വ്യവസായം, അധ്വാനം, തൊഴിൽ

തൊഴിൽ

ഇന്ത്യയുടെ മൊത്തം ആഭ്യന്തര വരുമാനത്തില്‍ 2014 മുതല്‍ 7 ശതമാനത്തിലധികം വളര്‍ച്ച നിരക്ക് കൈവരിക്കുന്നുണ്ടെങ്കിലും ദാരിദ്ര്യം സ്ഥായിയായി നിലനില്‍ക്കുന്നു എന്നതാണ് വസ്തുത. ദാരിദ്ര്യ ലഘൂകരണ ഉപാധികളില്‍ പ്രഥമസ്ഥാനം അര്‍ഹിക്കുന്നത് തൊഴിലിനാണ്. രാജ്യത്ത് ഭൂരിഭാഗം പേരും അനൌദ്യോഗിക മേഖലയില്‍ ജോലിയെടുക്കുന്നു എന്നുള്ളത് നമ്മുടെ തൊഴില്‍ കമ്പോളത്തിന്റെ ഒരു പ്രത്യേകതയാണ്. സ്ഥിതി വിവര കണക്കുകള്‍ പരിശോധിക്കുമ്പോള്‍ കാര്‍ഷികമേഖലയില്‍നിന്നും നിര്‍മ്മാണമേഖലയിലേയ്ക്കുള്ള പരിവര്‍ത്തനം ദൃശ്യമാണ്. 2015-16-ലെ അഞ്ചാം വാര്‍ഷിക തൊഴില്‍-തൊഴിലില്ലായ്മ സർവ്വേ അനുസരിച്ച് ദേശീയതലത്തില്‍ തൊഴില്‍ പങ്കാളിത്ത നിരക്ക് (എല്‍.എഫ്.പി.ആര്‍.) 50.3 ശതമാനമാണ് (യു.പി.എസ്.സമീപനം). ദേശീയതലത്തില്‍ സ്ത്രീകളുടെ തൊഴില്‍പങ്കാളിത്ത നിരക്ക് പുരുഷന്മാരേക്കാള്‍ വളരെക്കുറവാണ്. സ്ത്രീ തൊഴില്‍ പങ്കാളിത്ത നിരക്ക് 23.7 ശതമാനവും പുരുഷ തൊഴില്‍പങ്കാളിത്ത നിരക്ക് 75 ശതമാനവും ഭിന്നലിംഗ വിഭാഗക്കാരുടെ തൊഴില്‍പങ്കാളിത്ത നിരക്ക് 48 ശതമാനവുമാണ്. അതുപോലെ ദേശീയതലത്തില്‍ തൊഴിലാളി ജനസംഖ്യാനുപാതം 47.8 ശതമാനമായി കണക്കാക്കിയിരിക്കുന്നു. അതില്‍ 27.7 ശതമാനം സ്ത്രീകളും 72.1 ശതമാനം പുരുഷന്മാരും 45.9 ശതമാനം ഭിന്നലിംഗക്കാരുമാണ്.

കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി കേരളത്തില്‍ ഉയര്‍ന്ന സാമ്പത്തിക വളര്‍ച്ചാനിരക്കാണ് രേഖപ്പെടുത്തിയിട്ടുള്ളത്. എന്നാല്‍ തൊഴിലവസരം സൃഷ്ടിക്കുന്നതിലേയ്ക്ക് ഇത് പരിവര്‍ത്തനം ചെയ്തിട്ടില്ല. ഭാരത തൊഴില്‍ മന്ത്രാലയം 2015-16-ല്‍ നടത്തിയ അഞ്ചാമത് വാര്‍ഷിക തൊഴില്‍-തൊഴിലില്ലായ്മ സർവ്വേ പ്രകാരം പ്രധാന സംസ്ഥാനങ്ങളുടെ കൂട്ടത്തില്‍ തൊഴിലില്ലായ്മാ നിരക്ക് ഏറ്റവും കൂടുതല്‍ രേഖപ്പെടുത്തിയിട്ടുളള സംസ്ഥാനങ്ങളിലൊന്നാണ് കേരളം (12.5 ശതമാനം). കേരളത്തിലെ തൊഴിലില്ലായ്മാ നിരക്ക് ദേശീയ ശരാശരി (5 ശതമാനം) യേക്കാള്‍ കൂടുതലാണ്. (അനുബന്ധം 3.59, ചിത്രം 3.46) കേരളത്തേക്കാള്‍ ഉയര്‍ന്ന തൊഴിലില്ലായ്മാനിരക്ക് രേഖപ്പെടുത്തിയത് സിക്കിം, ത്രിപുര എന്നീ രണ്ട് ചെറിയ സംസ്ഥാനങ്ങളില്‍ മാത്രമാണ്.

ചിത്രം 3.46
പ്രധാന സംസ്ഥാനങ്ങളുടെ തൊഴിലില്ലായ്മാ നിരക്ക് (യു.പി.എസ്.സമീപനമനുസരിച്ച്)
അവലംബം: അഞ്ചാമത് വാര്‍ഷിക തൊഴില്‍-തൊഴിലില്ലായ്മ സർവേ 2015-16 ഇന്ത്യാഗവണ്മെന്റ്

