ജല ഉപയോഗത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത് കാര്‍ഷികമേഖലയാണ്. ആഗോളതലത്തില്‍ നോക്കുമ്പോള്‍ 70 ശതമാനം ജലവും ഉപയോഗിക്കുന്നത് കാര്‍ഷിക ആവശ്യങ്ങള്‍ക്കാണ്, എന്നാല്‍ ഇന്ത്യ പോലുള്ള വികസ്വര രാജ്യങ്ങളില്‍ കാര്‍ഷിക മേഖലയുടെ ജല ഉപഭോഗം 90 ശതമാനം ആണ്. ഈ സാഹചര്യത്തില്‍, ജലസേചന ആവശ്യത്തിനുള്ള വെള്ളം മിതമായി ചിലവഴിക്കുന്നതു വഴി, കൂടുതല്‍ ജലം കാര്‍ഷിക ആവശ്യങ്ങള്‍ക്കും മറ്റ് ഗാര്‍ഹിക ആവശ്യങ്ങള്‍ക്കും ഉപയോഗിക്കാന്‍ സാധിക്കും. ലഭ്യമായ പ്രകൃതി വിഭവങ്ങളില്‍ ഏറ്റവും കൂടുതല്‍ അനുചിതമായി ഉപയോഗിക്കുന്നത് ജലസേചന ആവശ്യത്തിനുള്ള ജലമാണ്. ഇതുമൂലം, ചില പ്രദേശങ്ങളില്‍, കുടിവെള്ളത്തിനും ജലസേചന ആവശ്യത്തിനും കടുത്ത ക്ഷാമം അനുഭവപ്പെടുന്നു. എന്നാല്‍, മറ്റു ചില പ്രദേശങ്ങളില്‍ വെള്ളം കെട്ടികിടക്കുന്നതു മൂലമുള്ള പരിസ്ഥിതി പ്രശ്നങ്ങളും ഉണ്ടാകുന്നു. ആയതിനാല്‍, ജലവിതരണം എന്ന പരമ്പരാഗതമായ രീതിയില്‍ നിന്നും ജലസംരക്ഷണം എന്നതിലേയ്ക്ക് ഒരു മാതൃകാപരമായ മാറ്റം ആവശ്യമാണ്. ജലസമ്പത്തും പരിസ്ഥിതിയും നിലനിര്‍ത്തുന്നതിനും, അവശ്യപരിപാലനത്തിനും,സാമ്പത്തികവും സാമൂഹികവുമായ ഉന്നമനത്തിനും ഇത് ആവശ്യമാണ്.
സംസ്ഥാനത്തെ ഭൂപ്രകൃതിയുടെ പ്രത്യേകത മൂലം പല പ്രദേശങ്ങളിലും വേനല്‍ക്കാലത്ത് കടുത്ത ജലക്ഷാമം അനുഭവപ്പെടാറുണ്ട്. ലഭ്യമായ ജലസമ്പത്ത് ഭാവിയില്‍ നിയിന്ത്രിക്കുന്നതിലും ഉപയോഗിക്കുന്നതിനും കൃത്യമായ ആസൂത്രണം ആവശ്യമാണ്. ആയതിനാല്‍, ജലവിഭവങ്ങളുടെ അളവും ഗുണവും നിര്‍ണ്ണയിക്കേണ്ടത് ആവശ്യമാണ്.
ജലസേചനത്തിനുവേണ്ടിയുള്ള 18 അണക്കെട്ടുകള്‍ സംസ്ഥാനത്തുണ്ട്. ഇവയില്‍ 14 എണ്ണം സംഭരണികളും മറ്റുള്ളവ ചിറകളുമാണ്. 2014-16 കാലഘട്ടത്തിലെ അണക്കെട്ടുകളുടെ സംഭരണനിലയുടെ വിശദശാംശങ്ങളും (വര്‍ഷകാലാരംഭത്തെ സംഭരണവും, വര്‍ഷകാലാവസാനത്തെ സംഭരണവും), 10 വര്‍ഷത്തെ ശരാശരിയും അനുബന്ധം 2.51 ല്‍ രേഖപ്പെടുത്തിയിരിക്കുന്നു.
2016 ലെ കാലവര്‍ഷാരംഭത്തില്‍ ആകെ സംഭരണം 488.35 ദശലക്ഷം ക്യബിക് മീറ്റര്‍ ആയിരുന്നു. എന്നാല്‍ കാലവര്‍ഷത്തിന്റെ അവസാനം ഇത് 690 ദശലക്ഷം ക്യബിക് മീറ്റര്‍ ആയി ഉയര്‍ന്നു. മുന്‍ വര്‍ഷം ഇത് യഥാക്രമം 527.83 ദശലക്ഷം ക്യബിക് മീറ്ററും 901.15 ദശലക്ഷം ക്യബിക് മീറ്ററും ആയിരുന്നു. ജലസംഭരണികളില്‍ കാലവര്‍ഷത്തിനുശേഷം സംഭരിക്കുന്ന ജലത്തിന്റെ വര്‍ദ്ധനവില്‍ കുറവ് വരുന്ന പ്രവണതയാണ് കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളിലെ കണക്കുകള്‍ സൂചിപ്പിക്കുന്നത്. 2014 ല്‍ സംഭരണത്തിലുള്ള വര്‍ദ്ധനവ് 901.26 ദശലക്ഷം ക്യബിക് മീറ്റര്‍ ആയിരുന്നത് 2015 ല്‍ 373.32 ദശലക്ഷം ക്യബിക് മീറ്റര്‍ ആയും, 2016 ല്‍ 201.65 ദശലക്ഷം ക്യബിക് മീറ്റര്‍ ആയും കുറയുകയുണ്ടായി. 10 വര്‍ഷത്തെ ശരാശരി കണക്കുകള്‍ സൂചിപ്പിക്കുന്നത്, കാലവര്‍ഷാരംഭത്തില്‍ സംഭരണശേഷി 442.05 ദശലക്ഷം ക്യബിക് മീറ്റര്‍ ആയിരുന്നത് കാലവര്‍ഷാവസാനം 1094.95 ദശലക്ഷം ക്യബിക് മീറ്റര്‍ ആയി വര്‍ദ്ധിച്ചു, അതായത് 652.90 ദശലക്ഷം ക്യബിക് മീറ്റര്‍ വര്‍ദ്ധനവുണ്ടായി.
