ക്രമ നമ്പര്‍ | വിളകള്‍ | വിസ്തൃതി (ഹെക്ടറില്‍) | ഉല്പാദനം (മെട്രിക് ടണ്‍) | ഉല്പാദനക്ഷമത (കിലോഗ്രാം/ഹെക്ടര്‍) | |||
2014-15 | 2015-16 | 2014-15 | 2015-16 | 2014-15 | 2015-16 | ||
1 | നെല്ല് | 198159 | 196870 | 562092 | 549275 | 2837 | 2790 |
2 | തുവരപരിപ്പ്ഉള്‍പ്പെടെയുള്ള പയറുവര്‍ഗ്ഗങ്ങള്‍ | 3601 | 3764 | 3409 | 4263 | 947 | 1133 |
3 | കുരുമുളക് | 85431 | 85948 | 40690 | 42132 | 476 | 490 |
4 | ഇഞ്ചി | 4800 | 4986 | 22989 | 22044 | 4789 | 4421 |
5 | മഞ്ഞള്‍ | 2470 | 2603 | 6820 | 7112 | 2761 | 2732 |
6 | ഏലം* | 39730 | 39730 | 16000 | 19500 | 403 | 491 |
7 | അടയ്ക്ക | 96686 | 99126 | 125926 | 132453 | 1302 | 1336 |
8 | നേന്ത്രവാഴ | 61936 | 59835 | 545431 | 536155 | 8806 | 8961 |
9 | ഇതര വാഴയിനങ്ങള്‍ | 56761 | 57683 | 468320 | 411626 | 8251 | 7136 |
10 | കശുവണ്ടി | 45436 | 43090 | 29715 | 24733 | 654 | 574 |
11 | മരച്ചീനി | 75493 | 69405 | 2943919 | 2662610 | 38996 | 38363 |
12 | നാളികേരം** | 793856 | 790223 | 5947 | 5873 | 7491 | 7432 |
13 | കാപ്പി*** | 85359 | 84987 | 67700 | 69230 | 793 | 815 |
14 | തേയില $ | 30205 | 30205 | 65174 | 57898 | 2158 | 1917 |
15 | റബ്ബര്‍# | 549955 | 550840 | 507700 | 438630 | 923 | 796 |
കേരളത്തിന്റെ മുഖ്യ ഭക്ഷ്യവിളയാണ് അരി. സംസ്ഥാനത്തെ കൃഷി വിസ്തൃതിയുടെ 7.46 ശതമാനവും നെല്‍കൃഷിയാണ്. നിര്‍ഭാഗ്യവശാല്‍, 1980 കള്‍ തൊട്ട് നെല്‍കൃഷി ചെയ്യുന്ന സ്ഥലത്തിന്റെ വിസ്തൃതി സ്ഥിരമായി കുറഞ്ഞുകൊണ്ടിരിക്കുകയാണ്. 1974-75 ല്‍ 8.82 ലക്ഷം ഹെക്ടറായിരുന്ന നെല്‍ വയലുകളുടെ വിസ്തീര്‍ണ്ണം 2015-16 ആയപ്പോള്‍ 1.96 ലക്ഷം ഹെക്ടറായി ചുരുങ്ങി. 1972-73 ല്‍ 13.76 ലക്ഷം മെട്രിക് ടണ്ണായിരുന്ന നെല്‍ ഉല്പാദനം(ഏറ്റവും കൂടിയ ഉല്പാദനം) 2015-16 ആയപ്പോള്‍ 5.49 ലക്ഷം മെട്രിക് ടണ്ണായി കുറഞ്ഞു (അനുബന്ധം 2.4 ). സംസ്ഥാനത്തെ നെല്ലിന്റെ ഉല്പാദനക്ഷമതയും വളരെ കുറവാണ്. (ഹെക്ടറിന് 2790 കിലോഗ്രാം). എന്നാലിത് ദേശീയ ശരാശരിയായ ഹെക്ടറിന് 2424 കിലോഗ്രാം എന്നതിനേക്കാള്‍ കൂടുതലാണ്. കഴിഞ്ഞ നാല് പതിറ്റാണ്ട് കാലത്തിനിടയില്‍ നെല്ലിന്റെ ഉല്പാദനക്ഷമതയില്‍ നേരിയ വര്‍ദ്ധനവ് മാത്രമേ ഉണ്ടായിട്ടുള്ളു. ലോകത്തില്‍ അരി ഉല്പാദനത്തില്‍ മുന്‍പില്‍ നില്‍ക്കുന്ന ചൈനയുടെ ഉല്പാദനക്ഷമത ഹെക്ടറിന് 6744 കിലോഗ്രാമാണ്. കേരളത്തിന്റെ ഉല്പാദനത്തേക്കാള്‍ മൂന്നിരട്ടി കൂടുതല്‍. ഉല്പാദനക്ഷമതയില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്ന ഈജിപ്തിന്റെ ഉല്പാദനം ഹെക്ടറിന് 9088 കിലോഗ്രാമാണ്. കേരളത്തിന്റെ ഉല്പാദനേക്കാള്‍ 4 മടങ്ങ് കൂടുതല്‍. രാജ്യത്ത് നെല്ല് ഉല്പാദനക്ഷമതയില്‍ മുന്നില്‍ നില്‍ക്കുന്ന സംസ്ഥാനമാണ് പഞ്ചാബ്, ഹെക്ടറിന് 3952 കിലോഗ്രാം. കഴിഞ്ഞ മാസങ്ങളില്‍ നെല്ല് ഉല്പാദനം വര്‍ദ്ധിപ്പിക്കുവാന്‍ സംസ്ഥാന സര്‍ക്കാര്‍ നിരവധി പദ്ധതികള്‍ തുടങ്ങി വച്ചിട്ടുണ്ടു്(ബോക്സ്. 2.2).
സംസ്ഥാനത്ത് പ്രധാനമായും മൂന്ന് സീസണുകളിലാണ് നെല്ല് വിളയുക. (1) വിരിപ്പു മാസം/ശരത് കാല വിള/ആദ്യവിള, ഏപ്രില്‍-മെയില്‍ ആരംഭിച്ച് സെപ്റ്റംബര്‍-ഒക്ടോബര്‍ വരെ നീളുന്നു. (2) മുണ്ടകന്‍/ശീതകാല വിളവ്/രണ്ടാം വിള, സെപ്റ്റംബര്‍-ഒക്ടോബറില്‍ തുടങ്ങി ഡിസംബര്‍-ജനുവരി വരെ നീളുന്നു. (3) പുഞ്ച/വേനല്‍ വിള/മൂന്നാം വിള, ഡിസംബര്‍-ജനുവരിയില്‍ തുടങ്ങി മാര്‍ച്ച്-ഏപ്രില്‍ വരെ നീളുന്നു. കേരളത്തില്‍ മുണ്ടകന്‍ കൃഷിയാണ് ഉല്പാദനത്തിലും കൃഷി വിസ്തൃതിയിലും കൂടുതലുള്ളത്. എന്നിരുന്നാലും 2015-16 ല്‍ മൂന്ന് സീസണിലും ഉല്പാദനത്തില്‍ കുറവുണ്ടായതു മൂലം മൊത്തം ഉല്പാദനത്തില്‍ ഇടിവ് സംഭവിക്കുകയുണ്ടായി. (അനുബന്ധം 2.5)
സംസ്ഥാനത്തെ നെല്ല് ഉല്പാദനത്തില്‍ 81.2 ശതമാനവും പാലക്കാട്, ആലപ്പുഴ, തൃശൂര്‍, കോട്ടയം ജില്ലകളില്‍ നിന്നുമാണ്. അവയുടെ വ്യക്തിഗത വിഹിതം യഥാക്രമം 41 ശതമാനം, 16 ശതമാനം, 14 ശതമാനം, 9 ശതമാനം എന്നിങ്ങനെയാണ്. 2015-16 ല്‍ ആലപ്പുഴ, പാലക്കാട് ജില്ലകളില്‍ ഉല്പാദനം കുറഞ്ഞു. തൃശൂര്‍, കോട്ടയം ജില്ലകളില്‍ ഉല്പാദനം നേരിയ തോതില്‍ വര്‍ദ്ധിച്ചിട്ടുണ്ടു്. 1996-97 മുതല്‍ 2012-13 വരെ ഉള്ള കണക്കനുസരിച്ച് ജില്ലാടിസ്ഥാനത്തില്‍ നെല്‍കൃഷി വിസ്തൃതി സംസ്ഥാനത്തെ എല്ലാ ജില്ലകളിലും കുറയുന്നതായാണ് കാണുന്നത്. എന്നാല്‍ ഈ കുറവ് ഏറ്റവും കൂടുതല്‍ എറണാകുളം ജില്ലയിലാണ്(93 ശതമാനം). കൊല്ലം ജില്ലയില്‍ 92 ശതമാനം, തിരുവനന്തപുരം(86 ശതമാനം), മലപ്പുറം(78 ശതമാനം). പ്രധാന നെല്ല് ഉല്പാദന ജില്ലകളായ കോട്ടയം, ആലപ്പുഴ എന്നീ ജില്ലകളിലെ കുറവ് ഗണ്യമായിരുന്നില്ല(യഥാക്രമം 13 ശതമാനവും 12 ശതമാനവും). 2015-16 ല്‍ പാലക്കാട്, ആലപ്പുഴ, വയനാട് ജില്ലകളില്‍ നെല്ലിന്റെ കൃഷി വിസ്തൃതിയും ഉല്പാദനവും കുറഞ്ഞിട്ടുണ്ടു്. വിശദാംശങ്ങള്‍ അനുബന്ധം 2.6, അനുബന്ധം 2.7എന്നിവയിലും ചിത്രം 2.4 ലും കൊടുത്തിരിക്കുന്നു.
നെല്‍ കൃഷി വിസ്തൃതിയിലുണ്ടായ കുറവ് സൂചിപ്പിക്കുന്നതു് നെല്‍പ്പാടങ്ങള്‍ മറ്റ് വിളകള്‍ക്കും കാര്‍ഷികേതര പ്രവര്‍ത്തനങ്ങള്‍ക്കും വേണ്ടി കൂടുതലായി ഉപയോഗിക്കുന്നു എന്നതാണ്. നെല്‍കൃഷിക്കായുള്ള ചിലവ് കൂടുന്നതും മറ്റ് വിളകളുടെ താരതമ്യേനയുള്ള വിലവ്യത്യാസത്തിന്റെയും ഫലമായി ഇതില്‍ നിന്നുള്ള ലാഭം കുറയുന്നതാണ് ഇതിനുള്ള പ്രധാന കാരണം. വേതനത്തിലുള്ള വര്‍ദ്ധനവും തൊഴിലാളികളുടെ അപര്യാപ്തതയുമാണ് ചെലവ് കൂടാന്‍ കാരണം.പന്ത്രണ്ടാം പദ്ധതിക്കാലത്ത് സംസ്ഥാന പദ്ധതി, രാഷ്ട്രീയ വികാസ് യോജന (ആര്‍. കെ. വി. വൈ) എന്നിവയിലൂടെയുള്ള ഇടപെടലുകള്‍, അതോടൊപ്പം തന്നെ നെല്‍കൃഷിക്കായുള്ള ധനസഹായം ഹെക്ടര്‍ ഒന്നിന് 1500 രൂപയില്‍ നിന്നും 4500 രൂപയായി വര്‍ദ്ധിപ്പിക്കല്‍, എല്ലാ ജില്ലകളിലും സംഭരണ സംവിധാനം ഏര്‍പ്പെടുത്തല്‍ എന്നിവ ഉണ്ടായിട്ടും നെല്ല് ഉല്പാദനത്തില്‍ കാര്യമായ വര്‍ദ്ധനവ് ഉണ്ടായിട്ടില്ല. കൃഷി വകുപ്പിന്റേയും പ്രാദേശിക സര്‍ക്കാറുകളുടേയും നേതൃത്വത്തിലുള്ള ദ്രുതവും കാര്യക്ഷമവുമായ പ്രവര്‍ത്തനത്തിലൂടെ മാത്രമേ സംസ്ഥാനത്തെ നെല്ല് ഉല്പാദനം വര്‍ദ്ധിപ്പിക്കുവാന്‍ സാധിക്കു.
