കൃഷിയും അനുബന്ധ മേഖലകളും

കാര്‍ഷിക മേഖലയുടെ പ്രകടനം

2011-12 ല്‍ ഇന്ത്യയിലെ മൊത്തം തൊഴില്‍ സേനയുടെ 48.9 ശതമാനവും കാര്‍ഷിക വൃത്തിയിലായിരുന്നു. 2014-15 ല്‍ ആദ്യം (പുതുക്കിയ കണക്കുകള്‍ പ്രകാരം)ഇന്ത്യയുടെ ആഭ്യന്തര ഉല്പാദനത്തില്‍ കൃഷിയുടെ പങ്ക് സ്ഥിരവിലയുടെ അടിസ്ഥാനത്തില്‍(2011-12) 17.4 ശതമാനമാണ്(പട്ടിക 2.1).പന്ത്രണ്ടാം പഞ്ചവത്സര പദ്ധതിക്കാലത്ത് (2012-13 മുതല്‍ 2016-17 വരെ) കൃഷിഅനുബന്ധ മേഖലകളില്‍ ലക്ഷ്യമിട്ടിരുന്ന വളര്‍ച്ച 4 ശതമാനമായിരുന്നു. ഇന്ത്യന്‍ സമ്പദ്ഘടനയുടെ വളര്‍ച്ച 8 ശതമാനം കൈവരിക്കുന്നതിന് കാര്‍ഷികമേഖലയിലെ 4 ശതമാനം വളര്‍ച്ച അനിവാര്യമാണ്. കഴിഞ്ഞ 3 വര്‍ഷങ്ങളില്‍, കാര്‍ഷിക മേഖലയിലെ വളര്‍ച്ചാ നിരക്ക് അസ്ഥിരമായി തുടരുന്നു. 2012-13 ല്‍ 1.5 ശതമാനം ആയിരുന്നത് 2013-14 ല്‍ 4.2 ശതമാനവും 2014-15 ല്‍ (-)0.2 ശതമാനവുമായി. സി.എസ്.ഒ (സെന്‍ട്രല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓര്‍ഗനൈസേഷന്‍) പ്രസിദ്ധീകരിക്കുന്ന ‘ദേശീയവരുമാനത്തിന്റെ താല്‍ക്കാലിക എസ്റ്റിമേറ്റ് 2015-16’ അനുസരിച്ച് 2015-16 വര്‍ഷത്തില്‍ കൃഷി, വനം, മത്സ്യബന്ധന മേഖലകളിലെ വളര്‍ച്ചാ നിരക്ക് 1.2 ശതമാനമായിരുന്നു. സി.എസ്.ഒ യുടെ ‘ദേശീയവരുമാനത്തിന്റെ താല്‍ക്കാലിക എസ്റ്റിമേറ്റ് 2016-17’ അനുസരിച്ച് കൃഷി, വനം, മത്സ്യബന്ധന മേഖലകളിലെ വളര്‍ച്ച 4.1 ശതമാനമാണ്.

കേരളത്തിന്റെ കാര്‍ഷിക മേഖല വളര്‍ച്ചയുടെ രൂക്ഷമായ ഒരു പ്രതിസന്ധിഘട്ടത്തെ അഭിമുഖീകരിക്കുകയാണ്. 2011-12 വര്‍ഷത്തെ അടിസ്ഥാനപ്പെടുത്തി സാമ്പത്തിക സ്ഥിതി വിവര വകുപ്പ് തയ്യാറാക്കിയ കണക്ക് പ്രകാരംപന്ത്രണ്ടാം പദ്ധതിക്കാലത്തിന്റെ ആദ്യവര്‍ഷം(2012-13) കൃഷി അനുബന്ധ മേഖലകളിലെ വളര്‍ച്ച 1.43 ശതമാനമായിരുന്നു. തുടര്‍ന്നുള്ള 3 വര്‍ഷങ്ങളില്‍ കുറവ് വളര്‍ച്ചാ നിരക്കാണ് രേഖപ്പെടുത്തിയിട്ടുള്ളത്. 2013-14 ല്‍ (-)6.31 ശതമാനം 2014-15 ല്‍ (-)1.09 ശതമാനം, 2015-16 ല്‍ (-)2.9 ശതമാനം. 2011-12 ല്‍ സംസ്ഥാനത്തിന്റെ ആഭ്യന്തര ഉല്പാദനത്തില്‍ കാര്‍ഷിക അനുബന്ധ മേഖലയിലെ വിഹിതം 14.38 ശതമാനമായിരുന്നത് 2014-15 ല്‍ 11.48 ശതമാനവും 2015-16 ല്‍ 10.38 ശതമാനവുമായി കുറഞ്ഞു(പട്ടിക. 2.1).

