കൃഷിയും അനുബന്ധ മേഖലകളും

വനം വന്യജീവി സംരക്ഷണം

1946 മുതല്‍ ലോകത്തിന്റെ വന സമ്പത്ത്, 5 മുതല്‍ 10 വര്‍ഷത്തെ ഇടവേളകളില്‍, എഫ്.എ.ഒ. നിരീക്ഷിച്ച് വരുന്നു. ലോകത്തിലെ വനസമ്പത്തിലുണ്ടാകുന്ന മാറ്റങ്ങള്‍ വിശദീകരിക്കുവാന്‍ എഫ്.എ.ഒ യുടെ ഗ്ലോബല്‍ ഫോറസ്റ്റ് റിസോഴ്സ് അസ്സസ്സ്മെന്റ് (ജി.എഫ്.ആര്‍.എ) സ്ഥിരമായ ഒരു രീതി അവലംബിച്ചു വരുന്നു. എഫ്.എ.ഒ മുഖാന്തിരം നടത്തപ്പെട്ട വിവിധ റിമോട്ട് സെന്‍സിംഗ് പഠനങ്ങളുടേയും, വിവിധ രാജ്യങ്ങളുടെ പഠനങ്ങളേയും അടിസ്ഥാനമാക്കിയാണ് ഈ വിലയിരുത്തല്‍ നടത്തുന്നത്. ജി.എഫ്.ആര്‍.എ 2015 ന്റെ കണക്ക് പ്രകാരം വന വിസ്തൃതി വര്‍ദ്ധിച്ചു വരുന്ന പ്രവണത കാണിക്കുന്ന വളരെ കുറച്ചു രാജ്യങ്ങളില്‍ ഇന്ത്യയും ഉള്‍പ്പെടുന്നുണ്ട്. ഐ.എസ്.എഫ്.ആര്‍ 2015 ന്റെ ഫലവും ജി.എഫ്.ആര്‍.എ 2015 ന്റെ കണക്കുമായി യോജിക്കുന്നു.

വനമേഖലയെ നിബിഡ വനം, താരതമ്യേന നിബിഡ വനം, തുറന്ന വനം എന്നിങ്ങനെ മൂന്നായി തരം തിരിക്കാവുന്നതാണ്. 2015 ലെ ഐ. എസ്. എഫ്. ആര്‍ റിപ്പോര്‍ട്ട് പ്രകാരം രാജ്യത്തെ വനമേഖലയുടെ ആകെ വിസ്തീര്‍ണ്ണം 701673 ചതുരശ്ര കിലോമീറ്ററാണ്. ഇത് രാജ്യത്തെ ആകെയുള്ള ഭൂവിസ്തൃതിയുടെ 21.34 ശതമാനമാണ്. 2013ലെ കണക്കുമായി താരതമ്യം ചെയ്യുമ്പോള്‍ രാജ്യത്തെ വനത്തിന്റെ വിസ്തൃതി 3775 ചതുരശ്ര കിലോമീറ്റര്‍ വര്‍ദ്ധിച്ചിട്ടുണ്ടു്. നമ്മുടെ രാജ്യത്ത് വനമേഖലക്കുള്ളിലും, വനമേഖലയ്ക്ക് പുറത്തുമുള്ള വൃക്ഷങ്ങളുടെ വര്‍ദ്ധനവ് 5768 മില്ല്യണ്‍ ക്യുബിക് മീറ്റര്‍ എന്നാണ് കണക്കാക്കിയിട്ടുള്ളത്. ഇതില്‍ 4195 മില്ല്യണ്‍ ക്യുബിക് മീറ്റര്‍ വൃക്ഷങ്ങള്‍ വനമേഖലയ്ക്കുള്ളിലും, 1573 മില്ല്യണ്‍ ക്യുബിക് മീറ്റര്‍ വൃക്ഷങ്ങള്‍ വനമേഖലയ്ക്ക് പുറത്തുമാണ്. ഐ.എസ്.എഫ്.ആര്‍ 2013ന്റെ വിലയിരുത്തലുമായി താരതമ്യം ചെയ്യുമ്പോള്‍, രാജ്യത്തെ വനസമ്പത്ത് 110.34 മില്ല്യണ്‍ ക്യുബിക് മീറ്റര്‍ വര്‍ദ്ധിച്ചിട്ടുണ്ടു്. ഇതില്‍ 21.69 മില്ല്യണ്‍ ക്യുബിക് മീറ്റര്‍ വനമേഖലയ്ക്കുള്ളിലും, 88.66 മില്ല്യണ്‍ ക്യുബിക് മീറ്റര്‍ വനമേഖലയ്ക്ക് പുറത്തുമാണ് വര്‍ദ്ധിച്ചിരിക്കുന്നത്. മുന്‍കാലകണക്കുകളുമായി താരതമ്യം ചെയ്യുമ്പോള്‍ കണ്ടല്‍ വൃക്ഷങ്ങളുടെ വിസ്തൃതി 112 ചതുരശ്ര കിലോമീറ്റര്‍ വര്‍ദ്ധിച്ചിട്ടുണ്ടു്.

