുമാണ്. 122 ഗവണ്‍മെന്റ് കമ്പനികളില്‍ 107 എണ്ണം നിലവില്‍ പ്രവര്‍ത്തനം നടത്തുന്നുണ്ട്. എന്നാല്‍ 15 എണ്ണം പ്രവര്‍ത്തനം നടക്കാത്ത പൊതുമേഖല സ്ഥാപനങ്ങളാണ്. മേഖല തിരിച്ചുളള ഗവണ്‍മെന്റ് കമ്പനികളുടെ വിവരം ചുവടെ കൊടുക്കുന്നു. 50 - നിര്‍മ്മാണ മേഖല, 16 - പശ്ചാത്തല മേഖല, 18 - സാമ്പത്തിക മേഖല, 3 - വൈദ്യുതി, 16 - കൃഷിയും മറ്റ് അനുബന്ധ മേഖലയും, 19 - സേവന മേഖല. പ്രവര്‍ത്തിക്കാത്ത പൊതുമേഖലാ സ്ഥാപനങ്ങളെല്ലാം ഉല്പന്നനിര്‍മ്മാണ മേഖലയിലാണ് എന്നതാണ് ശ്രദ്ധേയം. 2015 മാര്‍ച്ചിലെ ഏറ്റവും പുതിയ കണക്കനുസരിച്ച് സംസ്ഥാനത്തെ 50 പൊതു മേഖല സ്ഥാപനങ്ങള്‍ ലാഭത്തില്‍ പ്രവര്‍ത്തിക്കുന്നു. 53 സ്ഥാപനങ്ങള്‍ നഷ്ടത്തിലും, 4 സ്ഥാപനങ്ങള്‍ ലാഭത്തിലോ നഷ്ടത്തിലോ അല്ലാത്ത സ്ഥിതിയിലുമാണ്. കേരള സര്‍ക്കാരിന്റെ വ്യവസായ വകുപ്പിന് കീഴിലുളള 43 സംസ്ഥാന പൊതുമേഖല സ്ഥാപനങ്ങളില്‍ 37 എണ്ണം ഉല്പന്നനിര്‍മ്മാണ മേഖലയിലും 7 എണ്ണം നിര്‍മ്മാണേതര/സേവന മേഖലകളിലുമാണ്. വ്യവസായ വകുപ്പിന് കീഴിലുളള പൊതുമേഖല സ്ഥാപനങ്ങളുടെ അവസാന അഞ്ചുവര്‍ഷത്തിലെ പെര്‍ഫോമന്‍സ് അനുബന്ധം 3.7 ല്‍ നല്‍കിയിരിക്കുന്നു.

2014-15 ല്‍ 43 സംസ്ഥാന പൊതുമേഖല സ്ഥാപനങ്ങളുടെ മൊത്തം ഉല്പാദന മൂല്യം 2405.11 കോടി രൂപയായിരുന്നത് 2015-16 ആയപ്പോഴേക്കും 2,829.72 കോടി രൂപയായി വര്‍ദ്ധിച്ചു. അതായത് 17.65 ശതമാനം വര്‍ദ്ധനവ് രേഖപ്പെടുത്തി. അതേ സമയം സംസ്ഥാന പൊതുമേഖല സ്ഥാപനങ്ങളുടെ വിറ്റുവരവ് 2015-16 ല്‍ മുൻവര്‍ഷത്തെ അപേക്ഷിച്ച് 0.63 ശതമാനമായി വര്‍ദ്ധിച്ചിട്ടുണ്ട്. 2015-16 വര്‍ഷത്തില്‍ പൊതുമേഖല സ്ഥാപനങ്ങളുടെ വിറ്റുവരവിന്റെയും ലാഭനഷ്ട കണക്കുകളുടേയും വിശദാംശം അനുബന്ധം 3.8 ല്‍ നല്‍കിയിരിക്കുന്നു. വ്യവസായ വകുപ്പിന് കീഴിലുള്ള 43 സംസ്ഥാന പൊതുമേഖല സ്ഥാപനങ്ങളുടെ 2011-12 മുതല്‍ 2015-16 വരെയുള്ള വിറ്റ് വരവും ഉല്‍പ്പാദന മുല്യവും ചിത്രം 3.6 ല്‍ രേഖപ്പെടുത്തിരിക്കുന്നു.

ചിത്രം 3.6
വ്യവസായ വകുപ്പിന് കീഴിലുള്ള സംസ്ഥാന പൊതുമേഖല സ്ഥാപനങ്ങളുടെ ഉല്‍പ്പാദന മൂല്യവും വിറ്റുവരവും *

*(കിന്‍ഫ്ര ഒഴികെ) അവലംബം: പബ്ലിക് സെക്ടര്‍ റീസ്ട്രക്ച്ചറിംഗ് ആന്‍ഡ് ഇന്റേണല്‍ ഓഡിറ്റ് ബോര്‍ഡ്

കഴിഞ്ഞ നാലു വര്‍ഷമായി സംസ്ഥാനത്തെ പൊതു മേഖലാ സ്ഥാപനങ്ങളുടെ വിറ്റു വരവില്‍ എടുത്തു പറയത്തക്ക വ്യതിയാനം ഉണ്ടായിട്ടില്ല എന്ന് കാണുവാന്‍ സാധിക്കും.

വ്യവസായ വകുപ്പിന് കീഴിലുള്ള സംസ്ഥാന പൊതുമേഖലാസ്ഥാപനങ്ങളില്‍ 10 എണ്ണം 2015-16 വര്‍ഷത്തില്‍ ലാഭത്തില്‍ പ്രവര്‍ത്തിക്കുന്നു. 2014-15 വര്‍ഷത്തില്‍ ഇത് 13 എണ്ണമായിരുന്നു. 2014-15 വര്‍ഷത്തില്‍ ലാഭത്തില്‍ പ്രവര്‍ത്തിച്ചിരുന്ന പൊതുമേഖല സ്ഥാപനങ്ങളുടെ മൊത്തം ലാഭം 61.30 കോടി രൂപ ആയിരുന്നത് 2015-16 വര്‍ഷമായപ്പോഴേക്കും 98.32 കോടി രൂപയായി വര്‍ദ്ധിച്ചു. 2015-16 വര്‍ഷത്തില്‍ ലാഭത്തില്‍ പ്രവര്‍ത്തിച്ചിരുന്ന പ്രമുഖ സ്ഥാപനങ്ങളാണ് മലബാര്‍ സിമന്റസ് ലിമിറ്റഡ് (38.75 കോടി രൂപ)കേരള സംസ്ഥാന വ്യവസായ വികസന കോര്‍പ്പറേഷന്‍ ലിമിറ്റഡ് (34.55 കോടി രൂപ), കേരള മിനറല്‍സ് ആന്റ് മെറ്റല്‍സ് ലിമിറ്റഡ് (21.16 കോടി രൂപ).

