കൃഷിയും അനുബന്ധ മേഖലകളും

കന്നുകാലി വികസനം

ലോകത്തെ പാവപ്പെട്ട ജനങ്ങളുടെ പ്രധാന വരുമാനവും ഉപജീവനമാര്‍ഗ്ഗവും കന്നുകാലി വളര്‍ത്തലിലൂടെയാണ്. ഇന്ത്യയുടെ കാര്‍ഷിക സമ്പദ് വ്യവസ്ഥയില്‍ ഒരു അവിഭാജ്യഘടകവും ഗ്രാമീണ ജനതയുടെ ജീവനോപാധിയായി വര്‍ത്തിക്കുന്നതില്‍ ബഹുമുഖമായ ധര്‍മ്മവുമാണ് ഇത് വഹിക്കുന്നതു്. ദേശീയ സമ്പദ് വ്യവസ്ഥയ്ക്ക് പൊതുവായും കാര്‍ഷിക സമ്പദ് വ്യവസ്ഥയ്ക്ക് പ്രത്യേകിച്ചും സംഭാവനകള്‍ നല്‍കുന്നതുകൂടാതെ സാമൂഹിക - സാമ്പത്തിക സുരക്ഷ, തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കല്‍, ആസ്ഥി ഉണ്ടാക്കല്‍, വിള നഷ്ടം ചെറുക്കുന്നതിനുള്ള ഘടനാ സംവിധാനം എന്ന രീതിയിലും ഈ മേഖല വര്‍ത്തിക്കുന്നു. ജനങ്ങള്‍ക്ക് ആവശ്യമായ മൃഗപോഷകങ്ങളുടെ ഉറവിടമാണ് കന്നുകാലിസമ്പത്ത്. ചെറുകിട നാമമാത്ര കര്‍ഷകരും ഭൂരഹിത തൊഴിലാളികളുമാണ് കന്നുകാലി സമ്പത്തില്‍ ഭൂരി ഭാഗത്തിന്റേയും ഉടമകള്‍. കൂടാതെ കന്നുകാലി വളര്‍ത്തല്‍ മേഖലയുടെ സുസ്ഥിരമായ വികസനം കൂടുതല്‍ സമഗ്ര വികസനത്തിലേയ്ക്കും സ്ത്രീശാക്തീകരണത്തിലേയ്ക്കും നയിക്കുന്നു. 2015-16 ല്‍ സംസ്ഥാനത്തെ മൊത്തം ആഭ്യന്തര മൂല്യ വര്‍ദ്ധനവിന്റെ 3.03 ശതമാനവും, കൃഷിയും അനുബന്ധ പ്രവര്‍ത്തനങ്ങളുടെ മൂല്യ വര്‍ദ്ധനവിന്റെ 29.18 ശതമാനവും പങ്ക് കന്നുകാലി വികസന മേഖലയുടേതാണ്(2011-12 ലെ വില അടിസ്ഥാനമാക്കി).

കന്നുകാലികളില്‍ നിന്നുള്ള പ്രധാന ഉല്പന്നങ്ങളുടെ ലഭ്യത

പാല്‍

ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ ക്ഷീരോല്പാദക രാഷ്ട്രമാണ്. ദേശീയതലത്തില്‍ മൊത്തം ക്ഷീരോല്പാദനം 2006-07 ല്‍ 1026 ലക്ഷം മെട്രിക് ടണ്‍ ആയിരുന്നത് 2011-12 ല്‍ 1279 ലക്ഷം മെട്രിക് ടണ്‍ ആയി വര്‍ദ്ധിച്ചു. ക്ഷീരോല്പാദനം 2014-15 ലും 2015-16 ലും യഥാക്രമം 1463.10 ലക്ഷം മെട്രിക് ടണ്ണും 1554.90 ലക്ഷം മെട്രിക് ടണ്ണും ഇക്കാലയളവിലെ വാര്‍ഷിക വളര്‍ച്ചാനിരക്ക് 6.27 ശതമാനം വീതവുമാണ്. ഇന്‍ഡ്യയില്‍ പാല്‍ ഉല്പാദിപ്പിക്കുന്ന പ്രധാന സംസ്ഥാനങ്ങളില്‍ പ്രഥമ സ്ഥാനത്ത് ഉത്തര്‍പ്രദേശും (263.87 ലക്ഷം മെട്രിക് ടണ്‍) അതിനു പിന്നാലെ രാജസ്ഥാന്‍ (185 ലക്ഷം മെട്രിക് ടണ്‍) ഗുജറാത്ത് (122.62 ലക്ഷം മെട്രിക് ടണ്‍) മധ്യപ്രദേശ് (121.48 ലക്ഷം മെട്രിക് ടണ്‍) എന്നിങ്ങനെയാണ്. 2015-16 ല്‍ 26.50 ലക്ഷം മെട്രിക് ടണ്‍ പാല്‍ ഉല്പാദിപ്പിച്ച കേരളം പതിനാലാം സ്ഥാനത്താണ്.