1970 കളില്‍ ആരംഭിച്ച 4 ജലസേചന പദ്ധതികള്‍ ഇപ്പോഴും പൂര്‍ത്തീകരിച്ചിട്ടില്ല. വിശദാംശങ്ങള്‍ അനുബന്ധം 2.52 ല്‍ രേഖപ്പെടുത്തിയിരിക്കുന്നു.
അഞ്ചാം പഞ്ചവത്സര പദ്ധതിക്കാലത്ത് ആദ്യമായി നടപ്പിലാക്കാന്‍ ഏറ്റെടുത്ത ഈ പ്രൊജക്ട്, കാരാപ്പുഴ നദിക്ക് കുറുകെ 76.50Mm3 സംഭരണശേഷിയുള്ള ഒരു അണക്കെട്ട് നിര്‍മ്മിക്കുന്നതിന് വേണ്ടിയാണ് വിഭാവനം ചെയ്തിരിക്കുന്നത്. ഇതു മൂലം വയനാട് ജില്ലയിലെ 3 താലൂക്കുകളിലായി 5221 ഹെക്ടര്‍ (നെറ്റ്) സ്ഥലത്ത് ജലസേചനം നടത്തുവാന്‍ സാധിക്കും. നെല്‍കൃഷിയുടെ രണ്ടാം വിളക്ക് ജലസേചനസൗകര്യം ലഭ്യമാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. 2006-07 ല്‍പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ പരിപാടിയില്‍ വരുന്ന എ.ഐ.ബി.പി യില്‍ ഈ പദ്ധതിയും ഉള്‍പ്പെട്ടിരുന്നു.
ഈ പദ്ധതിക്ക് 1978 ല്‍ പ്ലാനിംഗ് കമ്മിഷന്‍ 7.60 കോടി രൂപയ്ക്ക് ഭരണാനുമതി നല്കിയിരുന്നു. 5600 ഹെക്ടര്‍ പ്രദേശത്ത് ജലസേചനം കൈവരിക്കാനും ജലസേചനസാധ്യതാ പ്രദേശമായി 8721 ഹെക്ടര്‍ കൈവരിക്കാനും ലക്ഷ്യമിട്ടിരുന്നു. 2010-ലെ നിരക്കനുസരിച്ച് 441.50 കോടിരൂപയാണ് ഭേദഗതി ചെയ്ത അടങ്കല്‍ തുക. 390 ഹെക്ടര്‍ പ്രദേശത്ത് നേട്ടം കൈവരിച്ച് കൊണ്ടു് 20-6-2010 ല്‍ പദ്ധതി ഭാഗികമായി കമ്മിഷന്‍ ചെയ്തു. 7355 ഹെക്ടര്‍ വിഭാവനം ചെയ്തിടത്ത് 608 ഹെക്ടര്‍ സ്ഥലം ജലസേചന സാധ്യതാ പ്രദേശമായി വികസിപ്പിക്കുവാന്‍ സാധിച്ചു. മാര്‍ച്ച് 2016 പ്രകാരം, കനാലുകളുടെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തീകരിച്ചതിനാല്‍ 211 ഹെക്ടറില്‍ അധികമായി നേട്ടം കൈവരിക്കാന്‍ സാധിച്ചു. 31.03.2016 ലെ കണക്ക് പ്രകാരം ആകെ 601 ഹെക്ടറില്‍ നേട്ടം കൈവരിക്കാന്‍ സാധിച്ചു.
2016 ഒക്ടോബര്‍ മാസം വരെയുള്ള മൊത്തം ചെലവ് 322.87 കോടി രൂപയാണ്. സംഭരണിയിലെ പ്രധാന പണികളും, ഇടത് വലത് കനാലുകളുടെ പണികളും പൂര്‍ത്തീകരിച്ചു. ബ്രാഞ്ച് കനാലുകളുടെ 47.26 ശതമാനവും, ഡിസ്ട്രിബ്യൂട്ടറികളുടെ 5 ശതമാനവും പണി പൂര്‍ത്തീകരിച്ചു.