ചിത്രം 3.7
വ്യവസായ വകുപ്പിന് കീഴിലുള്ള പൊതുമേഖലാസ്ഥാപനങ്ങളുടെ പ്രവര്‍ത്തനത്തിന്റെ ഗതി *
* (കിന്‍ഫ്ര ഒഴികെ) അവലംബം: പബ്ലിക് സെക്ടര്‍ റീസ്ട്രക്ച്ചറിംഗ് ആന്‍ഡ് ഇന്റേണല്‍ ഓഡിറ്റ് ബോര്‍ഡ്

നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങളുടെ എണ്ണം 2014-15 വര്‍ഷത്തില്‍ 30 ആയിരുന്നത് 2015-16 ല്‍ 33 ആയി വര്‍ദ്ധിച്ചെങ്കിലും ഇവയുണ്ടാക്കിയ നഷ്ടം 241.33 കോടി രൂപയില്‍ നിന്ന് 208.12 കോടി രൂപയായി കുറഞ്ഞു. 2015-16 വര്‍ഷത്തില്‍ നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന സംസ്ഥാന പൊതു മേഖലസ്ഥാപനങ്ങളില്‍ പ്രധാനപ്പെട്ടവയാണ് കേരള സ്റ്റേറ്റ് ടെക്സ്റ്റൈല്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് (29.50 കോടി രൂപ) കേരള സംസ്ഥാന കശുവണ്ടി വികസന കോര്‍പ്പറേഷന്‍ (25.15 കോടി രൂപ) എന്നിവ. 2011-12 മുതല്‍ 2015-16 വരെ 43 സംസ്ഥാന പൊതുമേഖലാസ്ഥാപനങ്ങളുടെ പ്രവര്‍ത്തന ഗതി ചിത്രം 3.7 ല്‍ രേഖപ്പെടുത്തിയിരിക്കുന്നു.

വ്യവസായ വകുപ്പിന് കീഴിലുള്ള സംസ്ഥാന പൊതുമേഖലാസ്ഥാപനങ്ങളുടെ അറ്റലാഭം 2011-12 വര്‍ഷത്തില്‍ 212.86 കോടി രൂപയായിരുന്നത് 2012-13 ആയപ്പോഴേക്കും 75.65 കോടി രൂപയായി കുത്തനെ കുറഞ്ഞു. 2013-14 മുതല്‍ ഈ പൊതുമേഖലാസ്ഥാപനങ്ങളുടെ അറ്റലാഭം നെഗറ്റീവ് ആയി തുടരുന്നു. 2015-16 ല്‍ 43 സംസ്ഥാന പൊതുമേഖലാസ്ഥാപനങ്ങളുടെയും അറ്റനഷ്ടം 109.80 കോടി രൂപയാണ്. പ്രവര്‍ത്തനമൂലധന നഷ്ടം, സാങ്കേതികവിദ്യയില്‍ കാലാനുസൃതമായ നവീകരണത്തിന്റെ അഭാവം, ഉല്പന്നവൈവിധ്യവല്‍ക്കരണത്തിലെ കുറവ്, മാര്‍ക്കറ്റിലുണ്ടാകുന്ന ഡിമാന്റിനനുസരിച്ച് പ്രവര്‍ത്തിക്കുവാനുളള കഴിവില്ലായ്മ, ഉല്പാദന ചെലവിലെ വര്‍ദ്ധനവ്, മറ്റു സ്ഥാപനങ്ങളില്‍ നിന്നുളള കടുത്ത മത്സരം, വില കുറഞ്ഞ ഇറക്കുമതിയില്‍ നിന്ന് നേരിടേണ്ട മത്സരം, വര്‍ദ്ധിച്ചു വരുന്ന സാമ്പത്തിക ബാധ്യത (സ്റ്റാറ്റ്യൂട്ടറി പേയൗട്ട് ഉള്‍പ്പെടെ) എന്നിവ സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. സംസ്ഥാനത്തിന്റെ സാമ്പത്തിക വളര്‍ച്ചയെ ഉത്തേജിപ്പിക്കും വിധം, മേഖലയിലുണ്ടാകുന്ന മാറ്റങ്ങള്‍ക്കനുസരിച്ച്, സമയ ബന്ധിതമായി നടപടികള്‍ സ്വീകരിച്ച്, പൊതുമേഖലാസ്ഥാപനങ്ങളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

പബ്ലിക് സെക്ടര്‍ റീസ്ട്രക്ച്ചറിംഗ് ആന്‍ഡ് ഇന്റേണല്‍ ആഡിറ്റ് ബോര്‍ഡ് (റിയാബ്)

1993 ല്‍ ആരംഭിച്ച റിയാബിലൂടെയാണ് സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങളുടെ പുനരുദ്ധാരണ നടപടികള്‍ നടപ്പാക്കുന്നത്. പൊതുമേഖലാ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം ആസൂത്രണം ചെയ്യുകയും വിലയിരുത്തുകയും ചെയ്യുക, സ്ഥാപന പുന:നിര്‍മ്മാണം, ശേഷി വികസനം, പൊതു മേഖലാ സ്ഥാപനങ്ങളിലേയ്ക്കുള്ള നിയമനങ്ങള്‍, പൊതുമേഖലാസ്ഥാപനങ്ങള്‍ക്ക് ഭരണപരമായ ഉപദേശക സഹായം നല്‍കുക എന്നിവയാണ് ഏജന്‍സിയുടെ പ്രധാന ഉത്തരവാദിത്തങ്ങള്‍.പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് ആധുനികവ ല്‍ക്കരണത്തിനും വൈവിധ്യ വല്‍ക്കരണത്തിലും കൂടാതെ പ്രവര്‍ത്തനമൂലധനത്തിനും സര്‍ക്കാര്‍ സഹായം നല്‍കി വരുന്നു. 2013-14 ല്‍ 22 പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും 2014-15 ല്‍ 30 സ്ഥാപനങ്ങള്‍ക്കും 2015-16 ല്‍ 36 സ്ഥാപനങ്ങള്‍ക്കും പ്രയോജനം ലഭിച്ചിട്ടുണ്ട്. 12-ാം പദ്ധതിയുടെ ആദ്യ നാലുവര്‍ഷങ്ങളില്‍ പൊതുമേഖല സ്ഥാപനങ്ങളുടെ പുനരുജ്ജീവന പുനരുദ്ധാരണ പദ്ധതികള്‍ക്കായി 350.20 കോടിരൂപ വകയിരുത്തിയിരുന്നു. ഈ തുകയില്‍ (12-ാം പദ്ധതിക്കാലത്ത്) 296.67 കോടി രൂപ ചെലവഴിച്ചിട്ടുണ്ട്. 2016-17 ല്‍ 100 കോടി രൂപ ഇതിനായി മാറ്റി വച്ചിട്ടുണ്ട്.