സംസ്ഥാനത്തെ മൊത്തം ക്ഷീരോല്പാദനം 2006-07 ല്‍ 21.19 ലക്ഷം മെട്രിക് ടണ്‍ ആയിരുന്നത് 2011-12 ല്‍ 27.16 ലക്ഷം മെട്രിക് ടണ്‍ ആയി വര്‍ദ്ധിച്ചു. ക്ഷീരോല്പാദനം 2014-15 ലും 2015-16 ലും യഥാക്രമം 27.11 ലക്ഷം മെട്രിക് ടണ്ണും 26.50 ലക്ഷം മെട്രിക് ടണ്ണും ആണ്. ഇക്കാലയളവിലെ വാര്‍ഷിക വളര്‍ച്ചാ നിരക്ക് യഥാക്രമം 2.11 ശതമാനവും -2.25 ശതമാനവും ആണ്. സംസ്ഥാനത്തെ ക്ഷീരോല്പാദനത്തിന്റെ 2015-16 ലെ വളര്‍ച്ചാ നിരക്ക് ദേശീയ വളര്‍ച്ചാ നിരക്കിനേക്കാള്‍ വളരെ കുറവാണ്. രാജ്യത്തെ ക്ഷീരോല്പാദനത്തില്‍ കേരളത്തിന്റെ പങ്ക് 2015-16 ല്‍ 1.70 ശതമാനം മാത്രമാണ്.

കന്നുകാലികളില്‍ നിന്നുള്ള പ്രധാന ഉല്പന്നങ്ങളുടെ ദേശീയതലത്തിലും സംസ്ഥാന തലത്തിലുമുള്ള ഉല്പാദനം പട്ടിക 2.5 ല്‍ കാണിച്ചിട്ടുണ്ടു്. 2008-09 മുതൽ 2015-16 വരെയുള്ള സംസ്ഥാനത്തെ ക്ഷീരോല്പാദനവും വാര്‍ഷിക വളര്‍ച്ചാ നിരക്കും ചിത്രം 2.5 ല്‍ കാണിച്ചിട്ടുണ്ടു്.