കേരളത്തിലെ പ്രധാന ജലസേചന പദ്ധതികളില്‍ ഒന്നാണ് മൂവാറ്റുപുഴ വാലി ജലസേചന പദ്ധതി. ഇടുക്കി ജല വൈദ്യുത പദ്ധതിയുടെ മൂലമറ്റം പവര്‍ ഹൌസില്‍ നിന്നും തൊടുപുഴ നദിയുടെ സംഭരണ പ്രദേശത്ത് നിന്നുമുള്ള മിച്ചജലം ഉപയോഗിച്ച് ജലസേചന സൗകര്യം ലഭ്യമാക്കാനുളളതാണ് ഈ പ്രോജക്ട്. 1974 –ല്‍ 20.86 കോടി രൂപ മതിപ്പുചെലവില്‍ പദ്ധതി ആരംഭിച്ചു. നിലവിലെ സി.പി.ഡബ്ല്യൂ.ഡി നിരക്ക് അനുസരിച്ച് പദ്ധതിയുടെ അടങ്കല്‍ തുക 945 കോടി രൂപയാണ്. 1994 ല്‍ ഈ പദ്ധതി ഭാഗികമായി കമ്മിഷന്‍ ചെയ്തു.
2016 ഒക്ടോബര്‍ മാസം വരെയുള്ള മൊത്തം ചെലവ് 918 കോടി രൂപയാണ്. 2000 മുതല്‍ 2009 വരെ എ.ഐ.ബി.പിയില്‍ ഉള്‍പ്പെടുത്തി 154.96 കോടി രൂപയ്ക്ക്കേന്ദ്രസഹായം ലഭിച്ചിരുന്നു. ഈ ജലസേചന പദ്ധതി പൂര്‍ത്തീകരിക്കുവാന്‍ മിച്ചമുള്ള പണികള്‍ ചെയ്ത് തീര്‍ക്കേണ്ടതുണ്ടു്.
പെരിയാര്‍ നദിയില്‍ നിന്നുള്ള വെള്ളം തിരിച്ച് കൃഷിയോഗ്യമായ പെരിയാര്‍, ചാലക്കുടി നദീതടങ്ങളിലെ 14394 ഹെക്ടര്‍ പ്രദേശത്തെ ജലസേചനത്തിനു വേണ്ടിയുള്ള ഒരു വ്യതിയാന പദ്ധതിയാണ് ഇടമലയാര്‍ ജലസേചന പദ്ധതി. ഈ പദ്ധതിയിലെ കനാലുകളുമായി ബന്ധിപ്പിച്ച് ചാലക്കുടി നദീവ്യതിയാന പദ്ധതിയുടെ മെച്ചപ്പെടുത്തലും ശേഷി വര്‍ദ്ധിപ്പിക്കലും കൂടി ഈ പ്രോജക്ട് ലക്ഷ്യമിടുന്നു. 17.85 കോടി രൂപ എസ്റ്റിമേറ്റ് തുക വകയിരുത്തി 1981 ലാണ് ഈ പദ്ധതി ആരംഭിച്ചതു്. 2012 ലെ ഷെഡ്യൂള്‍ നിരക്ക് അനുസരിച്ച് എസ്റ്റിമേറ്റ് 750 കോടി രൂപയാക്കി ഭേദഗതി ചെയ്തു.
ഈ പദ്ധതിയുടെ പ്രധാന ഘടകങ്ങള്‍ ഇവയെല്ലാമാണ്- (1) പ്രധാന കനാല്‍ ആരംഭിക്കുന്നിടത്ത് കനാലിന് കുറുകെയുള്ള റെഗുലേറ്റര്‍ (2) പ്രധാന കനാല്‍ (32.278 കി.മീ), ലോ ലെവല്‍ കനാല്‍ (27.25 കി.മീ), ലിങ്ക് കനാല്‍ (7.575 കി.മീ) എന്നിവ ഉള്‍പ്പെടുന്ന കനാല്‍ ശൃംഖല. 32.278 കി.മീ നീളമുള്ള പ്രധാന കനാലിന്റേയും 7.3 കി.മീ നീളത്തില്‍ ലോ ലെവല്‍ കനാലിന്റേയും പണികള്‍ പൂര്‍ത്തീകരിച്ചു. 2016 ഒക്ടോബര്‍ മാസം വരെ ഈ പദ്ധതിയുടെ ആകെ ചെലവ് 426.54 കോടി രൂപയാണ്. 2391.66 ഹെക്ടര്‍ ആയാക്കട്ട് കൈവരിക്കുവാന്‍ സാധിച്ചു.
വയനാട് ജില്ലയിലെ രണ്ട് താലൂക്കുകളിലായി 2800 ഹെക്ടര്‍ കൃഷിഭൂമിയില്‍, രണ്ടാമത്തെയും മൂന്നാമത്തെയും വിളകള്‍ക്ക് ജലസേചന സൗകര്യം ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ 1979-ല്‍ എട്ട് കോടി രൂപ മതിപ്പ് ചെലവ് കണക്കാക്കി ആരംഭിച്ചതാണ് ഈ പദ്ധതി. 2010 ലെ ഷെഡ്യൂള്‍ നിരക്കിന്റെ അടിസ്ഥാനത്തില്‍ പ്രോജക്ടിന്റെ പുതുക്കിയ എസ്റ്റിമേറ്റ് 185.5 കോടി രൂപയാണ്.