യു.പി.എസ്. സമീപനമനുസരിച്ച് , ഏറ്റവും കുറഞ്ഞ തൊഴിലില്ലായ്മാ നിരക്ക് രേഖപ്പെടുത്തിയ സംസ്ഥാനം ഗുജറാത്തും (0.9 ശതമാനം) കേന്ദ്രഭരണ പ്രദേശം ദാമന്‍ദ്യൂയുമാണ് (0.3 ശതമാനം). ദേശീയ ശരാശരി (5ശതമാനം)യേക്കാള്‍ കുറവ് തൊഴിലില്ലായ്മാനിരക്ക് രേഖപ്പെടുത്തിയ മറ്റ് സംസ്ഥാനങ്ങള്‍ കര്‍ണ്ണാടകം (1.5 ശതമാനം), ഛത്തീസ്ഗഡ് (1.9 ശതമാനം), മഹാരാഷ്ട്ര (2.1 ശതമാനം), ആന്ധ്രാ പ്രദേശ് (3.9 ശതമാനം), തമിഴ്നാട് (4.2 ശതമാനം), മദ്ധ്യപ്രദേശ്(4.3 ശതമാനം), പശ്ചിമബംഗാള്‍ (4.9 ശതമാനം) എന്നിവയാണ്. കേരളത്തിന്റെ ഉയര്‍ന്ന തൊഴിലില്ലായ്മയ്ക്ക് നിരവധി കാരണങ്ങളുണ്ട്. ഇന്ത്യയിലെയും കേരളത്തിലെയും തൊഴിലിന്റെയും തൊഴിലില്ലായ്മയുടെയും വ്യത്യസ്ത സൂചകങ്ങള്‍ അനുബന്ധം 3.60 ലും അനുബന്ധം 3.61 ലും കൊടുത്തിരിക്കുന്നു. ഇന്ത്യയിലെ തൊഴില്‍-തൊഴിലില്ലായ്മ അവസ്ഥ സർവ്വേ (എന്‍.എസ്.എസ്. 68-ാം തവണ) അനുസരിച്ച് തൊഴിലില്ലായ്മാനിരക്ക് നഗരപ്രദേശങ്ങളിലേക്കാള്‍ ഗ്രാമപ്രദേശങ്ങളിലാണ് കൂടുതല്‍ (ചിത്രം 3.47).

ചിത്രം 3.47
കേരളത്തിലെ തൊഴിലില്ലായ്മാനിരക്ക്
അവലംബം: ഇന്ത്യയിലെ തൊഴില്‍/തൊഴിലില്ലായ്മയുടെ അവസ്ഥ, (എന്‍.എസ്.എസ്. അറുപത്തെട്ടാമത് റൌണ്ട്, ജൂലൈ 2011 – ജൂണ്‍ 2012) (പ്രായം 15-59 വയസ്സ്)

സാമ്പത്തിക വികസനത്തിന്റെ അവശ്യ ഘടകങ്ങളിലൊന്നാണ് യുവജനങ്ങള്‍ക്കു വേണ്ടി സൃഷ്ടിക്കപ്പെടുന്ന ഉല്പാദനപരമായ തൊഴില്‍ അവസരങ്ങള്‍. കേരളത്തിന്റെ ആകെ ജനസംഖ്യയുടെ ഏകദേശം 23 ശതമാനമാണ് യുവാക്കള്‍. ഈ സർവ്വേ റിപ്പോര്‍ട്ടനുസരിച്ച് യുവാക്കളിലെ തൊഴിലില്ലായ്മാ നിരക്ക് മൊത്തം ജനവിഭാഗത്തിന്റെ തൊഴിലില്ലായ്മാ നിരക്കിനേക്കാള്‍ കൂടുതലാണെന്നത് തൊഴിലില്ലായ്മയുടെ തീവ്രത തുറന്ന് കാണിക്കുന്നു. യുവാക്കളിലെ തൊഴിലില്ലായ്മാ നിരക്ക് ഗ്രാമ പ്രദേശങ്ങളില്‍ 21.7 ശതമാനവും നഗര പ്രദേശങ്ങളില്‍ 18.0 ശതമാനവുമാണ്. കൂടാതെ, യുവതികളായ സ്ത്രീകളിലെ തൊഴിലില്ലായ്മാ നിരക്ക് യുവാക്കളിലെ തൊഴിലില്ലായ്മാ നിരക്കിനേക്കാള്‍ വളരെ കൂടുതലാണ്. ഉദാഹരണത്തിന്, ഗ്രാമ പ്രദേശത്ത് യുവാക്കളിലെ തൊഴിലില്ലായ്മാ നിരക്ക് 9.7 ശതമാനമാണെങ്കില്‍ യുവതികളില്‍ ഇത് 47.4 ശതമാനമാണ് (ചിത്രം 3.48 ). നൈപുണ്യത്തിന്റെ കുറവും നൂതനമേഖലകളില്‍ പരിചയകുറവുമാണ് യുവാക്കള്‍ക്കിടയില്‍ ഉയര്‍ന്ന തൊഴിലില്ലായ്മ നിലനില്ക്കാന്‍ കാരണം. കൂടുതല്‍ മികച്ച തൊഴിലവസരങ്ങള്‍ കണ്ടെത്താന്‍ നിലവിലുള്ള തൊഴില്‍ദായക പദ്ധതികളും നൈപുണ്യവികസന പരിപാടികളും പുനഃക്രമീകരിക്കേണ്ടതായിട്ടുണ്ട്.

ചിത്രം 3.48
ഇന്ത്യയിലേയും കേരളത്തിലേയും യുവജനങ്ങളുടെ തൊഴിലില്ലായ്മാ നിരക്ക് (യു.പി.എസ്. സമീപനത്തില്‍ കണക്കാക്കിയത്
അവലംബം: ഇന്ത്യയിലെ തൊഴില്‍/തൊഴിലില്ലായ്മയുടെ അവസ്ഥ, എന്‍.എസ്.എസ്. റിപ്പോര്‍ട്ട് നമ്പര്‍ 554 (എന്‍.എസ്.എസ്. അറുപത്തെട്ടാമത് റൌണ്ട്, ജൂലൈ 2011 – ജൂണ്‍ 2012) (പ്രായ വിഭാഗം :15-29)

സംഘടിത മേഖലയിലെ തൊഴില്‍

കേരളത്തിലെ സംഘടിത മേഖലയില്‍ തൊഴിലവസരങ്ങള്‍ കുറഞ്ഞു വരുന്ന പ്രവണതയാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. സംഘടിത മേഖലയില്‍ 2000 ല്‍ 12.26 ലക്ഷം തൊഴിലാളികള്‍ പണിയെടുത്തിരുന്നെങ്കില്‍ 2016 ആയപ്പോഴേക്കും അത് 11.75 ലക്ഷമായികുറഞ്ഞു. അതായത് 15 വര്‍ഷംകൊണ്ട് തൊഴിലില്‍ 4 ശതമാനം കുറവ് രേഖപ്പെടുത്തി. അനൌദ്യോഗിക മേഖലയുടെ കടന്നുകയറ്റമാണ് ഈ കുറവിന് കാരണം.

പൊതുമേഖലയും, സ്വകാര്യ മേഖലയും ഉള്‍പ്പെടുന്നതാണ് സംഘടിത മേഖല. 2011-ന് ശേഷം പൊതുമേഖലയെ അപേക്ഷിച്ച് സ്വകാര്യ മേഖലയിലാണ് തൊഴില്‍ കൂടിവരുന്ന പ്രവണത കാണിക്കുന്നത്. 2016- ല്‍ സംഘടിത മേഖലയില്‍ തൊഴിലെടുക്കുന്ന 11.85 ലക്ഷം ആള്‍ക്കാരില്‍ 5.75 ലക്ഷം ആളുകള്‍ (48 ശതമാനം) പൊതുമേഖലയിലും 6.10 ലക്ഷം ആളുകള്‍ (52 ശതമാനം) സ്വകാര്യമേഖലയിലും തൊഴിലെടുക്കുന്നു. (അനുബന്ധം 3.62, ചിത്രം 3.49 ).

ചിത്രം 3.49
കേരളത്തില്‍ സംഘടിത മേഖലയിലെ തൊഴില്‍
അവലംബം: ഡയറക്ടറേറ്റ് ഓഫ് എംപ്ലോയ്മെന്റ്, കേരള സര്‍ക്കാര്‍, 2016

പൊതുമേഖലയില്‍ തൊഴിലെടുക്കുന്നവരില്‍ 47 ശതമാനവും സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരാണ്. കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരാകട്ടെ 10 ശതമാനമാണുളളത്. അതേ സമയം സംസ്ഥാന അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ തൊഴിലെടുക്കുന്നവര്‍ 22 ശതമാനവും കേന്ദ്രഅര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ തൊഴിലെടുക്കുന്നവര്‍ 16 ശതമാനവും 5 ശതമാനം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ ജോലിചെയ്യുന്നവരുമാണ്. (ചിത്രം 3.50 അനുബന്ധം 3.63).

ചിത്രം 3.50
പൊതുമേഖലയിലെ തൊഴില്‍ വിതരണം ഡിസംബര്‍ 2016
അവലംബം: ഡയറക്ടറേറ്റ് ഓഫ് എംപ്ലോയ്മെന്റ്, കേരള സര്‍ക്കാര്‍, 2016

2016 മാര്‍ച്ചിലെ കണക്കനുസരിച്ച് ജില്ല തിരിച്ചുളള തൊഴിലിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നത് ഏറ്റവും കൂടുതല്‍ ആളുകള്‍ തൊഴിലെടുക്കുന്നത് എറണാകുളം ജില്ലയിലും കുറവ് വയനാട് ജില്ലയിലുമാണ്. എറണാകുളം ജില്ലയില്‍ സംഘടിത മേഖലയില്‍ തൊഴിലെടുക്കുന്നത് 2.28 ലക്ഷം ആളുകളാണ്. ഇത് സംഘടിത മേഖലയിലെ മൊത്തം തൊഴിലിന്റെ 19 ശതമാനം വരും. അതേസമയം വയനാട് ജില്ലയില്‍ സംഘടിത മേഖലയില്‍ തൊഴിലെടുക്കുന്ന ആളുകളുടെ എണ്ണം 27000 ആണ്. ഇതാകട്ടെ സംഘടിത മേഖലയിലെ തൊഴിലിന്റെ കേവലം 2.3 ശതമാനം മാത്രമേയുളളു. പൊതുമേഖലയിലെ തൊഴിലിന്റെ കാര്യത്തില്‍ പുരുഷന്മാര്‍ സ്ത്രീകളേക്കാള്‍ എണ്ണത്തില്‍ കൂടുതലാണ്. പൊതുമേഖലയിലെ തൊഴിലില്‍ 67.5 ശതമാനവും പുരുഷന്മാരാണ് കൈകാര്യം ചെയ്യുന്നത് (അനുബന്ധം 3.64, അനുബന്ധം 3.65).

സംഘടിത മേഖലയില്‍ തൊഴിലെടുക്കുന്നവരുടെ മേഖല തിരിച്ചുളള കണക്കുകള്‍ പരിശോധിച്ചാല്‍ സേവന മേഖലയിലെ എണ്ണം വര്‍ദ്ധിക്കുമ്പോള്‍ കാര്‍ഷിക മേഖലയിലെ എണ്ണം കുറഞ്ഞു വരുന്നതായി കാണാം. കാര്‍ഷിക മേഖലയില്‍ തൊഴിലെടുക്കുന്നവരുടെ വിഹിതം (മറ്റ് മേഖലകളുമായി ബന്ധപ്പെടുത്തിയുളളത്) 2005 ല്‍ 7.5 ശതമാനമായിരുന്നത് പടിപടിയായി കുറഞ്ഞ് 2016 ആയപ്പോഴേക്കും 5.6 ശതമാനത്തിലെത്തി. അതേ സമയം സാമൂഹികവും വ്യക്തിപരവുമായ സേവനങ്ങളുടെ മേഖലയില്‍ പണിയെടുക്കുന്നവരുടെ വിഹിതം 2005 ലെ 44.7 ശതമാനത്തില്‍ നിന്നും 2016 ല്‍ 49.5 ശതമാനമായി വര്‍ദ്ധിക്കുകയുണ്ടായി (അനുബന്ധം 3.66). ഈ കണക്കുകള്‍ വ്യക്തമാക്കുന്നത് ഏതാണ്ട് പകുതിയോളം ആളുകള്‍ സാമൂഹിക സേവനമേഖലയില്‍ തൊഴിലെടുക്കുന്നുവെന്നാണ്. ഉല്പന്ന നിര്‍മ്മാണ മേഖലയില്‍ തൊഴിലെടു ക്കുന്നവര്‍ 20.7 ശതമാനമാണ്.

