കൃഷിയും അനുബന്ധ മേഖലകളും

പരിസ്ഥിതി

ദേശീയ സംസ്ഥാന പ്രാദേശിക തലത്തിലുള്ള ഭരണത്തിലിന്ന് പരിസ്ഥിതി വളരെ ഉല്‍ക്കണ്ഠ ഉളവാക്കുന്ന ഒരു പ്രശ്നമാണ്. ഈ വിഷയത്തിന് വിവിധ മാനങ്ങളുണ്ടു്. പരിപാലന/പരിരക്ഷയില്‍ മാത്രമായി അത് ഒതുങ്ങി നില്‍ക്കുന്നില്ല. പരിസ്ഥിതി സംരക്ഷണത്തിനായുള്ള ചെലവുകളും കൃഷി മുതലായ ഉല്പാദനപ്രക്രിയകള്‍ നിലനിര്‍ത്തുന്നതിന് പരിസ്ഥിതി വഹിക്കുന്ന പങ്കും ഇതില്‍ നിന്ന് ലഭിക്കുന്ന പരോക്ഷ സാമ്പത്തിക നേട്ടങ്ങളുമായി ബന്ധപ്പെടുത്തി പാരിസ്ഥിതിക വിഭവങ്ങളുടെ സാമ്പത്തിക പ്രാധാന്യത്തെ വര്‍ദ്ധിച്ച രീതിയില്‍ അംഗീകരിച്ചു വരുന്നു. പാരിസ്ഥിതിക ഭരണം, പ്രത്യേകിച്ച് പരിസ്ഥിതി സംബന്ധമായ നയങ്ങള്‍ എല്ലാ തലങ്ങളിലെയും നയങ്ങളെ ബാധിക്കുന്നു. കൂടാതെ സമ്പദ് വ്യവസ്ഥ പ്രകൃതി വിഭവങ്ങളുമായി എടുത്തുപറയത്തക്കവണ്ണം ബന്ധപ്പെട്ടു കിടക്കുന്ന കേരളം പോലുള്ള സംസ്ഥാനത്തിന്റെ പാരിസ്ഥിതിക പ്രശ്നങ്ങള്‍ വളരെ ആശങ്ക ഉളവാക്കുന്നതാണ്.

പരിസ്ഥിതി വകുപ്പ്, ശാസ്ത്ര സാങ്കേതിക വകുപ്പ്, ആരോഗ്യം, കുടുംബക്ഷേമം, വനം വകുപ്പ്, ഫാക്ടറീസ് ആന്റ് ബോയിലേഴ്സ്, വ്യവസായം, ഖനനം, ജിയോളജി വകുപ്പ്, ഭൂഗര്‍ഭജല വകുപ്പ് തുടങ്ങിയ വിവിധ വകുപ്പുകളുടെ സഹായത്തോടെ പരിസ്ഥിതി സംരക്ഷണത്തിനും പരിരക്ഷക്കുമായി കേരള സര്‍ക്കാര്‍ വിവിധ പ്രചാര പരിപാടികളും പ്രോത്സാഹന പ്രവര്‍ത്തനങ്ങളും നടത്തി വരുന്നു.