2730 മീ നീളമുള്ള പ്രധാന കനാലിന്റെ 86 ശതമാനം പണികളും പൂര്‍ത്തീകരിച്ചു. പടിഞ്ഞാറത്തറ ബ്രാഞ്ച് കനാലിന്റെയും, വെണ്ണിയോട് ബ്രാഞ്ച് കനാലിന്റേയും പണികള്‍ പുരോഗമിക്കുന്നു. 5390 മീ. നീളമുള്ള വെണ്ണിയോട് ബ്രാഞ്ച് കനാലിന്റെ, 770 മീ. നീളത്തിലുള്ള പണികള്‍ പൂര്‍ത്തീകരിച്ചു. ഈ പദ്ധതിക്ക് ഇതുവരെ ചെലവഴിച്ച തുക 52.78 കോടി രൂപയാണ്(കെ.എസ്.ഇ.ബി ക്ക് അടച്ച വിഹിതമായ 85 ലക്ഷം രൂപ ഉള്‍പ്പെടെ).
ഭരണഘടനാപരമായി, "വെള്ളപ്പൊക്ക നിയന്ത്രണം" സംസ്ഥാനങ്ങളുടെ പരിധിയില്‍ വരുന്നതാണ്. 1951 മുതല്‍ വെള്ളപ്പൊക്ക നിയന്ത്രണത്തിനായി വന്‍ നിക്ഷേപങ്ങളാണ് രാജ്യം നടത്തിയത്. എന്നാല്‍പ്പോലും, വെള്ളപ്പൊക്കം മൂലമുള്ള ഭീതിയും, അതുമുലം ഉണ്ടാകുന്ന ദുരിതവും ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്ന് മാത്രമല്ല പല അവസരങ്ങളിലും വര്‍ദ്ധിച്ചു വരുകയും ചെയ്യുന്നു.
വെള്ളപ്പൊക്കം നിയിന്ത്രിക്കുന്നതിനും, ജലത്തിലെ ഉപ്പുരസം നിയിന്ത്രിക്കുന്നതിനും, ജലനിര്‍ഗ്ഗമന സംവിധാനം മെച്ചപ്പെടുത്തുന്നതിനുമായി 1517.90 കോടി രൂപയുടെ വിവിധ പദ്ധതികള്‍ ജലസേചന വകുപ്പ് നടപ്പിലാക്കി വരുന്നു. മാര്‍ച്ച് 2016 ലെ കണക്ക് പ്രകാരം മൊത്തം പദ്ധതി വിഹിതമായ 1840.40 കോടി രൂപയില്‍, 707.326 കോടി രൂപ ചെലവഴിച്ചു. ഇതില്‍, 353.42 കോടി രൂപ ജലസേചന പദ്ധതികള്‍ക്കായിട്ടാണ് ചെലവഴിച്ചത്. വെള്ളപ്പൊക്ക നിയന്ത്രണ പരിപാടികളില്‍ ഉള്‍പ്പെടുത്തി 4 പദ്ധതികള്‍ക്കാണ് അംഗീകാരം ലഭിച്ചത് – കെ.ഇ.എല്‍ 1 – വെള്ളപ്പൊക്ക നിവാരണം (14 പാടശേഖരങ്ങള്‍), കെ.ഇ.എല്‍ 2 - വെള്ളപ്പൊക്ക നിവാരണം (9 പാടശേഖരങ്ങള്‍), കെ.ഇ.എല്‍ 3 - വെള്ളപ്പൊക്ക നിവാരണം (231 പാടശേഖരങ്ങള്‍), കെ.ഇ.എല്‍ 4 - 12 നീര്‍ത്തടങ്ങളില്‍ വെള്ളപ്പൊക്ക നിവാരണം.പന്ത്രണ്ടാം പഞ്ചവത്സര പദ്ധതിയുടെ ആദ്യത്തെ 4 വര്‍ഷങ്ങളിലായി സംസ്ഥാന വിഹിതമായി 200 കോടി രൂപയും,കേന്ദ്രവിഹിതമായി 600 കോടി രൂപയും വകയിരുത്തിയിരുന്നു. ബഡ്ജറ്റ് വിഹിതമായ 800 കോടി രൂപയില്‍, 206.68 കോടി രൂപ സംസ്ഥാന വിഹിതമായി ചെലവഴിക്കുകയും, 150.13 കോടി രൂപകേന്ദ്രവിഹിതമായി ചെലവഴിക്കുകയും ചെയ്തു(ആകെ 356.81 കോടി രൂപ). കെ.ഇ.എല്‍ 1, കെ.ഇ.എല്‍ 2 എന്നിവയുടെ പണി പൂര്‍ത്തീകരിച്ചു.
