കേരളത്തിന്റെ മൊത്തം ഭൂവിസ്തൃതിയെ ഭൂമിയുടെ 13 ഉപയോഗങ്ങള്‍ അനുസരിച്ച് തരംതിരിച്ചിരിക്കുന്നു. ഭൂവിനിയോഗത്തെ സംബന്ധിച്ച വിവരങ്ങള്‍ അനുബന്ധം 2.2 ലും, അനുബന്ധം 2.3 ലും ചിത്രം 2.3 ലും ചേര്‍ത്തിട്ടുണ്ടു്. സംസ്ഥാനത്തെ മൊത്തം ഭൂവിസ്തൃതിയുടെ 67.6 ശതമാനം വിളയിറക്കിയിട്ടുള്ള പ്രദേശമാണ്. ഇതില്‍ കൃഷി ഇറക്കിയിട്ടുള്ള സ്ഥലത്തിന്റെ വിസ്തീര്‍ണം (നെറ്റ് സോണ്‍ ഏരിയ) 52 ശതമാനമാണ്. ആകെ കൃഷി ചെയ്യപ്പെടുന്ന സ്ഥലത്തിന്റെ 16.38 ശതമാനം ഒന്നില്‍ കൂടുതല്‍ തവണ കൃഷി ചെയ്തിട്ടുള്ളതാണ്. നാലില്‍ ഒന്നില്‍ കൂടുതല്‍ ഭാഗം വനഭൂമിയാണ്. 11.8 ശതമാനം കാര്‍ഷികേതരഅവശ്യങ്ങള്‍ക്കായുള്ളതും ,അതേസമയം കാര്‍ഷികേതര ആവശ്യങ്ങള്‍ക്കു- പയോഗിക്കുന്ന പ്രദേശത്തിന്റെ വിസ്തീര്‍ണ്ണം 4 ശതമാനം വര്‍ദ്ധിക്കുകയും തരിശു ഭൂമി 7 ശതമാനം വര്‍ദ്ധക്കുകയും ചെയ്തു.
എന്നിരുന്നാലും മൊത്തം ഭൂവിസ്തൃതിയെ രണ്ടായി തരം തിരിക്കുമ്പോള്‍- (1)കൃഷിക്ക് ലഭ്യമായിട്ടുള്ള ഭൂമി (യഥാര്‍ത്ഥ വിളവെടുപ്പ് സ്ഥലം, കൃഷി ചെയ്യാവുന്ന തരിശു ഭൂമി, ഇപ്പോള്‍ തരിശായി കിടക്കുന്ന ഭൂമി, ഇപ്പോള്‍ ഉള്ള തരിശുഭൂമിയില്‍ ഉള്‍പ്പെടാത്ത തരിശു ഭൂമി, പലവക വൃക്ഷ വിളകള്‍) (2) കാര്‍ഷികേതര ഭൂമി-(കാര്‍ഷികേതര ആവശ്യങ്ങള്‍ക്കുപയോഗിക്കുന്നത്, കൃഷിക്ക് ഉപയുക്തമാക്കാന്‍ പറ്റാത്ത സ്ഥിരതരിശായ ഭൂമി, വനപ്രദേശത്തിനു പുറത്തുള്ള സുസ്ഥിരമായ മേച്ചില്‍ സ്ഥലങ്ങളും പുല്‍മേടുകളും) കൃഷിക്ക് ലഭ്യമായിട്ടുള്ള ഭൂമി മൊത്തം ഭൂവിസ്തൃതിയുടെ 57.9 ശതമാനമാണ്. ആകെ ഭൂവിസ്താരത്തിന്റെ 52 ശതമാനം ഇപ്പോള്‍ വിളവെടുക്കുന്ന സ്ഥലമാണ്. അതിനര്‍ത്ഥം കൃഷിക്ക് ലഭ്യമായിട്ടുള്ള ഭൂമിയില്‍ ഭൂരിഭാഗവും കൃഷി ചെയ്യപ്പെടുന്നു എന്നതാണ്. അതിനാല്‍ തന്നെ കൂടുതല്‍ സ്ഥലം കൃഷിക്കുപയുക്തമാക്കുവാനുള്ള സാധ്യത കുറവാണ്. തന്‍മൂലം വിളകളുടെ ഉല്പാദനക്ഷമത വര്‍ദ്ധിപ്പിച്ചുകൊണ്ടു് ഉല്പാദനം കൂട്ടുകയാണ് ഏക പോംവഴി.