കേന്ദ്ര മാലിന്യ നിയന്ത്രണ ബോര്‍ഡ് നടത്തിയ ഏറ്റവും പുതിയ പാരിസ്ഥിതിക മൂല്യ നിര്‍ണ്ണയത്തില്‍, സമഗ്ര പാരിസ്ഥിതിക മാലിന്യ സൂചികാ സ്കോര്‍(സി.ഇ.പി.എ) നില പ്രകാരം രാജ്യത്തെ ഏറ്റവും മലിനമായ സ്ഥലങ്ങളില്‍ ഒന്നായ ഗ്രേയ്റ്റര്‍ കൊച്ചി പ്രദേശത്തിന്റെ സ്കോര്‍ 57.94 ആണ്, 2011 ല്‍ ഇത് 75.08 ആയിരുന്നു. അടുത്തിടെ നടത്തിയ ദേശീയ റാങ്കിങ്ങില്‍ മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ കേരളത്തിന്റെ വായു ഗുണനിലവാരവും വനമേഖലയും സുരക്ഷിതമാണ്. മാലിന്യ നിയന്ത്രണ ബോര്‍ഡിന്റെ വായു ഗുണനിലവാര സൂചിക(2015) അനുസരിച്ച് റിസ്പെയറബിള്‍ സസ്പെന്റഡ് പാര്‍ട്ടിക്കിള്‍ മാറ്റര്‍ (ആര്‍.എസ്.പി.എം) മൂല്യങ്ങള്‍ അനുവദനീയമായ 60 മൈക്രോഗ്രാമില്‍ കൂടുതലായി കണ്ടത് കണ്ണൂരിലും (63) തുടര്‍ന്ന് നാഗമ്പടത്തും (60) വടവാതൂരും(60) ആണ്. ഏറ്റവും കുറവ് ആര്‍.എസ്.പി.എം രേഖപ്പെടുത്തിയത് പത്തനംതിട്ടയിലെ മാക്കന്‍കുന്ന് (24) തുടര്‍ന്ന് ഇരുമ്പന(25) തൊടുപുഴ(29) എന്നിവിടങ്ങളിലാണ്.

2015 ലെ ക്രൈം ഇന്ത്യ സ്റ്റാറ്റിസ്റ്റിക്സ്(നാഷണല്‍ ക്രൈം റിക്കോര്‍ഡ് ബ്യൂറോ) അനുസരിച്ച് 2015 ല്‍ പരിസ്ഥിതി സംബന്ധമായ 5156 കേസുകള്‍ രാജ്യത്ത് രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുണ്ടു്. 2014 ല്‍ ഇത് 5835 ആയിരുന്നു. 2014 വര്‍ഷത്തില്‍ പരിസ്ഥിതി സംബന്ധമായ 8 കേസുകള്‍ കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടു്. 2015 ല്‍ 2 കേസുകള്‍ മാത്രമായിരുന്നു. ഈ രണ്ട് കേസുകളും വനനിയമപ്രകാരം (ഫേറസ്റ്റ് ആക്ട്) രജിസ്റ്റര്‍ ചെയ്യപ്പെട്ടതാണ്.

എന്നാല്‍ ശബ്ദമലിനീകരണം മുതല്‍ മലിനജലം നദികളിലേയ്ക്ക് ഒഴുക്കുക, നഗര ഗ്രാമ പ്രദേശങ്ങളിലുണ്ടാകുന്ന മാലിന്യങ്ങള്‍ തുടങ്ങിയ നിരവധി പരിസ്ഥിതി സംബന്ധമായ പ്രശ്നങ്ങള്‍ക്ക് ശ്രദ്ധ നല്‍കേണ്ടതുണ്ടു്. ഇത്തരം വിവിധ തലങ്ങളിലുള്ള പ്രശ്നങ്ങളില്‍ കാര്യ നിർവഹണ അധികാരികളുടെ പ്രത്യേകിച്ച് മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ ശ്രദ്ധ ആവശ്യമാണ്. ആവശ്യമായ സാഹചര്യങ്ങളില്‍ നിയമനടപടികള്‍ എടുക്കാനും നടത്തിപ്പിനുള്ള കാര്യശേഷി വര്‍ദ്ധിപ്പിക്കാനുമായി ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങള്‍ തടസ്സമില്ലാതെ സുസംഘടിതമാക്കണം.

കേരളത്തിന്റെ പരിസ്ഥിതി സംരക്ഷണത്തിനും പരിപാലനത്തിനുമായുള്ള തനത് രീതിയിലുള്ള ശ്രമങ്ങളെ ശക്തിപ്പെടുത്താന്‍ 2016 ല്‍ സംസ്ഥാന സര്‍ക്കാര്‍ ആരംഭിച്ച ഹരിതകേരളം മിഷന്‍ ലക്ഷ്യമിടുന്നു. സംയോജിത ദൗത്യമായതിനാല്‍ തന്നെ പരിസ്ഥിതി വകുപ്പ് ഉള്‍പ്പെടെ വിവിധ വകുപ്പുകളുടെ പ്രയത്നം അതിലുണ്ടാകും.