2015-ലെ എഫ്.എസ്.ഐ. റിപ്പോര്‍ട്ട് പ്രകാരം കേരള സംസ്ഥാനത്തെ വനമേഖലയുടെ വിസ്തീര്‍ണം 19239ചതുരശ്ര കിലോമീറ്ററാണ്. ഇതില്‍ 1523 ച.കിമീ. നിബിഡ വനവും, 9301 ച.കിമീ

താരതമേന്യ നിബിഡ വനവും, 8415 ച.കിമീ തുറന്ന വനപ്രദേശവുമാണ്. സംസ്ഥാനത്തിന്റെ മൊത്തം ഭൂവിസ്തൃതിയുടെ 49.50 ശതമാനമാണിത്. ആകെയുള്ള വനവിസ്തൃതിയുടെ 8 ശതമാനം നിബിഡ വനവും, 44 ശതമാനം തുറന്ന വനപ്രദേശവുമാണ്. 2013 ലെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോള്‍ മനസ്സിലാകുന്നത് തുറന്ന വനപ്രദേശങ്ങളുടെ വിസ്തൃതിയില്‍ പ്രകടമായ വര്‍ദ്ധനവ് ഉണ്ടായിരിക്കുന്നു എന്നുള്ളതാണ്. എന്നാല്‍, നിബിഡ വനങ്ങളുടേയും, താരതമ്യേന നിബിഡ വനങ്ങളുടേയും വിസ്തൃതിയില്‍ കുറവ് വന്നതായും കാണുന്നു. സംസ്ഥാനത്തെ വനവിസ്തൃതി 1317 ചതുരശ്ര കിലോമീറ്റര്‍ വര്‍ദ്ധിച്ചിട്ടുണ്ടു്. ഇത് പ്രധാനമായും വ്യാവസായ തോട്ടങ്ങളുടെ വര്‍ദ്ധനവ് മൂലമാണ്. കേരളത്തില്‍ ഏറ്റവും കൂടുതല്‍ വനമേഖല ഇടുക്കി ജില്ലയിലും (3770 ച.കിമീ), ഏറ്റവും കുറവ് ആലപ്പുഴ ജില്ലയിലും (112 ച.കിമീ) ആണ്. മൊത്തം ഭൂപ്രദേശത്തില്‍ വനമേഖലയുടെ വിസ്തീര്‍ണം ശതമാനകണക്കില്‍ നോക്കുമ്പോള്‍ 79.73 ശതമാനമുള്ള വയനാട് ഒന്നാം സ്ഥാനത്തും, അതിനു പിന്നില്‍ ഇടുക്കിയും(75.11 ശതമാനം) പത്തനംതിട്ടയുമാണ്(65.96 ശതമാനം). ജില്ല തിരിച്ചുള്ള വിവരം, അനുബന്ധം 2.62 ല്‍ ചേര്‍ത്തിട്ടുണ്ട്.

സ്വാഭാവിക വനങ്ങളുടെ പരിപാലനം

ജൈവ വൈവിദ്ധ്യ സംരക്ഷണവും ജീവനോപാധിയും നിലനിര്‍ത്തുന്നതിനു വേണ്ടിയാണ് വനങ്ങള്‍ പരിപാലിക്കപ്പെടുന്നത്. കേരളത്തിലെ വനങ്ങളെ പ്രധാനമായും 5 ആയി തരംതിരിക്കാവുന്നതാണ്. കേരളത്തിലെ പ്രധാന ഇനം വനങ്ങള്‍ അനുബന്ധം 2.63 ല്‍ രേഖപ്പെടുത്തിയിരിക്കുന്നു.