പട്ടിക 2.1
ആഭ്യന്തര ഉല്പാദനത്തില്‍ കാര്‍ഷിക അനുബന്ധ മേഖലകളുടെ വളര്‍ച്ചാ നിരക്ക് – ദേശീയതലത്തിലും സംസ്ഥാന തലത്തിലും (അടിസ്ഥാന വര്‍ഷം 2011-12).
ക്രമനമ്പര്‍ വര്‍ഷം ദേശീയതലത്തിലുള്ള ആഭ്യന്തര ഉല്പാദനത്തില്‍ കൃഷി അനുബന്ധമേഖലകളുടെ പങ്ക്(ശതമാനത്തില്‍) സംസ്ഥാനത്തിന്റെ ആഭ്യന്തര ഉല്പാദനത്തില്‍ കൃഷി അനുബന്ധമേഖലകളുടെ പങ്ക്(ശതമാനത്തില്‍)#
1 2011-12 18.5 14.38 (9.1)
2 2012-13 18.2* 13.76 (9.51)
3 2013-14* 18.3* 12.9 (8.83)
4 2014-15** 17.4@ 11.6 (P)
5 2015-16 NA 10.38 (Q)
#* താല്ക്കാലികം ** ദ്രുത കണക്കെടുപ്പു് @ ഒന്നാമത്തെ ആര്‍.ഇ (P)താല്‍ക്കാലികം
# 2004-05 അടിസ്ഥാനമാക്കിയുള്ള കണക്കുകള്‍ ബ്രാക്കറ്റില്‍ കൊടുത്തിരിക്കുന്നു.
അവലംബം: സാമ്പത്തിക സ്ഥിതി വിവര വകുപ്പ്

കാലവര്‍ഷം 2016

തെക്കു പടിഞ്ഞാറന്‍ കാലവര്‍ഷത്തെയാണ് (ജൂണ്‍- സെപ്റ്റംബര്‍) ഇന്ത്യ പ്രധാനമായും ആശ്രയിക്കുന്നത്. എന്നാല്‍ തീരദേശ ആന്ധ്രാപ്രദേശ്, റായല്‍സീമ, തെക്കേ ഉള്‍നാടന്‍ കര്‍ണാടക, തമിഴ്നാട്, പോണ്ടിച്ചേരി, കേരളം തുടങ്ങി തെക്കേ ഇന്ത്യയിലെ പല പ്രദേശങ്ങളിലും കാര്യമായി വടക്കു കിഴക്കന്‍ കാലവര്‍ഷവും (ഒക്ടോബര്‍-ഡിസംബര്‍) ലഭിക്കാറുണ്ടു്.

തെക്കു-പടിഞ്ഞാറന്‍ കാലവര്‍ഷക്കാലത്ത് (ജൂണ്‍-സെപ്റ്റംബര്‍ 2016) രാജ്യത്താകെ ലഭിച്ച മഴ ദീര്‍ഘസമയ ശരാശരി (എല്‍.പി.എ)യുടെ 97 ശതമാനമായിരുന്നു. ഇത് സാധാരണ വിഭാഗത്തിലുള്ളവയാണ്(എല്‍.പി.എ യുടെ 96 -104 ശതമാനം). തെക്കു-പടിഞ്ഞാറന്‍ കാലവര്‍ഷസമയത്ത് മധ്യഇന്ത്യ ഒഴിച്ച് ഭൂമിശാസ്ത്രപരമായി വിഭജിക്കപ്പെട്ട രാജ്യത്തെ നാല് മേഖലകളില്‍ മൂന്നിലും ദീര്‍ഘ സമയ ശരാശരിയേക്കാള്‍ കുറവ് മഴയാണ് ലഭിച്ചത്. രാജ്യത്ത് ഈ നാല് മേഖലകളിലും തെക്കു പടിഞ്ഞാറന്‍ കാലവര്‍ഷത്തില്‍ (2016) ലഭിച്ച മഴയുടെ അളവ് പട്ടിക 2.2 ല്‍ ചേര്‍ക്കുന്നു.

പട്ടിക 2.2
2016- തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷത്തില്‍ (ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെ) ലഭിച്ച മഴ (മി.മി)
പ്രദേശം ലഭിച്ച മഴ (മി.മി)
ഇന്ത്യ 862.0
വടക്കു പടിഞ്ഞാറന്‍ ഇന്ത്യ 584.2
മധ്യ ഇന്ത്യ 1034.1
വടക്കു കിഴക്കന്‍ ഇന്ത്യ 1281.5
തെക്കന്‍ ഉപദ്വീപ് 661.5
അവലംബം: ഐ.എം.ഡി.റിപ്പോര്‍ട്ട്

ആകെയുള്ള 36 കാലാവസ്ഥാ ഉപമേഖലകളില്‍ നല് ഉപമേഖലകളില്‍ (രാജ്യത്തെ ആകെ വിസ്തൃതിയില്‍ 13 ശതമാനം) അളവില്‍ കൂടുതല്‍ മഴ ലഭിച്ചു. 23 ഉപമേഖലകളില്‍ സ്വാഭാവിക മഴ ലഭിച്ചു (രാജ്യത്തിന്റെ ആകെ വിസ്തൃതിയില്‍ 72 ശതമാനം). ബാക്കി 9 ഉപമേഖലകളില്‍ (രാജ്യത്തിന്റെ ആകെ വിസ്തൃതിയില്‍ 15 ശതമാനം) അളവില്‍ കുറവ് മാത്രമെ മഴ ലഭിച്ചിട്ടുള്ളു. മഴ കുറവ് ലഭിച്ച 9 ഉപമേഖലകളില്‍ നാലും തെക്കന്‍ ഉപദ്വീപില്‍ ഉള്ള പ്രദേശങ്ങളാണ് (തീരദേശ കര്‍ണാടക, തെക്കേ ഉള്‍നാടന്‍ കര്‍ണ്ണാടകം, കേരളം, ലക്ഷദ്വീപ്).

മെയ് 20, 2016 ന് സാധാരണ കാലവര്‍ഷം എത്തുന്നതിന് രണ്ട് ദിവസം മുന്‍പ് കാലവര്‍ഷ വായുവേഗം ആന്റമാന്‍ സമുദ്രത്തില്‍ എത്തുകയും ജൂണ്‍ 8, 2016ഓടെ കേരളത്തിലേക്ക് കടക്കുകയും ചെയ്തു. എന്നാല്‍ പിന്നീട് ഇതിന്റെ ശക്തി കുറഞ്ഞു. സാധാരണ കാലവര്‍ഷം എത്തുന്ന തിയതിയായ ജൂലൈ 15, 2016 നേക്കാള്‍ രണ്ട് ദിവസം മുന്‍പ് ജൂലൈ 13 ന് തെക്കു പടിഞ്ഞാറന്‍ കാലവര്‍ഷം രാജ്യത്താകെ വ്യാപിച്ചു.

സ്വാഭാവിക തിയതിയായ 2016 ഒക്ടോബര്‍ 15 ന് 13 ദിവസത്തിന് ശേഷം ഒക്ടോബര്‍ 28, 2016 ന് ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ നിന്നും 2016 ലെ തെക്കു പടിഞ്ഞാറന്‍ കാലവര്‍ഷം പി൯വലിഞ്ഞു. 2016 ജൂണ്‍ ഒന്ന് മുതല്‍ സെപ്റ്റംബര്‍ 30 വരെ രാജ്യത്ത് ലഭിച്ച യഥാര്‍ത്ഥ മഴ 862.0 മി.മീ ആയിരുന്നു. ഇത് സാധാരണ ലഭിക്കുന്ന മഴയായ 887.5 മി.മീ ല്‍ നിന്ന് 3 ശതമാനം കുറവാണ്.

ചിത്രം 2.1
തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷത്തില്‍ 2016 ജൂൺ 1 മുതല്‍ സെപ്റ്റംബര്‍ 30 വരെ ലഭിച്ച മഴ
അവലംബം: ഐ.എം.ഡി.തിരുവനന്തപുരം

തെക്കു പടിഞ്ഞാറന്‍ കാലവര്‍ഷ സമയത്ത് കുറഞ്ഞ മഴ ലഭിച്ച കാലാവസ്ഥാ ഉപമേഖലകള്‍ പട്ടിക 2.3 ല്‍ ചേര്‍ത്തിരിക്കുന്നു.

പട്ടിക 2.3
തെക്കു പടിഞ്ഞാറന്‍ കാലവര്‍ഷസമയത്തുള്ള മഴയിലെ കുറവ്, 2016(ശതമാനത്തില്‍)
ഉപമേഖലകള്‍ കുറവ്(ശതമാനം)
കേരളം -34
അസ്സം,മേഘാലയ -30
ഹരിയാന, ചണ്ഡിഗര്‍, ഡല്‍ഹി -27
പഞ്ചാബ് -28
ഹിമാചല്‍പ്രദേശ് -24
ഗുജറാത്ത് -24
തീരദേശ കര്‍ണ്ണാടക -21
തെക്കന്‍ ഉള്‍നാടന്‍ കര്‍ണ്ണാടക -21
ലക്ഷദ്വീപ് -25
അവലംബം: 2016 തെക്കു പടിഞ്ഞാറന്‍ കാലവര്‍ഷം, എന്റ് ഓഫ് സീസണ്‍ റിപ്പോര്‍ട്ട്, ഇന്ത്യന്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

തെക്കു പടിഞ്ഞാറന്‍ കാലവര്‍ഷ സമയത്ത് (ജൂണ്‍ 1 മുതല്‍ സെപ്റ്റംബര്‍ 30, 2016) കേരളത്തില്‍ ലഭിച്ച മഴ 1352.3 മി.മി ആയിരുന്നു. എന്നാല്‍ ഈ കാലയളവില്‍ ലഭിക്കേണ്ട സാധാരണ മഴ 2039.7 മി.മി ആണ്, സാധാരണ ലഭിക്കുന്ന മഴയില്‍ നിന്നും (-)34 ശതമാനത്തിന്റെ കറവ്. രാജ്യത്ത് ഏറ്റവും കുറവ് മഴ അനുഭവപ്പെട്ടത് കേരളത്തിലാണ്. വയനാട് ജില്ലയിലാണ് സ്വാഭാവിക മഴയേക്കാള്‍ ഏറ്റവും കുറവ് മഴ ലഭിച്ചത്. ഈ ജില്ലയില്‍ ലഭിച്ച യഥാര്‍ത്ഥ മഴ 1073.8 മി.മി ആണ്. സാധാരണയായി തെക്കു പടിഞ്ഞാറന്‍ കാലവര്‍ഷ സമയത്ത് വയനാട് ലഭിക്കുന്നത് 2632.1 മി.മി മഴ ആണ്.

വടക്കു കിഴക്കന്‍ കാലവര്‍ഷ സമയത്തും കേരളത്തില്‍ മഴക്കുറവ് അനുഭവപ്പെട്ടു. ഈ കാലവര്‍ഷ സമയത്ത് 185.0 മി.മി മഴ മാത്രമാണ് ലഭിച്ചത്. സാധാരണയായി ലഭിക്കുന്നത് 480.7 മി.മി ആണ്. അതായത് സാധാരണയായി ലഭിക്കുന്ന മഴയേക്കാള്‍ (-)62 ശതമാനം കുറവ്. ഏറ്റവും കുറവ് മഴ ലഭിച്ചത് കോഴിക്കോട് ജില്ലയിലാണ്(-82 ശതമാനം). എറണാകുളം, കൊല്ലം, പത്തനംതിട്ട ഒഴിച്ച് മറ്റെല്ലാ ജില്ലകളിലും വടക്കു കിഴക്കന്‍ കാലവര്‍ഷം ദുര്‍ബലമായിരുന്നു(-60 ശതമാനം മുതല്‍ -99 ശതമാനം വരെ). ഈ നാല് ജില്ലകളിലും കുറവ് മഴയാണ് ലഭിച്ചത്(-20 ശതമാനം മുതല്‍ -59 ശതമാനം വരെ). വിശദ വിവരങ്ങള്‍ അനുബന്ധം 2.1 ല്‍ കാണുക.