കാലാവസ്ഥാ വ്യതിയാനം

കാലാവസ്ഥാ വ്യതിയാനത്തെ സംബന്ധിച്ച നവ അന്തര്‍ദേശീയ കരാര്‍ നിലവില്‍ വന്നു എന്ന സുപ്രധാന വിജയത്തിന് 2015 വര്‍ഷം സാക്ഷിയായി. 2015 ഡിസംബറില്‍ യു.എന്‍.ഫ്രെയിം വര്‍ക്ക് കൺവെൻഷൻ ഓണ്‍ ക്ലൈമറ്റ് ചെയിഞ്ചിലെ 196 രാജ്യങ്ങള്‍ പാരീസ് ഉടമ്പടിയില്‍ ഒപ്പ് വച്ചു. കാലാവസ്ഥാ വ്യതിയാനത്തെ സംബന്ധിക്കുന്ന ആഗോള നിയമസംഹിതയാണ് പാരീസ് ഉടമ്പടി. കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കുന്നതിനുള്ള പദ്ധതികള്‍ എങ്ങനെ വികസിപ്പിക്കണം എന്നത് സംബന്ധിച്ച് എല്ലാ രാജ്യങ്ങളേയും പാരീസ് ഉടമ്പടിയില്‍ ചുമതലപ്പെടുത്തുന്നു. കൂടാതെ ഓരോ രാജ്യവും ദേശീയ തലത്തില്‍ ഇതിനായി നിര്‍ണ്ണയിക്കപ്പെട്ട വിഹിതം കൺവെൻഷൻ സെക്രട്ടറിയേറ്റിനെ അറിയിക്കുകയും വേണം. അമേരിക്ക, ചൈന, ഇന്ത്യ തുടങ്ങി ജി-20 ലെ എല്ലാ രാജ്യങ്ങളും മറ്റ് നിരവധി രാജ്യങ്ങളും ഈ കരാര്‍ പിന്നീട് അംഗീകരിക്കുകയുണ്ടായി. ആഗോള താപനില 2 ഡിഗ്രി സെന്റീഗ്രേഡില്‍ താഴെ, അതായത് 1.5 ഡിഗ്രി സെന്റീഗ്രേഡില്‍ പരിമിതപ്പെടുത്തുക എന്ന വെല്ലുവിളി ഉയര്‍ത്തുന്ന കൂട്ടായ ലക്ഷ്യമാണ് പാരീസ് കരാറിലൂടെ സ്ഥാപിതമാക്കിയിരിക്കുന്നത്. കാലവസ്ഥാ വ്യതിയാനത്തിന്റെ ആഘാതം കുറയ്ക്കാനും അതിനനുസൃതമായി ജീവിതം പൊരുത്തപ്പെടുത്താനും ആസൂത്രണം ചെയ്യുന്നതിനുമുള്ള ഉയര്‍ന്ന ദേശീയ ലക്ഷ്യങ്ങളുമായി കരാറില്‍ അംഗങ്ങളായ രാജ്യങ്ങള്‍ മുന്നോട്ട് വരുമെന്ന് പ്രതീക്ഷിക്കുന്നു. ഈ ആസൂത്രണത്തിന്റെ അടിസ്ഥാനത്തില്‍ രാജ്യങ്ങള്‍ തങ്ങളുടെ ദേശീയ പരിപാടികളും അന്തര്‍ദേശീയ കൂട്ടായ്മയും ശക്തിപ്പെടുത്തണം.