ബോക്സ് 3.1
പൊതുമേഖലാസ്ഥാപനങ്ങളിലെ 2015-16 ലെ പ്രധാന പ്രവർത്തനങ്ങൾ
  • ട്രാവന്‍കൂര്‍ കൊച്ചിന്‍ കെമിക്കല്‍സ് ലിമിറ്റഡിന്റെ 65 കോടി രൂപയുടെ ആധുനികവല്‍ക്കരണ പദ്ധതിയ്ക്ക് സര്‍ക്കാര്‍ അനുമതി
  • 160 കോടി രൂപ ചെലവഴിച്ച് ബള്‍ക്ക് സിമന്റ് ഹാന്റ് ലിംഗ് പ്രോജക്ട് കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റില്‍ മലബാര്‍ സിമന്റ്സ് ആരംഭിച്ചു
  • 2015 വര്‍ഷത്തില്‍ ചേര്‍ത്തലയിലുളള മലബാര്‍ സിമന്റ്സ് ലിമിറ്റഡ് വീണ്ടും തുറന്ന് ഉല്പാദനം ആരംഭിച്ചു
  • സ്റ്റീല്‍ കോംപ്ലക്സ് ലിമിറ്റഡിലും കേരള ഇലക്ട്രിക്കല്‍ ആന്റ് അലൈഡ് എന്‍ജിനീയറിംഗ് കമ്പനി ലിമിറ്റഡിലും വിവിധങ്ങളായ ആധുനിക വല്‍ക്കരണ, വൈവിധ്യവല്‍ക്കരണ പദ്ധതികളുടെ ആരംഭം.
  • ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ വിവിധങ്ങളായ സാമൂഹ്യക്ഷേമപ്രവര്‍ത്തനങ്ങള്‍ അവരുടെ സാമൂഹ്യ പ്രതിബദ്ധത പരിപാടികളില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കി
  • ദേശീയ സഹകരണ വികസന കോര്‍പ്പറേഷന്‍ (എന്‍.സി.ഡി.സി) യുടെ സഹായത്തോടെ സഹകരണ സ്പിന്നിംഗ് മില്ലുകളില്‍ വിവിധങ്ങളായ ആധുനികവല്‍ക്കരണ വൈവിധ്യവല്‍ക്കരണ പരിപാടികള്‍ 120 കോടി രൂപ ഉപയോഗിച്ച് നടപ്പിലാക്കി

ജോയിന്റ് സ്റ്റോക്ക് കമ്പനികള്‍

2016 മാര്‍ച്ചിലെ കണക്കനുസരിച്ച് കേരളത്തിലുള്ള 27505 ജോയിന്റ് സ്റ്റോക്ക് കമ്പനികളില്‍ 25899 (94.16%) പ്രൈവററ് ലിമിറ്റഡും 1606 (5.84%) പബ്ലിക് ലിമിറ്റഡ് കമ്പനികളുമാണ്. 2016 ഏപ്രില്‍ മുതല്‍ സെപ്റ്റംബര്‍ വരെയുളള കാലയളവില്‍ 1396 കമ്പനികള്‍ പുതുതായിരജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 2015-16 ല്‍ പുതിയതായി 1642 കമ്പനികള്‍ രജിസ്റ്റര്‍ ചെയ്തു. (1561 പ്രൈവറ്റ് ലിമിറ്റഡ് കമ്പനികളും 81 പബ്ലിക് ലിമിറ്റഡ് കമ്പനികളും). 2016 ഏപ്രില്‍ മുതല്‍ സെപ്റ്റംബര്‍ വരെ 330 കമ്പനികള്‍ പിരിച്ചു വിടുകയോ, പ്രവര്‍ത്തനം നിര്‍ത്തുകയോ, ലയനം നടത്തുകയോ ചെയ്തിട്ടുണ്ട്. 3 പബ്ലിക് കമ്പനികള്‍ പ്രൈവറ്റ് കമ്പനികളായും 2 പ്രൈവറ്റ് കമ്പനികള്‍ പബ്ലിക് കമ്പനികളായും മാറിയിട്ടുണ്ട്. 2015 മാര്‍ച്ചിലെ കണക്കനുസരിച്ച് കേരളത്തില്‍ ആകെ 140 ഗവണ്‍മെന്റ് കമ്പനികള്‍ ഉണ്ടായിരുന്നു. (96 പബ്ലിക് ലിമിറ്റഡും 44 പ്രൈവറ്റ് ലിമിറ്റഡും). 2016 ഏപ്രില്‍ മുതല്‍ സെപ്റ്റംബര്‍ കാലയളവില്‍ സ്ത്രീ സംരംഭകര്‍ ആരംഭിച്ച 712 ജോയിന്റ് സ്റ്റോക്ക് കമ്പനികളുണ്ട്. കേരളത്തിലെ ജോയിന്റ് സ്റ്റോക്ക് കമ്പനികളുടെ വിവരങ്ങള്‍ അനുബന്ധം 3.9 ല്‍ ചേര്‍ത്തിരിക്കുന്നു.