കാലവര്‍ഷപൂർവ്വ മഴ കേരളത്തില്‍, 2016

മാര്‍ച്ച് 1, 2016 മുതല്‍ മെയ് 31, 2016 വരെ സംസ്ഥാനത്ത് ലഭിച്ച കാലവര്‍ഷപൂർവ്വ മഴ സാധാരണ ലഭിക്കുന്ന മഴയേക്കാള്‍ (-)18 ശതമാനം കുറവായിരുന്നു. ഈ സമയത്ത് 313 മി.മി മഴയാണ് കേരളത്തില്‍ ലഭിച്ചത്. തിരുവനന്തപുരം ജില്ലയില്‍ അധിക മഴ ലഭിച്ചിരുന്നു. എന്നാല്‍ 7 ജില്ലകളില്‍ (ആലപ്പുഴ, കണ്ണൂര്‍, കാസര്‍ഗോഡ്, മലപ്പുറം, പാലക്കാട്, തൃശൂര്‍, വയനാട്) കുറവ് മഴയാണ് ലഭിച്ചത്. 6 ജില്ലകളില്‍(എറണാകുളം, ഇടുക്കി, കൊല്ലം, കോട്ടയം, കോഴിക്കോട്, പത്തനംതിട്ട) സാധാരണ മഴ ലഭിച്ചു. സാധാരണ ലഭിക്കുന്ന മഴയില്‍ നിന്നും ഏറ്റവും കുറവ് മഴ ലഭിച്ചത് കണ്ണൂര്‍ ജില്ലയിലാണ് -53 ശതമാനം.

ചിത്രം 2.2
വടക്കുകിഴക്കന്‍ കാലവര്‍ഷത്തില്‍ 2016 ഒക്ടോബര്‍ 1 മുതല്‍ ഡിസംബര്‍ 31 വരെ ലഭിച്ച മഴ
അവലംബം: ഐ.എം.ഡി.,തിരുവനന്തപുരം
ബോക്സ് 2.1
വരള്‍ച്ച – 2016

ഏറ്റവും അപായകരമായ പ്രകൃതിക്ഷോഭങ്ങളില്‍ ഒന്നാണ് വരള്‍ച്ച. അതിന്റെ അനന്തരഫലം ദൂരവ്യാപകവും അടിക്കടി വര്‍ദ്ധിക്കുന്നതും പരിസ്ഥിതിയെയും സാമ്പത്തിക വ്യവസ്ഥയെയും ഒരേ സമയം ബാധിക്കുന്നതുമാണ്. വരള്‍ച്ച ബാധിത പ്രദേശങ്ങളുടെ വിസ്തൃതി വളരെ കൂടുതലും തുടര്‍ച്ചയായ വര്‍ഷങ്ങളില്‍ സംഭവിക്കുന്നതിനാല്‍ അതിന്റെ രൂക്ഷത വര്‍ദ്ധിക്കുകയും ചെയ്യുന്നതാണ് (വരള്‍ച്ചാ സൂചകങ്ങളുടെ സൂചികാ ഹാന്റ് ബുക്ക്, ഡബ്ല്യൂ.എം.ഒ 2016 ). വരള്‍ച്ചാ പ്രവചനവും മുന്നറിയിപ്പും നല്‍കാന്‍ ഉത്തരവാദിത്തപ്പെട്ട രാജ്യത്തെ ഏജന്‍സിയായ ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് (ഐ.എം.ഡി) വരള്‍ച്ച നിരീക്ഷിക്കാന്‍ വിവിധ സൂചകങ്ങള്‍ ഉപയോഗിക്കുന്നു. ലോകത്തെ വിവിധ ഭാഗങ്ങളില്‍ സ്റ്റാന്റേര്‍ഡൈസിഡ് പ്രസിപ്പിറ്റേഷന്‍ ഇന്റക്സ് (വ്യവസ്ഥിത സാന്ദീകരണ സൂചിക) എന്ന സൂചകമാണ് പൊതുവെ ഉപയോഗിച്ച വരുന്നത്. വരള്‍ച്ചയുള്ള അവസ്ഥയാണെങ്കില്‍ സൂചിക നെഗറ്റീവ് ആകുകയും നേരെ മറിച്ച് ആണെങ്കില്‍ പോസിറ്റീവ് ആവുകയും ചെയ്യും. വരണ്ട അവസ്ഥ തീവ്രമാകുമ്പോള്‍ സൂചിക നെഗറ്റീവും ഈര്‍പ്പമുള്ള അവസ്ഥ തീവ്രമാകുമ്പോള്‍ സൂചിക പോസിറ്റീവും ആകുന്നു.