ആഗേളതലത്തില്‍ കാര്‍ബണ്‍ഡയോക്സൈഡ് പുറംതള്ളുന്നതില്‍ ഇന്ത്യയുടെ പങ്ക് 3 ശതമാനമാണ്. 1990 മുതല്‍ 2014 വരെയുള്ള കാലയളവില്‍ രാജ്യത്തെ കാര്‍ബണ്‍ഡയോക്സൈഡ് പുറംതള്ളപ്പെടുന്നതിന്റെ ആളോഹരി അളവ് പടിപടിയായി ഉയര്‍ന്നു വരുകയാണ്. പുറംതള്ളപ്പെടുന്ന ഹരിതഗ്രഹ വാതക തീവ്രതയും മൊത്തം ആഭ്യന്തര ഉല്പാദനവും തമ്മിലുള്ള അനുപാതം കാലക്രമേണ കുറച്ച് കൊണ്ട് വരുന്നതിന് ലക്ഷ്യം വച്ചിരിക്കുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ (എമിഷന്‍ ഗ്യാപ് റിപ്പോര്‍ട്ട്, യു.എന്‍.ഇ.പി). പുറംതള്ളുന്ന ഹരിതഗൃഹ വാതക തീവ്രതയുടെ മൊത്തം ആഭ്യന്ത ഉല്പാദനവുമായുള്ള അനുപാതം 2005 മുതല്‍ 33 ശതമാനം വീതം കുറയ്ക്കുന്നതിനും 2030 ല്‍ 35 ശതമാനം കുറയ്ക്കുന്നതിനും ഇന്ത്യയുടെ ഐ.എന്‍.ഡി.സി ലക്ഷ്യമിടുന്നു.

കാലാവസ്ഥ വ്യതിയാനവുമായി പൊരുത്തപ്പെടാനുള്ള പ്രയത്നം രാജ്യത്ത് ആരംഭിച്ചിട്ടുണ്ടു്. ഇന്ത്യയില്‍ കാലാവസ്ഥാ വ്യതിയാനം പ്രധാനമായും ജൈവമേഖലയുമായി ബന്ധപ്പെട്ട കാര്‍ഷിക വിളകളുടെ ഉല്പാദനം, തോട്ടമേഖല, തീരദേശം, വനം എന്നീ മേഖലകളില്‍ അതിരൂക്ഷമായിരിക്കുന്നുവെന്ന് ആഗോളതലത്തില്‍ തന്നെ അംഗീകരിക്കപ്പെട്ടതാണ്. രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ കാലാവസ്ഥാ വ്യതിയാനത്തെ തുടര്‍ന്ന് കേരളത്തില്‍ ഉണ്ടാകാവുന്ന പ്രശ്നങ്ങള്‍ ലഘൂകരിക്കുവാനുള്ള പ്രവര്‍ത്തനങ്ങള്‍ കുറവായതിനാല്‍ കാലാവസ്ഥാ വ്യതിയാനവുമായി പൊരുത്തപ്പെടുന്നതിന് കേരളത്തിന് പ്രത്യേക ശ്രദ്ധ ആവശ്യമാണ്.

