തീയതി: മെയ് 22, 2024
അഞ്ചാമത് കർണാടക സംസ്ഥാന ധനകാര്യ കമ്മീഷന്റെ ചെയർപേഴ്സൺ ഡോ. പി. നാരായണ സ്വാമിയുടെ നേതൃത്വത്തിലുളള സംഘം സംസ്ഥാന ആസൂത്രണ ബോര്‍ഡ് വൈസ് ചെയർപേഴ്സണും മറ്റ് ബോര്‍ഡ് അംഗങ്ങളുമായും കൂടി കാഴ്ച നടത്തി. ബഡ്ജറ്റ് രൂപീകരണത്തിലും വികേന്ദ്രീകൃത ആസൂത്രണത്തിലും സംസ്ഥാന ആസൂത്രണ ബോർഡിന്റെ പങ്കിനെ കുറിച്ച് ആസൂത്രണ ബോർഡ് മെമ്പർമാർ വിവരിക്കുകയുണ്ടായി.
ഇതിൽ ജില്ലാ പ്ലാനിംഗ് കമ്മിറ്റികളുടെയും ജില്ലാ പ്ലാനിങ് ഓഫീസുകളുടെയും പങ്കിനെക്കുറിച്ചും സ്റ്റേറ്റ് റിസോഴ്സ് ഗ്രൂപ്പിന്റെ പ്രവർത്തനത്തെക്കുറിച്ചും കർണാടക ധനകാര്യ കമ്മീഷൻ അംഗങ്ങൾ മതിപ്പു രേഖപ്പെടുത്തി. കേരളത്തിന്റെ വികേന്ദ്രീകൃതാസൂത്രണ സംവിധാനം മികവുറ്റതാണെന്നും കർണ്ണാടകയ്ക്ക് ഒട്ടനവധി കാര്യങ്ങൾ കേരളത്തിൽ നിന്ന് പഠിക്കാനുണ്ടെന്നും ഡോ. പി നാരായണ സ്വാമി അഭിപ്രായപ്പെട്ടു. മോഡി ഗവൺമെന്റിന്റെ കീഴിൽ കർണാടകയും സാമ്പത്തികമായ പരാധീനതകൾ അനുഭവിക്കുന്നുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കേരളത്തിലെ പോലെ തന്നെ പതിനഞ്ചാം ധനകാര്യ കമ്മീഷൻ ഹെൽത്ത് ഗ്രാൻഡ് അനുവദിച്ചിട്ടും കേന്ദ്രസർക്കാരിന്റെ നിബന്ധനകൾ കാരണം ചെലവാക്കാൻ പറ്റാത്ത സമാന സാഹചര്യം കർണാടകത്തിലും ഉണ്ടെന്ന് അദ്ദേഹം പറഞ്ഞു.
കുടിക്കാഴ്ച്ച ഇരു സംസ്ഥാനങ്ങളുടെയും അസൂത്രണ പ്രക്രിയയെയും തദ്ദേശ സ്ഥാപനങ്ങളെയും ശക്തിപ്പെടുത്താൻ സഹായകമാകുമെന്ന് സംസ്ഥാന ആസൂത്രണ ബോര്‍ഡ് വൈസ് ചെയർപെഴ്സണ്‍ പ്രൊഫ. വി.കെ രാമചന്ദ്രൻ അഭിപ്രായപ്പെട്ടു. ആസൂത്രണ ബോര്‍ഡ് മെമ്പർ സെക്രട്ടറി ശാരദ മുരളീധരൻ ഐ എ എസും അംഗങ്ങളായ പ്രൊഫ. ജിജു പി അലക്സ്, പ്രൊഫ. കെ രവി രാമൻ, ഡോ. പി. കെ . ജമീല, പ്രൊഫ. മിനി സുകുമാര്‍, കർണാടക സംസ്ഥാന ധനകാര്യ കമ്മീഷൻ അംഗങ്ങൾ, ശ്രീ. മുഹമ്മദ് സനുള്ളയും ശ്രീ. ആർഎസ് ഫോൺഡേ എന്നിവരും ചർച്ചയിൽ സജീവമായിരുന്നു.