പട്ടിക 2.5
കന്നുകാലികളില്‍ നിന്നുള്ള പ്രധാന ഉല്പന്നങ്ങളുടെ ഉല്പാദനം
ക്രമ നമ്പര്‍ വര്‍ഷം കേരളം ഇന്ത്യ
പാല്‍(ലക്ഷം മെട്രിക് ടണ്‍) (വളര്‍ച്ച ശതമാനം) മുട്ട(കോടി) (വളര്‍ച്ച ശതമാനം) മാംസം(ലക്ഷം മെട്രിക് ടണ്‍) (വളര്‍ച്ച ശതമാനം) പാല്‍(ലക്ഷം മെട്രിക് ടണ്‍) (വളര്‍ച്ച ശതമാനം) മുട്ട(കോടി) (വളര്‍ച്ച ശതമാനം) മാംസം(ലക്ഷം മെട്രിക് ടണ്‍) (വളര്‍ച്ച ശതമാനം)
1 2006-07 (പത്താം പദ്ധതി) 21.19 119.39 1.98 1026 5066 23
2 2011-12 (പതിനൊന്നാം പദ്ധതി) 27.16(2.76) 170.48 (1.97) 4.26 (24.91) 1279 (5.01) 6645 (5.44) 55 (14.58)
3 2012-13 27.9(2.72) 223.7 (33.22) 4.01 (-5.78) 1324 (3.52) 6973 (4.94) 59 (7.27)
4 2013-14 26.55(-4.83) 247.69 (10.72) 4.16 (3.76) 1376.8 (3.99) 7475.2 (7.2) 62 (5.08)
5 2014-15 27.11(2.11) 250.36 (1.08) 4.46 (7.16) 1463.1 (6.27) 7848.4 (4.99) 67 (8.01)
6 2015-15 26.50(-2.25) 244.25(-2.44) 4.66(4.48) 1554.90(6.27) 8292.94(5.66) 70.20(4.78)
അവലംബം: മൃഗസംരക്ഷണ വകുപ്പ്
ചിത്രം 2.5
ക്ഷീരോല്പാദനവും വളര്‍ച്ചാ നിരക്കും
അവലംബം: മൃഗസംരക്ഷണ വകുപ്പ്
മുട്ടയും മാംസവും

ദേശീയതലത്തില്‍ മൊത്തം മുട്ട ഉല്പാദനം പത്താം പദ്ധതിയുടെ അവസാന വര്‍ഷം(2006-07) 5066 കോടി ആയിരുന്നത് പതിനൊന്നാം പദ്ധതിയുടെ അവസാനം( 2011-12) 6645 കോടി ആയി വര്‍ദ്ധിച്ചു. മുട്ടയുല്പാദനം 2014-15 ലും 2015-16 ലും യഥാക്രമം 7848.4 കോടിയും 8292.94 കോടിയും ആണ്. ഇക്കാലയളവിലെ വളര്‍ച്ചാനിരക്ക് യഥാക്രമം 4.99 ശതമാനവും 5.66 ശതമാനവും ആണ്. ഇന്ത്യയില്‍ മുട്ട ഉല്പാദിപ്പിക്കുന്ന പ്രധാന സംസ്ഥാനങ്ങളില്‍ പ്രഥമ സ്ഥാനത്ത് തമിഴ്നാടും (1612.52 കോടി) അതിനു പിന്നാലെ ആന്ധ്രാപ്രദേശ് (1417.43 കോടി) തെലുങ്കാന (1120.58 കോടി) പശ്ചിമ ബംഗാള്‍ (601.08 കോടി) എന്നിങ്ങനെയാണ്. 2015-16 ല്‍ 244.25 കോടി മുട്ട ഉല്പാദിപ്പിച്ച കേരളം ഒന്‍പതാം സ്ഥാനത്താണ്. ദേശീയതലത്തില്‍ മൊത്തം മാംസത്തിന്റെ ഉല്പാദനം 2006-07 ല്‍ 23 ലക്ഷം മെട്രിക് ടണ്‍ ആയിരുന്നത് 2011-12 ല്‍ 55 ലക്ഷം മെട്രിക് ടണ്ണായി വര്‍ദ്ധിച്ചു. മാംസം ഉല്പാദനം 2014-15 ലും 2015-16 ലും യഥാക്രമം 67 ലക്ഷം മെട്രിക് ടണ്ണും 70.2 ലക്ഷം മെട്രിക് ടണ്ണും ആണ്. ഇക്കാലയളവിലെ വളര്‍ച്ചാനിരക്ക് യഥാക്രമം 8.01 ശതമാനവും 4.78 ശതമാനവും ആണ്. ഇന്ത്യയില്‍ മാംസം ഉല്പാദിപ്പിക്കുന്ന പ്രധാന സംസ്ഥാനങ്ങളില്‍ പ്രഥമ സ്ഥാനത്ത് ഉത്തര്‍പ്രദേശും (14.18 ലക്ഷം മെട്രിക് ടണ്‍) അതിനു പിന്നാലെ പശ്ചിമ ബംഗാള്‍ (6.86 ലക്ഷം മെട്രിക് ടണ്‍) മഹാരാഷ്ട്ര (6.75 ലക്ഷം മെട്രിക് ടണ്‍) ആന്ധ്രാപ്രദേശ് (5.66 ലക്ഷം മെട്രിക് ടണ്‍) എന്നിങ്ങനെയാണ്. 2015-16 ല്‍ 4.66 ലക്ഷം മെട്രിക് ടണ്‍ മാംസം ഉല്പാദിപ്പിച്ച കേരളം ഏഴാം സ്ഥാനത്താണ്.