വനസംരക്ഷണം

വനപരിപാലനത്തിലെ ഒരു സുപ്രധാന ഘടകം വനസംരക്ഷണമാണ്. വനാതിര്‍ത്തികളുടെ സർവെ, വനസംരക്ഷണം, നശിച്ചു പോയ വനത്തിനു പകരം വനം വച്ചുപിടിപ്പിക്കല്‍ മുതലാവയാണ് 2015-16 ലെ പ്രധാന പ്രവര്‍ത്തികള്‍. അതിരുകളില്‍ ജണ്ടകള്‍ കെട്ടിയും, കൈയ്യാലകള്‍ കെട്ടിയുമാണ് വനങ്ങളുടെ അതിര്‍ത്തി നിര്‍ണ്ണയിക്കുന്നത്. നശിച്ചുപോയ വനപ്രദേശത്തിനുപകരമായി പ്രസ്തുത ഭാഗത്ത് തനത് ഇനം വൃക്ഷ തൈകള്‍ നട്ടു പിടിപ്പിക്കുന്നു. അഗ്നിസംരക്ഷണ രേഖയുടേയും, അഗ്നി സംരക്ഷണ മസ്ദൂര്‍മാരുടേയും സഹായത്തോടു കൂടിയാണ് കാട്ടുതീയില്‍ നിന്നും വനങ്ങളെ സംരക്ഷിക്കുന്നത്. 2015-16 കാലയളവില്‍ 7983 ജണ്ടകള്‍ നിര്‍മ്മിക്കുകയും, 10.72 കിലോമീറ്റര്‍ നീളത്തില്‍ കല്‍ഭിത്തി നിര്‍മ്മിക്കുകയും ചെയ്യുകയുണ്ടായി. നശിച്ചുപോയ വനപ്രദേശങ്ങളില്‍ 100 ഹെക്ടറില്‍ പുതിയ വനം വച്ചു പിടിപ്പിക്കുകയും, 99.79 കിലോ മീറ്റര്‍ വനപ്രദേശങ്ങള്‍ക്ക് കാട്ടു തീയില്‍ നിന്നുള്ള സംരക്ഷണം നല്‍കുകയും ചെയ്യുകയുണ്ടായി.

തോട്ടങ്ങളുടെ ഉല്പാദനക്ഷമത

വനമേഖലയുടെ ഏകദേശം 1549 ചതുരശ്ര കിലോമീറ്റര്‍ തോട്ടങ്ങളാണ്. ഏകദേശം 1,50,000 ഹെക്ടര്‍ പ്രദേശത്ത് (ആകെ വനമേഖലയുടെ 13 ശതമാനം) വിവിധ ഇനങ്ങളില്‍പ്പെട്ട തോട്ടങ്ങള്‍ ഉണ്ട്. ഇതില്‍ 76,800 ഹെക്ടര്‍ പ്രദേശത്ത് തേക്കാണ് (ആകെ തോട്ടങ്ങളുള്ള പ്രദേശത്തിന്റെ 51 ശതമാനം). വനവൃക്ഷത്തോട്ടങ്ങള്‍ മുറിച്ചുമാറ്റുന്നതിലൂടെയും വീഴുന്നതിലൂടെയും ലഭിക്കുന്ന തുകയാണ് വനംവകുപ്പിന്റെ പ്രധാന വാര്‍ഷിക വരുമാനം. നല്ലയിനം വിത്തുകള്‍, മെച്ചപ്പെട്ട പരിപാലന രീതികള്‍ എന്നീ ആധുനിക സാങ്കേതികവിദ്യകള്‍ ഉപയോഗിച്ചാണ് തോട്ടങ്ങള്‍ ഉണ്ടാക്കുന്നത്. വന്‍മരങ്ങളും, വ്യാവസായിക ആവശ്യങ്ങള്‍ക്കുള്ള അസംസ്കൃത വസ്തുക്കള്‍ നല്‍കുന്നതിനായി കട്ടികുറഞ്ഞ തടികളുള്ള മരങ്ങളും വച്ച് പിടിപ്പിക്കുന്നു. 2015-16 കാലയളവില്‍ 265.04 ഹെക്ടര്‍ പ്രദേശത്ത് വന്‍മരത്തോട്ടങ്ങള്‍ പുതുതായി വച്ചുപിടിപ്പിക്കുകയും, 910.20 ഹെക്ടര്‍ പ്രദേശത്ത് നിലവിലുള്ള വന്‍മരത്തോട്ടങ്ങള്‍ പരിപാലിക്കുകയും ചെയ്യുകയുണ്ടായി. വ്യാവസായിക ആവശ്യങ്ങള്‍ക്കുള്ള അസംസ്കൃത വസ്തുക്കള്‍ നല്‍കുന്നതിന് വേണ്ട തോട്ടങ്ങള്‍ 598.48 ഹെക്ടറില്‍ പുതുതായി നട്ടു പിടിപ്പിക്കുകയും, 1280.78 ഹെക്ടറില്‍ പരിപാലിക്കുകയും ചെയ്തു. 2015-16 കാലയളവില്‍ തടിയിതര വനഉല്പന്നങ്ങള്‍ പുതുതായി 371 ഹെക്ടറില്‍ വച്ചു പിടിപ്പിക്കുകയും, 418.61 ഹെക്ടറില്‍ പരിപാലിക്കുകയും ചെയ്യുകയുണ്ടായി. വനവൃക്ഷത്തോട്ടങ്ങളുടെ തരംതിരിച്ചുള്ള വിസ്തീര്‍ണ്ണം അനുബന്ധം 2.64 ല്‍ രേഖപ്പെടുത്തിയിരിക്കുന്നു.