2015-16 കാലയളവിലെ ജലസേചന സൗകര്യമുള്ള പ്രദേശത്തിന്റെ സ്രോതസ്സ് തിരിച്ചുള്ള അറ്റ വിസ്തീര്‍ണ്ണം അനുബന്ധം 2.53 ലും അനുബന്ധം 2.54 ലും രേഖപ്പെടുത്തിയിരിക്കുന്നു. സാമ്പത്തിക സ്ഥിതിവിവര വകുപ്പിന്റെ കണക്കനുസരിച്ച്, സംസ്ഥാനത്തെ ജലസേചന സൗകര്യമുള്ള പ്രദേശത്തിന്റെ അറ്റ വിസ്തീര്‍ണ്ണം 2014-15 ല്‍ 4.14 ലക്ഷം ഹെക്ടര്‍ ആയിരുന്നത് 2015-16 ല്‍ 4.13 ലക്ഷം ഹെക്ടര്‍ ആയി കുറഞ്ഞു. സ്വകാര്യ കനാലുകളില്‍ കൂടിയുള്ള ജലസേചനത്തിനും ഗണ്യമായ കുറവ് ഉണ്ടായിട്ടുണ്ടു്, 1249 ഹെക്ടറില്‍(2014-15) നിന്നും 774 ഹെക്ടര്‍(2015-16) ആയി കുറഞ്ഞു. 2014-15 മായി താരതമ്യം ചെയ്യുമ്പോള്‍ മൊത്തം ജലസേചനസൗകര്യമുള്ള പ്രദേശത്തിന്റെ വിസ്തൃതിയില്‍ വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ടു്. 2014-15 ല്‍ 4.69 ലക്ഷം ഹെക്ടര്‍ ആയിരുന്നത്, 2015-16 ആയപ്പോള്‍ 4.83 ലക്ഷം ഹെക്ടര്‍ ആയി വര്‍ദ്ധിച്ചു. നാളികേരം, നെല്ല്, പച്ചക്കറികള്‍ എന്നീ വിളകള്‍ക്കാണ് ഈ കാലയളവില്‍ കൂടുതല്‍ പ്രയോജനം ലഭിച്ചത്. മൊത്തം ജലസേചിത വിസ്തൃതി (വിള തിരിച്ച്) നോക്കുമ്പോള്‍, ഏറ്റവും കൂടുതല്‍ പ്രയോജനം ലഭിച്ചത് പച്ചക്കറികള്‍ക്കാണ്. 2013-14 ല്‍ 21066 ഹെക്ടറര്‍ ആയിരുന്നത് 2014-15 ല്‍ 24472 ഹെക്ടറര്‍ ആയും, 2015-16 ല്‍ 39306 ഹെക്ടര്‍ ആയും വര്‍ദ്ധിക്കുകയുണ്ടായി. വിശദാംശങ്ങള്‍ അനുബന്ധം 2.55 ലും അനുബന്ധം 2.56 ലും രേഖപ്പെടുത്തിയിരിക്കുന്നു. മൊത്തം കൃഷിഭൂമിയും മൊത്തം ജലസേചിത പ്രദേശവും തമ്മിലുള്ള അനുപാതത്തിലും വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ടു്. 2014-15 ല്‍ 17.89 ആയിരുന്നത് 2015-16 ല്‍ 18.4 ആയി വര്‍ദ്ധിച്ചു.
2000 ഹെക്ടറിന് താഴെ വിസ്തൃതിയുള്ള പ്രദേശത്ത് ജലസേചനം എത്തിക്കുന്ന പദ്ധതികളെയാണ് ചെറുകിട ജലസേചന പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതില്‍ 50 ഹെക്ടറിന് താഴെ വിസ്തൃതിയുള്ള പ്രദേശത്ത് ജലസേചനം എത്തിക്കുന്ന പദ്ധതികളെ ചെറുകിട ജലസേചനം ക്ലാസ് II എന്നും, 50 ഹെക്ടറിന് മുകളില്‍ വിസ്തൃതിയുള്ള പ്രദേശത്ത് ജലസേചനം എത്തിക്കുന്ന പദ്ധതികളെ ചെറുകിട ജലസേചനം ക്ലാസ് 1 എന്നും തരംതിരിച്ചിരിക്കുന്നു. നമ്മുടെ സംസ്ഥാനത്ത് ചെറുകിട ജലസേചന പദ്ധതികള്‍ ഒരു സുപ്രധാന പങ്ക് വഹിക്കുന്നുണ്ടു്. തടയണകളുടെ നിര്‍മ്മാണം, ജലസേചന ടാങ്കുകളുടെ നിര്‍മ്മാണവും പുനരുദ്ധാരണവും, റഗുലേറ്ററുകള്‍, ബണ്ടുകള്‍, ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതികള്‍ മുതലായവയാണ് പ്രധാനമായും ചെറുകിട ജലസേചന പദ്ധതികളില്‍ ഉള്‍പ്പെടുത്തി ചെയ്തു വരുന്നത്.
ചെറുകിട ജലസേചന പദ്ധതികള്‍ക്ക് കൂടുതല്‍ ഊന്നല്‍ നല്‍കുക, കാര്‍ഷിക മേഖലയുടെ വികസനത്തിനായി കാര്‍ഷിക ആവാസ മേഖലകളില്‍ ചെറുകിട ജലസേചന നിര്‍മ്മാണങ്ങള്‍
വികസിപ്പിക്കുക തുടങ്ങിയവയ്ക്കായിരുന്നുപന്ത്രണ്ടാം പഞ്ചവത്സര പദ്ധതിക്കാലത്ത് പ്രാധാന്യം നല്‍കിയത്.പന്ത്രണ്ടാം പഞ്ചവത്സര പദ്ധതിക്കാലയളവില്‍ ജലസേചന മേഖലയ്ക്ക് വകയിരുത്തിയ ആകെ ബഡ്ജറ്റ് വിഹിതത്തിന്റെ 19.63 ശതമാനം ചെറുകിട ജലസേചന മേഖലയ്ക്കാണ് വകയിരുത്തിയിരുന്നത്. 2013-14, 2014-15, 2015-16 വര്‍ഷങ്ങളിലെ ചെറുകിട ജലസേചന പദ്ധതിയുടെ ഭൗതികനേട്ടങ്ങള്‍ അനുബന്ധം 2.57 ല്‍ രേഖപ്പെടുത്തിയിരിക്കുന്നു.