സംസ്ഥാനത്തെ മൊത്തം മുട്ട ഉല്പാദനം പത്താം പദ്ധതിയുടെ അവസാന വര്‍ഷം (2006-07) 119.39 കോടി ആയിരുന്നത് 2011-12 ല്‍ 170.48 കോടി ആയി വര്‍ദ്ധിച്ചു. മുട്ട ഉല്പാദനം 2014-15 ലും 2015-16 ലും യഥാക്രമം 250.36 കോടിയും 244.25 കോടിയും ആണ്. ഇക്കാലയളവിലെ വളര്‍ച്ചാ നിരക്ക് യഥാക്രമം 1.08 ശതമാനവും -2.44 ശതമാനവും ആണ്. സംസ്ഥാനത്തെ മൊത്തം മാംസം ഉല്പാദനം പത്താം പദ്ധതിയുടെ അവസാന വര്‍ഷം(2006-07) 1.98 ലക്ഷം മെട്രിക് ടണ്‍ ആയിരുന്നത് പതിനൊന്നാം പദ്ധതിയുടെ അവസാനം (2011-12) 4.26 ലക്ഷം മെട്രിക് ടണ്‍ ആയി വര്‍ദ്ധിച്ചു. മാംസം ഉല്പാദനം 2014-15 ലും 2015-16 ലും യഥാക്രമം 4.46 ലക്ഷം മെട്രിക് ടണ്ണും 4.66 ലക്ഷം മെട്രിക് ടണ്ണും ആണ്. ഇക്കാലയളവിലെ വളര്‍ച്ചാ നിരക്ക് യഥാക്രമം 7.16 ശതമാനവും 4.48 ശതമാനവും ആണ്. സംസ്ഥാനത്തെ മുട്ട ഉല്പാദനത്തിന്റെ 2015-16 ലെ വളര്‍ച്ചാ നിരക്ക് ദേശീയ വളര്‍ച്ചാ നിരക്കിനേക്കാള്‍ വളരെ കുറവാണ്. എന്നാല്‍ മാംസത്തിന്റെ കാര്യത്തില്‍ സംസ്ഥാന വളര്‍ച്ചാ നിരക്ക് ഏകദേശം ദേശീയ വളര്‍ച്ചാനിരക്കിനൊപ്പം നില്‍ക്കുന്നു. 2015-16 ല്‍ രാജ്യത്തെ മുട്ട ഉല്പാദനത്തില്‍ കേരളത്തിന്റെ പങ്ക് 2.95 ശതമാനവും മാംസം ഉല്പാദനത്തില്‍ 6.64 ശതമാനവും മാത്രമാണ്.

സംസ്ഥാനത്ത് 2008-09 മുതല്‍ 2015-16 വരെയുള്ള മുട്ടയുടേയും മാംസത്തിന്റേയും ഉല്പാദനവും വാര്‍ഷിക വളര്‍ച്ചാ നിരക്കും ചിത്രം 2.6 ലും 2.7 ലും കാണിച്ചിട്ടുണ്ടു്.2008-09 മുതല്‍ 2015-16 വരെയുള്ള കാലയളവില്‍ മുട്ടയുടെ പരമാവധി വളര്‍ച്ചാ നിരക്ക് 2012-13 ലും മാംസത്തിന്റേത് 2009-10 ലുമാണ്.