കൃഷി വിസ്തൃതി എടുത്താല്‍ 7.9 ലക്ഷം ഹെക്ടറില്‍ കൃഷി ചെയ്യപ്പെടുന്ന സംസ്ഥാനത്തെ പ്രധാന വിളയാണ് നാളികേരം. സംസ്ഥാനത്തെ മൊത്തം കൃഷിവിസ്തൃതിയുടെ (ജി.സി.എ) സിംഹ ഭാഗവും തെങ്ങ് കൃഷിക്കായി ഉപയോഗിക്കുന്നു. കൃഷി വിസ്തൃതിയില്‍ റബ്ബര്‍, നെല്ല് എന്നിവയാണ് തെങ്ങിന് ശേഷം വരുന്ന മറ്റ് പ്രധാന വിളകള്‍. രാജ്യത്ത് തെങ്ങ് കൃഷിയുടെ വിസ്തൃതിയില്‍ ഒന്നാമത് കേരളമാണെങ്കിലും ഉല്പാദനത്തില്‍ മൂന്നാം സ്ഥാനം മാത്രമാണ് കേരളത്തിനുള്ളത്. ഇത് സൂചിപ്പിക്കുന്നത് സംസ്ഥാനത്ത് ഈ വിളയുടെ ഉല്പാദനക്ഷമതയില്ലായ്മയാണ്. ഒരു ഹെക്ടറില്‍ നിന്നും 7535 തേങ്ങയാണ് കേരളത്തില്‍ ഉല്പാദിപ്പിക്കുന്നതെങ്കില്‍ തമിഴ്നാട്ടിലും ആന്ധ്രാപ്രദേശിലും ഇത് യഥാക്രമം ഹെക്ടറിന് 14,873 തേങ്ങയും 13,803 തേങ്ങയുമാണ്. രാജ്യത്ത് നാളികേരഉല്പാദനത്തിലും കൃഷി വിസ്തൃതിയിലും കേരളത്തിന്റെ വിഹിതം വര്‍ഷം തോറും കുറയുകയാണ് ചെയ്യുന്നത്. 1960-61 ല്‍ രാജ്യത്തെ നാളികേര ഉല്പാദനത്തിന്റെ 69.52 ശതമാനവും തെങ്ങ് കൃഷിയിടത്തിന്റെ 69.58 ശതമാനവും കേരളത്തിലായിരുന്നുവെങ്കില്‍ 2011-12 ല്‍ ഈ വിഹിതങ്ങള്‍ യഥാക്രമം 40.2 ശതമാനവും 42.12 ശതമാനവുമായി കുറഞ്ഞു. എന്നാല്‍ സംസ്ഥാനത്ത് തെങ്ങ് കൃഷിചെയ്യുന്ന സ്ഥലത്തിന്റെ വിസ്തീര്‍ണ്ണവും തേങ്ങയുടെ ഉല്പാദനവും കൂടി വരികയാണ്. 1980-81 ല്‍ 29.88 ശതമാനമായിരുന്ന നാളികേര കൃഷിയിടത്തിന്റെ വിസ്തൃതി 2000-01 ല്‍ 41.96 ശതമാനമായി ഉയര്‍ന്നു. 2011-12 ല്‍ ഇത് 40.24 ശതമാനമായി. ഈ കാലഘട്ടത്തില്‍ ഉല്പാദനവും വര്‍ദ്ധിച്ചു. 1960-61 ല്‍ 3220 മില്ല്യണ്‍ തേങ്ങയായിരുന്നു ഉല്പാദനമെങ്കില്‍ 2000-01 ല്‍ ഇത് 5536 മില്ല്യണ്‍ തേങ്ങയായി ഉയര്‍ന്നു. അടുത്ത ദശാബ്ദത്തില്‍ ഉല്പാദനത്തില്‍ വലിയ വ്യത്യാസമില്ലാതെ ഏതാണ്ട് നിശ്ചലമായി തുടര്‍ന്നു. സംസ്ഥാനത്ത് തെങ്ങിന്റെ ഉല്പാദനക്ഷമത വളരെ കുറവാണ് എന്നാല്‍ കൃഷി വിസ്തൃതി ഏറെ ഉള്ളതാണ് ഉല്പാദനവര്‍ദ്ധനവിന് കാരണം, 2014-15 നും 2015-16 നും ഇടയില്‍ നാളികേര ഉല്പാദനത്തില്‍ നേരിയ കുറവ് ഉണ്ടായിട്ടുണ്ട്. യഥാക്രമം 5947 മില്ല്യണ്‍ തേങ്ങയില്‍ നിന്നും 5873 മില്ല്യണ്‍ തേങ്ങയായി കുറഞ്ഞു. കേരളത്തില്‍ തെങ്ങ് കൃഷിയുടെ വിസ്തൃതി, ഉല്പാദനം, ഉല്പാദനക്ഷമത എന്നിവ അനുബന്ധം 2.8 ല്‍ കൊടുത്തിരിക്കുന്നു.
കാറ്റുവീഴ്ച, പരിപാലനത്തിലെ അപര്യാപ്തത, പ്രായം ചെന്നതും ഉല്പാദനശേഷിയില്ലാത്തതുമായ തെങ്ങുകള്‍ എന്നിവയാണ് ഉല്പാദനക്ഷമത കുറയുവാനുള്ള പ്രധാന കാരണങ്ങള്‍. രോഗം ബാധിച്ചതും പ്രായം ചെന്നതുമായ വൃക്ഷങ്ങള്‍ കൂട്ടത്തോടെ വെട്ടിമാറ്റി പുതിയ തൈകള്‍ നടുന്നതും നേഴ്സറികളില്‍ ഗുണനിലവാരമുള്ള തൈകള്‍ ഉല്പാദിപ്പിച്ച് വിതരണം ചെയ്യുന്നതുമാണ് ഇതിനുള്ള പരിഹാരം. ക്ലസ്റ്റര്‍ ഡവലപ്പ്മെന്റ് പരിപാടി പുനഃസംഘടിപ്പിക്കേണ്ടതും ആവശ്യമാണ്. കൃഷി, സഹകരണ വകുപ്പ് സംയുക്തമായി പഞ്ചായത്ത് തലത്തിലുള്ള രണ്ടു് നാളികേര വികസന പരിപാടികള്‍ സംയോജിത സമീപനത്തോടെ പുനസംഘടിപ്പിക്കുന്നതിനായി നടത്തിയിട്ടുള്ള ശ്രമങ്ങളും നാളികേര വില വര്‍ദ്ധനവും സംസ്ഥാനത്തെ നാളികേര ഉല്പാദന മേഖലയ്ക്ക് ഒരു പുത്തന്‍ ഉണർവ് ഉണ്ടാക്കിയിട്ടുണ്ടു്. ഉയരം കുറഞ്ഞ ഇനങ്ങളും സങ്കര ഇനങ്ങളും ഉല്പാദിപ്പിക്കാന്‍ നടത്തുന്ന ഒറ്റപ്പെട്ട ശ്രമങ്ങള്‍ ഗവേഷണ വികസന സ്ഥാപനങ്ങളുടെ പിന്തുണയോടെ കൂടുതല്‍ വ്യാപിപ്പിക്കണം. മൂല്യവര്‍ധിത ഉല്പന്നങ്ങളായ ഉണക്കിയ തേങ്ങ, പാനീയങ്ങള്‍, ചിരട്ട കൊണ്ടുള്ള ഉല്പന്നങ്ങള്‍, കോക്കനട്ട് ക്രീം, നീര മുതലായവ ഉല്പാദിപ്പിക്കുന്ന വ്യവസായ സംരംഭങ്ങള്‍ക്ക് വായ്പാലഭ്യതയും വിപണന സൗകര്യവും ഏര്‍പ്പാടാക്കണം. കേരഫെഡുമായി ചേര്‍ന്ന് കൃഷിഭവനുകള്‍ വഴി നാളികേരം സംഭരിക്കുന്ന പദ്ധതിക്ക് 2012-13 –ല്‍ തുടക്കം കുറിച്ചു. മൂല്യവര്‍ദ്ധനവിനും നീരയുടെ പ്രോത്സാഹനത്തിനും ഗവണ്‍മെന്റ് കൈക്കൊണ്ട നടപടി സംസ്ഥാനത്തിന്റെ സമ്പദ് വ്യവസ്ഥയുടെ പുനരുജ്ജീവനത്തെ സഹായിക്കുമെന്നാണു പ്രതീക്ഷ.
വിയറ്റ്നാമിനും ഇന്തോനേഷ്യക്കും ശേഷം കുരുമുളക് ഉല്പാദനത്തില്‍ ലോകത്തില്‍ മൂന്നാം സ്ഥാനം ഇന്ത്യക്കാണ്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി രാജ്യത്തെ കുരുമുളക് ഉല്പദാനം 50,000 ടണ്‍ എന്ന അളവില്‍ നിശ്ചലമായിരിക്കുന്നതിനാല്‍ പ്രമുഖ ഉല്പാദക രാഷ്ട്രം, കയറ്റുമതി രാഷ്ട്രം എന്ന പദവി വളരെ പെട്ടെന്ന് നഷ്ടപ്പെടുന്ന അവസ്ഥയുണ്ടു്. കഴിഞ്ഞ ദശാബ്ദത്തില്‍ കേരളത്തിലേയും കര്‍ണ്ണാടകത്തിലേയും തമിഴ്നാട്ടിലേയും പശ്ചിമഘട്ട മലഞ്ചെരുവുകളിലെ കുരുമുളക് കൃഷി സ്ഥലത്തിന്റെ വിസ്തൃതി കുത്തനെ കുറഞ്ഞുവെന്നത് ഉല്പാദനത്തേയും കയറ്റുമതിയേയും പ്രതികൂലമായി ബാധിച്ചിട്ടുണ്ടു്. 2015-16 ല്‍ കുരുമുളക് ഉല്പാദനം കുറഞ്ഞ് 55,000 ടണ്ണായി. 2014-15 ല്‍ ഇത് 70,000 ടണ്ണായിരുന്നു. എന്നാല്‍ രാജ്യത്തെ മൊത്തം ഉല്പാദനത്തിന്റെ 75 ശതമാനം നല്‍കുന്ന കേരളത്തില്‍ കുരുമുളക് ഉല്പാദനം 2014-15 ല്‍ 40.6 ടണ്‍ ആയിരുന്നത് 2015-16 ല്‍ 42.1 ടണ്ണായി നേരിയതോതില്‍ വര്‍ദ്ധിച്ചു.
2010 മുതല്‍ കുരുമുളകിന്റെ വില വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. എന്നിരുന്നാലും 2015 ല്‍ കിലോഗ്രാമിന് 630.31രൂപയായി കുറഞ്ഞു. 2014 ല്‍ വില കിലോഗ്രാമിന് 646.79 രൂപയായിരുന്നു. 2016 ജനുവരി മുതല്‍ ജൂൺ വരെയുള്ള മാസങ്ങളില്‍ കിലോഗ്രാമിന് 669.29 രൂപയായിരുന്നു. 2015 ജൂണില്‍ അത് കിലോഗ്രാമിന് 619.76 രൂപയായിരുന്നു, കിലോഗ്രാമിന് 49.53 രൂപയുടെ വര്‍ദ്ധനവ്.
ഉല്പാദനക്ഷമതയുടെ കുറവും വിവിധ രോഗബാധകളുമാണ് സംസ്ഥാനത്തെ കുരുമുളക് ഉല്പാദനത്തെ ബാധിക്കുന്ന പ്രധാന പ്രശ്നങ്ങള്‍. സംസ്ഥാനത്തെ സുഗന്ധവ്യജ്ഞന കൃഷിയുടെ വികസനത്തിനായി 2014-15 ല്‍ കൃഷി വകുപ്പു് സമഗ്ര കുരുമുളക് വികസനപരിപാടിക്ക് എല്ലാ ജില്ലയിലും തുടക്കം കുറിച്ചു. സംസ്ഥാനത്തെ കുരുമുളകു് കൃഷിയുടെ പുനരുദ്ധാരണത്തിന് നടീല്‍ വസ്തുക്കളുടെ ഉല്പാദനം, സാദ്ധ്യമായ സ്ഥലങ്ങളില്‍ ഗ്രാഫ്റ്റിങ്ങ് വിപുലീകരണം, രോഗപരിചരണം, പോഷകപരിചരണം, കുരുമുളക് സമിതികളുടെ പുനരുദ്ധാരണം എന്നിവ ഉള്‍പ്പെടുത്തി സമഗ്രമായ ഒരു പദ്ധതി തയ്യാറാക്കിയിട്ടുണ്ടു്. കേരള ഗവണ്‍മെന്റിന്റെ ഇത്തരത്തിലുള്ള യോജിച്ചുള്ള പ്രവര്‍ത്തനഫലമാണ് 2015-16 ല്‍ കുരുമുളക് ഉല്പാദനം വര്‍ദ്ധിക്കുവാന്‍ കാരണം.
2015-16 ലും ലോകത്തിലെ ഏറ്റവും കൂടുതല്‍ അസംസ്കൃത കശുവണ്ടി ഉല്പാദിപ്പിക്കുന്ന രാജ്യമായി ഇന്ത്യ തുടര്‍ന്നു വിയറ്റ്നാം, ബ്രസീല്‍, താന്‍സാനിയ, ഐവറി കോസ്റ്റ് എന്നിവയാണ് കശുവണ്ടി ഉല്പാദിപ്പിക്കുന്ന മറ്റു പ്രധാന രാജ്യങ്ങള്‍. ഇന്ത്യയിലെ അസംസ്കൃത കശുവണ്ടി ഉല്പാദനം 2014-15 -ലെ 7,25,000 മെട്രിക് ടണ്ണില്‍ നിന്ന് 2015-16 –ല്‍ 6,70,000 മെട്രിക് ടണ്ണായി കുറഞ്ഞു. ഈ വര്‍ഷങ്ങളില്‍ ഇന്ത്യയില്‍ കശുമാവ് കൃഷി ചെയ്യുന്ന പ്രദേശത്തിന്റെ വിസ്തീര്‍ണ്ണം യഥാക്രമം 10.27 ലക്ഷം ഹെക്ടറില്‍ നിന്ന് 10.34 ലക്ഷം ഹെക്ടര്‍ ആയി വര്‍ദ്ധിച്ചു.
ഇതിന് വിപരീതമായി, കേരളത്തില്‍ കഴിഞ്ഞ ഒരു ദശകത്തില്‍ കശുവണ്ടി കൃഷി ചെയ്യുന്ന ഭൂമിയുടെ വിസ്തീര്‍ണ്ണവും കശുവണ്ടിയുടെ ഉല്പാദനവും തുടര്‍ച്ചയായും ഗണ്യമായും കുറഞ്ഞു വരുന്നതായി കാണുന്നു. 2004-05 ല്‍ 60,000 മെട്രിക് ടണ്‍ ഉല്പാദിപ്പിച്ചിരുന്ന സ്ഥാനത്ത് കേരളം 2013-14 ല്‍ 33,300 മെട്രിക് ടണ്ണും 2015-16 ല്‍ 24,730 ടണ്‍ എന്നിങ്ങനെയാണ് ഉല്പാദിപ്പിച്ചത് എന്നതു് ആശങ്കാജനകമാണ്. കൂടാതെ, ഈ കാലയളവില്‍ കശുമാവ് കൃഷി ചെയ്യുന്ന പ്രദേശത്തിന്റെ വിസ്തീര്‍ണ്ണം 81,000 ഹെക്ടറില്‍ നിന്ന് 49000 ഹെക്ടറായും പിന്നീട് 43000 ഹെക്ടറായും കുറഞ്ഞു. ഇതോടൊപ്പം, കശുവണ്ടിയുടെ ഉല്പാദനക്ഷമത എണ്‍പതുകളുടെ അവസാനം ഹെക്ടറിന് 900 കി. ഗ്രാം ആയിരുന്നത് 2014-15 ല്‍ ഹെക്ടറിന് 654 കി. ഗ്രാമായി കുറഞ്ഞു. വിശദവിവരങ്ങള്‍ അനുബന്ധം 2.9 ല്‍ കൊടുത്തിരിക്കുന്നു.
കശുവണ്ടി ഉല്പാദിപ്പിക്കുന്ന മറ്റു സംസ്ഥാനങ്ങളില്‍ കൃഷി സ്ഥലത്തിന്റെ വിസ്തൃതിയും ഉല്പാദനവും ക്രമേണ വര്‍ദ്ധിച്ചു വരുന്നു. കശുവണ്ടി കൃഷി വിസ്തൃതിയില്‍ ആന്ധ്രാപ്രദേശാണ് മുന്‍പന്തിയിലെങ്കിലും (18.3 ശതമാനം), ഉല്പാദനത്തിന്റെ കാര്യത്തില്‍ മഹാരാഷ്ട്രയാണ് മുന്‍പില്‍. ഉല്പാദനത്തില്‍ മുന്‍പന്തിയിലുള്ള മഹാരാഷ്ട്രയുടെ വിഹിതം 2013-14 –ല്‍ 32.9 ശതമാനമാണ്.