അസംഘടിത മേഖലയിലെ തൊഴില്‍

മൊത്തം ആഭ്യന്തര ഉല്പാദനം, തൊഴില്‍, സമ്പാദ്യം, മൂലധന രൂപീകരണം എന്നിവയിലേയ്ക്കുള്ള സംഭാവന കണക്കിലെടുക്കുമ്പോള്‍ ഇന്ത്യന്‍ സമ്പദ് ഘടനയില്‍ അസംഘടിത മേഖല ഒരു പ്രധാന പങ്ക് നിർവഹിക്കുന്നുണ്ട്. തൊഴില്‍ ശക്തിയുടെ 90 ശതമാനത്തിലധികം തൊഴിലിലേര്‍പ്പെട്ടിരിക്കുന്നത് ഈ മേഖലയിലാണ്. മൊത്തം ആഭ്യന്തര ഉല്പാദനത്തിന്റെ ഏതാണ്ട് 50 ശതമാനവും അസംഘടിതമേഖലയുടെ സംഭാവനയാണ്. സമൂഹത്തിലെ സാമ്പത്തികമായും, സാമൂഹ്യമായും പിന്നോക്കം നില്ക്കുന്ന തൊഴിലാളികളില്‍ വലിയൊരു വിഭാഗം, രാജ്യത്തും സംസ്ഥാനത്തും ഈ മേഖലയിലെ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നതായി കാണാം. 2011-12-ലെ നാഷണല്‍ സാമ്പിള്‍ സർവ്വേയുടെ അറുപത്തിയെട്ടാം റൌണ്ടിന്റെ ഭാഗമായി എന്‍.എസ്.എസ്.ഒ നടത്തിയ തൊഴിലിനേയും തൊഴിലില്ലായ്മയേയും സംബന്ധിച്ച ഏറ്റവും പുതിയ സർവ്വേ ഫലം അനുസരിച്ച് യു.പി.എസ്.എസ് സമീപനത്തില്‍ കേരളത്തിലെ മൊത്തം തൊഴിലാളികളില്‍ സ്വയംതൊഴില്‍ കണ്ടെത്തിയവരുടെ നിരക്ക് 37.7 ശതമാനമാണ്. സ്ഥിരമായി തൊഴിലും വേതനം/ശമ്പളം വാങ്ങുന്ന ജീവനക്കാരുടെ നിരക്ക് 22.5 ശതമാനം വരും. കാഷ്വല്‍ തൊഴിലാളികളുടെ നിരക്ക് 39.8 ശതമാനമാണ്.

കുറഞ്ഞ തൊഴില്‍ സുരക്ഷിതത്വം, തൊഴില്‍പരമായി ഉയരുവാനുള്ള സാധ്യത കുറവ്, പൊതു അവധികള്‍ക്ക് ശമ്പളത്തോടെ ലീവില്ലാത്ത അവസ്ഥ, നിയമവിരുദ്ധമായി പെരുമാറുന്ന തൊഴിലുടമകള്‍ക്കെതിരെ സംരക്ഷണമില്ലായ്മ എന്നിവ അസംഘടിത മേഖലയിലെ തൊഴിലാളികള്‍ അനുഭവിക്കുന്ന പ്രശ്നങ്ങളാണ്. സമൂഹത്തിലെ മറ്റ് വിഭാഗങ്ങള്‍ അസംഘടിത മേഖലയിലെ തൊഴിലാളികളെ ചൂഷണംചെയ്യുന്നു. ഔദ്യോഗിക മേഖലകളിലെ തൊഴിലിനോട് സാദൃശ്യമുള്ള തൊഴിലുകള്‍ ആണെങ്കിലും വേതനം വളരെക്കുറവാണ്. അസംഘടിത മേഖലയിലെ നിലനില്‍ക്കുന്ന അനുകരണീയമല്ലാത്ത നടപടികള്‍ കുറയ്ക്കാനും തൊഴിലന്വേഷകര്‍ക്ക് നേട്ടങ്ങളുണ്ടാക്കാനുമായി കേരളത്തിലെ തൊഴിൽ വകുപ്പ് ഈ മേഖലയില്‍ അവസരോചിതമായി ഇടപെട്ടുവരുന്നു. അടുത്തകാലത്തായി അസംഘടിത മേഖലയിലെ തൊഴിലാളികളുടെ സാമൂഹ്യസുരക്ഷ ഉറപ്പാക്കുന്നതിനുള്ള നിരവധി നടപടികള്‍ കേരള സര്‍ക്കാര്‍ കൈക്കൊണ്ടിട്ടുണ്ട്.

എംപ്ലോയ്മെന്റ് എക്സ് ചേഞ്ചുകളും സേവനങ്ങളും രജിസ്റ്റര്‍ ചെയ്ത തൊഴിലന്വേഷകര്‍

കേരളത്തിലെ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിലെ ലൈവ് രജിസ്റ്ററുകളിലെ കണക്കുകളനുസരിച്ച് 2012 ഡിസംബര്‍ 31-ന് 44.9 ലക്ഷം തൊഴിലന്വേഷകരാണ് ഉണ്ടായിരുന്നത്. എന്നാല്‍ 2015 ഡിസംബര്‍ 31-ന് ഇത് 8.42 ലക്ഷത്തോളം കുറഞ്ഞ് 36.57 ലക്ഷമായിട്ടുണ്ട്. എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളില്‍ രജിസ്റ്റര്‍ ചെയ്ത തൊഴിലന്വേഷകരുടെ വര്‍ഷം തിരിച്ചുള്ള കണക്കുകള്‍ അനുബന്ധം 3.67-ല്‍ കൊടുത്തിട്ടുണ്ട്.