ചിത്രം.2.6
മുട്ടയുടെ ഉല്പാദനവും വളര്‍ച്ചാ നിരക്കും
അവലംബം: മൃഗസംരക്ഷണ വകുപ്പ്
ചിത്രം.2.7
മാംസം ഉല്പാദനവും വളര്‍ച്ചാ നിരക്കും
അവലംബം: മൃഗസംരക്ഷണ വകുപ്പ്

ക്ഷീരവിപണനം

2015-16-ല്‍ സംസ്ഥാനത്തുനിന്നും ക്ഷീര സഹകരണ സംഘങ്ങള്‍ 5929 ലക്ഷം ലിറ്റര്‍ പാല്‍ സംഭരിച്ചതില്‍ 3795 ലക്ഷം ലിറ്റര്‍ ഡെയറികളിലേക്ക് അയയ്ക്കുകയും, 2134 ലക്ഷം ലിറ്റര്‍ സൊസൈറ്റികള്‍ വഴി പ്രാദേശികമായി വില്പന നടത്തുകയും ചെയ്തു. 2015-16 ല്‍ ആനന്ദ് മോഡല്‍ സഹകരണ സംഘങ്ങളുടെ (ആപ്കോസി) പ്രതിദിന ക്ഷീരസംഭരണം 1109 മെട്രിക് ടണ്‍ ആണ്. മുന്‍ വര്‍ഷം ഇത് ശരാശരി 1026 മെട്രിക് ടണ്‍ ആയിരുന്നു. ഓരോ സൊസൈറ്റിയുടെയും പ്രതിദിന സംഭരണം 2014-15-ല്‍ 348 ലിറ്റര്‍ ആയിരുന്നത് 2015-16 ല്‍ 380 ലിറ്ററായി വര്‍ദ്ധിച്ചു. 2015-16-ല്‍ കെ.സി.എം.എം.എഫിന്റെ പാല്‍ സംഭരണം വര്‍ദ്ധിച്ച് 4334.81 ലക്ഷം ലിറ്ററും വിപണനം 4624.51 ലക്ഷം ലിറ്ററുമായിരുന്നു. പാലക്കാട്, വയനാട്, കട്ടപ്പന ഡയറികള്‍ ഒഴികെ ബാക്കി എല്ലാ ഡയറികളിലും പാല്‍ വിതരണം സംഭരണത്തേക്കാള്‍ കൂടുതലാണ്. ആഭ്യന്തര ലഭ്യത കുറവായതിനാല്‍ കര്‍ണ്ണാടകം, തമിഴ്നാട് മുതലായ സംസ്ഥാനങ്ങളിലെ മില്‍മ ഫെഡറേഷനില്‍ നിന്നും പാല്‍ ഇറക്കുമതി ചെയ്യുകയും പാടനീക്കം ചെയ്ത പാല്‍ പൊടിയായി വാങ്ങുകയും ചെയ്യുന്നു. 2011 മുതല്‍ 2016 വരെ കെ.സി.എം.എം.എഫിന്റെ ക്ഷീരശാലകള്‍ സംഭരിച്ചതും വില്പന നടത്തിയതുമായ പാലിന്റെ വിവരങ്ങള്‍ അനുബന്ധം 2.22ലും ഇക്കാലയളവിലെ കെ.സി.എം.എം.എഫിന്റെ പ്രവര്‍ത്തനങ്ങള്‍ അനുബന്ധം 2.23 ലും ആപ്കോസ് പ്രതിദിനം സംഭരിച്ച പാലിന്റെ ശരാശരി കണക്ക് അനുബന്ധം 2.24 ലും ചേര്‍ത്തിട്ടുണ്ട്. ഇപ്പോഴത്തെ പുതുക്കിയ വിലയും 2009 മുതലുള്ള വിലകളും യഥാക്രമം അനുബന്ധം 2.25, അനുബന്ധം 2.26 എന്നിവയിൽ കൊടുത്തിട്ടുണ്ട്.