വനവികസന ഏജന്‍സി

സൊസൈറ്റി രജിസ്ട്രേഷന്‍ നിയമം പ്രകാരം രജിസ്റ്റര്‍ ചെയ്യപ്പെട്ടതാണ് വനവികസന ഏജന്‍സികള്‍ (എഫ്.ഡി.എ). വനസംരക്ഷണ സമിതികള്‍/ഇക്കോഡവലപ്മെന്റ് കമ്മിറ്റികള്‍ എന്നിവയുടെ ഒരു സംയോജനമാണ് വനവികസന ഏജന്‍സികള്‍. എല്ലാ വനസംരക്ഷണ സമിതികളും, ഇക്കോഡവലപ്മെന്റ് കമ്മിറ്റികളും വനവികസന ഏജന്‍സികളുടെ കീഴില്‍ വരുന്നവയാണ്. എന്നാല്‍, ഒരു വനസംരക്ഷണ ഏജന്‍സിയുടെ കീഴില്‍ 50 യൂണിറ്റില്‍ അധികരിക്കാന്‍ പാടില്ല. 31.03.2016 ലെ കണക്ക് പ്രകാരം കേരളത്തില്‍ 400 വനസംരക്ഷണ സമിതികളും 190 ഇക്കോഡവലപ്മെന്റ് കമ്മിറ്റികളും ഉണ്ടു്.

വനാവകാശ നിയമം -2006 നടപ്പാക്കല്‍

വനആവാസ വ്യവസ്ഥയുടെ ഒരു അവിഭാജ്യഘടകമാണ് പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍. 1865 ലെ ഇന്ത്യന്‍ ഫോറസ്റ്റ് ആക്ടിലുള്ള വ്യവസ്ഥകള്‍ പ്രകാരം, വനത്തില്‍ വസിക്കുന്ന ജനങ്ങളുടെ അവകാശങ്ങളില്‍ തീര്‍പ്പ് കല്‍പ്പിക്കുവാന്‍ സാധിച്ചു. വനത്തില്‍ വസിക്കുന്നവര്‍ക്ക് വനഭൂമിയിലും വനസമ്പത്തിലുമുള്ള അവകാശങ്ങള്‍ തീര്‍പ്പാക്കിയ ശേഷം, ബ്രിട്ടീഷ് സര്‍ക്കാര്‍, വനങ്ങളെ റിസര്‍വ്ഡ് വനങ്ങളെന്നും, പ്രൊട്ടക്റ്റഡ് വനങ്ങളെന്നും തരം തിരിച്ചു. സ്വാതന്ത്ര്യത്തിനു ശേഷവും, ഇന്ത്യന്‍ ഫോറസ്റ്റ് ആക്ടിന് അനുസൃതമായി, വിവിധ സംസ്ഥാനങ്ങളിലുള്ള വനാവകാശനിയമങ്ങള്‍ക്കനുസരിച്ച് ഈ പ്രക്രിയ തുടര്‍ന്നു കൊണ്ടിരുന്നു. പട്ടികവര്‍ഗ്ഗ ജനവിഭാഗങ്ങള്‍ക്ക് വനഭൂമിയിലും, വനസമ്പത്തിലുമുള്ള അവകാശങ്ങള്‍ അംഗീകരിച്ച് നല്‍കുക എന്നുള്ളത് ദീര്‍ഘകാലമായിട്ടുള്ള ഒരു ആവശ്യമായിരുന്നു. ഈ ഒരു സാഹചര്യത്തിലാണ് പട്ടികവര്‍ഗ്ഗക്കാരേയും മറ്റ് പരമ്പരാഗത വനനിവാസികളേയും സംബന്ധിച്ച (വനാവകാശം അംഗീകരിക്കല്‍) വനാവകാശനിയമം 2006 നിയമത്തില്‍ കൊണ്ട് വന്നത്. 2008 ലെ വനാവകാശ ചട്ടങ്ങള്‍ 2012 ല്‍ ഭേദഗതി ചെയ്യുകയുണ്ടായി. ഇതില്‍ വനാവകാശങ്ങള്‍ അംഗീകരിക്കുന്നതിനും, തീര്‍പ്പാക്കുന്നതിനുമുള്ള വിശദമായ പ്രക്രിയ രേഖപ്പെടുത്തിയിട്ടുണ്ടു്.