വ്യവസായ ധന സഹായം

കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍ (കെ.എഫ്.സി)

വ്യവസായങ്ങള്‍ക്ക് ധനസഹായം നല്കുന്നതിലൂടെ കേരളത്തിന്റെ വ്യവസായ വല്‍ക്കരണത്തിന് പ്രധാന പങ്ക് വഹിക്കുന്ന ഒരു എജന്‍സിയാണ് കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍. സൂക്ഷ്മ, ചെറുകിട ഇടത്തരം സംരംഭങ്ങള്‍ക്കും (എം.എസ്.എം.ഇ) ഉല്‍പ്പാദന സേവന മേഖലകള്‍ക്കും സാമ്പത്തിക സഹായം നല്‍കുന്നതിലൂടെ ത്വരിത വ്യവസായ വല്‍ക്കരണത്തെ പ്രോത്സാഹിപ്പിക്കുക എന്നതാണ് കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്റെ (കെ.എഫ്.സി) പ്രധാന ലക്ഷ്യം. വായ്പകള്‍, പ്രവര്‍ത്തന മൂലധന വായ്പകള്‍, പ്രത്യേക പദ്ധതികള്‍ എന്നിങ്ങനെയുളള രൂപത്തിലാണ് സാമ്പത്തിക സഹായം നല്‍കുന്നത്. സൂക്ഷ്മ ചെറുകിട സ്ഥാപനങ്ങള്‍ക്കായുള്ള ക്രെഡിറ്റ് ഗ്യാരന്റി ഫണ്ട് ട്രസ്റ്റിലെ അംഗമാണ് കെ.എഫ്.സി. കോര്‍പ്പറേഷന്റെ പ്രവര്‍ത്തനങ്ങള്‍ താഴെ പറയുന്നവയാണ്.

  • ഉല്‍പ്പന്ന നിര്‍മ്മാണ സേവന മേഖലക ളിലെ പുതിയ സൂക്ഷ്മ, ചെറുകിട ഇടത്തരം സംരംഭകര്‍ക്ക് വായ്പകള്‍ അനുവദിക്കുക
  • നിലവില്‍ പ്രവര്‍ത്തിക്കുന്ന വ്യവസായ / സേവന സ്ഥാപനങ്ങള്‍ക്ക് വികസനത്തിനും, ആധുനിക വല്‍ക്കരണത്തിനും/ വൈവിദ്ധ്യ വല്‍ക്കരണത്തിനും വേണ്ടിയുള്ള വായ്പ നല്‍കുക
  • വ്യവസായ /സേവന മേഖലയിലുളള സ്ഥാപനങ്ങള്‍ക്ക് പ്രത്യേക പദ്ധതികളില്‍പ്പെടുത്തി പ്രവര്‍ത്തന മൂലധന വായ്പകള്‍ നല്കുക
  • സിവില്‍ കോണ്‍ട്രാക്ടര്‍മാര്‍ക്ക് സാമ്പത്തിക സഹായത്തിനുള്ള പ്രത്യേക പദ്ധതികള്‍
  • ഫീച്ചര്‍ ഫിലിമും ടെലിവിഷന്‍ സീരിയലുകളും നിര്‍മ്മിക്കുന്നതിന് സാമ്പത്തിക സഹായത്തിനുള്ള പ്രത്യേക പദ്ധതികള്‍
  • നിലവിലുള്ള സിനിമ തീയറ്ററുകളുടെ ആധുനിക വല്‍ക്കരണത്തിനും നിലവാരം മെച്ചപ്പെടുത്തുന്നതിനും, വികസനത്തിനും പുതിയ മള്‍ട്ടിപ്ലക്സുകള്‍ സ്ഥാപിക്കുന്നതിനുള്ള പ്രത്യേക പദ്ധതികള്‍
  • ലാബ് ഉപകരണങ്ങള്‍ വാങ്ങുന്നതിനും / മാലിന്യ സംസ്കരണത്തിനുമുള്ള പ്രത്യേക പദ്ധതികള്‍

കോര്‍പ്പറേഷന്‍ 2015-16 ല്‍ 1025.99 കോടി രൂപയുടെ വായ്പകള്‍ക്ക് അംഗീകാരം നല്‍കുകയും 838.36 കോടി രൂപ വിതരണം ചെയ്യുകയും ചെയ്തു. ഈ കാലയളവില്‍ തന്നെ ചെറുകിട വ്യവസായ യൂണിറ്റുകള്‍ക്ക് 415.83 കോടി രൂപയും മറ്റ് യൂണിറ്റുകള്‍ക്ക് 422.53 കോടി രൂപയും വിതരണം ചെയ്തു. 2015 മാര്‍ച്ച് 31 വരെ കോര്‍പ്പറേഷന്‍ 7263.41 കോടി രൂപയുടെ വായ്പകള്‍ക്ക് അംഗീകാരം നല്‍കുകയും, 6573.68 കോടി രൂപ വിതരണം ചെയ്യുകയും ചെയ്തു. 2014-15 ല്‍ കോര്‍പ്പറേഷന്റെ ലാഭം (നികുതിക്ക് മുമ്പ്) 30.03 കോടി രൂപയായിരുന്നത് 2015-16 ല്‍ 20.35 കോടി രൂപയായി കുറഞ്ഞു. കഴിഞ്ഞ 7 വര്‍ഷത്തെ കോര്‍പ്പറേഷന്റെ പ്രവര്‍ത്തനം അനുബന്ധം 3.10 ല്‍ ചേര്‍ത്തിരിക്കുന്നു. 2015-16 വര്‍ഷത്തില്‍ കോര്‍പ്പറേഷന്‍ നടത്തിയ വായ്പാ പ്രവര്‍ത്തനങ്ങളും വായ്പകളുടെ വ്യാവസായിക അടിസ്ഥാനത്തിലെ തരം തിരിവും അനുബന്ധം 3.11 ലും അനുബന്ധം 3.12 ലും നല്‍കിയിരിക്കുന്നു.

കേരള സംസ്ഥാന വ്യവസായ വികസന കോര്‍പ്പറേഷന്‍ (കെ.എസ്.ഐ.ഡി.സി)

സംസ്ഥാനത്ത്, ഉന്നത വ്യവസായ നിക്ഷേപ ഏജന്‍സിയായി പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് 1961 ല്‍ ആരംഭിച്ച കേരള സംസ്ഥാന വ്യവസായ വികസന കോര്‍പ്പറേഷന്‍ അഥവാ കെ.എസ്.ഐ.ഡി.സി. സംസ്ഥാനത്തിന്റെ വ്യവസായ വികസനത്തിനും സാമ്പത്തിക വികസനത്തിനും അടിസ്ഥാനമായ പലതന്ത്രപ്രധാ ന വ്യവസായ പശ്ചാത്തല പദ്ധതികളും കെ.എസ്.ഐ.ഡി.സി ആരംഭിച്ചിട്ടുണ്ട്. കൂടാതെ സംസ്ഥാനത്ത് സംരംഭകത്വ വികസനം നടപ്പിലാക്കുന്നതിലും കെ.എസ്.ഐ.ഡി.സി വളരെ പ്രധാന പങ്ക് വഹിക്കുന്നു. കെ.എസ്.ഐ.ഡി.സി യുടെ 2014-15, 2015-16, 2016-17 വര്‍ഷങ്ങളിലെ പദ്ധതി തുകയും ചെലവ് വിവരങ്ങളും താഴെ കൊടുത്തിരിക്കുന്നു.