കാലാവസ്ഥാവകുപ്പിന്റെ (ഐ.എം.ഡി) കണക്കനുസരിച്ച് 2016 ല്‍ തെക്കു പടിഞ്ഞാറന്‍ കാലവര്‍ഷ സമയത്ത് കേരളത്തില്‍ ലഭിക്കേണ്ട മഴയില്‍ വലിയ കുറവ് ആണ് കാണിക്കുന്നത്. ഐ.എം.ഡി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ 2016 ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള സമയത്ത് കേരളത്തിലെ ഏതാണ്ട് എല്ലാ ജില്ലകളിലും തീക്ഷ്ണമായ/തീക്ഷ്ണത കുറവുള്ള/വരണ്ട കാലാവസ്ഥയാണ് അനുഭവപ്പെട്ടിരുന്നത്. കേരളത്തില്‍ 2016 ലെ തെക്കു പടിഞ്ഞാറന്‍ കാലവര്‍ഷ സമയത്തുള്ള ഏരിയ വെയിറ്റഡ് എസ്.പി.ഐ മൂല്യം -1.61 ആണ്. സംസ്ഥാനത്ത് തികച്ചും വരണ്ട കാലാവസ്ഥയാണെന്നാണ് ഈ കണക്ക് സൂചിപ്പിക്കുന്നത്.

2.ഒക്ടോബര്‍ 1 മുതല്‍ ഡിസംബര്‍ 31 വരെയുള്ള കണക്കനുസരിച്ച് കേരളത്തില്‍ വടക്കു പടിഞ്ഞാറന്‍ കാലവര്‍ഷ സമയത്ത് പെയ്ത മഴയില്‍ 62 ശതമാനം കുറവാണ് രേഖപ്പെടുത്തിയത്. അഖിലേന്ത്യാ കണക്കുകള്‍ സൂചിപ്പിക്കുന്നത് ഏരിയ വെയിറ്റഡ് റെയിന്‍ ഫാള്‍ 45 ശതമാനം കുറവായിരുന്നു എന്നാണ്. 125.6 മി.മി മഴ ലഭിക്കേണ്ട സമയത്ത് 69.6 മി.മി മഴയാണ് ലഭിച്ചത്.

രണ്ട് മണ്‍സൂണ്‍ കാലങ്ങളുടെയും പരാജയം കാരണം സംസ്ഥാനത്തെ 14 ജില്ലകളും വരള്‍ച്ച ബാധിത പ്രദേശമായി പ്രഖ്യാപിച്ചു. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ സംസ്ഥാനത്തെ അണക്കെട്ടുകളിലുണ്ടായിരുന്ന വെള്ളവുമായി താരതമ്യം ചെയ്യുമ്പോള്‍ സംസ്ഥാനത്തെ അണക്കെട്ടുകളില്‍ ഏകദേശം 22 ശതമാനം വെള്ളം കുറവുണ്ടു്. രണ്ട് കാലവര്‍ഷങ്ങളെ ആശ്രയിച്ചാണ് സംസ്ഥാനത്തെ കാര്‍ഷികോല്പാദനവും വൈദ്യുതി ഉല്പാദനവും. രണ്ട് മണ്‍സൂണ്‍കാലങ്ങളിലെയും മഴയുടെ കുറവ് സംസ്ഥാനത്തെ കാര്‍ഷികോല്പാദനത്തെയും വൈദ്യതോല്പാദനത്തെയും പ്രതികൂലമായി ബാധിക്കുകയും കുടിവെള്ള ലഭ്യത കുറയാന്‍ ഇടയാക്കുകയും ചെയ്യും.

top