ഈ നിയമപ്രകാരം, വനത്തില്‍ വസിക്കുന്നവരും, നിർവ്യാജ്യ ഉപജീവനത്തിനായി വനത്തേയും വനഭൂമിയേയും ആശ്രയിക്കുന്നവരും, പട്ടികവര്‍ഗ്ഗസമൂഹങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ള
വരെയുമാണ് പട്ടികവര്‍ഗ്ഗവനനിവാസി കളായി നിർവചിച്ചിട്ടുള്ളത്. 2005, ഡിസംബര്‍ 13 ന് മുന്‍പായി, കുറഞ്ഞത് 3 തലമുറകളിലായിട്ടെങ്കിലും വനത്തില്‍ അധിവസിക്കുന്നവരും, തങ്ങളുടെ നിർവ്യാജ്യ ഉപജീവനത്തിനായി വനവിഭവങ്ങളെ ആശ്രയിക്കുന്നവരെയുമാണ് പരമ്പരാഗതമായി വനത്തില്‍ അധിവസിക്കുന്ന വിഭാഗക്കാരായി കണക്കാക്കിയിട്ടുള്ളത്.

അവകാശങ്ങളെ, വ്യക്തിഗത അവകാശങ്ങളായും സാമൂഹിക അവകാശങ്ങളായും തരംതിരിക്കാവുന്നതാണ്. വനത്തില്‍ അധിവസിക്കുന്നതിനുള്ള അവകാശവും, ഉപജീവനത്തിനായി കൃഷി ചെയ്യുന്നതിനുമുള്ള അവകാശവുമാണ് വ്യക്തിഗത അവകാശങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടത്. സാമൂഹിക അവകാശങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടത് ഉടമസ്ഥാവകാശവും, വനവിഭവങ്ങള്‍ ശേഖരിക്കുവാനും, ഉപയോഗിക്കുവാനും, വിനിമയം ചെയ്യുന്നതിനുമുള്ള അവകാശങ്ങളാണ് . ബൌദ്ധീക സ്വത്തവകാശത്തേയും സാമൂഹിക അവകാശമായിട്ടാണ് കണക്കാക്കുന്നത്.

അവകാശങ്ങള്‍ സംബന്ധിച്ച അപേക്ഷകള്‍ സ്വീകരിക്കുന്നതും, തെളിവെടുപ്പ് നടത്തുന്നതും ഗ്രാമസഭകള്‍ അഥവാ ഊരുകൂട്ടങ്ങളാണ്. സബ്ഡിവിഷന്‍ തലത്തിലുള്ള കമ്മിറ്റികളും, ജില്ലാതലത്തിലുമുള്ള കമ്മിറ്റികളുമാണ് അവകാശങ്ങള്‍ തിരഞ്ഞെടുക്കുന്നത്. ടൈറ്റിലുകള്‍ വിതരണം ചെയ്യുന്നത് ജില്ലാതല കമ്മിറ്റികളാണ്. ഈ പരിപാടികളുടെ മുഴുവന്‍ മേല്‍നോട്ടവും വഹിക്കുന്നത് ചീഫ്സെക്രട്ടറി അദ്ധ്യക്ഷനായ സംസ്ഥാന തല കമ്മിറ്റിയാണ്.