പട്ടിക 3.2
കെ.എസ്.ഐ.ഡി.സി യ്ക്ക് ലഭിച്ച പദ്ധതി തുകയും ചെലവ് വിവരങ്ങളും (രൂപ കോടിയില്‍)
ക്രമ നം. വര്‍ഷം ലഭിച്ച തുക ചിലവ്
1 2014-15 50.04 0.00
2 2015-16 74.01 64.96
3 2016-17* (ഒക്ടോബര്‍ 2016 വരെ) 87.52 10.96
അവലംബം: കണക്കുകള്‍ പ്ലാന്‍ സ്പേസ്, സംസ്ഥാന ആസൂത്രണ ബോര്‍ഡ്

2015-16 സാമ്പത്തിക വര്‍ഷത്തില്‍ വിവിധ പദ്ധതികള്‍ക്കായി കെ.എസ്.ഐ. ഡി. സി 2069.62 കോടി രൂപ മൂലധന നിക്ഷേപത്തിന് അംഗീകാരം നല്‍കിയിട്ടുണ്ട്. ഇതില്‍ 76.65 കോടി രൂപ പ്രത്യക്ഷ ടേം ലോണ്‍ സഹായവും 10 കോടി ഷെയര്‍ കാപ്പിറ്റല്‍ സഹായവുമാണ്. ഇവയിലൂടെ 10000 പേര്‍ക്ക് നേരിട്ടും പരോക്ഷമായും തോഴില്‍ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇക്കാലയളവില്‍ 67.76 കോടി രൂപ വിതരണം ചെയ്യുകയും 118.36 കോടി രൂപ മുതലും പലിശയും ഉള്‍പ്പെടെ തിരിച്ചടവ് ഉള്ളതായും കോര്‍പ്പറേഷന്‍ രേഖപ്പെടുത്തുന്നു. 2015-16 ല്‍ കോര്‍പ്പറേഷന്റെ ഓപ്പറേറ്റിംഗ് ലാഭം 49.98 കോടി രൂപയായിരുന്നു. ഇത് കോര്‍പ്പറേഷന്റെ ചരിത്രത്തിലെ ഒരു റെക്കോര്‍ഡ് തുകയാണ്. മെറ്റല്‍, കെമിക്കല്‍, ഹോസ്പിറ്റാലിറ്റി, റബ്ബര്‍, പശ്ചാത്തലം എന്നീ മേഖലകളിലെ പദ്ധതികള്‍ക്കാണ് 2015-16 ല്‍ കോര്‍പ്പറേഷന്‍ പ്രധാനമായും തുക നല്‍കിയത്. 2015-16 വര്‍ഷത്തെ കെ.എസ്.ഐ.ഡി സി യുടെ ഭൌതികവും സാമ്പത്തികവുമായ നേട്ടങ്ങളുടെ വിശദാംശങ്ങള്‍ അനുബന്ധം 3.13 ല്‍ ചേര്‍ത്തിരിക്കുന്നു. 2016 ഒക്ടോബര്‍ വരെ കെ.എസ്.ഐ.ഡി.സി വിവിധ ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കുകളി‍ല്‍ അനുവദിച്ച സ്ഥലം സംബന്ധമായ വിവരങ്ങള്‍ അനുബന്ധം 3.14 ല്‍ നല്കിയിരിക്കുന്നു.

വിദ്യാര്‍ത്ഥി സമൂഹത്തിലെ യുവ സംരംഭകരെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നതിനായി കെ.എസ്.ഐ.ഡി.സി യുവ സംരംഭകത്വ സമ്മേളനം നടത്തുകയുണ്ടായി. കൂടാതെ വൈ.ഇ.എസ്.സി.എ.എന്‍ (യെസ്-കാന്‍) 2015 നായി ഇന്ത്യന്‍ സോഫ്റ്റ് വെയര്‍ പ്രോഡക്ട്, ഇന്‍ഡസ്ട്രി റൌണ്ട് റ്റേബിള്‍ (ഐ.എസ്.ഐ.ആര്‍.റ്റി), ഇന്ത്യ പ്രൈവറ്റ് ഇക്വറ്റി ആന്റ് വെഞ്ച്വര്‍ ക്യാപിറ്റല്‍ അസോസിയേഷന്‍ (ഐ.വി.സി.എ) എന്നിവരുമായി കൈകോര്‍ക്കുകയുണ്ടായി. കൂടാതെ കെ.എസ്.ഐ.ഡി.സി ആദ്യമായി ഒരു വിമന്‍ ഇന്‍കുബേഷന്‍ സെന്റര്‍ ചങ്ങനാശ്ശേരിയിലെ അസംപ്ഷന്‍ കോളേജില്‍ ആരംഭിക്കുകയും ചെയ്തു.

കെ.എസ്.ഐ.ഡി.സി യുടെ കണ്ണൂര്‍, കോഴിക്കോട്, ആലപ്പുഴ, തിരുവനന്തപുരം വ്യവസായ വളര്‍ച്ച കേന്ദ്രങ്ങളില്‍ (ഐ.ജി.സി കള്‍) പശ്ചാത്തല സൗകര്യങ്ങള്‍ വികസിപ്പിച്ചിട്ടുണ്ട്. യുവാക്കളെ തൊഴിലന്വേഷകരില്‍ നിന്നും തൊഴില്‍ദാതാക്കളായി മാറ്റി അവരില്‍ സംരംഭകത്വം വളര്‍ത്തിയെടുക്കുന്നതിനായി എയ്ഞ്ചല്‍ ഫണ്ട് / സീഡ് ഫണ്ട് എന്നു പേരുളള ഒരു പ്രത്യേക സാമ്പത്തിക സഹായ പദ്ധതിയ്ക്ക് കെ.എസ്.ഐ.ഡി.സി ആരംഭം കുറിച്ചിട്ടുണ്ട്. ഈ പദ്ധതിയില്‍പെടുത്തി 18 പുതിയ സംരംഭങ്ങള്‍ക്കായി ഇതുവരെ 366 ലക്ഷം രൂപയുടെ സഹായം അനുവദിച്ചിട്ടുണ്ട്. 2015-16 ല്‍ പല ഘട്ടങ്ങളായി വിതരണം ചെയ്ത തുക 110.50 ലക്ഷം രൂപയാണ്. കൊച്ചിയിലെ കാക്കനാട്ടുളള ഇന്‍ഫോപാര്‍ക്കില്‍ 4500 ചതുരശ്രമീറ്റര്‍ സ്ഥലത്ത് 120 സീറ്റ് ഇന്‍കുബേഷന്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്. പാലക്കാട് 34 ഏക്കര്‍ സ്ഥലത്തായി കെ.എസ്.ഐ.ഡി.സി ഒരു ലൈറ്റ് എന്‍ജിനീയറിംഗ് വ്യവസായ പാര്‍ക്ക് വികസിപ്പിച്ചിട്ടുണ്ട്. പ്രസ്തുത പാര്‍ക്കിന്റെ ഒന്നും രണ്ടും ഘട്ട പശ്ചാത്തലവികസന പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായിട്ടുണ്ട്.