നാണ്യവിളകള്‍ക്ക് മേല്‍കൈയുള്ള വിളയിറക്കല്‍ ക്രമമാണ് കേരളത്തിലുള്ളത്. 2015-16 ല്‍ ആകെ കൃഷി വിസ്തൃതിയുടെ 62.8 ശതമാനം പ്രദേശത്ത് നാണ്യവിളകളായ കശുവണ്ടി, റബ്ബര്‍, കുരുമുളക്, നാളികേരം, ഏലം, തേയില, കാപ്പി എന്നിവയായിരുന്നു. എന്നാല്‍ ഭക്ഷ്യവിളകളായ നെല്ല്, കപ്പ, പയറുവര്‍ഗ്ഗങ്ങള്‍ എന്നിവ ആകെ കൃഷി വിസ്തൃതിയുടെ 10.21 ശതമാനം പ്രദേശത്ത് മാത്രമാണ് ഉള്ളത്. ആകെ കൃഷി വിസ്തൃതിയുടെ 26.8 ശതമാനത്തിലും തോട്ടവിളകളായ റബ്ബര്‍, കാപ്പി, തേയില, ഏലം എന്നിവയാണ്. കൃഷി വിസ്തൃതി ഏറ്റവും കൂടുതല്‍ ഉള്ളത് തെങ്ങിനാണ്(30 ശതമാനം) തുടര്‍ന്ന് റബ്ബര്‍(20.9 ശതമാനം) നെല്ല്(7.4 ശതമാനം) എന്നീ വിളകൾ. ആകെ കൃഷി വിസ്തൃതിയില്‍ 4.45 ശതമാനവും നേന്ത്രവാഴയും മറ്റ് വാഴയിനങ്ങളുമാണ്. ആകെ കൃഷി വിസ്തൃതിയില്‍ ഏതാണ്ട് 2 ശതമാനത്തിന് മുകളില്‍ കപ്പയും 0.2 ശതമാനം ഇഞ്ചിയും മഞ്ഞളുമാണ്. 2015-16 ല്‍ പയര്‍ വര്‍ഗ്ഗങ്ങള്‍, കുരുമുളക്, ഇഞ്ചി, അടയ്ക്ക, ഏലം, റബ്ബര്‍ എന്നിവയുടെ കൃഷി വിസ്തൃതി മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് വര്‍ദ്ധിച്ചു. എന്നാല്‍ മറ്റെല്ലാ വിളകളുടെയും കൃഷി വിസ്തൃതി മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് കുറയുകയാണുണ്ടായത്. പ്രധാന വിളകളുടെ വിസ്തീര്‍ണ്ണം, ഉല്പാദനം, ഉല്പാദനക്ഷമത എന്നിവ പട്ടിക 2.4 ല്‍ കൊടുത്തിരിക്കുന്നു.
2015-16 ല്‍ ആകെ ജലസേചിത പ്രദേശത്തില്‍ വിളയിറക്കിയിട്ടുള്ള പ്രദേശത്തിന്റെ വിഹിതം 15.75 ശതമാനം ആയിരുന്നു. അതായത് ആകെ വിളയിറക്കിയിട്ടുള്ള 15.75 ശതമാനം പ്രദേശത്ത് മാത്രമാണ് ജലസേചനം ലഭ്യമായിട്ടുള്ളത്. എന്നാല്‍ പഞ്ചാബ്, ഉത്തര്‍പ്രദേശ്, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളില്‍ ഇത് 50 ശതമാനത്തിന് മുകളിലാണ്. ആകെ വിളവിറക്കിയ പ്രദേശത്തില്‍ ജലസേചന സൗകര്യമുള്ള പ്രദേശം 18.4 ശതമാനമാണ്. ജലസേചിത പ്രദേശത്തിന്റെ ഏറിയ പങ്കും തെങ്ങ് കൃഷിയിടമാണ് (34.25 ശതമാനം) ശേഷം നെല്‍ വയലുകള്‍ (31.12 ശതമാനം) മറ്റ് വിളകളുടെ വിഹിതം ഇപ്രകാരമാണ് വാഴ (9 ശതമാനം), അടയ്ക്ക (7 ശതമാനം), പച്ചക്കറികള്‍ (8ശതമാനം).