ക്ലീന്‍ എൻവയോൺമെന്റ് സെസ്സ്

കാര്‍ബണ്‍ നികുതികള്‍ ഏര്‍പ്പെടുത്തുക എന്നതാണ് കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കാനുള്ള പ്രധാന ഉപകരണം എന്നിരുന്നാലും വികസ്വര രാജ്യങ്ങളില്‍ കാര്‍ബണ്‍ നികുതികളുടെ വ്യാപനത്തിലെ ദൂഷ്യഫലത്തെക്കുറിച്ചുള്ള ഉല്‍ക്കണ്ഠകള്‍ ആഗോളതലത്തില്‍ തന്നെ നിലനില്‍ക്കുന്നുണ്ടു്. ജൈവ ഇന്ധനങ്ങളുടെ ഉയര്‍ന്ന വില ഇന്ത്യയില്‍ കാര്‍ബണ്‍ നികുതി ഫലപ്രദമാക്കാന്‍ സഹായിക്കുന്നു. പാരീസ് ചര്‍ച്ചകളില്‍ ഇന്ത്യന്‍ സര്‍ക്കാര്‍ ആസൂത്രിത ദേശീയ നിശ്ചിത വിഹിതം (ഐ.എന്‍.ഡി.സി) ആയി കാണിച്ചത് എണ്ണയുടെ നികുതിയില്‍ പെട്രോളില്‍ നിന്ന് വമിക്കുന്ന സി.ഒ-2 ഒരു ടണിന് 140 യു.എസ് ഡോളര്‍ എന്ന കണക്കാണ്. ഡീസലില്‍ നിന്ന് വരുന്ന സി.ഒ-2 ഒരു ടണിന് 64 യു.എസ് ഡോളര്‍ ആണ്. ഒരു ടണിന് 25 -35 യു.എസ്.ഡോളര്‍ എന്ന അന്തര്‍ദേശീയതലത്തില്‍ അംഗീകരിച്ച മിതമായ നികുതിയേക്കാള്‍ വളരെ കൂടുതലാണ് ഇത്. 2010 ല്‍ ഇന്ത്യന്‍ ഗവണ്‍മെന്റ് കല്‍ക്കരിക്ക് ക്ലീന്‍ എനര്‍ജി സെസ്സ് ഏര്‍പ്പെടുത്തി. 2010-11 ല്‍ ധനകാര്യ ബില്ല് മുഖാന്തരം കല്‍ക്കരി നികുതിയില്‍ നിന്നും ക്ലീന്‍ എനര്‍ജി പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനും ധനസഹായം നല്‍കുന്നതിനും, ക്ലീന്‍ എനര്‍ജിയെ സംബന്ധിക്കുന്ന ഗവേഷണ പഠനങ്ങള്‍ക്ക് ഫണ്ട് അനുവദിക്കുന്നതിനുമായി നാഷണല്‍ ക്ലീന്‍ എനര്‍ജി ഫണ്ടു് (എന്‍.സി.ഇ.എഫ്) രൂപീകരിച്ചു. 2014-15 ബഡ്ജറ്റില്‍ കല്‍ക്കരിയില്‍ നിന്നുള്ള നികുതി ടണ്ണിന് 50 രൂപയില്‍ നിന്നും 100 രൂപയാക്കി വര്‍ദ്ധിപ്പിച്ചു. 2016-17 ലെകേന്ദ്രബഡ്ജറ്റില്‍ ഇത് ടണ്ണിന് 400 രൂപയായി വര്‍ദ്ധിപ്പിച്ചു. കൂടാതെ ഈ നികുതിയെ ക്ലീന്‍ എൻവയോൺമെന്റ് സെസ്സ് എന്ന് പുനര്‍നാമകരണം ചെയ്യുകയുണ്ടായി. ഐ.എന്‍.ഡി.സി യുടെ കണക്ക് പ്രകാരം കല്‍ക്കരിയില്‍ നിന്നും വമിക്കുന്ന സി.ഒ 2 ടണ്ണിന് 4 യു.എസ്.ഡോളര്‍ എന്ന കാര്‍ബണ്‍ നികുതിക്ക് തുല്യമാണിത്.

കാലാവസ്ഥാ ധനകാര്യം

കാലാവസ്ഥാ വ്യതിയാനങ്ങളുടെ ആഘാതം ഫലപ്രദമായ രീതിയില്‍ കൈകാര്യം ചെയ്ത് അതുമായി ഇണങ്ങിച്ചേരുന്നതിന് 20 ദേശീയ അന്തര്‍ദേശീയ ഫണ്ടുകള്‍ ലഭ്യമാണ്.

  1. അഡാപ്റ്റേഷന്‍ ഫണ്ട്
  2. ഹരിതകാലാവസ്ഥാ ഫണ്ട്
  3. അന്തര്‍ദേശീയ കാലാവസ്ഥാ സംരംഭം (ഐ.കെ.ഐ)
  4. പ്രത്യേക കാലാവസ്ഥാ വ്യതിയാന ഫണ്ട് (എസ്.സി.സി.എഫ്)
  5. കാലാവസ്ഥാ വ്യതിയാനത്തിനുള്ള ദേശീയ അഡാപ്റ്റേഷന്‍ ഫണ്ടു് (എന്‍.എ.എഫ്.സി.സി)

നാഷണല്‍ അഡാപ്റ്റേഷന്‍ ഫണ്ട് ഓണ്‍ ക്ലൈമറ്റ് ചെയ്ഞ്ച് (എന്‍.എ.എഫ്.സി.സി)