ജലസേചന പദ്ധതികള്‍ക്ക് 1995-96 മുതല്‍ ആര്‍.ഐ.ഡി.എഫ് ഘട്ടം I മുതല്‍ XXI വരെയുള്ള പദ്ധതികളില്‍ കൂടി നബാര്‍ഡ് വായ്പ അനുവദിക്കുന്നുണ്ട്. ആര്‍.ഐ.ഡി.എഫ്. ഘട്ടം I മുതല്‍ XXI വരെയുള്ള പദ്ധതികളില്‍ ഇതുവരെ 1314 എണ്ണം പൂര്‍ത്തിയായി. വിശദാംശങ്ങള്‍ അനുബന്ധം 2.58 ല്‍ രേഖപ്പെടുത്തിയിട്ടുണ്ടു്. ആര്‍.ഐ.ഡി.എഫ്. I മുതല് XV വരെയാണ് പൂര്‍ത്തിയായത്. ആര്‍.ഐ.ഡി.എഫ്. XVI മുതല്‍ XXI വരെയുള്ള പദ്ധതികള്‍ പുരോഗമിക്കുന്നു. ആര്‍.ഐ.ഡി.എഫ് XX ല്‍ 134.12 കോടി രൂപയുടെ 26 പദ്ധതികള്‍ക്കും, ആര്‍.ഐ.ഡി.എഫ് XXI ല്‍ 129.89 കോടി രൂപയുടെ 25 പദ്ധതികള്‍ക്കും നബാര്‍ഡ് അംഗീകാരം നല്‍കിയിട്ടുണ്ടു്.
ഒരു പ്രദേശത്തിന്റെ വികസനത്തില്‍ നല്ലൊരു പങ്ക് കുളങ്ങള്‍ വഹിക്കുന്നു. എന്നാല്‍, ശരിയായ സംരക്ഷണവും പരിപാലനവും നല്‍കാത്തതിനാലും, വ്യാവസായിക ആവശ്യങ്ങള്‍ക്കായി കുളങ്ങള്‍ മണ്ണിട്ടു മൂടി നികത്തി വരുന്നതിനാലും, കുറച്ചു കാലങ്ങളായി കുളങ്ങള്‍ വളരെയധികം നശിച്ചു പോയിട്ടുണ്ടു്. തിരുവനന്തപുരം കോര്‍പ്പറേഷന്റെ പരിധിയില്‍ വരുന്ന കുളങ്ങളുടെ പുനരുദ്ധാരണവുമായി ബന്ധപ്പെട്ട് ഒരു പദ്ധതി കെ.ഐ.ഐ.ഡി.സി യുടെ നേതൃത്വത്തില്‍ ആരംഭിക്കുകയുണ്ടായി. ഈ പദ്ധതിയുടെ പ്രധാന പ്രവര്‍ത്തനങ്ങള്‍ താഴെ പറയുന്നവയാണ്.
കോര്‍പ്പറേഷന്റെ വിവിധ വാര്‍ഡുകളില്‍ കെ.ഐ.ഐ.ഡി.സി സർവെ നടത്തുകയും, അടിസ്ഥാന വിവരങ്ങള്‍ ശേഖരിക്കുകയും ചെയ്യുകയുണ്ടായി. കുളങ്ങളുടെ ഉടമസ്ഥാവകാശത്തിന്റെ അടിസ്ഥാനത്തില്‍ പൊതുകുളങ്ങള്‍, സ്വകാര്യ കുളങ്ങള്‍ എന്നിങ്ങനെ തരം തിരിച്ചിരിക്കുന്നു. നവീകരണത്തിനായി ഏറ്റെടുത്ത കുളങ്ങളുടെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ടത്തിനായി ഒരു കമ്മിറ്റി രൂപവല്‍ക്കരിക്കുകയുണ്ടായി. പ്രസ്തുത പ്രദേശത്തെ വാര്‍ഡ് മെമ്പറും, റസിഡന്‍സ് അസോസിയേഷന്‍ പ്രതിനിധിയും, കെ.ഐ.ഐ.ഡി.സിയുടെ പ്രതിനിധിയും ചേര്‍ന്നുള്ളതാണ് മോണിറ്ററിംഗ് കമ്മിറ്റി. മാര്‍ച്ച് 31, 2016 ലെ കണക്ക് പ്രകാരം, 24 കുളങ്ങളുടെ പുനരുദ്ധാരണ പ്രവര്‍ത്തികള്‍ പൂര്‍ത്തീകരിച്ചു. ബാക്കിയുള്ള 30 കുളങ്ങളില്‍, 18 കുളങ്ങളുടെ പണികള്‍ പൂര്‍ത്തീകരിക്കുകയും, 12 കുളങ്ങളുടെ പണികള്‍ വിവിധ ഘട്ടങ്ങളിലുമാണ്.