സംസ്ഥാനത്ത് ഇതുവരെ 25000 കുടുംബങ്ങള്‍ക്ക് വ്യക്തിഗത അവകാശങ്ങള്‍ നല്‍കിയിട്ടുണ്ടു്. 35000 ഏക്കര്‍ വനഭൂമിയാണ് ഇതുവരെ അനുവദിച്ചിട്ടുള്ളത്. വനവിഭവങ്ങളിലുള്ള സാമൂഹിക അവകാശങ്ങളില്‍ തീര്‍പ്പ് കല്‍പ്പിക്കുന്ന പ്രക്രിയ നടന്നു വരുന്നു. ഇത് ഉപജീവനത്തിന് ഏറ്റവും ആവശ്യമായ ഒന്നാണ്. 30.11.2016 പ്രകാരമുള്ള പുരോഗതി വിവരങ്ങള്‍ അനുബന്ധം 2.65 ല്‍ രേഖപ്പെടുത്തിയിരിക്കുന്നു.

പ്രധാന വനവിഭവങ്ങളും വനത്തില്‍നിന്നുള്ള വരുമാനവും

2014-15, 2015-16 കാലയളവിലെ പ്രധാന വനവിഭവങ്ങളുടെ ഉല്പാദനം അനുബന്ധം 2.66 ല്‍ രേഖപ്പെടുത്തിയിരിക്കുന്നു. സംസ്ഥാനത്തെ നികുതിയേതര വരുമാനത്തില്‍ നല്ലൊരു പങ്ക് വനങ്ങളില്‍ നിന്നും ലഭിക്കുന്നു. വനമേഖലയ്ക്ക് 2015-16 ല്‍ ലഭിച്ച ആകെ വരുമാനം 290.20 കോടി രൂപയായിരുന്നു. തൻ വർഷത്തെ ബഡ്ജറ്റ് തുക 354.73 കോടി രൂപയായിരുന്നു. 2015-16 ലെ വരുമാനം (വനവിഭവങ്ങളില്‍ നിന്നുള്ള വരുമാനം + പലിശ ഉള്‍പ്പെടെയുള്ള വരുമാന കുടിശ്ശിക) 290.20 കോടി രൂപയായിരുന്നു. എന്നാല്‍, മുൻ വർഷത്തെ (2014-15) വരുമാനം 300.40 കോടി രൂപയായിരുന്നു. വനവിഭവങ്ങളില്‍ നിന്നുള്ള വരുമാനം കുറഞ്ഞുവരുന്നതായിട്ടാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. 2014-15 ല്‍ 289.51 കോടി രൂപയായിരുന്ന വരുമാനം 2015-16 ല്‍ 257.37 കോടി രൂപയായി കുറഞ്ഞു. വനവിഭവങ്ങളില്‍ നിന്നുള്ള വരുമാനത്തില്‍ മുഖ്യ വിഹിതം തടിഉല്പന്നങ്ങളില്‍ നിന്നുള്ള വരുമാനമാണ്. എന്നാല്‍, മുൻ വർഷത്തെ അപേക്ഷിച്ച് തടിഉല്പന്നങ്ങളില്‍ നിന്നുള്ള വരുമാനത്തിലും കുറവ് വന്നിട്ടുണ്ടു്. 2014-15ല്‍ തടിയില്‍ നിന്നുള്ള വരുമാനം 269.43 കോടി രൂപയായിരുന്നത്, 2015-16 ആയപ്പോള്‍ 240.89 കോടി രൂപയായി കുറയുകയുണ്ടായി. അതായത് 2014-15 ല്‍, ആകെയുള്ള വരുമാനത്തിന്റെ 89 ശതമാനമായിരുന്നു തടിയില്‍ നിന്നുള്ള വരുമാനം. ഇത് 2015-16 ആയപ്പോള്‍ 83 ശതമാനമായി കുറഞ്ഞു(ചിത്രം 2.12) വിശദാംശങ്ങള്‍ അനുബന്ധം 2.67 ല്‍ രേഖപ്പെടുത്തിയിരിക്കുന്നു. ഇതു കൂടാതെ, വകുപ്പു തല സേവനങ്ങള്‍ക്ക് ഈടാക്കുന്ന തുക അധികരിച്ചതും, തടിയുടെ ഇ-ഓക്ഷന്‍ സമ്പ്ര ദായവും വരുമാനം വര്‍ദ്ധിക്കുവാന്‍ സഹായകമായി.

സംസ്ഥാനത്തെ മൊത്തം മൂല്യവര്‍ദ്ധനവില്‍ വനമേഖലയുടെ പങ്ക് (അടിസ്ഥാന വിലയില്‍) 2014-15 ല്‍ 0.90 ശതമാനമായിരുന്നത്, 2015-16 (പെട്ടെന്ന് തയ്യാറാക്കിയത്) ആയപ്പോള്‍ 0.83 ശതമാനം ആയി കുറഞ്ഞു. സംസ്ഥാനത്തെ മൊത്തം ആഭ്യന്തര ഉല്പാദനത്തില്‍ പ്രാഥമിക മേഖലയുടെ വിഹിതം, 2014-15 ല്‍ 11.62 ശതമാനമായിരുന്നത്, 2015-16 ല്‍ 10.53 ശതമാനമായി കുറഞ്ഞു. വിശദാംശങ്ങള്‍ അനുബന്ധം 2.68 ല്‍ രേഖപ്പെടുത്തിയിരിക്കുന്നു.