തോട്ടവിളകള്‍ പൊതുവെ കയറ്റുമതി ലക്ഷ്യമാക്കിയുള്ളതോ ഇറക്കുമതി ചെയ്യുന്നവയ്ക്കു പകരംവെയ്ക്കാനുള്ളതോ ആകയാല്‍ ദേശീയമായ കാഴ്ചപ്പാടില്‍ ഇത്തരത്തിലുള്ള വിളകള്‍ക്ക് പ്രത്യേക പ്രാധാന്യമുണ്ട്. ഏകദേശം 14 ലക്ഷം കുടുംബങ്ങള്‍ തോട്ടവിളയെ ആശ്രയിച്ചു ജീവിക്കുന്നുണ്ടെന്നാണു കണക്കാക്കപ്പെടുന്നത്. തെക്കേ ഇന്ത്യയിലെ നാലു തോട്ടവിളകളില്‍ ഓരോന്നിനും വ്യത്യസ്തമായ സവിശേഷതകളും സാമ്പത്തിക പ്രശ്നങ്ങളുമുണ്ട്. ഇറക്കുമതിയുടെ അളവിലുള്ളനിയന്ത്രണങ്ങള്‍ എടുത്തുകളഞ്ഞതുകാരണം തോട്ടവിളകള്‍ പൊതുവേ ഗുണനിലവാരം കുറഞ്ഞ ഇറക്കുമതിമൂലമുളള ഭീഷണിയും നേരിടുന്നുണ്ട്.
റബ്ബര്‍, തേയില, കാപ്പി, ഏലം എന്നീ നാലു തോട്ടവിളകളുടെ കൃഷിയിലും കേരളത്തിനു ഗണ്യമായ ഒരു പങ്കുണ്ടു്. കേരളത്തിന്റെ യഥാര്‍ത്ഥ കൃഷി ഭൂമിയുടെ 26.88 ശതമാനമായ 7.04 ലക്ഷം ഹെക്ടറിലായി ഈ നാലു വിളകളും കൃഷി ചെയ്യുന്നു. ദേശീയ തലത്തിലുള്ള ഉല്പാദനത്തില്‍ കേരളത്തിന്റെ പങ്ക്, 2013-14 വര്‍ഷത്തില്‍, റബ്ബര്‍ 72.02 ശതമാനം, കാപ്പി 22 ശതമാനം, തേയില 6.3 ശതമാനം എന്നീ ക്രമത്തിലാണ്. വിശദ വിവരങ്ങള്‍ അനുബന്ധം 2.10 ല്‍ കാണുക.
ഇന്ത്യയിലെ പ്രകൃതിദത്ത റബറിന്റെ 2015-16 ലെ ഉല്പാദനം 12.9 ശതമാനം കുറഞ്ഞു. 2014-15 ല്‍ 6.45 ലക്ഷം ടണ്‍ ആയിരുന്നത് 2015-16 ല്‍ 5.62 ലക്ഷം ടണ്ണായി. പ്രകൃതിദത്ത റബറിന്റെ ടാപ്പിങ്ങ് നടത്താവുന്ന തോട്ടങ്ങളുടെ വിസ്തൃതി 2015-16 ല്‍ 5.59 ലക്ഷം ഹെക്ടറാണെന്നിരിക്കെ പ്രസ്തുത വര്‍ഷം പ്രകൃതിദത്ത റബര്‍ന്റെ ഉല്പാദനം 3.91ലക്ഷം ഹെക്ടറില്‍ നിന്ന് ലഭിച്ചത് മാത്രമായിരുന്നു. ഇതിന്റെ ഫലമായി ടാപ്പിംഗ് ചെയ്ത മൊത്തം സ്ഥലത്തില്‍, ഒരു ഹെക്ടറില്‍ നിന്നുള്ള ഉല്പാദനത്തില്‍ നിന്നും കണക്കാക്കുന്ന ശരാശരി ആദായം മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 2015-16 ല്‍ ഹെക്ടറിന് 1437 കിലോഗ്രാം കുറഞ്ഞു. 2016-17 വര്‍ഷത്തില്‍ പ്രകൃതിദത്ത റബറിന്റെ ഉല്പാദനം 6.54 ലക്ഷം ടണ്ണായി കണക്കാക്കുന്നു. പ്രതികൂല കാലാവസ്ഥ, ഉയര്‍ന്ന വേതനം, വിദഗ്ദ്ധ തൊഴിലാളികളുടെ അഭാവം, വിലക്കുറവ് മൂലം വിളവെടുക്കുന്നതില്‍ കര്‍ഷകര്‍ കാണിക്കുന്ന വിമുഖതയും ചെടികളുടെ പരിപാലനക്കുറവും 2016 ല്‍ ഇന്ത്യയുടെ പ്രകൃതിദത്ത റബ്ബറിന്റെ ഉല്പാദനത്തെ ബാധിച്ചു. രാജ്യത്ത് പ്രകൃതി ദത്ത റബറിന്റെ ഉപഭോഗം 2014-15 ല്‍ 10.2 ലക്ഷം ടണ്ണായി (2.6 ശതമാനം) കുറഞ്ഞു. ടയര്‍ നിര്‍മ്മാണത്തില്‍ 2.5 ശതമാനം ഇടിവ് സംഭവിച്ചതും റബര്‍ ഉല്പന്നങ്ങളുടെ ഉല്പാദനത്തില്‍ 2.7 ശതമാനം കുറവ് സംഭവിച്ചതുമാണ് ഇതിനു കാരണം. 2014-15 ല്‍ 1002 ടണ്‍ കയറ്റുമതി ഉണ്ടായിരുന്നത് 2015-16 ല്‍ 865 ടണ്ണായി ചുരുങ്ങി. കമ്പോള ബന്ധിതമായകേന്ദ്രഉല്പന്ന പദ്ധതിയുടെ കീഴില്‍ ഗുണനിലവാരം ഉറപ്പാക്കിയ ബ്രാന്റഡ് ഇന്ത്യന്‍ പ്രകൃതിദത്ത റബറിന്റെ കയറ്റുമതിക്കുള്ള പ്രോത്സാഹനംകേന്ദ്രസര്‍ക്കാര്‍ തുടര്‍ന്നു വരുന്നു. കേരളത്തിലും റബ്ബര്‍ ഉല്പാദന രംഗത്തെ അവസ്ഥ മറ്റൊന്നല്ല. 2014-15 ല്‍ 5.07 ലക്ഷം മെട്രിക് ടണ്ണായിരുന്ന ഉല്പാദനം 2015-16 ല്‍ 4.38 മെട്രിക് ടണ്ണായി കുറഞ്ഞു. വിശദാംശങ്ങള്‍ അനുബന്ധം 2.11, അനുബന്ധം 2.12, അനുബന്ധം 2.13ല്‍ കൊടുത്തിട്ടുണ്ട് .
റബറിന്റെ വില, ദേശീയ തലത്തിലും അന്താരാഷ്ട്ര തലത്തിലും അസ്ഥിരമാണ്. പ്രകൃതിദത്ത റബര്‍ 2011 ല്‍ ഏക്കാലത്തേയും ഉയര്‍ന്ന നിലവാരത്തില്‍ എത്തിയതിനു ശേഷം ശക്തമായി താഴേക്കു പോയത് റബര്‍ ഉല്പാദകരുടെ നിലനില്‍പ്പിനു തന്നെ ഭീഷണിയായി. ദേശീയ അന്തര്‍ദേശീയ വിപണികളില്‍ റബര്‍ വിലയിലെ ചാഞ്ചാട്ടം വര്‍ഷം മുഴുവന്‍ തുടര്‍ന്നു. ആഭ്യന്തര ആര്‍ എസ്.എസ് 4 നേയും അന്താരാഷ്ട്ര ആര്‍.എസ്.എസ് 3 റബറിന്റെയും വില ഏപ്രില്‍ 2015 മുതല്‍ ജൂണ്‍ 2015 വരെ ഉയര്‍ച്ചയിലായിരുന്നുവെങ്കിലും ജൂലൈ 2015 മുതല്‍ ഫെബ്രുവരി 2016 വരെ വില കുറഞ്ഞു കൊണ്ടിരുന്നു. എന്നാല്‍ വര്‍ഷാവസാനത്തോടെ നേരിയ പുരോഗതി കാണിച്ചു. ചൈനയുടെ സാമ്പത്തിക വളര്‍ച്ചയും അമേരിക്കയിലും യൂറോപ്പിലും മാന്ദ്യം കുറഞ്ഞതും തായ് ലാന്റിലെ വര്‍ദ്ധിച്ച സ്റ്റോക്ക്, ലോകത്താകെ പ്രകൃതിദത്ത റബറിന്റെ വര്‍ദ്ധിച്ച സ്റ്റോക്ക്, താരതമ്യേന കുറഞ്ഞ എണ്ണ വില, ഇതിനെ തുടര്‍ന്നുള്ള കൃത്രിമ റബറിന്റെ ഉല്പാദനം എന്നിവ റബര്‍ വില കുറയ്ക്കുന്നതിന് കാരണമായി. 2015-16 ല്‍ കോട്ടയം കമ്പോളത്തില്‍ ആഭ്യന്തര ആര്‍.എസ്.എസ് 4 റബറിന്റെ വില കുറഞ്ഞ് ശരാശരി കിലോക്ക് 113.06 രൂപയായി. മു൯വര്‍ഷം ഇത് കിലോക്ക് 132.57 രൂപയായിരുന്നു. 17.06.2015 ന് ആഭ്യന്തര ആര്‍.എസ്.എസ്. 4 റബറിന്റെ വില ഉയര്‍ന്ന് കിലോക്ക് 133 രൂപയായി. 03.06.2015 ന് ആര്‍.എസ്.എസ് 3 റബറിന്റെ അന്താരാഷ്ട്ര വില ഉയര്‍ന്ന് കിലോക്ക് 122 രൂപയായി. 2015-16 വര്‍ഷം മുഴുവനും ആഭ്യന്തര ആര്‍.എസ്.എസ് 4 റബറിന്റെ വില അന്താരാഷ്ട്ര ആര്‍.എസ്.എസ്. 3 റബറിന്റെ വിലയേക്കാള്‍ കൂടുതലായിരുന്നു.
ഈ വര്‍ഷം റബര്‍ ഉല്പാദനത്തില്‍ സംഭവിച്ച ഇടിവ് അന്താരാഷ്ട്രതലത്തില്‍ ഇന്ത്യയുടെ നില അഞ്ചാമതാക്കി. വിയറ്റ്നാമും ചൈനയും യഥാക്രമം 3ഉം 4 ഉം സ്ഥാനങ്ങളിലെത്തി. റബര്‍ ഉല്പാദനത്തില്‍ തായ് ലാന്റ് ഒന്നാം സ്ഥാനത്ത് തന്നെ തുടരുന്നു. ആഗോള റബര്‍ ഉല്പാദനത്തില്‍ രണ്ടാം സ്ഥാനം ഇന്തോനേഷ്യക്കാണ്.
റബറിന്റെ വിലയിടിവ് ആശങ്ക ഉളവാക്കുന്നതാണ്.കേന്ദ്രസര്‍ക്കാറിന്റെ ഇറക്കുമതി ചുങ്കം പരിഷ്ക്കരണവും മറ്റ് പദ്ധതികളും റബര്‍ വില ഉയരാന്‍ കാരണമാകുമെന്ന് പ്രതീക്ഷിക്കുന്നു. എന്നിരുന്നാലും കേരളത്തിലെ റബര്‍ കര്‍ഷകരെ പിന്‍താങ്ങാന്‍കേന്ദ്രസര്‍ക്കാറിന്റെ പ്രത്യേക താല്‍പ്പര്യാര്‍ത്ഥമുള്ള പദ്ധതികള്‍ ആവശ്യമാണ്. വിലസ്ഥിരതയ്ക്കായുള്ള ഫണ്ടിന്റെ ശാക്തീകരണവും നവീകരണവും ആവശ്യമാണ്. 300 കോടി രൂപയുടെ സാമ്പത്തിക സഹായത്തോടെ കേരള സര്‍ക്കാര്‍ റബര്‍ ഉല്പാദനത്തിന് പ്രോത്സാഹനം നല്‍കുന്ന പദ്ധതി ആരംഭിച്ചിട്ടുണ്ടു്. എന്നാല്‍ വലിയ അളവ് വരെ റബര്‍ വില പ്രകൃതിദത്ത റബറിന്റെ ആഗോള ആവശ്യത്തേയും വിതരണത്തേയും കൃത്രിമ റബറിന്റെ വിലയേയും ആശ്രയിച്ചിരിക്കുന്നു.
2015-16 – ല്‍ ആഭ്യന്തര കാപ്പി ഉല്പാദനം 3,48,000 ടണ്ണായിരുന്നു. ഇതു മുന്‍ വര്‍ഷത്തേക്കാള്‍ 21000 ടണ്‍ കൂടുതലാണ്. കോസ്റ്റ് ബ്ലോസ്സം കണക്കെടുപ്പിലൂടെ 2015-16 ല്‍ കോഫി ബോര്‍ഡ് കാപ്പിയുടെ ഉല്പാദനം 3,55,000 ടണ്‍ ആയിരിക്കുമെന്ന് അനുമാനിച്ചിരുന്നു. എന്നാല്‍ പിന്നീട് ബോര്‍ഡ് അത് കുറവ് ചെയ്ത് 7,00,000 ടണ്‍ ആക്കി മാറ്റുകയുണ്ടായി. പുതിയ കണക്കനുസരിച്ച് അറബിക്കയുടെ ഉല്പാദനം 1,03,500 ടണും (29.7 ശതമാനം), റോബസ്റ്റയുടെ ഉല്പാദനം 2,44,500 (70.3 ശതമാനം) ടണ്ണുമാണ്. എഫ്. എ. ഒ യുടെ കണക്കുകളനുസരിച്ച് ഇന്ത്യയില്‍ കാപ്പിയുടെ ഉല്പാദനം (ഹെക്ടറിന് 845.6 കിലോ) മറ്റു കാപ്പി ഉല്പാദിപ്പിക്കുന്ന രാജ്യങ്ങളെ അപേക്ഷിച്ച് വളരെ കുറവാണ്. വിയറ്റ്നാമില്‍ ഇത് ഹെക്ടറിന് 2499.1 കിലോയും ബ്രസീലില്‍ 1421.5 കിലോയും ആണ്. എന്നുതന്നെയല്ല, 1971-2011 വര്‍ഷങ്ങളിലെ കാപ്പിയുടെ ഉല്പാദനക്ഷമതയുടെ താരതമ്യ പഠനത്തിന്റെ റിപ്പോര്‍ട്ടില്‍ കഴിഞ്ഞ 40 വര്‍ഷത്തില്‍ ഉല്പാദനം കുറഞ്ഞ ആകെ രണ്ടു രാജ്യങ്ങള്‍ ഇന്ത്യയും (-1.8 ശതമാനം) ഇന്തോനേഷ്യയുമാണ് (-0.1 ശതമാനം) എന്നത് രസകരമായ വസ്തുതയാണ്. പരിമിതമായ യന്ത്രവത്ക്കരണം, കീടരോഗ ബാധ, പ്രായം ചെന്നതും രോഗം ബാധിച്ചതുമായ ചെടികള്‍, തൊഴിലാളികളുടെ അപര്യാപ്തത എന്നിവയാണ് ഇന്ത്യയില്‍ കാപ്പിയുടെ ഉല്പാദനക്ഷമത കുറയാനുള്ള കാരണങ്ങള്‍. ഉല്പാദനക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനുള്ള ശ്രമങ്ങള്‍ ആവശ്യമാണ്. ഇതിനു വേണ്ടി നയപരമായും ഫാംതലത്തിലും വേണ്ട സംഘടിതശ്രമങ്ങള്‍ നടത്തേണ്ടതാണ്. കൂടുതല്‍ വിളവ് ലഭിക്കുന്നതിന് സഹായകമാകുന്ന തരത്തിലുള്ള ഗവേഷണവും വികസനപരിപാടികളും ഈ മേഖലയിലെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് സഹായകമാകുന്നതാണ്.
കേരളത്തില്‍ 2015-16 –ല്‍ കാപ്പിയുടെ ഉല്പാദനം നേരിയ തോതില്‍ വര്‍ദ്ധിച്ചിട്ടുണ്ടു്. 2014-15 ല്‍ 67700 മെട്രിക് ടണ്‍ ആയിരുന്നതു്, 2015-16 –ല്‍ 69230 മെട്രിക് ടണ്ണായി വര്‍ദ്ധിച്ചു. ഈ കാലയളവില്‍ രാജ്യത്ത് ആകെയുള്ള കാപ്പി ഉല്പാദനത്തിന്റെ ഏകദേശം 20 ശതമാനമാണ് കേരളത്തിന്റെ വിഹിതം. റോബസ്റ്റാ ഇനമാണ് കേരളത്തില്‍ പ്രധാനമായി ഉല്പാദിപ്പിക്കുന്നതു്. (ആകെ കൃഷി സ്ഥലത്തിന്റെ 97.1 ശതമാനം). 2011-12 – ല്‍ കാപ്പിയുടെ ഉല്പാദനക്ഷമത കേരളത്തില്‍ ഹെക്ടറിന് 808 കിലോഗ്രാമാം ആണ്. ഇത് രാജ്യത്തെ ഉല്പാദനക്ഷമതയേക്കാള്‍ (ഹെക്ടറിന് 852 കിലോ) കുറവാണ്. രാജ്യത്തെ മൊത്തം കാപ്പി ഉല്പാദനത്തിന്റെ 70.4 ശതമാനം ഉല്പാദിപ്പിക്കുന്ന കര്‍ണാടകത്തിന്റെ തൊട്ടു പിന്നിലാണ് കേരളത്തിന്റെ സ്ഥാനം.
ഏറ്റവും കൂടുതല്‍ തേയില ഉല്പാദിപ്പിക്കുന്ന രാജ്യങ്ങളിലൊന്നായ ഇന്ത്യയിലെ ഉല്പാദനം ലോകത്തെ മൊത്തം ഉല്പാദനത്തിന്റെ 24.8 ശതമാനമാണ്. എല്ലാ വിഭാഗത്തിലും ഉള്‍പ്പെടുന്ന തേയില ഉല്പാദകര്‍ (സംഘടിത/അസംഘടിത മേഖലകള്‍) പ്രധാനമായും മുന്‍പ് വിളകള്‍ സംബന്ധിക്കുന്ന കണക്കുകള്‍ റിപ്പോര്‍ട്ട് ചെയ്യാതിരുന്ന ഉത്തരേന്ത്യയില്‍ നിന്നുള്ള ഉല്പാദകരെയും കൂടെ ഉള്‍പ്പെടുത്തിക്കൊണ്ടു് ടീബോര്‍ഡ് 2011 ല്‍ തേയില ഉല്പാദനത്തിന്റെ കണക്കുകള്‍ പുതുക്കിയപ്പോള്‍ ഇന്ത്യയിലെ തേയില ഉല്പാദനം 100 കോടി കവിഞ്ഞു. 2015 ല്‍ തേയിലയുടെ ആഭ്യന്തര ഉല്പാദനം 1191.1 ദശലക്ഷം കിലോഗ്രാം ആയിരുന്നു. ഇത് കഴിഞ്ഞ വര്‍ഷത്തേതിനേക്കാള്‍ 16.2 ദശലക്ഷം കിലോഗ്രാം കുറവാണ്. വടക്കേ ഇന്ത്യയിലേയും തെക്കേ ഇന്ത്യയിലേയും ഉല്പാദനത്തിലെ കുറവ് യഥാക്രമം 1.6 ദശലക്ഷം കിലോഗ്രാമും 14.6 ദശലക്ഷം കിലോഗ്രാമും ആയിരുന്നു. സ്ഥിരമായ വിളകുറവ് എന്ന അവസ്ഥയില്‍ നിന്നും ഒരു വര്‍ഷം മാറ്റം കാണിച്ചുവെങ്കിലും തെക്കെ ഇന്ത്യയില്‍ വീണ്ടും ഉല്പാദനത്തിലെ കുത്തനെയുള്ള ഇടിവ് ഉല്‍കണ്ഠ ഉയര്‍ത്തുന്ന വിഷയമാണ്.
രാജ്യത്ത് തേയില കൃഷി ചെയ്യുന്ന പ്രദേശത്തിന്റെ 5.03 ശതമാനവും, മൊത്ത ആഭ്യന്തര ഉല്പാദനത്തിന്റെ 6.3 ശതമാനവും കേരളത്തിലാണ്. 2009-10 മുതല്‍ ഇതു സ്ഥിരമായി കുറഞ്ഞു വരുന്നു. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് കൃഷി വിസ്തൃതിയില്‍ 18 ശതമാനം കുറവ് വന്നുവെങ്കിലും 2012-13 ലെ ഉല്പാദനത്തില്‍ 5059 മെട്രിക് ടണ്ണിന്റെ വര്‍ദ്ധനവ് രേഖപ്പെടുത്തി. ഉല്പാദനക്ഷമത കൂടിയതാണ് ഇതിന് പ്രധാന കാരണം. 2013-14 ല്‍ തേയില തോട്ടങ്ങളുടെ വിസ്തൃതിയിലും ഉല്പാദനത്തിലും ഉല്പാദനക്ഷമതയിലും മുന്‍ വര്‍ഷത്തേക്കാള്‍ കാര്യമായ വ്യത്യാസം ഉണ്ടായില്ല. 2014-15 ല്‍ തേയില ഉല്പാദനം 3.5 ശതമാനം വര്‍ദ്ധിച്ചിട്ടുണ്ടു്. എന്നാല്‍ 2015-16 ല്‍ ഉല്പാദനം 11.6 ശതമാനമായി കുറഞ്ഞു. വിശദ വിവരങ്ങള്‍ അനുബന്ധം 2.14 ല്‍ കാണുക.
ഉല്പാദനക്ഷമത വര്‍ദ്ധിക്കാത്തതും, കടുത്ത തൊഴിലാളി ക്ഷാമവും, യന്ത്രോപകരണങ്ങളുടെ വില കൂടുതലും, തദ്ദേശീയമായ ഉപകരണങ്ങളുടെ കുറവുമാണ് തേയില വ്യവസായത്തെ അലട്ടുന്ന പ്രധാന പ്രശ്നങ്ങള്‍.
ലോകത്ത് ഏറ്റവും കൂടുതല്‍ ചെറിയ ഏലം ഉല്പാദിപ്പിക്കുന്ന രാജ്യങ്ങളില്‍ രണ്ടാമതാണ് ഇന്ത്യ. അന്താരാഷ്ട്ര മേഖലയില്‍ ഏലം വ്യാപാരത്തില്‍ ഇന്ത്യ ഒരു പ്രധാന പങ്ക് വഹിക്കുന്നു. ഇടവിട്ടുള്ള മഴയും നല്ല സൂര്യപ്രകാശവും ചെടിയുടെ വളര്‍ച്ചാഘട്ടത്തില്‍ അത്യന്താപേക്ഷിതമായതിനാല്‍ ഏലത്തിന്റെ ഉല്പാദനം കാലാവസ്ഥയെ ആശ്രയിച്ചിരിക്കുന്നു. 2015-16 ല്‍ ഏലം ഉല്പാദനം 22000 ടണ്‍ ആയി കണക്കാക്കപ്പെട്ടിട്ടുണ്ടു്. ഇത് 2014-15 ലെ 18000 ടണ്ണിനേക്കാള്‍ 4000 ടണ്‍ കുടുതലാണ്. 2006-07 ല്‍ ഏലത്തിന്റെ വിലയിലുണ്ടായ അപ്രതീക്ഷിത മാറ്റം 2010-11 വരെ തുടര്‍ന്ന് ഏറ്റവും ഉയര്‍ന്ന നിലയില്‍ എത്തുകയും തുടര്‍ന്ന് വിലയില്‍ ഏറ്റക്കുറച്ചിലുണ്ടാകുകയും ചെയ്തു. 2015-16 ല്‍ (ആഗസ്റ്റ് മുതല്‍ ജൂണ്‍ വരെയുള്ള കാലയളവില്‍) കീലോഗ്രാമിന് 107.33 രൂപ എന്ന നിരക്കില്‍ വില വര്‍ദ്ധിച്ച് കിലോ ഗ്രാമിന് 754.00 രൂപയായിട്ടുണ്ടു്. ഇതോടൊപ്പം കേരളത്തില്‍ ഏലത്തിന്റെ കൃഷി വിസ്തൃതി സ്ഥിരമായി തുടര്‍ന്നെങ്കിലും 2015-16 ല്‍ ഉല്പാദനം 21.8 ശതമാനം വര്‍ദ്ധിച്ചിട്ടുണ്ടു്
2016 അന്താരാഷ്ട്ര പയര്‍ വര്‍ഗ്ഗ വര്‍ഷമായിരുന്നു. പ്രോട്ടീനുകളുടെ പ്രധാന സ്രോതസ്സാണ് പയര്‍ വര്‍ഗ്ഗങ്ങള്‍. ധാരാളം നാരുകളും ഇതില്‍ അടങ്ങിയിരിക്കുന്നു. വിറ്റാമിനുകളും ധാതുക്കളും സമൃദ്ധമായ അളവില്‍ പയര്‍ വര്‍ഗ്ഗങ്ങളില്‍ ഉണ്ട്. മനുഷ്യ ആരോഗ്യത്തിന് പയര്‍ വര്‍ഗ്ഗങ്ങളുടെ പ്രാധാന്യം കണക്കിലെടുത്ത് ഐക്യരാഷ്ട്ര സഭ 2016 അന്താരാഷ്ട്ര പയര്‍ വര്‍ഗ്ഗ വര്‍ഷമായി പ്രഖ്യാപിച്ചു. അതുകൊണ്ട്തന്നെ ഭക്ഷണത്തില്‍ വേണ്ട പ്രോട്ടീനുകളുടെ ആവശ്യം നിറവേറ്റുന്നതിനു മാത്രമല്ല മറിച്ച് പാരിസ്ഥിതിക സന്തുലനാവസ്ഥ, ഭക്ഷ്യസുരക്ഷ, പോഷകസമ്പുഷ്ടമായ ഭക്ഷണക്രമം എന്നിവയില്‍ പയര്‍ വര്‍ഗ്ഗങ്ങള്‍ക്കുള്ള പ്രാധാന്യത്തെക്കുറിച്ച് ജനങ്ങളില്‍ അവബോധം ഉണര്‍ത്താന്‍ പയര്‍ വര്‍ഗ്ഗങ്ങളുടെ ഉല്പാദനം വര്‍ദ്ധിപ്പിക്കുന്നതില്‍ പ്രത്യേകം ശ്രദ്ധ നല്‍കേണ്ടതാണ്. കാര്‍ഷിക ഉല്പാദനം നിലനിര്‍ത്തുന്നതില്‍ പയര്‍ വര്‍ഗ്ഗങ്ങള്‍ ഒരു പ്രധാന ഘടകമാണ്, കാരണം പയറിനങ്ങള്‍ക്ക് വിവിധ വിളരീതികളുമായി യോജിച്ച് വളരാനും മണ്ണിന്റെ ഫലഭൂയിഷ്ടത ഉയര്‍ത്താനും കഴിയും.
പയര്‍ വര്‍ഗ്ഗങ്ങളുടെ ഉല്പാദനത്തില്‍ ഇന്ത്യയുടെ പങ്ക് 25 ശതമാനമാണ്. ലോകത്തിലെ മൊത്തം പയര്‍ വര്‍ഗ്ഗങ്ങളുടെ 27 ശതമാനം ഉപഭോഗവും കൃഷി വിസ്തൃതിയില്‍ 33 ശതമാനവും ഇന്ത്യയിലാണ്. 2000-01 ല്‍ 20.35 മില്ല്യണ്‍ ഹെക്ടര്‍ പ്രദേശത്തും 2012-13 ല്‍ 23.99 മില്ല്യണ്‍ ഹെക്ടര്‍ പ്രദേശത്തുമാണ് പയര്‍ വര്‍ഗ്ഗങ്ങള്‍ കൃഷി ചെയ്യപ്പെട്ടത്. അവയുടെ ഉല്പാദനം യഥാക്രമം 11.08 മില്ല്യണ്‍ ടണും, 18.45 മില്ല്യണ്‍ ടണും ആയിരുന്നു. ഉല്പാദനക്ഷമത 2000-01 ല്‍ ഹെക്ടറില്‍ 544 കി.ഗ്രാം ആയിരുന്നത് 2012-13 ല്‍ ഹെക്ടറില്‍ 750 കി.ഗ്രാം ആയി ഉയര്‍ന്നു. 2012-13 ലെ കണക്കനുസരിച്ച് മധ്യപ്രദേശ്(25 ശതമാനം), ഉത്തര്‍പ്രദേശ്(13 ശതമാനം), മഹാരാഷ്ട്ര(12 ശതമാനം), രാജസ്ഥാന്‍(11 ശതമാനം), ആന്ധ്രാപ്രദേശ്(9 ശതമാനം) എന്നീ സംസ്ഥാനങ്ങളിലാണ് പ്രധാനമായും പയര്‍ വര്‍ഗ്ഗങ്ങള്‍ ഉല്പാദിപ്പിക്കുന്നത്. മറ്റ് എല്ലാ സംസ്ഥാനങ്ങളിലുമായി ആകെ 30 ശതമാനമാണ് ഉല്പാദനം.