ബോക്സ് 3.2
കെ.എസ്.ഐ.ഡി.സി 12-ം പഞ്ചവല്‍സര പദ്ധതിക്കാലത്ത് ആരംഭിച്ച പ്രധാന പദ്ധതികള്‍
  • പെട്രോ കെമിക്കല്‍ പാര്‍ക്ക്, കൊച്ചി - പെട്രോ കെമിക്കല്‍, ഫാര്‍മസ്യൂട്ടിക്കല്‍സ് നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിന്
  • സമുദ്രോല്‍പ്പന്ന മേഖലയ്ക്കായി ചേര്‍ത്തലയില്‍ മെഗാ ഫുഡ് പാര്‍ക്ക്
  • കൊച്ചി ഇലോക്ട്രോണിക്സ് ഹാര്‍ഡ് വെയര്‍ പാര്‍ക്ക് – ഇലക്ട്രോണിക് മേഖലയിലെ ഗവേഷണ വികസന
  • സൌകര്യങ്ങള്‍ക്കും ലോകോത്തര നിലവാരത്തിനും ഉല്പാദനത്തിനും വേണ്ടി
  • ലൈഫ് സയന്‍സ് പാര്‍ക്ക് – ബയോ ടെക്നോളജി, നാനോ ടെക്നോളജി, തുടങ്ങിയവയില്‍ ഗവേഷണം നടത്തുന്നതിനും
  • ഉല്‍പ്പാദനം നടത്തുന്നതിനുളള സൗകര്യങ്ങള്‍ക്കും
  • ലൈററ് എഞ്ചിനിയറിംഗ് ഇന്‍ഡസ്ട്രിയല്‍ പാര്‍ക്ക്, പാലക്കാട്
അവലംബം; കെ.എസ്.ഐ.ഡി.സി

കെ.എസ്.ഐ.ഡി.സി യുടെ പ്രധാന മുന്‍നിരപ്രവര്‍ത്തനങ്ങള്‍
ഈസ് ഓഫ് ഡ്യൂയിംഗ് ബിസിനസ്

ഒരു വ്യവസായ പദ്ധതി ആരംഭിക്കുന്നതിനുളള ക്ലിയറന്‍സ് നടപടികള്‍ ലഘൂകരിക്കുന്നതിനായി ഇന്ത്യാഗവണ്‍മെന്റിന്റെ ഇന്‍ഡസ്ട്രിയല്‍ പോളിസി ആന്‍ഡ് പ്രൊമോഷന്‍ വകുപ്പ് ആരംഭിച്ച ഒരു പദ്ധതിയാണ് ഈസ് ഓഫ് ഡ്യൂയിംഗ് ബിസിനസ് (ഇ.ഒ.ഡി.ബി). കേരളത്തില്‍ ഒരു വ്യവസായ യൂണിറ്റ് ആരംഭിക്കുന്നതിനായുളള ക്ലിയറന്‍സ് നടപടിക്കായി നിലവിലുളള ചട്ടങ്ങളും വകുപ്പുകളും പരിഷ്കരിക്കുന്നതിനായി പഠിക്കുന്നതിന് കെ.പി.എം.ജി എന്ന കണ്‍സള്‍ട്ടന്റിനെ കെ.എസ്.ഐ.ഡി.സി ചുമതലപ്പെടുത്തിയിട്ടുണ്ട്. ശ്രദ്ധ പതിപ്പിക്കേണ്ട പ്രധാന മേഖല, ഇ.ഒ.ഡി.ബി റാങ്കിംഗ് മെച്ചപ്പെടുത്തുന്നതിനുളള നടപടി, ഡിപ്പാര്‍ട്ട്മെന്റുകളും, ഏജന്‍സികളും പിന്‍തുടരേണ്ട സ്റ്റാന്‍ഡാര്‍ഡ് നടപടിക്രമങ്ങള്‍, വകുപ്പ്/ചട്ടങ്ങളില്‍ വേണ്ട മാറ്റങ്ങള്‍, സംസ്ഥാനത്തെ ഈസ് ഓഫ് ഡ്യൂയിംഗ് ബിസിനസ് പരിസ്ഥിതി മെച്ചപ്പെടുത്തുന്നതിനുളള നിര്‍ദ്ദേശങ്ങള്‍ എന്നിവ സംബന്ധിച്ച് ഒരു കരട് റിപ്പോര്‍ട്ടും അവര്‍ സമര്‍പ്പിച്ചിട്ടുണ്ട്.

ഏകജാലക ക്ലിയറന്‍സ് സംവിധാനം

സംസ്ഥാനത്ത് വ്യവസായ പദ്ധതികള്‍ സ്ഥാപിക്കുന്നതിനുളള നടപടികള്‍ ലഘൂകരിക്കുന്നതിനായി കേരള സര്‍ക്കാര്‍ ഒരു ഏകജാലക ക്ലിയറന്‍സ് സംവിധാനം ആരംഭിച്ചിട്ടുണ്ട്. ഈ പദ്ധതിയുടെ സംസ്ഥാനത്തെ നോഡല്‍ ഏജന്‍സിയായ കെ.എസ്.ഐ.ഡി.സി, കഴിഞ്ഞ സാമ്പത്തിക വര്‍ഷം പല മേഖലകളിലായി 8 പ്രധാന പ്രോജക്ടുകള്‍ക്ക് ക്ലിയറന്‍സ് നല്‍കിയിട്ടുണ്ട്.

മെയ്ക്ക് ഇന്‍ ഇന്ത്യ/ കേരള

ഇന്ത്യാ ഗവണ്‍മെന്റ് പ്രഖ്യാപിച്ച ‘മെയ്ക്ക് ഇന്‍ ഇന്ത്യ’പദ്ധതിയുടെ കേരള ഗവണ്‍മെന്റിനെ പ്രതിനിധീകരിക്കുന്ന നോഡല്‍ ഏജന്‍സിയാണ് കെ.എസ്.ഐ.ഡി.സി.