ചിത്രം 2.12
കേരളത്തിലെ വനങ്ങളില്‍നിന്നുള്ള വരുമാനം (2011-12 മുതല്‍- 2015-16 വരെ)
അവലംബം: വനം വകുപ്പ്, കേരളം സർക്കാർ

വന്യജീവി -ജൈവമണ്ഡല സംരക്ഷണം

വന്യജീവി വിഭാഗത്തിന്റെ കീഴില്‍ നിലവില്‍ 11 വന്യജീവി ഡിവിഷനുകള്‍ ഉണ്ടു്. 3213.237 ചതുരശ്ര കിലോമീറ്റര്‍ വനത്തിന്റെ ചുമതലയാണ് വന്യജീവി വിഭാഗത്തിനുള്ളത്. ഇതില്‍ 5 ദേശീയ ഉദ്യാനങ്ങളും, 17 വന്യജീവി സങ്കേതങ്ങളും(2 കടുവ സങ്കേതങ്ങളും, 2 പക്ഷി സങ്കേതങ്ങളും, ഒരു മയില്‍ സങ്കേതവും ഉള്‍പ്പെടെ), ഒരു കമ്മ്യൂണിറ്റി റിസർവ്വും ഉണ്ടു്. കേരളത്തിലെ വന്യജീവി സങ്കേതങ്ങളുടേയും, ദേശീയ ഉദ്യാനങ്ങളുടേയും, ജൈവ സംരക്ഷണ മേഖലയുടെയും , സാമൂഹിക സംരക്ഷണ മേഖലയുടെയും വിശദാംശങ്ങള്‍ അനുബന്ധം 2.69 ല്‍ രേഖപ്പെടുത്തിയിരിക്കുന്നു. സംരക്ഷിത മേഖലകളുടെ മേല്‍നോട്ടം, കടുവ പരിപാലന പദ്ധതി/ഭരണനിർവ്വഹണ പദ്ധതി എന്നിവയുടെ തയ്യാറെടുപ്പും നടപ്പാക്കലും, വന്യജീവികളുടെ കണക്കെടുപ്പ് നടത്തുക, ദേശീയ സംരക്ഷണ പദ്ധതികള്‍ നടപ്പിലാക്കുക, പരിസ്ഥിതി പഠനം, പരിസ്ഥിതി അവബോധം വളര്‍ത്തുന്ന പരിപാടികള്‍ ഏകോപിപ്പിച്ച് നടപ്പിലാക്കുക, സംരക്ഷിത പ്രദേശത്ത് ഇക്കോ ടൂറിസം/പരിസ്ഥിതി വികസന പരിപാടികള്‍ നടപ്പിലാക്കുക, മനുഷ്യമൃഗ സംഘര്‍ഷം ലഘൂകരിക്കുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍ അവലംബിക്കുക, വന്യജീവികളുടെ ഉപദ്രവം നേരിട്ടവര്‍ക്ക് ധനസഹായം വിതരണം ചെയ്യുക മുതലായവയാണ് 2015-16 കാലയളവില്‍ വന്യജീവി വിഭാഗം നടപ്പിലാക്കിയ പ്രധാന പ്രവര്‍ത്തികള്‍.