അഖിലേന്ത്യാതലത്തിലെ സ്ഥിതിവിവരക്കണക്കിന് വ്യത്യസ്തമായി കേരളത്തില്‍ സ്ത്രീകളാണ് തൊഴിലന്വേഷകരില്‍ കൂടുതല്‍. മൊത്തം തൊഴിലന്വേഷകരില്‍ 56 ശതമാനം സ്ത്രീകളാണ്. നിരക്ഷരരായ 950 തൊഴിലന്വേഷകരുണ്ട്. തൊഴിലന്വേഷകരുടെ വിദ്യാഭ്യാസയോഗ്യതയെ അടിസ്ഥാനമാക്കിയുള്ള കണക്കുകള്‍ സൂചിപ്പിക്കുന്നത് എസ്.എസ്.എല്‍.സിക്ക് താഴെ യോഗ്യതയുള്ളവര്‍ 10.4 ശതമാനം മാത്രമേയുള്ളൂവെന്നാണ്. എസ്.എസ്.എല്‍.സി യോഗ്യതയുള്ള തൊഴിലന്വേഷകര്‍ 58 ശതമാനമാണ് (അനുബന്ധം 3.68).

2016 ഒക്ടോബര്‍ 31-ലെ കണക്കനുസരിച്ച് പ്രൊഫഷണല്‍/ സാങ്കേതിക യോഗ്യതയുള്ള തൊഴിലന്വേഷകര്‍ 1.70 ലക്ഷമാണ്. ഇതില്‍ 97 ശതമാനവും ഐ.ടി.ഐ. സര്‍ട്ടിഫിക്കറ്റ് /എഞ്ചിനീയറിംഗില്‍ ഡിപ്ലോമയുള്ളവര്‍ ആണ്. എഞ്ചിനീയറിംഗ് ബിരുദധാരികളായ 23,984 തൊഴിലന്വേഷകരുണ്ട് (അനുബന്ധം 3.69).

കേരളത്തിലെ ഒരു പ്രധാന സവിശേഷത എംപ്ലോയ്മെന്റ് എക്സ് ചേഞ്ചുകളിലെ തൊഴിലന്വേഷകരില്‍ ഭൂരിഭാഗവും സ്ത്രീകളാണെന്നുള്ളതാണ്. കേരളത്തിലെ തൊഴിലന്വേഷകരുടെ ജില്ല തിരിച്ചുള്ള എണ്ണം ചിത്രം 3.51-ല്‍ കൊടുത്തിട്ടുണ്ട്.

ചിത്രം 3.51
31.12.2015-വരെയുള്ള കേരളത്തിലെ തൊഴിലന്വേഷകരായ സ്ത്രീകളും പുരുഷന്‍മാരും
അവലംബം. ഡയറക്ടറേറ്റ് ഓഫ് എംപ്ലോയ്മെന്റ്, കേരള സര്‍ക്കാര്‍, 2016

2016 സെപ്തംബര്‍ 30-വരെയുള്ള കണക്കുകള്‍ പ്രകാരം പൊതു വിഭാഗത്തിലെയും പ്രൊഫഷണല്‍/സാങ്കേതിക വിഭാഗത്തിലെയും തൊഴിലന്വേഷകരുടെ എണ്ണത്തില്‍ തിരുവനന്തപുരം ജില്ല ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നു. ജില്ലയില്‍ ആകെ 5.2 ലക്ഷം തൊഴിലന്വേഷകര്‍ ഉള്ളതില്‍ 3.24 ലക്ഷം സ്ത്രീകളും 1.96 പുരുഷന്മാരുമാണ്. തൊഴിലന്വേഷകരുടെ എണ്ണത്തില്‍ രണ്ടാം സ്ഥാനത്ത് നില്‍ക്കുന്നത് കൊല്ലം ജില്ലയാണ്. ഈ ജില്ലയില്‍ 3.85 ലക്ഷം തൊഴിലന്വേഷകരാണുള്ളത്. ഏറ്റവും കുറവ് തൊഴിലന്വേഷകരുള്ള ജില്ല വയനാടാണ്. ഇവിടെ 0.863 ലക്ഷം തൊഴിലന്വേഷകര്‍ മാത്രമേയുള്ളു. 0.869 ലക്ഷം തൊഴിലന്വേഷകരുള്ള കാസര്‍ഗോഡ് ജില്ലയാണ് വയനാടിന് തൊട്ട് മുന്നിലുള്ളത്. വിശദാംശങ്ങള്‍ക്ക് (അനുബന്ധം 3.70) കാണുക.

എംപ്ലോയ്മെന്റ് എക്സ് ചേഞ്ചുകള്‍ മുഖേന നടപ്പാക്കുന്ന സ്വയം തൊഴില്‍ പരിപാടികള്‍

കേരളത്തില്‍ എംപ്ലോയ്മെന്റ് എക്സ് ചേഞ്ചുകള്‍ മുഖേന 3 സ്വയം തൊഴില്‍ പരിപാടികള്‍ നടപ്പിലാക്കുന്നുണ്ട്.