പരിസ്ഥിതി സംരക്ഷണത്തിലൂടെ പ്രകൃതി വിഭവങ്ങളായ ഭൂമിയും ജലവും പരിപാലിക്കുകയും സംരക്ഷിക്കുകയും ചെയ്യുക എന്നത് നമ്മുടെ ഭാരതീയ സംസ്ക്കാരത്തിന്റെ ഒരു അവിഭാജ്യഘടകമാണ്. കാലങ്ങളായി, നമ്മുടെ ജല ഉപയോഗ രീതിയില്‍ വളരെയധികം മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ടു്. ഇത് ജലഉപയോഗ വ്യവസ്ഥകളെ പ്രതികൂലമായി ബാധിച്ചിട്ടുണ്ടു്. ആയതിനാല്‍, എല്ലാ വിധത്തിലുമുള്ള ജലസമ്പത്തുകള്‍ പുനരുദ്ധരിക്കുന്നതിനു വേണ്ടിയും, എല്ലാ പ്രകൃതി വിഭവങ്ങളും സ്ഥായിയായും തുല്യമായും ലഭിക്കുന്ന രീതിയില്‍ ഉപയോഗിക്കുന്നതിനും ലക്ഷ്യമിട്ട് കൊണ്ടു് ഒരു സംഘടിത പ്രവര്‍ത്തനം നടത്തേണ്ടത് അത്യന്താപേക്ഷിതമാണ്.
ജലം ശേഖരിക്കുന്നതിനുള്ള നിര്‍മ്മാണ പ്രവര്‍ത്തികള്‍ ഉള്‍പ്പെടെയുള്ള നിലവിലെ ജലസ്രോതസ്സുകള്‍ നിലനിര്‍ത്തുകയും വികസിപ്പിക്കുകയും ചെയ്യുക, സംസ്ഥാനത്തെ ഓരോ സൂക്ഷ്മ നീര്‍ത്തട പ്രദേശത്തെയും ഭൂഗര്‍ഭജല പുനരുജ്ജീവന മാര്‍ഗ്ഗങ്ങളും , മഴവെള്ള സംഭരണിയുടെ ഉപയോഗവും മെച്ചപ്പെടുത്തുക, മണ്ണിടിച്ചില്‍ തടയുന്നതിനായി മണ്ണും ജലവും സംരക്ഷിക്കുക, നദികളുടെ ഒഴുക്ക് വര്‍ദ്ധിപ്പിക്കുക മുതലായവയാണ് ഹരിതകേരളം പദ്ധതിയുടെ പ്രധാന ഉദ്ദേശങ്ങള്‍.
നീര്‍ത്തടാധിഷ്ഠി ത പദ്ധതികളില്‍ കൂടി ജലവിഭവങ്ങള്‍ സംരക്ഷിക്കുന്നതിനും, പരിപാലിക്കുന്നതിനുമുള്ള ഒരു രീതിയാണ് നടപ്പിലാക്കേണ്ടത്. നദീതടങ്ങളുമായി സംയോജിപ്പിച്ചുകൊണ്ടുള്ള ഒരു പ്രവര്‍ത്തനശൈലിയാണ് അവലംബിക്കേണ്ടത്. നീര്‍ത്തട ഭൂപടങ്ങള്‍ ഉപയോഗിച്ച് നീര്‍ത്തട വികസനപദ്ധതികള്‍ തയ്യാറാക്കാവുന്നതാണ്. ഒലിച്ചു പോകുന്ന വെള്ളം ഫലപ്രദമായി ഉപയോഗിക്കുവാനും, മണ്ണ്ജല സംരക്ഷണ പദ്ധതികള്‍ മെച്ചപ്പെടുത്തുവാനും ആയിരിക്കണം നീര്‍ത്തടാ ധി ഷ്ഠി ത തലത്തില്‍ ശ്രദ്ധ കൊടുക്കേണ്ടത്.
ജലസേചനം, ഗാര്‍ഹികം, വ്യവസായം മുതലായ മേഖലകളില്‍ ആവശ്യമായ ജലം ലഭ്യമാക്കുന്നതിനുള്ള ഒരു പ്രധാന സ്രോതസ്സ് ഭൂഗര്‍ഭജലമാണ്. ഭൂഗര്‍ഭജലം പുനര്‍ജ്ജീവിപ്പിക്കാവുന്ന വിഭവമാണെങ്കിലും, ഇതിന്റെ ലഭ്യത എല്ലാ പ്രദേശങ്ങളിലും എല്ലാ സമയത്തും ഒരു പോലെയല്ല. ഒരു പ്രദേശത്തെ ഭൂഗര്‍ഭജലത്തിന്റെ വാര്‍ഷിക അളവ് കണക്കാക്കുന്നത്, കാലവര്‍ഷ സമയത്തും കാലവര്‍ഷമല്ലാത്ത സമയത്തും ലഭ്യമാകുന്ന ഭൂഗര്‍ഭജലത്തിന്റെ അളവിനെ ആശ്രയിച്ചാണ്.