കാലാവസ്ഥാ വ്യതിയാനത്തെ സംബന്ധിക്കുന്ന ദേശീയ ആക്ഷന്‍ പ്ലാനും സംസ്ഥാന ആക്ഷന്‍ പ്ലാനും അടിസ്ഥാനപ്പെടുത്തി കാലാവസ്ഥാ മാറ്റങ്ങളുടെ വിപത്ത് കൂടുതല്‍ ഉണ്ടാകാന്‍ സാധ്യതയുള്ള സംസ്ഥാനങ്ങള്‍ക്കുംകേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും ഈ മാറ്റങ്ങള്‍ ഫലപ്രദമായി കൈകാര്യം ചെയ്യാന്‍ തയ്യാറാക്കുന്ന പദ്ധതികളില്‍ ഇടപെടുക എന്ന ലക്ഷ്യത്തോടെകേന്ദ്രപരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മാന്ത്രാലയം എന്‍.എ.എഫ്.സി.സി രൂപീകരിച്ചു. 2015-16 ലും 2016-17 ലും 350 കോടിരൂപയാണ് ഇതിനായി ബഡ്ജറ്റില്‍ വകയിരുത്തിയത്. ഇത്തരം പദ്ധതികള്‍ നടപ്പിലാക്കാന്‍ നിയമിച്ചിട്ടുള്ള ദേശീയ നിർവഹണ ഏജന്‍സിയാണ് ദേശീയ കാര്‍ഷിക ഗ്രാമ വികസന ബാങ്ക് (നബാര്‍ഡ്). സംസ്ഥാന സര്‍ക്കാരിന്റെ വിവിധ വകുപ്പുകള്‍ നിർവഹണ ഏജന്‍സികളായി വര്‍ത്തിക്കുന്നു. വകുപ്പുകള്‍ക്ക് പ്രോജക്ട് പ്രൊപ്പോസലുകള്‍ നല്‍കി എന്‍.എ.എഫ്.സി.സി ഫണ്ടുകള്‍ ലഭ്യമാക്കാം.

നാഷണല്‍ അഡാപ്റ്റേഷന്‍ ഫണ്ട് ഫോര്‍ ക്ലൈമറ്റ് ചെയിഞ്ച് (എന്‍.എ.എഫ്.സി.സി) നു കീഴില്‍ കേരളത്തില്‍ നിന്നുള്ള –“കേരളത്തിലെ തീരദേശ നീര്‍ത്തടങ്ങളിലെ സംയോജിത കൃഷി രീതിയായ കൈപ്പാട്, പൊക്കാളി പ്രോത്സാഹനം” – എന്ന പദ്ധതിക്ക് നാഷണല്‍ സ്റ്റിയറിംഗ് കമ്മിറ്റി ഓണ്‍ ക്ലൈമറ്റ് ചെയിഞ്ചിന്റെ അംഗീകാരം ലഭിച്ചു. ഈ പദ്ധതിക്കായി 25 കോടി രൂപയാണ് അനുവദിച്ചത്. പ്രോജക്ടിന്റെ കാലയളവ് 4 വര്‍ഷമാണ്(2015-19). കേരളസര്‍ക്കാരിന്റെ മത്സ്യബന്ധന വകുപ്പുവഴി എ.ഡി.എ.കെ (ADAK)ആണ് പ്രോജക്ടിന്റെ നിർവഹണം നടത്തുക. കാലാവസ്ഥ വ്യതിയാനത്താല്‍, പ്രത്യേകിച്ച് സമുദ്ര നിരപ്പ് ഉയരുകയും അത് കടൽ വെള്ളത്തിന് ഉപ്പ് രസം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്ന അവസ്ഥയില്‍ മത്സ്യ സമ്പത്ത് കുറയുന്നത് തടയാനുള്ള പദ്ധതികള്‍ സംയോജിത കൃഷി രീതിയിലൂടെ നടപ്പിലാക്കാന്‍ ഈ പദ്ധതി വിഭാവനം ചെയ്യുന്നു. ഈ പദ്ധതി 600 ഹെക്ടര്‍ പ്രദേശത്ത് നടപ്പിലാക്കാനാണ് പ്രോജക്ടില്‍ നിര്‍ദ്ദേശിച്ചിട്ടുള്ളത് (കണ്ണൂര്‍ ജില്ലയിലെ 300 ഹെക്ടറും, എറണാകുളം, തൃശ്ശൂര്‍, ആലപ്പുഴ ജില്ലകളിലെ 300 ഹെക്ടറും) തീരദേശ കടല്‍ത്തീര സംരക്ഷണ പദ്ധതികളും വൈദ്യുതി ബോര്‍ഡിന്റെ പുനരുല്‍പാദിപ്പാക്കാവുന്ന (റിന്യൂവബിള്‍) ഊര്‍ജ്ജ ആശയങ്ങളും പരിശോധനയിലാണ്.