കേരളത്തില്‍ വേനല്‍ക്കാലത്തും ശൈത്യകാലത്തും (ആഗസ്റ്റ്, സെപ്റ്റംബര്‍, ഒക്ടോബര്‍ തുടങ്ങിയ മാസങ്ങളിലുമാണ്) പയര്‍ വര്‍ഗ്ഗങ്ങള്‍ കൃഷി ചെയ്യുന്നത്. സംസ്ഥാനത്ത് പയര്‍ വര്‍ഗ്ഗങ്ങളുടെ കൃഷിയിട വിസ്തീര്‍ണ്ണം കുറയുന്ന അവസ്ഥയാണ് കണ്ട് വരുന്നത്. 1975-76 ല്‍ തുവരപരിപ്പ് ഉള്‍പ്പെടെ പയര്‍ വര്‍ഗ്ഗങ്ങള്‍ കൃഷി ചെയ്തിരുന്നത് 37,485 ഹെക്ടറില്‍ ആയിരുന്നത് 2015-16 ആയപ്പോള്‍ കുറഞ്ഞ് 3,764 ഹെക്ടര്‍ ആയി. തുവരപരിപ്പ് കൂടാതെ വന്‍പയര്‍, ഉഴുന്ന്, മുതിര, ചെറുപയര്‍ എന്നിവയും കേരളത്തില്‍ വളരുന്ന പ്രധാന പയര്‍ വര്‍ഗ്ഗങ്ങളാണ്. പാലക്കാട് ജില്ലയിലാണ് പയര്‍ വര്‍ഗ്ഗങ്ങളുടേയും തുവരപരിപ്പിന്റേയും പ്രധാന ഉല്പാദനം. സംസ്ഥാനത്തെ മൊത്തം പയര്‍ വര്‍ഗ്ഗങ്ങളുടെ ഉല്പാദനത്തില്‍ 30 ശതമാനവും നല്‍കുന്നത് പാലക്കാട് ജില്ലയില്‍ നിന്നുമാണ്. പയര്‍ വര്‍ഗ്ഗങ്ങളുടെ ഉല്പാദനത്തില്‍ ഏറ്റവും കൂടുതല്‍ വര്‍ദ്ധനവ് കാണിച്ച വര്‍ഷമാണ് 2005-06. സംസ്ഥാനത്തിലെ പയര്‍ വര്‍ഗ്ഗങ്ങളുടെ ഉല്പാദനം വര്‍ദ്ധിപ്പിക്കുന്നതിന് കൂടുതല്‍ കാര്യക്ഷമമായ നടപടികള്‍ ആവശ്യമാണ്. അനുബന്ധം 2.15, അനുബന്ധം 2.16
ഗാര്‍ഹികതലത്തിലും സമൂഹത്തിലും ഭക്ഷ്യസുരക്ഷ ലക്ഷ്യമാക്കിയുള്ള കുടുംബശ്രീയുടെ ഒരു പ്രധാന പ്രവര്‍ത്ത മേഖലയാണു കൂട്ടുകൃഷി. നെല്ല്, പച്ചക്കറികള്‍, വാഴ, കൈതച്ചക്ക, കിഴങ്ങുവര്‍ഗം എന്നിവയാണു മുഖ്യമായും കൃഷി ചെയ്യുന്ന വിളകള്‍. 2013-14 –ല്‍ നെല്ല് 15078.60 ഹെക്ടറിലും, പച്ചക്കറികള്‍ 12555.60 ഹെക്ടറിലും മറ്റു വിളകള്‍ (വാഴ, കൈതച്ചക്ക, കിഴങ്ങുവര്‍ഗം) 22476.20 ഹെക്ടറിലും കൃഷിചെയ്തിട്ടുണ്ടു്. വിശദാംശങ്ങള്‍ അനുബന്ധം 2.17 ല്‍ കൊടുത്തിരിക്കുന്നു. കാര്‍ഷികവൃത്തിയില്‍ വ്യാപരിച്ചിരിക്കുന്ന സ്ത്രീസമൂഹങ്ങളുടെ ജീവനോപാധികള്‍ മെച്ചപ്പെടുത്തുന്നതിന് ബാങ്കിംഗ് സൗകര്യങ്ങളുടെ ലഘൂകരണം, സാങ്കേതിക വിദ്യയുടെ പിന്തുണ മുതലായ കൈത്താങ്ങുകള്‍ ആവശ്യമാണ്.
കാര്‍ഷിക മേഖലയില്‍ നിലവിലുള്ള ഉല്പാദനക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനു വേണ്ടി നടപ്പിലാക്കേണ്ട തന്ത്രങ്ങള്‍, ഊന്നല്‍ നല്‍കേണ്ട മേഖലകള്‍ എന്നിവകേന്ദ്രീകരിച്ചാണ് 2016-17 ലെ പദ്ധതികള്‍ തയ്യാറാക്കിയിട്ടുള്ളത്. കാര്‍ഷിക മേഖല മെച്ചപ്പെടുത്തുന്നതിനായി 2016-17 ല്‍ കൃഷി വകുപ്പ് ഏറ്റെടുത്തിട്ടുള്ള പ്രധാന പ്രവര്‍ത്തനങ്ങളില്‍ നെല്‍കൃഷി വികസനത്തിനും പച്ചക്കറി ഉല്പാദനം വര്‍ദ്ധിപ്പിച്ച് സ്വയം പര്യാപ്തത കൈവരിക്കുന്നതിനായി സംയോജിത രീതിയില്‍ പദ്ധതി അടിസ്ഥാനമാക്കിയുള്ള പരിപാടികള്‍, നിലവിലുള്ള ഫാമുകളുടേയും ലാബുകളുടെയും ആധുനീകവത്ക്കരണവും പുതിയ ലാബുകള്‍ സ്ഥാപിക്കലും, വിപണനത്തിനായുള്ള സ്ഥാപന സംവിധാനം, ആദ്യഘട്ടമെന്ന നിലയില്‍ പച്ചക്കറി വികസനത്തിനായി കര്‍ഷകവിപണികളുടെ വികസനവും കര്‍ഷക മാളുകള്‍ സ്ഥാപിക്കുന്നതിന് ഊന്നല്‍ നല്‍കലും, ഗുണമേന്മയുള്ള നടീല്‍ വസ്തുക്കളുടെ ഉല്പാദനവും വിതരണവും, ജനപങ്കാളിത്തത്തോടെയുള്ള സമഗ്ര തരിശുനില കൃഷി, വിജ്ഞാന വ്യാപന പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുക, ആത്മപ്ലസ് മാതൃകയിലുള്ള വിജ്ഞാന വ്യാപനം, സുഗന്ധവിളകളുടെ പുനരുജ്ജീവനം, കീടരോഗ നിരീക്ഷണം ഉള്‍പ്പെടുന്ന വിളആരോഗ്യ പരിപാലനം, സുരക്ഷിതവും ഭക്ഷ്യയോഗ്യവുമായ ഭക്ഷ്യഉല്പാദനം, വിള ഇന്‍ഷ്വറന്‍സ്, മെച്ചപ്പെട്ട സേവന വിതരണത്തിനായി 20 പുതിയ കാര്‍ഷിക സേവനകേന്ദ്രങ്ങള്‍ സ്ഥാപിക്കുകയും നിലവിലുള്ളവയുടെ ശക്തിപ്പെടുത്തലും, കുരുമുളകിന്റെ പുനരുജ്ജീവനം, വയനാട്, കാസര്‍ഗോഡ് എന്നീ ജില്ലകളിലെ കാര്‍ഷിക പ്രതിസന്ധി നേരിടുന്നതിനായി പ്രത്യേക പദ്ധതികള്‍ എന്നിവ ഉള്‍പ്പെടുത്തിയിരിക്കുന്നു. 2016-17 ല്‍ ഭക്ഷ്യവിളകളുടെ ഉല്പാദനം, മാലിന്യനിര്‍മ്മാര്‍ജ്ജനം, ജലവിഭവങ്ങളുടെ സംരക്ഷണവും വികസനവും എന്നിവയ്ക്ക് ഊന്നല്‍ നല്‍കി കൊണ്ടുള്ള ഹരിതകേരളം പരിപാടിക്ക് തുടക്കം കുറിച്ചിട്ടുണ്ടു്.
2015-16 വാര്‍ഷിക പദ്ധതിയില്‍ കൃഷി വകുപ്പിന് സംസ്ഥാന വിഹിതമായി വകയിരുത്തിയിരുന്ന 474.93 കോടി രൂപയില്‍, വയനാട് പാക്കേജ് ഉള്‍പ്പെടെ 449.14 കോടി രൂപ (95 ശതമാനം) ചെലവഴിച്ചിട്ടുണ്ടു്. കൃഷി വകുപ്പിന്റെ 2015-16 ലെ മുഖ്യ നേട്ടങ്ങള്‍ ഇനി പറയുന്നവയാണ്.
കേന്ദ്രാവിഷ്കൃത പദ്ധതിയായ ദേശീയ ഹോര്‍ട്ടീകള്‍ച്ചര്‍ മിഷന്റെ പരിപാടികള്‍ സംസ്ഥാനത്ത് നടപ്പിലാക്കുന്നതിനു വേണ്ടി 85 ശതമാനംകേന്ദ്രവിഹിതവും 15 ശതമാനം സംസ്ഥാനവിഹിതത്തോടും കൂടി 2005 ല്‍ രൂപീകരിച്ചിട്ടുള്ളതാണ് സംസ്ഥാന ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍. 2014-15 മുതല്‍ ഹോര്‍ട്ടീക്കള്‍ച്ചറിനായുള്ള സംയോജിത വികസന മിഷന്‍(മിഷന്‍ ഫോര്‍ ഇന്റഗ്രേറ്റഡ് ഡെവലപ്മെന്റ് ഫോര്‍ ഹോര്‍ട്ടിക്കള്‍ച്ചര്‍) എന്ന പേരില്‍ ഈ പദ്ധതിയെ പുനര്‍രൂപീകരിക്കുകയും ചെയ്തിട്ടുണ്ടു്. 2015-16 ല്‍കേന്ദ്രഗവണ്‍മെന്റ് ഈ പദ്ധതിയുടെ വിഹിതം വകയിരുത്തുന്ന രീതികേന്ദ്രവിഹിതം 60 ശതമാനം, സംസ്ഥാന വിഹിതം 40 ശതമാനം എന്ന രീതിയില്‍ മാറ്റം വരുത്തിയിട്ടുണ്ടു്. പഴവര്‍ഗങ്ങള്‍, തോട്ടവിളകള്‍, സുഗന്ധവ്യഞ്ജനങ്ങള്‍, പുഷ്പങ്ങള്‍, സുഗന്ധമുള്ളതും, ഔഷധഗുണമുള്ളതുമായ സസ്യങ്ങള്‍, കൂണുകള്‍ എന്നിവയുടെ സമഗ്രവികസനമാണ് ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്റെ ഉദ്ദേശ്യം. ഉല്പാദനവും ഉല്പാദനക്ഷമതയും വര്‍ദ്ധിപ്പിക്കുക, വിളവെടുപ്പിന് ശേഷമുള്ള പരിപാലനം, വിപണനം, എന്നിവയ്ക്കായുള്ള പദ്ധതികളാണ് പ്രധാനമായും മിഷന്‍ നടപ്പിലാക്കുന്നതു്.
2012-13 മുതല്‍ 2016-17 (30.09.2016) വരെകേന്ദ്രവിഹിതമായി 140 കോടി രൂപയും സംസ്ഥാന വിഹിതമായി 29.83 കോടി രൂപയും ഉള്‍പ്പെടെ മൊത്തം 169.83 കോടി രൂപ എസ്.എച്ച്.എം ന് അനുവദിക്കുകയുണ്ടായി. മു൯വര്‍ഷങ്ങളിലെ ചെലവഴിക്കാത്ത തുക ഉള്‍പ്പെടെ 176.39 കോടി രൂപ ഈ കാലയളവില്‍ ചെലവഴിച്ചിട്ടുണ്ട്. 2015-16 ല്‍കേന്ദ്രവിഹിതമായി 25 കോടി ഉള്‍പ്പെടെ ആകെ 30.21 കോടി രൂപ അനുവദിച്ചിട്ടുണ്ടു്. മൊത്തം ചെലവഴിച്ച തുക 45.42 കോടി രൂപയാണ്. ഗുണനിലവാരമുള്ള വിത്തുകളുടെയും നടീല്‍ വസ്തുക്കളുടെയും ഉല്പാദനത്തിനും വിതരണത്തിനുമായി നഴ്സറികള്‍ സ്ഥാപിക്കുക, പുതിയ തോട്ടങ്ങള്‍ സ്ഥാപിക്കുക, ഉല്‍പ്പന്നങ്ങള്‍ തരം തിരിക്കുന്നതിനും ഗ്രേഡ് ചെയ്യുന്നതിനും ഉള്ള യൂണിറ്റുകള്‍, ശീതീകരണ യൂണിറ്റുകള്‍, ഗ്രാമീണ വിപണികള്‍ എന്നിവ സ്ഥാപിക്കുക, മൊത്ത വിപണികളുടെ ശാക്തീകരണം, വിപണികളുടെ വിവരശേഖരണത്തിനും ഗുണനിലവാരത്തെ സംബന്ധിച്ചും, പുതിയതും സംസ്ക്കരിച്ചതും ആയ ഭക്ഷ്യവസ്തുക്കളുടെ വിപണനം സംബന്ധിച്ചുമുള്ള വിജ്ഞാന വ്യാപനം എന്നിവ പ്രധാന പ്രവര്‍ത്തനങ്ങളില്‍പ്പെടും.
നിര്‍ദിഷ്ട നേട്ടങ്ങള്‍ കൈവരിക്കുന്നതിന് പ്രോജക്ട് അധിഷ്ഠിത മോണിറ്ററിംഗ് സംവിധാനത്തിനു രൂപം നല്‍കേണ്ടിയിരിക്കുന്നു. നിരവധി ഗവണ്മെന്റേതര സ്ഥാപനങ്ങള്‍ക്കും സ്വകാര്യമേഖലയ്ക്കും പങ്കാളിത്തമുള്ള ഈ പ്രോജക്ടിനു കൂടുതല്‍ മേല്‍നോട്ടം ആവശ്യമാണ്. വിള മെച്ചപ്പെടുത്തുന്നതിന് സംസ്ഥാന പദ്ധതികളും, ആര്‍. കെ. വി. വൈ പദ്ധതികളും ഏകോപിച്ചുള്ള പദ്ധതികള്‍ ആവശ്യമാണ്.
2001 ല്‍ രൂപീകരിച്ചിട്ടുള്ള വെജിറ്റബിള്‍ ആന്റ് ഫ്രൂട്ട് പ്രൊമോഷന്‍ കൗണ്‍സില്‍ (വി.എഫ്.പി.സി.കെ)കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ ധനസഹായത്തോടെ പഴവര്‍ഗ്ഗങ്ങളുടേയും പച്ചക്കറികളുടേയും വിവിധ പദ്ധതികള്‍ നടപ്പിലാക്കി വരുന്നു. കൗണ്‍സിലിന്റെ പ്രധാന പ്രവര്‍ത്തനങ്ങള്‍ സ്വയം സഹായ സംഘങ്ങള്‍(എസ്.എച്ച്.ജി) രൂപീകരിക്കുക, പങ്കാളിത്ത ഗ്യാരന്റീ സമ്പ്രദായം(പി.ജി.എസ്) സംബന്ധിച്ച ബോധവത്ക്കരണം നല്‍കുക, പങ്കാളിത്ത സാങ്കേതിക വികസനം സംബന്ധിച്ച പ്രചരണം നടത്തുക, ക്യാമ്പെയിനുകല്‍/പരിശീലനപരിപാടികള്‍/കാര്യശേഷി വര്‍ദ്ധനവ് പരിപാടികള്‍ സംഘടിപ്പിക്കുക, ഗുണമേന്മയുള്ള വിത്തുകളുടേയും നടീൽവസ്തുക്കളുടേയും ഉല്‍പ്പാദനം, പങ്കാളിത്ത വായ്പാ സഹായവും ഇന്‍ഷ്വറന്‍സ് സഹായവും, ഗ്രൂപ്പ് മാര്‍ക്കറ്റിംഗ്, നഗരപ്രദേശങ്ങളില്‍ പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കുന്നതിനായുള്ള ഹരിതനഗരി പരിപാടി തുടങ്ങിയവയാണ്.
പഴവര്‍ഗങ്ങളുടെയും പച്ചക്കറികളുടെയും ഉല്പാദനം പ്രോത്സാഹിപ്പിക്കുന്നതിനായി 2015-16-ല്‍ 6264 കര്‍ഷകരെ ഉള്‍പ്പെടുത്തി 220 പുതിയ സ്വയം സഹായ സംഘങ്ങള്‍ (SHG) രൂപീകരിച്ചു. ഇതോടെ രജിസ്റ്റര്‍ ചെയ്ത കര്‍ഷകരുടെ എണ്ണം 1,85,437ഉം- സ്വയം സഹായ സംഘങ്ങളുടെ എണ്ണം 9434 ഉം ആയി. 2015-16 ല്‍ 4പുതിയ കര്‍ഷക വിപണികളും 12 സംഭരണകേന്ദ്രങ്ങളും ആരംഭിച്ചു. ഇതോടെ നിലവില്‍ 274 സ്വാശ്രയ കര്‍ഷക സമിതികളും 167 സംഭരണകേന്ദ്രങ്ങളും കൗണ്‍സിലിന്റെ കീഴിലുണ്ടു്. 2015-16 ല്‍ ഈ സ്വാശ്രയ കര്‍ഷക സമിതിയിലൂടെ 230 കോടി രൂപയുടെ 1,02,467 മെട്രിക് ടണ്ണും, 2016 സെപ്റ്റംബര്‍ വരെ 180 കോടി രൂപയുടെ 83,473 മെട്രിക് ടണ്ണും, പഴങ്ങളും പച്ചക്കറികളും വിപണനം നടത്തിയിട്ടുണ്ടു്. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്, പത്തനംതിട്ട ജില്ലകളില്‍ ആരംഭിച്ചിട്ടുള്ള കട്ട് വെജിറ്റബിള്‍ യൂണിറ്റിലൂടെ പൊതു ജനങ്ങള്‍ക്ക് പെട്ടെന്ന് പാചകം ചെയ്യാന്‍ തരത്തിലുള്ള(Ready to cook) പച്ചക്കറി പാക്കറ്റുകള്‍ ലഭിക്കുന്നുണ്ടു്. വീട്ടു വളപ്പിലെ കൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി 65.15 ലക്ഷം പച്ചക്കറി തൈകളും 5.57 ലക്ഷം ടിഷ്യൂക്കള്‍ച്ചര്‍ വാഴകളും, 9 ലക്ഷം പഴവര്‍ഗ്ഗങ്ങളുടെ ഗ്രാഫ്റ്റുകളും ഉല്‍പ്പാദിപ്പിച്ച് വിതരണം നടത്തിയിട്ടുണ്ടു്. കാര്‍ഷിക വായ്പയായി 70.06 കോടി രൂപ 9187 കര്‍ഷകര്‍ക്ക് വിതരണം ചെയ്തു. വിള ഇന്‍ഷ്വറന്‍സില്‍ ആകെ 25.11 ലക്ഷം വാഴകളും 800 ഹെക്ടറില്‍ കൃഷി ചെയ്തിട്ടുള്ള പച്ചക്കറികളും ഉള്‍പ്പെടുത്തി കര്‍ഷകര്‍ക്ക് നഷ്ടപരിഹാരമായി 69.31 ലക്ഷം രൂപ വിതരണം ചെയ്തു.
2015-16 ല്‍ കൗണ്‍സിലിന്റെ ഭാഗമായുള്ള കര്‍ഷകര്‍ 18,290 ഹെക്ടറില്‍ പച്ചക്കറികളും, 23,400 ഹെക്ടറില്‍ വാഴയും, 3264 ഹെക്ടറില്‍ കിഴങ്ങു വര്‍ഗ്ഗങ്ങളും കൃഷി ചെയ്തിട്ടുണ്ടു്. ഈ കാലയളവിലെ മൊത്തം ഉല്‍പ്പാദനം പച്ചക്കറികള്‍(1.84 ലക്ഷം മെട്രിക് ടണ്‍) നേന്ത്രപ്പഴം(2.81 ലക്ഷം മെട്രിക് ടണ്‍), കിഴങ്ങു വര്‍ഗ്ഗങ്ങള്‍(37,339 മെട്രിക് ടണ്‍) എന്ന നിരക്കിലാണ്. വാഴക്കൃഷിയുടെ വിസ്തൃതി 2015-16 ല്‍ മു൯വര്‍ഷത്തേക്കാള്‍ 712 ഹെക്ടര്‍ വര്‍ദ്ധിച്ചുവെങ്കിലും ഉല്പാദനം 13,000 മെട്രിക് ടണ്‍ കുറഞ്ഞതായിട്ടാണ് കാണുന്നത്. 2015-16 ല്‍ പച്ചക്കറികളുടെ വിസ്തൃതിയും ഉല്പാദനവും മു൯വര്‍ഷത്തേക്കാള്‍ യഥാക്രമം 1923 ഹെക്ടറും 38,000 മെട്രിക് ടണ്ണും കുറഞ്ഞിട്ടുണ്ടു്. 2015-16 ല്‍ കിഴങ്ങുവര്‍ഗ്ഗങ്ങളുടെ വിസ്തൃതിയും ഉല്പാദനവും 2014-15 നേക്കാള്‍ വര്‍ദ്ധിച്ചിട്ടുണ്ടു്.
പങ്കാളിത്ത ഗ്യാരന്റീ സമ്പ്രദായത്തോടെയുള്ള പച്ചക്കറികൃഷി വ്യാപിപ്പിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനും 1200 കര്‍ഷകര്‍ ചേര്‍ന്നുള്ള 175 ഗ്രൂപ്പുകള്‍ രൂപീകരിച്ചിട്ടുണ്ടു്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി സ്ഥാപിച്ചിട്ടുള്ള 26 ഓട്ടോമാറ്റിക് വെതര്‍ സ്റ്റേഷനുകളിലൂടെ കര്‍ഷകരുടെ പങ്കാളിത്തത്തോടെ കാര്‍ഷിക കാലാവസ്ഥ ഡാറ്റകള്‍ ശേഖരിക്കുന്നുണ്ടു്. പച്ചക്കറി വികസന പരിപാടിയുടെ ഭാഗമായി വീട്ടുവളപ്പിലെ കൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി തൈകള്‍ പിടിപ്പിച്ച 25 ഗ്രോ ബാഗുകള്‍ വീതം 5853 ഗുണഭോക്താക്കള്‍ക്ക് വിതരണം നടത്തി. കേരളത്തിലെ പഴങ്ങളുടേയും പച്ചക്കറികളുടേയും പി.ജി.എസ് ജൈവ സര്‍ട്ടിഫിക്കേഷനായുള്ള റീജിയണല്‍ കൗണ്‍സില്‍ ആയി വി.എഫ്.പി.സി.കെ ചുമതലപ്പെടുത്തിയിട്ടുണ്ടു്. ഈ കാലയളവില്‍ ജൈവകൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി പങ്കാളിത്ത ഗ്യാരന്റീ സമ്പ്രദായം സംബന്ധിച്ച ബോധവത്ക്കരണം 1000 ഏക്കറിലായി കൃഷി ചെയ്യുന്ന 1500 കര്‍ഷകര്‍ ഉള്‍പ്പെടുന്ന 200 പ്രാദേശിക ഗ്രൂപ്പുകള്‍ വഴി നടപ്പിലാക്കിയിട്ടുണ്ടു്. മണ്ണ് പരിശോധനാ ഫലം അടിസ്ഥാനമാക്കി 20 പ്രദര്‍ശനങ്ങള്‍ നടത്തിയിട്ടുണ്ടു്. തിരവനന്തപുരത്തും കാസര്‍ഗോഡും കൃഷി ബിസിനസ്സ്കേന്ദ്രങ്ങള്‍ ആരംഭിച്ചു. മലപ്പുറം ജില്ലയിലെ തിരുവാളിയിലുള്ള മണ്ണ് പരിശോധനാ ലാബിന്റെ നിര്‍മ്മാണം ആരംഭിക്കുകയും ആലപ്പുഴ ജില്ലയിലെ തുറവൂരിലുള്ള മണ്ണ് പരിശോധനാ ലാബിന്റെ നിര്‍മ്മാണം പൂര്‍ത്തിയാകുന്ന ഘട്ടത്തിലുമാണ്.
സംസ്ഥാനങ്ങളുടെ കാര്‍ഷിക കാലാവസ്ഥ, പ്രകൃതി വിഭവങ്ങളിലുള്ള പ്രശ്നങ്ങള്‍, സാങ്കേതിക വിദ്യ എന്നിവ കണക്കിലെടുത്തു കൊണ്ടു് കന്നുകാലി/ കോഴി വളര്‍ത്തല്‍/ മത്സ്യ മേഖലകള്‍ സംയോജിപ്പിച്ച് കൊണ്ടു് കാര്‍ഷിക മേഖലയില്‍ കൂടുതല്‍ സമഗ്രമായ ഒരു പദ്ധതി തയ്യാറാക്കുന്നതിന്കേന്ദ്രഗവണ്‍മെന്റിന്റെ അധികകേന്ദ്രസഹായത്തിന്‍ കീഴില്‍ 2007-08 ല്‍ ആരംഭിച്ച പദ്ധതിയാണിത്. 11ം പദ്ധതിക്കാലത്ത്കേന്ദ്രഗവണ്‍മെന്റ് വിവിധ സംസ്ഥാനങ്ങള്‍ക്കായി 22408.76 കോടി രൂപ അനുവദിച്ചതില്‍ 21,586.60 കോടി രൂപ 5768 പ്രോജക്ടുകള്‍ നടപ്പിലാക്കുന്നതിനായി ചെലവഴിച്ചിട്ടുണ്ടു്. വിളവികസനം, ഹോര്‍ട്ടീക്കള്‍ച്ചര്‍, കാര്‍ഷികയന്ത്രവത്ക്കരണം, പ്രകൃതിവിഭവ പരിപാലനം, വിപണനവും വിളവെടുപ്പിന് ശേഷമുള്ള പരിപാലനവും, മൃഗസംരക്ഷണം, ക്ഷീരവികസനം, മത്സ്യവികസനം, വിജ്ഞാനവ്യാപന പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവയ്ക്കായിട്ടാണ് തുക ചെലവഴിച്ചിട്ടുള്ളത്. 2014-15 വരെ 100 ശതമാനംകേന്ദ്രാവിഷ്കൃത പദ്ധതിയായിട്ടാണ് ഈ പരിപാടി നടപ്പിലാക്കി വന്നത്. 2015-16 മുതല്‍ ഈ പദ്ധതിയുടെകേന്ദ്രസംസ്ഥാന വിഹിതം 60:40 എന്ന അനുപാതത്തിലാണ്.
2007-08 മുതല്‍ 2015-16 വരെ മൊത്തം 1216 പ്രോജക്ടുകള്‍ക്കായി 1876.94 കോടി രൂപ ഈ പദ്ധതിക്കായി സംസ്ഥാനത്തിന് അനുവദിച്ചിട്ടുണ്ടു്. ഇതില്‍ 1001 പ്രോജക്ടുകള്‍ പൂര്‍ത്തിയായിട്ടുണ്ടു്. ഇതില്‍ 1489.68 കോടി രൂപകേന്ദ്രഗവണ്‍മെന്റ് വിതരണം ചെയ്തതില്‍, 1424.61 കോടി രൂപ(96 ശതമാനം) ചിലവഴിച്ചിട്ടുണ്ടു്. 2015-16 ല്‍ 321.40 കോടി രൂപ ബഡ്ജറ്റ് വിഹിതമായി വകയിരുത്തിയതില്‍ 150.79കോടി രൂപകേന്ദ്രഗവണ്‍മെന്റ് വിതരണം ചെയ്തു. ഇതില്‍ 2016 മാര്‍ച്ച് മാസം വരെ 100 കോടി രൂപ(66 ശതമാനം) ചിലവഴിച്ചിട്ടുണ്ടു്.
ഈ പദ്ധതിയിന്‍ കീഴില്‍ ധനസഹായത്തിനായി ഉള്‍പ്പെടുത്തിയിരിക്കുന്നതു് വളരെ ചെറിയ വിഹിതമുള്ള കുറേ അധികം പദ്ധതികളാണ്. സ്വാഭാവിക വായു സഞ്ചാരമുള്ള ഹരിതഗൃഹ സാങ്കേതിക വിദ്യ സ്വായത്തമാക്കല്‍, സൂക്ഷ്മ കൃഷി സാങ്കേതികവിദ്യ സ്വായത്തമാക്കല്‍, കൂണ്‍കൃഷി യൂണിറ്റുകള്‍ സ്ഥാപിക്കുക, ഇടുക്കി ജില്ലയില്‍ സമശീതോഷ്ണമേഖലയിലെ പഴവര്‍ഗ വിളകള്‍ പ്രചരിപ്പിക്കുക, കാന്തളൂരിലും വട്ടവടയിലും ശീതകാല പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കുക തുടങ്ങിയ പദ്ധതികളാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. കൂടുതല്‍ ഊന്നല്‍ നല്‍കേണ്ട മേഖലകളും വിപുലമായ പദ്ധതികളും ആര്‍.കെ.വി.വൈ യിലൂടെയുള്ള സഹായത്തിനായി കണ്ടെത്തേണ്ടതാണ്. സംസ്ഥാന പദ്ധതിയും ആര്‍. കെ. വി. വൈ പദ്ധതിയുമായി ബന്ധിപ്പിക്കുന്നതില്‍ കൂടുതല്‍ സമഗ്ര സമീപനം ആവശ്യമാണ്. വിശദാംശങ്ങള്‍ അനുബന്ധം 2.18 ല്‍ കാണാം.
പന്ത്രണ്ടാം പദ്ധതിയില്‍ പച്ചക്കറി വികസന പദ്ധതിയുടെ സമീപനത്തിലും തന്ത്രങ്ങള്‍ ആവിഷ്ക്കരിക്കുന്നതിലും ഒരു പുനകേന്ദ്രീകരണവും പുനക്രമീകരണവും നടപ്പിലാക്കിയിട്ടുണ്ടു്. ഇതിന്‍പ്രകാരം 2012-13 ല്‍ കൃഷി വകുപ്പ് പച്ചക്കറി വികസനത്തിനായി ഒരു ബൃഹദ് പ്രോജക്ട് തയ്യാറാക്കുകയുണ്ടായി. ഗ്രാമ പഞ്ചായത്തു തലത്തില്‍ നിര്‍ദിഷ്ട ലക്ഷ്യം കൈവരിക്കുന്നതിനുതകുന്ന സമഗ്ര സമീപനം ഉള്‍പ്പെടുന്ന വളരെ കൃത്യമായ തത്വത്തോടെയും ദൌത്യ സമ്പ്രദായ സമീപനത്തോടെയും ഉള്ളതായിരുന്നു ഈ പ്രോജക്ട്. കൃഷിയുടെ തത്വങ്ങള്‍ക്കധിഷ്ടിതമായ സമഗ്ര പോഷണ പരിപാലനവും കീട പരിപാലനവും ശുപാര്‍ശ ചെയ്തു കൊണ്ടും ഉല്‍പ്പാദകരുടേയും ഉപഭോക്താക്കളുടേയും ആരോഗ്യം സംരക്ഷിച്ചു കൊണ്ട് പച്ചക്കറി കൃഷിയുടെ വിസ്തൃതിയും ഉല്പാദനവും വര്‍ദ്ധിപ്പിക്കുന്നതിനുള്ള സുസ്ഥിര പച്ചക്കറി കൃഷിയാണ് ഇതിലൂടെ ഉദ്ദേശിച്ചിട്ടുള്ളത്. 2015-16 ല്‍ കൃഷി വകുപ്പ് മുഖേനയുള്ള പച്ചക്കറി വികസന പരിപാടിക്കായി വകയിരുത്തിയിരുന്ന 64 കോടി രൂപയില്‍ 54.75 കോടി രൂപ(86 ശതമാനം) ചിലവഴിച്ചിട്ടുണ്ടു്. 2016-17 ല്‍ പച്ചക്കറി വികസനത്തിനായി 68.30 കോടി രൂപ വകയിരുത്തുകയും 2016 ഒക്ടോബര്‍ മാസം വരെ 10.28 കോടി രൂപ (15 ശതമാനം) ചെലവഴിച്ചിട്ടുള്ളതുമാണ്.
സംസ്ഥാനത്തെ ഗവേഷണ സ്ഥാപനങ്ങളുടേയും കാര്‍ഷിക സർവകലാശാലകളുടേയും കൃഷി വിജ്ഞാനകേന്ദ്രങ്ങളുടേയും സഹായത്തോടെയുളള ലീഡ് ഫാര്‍മര്‍ സെന്റേര്‍ഡ് എക്സ്റ്റന്‍ഷന്‍ അഡ്വൈസറി ഡെലിവറി സർവീസസ്(ലീഡ്സ്), കൃഷി സ്ഥലങ്ങള്‍ സന്ദര്‍ശിച്ചു കൊണ്ടുള്ള വിജ്ഞാന വ്യാപന സംവിധാനം കൊല്ലം, കണ്ണൂര്‍, പാലക്കാട്, വയനാട്, തുടങ്ങി 4 ജില്ലകളില്‍ നടപ്പിലാക്കിയിട്ടുണ്ടു്. 798 ലീഡ് കര്‍ഷകരും സാറ്റലൈറ്റ് കര്‍ഷകരും ഈ പരിപാടി പ്രകാരമുള്ള ഉപദേശ സേവനങ്ങള്‍ നല്‍കുന്നുണ്ടു്. 2015-16 ല്‍ ആത്മ പദ്ധതിയിലൂടെ 456 ഫാം സ്കൂളുകള്‍, 1520 പ്രദര്‍ശനങ്ങള്‍, 250 ഫാര്‍മര്‍ ഫീല്‍ഡ് സ്കൂളുകള്‍, 25 സംയോജിത കൃഷി സമ്പ്രദായ മാതൃകകള്‍ എന്നിവ മുഖേന വിജ്ഞാന വ്യാപന പ്രവര്‍ത്തനങ്ങള്‍ നടത്തുകയുണ്ടായി.
സംസ്ഥാനത്ത് നടപ്പിലാക്കി വരുന്ന ആത്മ, ലീഡ്സ്,എസ്. ആര്‍. ഇ. പി കണ്ടെത്തിയിട്ടുള്ള പുതിയ പ്രവര്‍ത്തനങ്ങള്‍ എന്നിവ സംയോജിപ്പിച്ചു കൊണ്ടു് 'ആത്മ പ്ലസ്' മാതൃകയിലുള്ള വിജ്ഞാന വ്യാപന സമ്പ്രദായം ആരംഭിച്ചു. സംയോജിത കൃഷി സമ്പ്രദായം പ്രോത്സാഹിപ്പിക്കുക, കര്‍ഷക സാങ്കേതിക വിദ്യാ വികസനം, കര്‍ഷകരുടെ വിജയ ഗാഥകള്‍ തയ്യാറാക്കി പ്രസിദ്ധീകരിക്കല്‍, ഗവേഷണ വിധേയമാക്കേണ്ട വിഷയങ്ങള്‍ കണ്ടെത്തുക എന്നിവ ആരംഭിച്ചിട്ടുണ്ടു്. 14 പഞ്ചായത്തുകളുടെ മാതൃക പഞ്ചായത്ത് വിജ്ഞാന വ്യാപന പദ്ധതി തയ്യാറാക്കുകയും, കര്‍ഷക വിജ്ഞാന വ്യാപന ഓര്‍ഗനൈസേഷനുകള്‍ 14 ബ്ലോക്കുകളില്‍ സ്ഥാപിക്കുകയുണ്ടായി. പ്രതിമാസ സാങ്കേതിക ഉപദേശ സംവിധാനം 14 ജില്ലകളില്‍ കുറ്റമറ്റതാക്കി. വിജ്ഞാന വ്യാപനത്തിനായി എടുത്തു പറയത്തക്ക മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ടെക്നിക്കല്‍ ഉദ്യോഗസ്ഥര്‍ക്ക് ജില്ലാ തലത്തിലും സംസ്ഥാന തലത്തിലും സര്‍ട്ടിഫിക്കറ്റും ക്യാഷ് അവാര്‍ഡും ഉള്‍പ്പെടുന്ന അവാര്‍ഡ് നല്‍കുകയുണ്ടായി. ആത്മ മോഡല്‍ വിജ്ഞാന വ്യാപന പദ്ധതി ശക്തിപ്പെടുത്തുന്നതിനായി ആത്മ പ്ലസ്സിലെ പുതിയ ഘടകങ്ങള്‍ ഈ കാലയളവില്‍ നടപ്പിലാക്കുകയുണ്ടായി. ആത്മ പ്ലസിന്റെ കീഴിലുള്ള എല്ലാ വിജ്ഞാന വ്യാപന പദ്ധതികളും മൃഗസംരക്ഷണം, ക്ഷീരവികസനം, മത്സ്യബന്ധനം എന്നീ മേഖലകളിലെ പദ്ധതികളുമായി കൂടുതല്‍ ഏകോപിപ്പിച്ച് നടപ്പിലാക്കേണ്ടതാവശ്യമാണ്.
2015-16 വര്‍ഷത്തില്‍ സംസ്ഥാന വിള ഇന്‍ഷ്വറന്‍സ് പദ്ധതിയില്‍ 1.46 ലക്ഷം കര്‍ഷകര്‍ അംഗങ്ങളാവുകയും 4324 കര്‍ഷകര്‍ക്കുള്ള ഇന്‍ഷ്വറന്‍സ് തുകയായി 256.88 ലക്ഷം രൂപ വിതരണം നടത്തിയിട്ടുമുണ്ടു്. ദേശീയ വിള ഇന്‍ഷ്വറന്‍സ് പദ്ധതിയുടെ(MNAIS) ഭാഗമായുള്ള പരിഷ്ക്കരിച്ച ദേശീയ കാര്‍ഷിക ഇന്‍ഷുറന്‍സ് പദ്ധതിയിന്‍ കീഴില്‍ നെല്ല്, വാഴ, തോട്ടവിളകള്‍, മരച്ചീനി എന്നിവ കൃഷി ചെയ്യുന്ന 16650 കര്‍ഷകരെ ഉള്‍പ്പെടുത്തുകയും 2538 കര്‍ഷകര്‍ക്കുള്ള ഇന്‍ഷ്വറന്‍സ് തുകയായി 1.19 കോടി രൂപ വിതരണം നടത്തുകയും ചെയ്തിട്ടുണ്ടു്. കാലാവസ്ഥ അടിസ്ഥാനമാക്കിയുള്ള ഇന്‍ഷ്വറന്‍സ് പദ്ധതിയില്‍ 12 വിളകള്‍ക്കായി(നെല്ല്, വാഴ, ഇഞ്ചി, മഞ്ഞള്‍, പൈനാപ്പിള്‍, അടയ്ക്ക, ഏലം, കുരുമുളക്, ജാതി, കരിമ്പ്, മാവ്, കശുമാവ്) 12 ജില്ലകള്‍ തിരഞ്ഞെടുക്കുകയുണ്ടായി. ഈ പദ്ധതിയിന്‍ കീഴില്‍ 26,799 ഹെക്ടര്‍ പ്രദേശത്തുള്ള 34800 കര്‍ഷകര്‍ അംഗങ്ങളാവുകയും, 33270 കര്‍ഷകര്‍ക്കുള്ള ഇന്‍ഷുറന്‍സ് തുകയായി 12.82 കോടി രൂപ ഈ കാലയളവില്‍ വിതരണം ചെയ്യുകയുണ്ടായി.
നാളികേര ഇന്‍ഷ്വറന്‍സ് പദ്ധതി(CPIS) സംസ്ഥാനത്തൊട്ടാകെ നടപ്പിലാക്കുന്നുണ്ടു്. ഈ പദ്ധതിയിന്‍ കീഴില്‍ 2015-16 വര്‍ഷത്തില്‍ 75 ലക്ഷം രൂപ 1453 കര്‍ഷകര്‍ക്കുള്ള ഇന്‍ഷ്വറന്‍സ് തുകയായി വിതരണം ചെയ്തിട്ടുണ്ടു്. ഈ പദ്ധതിയുടെ 25 ശതമാനം പ്രീമിയം തുക കര്‍ഷകരും ബാക്കി തുക നാളികേര വികസന ബോര്‍ഡും (50 ശതമാനം) സംസ്ഥാന ഗവണ്‍മെന്റും (25 ശതമാനം) സബ്സിഡിയായി നല്‍കുന്നു. കാര്‍ഷിക ഇന്‍ഷ്വറന്‍സ് കമ്പനി നടപ്പിലാക്കുന്ന മറ്റ് ഇന്‍ഷ്വറന്‍സ് പരിപാടികള്‍ റബ്ബര്‍ പ്ലാന്റേഷന്‍ ഇന്‍ഷ്വറന്‍സ്(RPI), കാപ്പികൃഷിക്കായുള്ള മഴ ഇന്‍ഷ്വറന്‍സ് പദ്ധതി(RISC) എന്നിവയാണ്. ഇതില്‍ റബ്ബര്‍ പ്ലാന്റേഷന്‍ ഇന്‍ഷ്വറന്‍സ് പദ്ധതിയില്‍ 119 കര്‍ഷകര്‍ക്കായി 40 ലക്ഷം രൂപ നഷ്ടപരിഹാരമായി വിതരണം ചെയ്തു. കാപ്പിയുടെ ഇന്‍ഷ്വറന്‍സ് പദ്ധതിക്ക് കോഫി ബോര്‍ഡ് 10 ഹെക്ടര്‍ വരെ 50 ശതമാനം തുക സബ്സിഡിയായി നല്‍കുന്നുണ്ട്. ഈ പദ്ധതി ഇടുക്കി, വയനാട്, പാലക്കാട് ജില്ലകളില്‍ നടപ്പിലാക്കി വരുന്നു.