ഒരു സ്ഥലത്തെ ഭൂഗര്‍ജലത്തെക്കുറിച്ച് മനസ്സിലാക്കുവാന്‍ ആ പ്രദേശത്തെ ഭൂഗര്‍ഭജലത്തിന്റെ അളവ് സഹായകരമാകും.കേന്ദ്രഭൂഗര്‍ഭജല വകുപ്പും, സംസ്ഥാന ഭൂഗര്‍ഭജല വകുപ്പുമാണ് ഭൂഗര്‍ഭജലത്തിന്റെ നിരപ്പുകള്‍ നിരീക്ഷിച്ച് വരുന്നത്. ചെറുകിട ജലസേചന സെന്‍സസ് കണക്കുകളുടേയും സംസ്ഥാന ഭൂഗര്‍ഭജല വകുപ്പിന്റെ സാമ്പിള്‍ സർവേയുടേയും അടിസ്ഥാനത്തിലാണ് ഭൂഗര്‍ഭജലത്തിന്റെ അളവ് സംബന്ധിച്ച വിലയിരുത്തല്‍ നടത്തുന്നത്. 2010-11 ലെ കണക്ക് പ്രകാരം രാജ്യത്തെ മൊത്തം ഭൂഗര്‍ഭജലം 245 ബി.സി.എം ആണ്. 2009 ലെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോള്‍ ചെറിയ തോതിലുള്ള വര്‍ദ്ധനവ് (2 ബി.സി.എം) മാത്രമാണ് ഉണ്ടായിരിക്കുന്നത്. ഭൂഗര്‍ഭജല സമ്പത്തിന്റെ ഒരു പ്രധാന ഉപഭോക്താവ് കാര്‍ഷിക മേഖലയാണ്. ലഭ്യമായ ഭൂഗര്‍ഭജലത്തിന്റെ 91 ശതമാനവും, അതായത് (222 ബി.സി.എം) ഉപയോഗിക്കുന്നത് ജലസേചന ആവശ്യങ്ങള്‍ക്കാണ്. 9 ശതമാനം (23 ബി.സി.എം) മാത്രമാണ് ഗാര്‍ഹിക, വ്യാവസായിക ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നത്. കേരളം ഉള്‍പ്പെടെയുള്ള പല സംസ്ഥാനങ്ങളിലും ഗാര്‍ഹിക വ്യാവസായിക ആവശ്യങ്ങള്‍ക്കുള്ള ഭൂഗര്‍ഭജല ലഭ്യത 15 ശതമാനത്തില്‍ അധികമാണ്.
മാര്‍ച്ച് 2011 ലെ കണക്ക് പ്രകാരം, സംസ്ഥാനത്ത് ഭൂഗര്‍ഭജലത്തിന്റെ ആകെ വാര്‍ഷിക റീചാര്‍ജ്ജ് 668601.72 ഹെ.മീ ഉം, യഥാര്‍ത്ഥ വാര്‍ഷിക ഭൂഗര്‍ഭ ജല ലഭ്യത 607407.22 ഹെ.മീ ഉം ആണ്. സംസ്ഥാനത്ത് ഭാഗികമായി ജലസേചനവികസനത്തിനാവശ്യമായി വരുന്ന യഥാര്‍ത്ഥ ഭൂഗര്‍ഭജലം 306634 ഹെ.മീ ആണ്. ഭൂഗര്‍ഭജല വികസനത്തിന്റെ സ്റ്റേജ് കേരളത്തില്‍ 47 ശതമാനം ആണ്. ജില്ലാതലത്തില്‍, ഏറ്റവും കൂടുതല്‍ കാസര്‍ഗോഡ് ജില്ലയിലും(71 ശതമാനം) കുറവ് വയനാട് ജില്ലയിലുമാണ്(18 ശതമാനം). വിശദാംശങ്ങള്‍ അനുബന്ധം 2.59 ല്‍ രേഖപ്പെടുത്തിയിരിക്കുന്നു.
2015-16 കാലയളവില്‍, ബഡ്ജറ്റ് വിഹിതമായ 11.71 കോടി രൂപയില്‍ 11.65 കോടി രൂപ ഭൂജലവകുപ്പ് ചെലവഴിക്കുകയുണ്ടായി. ഭൂഗര്‍ഭജല വികസനവും പര്യവേക്ഷണവും, ഭൂഗര്‍ഭജല പരിരക്ഷയും കൃത്രിമ പുനരുജ്ജീവനവും എന്നിവയാണ് ഭൂജലവകുപ്പ് നടപ്പിലാക്കിയ പ്രധാന പദ്ധതികള്‍. ഭൂഗര്‍ഭജല വികസനവും പര്യവേക്ഷണവും എന്ന പദ്ധതിക്ക് വകയിരുത്തിയ ബഡ്ജറ്റ് വിഹിതമായ 10.16 കോടി രൂപയില്‍ 8.52 കോടി രൂപ ചെലവഴിച്ചു. ഭൗതികനേട്ടങ്ങളുടെ വിശദാംശങ്ങള്‍ അനുബന്ധം 2.60 ല്‍ രേഖപ്പെടുത്തിയിരിക്കുന്നു.
2015-16 കാലയളവില്‍ ജലസേചന മേഖലയ്ക്ക് 348.01 കോടി രൂപ വകയിരുത്തിയിരുന്നു. ഇതില്‍ 317.45 കോടി രൂപ ചെലവഴിച്ചു. വന്‍കിട/ഇടത്തര ജലസേചന പദ്ധതികളുടെ മോശമായ പ്രകടനം ജലസേചന മേഖലയുടെ ഈ വര്‍ഷത്തെ പ്രവര്‍ത്തനത്തെ മൊത്തമായി ബാധിക്കുകയുണ്ടായി. വന്‍കിട/ ഇടത്തര ജലസേചന പദ്ധതികള്‍ക്കായി വകയിരുത്തിയിരുന്ന 190.23 കോടി രൂപയില്‍ 62.94 കോടി രൂപ മാത്രമാണ് ചെലവഴിച്ചത്. ചെറുകിട ജലസേചന പദ്ധതികള്‍ക്ക് വകയിരുത്തിയ 99.43 കോടി രൂപയില്‍ 81.97 കോടി രൂപ ചെലവഴിച്ചു. ഇതിന്റെ വിശദാംശം അനുബന്ധം 2.61 ല്‍ കൊടുത്തിരിക്കുന്നു.