2024 മാർച്ച് 18-ന്, കേരള സംസ്ഥാന ആസൂത്രണ ബോർഡും (KSPB) കേരള സ്റ്റേറ്റ് സ്റ്റാറ്റിസ്റ്റിക്കൽ കമ്മീഷനും (KSSC) സംയുക്തമായി കേരളത്തിലെ മൊത്ത സംസ്ഥാന ആഭ്യന്തര ഉൽപ്പാദനം കണക്കാക്കുന്ന രീതി പരിശോധിക്കുന്നതിനായി ഒരു ഏകദിന ദേശീയ ശിൽപശാല സംഘടിപ്പിച്ചു.

കൃത്യമായ വരുമാനം അളക്കുന്നതിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞ്, കേരള സംസ്ഥാന ആസൂത്രണ ബോർഡ്  2019 മുതൽ 2024 വരെ ദേശീയ, സംസ്ഥാന തലത്തിലുള്ള കൺസൾട്ടേഷനുകളുടെ ഒരു പരമ്പര സംഘടിപ്പിച്ചിരുന്നു. സമഗ്രതക്കായി  ഈ കൺസൾട്ടേഷനുകളിൽ ഇന്ത്യാ ഗവൺമെന്റിന്റെ നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസിലെ (NSO) ഉദ്യോഗസ്ഥരുടെ പങ്കാളിത്തവും ഉറപ്പ് വരുത്തിയിരുന്നു. ഈ ശ്രമങ്ങൾ ഫലവത്താകുന്നതിന്, പ്രാഥമിക, ദ്വിതീയ, തൃതീയ മേഖലകളിലെ വരുമാനം കണക്കാക്കുന്നതിനുള്ള രീതികൾ പരിശോധിക്കുന്നതിനായി സംസ്ഥാന ആസൂത്രണ ബോർഡ് മൂന്ന് പഠന ഗ്രൂപ്പുകൾ കഴിഞ്ഞ വര്ഷം രൂപീകരിച്ചു.

ഈ ഗ്രൂപ്പുകളുടെ സംസ്ഥാന വരുമാനം കണക്കാക്കുന്നതിനുള്ള രീതികൾ പരിഷ്കരിക്കാനും മെച്ചപ്പെടുത്താനുള്ള ഉൾക്കാഴ്ചകളുടെയും ശുപാർശകളുടെയും പ്രാഥമിക തല റിപ്പോർട്ടിലുള്ള ചർച്ചയാണ് ഈ ദേശീയ ശിൽപശാലയിൽ നടന്നത്. സംസ്ഥാനത്തിന്റെ സാമ്പത്തിക കണക്കെടുപ്പ് പ്രക്രിയകളിൽ സ്വാധീനം ചെലുത്തുന്ന മാറ്റങ്ങൾക്ക് കളമൊരുക്കി, തങ്ങളുടെ നിർദ്ദേശങ്ങളും അഭിപ്രായങ്ങളും പങ്കുവയ്ക്കുന്നതിനുള്ള ഒരു വേദിയായി ഈ ശിൽപശാല പ്രവർത്തിച്ചു. ഇത്  കേരളസംസ്ഥാനത്തിന്റെ വരുമാന കണക്കുകൂട്ടലുകളുടെ കൃത്യതയും വിശ്വാസ്യതയും ഗണ്യമായി വർദ്ധിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു