സംസ്ഥാന ആസൂത്രണ ബോര്‍ഡും, സംസ്ഥാന സ്റ്റാറ്റിസ്റ്റിക്കല്‍ കമ്മീഷനും, സംസ്ഥാന സ്ഥിതിവിവരകണക്കു വകുപ്പും സംയോജിതമായി മാര്‍ച്ച് 31 നും ഏപ്രില്‍ 1 നുമായി സംഘടിപ്പിച്ച ‘സ്റ്റേറ്റ് ഇന്‍കം സ്റ്റാറ്റിസ്റ്റിക്സ്’ എന്ന വിഷയത്തിലുള്ള ദ്വിദിന ശില്‍പശാല 31/03/23 ബഹുമാനപ്പെട്ട സംസ്ഥാന ധനകാര്യ മന്ത്രി കെ. എന്‍. ബാലഗോപാല്‍ ഉദ്ഘാടനം ചെയ്തു.

കാലോചിതവും വിശ്വസനീയവുമായ സ്ഥിതിവിവര കണക്കുകള്‍ക്ക് വികസനത്തില്‍ സുപ്രധാന സ്ഥാനമാണുള്ളതെന്നും ആസൂത്രണത്തിലും പദ്ധതി നിര്‍വഹണത്തിലും മോണിറ്ററിംഗിലും അത് ഒഴിച്ചുകൂടാനാവാത്തതാണെന്നും ബഹുമാനപ്പെട്ട സംസ്ഥാന ധനകാര്യ മന്ത്രി കെ. എന്‍. ബാലഗോപാല്‍ വ്യക്തമാക്കി.  കോവിഡ് മഹാമാരി കൈകാര്യം ചെയ്യുന്നതില്‍ സ്ഥിതിവിവര കണക്കുകളുടെ പ്രധാന്യം നമ്മള്‍ തിരിച്ചറിഞ്ഞതാണ്. അതുപോലെ ദൈനംദിന കാര്യങ്ങളിലും ഡാറ്റയുടെ പ്രസക്തി വളരെ വലുതാണ്. സംസ്ഥാന തല സ്ഥിതിവിവര കണക്കുകള്‍ ഉപയോഗിക്കുന്നതിലും, അവ കാലോചിതമായി മെച്ചപ്പെടുത്തുന്നതിലും സംയോജിതമായ ശ്രമങ്ങള്‍ അനിവാര്യമാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.

ചരക്കു സേവന നികുതി പ്രാബല്യത്തില്‍ വന്ന പശ്ചാത്തലത്തില്‍ സംസ്ഥാന സ്ഥിതി വിവര കണക്കുകളുടെ പുനരവലോകനവും, ശാക്തീകരണവും അനിവാര്യമാണെന്ന് അധ്യക്ഷ പ്രസംഗത്തില്‍ ആദരണീയനായ സംസ്ഥാന ആസൂത്രണ ബോര്‍ഡ് ഉപാധ്യക്ഷന്‍ ഡോ. വി കെ രാമചന്ദ്രന്‍ ചൂണ്ടിക്കാട്ടി. ആസൂത്രണത്തിന്റെ ഇന്ധനമാണ് സ്ഥിതിവിവര കണക്കുകള്‍ എന്ന് ബഹു. ആസൂത്രണ ബോര്‍ഡ് മെമ്പര്‍ സെക്രട്ടറി പുനീത്കുമാര്‍ ഐഎഎസ് അഭിപ്രായപ്പെട്ടു. സംസ്ഥാന സ്റ്റാറ്റിസ്റ്റിക്കല്‍ കമ്മീഷന്‍ അദ്ധ്യക്ഷന്‍ ശ്രീ. പി. സി. മോഹനന്‍, കേന്ദ്ര സര്‍ക്കാരിന്റെ നാഷണല്‍ അക്കൗണ്ട്സ് ഡിവിഷന്‍ ഡെപ്യുട്ടി ഡയറക്ടര്‍ ജനറല്‍ ഡോ. സുബ്ര സര്‍ക്കാര്‍ എന്നിവര്‍ സംസാരിക്കുകയും, പരിപ്രേക്ഷ്യ പദ്ധതി വിഭാഗം ചീഫ് ഡോ. സന്തോഷ്.വി നന്ദി പ്രകടിപ്പിക്കുകയും ചെയ്തു.

തുടര്‍ന്നു നടന്ന സാങ്കേതിക സെഷനുകളില്‍ സമ്പദ് വ്യവസ്ഥയുടെ വിവിധ മേഖലകളിലെ സംസ്ഥാന വരുമാന നിര്‍ണ്ണയത്തെക്കുറിച്ച് നടന്ന വിശദമായ ചര്‍ച്ചകളില്‍ വിവിധ വകുപ്പു തലവന്മാരും, ഉദ്യോഗസ്ഥരും, വിദഗ്ധരും പങ്കു ചേര്‍ന്നു.