ജൈവവൈവിദ്ധ്യ സംരക്ഷണം

ജൈവ വൈവിദ്ധ്യത്തിന്റെ കലവറയാണ് കേരളം. എന്നാല്‍ വര്‍ദ്ധിച്ച ജനസാന്ദ്രതയും 18-ാം നൂറ്റാണ്ടിന്റെ മധ്യകാലം മുതല്‍ ഭൂപ്രകൃതിയില്‍ വന്ന സാരമായ പരിവര്‍ത്തനങ്ങളും വൈവിദ്ധ്യമാര്‍ന്ന സസ്യജാലങ്ങളുടേയും മൃഗങ്ങളുടേയും സംരക്ഷണത്തിനും വിഭവങ്ങളുടെ സ്ഥായിയായ ഉപയോഗത്തിനും പ്രാമുഖ്യം കൊടുക്കേണ്ടതിന്റെ അടിയന്തരാവശ്യത്തെ സൂചിപ്പിക്കുന്നു. സംസ്ഥാനത്ത് 4500 തരം പൂച്ചെടി വര്‍ഗ്ഗങ്ങളുണ്ട്. ഇതില്‍ 1500 ന് മുകളില്‍ ഇനങ്ങള്‍ പ്രത്യേക സ്ഥലത്ത് മാത്രം കണ്ട് വരുന്നവയാണ്. കേരളത്തില്‍ കണ്ട് വരുന്ന 1847 കശേരുമൃഗങ്ങളില്‍ 205 ഇനങ്ങള്‍ അതായത് ഏകദേശം 11 ശതമാനം, ഐ.യു.സി.എന്‍ ചുവന്ന പട്ടികയില്‍ വംശനാശഭീഷണി നേരിടുന്നവയാണ്. ഇതില്‍ 23 ഇനങ്ങള്‍ തീവ്രമായ വംശനാശ ഭീഷണി നേരിടുന്നു. 90 എണ്ണം വംശനാശ ഭീഷണിയിലാണ്. 92 എണ്ണം വംശനാശം നേരിടാന്‍ സാധ്യതയുള്ള ഗണത്തില്‍പ്പെടുന്നു. 98 ശതമാനം മത്സ്യങ്ങളും 87 ശതമാനം ഉഭയജീവികളും ഇന്ത്യന്‍ വന്യജീവി നിയമം (1972) ല്‍ ഒരു പട്ടികയിലും ഉള്‍പ്പെട്ടിട്ടില്ല. പശ്ചിമഘട്ടത്തില്‍ മാത്രം കാണപ്പെടുന്ന 173 ഉരഗവര്‍ഗ്ഗങ്ങളില്‍ 17 ശതമാനം ഐ.യു.സി.എന്‍ ന്റെ വംശനാശഭീഷണി നേരിടുന്ന പട്ടികയില്‍പ്പെടുന്നു. ഉള്‍നാടന്‍ സമുദ്ര മത്സ്യങ്ങളില്‍ 950 ഇനങ്ങള്‍ രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു. ഇവയില്‍ 30 ശതമാനം ശുദ്ധജല മത്സ്യങ്ങള്‍ സംസ്ഥാനത്ത് മാത്രം കാണപ്പെടുന്നതാണ്. 779 ഇനം സമുദ്ര മത്സ്യങ്ങളില്‍ 93 ശതമാനവും വന്യജീവി സംരക്ഷണ ആക്ടില്‍ പെട്ടിട്ടില്ല. തനത് മത്സ്യസമ്പത്ത് ഏറ്റവും കൂടുതലുള്ളതും (ഓരോ ഉപനദീതടത്തിലും 77-102 മത്സ്യഇനങ്ങള്‍) വിവിധ മത്സ്യ ഇനങ്ങളാൽ സമൃദ്ധവുമാണ് (ഓരോ ഉപനദീതടത്തിലും 133-160 മത്സ്യഇനങ്ങള്‍) പമ്പ, പെരിയാര്‍, ചാലക്കുടി, ഭാരതപ്പുഴ, ചാലിയാര്‍ തുടങ്ങി പടിഞ്ഞാറോട്ടൊഴുകുന്ന നദികള്‍. ഈ നദികളില്‍ പലയിടത്തും തനത് മത്സ്യസമ്പത്താണുള്ളത്.