മനുഷ്യ- മൃഗ സംഘര്‍ഷം

വനാതിര്‍ത്തിയില്‍ വസിക്കുന്ന ജനങ്ങള്‍ നേരിടുന്ന പ്രധാന പ്രശ്നം മനുഷ്യമൃഗ സംഘര്‍ഷമാണ്. ഈ പ്രശ്നം പരിഹരിക്കുന്നതിനായി നിരവധി പ്രതിരോധ നിര്‍മ്മാണ പ്രവര്‍ത്തികള്‍ വകുപ്പ് അവലംബിച്ചു വരുന്നു. ആനക്കിടങ്ങുകള്‍, കല്ലുകള്‍ ഉപയോഗിച്ചുള്ള ഭിത്തികള്‍, സൗരോര്‍ജ്ജ വേലികള്‍, അഴിവേലികള്‍, കൈയ്യാലകള്‍ മുതലായ പ്രതിരോധ നിര്‍മ്മാണ പ്രവര്‍ത്തികളാണ് വകുപ്പു നടപ്പിലാക്കുന്നത്. 2015-16 ല്‍ മനുഷ്യമൃഗ സംഘര്‍ഷം മൂലം 6022 ദുര്‍ഘടങ്ങള്‍ കേരളത്തില്‍ ഉണ്ടായതായി രേഖപ്പെടുത്തിയിട്ടുണ്ട്. ഇതില്‍ മനുഷ്യര്‍ക്കുണ്ടായ മുറിവ്/മരണം, കന്നുകാലികളുടെ മരണം, കൃഷിനാശം, വസ്തു നാശം എന്നിവ ഉള്‍പ്പെടുന്നു. ഇതുമായി ബന്ധപ്പെട്ട് 2015-16 ല്‍ വകുപ്പിന്റെ വിവിധ സര്‍ക്കിളുകളിലായി 6022 അപേക്ഷകള്‍ ലഭിക്കുകയും, മൃഗങ്ങളുടെ ആക്രമണങ്ങള്‍ക്ക് ഇരയായവര്‍ക്ക് 6.81 കോടി രൂപ നഷ്ടപരിഹാരമായി നല്‍കുകയും ചെയ്യുകയുണ്ടായി.

വനമേഖലയ്ക്കു വെളിയിലുള്ള വനവത്കരണം

മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച്, വനമേഖലയ്ക്ക് പുറത്തുള്ള വനവത്ക്കരണത്തില്‍ നല്ലൊരു സ്ഥാനം കൈവരിക്കുവാന്‍ കേരളത്തിന് സാധിച്ചിട്ടുണ്ടു്. എഫ്.എസ്.ഐ 2015 ന്റെ കണക്ക് പ്രകാരം, കേരളത്തില്‍ വനമേഖലയ്ക്ക് പുറത്തുള്ള വനവത്ക്കരണം 11073 ചതുരശ്ര കിലോമീറ്ററില്‍ വ്യാപിച്ച് കിടക്കുന്നു. ഇത് സംസ്ഥാനത്തിന്റെ ആകെ ഭൂപ്രകൃതിയുടെ 28.49 ശതമാനം വരും. വനത്തിനു വെളിയില്‍ വ്യാപകമായ വനവല്ക്കരണത്തിനുള്ള പദ്ധതിക്ക് നൂതന ആശയങ്ങളുമായി 2007-ല്‍ വനംവകുപ്പ് തുടക്കം കുറിച്ചു. സംസ്ഥാനത്ത് വനമല്ലാത്ത പ്രദേശങ്ങളിലെ പച്ചപ്പും ജൈവ വൈവിദ്ധ്യവും വര്‍ദ്ധിപ്പിക്കുന്നതിന് ഒരു കുടക്കീഴില്‍ വിവിധ പദ്ധതികള്‍ ഒന്നിപ്പിക്കാന്‍ ഉദ്ദേശിച്ചുകൊണ്ടുള്ള പരിപാടിയാണ് ഹരിതകേരളം. “എന്റെ മരം നമ്മുടെ മരം പരിപാടി”, വഴിയോര തണല്‍ പരിപാടി, ഹരിത തീരം പരിപാടി എന്നിവയാണു ഈ പദ്ധതിയില്‍ ഉള്‍പ്പെട്ടത്. 31-3-2016 വരെ വിവിധ പരിപാടികളുടെ കീഴില്‍ 576.2 ലക്ഷം തൈകള്‍ വിതരണം/നടുകയും ചെയ്തു. വിശദവിവരങ്ങള്‍ അനുബന്ധം 2.70 ല്‍ രേഖപ്പെടുത്തിയിട്ടുണ്ടു്.

2015-16 കാലയളവിലെ പ്രവര്‍ത്തനനേട്ടം

2015-16 കാലയളവില്‍, പ്രസ്തുത മേഖലയുടെ ബഡ്ജറ്റ് വിഹിതം 152 കോടി രൂപയായിരുന്നു. ഇതില്‍ 125.36 കോടി രൂപ ചിലവഴിക്കുകയുണ്ടായി(82.47 ശതമാനം). 2015-16 ലെ ചിലവ് വിശദാംശങ്ങള്‍ അനുബന്ധം 2.71 ല്‍ രേഖപ്പെടുത്തിയിരിക്കുന്നു.

top