കാലിത്തീറ്റയുടെ ലഭ്യതക്കുറവ്

കേരളത്തില്‍ പുല്ല്, വയ്ക്കോല്‍ എന്നിവയുടെ ലഭ്യതയിലും കാലിത്തീറ്റ ഉല്പാദനത്തിലുമുള്ള കുറവ് കണക്കിലെടുത്ത് ഇക്കാര്യത്തില്‍ പ്രത്യേക പരിഗണന നല്‍കേണ്ടിയിരിക്കുന്നു. കേരളത്തിലെ തീറ്റപ്പുല്‍ വികസന പ്രവര്‍ത്തനത്തിന്റെ നോഡല്‍ ഏജന്‍സി ക്ഷീരവികസന വകുപ്പാണ്. 2015-16 ല്‍ ഡിപ്പാര്‍ട്ട്മെന്റ് നിലവിലുള്ള കൃഷി സ്ഥലത്തിനേക്കാള്‍ 2686 ഹെക്ടര്‍ സ്ഥലത്ത് അധികമായി കൃഷി ചെയ്യുകയും 4.62 ലക്ഷം മെട്രിക് ടണ്‍ തീറ്റപ്പുല്‍ അധികമായി ഉല്പാദിപ്പിക്കുകയും ചെയ്തു. അസോള കൃഷിക്കും, തീറ്റപ്പുല്‍ കൃഷിയും വിളവെടുപ്പും യന്ത്രവത്ക്കരിക്കുന്നതിനും ഇറിഗേഷന്‍ സൗകര്യത്തിനും കര്‍ഷകര്‍ക്ക് സഹായം നല്കി. തീറ്റപ്പുല്‍ പ്രദര്‍ശനവും ശില്പശാലയും തീറ്റപ്പുല്‍ വികസന പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെടുത്തി. കണ്ണൂര്‍, ഇടുക്കി, എറണാകുളം ജില്ലകളില്‍ സമഗ്രക്ഷീരവികസനപ്രോജക്ടുകള്‍ നൂതന തീറ്റപ്പുല്‍ വികസന പരിപാടിയില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കി. കന്നുകാലി തീറ്റയുടെ ലഭ്യതക്കുറവ് പരിഹരിക്കുന്നതിനായി 100 ഹെക്ടറില്‍ ചോളം കൃഷി ചെയ്യുകയും 350 ടണ്‍ ചോളം വിത്ത് ഉല്പാദിപ്പിക്കുകയും ചെയ്തു. 2014-15 ലെ മൊത്തം കാലിത്തീറ്റ ഉല്പാദനം 3.61 ലക്ഷം മെട്രിക് ടണ്‍ എന്നത് 2015-16 ല്‍ 3.97 ലക്ഷം മെട്രിക് ടണ്‍ ആയി വര്‍ദ്ധിച്ചു. സ്ത്രീകളുടെ 50 ഗ്രൂപ്പുകള്‍ തീറ്റപ്പുല്‍കൃഷി, വിപണനം തുടങ്ങിയ പരിപാടികളും 70 ക്ഷീരസഹകരണ സംഘങ്ങള്‍ വൈക്കോല്‍ വിപണന പരിപാടികളും ഏറ്റെടുക്കുകയുണ്ടായി. കാലിത്തീറ്റ ഉല്പാദനത്തെ സംബന്ധിച്ച വിവരങ്ങള്‍ക്ക് അനുബന്ധം 2.27, അനുബന്ധം 2.28, അനുബന്ധം 2.29 എന്നിവ കാണുക.

പ്രജനനത്തിനുള്ള പിന്തുണ

മരവിപ്പിച്ച ബീജം ഉല്പാദിപ്പിച്ചു വിതരണം ചെയ്യുന്നതിന്റെ ചുമതല കേരള ലൈവ് സ്റ്റോക്കു് ഡെവലപ്പ്മെന്റു് ബോര്‍ഡിനാണ്. 2014-15 മായി താരതമ്യപ്പെടുത്തുമ്പോള്‍, 2015-16 –ല്‍ ബീജ ഉല്പാദനം 34.45 ലക്ഷം മാത്രകളില്‍ നിന്ന് 24.47 ലക്ഷം മാത്രകളായി കുറഞ്ഞു . ഈ കാലയളവില്‍ ഇതിന്റെ വിതരണം സംസ്ഥാനത്തിനകത്തും പുറത്തും യഥാക്രമം 17.55 ലക്ഷം മാത്രയില്‍ നിന്നും 17.65 ലക്ഷം മാത്രയായി വര്‍ദ്ധിക്കുകയും 11.26 ലക്ഷം മാത്രയില്‍ നിന്നും 10.71 ലക്ഷം മാത്രയായി കുറയുകയും ചെയ്തു. വിശദവിവരങ്ങള്‍ അനുബന്ധം 2.30 ല്‍ കാണാവുന്നതാണ്.