മാര്‍ഗ്ഗദര്‍ശനത്തിലൂടെ സംരംഭകത്വ സഹായം

കേരളത്തില്‍ വ്യവസായ സ്ഥാപനങ്ങള്‍ ആരംഭിക്കുന്നതിന് താല്പര്യമുളള യുവസംരംഭകരുമായി മുഖാമുഖമുളള മാര്‍ഗ്ഗദര്‍ശന സെഷനുകള്‍ നടത്തുന്നതിനുളള ഒരു പദ്ധതി കെ.എസ്.ഐ.ഡി.സി ആരംഭിച്ചിട്ടുണ്ട്. സി.ഐ.ഐ, റ്റി.ഐ.ഇ എന്നീ ഏജന്‍സികളുമായി കൈകോര്‍ത്ത് വിവിധ കോളേജുകളില്‍ മാര്‍ഗ്ഗദര്‍ശന സഹായം നല്‍കുന്നതിനും കെ.എസ്.ഐ.ഡി.സി നടപടിയെടുത്തിട്ടുണ്ട്. ഈ പദ്ധതിയുടെ ഗുണം ലഭ്യമായ കോളേജകളില്‍ ചിലതാണ് കൊല്ലം റ്റി.കെ.എം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ്, തിരുവനന്തപുരത്തുളള മാര്‍ ബസേലിയസ് കോളേജ് ഓഫ് എന്‍ജിനീയറിംഗ് ആന്‍റ് ടെക്നോളജി, കോഴിക്കോടുളള നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, എറണാകുളത്തുളള രാജഗിരി സ്ക്കൂള്‍ ഓഫ് സോഷ്യല്‍ സയന്‍സ് എന്നിവ. ഈ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ചിലതില്‍ ഇന്‍കുബേഷന്‍ കേന്ദ്രങ്ങളും ആരംഭിച്ചിട്ടുണ്ട്.

കേരള വ്യവസായ പശ്ചാത്തല സൗകര്യ വികസന കോര്‍പ്പേറഷന്‍ (കിന്‍ഫ്ര)

അടിസ്ഥാന പശ്ചാത്തല സൌകര്യം വികസിപ്പിക്കുകയും അതുവഴി വ്യവസായ വികസനത്തിനാവശ്യമായ അനുയോജ്യമായ പരിസ്ഥിതി സൃഷ്ടിക്കുന്നതിനായി 1993 - ല്‍ സര്‍ക്കാര്‍ കേരള വ്യവസായ പശ്ചാത്തല വികസന കോര്‍പ്പറേഷന്‍ (കിന്‍ഫ്ര) സ്ഥാപിച്ചു. സംസ്ഥാനത്തിന്റെ വ്യാവസായിക വളര്‍ച്ചയ്ക്ക് ഉതകുന്ന തരത്തിലുള്ള വ്യവസായ പാര്‍ക്കുകള്‍, ടൌണ്‍ഷിപ്പുകള്‍, സോണുകള്‍ എന്നിവ സംസ്ഥാനത്ത് വ്യാവസായികമായി പിന്നോക്കം നില്‍ക്കുന്ന പ്രദേശങ്ങളില്‍ സ്ഥാപിക്കുന്നതിലൂടെ സംസ്ഥാനത്ത് വ്യവസായ പശ്ചാത്തല വികസനം സാധ്യമാക്കുക എന്നതാണ് കോര്‍പ്പറേഷന്റെ ലക്ഷ്യം. കിന്‍ഫ്രയുടെ 2014-15, 2015-16, 2016-17 വര്‍ഷങ്ങളിലെ പദ്ധതി വിഹിതവും ചെലവ് വിവരങ്ങളും പട്ടിക 3.3 ൽ കൊടുത്തിരിക്കുന്നു.

പട്ടിക 3.3
കിന്‍ഫ്രയ്ക്ക് ലഭിച്ച പദ്ധതി തുകയും ചെലവ് വിവരങ്ങളും (രൂപ കോടിയില്‍)
ക്രമ നം. വര്‍ഷം ലഭിച്ച തുക ചെലവ്
1 2014-15 148.79 17.12
2 2015-16 55.07 49.85
3 2016-17* (ഒക്ടോബര്‍ 2016 വരെ) 101.20 0.00
*അവലംബം: കണക്കുകള്‍ പ്ലാന്‍ സ്പേസ്, സംസ്ഥാന ആസൂത്രണ ബോര്‍ഡ്

കിന്‍ഫ്ര വികസിപ്പിച്ച വ്യവസായ പാര്‍ക്കുകളില്‍ സ്ഥല സൌകര്യം, വൈദ്യുതി, തുടര്‍ച്ചയായ ജല വിതരണം, വാര്‍ത്ത വിനിമയ സൌകര്യങ്ങള്‍ എന്നിവ കൂടാതെ അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക്, ബാങ്ക്, പോസ്റ്റാഫീസ്, സെക്യൂരിറ്റി എന്നി സൌകര്യങ്ങളും ലഭ്യമാണ്. കുറഞ്ഞ ചെലവിലും ചുരുങ്ങിയ സമയത്തിലും വ്യവസായ യൂണിറ്റുകള്‍ ആരംഭിക്കുന്നതിന് ആവശ്യമായ എല്ലാ നല്ല അന്തരീക്ഷവും ഈ പാര്‍ക്കുകളില്‍ ഉണ്ട്.

കിന്‍ഫ്ര 22 വ്യവസായ പാര്‍ക്കുകളിലായി 12 പ്രധാന മേഖലയില്‍ പെടുന്ന വ്യവസായങ്ങള്‍ക്ക് ലോകോത്തര പശ്ചാത്തല സൌകര്യ വികസനം പൂര്‍ത്തിയാക്കി കഴിഞ്ഞു. ഇതില്‍ 8 എണ്ണം ചെറുകിട-ഇടത്തര മേഖലയിലെ സ്ഥാപനങ്ങള്‍ക്ക് വേണ്ടി മാത്രമുള്ളതാണ്. തിരുവനന്തപുരത്തെ അന്താരാഷ്ട്ര അപ്പാരല്‍ പാര്‍ക്ക്, എറണാകുളത്തെ കയറ്റുമതി വികസന വ്യവസായ പാര്‍ക്ക്, ഇന്‍ഫോടെയിന്‍മെന്റ് പാര്‍ക്ക്, തിരുവനന്തപുരത്തെ ഫിലിം ആന്‍ഡ് വീഡിയോ പാര്‍ക്ക്, മലപ്പുറത്തെ ഭക്ഷ്യ സംസ്കരണ വ്യവസായ പാര്‍ക്ക് എന്നിവ കിന്‍ഫ്രയുടെ ശ്രദ്ധേയമായ നേട്ടങ്ങളില്‍ ചിലതാണ്. തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, തൃശ്ശൂര്‍, കണ്ണൂര്‍, വയനാട്, കാസര്‍ഗോഡ് എന്നിവിടങ്ങളില്‍ ചെറിയ വ്യവസായ പാര്‍ക്കുകളും കിന്‍ഫ്ര വികസിപ്പിച്ചിട്ടുണ്ട്.

