“കേരളത്തില്‍ അനുഭവപ്പെടുന്ന മനുഷ്യ-മൃഗ സംഘര്‍ഷം” എന്ന വിഷയത്തില്‍ ഏകദിന ശില്പശാല 2017 ഡിസംബര്‍ 15 ന് തിരുവനന്തപുരത്തെ തൈക്കാടിലെ സര്‍ക്കാര്‍ അതിഥി മന്ദിരത്തില്‍വച്ച് സംസ്ഥാന ആസൂത്രണ ബോര്‍ഡ് സംഘടിപ്പിച്ചു. സജീവമായ നിരവധി നടപടികള്‍ വനം വകുപ്പ് സ്വീകരിച്ചിട്ടും വര്‍ഷങ്ങളായി തുടരുന്ന ഗുരുതര പ്രശ്നമായ മനുഷ്യ-മൃഗ സംഘര്‍ഷം പൂര്‍ണ്ണമായും പരിഹരിക്കാനായിട്ടില്ല. ഈ വിഷയം കൂടുതല്‍ തന്ത്രപരമായി നേരിടുക എന്ന ലക്ഷ്യത്തോടെയാണ് ശില്പശാല സംഘടിപ്പിച്ചത്.

വിവിധ വകുപ്പുകളുടെ/സംഘടനകളുടെ പ്രതിനിധികള്‍ പങ്കെടുക്കുകയും പ്രശ്നത്തെ നേരിടാന്‍ പുതിയ ആശയങ്ങള്‍ സംഭാവന ചെയ്യുകയും ചെയ്തു. ഈ വിഷയത്തില്‍ കേരള അഗ്രിക്കള്‍ച്ചര്‍ യൂണിവേഴ്സിറ്റി നടത്തുന്ന ഇടപെടലുകള്‍ വിശദീകരിച്ചത് കോളേജ് ഓഫ് ഫോറസ്ട്രിയിലെ പ്രൊഫ. ഡോ.പി.ഒ.നമീര്‍ ആയിരുന്നു. ആനകളുടെ കടന്നുകയറ്റം കണ്ടെത്തുന്നതിനായി വികസിപ്പിച്ച ആദ്യകാല മുന്നറിയിപ്പ് സംവിധാനങ്ങളെക്കുറിച്ചും കേരള അഗ്രിക്കള്‍ച്ചര്‍ യൂണിവേഴ്സിറ്റിയിലെ ഡോ.എസ്.ഗോപകുമാര്‍ വിശദീകരിച്ചു. വിളകളില്‍ നിന്ന് മൃഗങ്ങളെ അകറ്റുന്നതിനായി ബയോ എക്കോസ്റ്റിക് ഉപയോഗിക്കുന്നതിനെക്കുറിച്ചുള്ള നൂതനമായ ഒരു ആശയം ബാംഗ്ലൂരിലെ ഗ്രൂസ് ഇക്കോ സയന്‍സിലെ സിസ്റ്റം ആര്‍ക്കിടെക്ട് ശ്രീ.കിരണ്‍ കുമാര്‍ അവതരിപ്പിച്ചു. ആദിവാസികളും കര്‍ഷകരും നേരിടുന്ന ബുദ്ധിമുട്ടുകളെക്കുറിച്ചും, അവര്‍ നേരിടുന്ന പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന്  വകുപ്പുകള്‍ സ്വീകരിക്കുന്ന നടപടികളെക്കുറിച്ചും കൃഷി, പട്ടികവര്‍ഗ്ഗ വികസനം തുടങ്ങിയ വകുപ്പുകളിലെ പ്രതിനിധികള്‍ വിശദീകരിച്ചു.

പുതിയതും ഉയര്‍ന്നു വരുന്നതുമായ സാങ്കേതിക വിദ്യകളും ഈ പ്രശ്നം പരിഹരിക്കുന്നതിന് ആവശ്യമായ പരമ്പരാഗതമായ രീതികളും മനസ്സിലാക്കുവാന്‍ ശില്പശാല ഒരു പുതിയ വേദി നല്‍കി.