സംസ്ഥാനത്തെ കൃത്രിമ ഗര്‍ഭോല്പാദനകേന്ദ്രങ്ങളുടെ എണ്ണം 2015-16 –ല്‍ 2515 ആയിരുന്നു. 2015-16-ല്‍ 13 ലക്ഷം കുത്തിവയ്പു നടത്തിയതില്‍ 3.25 ലക്ഷം കിടാങ്ങളുണ്ടായി. ഒരു കിടാവ് ജനിക്കുന്നതിന് ശരാശരി 4 കുത്തിവയ്പുകള്‍ ആവശ്യമായിട്ടുണ്ടു്. കൃത്രിമഗര്‍ഭോല്പാദനത്തെ സംബന്ധിച്ച വിവരങ്ങള്‍ക്ക് അനുബന്ധം 2.31 കാണുക. കൃത്രിമഗര്‍ഭോല്പാദനത്തിന്റെ ഗുണനിലവാരം മെച്ചപ്പെട്ടതല്ലാത്തതിനാല്‍, വിതരണം ചെയ്യുന്ന ബീജത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിന് അടിയന്തിര നടപടികള്‍ ആവശ്യമാണ്. ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ അനുബന്ധം 2.32 ല്‍ കൊടുത്തിട്ടുണ്ട്.

പ്രത്യേക കന്നുകുട്ടി പരിപാലന പരിപാടി (എസ്.എല്‍. ബി. പി)

കേരളത്തിലെ കന്നുകാലി വളര്‍ത്തല്‍ ചെലവേറിയ പരിപാടിയാണ്. ചെലവ് കുറയ്ക്കുന്നതിന്റെ ഭാഗമായി കാലിത്തീറ്റക്ക് പകരം മറ്റ് പോഷകങ്ങളും പരിപാലനശീലങ്ങളും കര്‍ഷകര്‍ കണ്ടെത്തുകയും അത് കന്നുകാലികളുടെ വളര്‍ച്ചയേയും ഉല്‍പ്പാദനക്ഷമതയേയും ദോഷകരമായി ബാധിക്കുകയും ചെയ്യുന്നു. ഈ പ്രശ്നം പരിഹരിക്കുന്നതിന്റെ ഭാഗമായി സബ്സിഡി നിരക്കില്‍ കാലിത്തീറ്റ നല്‍കി ശാസ്ത്രീയമായി കന്നുകാലികളെ വളര്‍ത്തുന്ന പദ്ധതി 1976 ല്‍ നിലവില്‍ വന്നു. 2014-15-ല്‍ 84712 കിടാങ്ങളെ ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയപ്പോള്‍ 2015-16-ല്‍ കിടാങ്ങളുടെ എണ്ണം 29164 ആയി കുറഞ്ഞു. 2005-06 മുതലുള്ള ആണ്ടുതിരിച്ചുള്ള വിവരങ്ങള്‍ അനുബന്ധം 2.33 ല്‍ കാണുക. എരുമകളുടെ എണ്ണത്തില്‍ പെട്ടെന്നുണ്ടായ കുറവു പരിഹരിക്കാനുദ്ദേശിച്ച്, 2006-07 –ല്‍ ഈ പദ്ധതി എരുമക്കിടാങ്ങള്‍ക്കും ബാധകമാക്കി. ഈ പദ്ധതിയില്‍ എരുമക്കിടാങ്ങളെ ഉള്‍പ്പെടുത്തുന്ന പ്രവണത കുറഞ്ഞു വരുകയും 2014-15 ലും 2015-16 ലും ഒറ്റ എരുമക്കിടാങ്ങളെപ്പോലും ഉള്‍പ്പെടുത്തിയിട്ടുമില്ല.