ജൈവകൃഷി രാജ്യത്ത് ഉയര്‍ന്ന് വരുന്ന ഒരു മേഖലയാണ്. ജൈവ ഉല്പന്നങ്ങളുടെ കയറ്റുമതി സാധ്യത ലോകത്തങ്ങോളം വര്‍ദ്ധിച്ചു വരികയുമാണ്. ഏറ്റവും പുതിയ കണക്കനുസരിച്ച് (FiBL-IFOAM survey) ലോകത്താകമാനം 172 രാജ്യങ്ങളിലായി സര്‍ട്ടിഫൈ ചെയ്തിട്ടുള്ള ജൈവകൃഷി 2014 ല്‍ 43.7 മില്ല്യണ്‍ ഹെക്ടറാണ്(മാറ്റം ചെയ്യപ്പെട്ട പ്രദേശങ്ങള്‍ ഉള്‍പ്പെടെ). 2013 നേക്കാള്‍ ഇത് 0.6 മില്ല്യണ്‍ ഹെക്ടര്‍ കൂടിയിട്ടുണ്ടു്. ഇത് രാജ്യങ്ങളുടെ മൊത്തം കൃഷി ഭൂമിയുടെ ഒരു ശതമാനമാണ്. 10 ശതമാനത്തില്‍ കൂടുതല്‍ ജൈവകൃഷിഭൂമിയുള്ള 11 രാജ്യങ്ങള്‍ ഉണ്ടു്. ഏറ്റവും കൂടുതല്‍ ജൈവകൃഷി ചെയ്യുന്ന രാജ്യങ്ങള്‍ ആസ്ട്രേലിയ(17.2 മി.ഹെ), അര്‍ജന്റീന(3.1മി.ഹെ), യുണൈറ്റഡ് സ്റ്റേറ്റ്(2.2 മി.ഹെ) എന്നിവയാണ്. വനഭൂമി ഉള്‍പ്പെടെ ഇന്ത്യയിലെ സര്‍ട്ടിഫൈഡ് ജൈവകൃഷി വിസ്തൃതി 2015-16 ല്‍ 9.9 ലക്ഷം ഹെക്ടര്‍ വര്‍ദ്ധിച്ച് 5.71 മില്ല്യണ്‍ ഹെക്ടറായിട്ടുണ്ടു്. 2013-14 ല്‍ ഇത് 4.72 മില്ല്യണ്‍ ഹെക്ടറായിരുന്നു. ഇതില്‍ 26 ശതമാനം കൃഷി ചെയ്യാവുന്ന പ്രദേശവും ബാക്കിയുള്ള 74 ശതമാനം വനപ്രദേശവുമാണ്. മധ്യപ്രദേശ്, ഹിമാചല്‍പ്രദേശ്, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളാണ് സര്‍ട്ടിഫൈഡ് ജൈവകൃഷി വിസ്തൃതിയില്‍ പ്രഥമസ്ഥാനത്ത്. ഇന്ത്യ ഏകദേശം 1.35 മില്ല്യണ്‍ മെട്രിക് ടണ്‍(2015-16) സര്‍ട്ടിഫൈഡ് ജൈവ ഉല്പന്നങ്ങള്‍ ഉല്പാദിപ്പിച്ചിട്ടുണ്ടു്. ഇതില്‍ കരിമ്പ്, എണ്ണക്കുരുക്കള്‍, ഭക്ഷ്യധാന്യങ്ങള്‍, മില്ലറ്റുകള്‍, പരുത്തി, പയർവര്‍ഗ്ഗങ്ങള്‍, ഔഷധസസ്യങ്ങള്‍, തേയില, പഴവര്‍ഗ്ഗങ്ങള്‍, സുഗന്ധവ്യജ്ഞനങ്ങള്‍, ഉണക്കിയ പഴവര്‍ഗ്ഗങ്ങള്‍, പച്ചക്കറികള്‍, കാപ്പി മുതലായവ ഉള്‍പ്പെടുന്നു. ഭക്ഷ്യഉല്പന്നങ്ങളെ കൂടാതെ ജൈവ പരുത്തി നൂല്‍, ഫുഡ് പ്രോഡക്ടുകള്‍ എന്നിവയും ഉല്പാദിപ്പിക്കുന്നുണ്ടു്.
കേരളത്തിലെ ജൈവ കൃഷിയെ സംബന്ധിച്ച നയം, തന്ത്രങ്ങള്‍, വിശദമായ കര്‍മ്മ പദ്ധതി എന്നിവ 2010 ല്‍ പ്രഖ്യാപിച്ചിട്ടുണ്ടു്. കൃഷി വകുപ്പ് കാസര്‍ഗോഡ് ജില്ലയില്‍ ജൈവകൃഷിക്കായുള്ള ഒരു സമഗ്ര പദ്ധതി നടപ്പിലാക്കി വരുന്നുണ്ടു്. ഈ പദ്ധതി മറ്റ് ജില്ലകളിലെ സാധ്യതാ പ്രദേശങ്ങളിലും വ്യാപിപ്പിക്കുവാന്‍ ഉദ്ദേശിച്ചിട്ടുണ്ടു്. ഈ പദ്ധതിയിന്‍ കീഴില്‍ 100 മണ്ണിര കമ്പോസ്റ്റ് യൂണിറ്റുകള്‍, 625 റൂറല്‍ കമ്പോസ്റ്റ് യൂണിറ്റുകള്‍, 30 പ്രദര്‍ശന തോട്ടങ്ങള്‍, 13 ജില്ലകളിലായി 42 ഇക്കോഷോപ്പുകള്‍ എന്നിവ സ്ഥാപിച്ചിട്ടുണ്ടു്. നിലവിലുള്ള 200 ക്ലസ്റ്ററുകള്‍ ശക്തിപ്പെടുത്തുകയും പുതുതായി 50 ക്ലസ്റ്ററുകള്‍ രൂപീകരിക്കുകയും ചെയ്തിട്ടുണ്ടു്. 2015-16 ല്‍ സംസ്ഥാന ഹോര്‍ട്ടിക്കള്‍ച്ചര്‍ മിഷന്‍ ജൈവകൃഷി പദ്ധതിയിന്‍ കീഴില്‍ 339 മണ്ണിര കമ്പോസ്റ്റ് യൂണിറ്റുകള്‍ സ്ഥാപിക്കുകയും 3000 ഹെക്ടര്‍ പ്രദേശം ജൈവകൃഷി സര്‍ട്ടിഫിക്കേഷന്‍ നടത്തുകയും ചെയ്തിട്ടുണ്ടു്.
2010ലെ ജൈവകൃഷി നയത്തില്‍ പ്രതിപാദിച്ചിട്ടുള്ളത് പ്രകാരം ജൈവകൃഷി രീതി നടപ്പാക്കിയതിലൂടെ സംസ്ഥാനത്തെ കര്‍ഷകര്‍ക്കുണ്ടായിട്ടുള്ള നേട്ടം, സാമ്പത്തികവും പാരിസ്ഥിതികവുമായ അവസ്ഥ എന്നിവ സംബന്ധിച്ച് സമഗ്രമായ വിശകലനം നടത്തി ആവശ്യമുള്ള മാറ്റങ്ങള്‍ക്കനുസരിച്ച് അനുയോജ്യമായ തന്ത്രങ്ങളും കര്‍മ്മപദ്ധതികളും തയ്യാറാക്കി സംസ്ഥാനത്ത് ജൈവകൃഷി കൂടുതല്‍ പ്രോത്സാഹിപ്പിക്കാവുന്നതാണ്. പങ്കാളിത്ത ഗ്യാരന്റീ സമ്പ്രദായം ശക്തിപ്പെടുത്തല്‍, ഉത്തമ കൃഷി മുറകള്‍, ഗുണനിലവാര നിയന്ത്രണ ലാബുകള്‍, സര്‍ട്ടിഫിക്കേഷന്‍, ഇന്‍സന്റീവ് സമ്പ്രദായം എന്നിവ കണക്കിലെടുത്ത് കൊണ്ടു് സംസ്ഥാനത്ത് ജൈവവും പ്രകൃതി സൗഹൃദവുമായ കൃഷി രീതികള്‍ക്ക് പ്രോത്സാഹനം നല്‍കാവുന്നതാണ്.
കേരളത്തില്‍ വളത്തിന്റെ ഉപഭോഗവും കാര്‍ഷിക ഉല്പാദനോപാധികളുടെ ശരാശരി വിലയും സംബന്ധിച്ച വിശദാംശങ്ങള്‍ അനുബന്ധം 2.19, അനുബന്ധം 2.20 ലും കാര്‍ഷിക വികസനത്തിന്റെ തിരഞ്ഞെടുത്ത സൂചികകള്‍ അനുബന്ധം 2.21 ലും കൊടുത്തിരിക്കുന്നു.
നല്ല സസ്യ സംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ (ജി.പി.പി.പി) കൂടി സുസ്ഥിര ജൈവ വ്യവസ്ഥയും ജനങ്ങളുടെ ആരോഗ്യവും സംരക്ഷിക്കുന്നതിന് ഉതകുന്ന തരത്തില്‍ വിള ആരോഗ്യ പരിപാലനത്തിനായുള്ള ഒരു പുതിയ സമീപനം 2013-14 ല്‍ ആരംഭിക്കുകയുണ്ടായി. കീടരോഗ നിരീക്ഷണ സംവിധാനത്തിന്റെ വികസനം, വിസ്തൃത സംയോജിത കീടരോഗ പരിപാലനത്തിന്റെ പ്രദര്‍ശനങ്ങള്‍, സസ്യ ആരോഗ്യ ക്ലിനിക്കുകളും ബയോകണ്‍ട്രോള്‍ ലബോറട്ടറികളും സ്ഥാപിക്കുക, പാരസൈറ്റ് ബ്രീഡിംഗ് സ്റ്റേഷനുകള്‍ സ്ഥാപിക്കുക എന്നിവയാണ് ഇതിന്റെ മുഖ്യ ഘടകങ്ങള്‍. 2015-16 ല്‍ 3396 കീടനിരീക്ഷണ യൂണിറ്റുകള്‍ ആരംഭിക്കുകയും ഇതിലൂടെയുള്ള റിപ്പോര്‍ട്ടുകള്‍ ഐ.ഐ.ഐ.റ്റി.എം.കെ മുഖേന ഓണ്‍ലൈനായി അപ്ഡേറ്റ് ചെയ്യുകയും, 32 പ്ലാന്റ് ഹെല്‍ത്ത് ക്ലിനിക്കുകള്‍ സ്ഥാപിക്കുകയും, എലിനിയന്ത്രണ ക്യാമ്പെയിന്‍ ഉള്‍പ്പെടെ 1132 ബോധവല്‍ക്കരണ ക്ലാസ്സുകളും ശില്പശാലകളും സംഘടിപ്പിക്കുകയുമുണ്ടായി. കീടരോഗ നിരീക്ഷണ പ്രോജക്ടിന്റെ ഭാഗമായി ജില്ലാ ഡയഗ്നോസ്റ്റിക് സംഘത്തെ രൂപീകരിച്ചിട്ടുണ്ടു്. കൃഷി വകുപ്പിലെ ടെക്നിക്കല്‍ ഉദ്ദ്യോഗസ്ഥര്‍ക്കായി പ്ലാന്റ് ഹെല്‍ത്ത് മാനേജ്മെന്റില്‍ പി. ജി. ഡിപ്ലോമ കോഴ്സ് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പ്ലാന്റ് ഹെല്‍ത്ത് മാനേജ്മെന്റ് (എന്‍. ഐ. പി. എച്ച്. എം), ഹൈദരാബാദുമായി ചേര്‍ന്ന് സമേതിയിലൂടെ ആരംഭിച്ചിട്ടുണ്ടു്. 2013-14 മുതല്‍ 2015-16 വരെയുള്ള കാലയളവില്‍ 93 ഉദ്യോഗസ്ഥര്‍ ഈ കോഴ്സിന് ചേര്‍ന്നിട്ടുള്ളതില്‍ 28 ഉദ്യോഗസ്ഥര്‍ കോഴ്സ് പൂര്‍ത്തിയാക്കി ഡിഗ്രി നേടിയിട്ടുണ്ടു്. ജില്ലാതലത്തിലും പ്ലാന്റ് ക്ലിനിക് തലത്തിലും പ്രതിമാസ /ദ്വൈ മാസ ന്യൂസ് ബുള്ളറ്റിനുകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ടു്.
ബ്ലോക്ക് തലത്തില്‍ സ്ഥാപിച്ചിട്ടുള്ള കാര്‍ഷിക സേവനകേന്ദ്രങ്ങള്‍ യന്ത്രവത്ക്കരണം, ആത്മ അടിസ്ഥാനമാക്കിയുള്ള വിജ്ഞാന വ്യാപനം, വായ്പാ സഹായം, കാലാവസ്ഥ ഉപദേശ സേവനം, മണ്ണ് പരിശോധനാ സഹായം ഉള്‍പ്പെടെ മറ്റ് സാങ്കേതിക സഹായം എന്നീ സേവനങ്ങള്‍ സംയോജിപ്പിച്ച് കൊണ്ടുള്ള സഹായം നല്‍കി വരുന്നു. 2015-16 ല്‍ പുതുതായി സ്ഥാപിച്ച 15 കാര്‍ഷിക സേവനകേന്ദ്രങ്ങള്‍ ഉള്‍പ്പെടെ സംസ്ഥാനത്ത് നിലവില്‍ 64 കാര്‍ഷിക സേവനകേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടു്. 2015-16 വര്‍ഷത്തില്‍ 27.65 കോടി രൂപ ഈ പദ്ധതിക്കായി വകയിരുത്തിയതില്‍ 13.35 കോടി രൂപ 2016 മാര്‍ച്ച് 31 വരെ ചെലവഴിച്ചിട്ടുണ്ടു്. 15 പുതിയ കാര്‍ഷിക സേവനകേന്ദ്രങ്ങള്‍, 14 കാര്‍ഷിക സേവനകേന്ദ്രങ്ങളില്‍ ബയോഫാര്‍മസികള്‍, 16 കാര്‍ഷിക സേവനകേന്ദ്രങ്ങളില്‍ നഴ്സറികള്‍, 4 കാര്‍ഷിക സേവനകേന്ദ്രങ്ങളില്‍ മണ്ണ് പരിശോധനാ ലാബ്, നിലവിലുള്ള 49 കാര്‍ഷിക സേവനകേന്ദ്രങ്ങള്‍ക്കുള്ള സഹായം എന്നിവയാണ് 2015-16 ലെ ഭൌതീക നേട്ടങ്ങള്‍. കാര്‍ഷിക സേവനകേന്ദ്രങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ച് ശക്തിപ്പെടുത്തുന്നതിനായി ഒരു അപെക്സ് ബോഡി രൂപീകരിക്കുന്നതിന് ഉദ്ദേശിച്ചിട്ടുണ്ടു്.