സംസ്ഥാന ആസൂത്രണ ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ കേരളത്തില്‍ ജെന്‍ഡര്‍ റെസ്പോണ്‍സീവ് ബഡ്ജറ്റിംഗ്എന്ന വിഷയത്തില്‍ സംസ്ഥാനതല ശില്പശാല സെപ്റ്റംബര്‍ 16-ന് തിരുവനന്തപുരത്ത് മാസ്ക്കറ്റ് ഹോട്ടലില്‍ വച്ച് നടന്നു. ശില്പശാലയില്‍ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.

സംസ്ഥാന ആസൂത്രണ ബോര്‍ഡ് മെമ്പര്‍ പ്രൊഫ. മിനി സുകുമാരിന്റെ  അദ്ധ്യക്ഷതയില്‍ നടന്ന ശില്പശാലയുടെ ഉദ്ഘാടനം സംസ്ഥാന ആസൂത്രണ ബോര്‍ഡ് ബഹു. വൈസ് ചെയര്‍ പേഴ്സണ്‍ പ്രൊഫ.വി.കെ രാമചന്ദ്രന്‍ നിര്‍വ്വഹിച്ചു. സംസ്ഥാന ആസൂത്രണ ബോര്‍ഡ് ബഹു. മെമ്പര്‍ സെക്രട്ടറി ഡോ.വീണാ എന്‍ മാധവന്‍ ശില്പശാലയുടെ  ആമുഖ പ്രഭാഷണം നടത്തി. ആസൂത്രണബോര്‍ഡ് അംഗങ്ങളായ ഡോ. പി.കെ. ജമീല, പ്രൊഫ. ജിജു.പി.അലക്സ്, ഡോ. ആര്‍. രവി രാമന്‍, പ്രൊഫ. വര്‍ഗ്ഗീസ് ജോര്‍ജ്ജ് എന്നിവര്‍ ആശംസകള്‍ അറിയിച്ച് സംസാരിച്ചു. സാമൂഹിക സേവന വിഭാഗം ചീഫ് ഡോ. ബിന്ദു പി വര്‍ഗ്ഗീസ് പരിപാടിക്ക് സ്വാഗതം ആശംസിച്ചു.

പരമ്പരാഗത മേഖലകളായ വിദ്യാഭ്യാസം, ആരോഗ്യം, സാമൂഹ്യനീതി എന്നിവയ്ക്ക് പുറമേ  കൃഷി, വ്യവസായം, മൃഗസംരക്ഷണം, ടൂറിസം, ഫിഷറീസ്, ശാസ്ത്ര സാങ്കേതികം എന്നിങ്ങനെയുള്ള മേഖലകളില്‍   ലിംഗ നീതിയില്‍ അധിഷ്ഠിതമായ നൂതന പദ്ധതികള്‍ രൂപീകരിക്കുന്നതിനും  ഉന്നത വിദ്യാഭ്യാസ മേഖലയില്‍ സ്ത്രീകളുടെ പ്രാതിനിധ്യം വര്‍ദ്ധിപ്പിക്കുന്നതിന് സഹായകമാകുന്ന തരത്തില്‍ ഹോസ്റ്റലുകള്‍, താമസ സൗകര്യങ്ങള്‍, മറ്റ് സഹായങ്ങള്‍ എന്നിവ  ഏര്‍പ്പെടുത്തുന്നതിനും  സ്ത്രീകള്‍ക്ക് തൊഴില്‍ പ്രാതിനിധ്യം വര്‍ദ്ധിപ്പിക്കുന്നതിന് ഉതകുന്ന  ഡേ-കെയര്‍ സെന്ററുകള്‍, വയോജന സംരക്ഷണം, ഹൗസിംഗ്, ശിശു സംരക്ഷണം എന്നീ മേഖലകള്‍ ഉള്‍ക്കൊള്ളുന്ന പദ്ധതികള്‍ നടപ്പിലാക്കുന്നതിനും വകുപ്പുകള്‍    പ്രത്യേക ശ്രദ്ധ ചെലുത്തണമെന്ന് ഉദ്ഘാടനപ്രസംഗത്തില്‍ പ്രൊഫ.വി.കെ രാമചന്ദ്രന്‍ അഭിപ്രായപ്പെട്ടു.

കേരളത്തിലെ ആസൂത്രണത്തിലും വികസനത്തിലും ജെന്‍ഡര്‍ ജസ്റ്റിസിനെ പിന്തുണയ്ക്കുന്ന പദ്ധതികള്‍ സുസ്ഥിര വികസന ലക്ഷ്യങ്ങളുമായി സംയോജിപ്പിച്ച് കൊണ്ട്   നടപ്പിലാക്കുന്നതിനും  എല്ലാ വിഭാഗം സ്ത്രീകളുടെയും ട്രാന്‍സ് ജന്ഡര്‍   വിഭാഗങ്ങളുടെയും പ്രത്യേക ആവശ്യങ്ങളെ അഭിസംബോധന ചെയ്യുന്ന  വികസന പരിപ്രേക്ഷ്യം ആവിഷ്ക്കരിക്കുന്നതിനും ഊന്നല്‍ നല്‍കണമെന്ന്   അദ്ധ്യക്ഷ പ്രസംഗത്തില്‍ പ്രൊഫ. മിനി സുകുമാര്‍ ഓര്‍മിപ്പിച്ചു.

ശില്പശാലയുടെ ഭാഗമായി വിവിധ വിഷയങ്ങളെ  അടിസ്ഥാനമാക്കിയുള്ള ഗ്രൂപ്പ് ചര്‍ച്ചകളും  വിഷയ അവതരണങ്ങളും നടന്നു. പ്രൊഫ.  മൃദുല്‍ ഈപ്പന്‍ മോഡറേറ്ററായ പാനല്‍ ചര്‍ച്ചയില്‍ ആസൂത്രണ ബോര്‍ഡ്‌ ഡിവിഷന്‍ ചീഫുമാരായ ശ്രീ. എസ് എസ് നാഗേഷ്, ശ്രീമതി. ജോസഫൈന്‍, ഡോ. ബിന്ദു പി വര്‍ഗ്ഗീസ്, ഡോ. സുനിത എ എസ്, ശ്രീ. അരുണ്‍ ജി പ്രതാപ്, ശ്രീ. സജിമോന്‍ എസ് എന്നിവര്‍  പങ്കെടുത്തു.

            പദ്ധതി ഏകോപന വിഭാഗം ചീഫ് ശ്രീ. സജിമോന്‍ എസ് നന്ദി പ്രകാശനം നടത്തി.