കിന്‍ഫ്ര സംസ്ഥാനത്തെ വ്യവസായ നിക്ഷേപങ്ങളെ പ്രോത്സാഹിപ്പിച്ചും പാര്‍ക്കുകളില്‍ നിക്ഷേപ സൌഹൃദ അന്തരീക്ഷം സൃഷ്ടിച്ചും സംസ്ഥാനത്തിന്റെ സമ്പദ്ഘടനയ്ക്ക് പ്രധാന സംഭാവന നല്കുന്നു. കിന്‍ഫ്രയിലെ വിവിധ വ്യവസായ പാര്‍ക്കുകളില്‍ 634 വ്യവസായ യൂണിറ്റുകള്‍ക്ക് സ്ഥലം അനുവദിക്കുകയും 1581 കോടി രൂപയുടെ നിക്ഷേപം നടത്തുകയും 35898 പേര്‍ക്ക് നേരിട്ട് തൊഴില്‍ നല്‍കുകയും ചെയ്തിട്ടുണ്ട്. എല്ലാ പാര്‍ക്കുകളിലും ഏക ജാലക ക്ലിയറന്‍സ് സംവിധാനവും കിന്‍ഫ്ര ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഈ പാര്‍ക്കുകളില്‍ യാതൊരു തടസ്സവുമില്ലാതെ നിക്ഷേപകര്‍ക്ക് തങ്ങളുടെ യൂണിറ്റുകള്‍ ആരംഭിക്കുന്നതിന് ഏകജാലക സംവിധാനം വളരെയധികം സഹായിച്ചിട്ടുണ്ട്. കിന്‍ഫ്ര വ്യവസായ പാര്‍ക്കുകളില്‍ അനുവദിച്ച യൂണിറ്റുകളെ സംബന്ധിച്ച വിവരങ്ങള്‍ അനുബന്ധം 3.15 ല്‍ ചേര്‍ത്തിരിക്കുന്നു.

സെന്റര്‍ ഫോര്‍ മാനേജ്മെന്റ് ഡവലപ്മെന്റ് (സി.എം.ഡി)

സെന്റര്‍ ഫോര്‍ മാനേജ്മെന്റ് ഡെവലപ്പ്മെന്റ് (സി.എം.ഡി) വികസന ഏജന്‍സികള്‍ക്കും, കോര്‍പ്പറേറ്റുകള്‍ക്കും, ദേശീയ-സംസ്ഥാന-തദ്ദേശ സര്‍ക്കാരുകള്‍ക്കും ഗവേഷണ, വിദഗ്ധാഭിപ്രായ, പരിശീലനസഹായം നല്‍കുന്ന പ്രമുഖമായ സ്വാശ്രയ സ്വയംഭരണാധികാരമുളള ഒരു സ്ഥാപനമാണ്. 1997 ല്‍ സ്ഥാപിതമായ ഈ സ്ഥാപനം കേരള സര്‍ക്കാരിന്റെ സ്പോണ്‍സര്‍ഷിപ്പോടെ പ്രവര്‍ത്തിപ്പിക്കുന്ന രജിസ്റ്റര്‍ ചെയ്ത ഒരു പ്രൊഫഷണല്‍ സൊസൈറ്റിയാണ്. 2015-16 ല്‍ സി.എം.ഡി 43 ഗവേഷണ പ്രോജക്ടുകള്‍ പൂര്‍ത്തീകരിച്ചു. കൂടാതെ മാനേജ്മെന്റ് വികസനം/സംരംഭകത്വ വികസനം/വര്‍ക്ക്ഷോപ്പുകള്‍ എന്നിവയില്‍ 7 പരിപാടികള്‍ പൂര്‍ത്തീകരിക്കുകയും സൂഷ്മ സംരംഭ വികസനത്തില്‍ 7 പരിശീലന പരിപാടികള്‍ നടത്തുകയും ചെയ്തു.

ഉപസംഹാരം

കേരളത്തിന്റെ ഉല്പന്ന നിര്‍മ്മാണ മേഖലയുടെ വളര്‍ച്ചയ്ക്ക് പ്രധാന തടസ്സമായി പ്രവര്‍ത്തിക്കുന്നത് സ്ഥലത്തിന്റെ അപര്യാപ്തതയാണ്. വ്യവസായ ആവശ്യങ്ങള്‍ക്ക് സ്ഥലം ലഭ്യമാകാത്തതിന്റെ പ്രധാന കാരണങ്ങളായി പ്രവര്‍ത്തിക്കുന്ന ഘടകങ്ങള്‍ വര്‍ദ്ധിച്ച ജനസാന്ദ്രത, സംസ്ഥാനത്തെ അധിവാസത്തിന്റെ പ്രത്യേകത, സ്ഥലത്തിന്റെ ഉയര്‍ന്ന വില എന്നിവയാണ്. കേരളത്തിലെ തൊഴിലാളി വര്‍ഗ്ഗം വിദ്യാഭ്യാസമുളളവരും, വൈദഗ്ധ്യമുളളവരും അതേസമയം തന്നെ തങ്ങളുടെ അവകാശങ്ങളെപ്പറ്റി ബോധമുളളവരുമാണ്. ഉല്പന്നനിര്‍മ്മാണ മേഖലയിലെ നിക്ഷേപങ്ങള്‍ക്ക് ക്ലിയറന്‍സ് ലഭിക്കുന്നതിനുളള താമസം, വലിയ വ്യവസായങ്ങള്‍ ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട പാരിസ്ഥിതിക പ്രശ്നങ്ങള്‍, സംരംഭകത്വത്തിലെ കുറവ് എന്നീ ഘടകങ്ങളാണ് സംസ്ഥാനത്തെ ഉല്പന്ന നിര്‍മ്മാണ മേഖലയിലെ വ്യവസായങ്ങളുടെ വളര്‍ച്ചയില്‍ വിഘാതമായി നില്‍ക്കുന്നത്.

top