കേരളത്തിന്റെ ദുര്‍ബലമായ പാരിസ്ഥിതിക അന്തരീക്ഷം ആശങ്കയുളവാക്കുന്നതാണ്. സ്വാഭാവികവും മനുഷ്യനിര്‍മ്മിതവുമായ പല കാരണങ്ങളും ഇവിടുത്തെ ജൈവ വൈവിദ്ധ്യത്തിന് ഭീഷണി ഉയര്‍ത്തുന്നു. സംസ്ഥാനത്തെ 4500 തരത്തില്‍ അധികം പൂച്ചെടികളില്‍ 1500 ല്‍ അധികം വംശനാശഭീഷണി നേരിടുന്നവയാണ്. സംസ്ഥാനത്ത് നടപ്പിലാക്കി കൊണ്ടിരിക്കുന്ന ജൈവ വൈവിദ്ധ്യ സംരക്ഷണ പരിപാടികള്‍ താഴെ കൊടുത്തിരിക്കുന്നു.

2015-16 ല്‍ 96 തദ്ദേശഭരണ സ്ഥാപനങ്ങളില്‍ ജനകീയ ജൈവവൈവിദ്ധ്യ രജിസ്റ്റര്‍ തയ്യാറാക്കി. ആകെ 854 ജനകീയ ജൈവ വൈവിദ്ധ്യ രജിസ്റ്ററുകള്‍ തയ്യാറാക്കപ്പെട്ടിട്ടുണ്ടു്.

2015-16 ല്‍ തദ്ദേശഭരണ സ്ഥാപനങ്ങളില്‍ പുതുതായി തിരഞ്ഞെടുത്ത ജനപ്രതിനിധികള്‍ വന്നതിന്റെ ഫലമായി 139 ജൈവ വൈവിദ്ധ്യ പരിപാലന സമിതികള്‍ പുനർരൂപീകരിക്കപ്പെട്ടു. 346 തദ്ദേശ ഭരണ സ്ഥാപനങ്ങളില്‍ ജനകീയ ജൈവ വൈവിദ്ധ്യ രജിസ്റ്ററുകള്‍ തയ്യാറാക്കുവാന്‍ ബാക്കിയുമണ്ടു്.

2015-16 ല്‍ 455 ജൈവ വൈവിദ്ധ്യ ക്ലബ്ബുകള്‍ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലായി പുതുതായി രജിസ്റ്റര്‍ ചെയ്യുകയുണ്ടായി.

അപൂർവവും വംശനാശഭീഷണി നേരിടുന്നതുമായ സസ്യജാലങ്ങളെ സംരക്ഷിക്കുന്നതിന് 2015-16 ല്‍ 2.45 ഏക്കറില്‍ ശാന്തിസ്ഥല്‍ സ്ഥാപിക്കുകയുണ്ടായി.

ജൈവ വൈവിദ്ധ്യ രജിസ്റ്ററുകളില്‍ നിന്ന് ലഭിച്ച അറിവുകളുടേയും വിവരങ്ങളുടേയും അടിസ്ഥാനത്തില്‍ ജൈവവൈവിദ്ധ്യ സംരക്ഷണത്തിനുള്ള നിരവധി പദ്ധതികള്‍ ഇനിയും ആരംഭിക്കേണ്ടിയിരിക്കുന്നു. ജൈവ വൈവിദ്ധ്യ നിയമനിര്‍മ്മാണത്തിലെ പ്രാപ്യത ആദായ പങ്കുവെയ്പ് (ആക്സിസ് ആന്റ് ബെനിഫിറ്റ് ഷെയറിംഗ്) വ്യവസ്ഥയിലൂടെ വരുമാനം വര്‍ദ്ധിപ്പിക്കാനുള്ള സാധ്യതയും വളരെയേറെയാണ്.

top