  • കേരള സ്റ്റേറ്റ് സെല്‍ഫ് എംപ്ലോയ്മെന്റ് സ്കീം ഫോര്‍ രജിസ്റ്റേര്‍ഡ് എംപ്ലോയീസ്
    “കേരള സ്റ്റേറ്റ് സെല്‍ഫ് എംപ്ലോയ്മെന്റ് സ്കീം ഫോര്‍ ദി രജിസ്റ്റേര്‍ഡ് & എംപ്ലോയ്ഡ്’ (കെ.ഇ.എസ്.ആര്‍.യു) എന്ന സ്വയം തൊഴില് പരിപാടി 1999 മാര്‍ച്ചു മുതല്‍ നടപ്പാക്കിവരുന്നു, എംപ്ലോയ്മെന്റ് എക്സ് ചേഞ്ചുകളില്‍ പേരു രജിസ്റ്റര്‍ ചെയ്തിട്ടുള്ളതില്‍ 21-50 പ്രായവിഭാഗത്തില്‍പ്പെടുന്നവരും വാര്‍ഷിക കുടുംബ വരുമാനം ഒരു ലക്ഷംരൂപയില്‍ താഴെയുള്ള തൊഴില്‍ രഹിതര്‍ക്ക് തൊഴില്‍ ലഭ്യമാക്കുന്നതിന് ഉദ്ദേശിച്ചുള്ളതാണ് ഈ പരിപാടി. സാങ്കേതിക യോഗ്യതയുള്ളവര്‍, ഡിഗ്രിനേടിയ വനിതകള്‍, തൊഴിലില്ലായ്മവേതന പദ്ധതിയുടെ ഗുണഭോക്താക്കള്‍ എന്നിവര്‍ക്ക് പ്രത്യേക മുന്‍ഗണന നല്കുന്നു. ഈ പരിപാടി പ്രകാരം സ്വയം തൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് 20 ശതമാനം സബ്സിഡിയോടെ ഒരു ലക്ഷം രൂപ വരെ ബാങ്ക് വായ്പ, നല്‍കുന്നു. 2015-16-ല്‍ 736 ഗുണഭോക്താക്കള്‍ക്ക് 1.33 കോടിരൂപ വിതരണംചെയ്തു.
  • മള്‍ട്ടി പര്‍പ്പസ് സർവീസ് സെന്റര്‍/ജോബ്ക്ലബ് (എം.പി.എസ്.സി./ജെ.സി.)
    അസംഘടിതമേഖലയില്‍ സംരംഭങ്ങള്‍ കെട്ടിപ്പടുക്കുന്നതിന് ഉദ്ദേശിച്ചുള്ള ഒരു ഗ്രൂപ്പ് അധിഷ്ഠിത സ്വയം തൊഴില്‍ പരിപാടിയാണിത്. എംപ്ലോയ്മെന്റ് എക്സ് ചേഞ്ചുകളില്‍ പേരു രജിസ്റ്റര്‍ ചെയ്തിട്ടുള്ള 21-40 പ്രായവിഭാഗത്തില്‍പ്പെടുന്ന 2 മുതല്‍ 5 വരെയുള്ള തൊഴില്‍ രഹിതര്‍ ചേര്‍ന്ന് സ്വയം തൊഴില്‍ ഗ്രൂപ്പ് സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് പരമാവധി 2 ലക്ഷം രൂപ സബ്സിഡിയോടെ 10 ലക്ഷം രൂപ വരെ ബാങ്ക് വായ്പ ലഭ്യമാക്കുന്നതാണ്. 2015-16-ല്‍ 64 ജോബ്ക്ലബ്ബുകള്‍ക്കായി ഒരു കോടി രൂപ അനുവദിച്ചു.
  • ശരണ്യ
    വിധവകള്‍, വിവാഹമോചനം നേടിയ സ്ത്രീകള്‍, ഉപേക്ഷിക്കപ്പെട്ട സ്ത്രീകള്‍, 30 വയസ്സിന് മുകളില്‍ പ്രായമായ അവിവാഹിതരായ സ്ത്രീകള്‍, പട്ടികവര്‍ഗ്ഗക്കാരിലെ അവിവാഹിതരായ അമ്മമാര്‍ എന്നിങ്ങനെയുള്ള ഏറ്റവും പിന്നോക്കം നില്ക്കുന്നതും തനിച്ചുപാര്‍ക്കുന്നതുമായ സ്ത്രീകളുടെ ഉന്നമനം ലക്ഷ്യമിട്ട് നടപ്പാക്കുന്ന ഒരു പരിപാടിയാണ് “എംപ്ലോയ്മെന്റ് സ്കീം ഫോര്‍ ദി ഡെസ്റ്റിറ്റ്യൂട്ട് വിമന്‍” (ശരണ്യ). ഈ പരിപാടി പ്രകാരം സ്വയം തൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് 50 ശതമാനം സബ്സിഡിയോടെ (പരമാവധി 25,000 രൂപ) 50,000 രൂപവരെ പലിശ രഹിത ബാങ്ക് വായ്പ നല്കുന്നു. 2015-16-ല്‍ 3200 ഗുണഭോക്താക്കള്‍ക്കായി 16 കോടി രൂപ അനുവദിച്ചു.
ബോക്സ് 3.11
നിയുക്തി - 2016

തൊഴില്‍ വകുപ്പിന്റെ സഹായത്തോടെ സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കിയ വലിയ നിയമനയജ്ഞമായിരുന്നു നിയുക്തി – 2016. സാബ്രദായികമായ തൊഴില്‍ഫെയറുകളില്‍ നിന്നും വ്യത്യസ്തമായി ആധുനിക സാങ്കേതികവിദ്യകളായ ‘വാട്സ് ആപ്പ്’ സാങ്കേതികവിദ്യ ഈ മേളയില്‍ ഉപയോഗിച്ചു, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഇവന്റ് മാനേജ്മെന്റ് സാങ്കേതികവിദ്യ, ഓറിയന്റേഷന്‍ പ്രോഗ്രാമുകള്‍, തൊഴിലുടമയുമായുള്ള സംഗമം എന്നിവ ഇതിന്റെ ഭാഗമായി സംഘടിപ്പിച്ചു തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നീ കേന്ദ്രങ്ങളിൽവച്ച് നടന്ന ഈ മേളയില്‍ 28265 തൊഴിലന്വേഷകരും 222 തൊഴില്‍ദായകരും പങ്കാളികളാവുകയും 17,664 തൊഴിലവസരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതില്‍ 14,399 ഉദ്യോഗാര്‍ത്ഥികള്‍ക്ക് നിയമനം നല്‍കുകയും ചെയ്തു.

