ബഹു: മുഖ്യമന്ത്രി രണ്ടാം കുട്ടനാട് പാക്കേജിന്റെ പ്രവൃത്തനങ്ങളുടെ ആരംഭം 2020 സെപ്റ്റംബര്‍ മാസം പതിനേഴാം തീയതി ഉദ്ഘാടനം നിര്‍വഹിച്ചു. സംസ്ഥാന ആസൂത്രണ ബോർഡ് സംഘടിപ്പിച്ച ഓൺലൈൻ ഉദ്ഘാടന പരിപാടിയിൽ കുട്ടനാട് പാക്കേജ് നടപ്പാക്കുന്നതിൽ ഉൾപ്പെട്ട വകുപ്പുകളുടെ മന്ത്രിമാർ പങ്കെടുത്തു.പാർലമെന്റ് അംഗങ്ങൾ, എംഎൽഎമാർ, കുട്ടനാട് മേഖലയിലെ ഗ്രാമപഞ്ചായത്തുകൾ, ബ്ലോക്ക് പഞ്ചായത്തുകൾ, ജില്ലാ പഞ്ചായത്തുകൾ, വകുപ്പുകളിലെ മുതിർന്ന ഉദ്യോഗസ്ഥർ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
പ്രളയാനന്തര കുട്ടനാടിനെ പുനരുജ്ജീവിപ്പിക്കുക എന്ന ലക്ഷ്യത്തോടുകൂടി 2447 കോടി രൂപയുടെ പാക്കേജ് ആണ് പ്രഖ്യാപിച്ചത്. സംസ്ഥാന ആസൂത്രണ ബോര്‍ഡും, റീബില്‍ഡ് കേരള ഇനീഷ്യെടീവും (ആര്‍.കെ.ഐ), വിവിധ വകുപ്പുകളും സംയോജിച്ചാണ് രണ്ടാം പാക്കേജ് നടപ്പിലാക്കുക. കുട്ടനാട്ടിലെ കാര്‍ഷിക മേഖലയുടെ വളര്‍ച്ചയും അതിലൂടെ കര്‍ഷക വരുമാനം വര്‍ദ്ധിപ്പിക്കുക, വേമ്പനാട് കായല്‍ വ്യവസ്ഥയെ പാരിസ്ഥിതിക ആഘാതങ്ങള്‍ താങ്ങാന്‍ കഴിയുന്ന സ്ഥിതിയിലാക്കുക, പ്രദേശവാസികളെ സുരക്ഷിതമായി ജീവിക്കാന്‍ പ്രാപ്തരാക്കുക ഇവയെല്ലാം ആണ് പാക്കേജ് ലക്ഷ്യമിടുന്നത്.
കുട്ടനാടിനെ പ്രത്യേക കാര്‍ഷിക മേഖല ആയി പ്രഖ്യാപിക്കുക, കുട്ടനാട്ടില്‍ പ്രത്യേക കാര്‍ഷിക കലണ്ടര്‍ നിര്‍ബന്ധമാക്കുക, കൃത്യസമയത്തു നല്ലയിനം വിത്തുകള്‍ വിതരണം ചെയ്യുക, പെട്ടിയും പറയും മാറ്റി പുതിയ സബ്മേഴ്സിബിള്‍ പമ്പ് വിതരണം ചെയ്യുക ഇവയെല്ലാമാണ് കാര്‍ഷിക മേഖലയില്‍ ഈ പാക്കേജ് ലക്ഷ്യമിടുന്നത്. കുട്ടനാട് ബ്രാന്‍ഡ് അരി ഉത്പ്പാദിപ്പിക്കുക എന്ന ലക്ഷ്യത്തോടുകൂടി സംയോജിത റൈസ് പാര്‍ക്ക് ആലപ്പുഴയില്‍ ആരംഭിക്കാന്‍ ഉള്ള നടപടികള്‍ വ്യവസായ വകുപ്പ് ആരംഭിച്ചു കഴിഞ്ഞു.
ഉയര്‍ന്ന പ്രതലത്തില്‍ കന്നുകാലി ഷെഡ്ഡുകള്‍ എല്ലാ പഞ്ചായത്തിലും നിര്‍മ്മിക്കുക, താറാവ് കൃഷി പ്രോത്സാഹിപ്പിക്കുക, ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പുവരുത്തുക, താറാവു കൃഷി ഗവേഷണ സ്ഥാപനം വെറ്റിനറി സര്‍വ്വകലാശാല മുഖാന്തിരം സ്ഥാപിക്കുക എന്നിവയാണ് മൃഗ സംരക്ഷണ മേഖലയിലെ പ്രധാന ലക്ഷ്യങ്ങള്‍
ഉള്‍നാടന്‍ മത്സ്യബന്ധനം, മത്സ്യ സംരക്ഷണ ഇടങ്ങള്‍ സ്ഥാപിക്കുക, സംയോജിത കൃഷി രീതികള്‍ അവലംബിക്കുക ഇവയെല്ലാം ആണ് മത്സ്യ മേഖലയില്‍ ലക്ഷ്യമിടുന്നത്.
‘നദിക്ക് ഒരു ഇടം’ എന്ന് ആശയം നടപ്പിലാക്കുക, തോട്ടപ്പള്ളി സ്പില്‍വേയിലേക്കുള്ള ലീഡിംഗ് ചാനലിന്റെ വീതി/ആഴം വര്‍ദ്ധിപ്പിക്കുക പാടശേഖരങ്ങളുടെ പുറം ബണ്ട് നിര്‍മ്മാണത്തിന് ‘കംപാര്‍ട്ട്മെന്റലൈസേഷന്‍’ എന്ന ആശയം നടപ്പിലാക്കുക ഇവയെല്ലാമാണ് ജലസേചന മേഖലയില്‍ പ്രധാനമായും ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ഉത്തരവാദിത്വ ടൂറിസത്തിന്റെ ഭാഗമായി അയ്മനത്തെ മാതൃകാ വില്ലേജായി പ്രഖ്യാപിച്ചു. പൊതുമരാമത്തു വകുപ്പു നടപ്പിലാക്കുന്ന വിവിധ റോഡ് പ്രവര്‍ത്തികളും യോഗത്തില്‍ പ്രഖ്യാപിക്കുകയുണ്ടായി.
കര്‍ഷകര്‍ക്ക് തടസ്സരഹിതമായി വൈദ്യുതി ലഭ്യമാക്കുന്നതിന് ആര്‍.കെ.ഐ മുഖാന്തിരം മൂന്നു സബ് സ്റ്റേഷനുകള്‍ നിര്‍മ്മിക്കുന്നതായും ബഹു:മുഖ്യമന്ത്രി അറിയിച്ചു.
കുട്ടനാട്ടിലെ കുടിവെള്ള പ്രശ്നം പരിഹരിക്കുന്നതിന്റെ ഭാഗമായി കിഫ്ബി മുഖാന്തിരം നടപ്പിലാക്കുന്ന വാട്ടര്‍ ട്രീറ്റ്മെന്‍റ് പ്ലാന്റിന്റെ പ്രവൃത്തികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കും.
കുട്ടനാട്ടിലെ ജനങ്ങള്‍ അനുഭവിച്ചു വരുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ഈ പാക്കേജിലൂടെ സാധിക്കും എന്ന് ബഹു:മുഖ്യമന്ത്രി അറിയിച്ചു.