തൊഴിലില്ലായ്മ വേതനം

കേരള സര്‍ക്കാര്‍ 1982-ലാണ് തൊഴിലില്ലായ്മാ വേതന പരിപാടി ആരംഭിച്ചത്. ഈ പരിപാടി പ്രകാരം 18 വയസ് പൂര്‍ത്തിയായതും എംപ്ലോയ്മെന്റ് എക്സ് ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്ത് മൂന്ന് വര്‍ഷക്കാലാവധി പൂര്‍ത്തിയാക്കിയതുമായ തൊഴില്‍ രഹിതര്‍ക്ക് പ്രതിമാസം 120 രൂപ വീതം തൊഴില്‍ രഹിത വേതനമായി നല്‍കി വരുന്നു. ശാരീരിക വെല്ലുവിളികള്‍ നേരിടുന്നവരെ സംബന്ധിച്ചിടത്തോളം രജിസ്ട്രേഷനുശേഷം രണ്ട് വര്‍ഷ കാലാവധി പൂര്‍ത്തിയാക്കിയാല്‍ മതിയാകും. ഉയര്‍ന്ന പ്രായപരിധി 35 വയസാണ്. വിദ്യാഭ്യാസ യോഗ്യത പൊതു വിഭാഗത്തില്‍പ്പെട്ടവര്‍ എസ്.എസ്.എല്‍.സി. വിജയിച്ചിരിക്കണം. പട്ടികജാതി/പട്ടിക വര്‍ഗ വിഭാഗത്തില്‍പ്പെട്ടവരെയും ശാരീരിക വെല്ലുവിളികള്‍ നേരിടുന്നവരെയും സംബന്ധിച്ചിടത്തോളം എസ്.എസ്.എല്‍.സി പരീക്ഷയ്ക്ക് ഹാജരായവരായിരുന്നാല്‍ മതിയാകും. വാര്‍ഷിക കുടുംബ വരുമാനം 12,000 രൂപയിലും പ്രതിമാസ വ്യക്തിഗത വരുമാനം 100 രൂപയിലും അധികരിക്കാന്‍ പാടില്ല.കേരള പഞ്ചായത്ത് രാജ് നിയമവും കേരള മുനിസിപ്പാലിറ്റി നിയമവും നിലവില്‍ വന്നതോടെ ഈ പരിപാടിയുടെ നടത്തിപ്പ് ചുമതല 1998 മുതല്‍ ഗ്രാമപഞ്ചായത്തുകള്‍ക്കും നഗര തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്കും കൈമാറുകയുണ്ടായി. അര്‍ഹരായ അപേക്ഷകര്‍ക്ക് അവരുടെ അപേക്ഷ നിശ്ചിത ഫോറത്തില്‍ തയ്യാറാക്കി ബന്ധപ്പെട്ട തദ്ദേശഭരണ സ്ഥാപനത്തിന് സമര്‍പ്പിക്കാവുന്നതാണ്. തദ്ദേശഭരണ സ്ഥാപനത്തിന്റെ ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി അപേക്ഷ പരിശോധിച്ച് അര്‍ഹതാ മാനദണ്ഡങ്ങള്‍ക്ക് വിധേയമായി തീരുമാനമെടുക്കുന്നതാണ്. 2016 നവംബർവരെ 2,03,703 ഗുണഭോക്താക്കള്‍ക്കായി 15.84 കോടി രൂപ വിതരണം ചെയ്തിട്ടുണ്ട്.

കേരളത്തില്‍ എംപ്ലോയ്മെന്റ് എക്സ് ചേഞ്ചുകള്‍ വഴിയുള്ള നിയമനങ്ങള്‍

2010-ന് ശേഷം കേരളത്തില്‍ എംപ്ലോയ്മെന്റ് എക്സ് ചേഞ്ചുകള്‍ വഴിയുള്ള നിയമനങ്ങള്‍ കുറയുന്നതായി തൊഴില്‍ പരിശീലന വകുപ്പ് ലഭ്യമാക്കിയ കണക്കുകള്‍ വ്യക്തമാക്കുന്നു. 2010-ല്‍ 12,643 നിയമനങ്ങള്‍ നടന്നുവെങ്കിലും 2015-ല്‍ 10,303 ആയും 30.09.2016 വരെയുള്ള കണക്കനുസരിച്ച് 7,879 ആയും കുറഞ്ഞു. താല്‍ക്കാലിക ഒഴിവുകള്‍ ദിവസ വേതന/കരാര്‍ നിയമന വ്യവസ്ഥയില്‍ നികത്തുന്നതുകൊണ്ടോ നിയമനം നടത്താതെ ഒഴിച്ചിട്ടിരി ക്കുന്നതുകൊണ്ടോ ആകാം എംപ്ലോയ്മെന്റ് എക്സ് ചേഞ്ചുകള്‍ വഴിയുള്ള നിയമനങ്ങളില്‍ കുറവുണ്ടാകുന്നത്. കേരളത്തില്‍ 2010-നു ശേഷം എംപ്ലോയ്മെന്റ് എക്സ് ചേഞ്ചുകള്‍ വഴി നടന്ന നിയമനങ്ങള്‍ ചുവടെയുള്ള ഗ്രാഫില്‍ ചിത്രീകരിച്ചിട്ടുണ്ട് (ചിത്രം 3.52).

ചിത്രം 3.52
കേരളത്തില്‍ എംപ്ലോയ്മെന്റ് എക്സ് ചേഞ്ചുകള്‍ വഴി നടന്ന നിയമനങ്ങള്‍
അവലംബം. ഡയറക്ടറേറ്റ് ഓഫ് എംപ്ലോയ്മെന്റ്, കേരള സര്‍ക്കാര്‍, 2016

സംസ്ഥാന ആഭ്യന്തര ഉല്പന്നവും തൊഴില്‍ ഇലാസ്തികതയും തമ്മിലുള്ള പൊരുത്തക്കേട് കേരളത്തിലെ തൊഴിലില്ലായ്മാനിരക്ക് ഉയരുന്നതിലേയ്ക്ക് നയിച്ചിട്ടുണ്ട്. ചെറിയ സംസ്ഥാനങ്ങളായ നാഗാലാന്റിലും ത്രിപുരയിലും മാത്രമാണ് കേരളത്തേക്കാളും കൂടുതല്‍ തൊഴിലില്ലായ്മ നിലനില്‍ക്കുന്നത്. ദേശീയ ശരാശരിയേക്കാളും ഇരട്ടിയാണ് കേരളത്തിലെ തൊഴിലില്ലായ്മാനിരക്ക്. നിരവധി ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന പരിപാടികളും സ്ത്രീശാക്തീകരണ പദ്ധതികളും നടപ്പാക്കിയെങ്കിലും സ്ത്രീ തൊഴിലില്ലായ്മ കേരളത്തില്‍ ഉയര്‍ന്നു നില്ക്കുന്നു. തൊഴില്‍ ഉപയുക്തമാക്കുന്നതിന് ഒരു സംരംഭക സംസ്കാരം രൂപപ്പെടുത്തിയെടുക്കേണ്ടതായിട്ടുണ്ട്.

കേരളം മാനവവികസനത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നതിനാല്‍ പ്രബലമായ തൊഴില്‍ശക്തിക്കുള്ള സാധ്യത നിലനില്‍ക്കുന്നു. തൊഴില്‍ശക്തിക്ക് തൊഴിലവസരങ്ങള്‍ നല്‍കുക എന്നതിനാണ് സംസ്ഥാനം ഊന്നല്‍ നല്‍കേണ്ടത്. തൊഴില്‍മേഖലയില്‍ മറ്റ് സംസ്ഥാനങ്ങള്‍ക്ക് അനുകരിക്കാവുന്ന ഒരു മാതൃകാസംസ്ഥാനമായി തൊഴില്‍ശക്തിയെ രൂപാന്തരപ്പെടുത്തേണ്ടത് നമ്മുടെ സാമൂഹ്യ കടമയാണ്. ഐ.എല്‍.ഒ.യുടെ “ഡീസന്റ് വര്‍ക്ക് അജണ്ട”യുടെ കാതലായ ഘടകങ്ങളായ തൊഴിലവസരങ്ങള്‍, ന്യായമായ വരുമാനം, ജോലിസ്ഥലങ്ങളില്‍ സുരക്ഷിതത്വം, കുടുംബങ്ങള്‍ക്ക് സാമൂഹിക സംരക്ഷണം, വ്യക്തിവികസനം, സാമൂഹികകൂട്ടായ്മ, ആശങ്കകള്‍ പ്രകടിപ്പിക്കാനുള്ള അവസരം, സംഘടിക്കുന്നതിനും തീരുമാനങ്ങള്‍ കൈക്കൊള്ളുന്നതിനുമുള്ള സ്വാതന്ത്ര്യം എന്നിവ കുടിയേറ്റത്തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ള മുഴുവന്‍ തൊഴിലാളികള്‍ക്കും ഉറപ്പാക്കേണ്ടതാണ്. തൊഴില്‍ അവകാശങ്ങള്‍ ഫലപ്രദമായി സംരക്ഷിക്കുന്നതിനും മാന്യമായ ജീവിതം ഉറപ്പുവരുത്തുന്നതിനുതകുന്ന രീതിയില്‍ തൊഴിൽവകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ പുനഃക്രമീകരിക്കേണ്ടതാണ്.

ബ്രഹത്തായ അടിസ്ഥാന സൗഹാര്യങ്ങൾ വികസിപ്പിക്കൽ, സ്ഥായിയായതും മുന്നോട്ടു കുതിക്കുന്നതുമായ എല്ലാ മേഖലകളെയും ഉൾകൊള്ളിച്ചു കൊണ്ടുള്ള വ്യവസായവൽകരണം, നൂതന കണ്ടുപിടിത്തങ്ങൾ എന്നിവയാണ് സ്ഥായിയായ വികസന ലക്ഷ്യങ്ങളിൽ ഒന്ന്. സംസ്ഥാനത്തു തൊഴിൽ അവസരങ്ങൾ ലഭ്യമാക്കുന്നതിനും വ്യവസായ വൽക്കരണം പ്രോത്സാഹിപ്പിക്കുന്നതിനും വേണ്ടിയുള്ള തന്ത്ര പ്രധാനമായ ഒരു മേഖലയാണ് എം.എസ് .എം. ഇ .വ്യവസായ പുരഗതിക്കുവേണ്ടി അനിയോജ്യമായ കാലാവസ്ഥ ഒരുക്കികൊടുക്കേണ്ടത് സംസ്ഥാനമാണ്. ഇതിലൂടെ വ്യവസായ വളർച്ച പ്രാപിക്കുകയും, വ്യവസായവത്കരണത്തിന് ഒരു സുപ്രധാനമായ പങ്കു വഹിക്കയും ചെയ്യും. പരമ്പരാഗത വ്യവസായങ്ങളെ ശക്തിപ്പെടുത്തതിന് അനുയോജ്യവും പ്രോത്സാഹനജനകവുമായ പുതിയ മാർഗ്ഗങ്ങൾ ആവിഷ്കരിക്കേണ്ടതാണ്. തൊഴിൽ ശക്തി പരമാവധി വിനിയോഗിച്ചുകൊണ്ടു മാത്രമേ ഉല്പാദന വർദ്ധനവ് സാധ്യമാകു. സംസ്ഥാനത്തെ വ്യവസായ മേഖലയുടെ പുതിയ മാറ്റങ്ങൾ വ്യവസായ കുതിപ്പിനും ഉല്പാദന ക്ഷമതക്കും ഹേതുവാകുന്നു. മാറിവരുന്ന തൊഴിൽ നിയമത്തിനനുസരിച്ചു സംസ്ഥാനം അനുയോജ്യമായ തൊഴിൽ നയം രൂപീകരിക്കേണ്ടതും അതോടൊപ്പം സംസ്ഥാനത്തു നിലവിലുള്ള കനത്ത തൊഴിലില്ലായ്മ പരിഹരിക്കുന്നതിന് പുതിയ തൊഴിൽ അവസരം സൃഷ്ടിക്കേണ്ടതാണ്.

top