ഗോവര്‍ദ്ധിനി

ഗോവര്‍ദ്ധിനി എന്നൊരു പുതിയ പദ്ധതി 2014-15 ല്‍ നിലവില്‍ വന്നു. പൂര്‍ണ്ണ ആ രോഗ്യ സുരക്ഷ കിടാങ്ങള്‍ക്കു നല്‍കി കന്നുകുട്ടികളുടെ പ്രായപൂര്‍ത്തിയാകുന്ന വയസ്സ് കുറച്ച് നേരത്തെ പ്രസവിപ്പിക്കുന്നതിനും പ്രസവങ്ങള്‍ തമ്മിലുള്ള കാലാവധി കുറച്ച് പാലുല്‍പ്പാദനം വര്‍ദ്ധിപ്പിക്കുന്നതിനുമാണ് ഈ പദ്ധതി കൊണ്ടു് ഉദ്ദേശിക്കുന്നത്. ശാസ്ത്രീയമായ പരിപാലനം, നല്ല ഗണമേന്മയുള്ള തീറ്റ നല്‍കല്‍, സാധാരണയുള്ള പകര്‍ച്ചവ്യാധികളെ തടയുന്നതുള്‍പ്പെടെയുള്ള ആരോഗ്യസുരക്ഷ, യാദൃശ്ചിക വശാല്‍ ഉണ്ടാകുന്ന നഷ്ടങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് സംരക്ഷണം നല്‍കല്‍ മുതലായവയാണ് ഈ ലക്ഷ്യം കൈവരിക്കുന്നതിനുള്ള അടിസ്ഥാന ആവശ്യങ്ങള്‍. ഇത്തരം കാഴ്ചപ്പാടുകള്‍ സമഗ്രമായി ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടു്. ഗവണ്‍മെന്റ് വെറ്ററിനറി ഡിസ്പെന്‍സറിയില്‍ സൂക്ഷിച്ചിട്ടുള്ള കന്നുകുട്ടികളുടെ ജനനരജിസ്റ്ററില്‍ നിന്നും മുന്‍ഗണനാക്രമത്തില്‍ ഗുണഭോക്താക്കളെ തിരഞ്ഞെടുക്കും. 2014-15 ലും 2015-16 ലുമായി 48000 കിടാങ്ങളെ ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തി.

മൃഗങ്ങളുടെ ആരോഗ്യ സുരക്ഷ

കൃത്രിമ ബിജസങ്കലന പരിപാടികള്‍ മുഖേന കന്നുകാലികളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതോടൊപ്പം, അന്യദേശത്തു നിന്നുള്ളതുള്‍പ്പെടെ പലതരം രോഗങ്ങളും വര്‍ദ്ധിക്കുകയുണ്ടായി. 14 ജില്ല വെറ്റിനറി സെന്ററുകള്‍, 50 വെറ്റിനറി പോളീക്ലിനിക്കുകള്‍, 215 വെറ്റിനറി ആശുപത്രികള്‍, 885 വെറ്റിനറി ഡിസ്പെന്സറികള്‍, 9 മൊബൈല്‍ വെറ്ററിനറി ആശുപത്രികള്‍, 7 മൊബൈല്‍ ഫാം എയ്ഡ് യൂണിറ്റ്, ഒരു മോട്ടോര്‍ ബോട്ട് വെറ്ററിനറി ആശുപത്രി എന്നിവ മുഖേന മൃഗങ്ങള്‍ക്ക് മെച്ചപ്പെട്ട ആരോഗ്യ സുരക്ഷ വകുപ്പ് നല്‍കി വരുന്നു.

കേന്ദ്രസര്‍ക്കാരിന്റെ സഹായത്തോടെ, മൃഗങ്ങളിലെ കുളമ്പുരോഗപ്രതിരോധത്തി നായി മൃഗസംരക്ഷണ വകുപ്പ് മുന്‍ വര്‍ഷം കുളമ്പുരോഗ വാക്സിന്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കുകയുണ്ടായി. കൂടാതെ പക്ഷിപ്പനി നിയന്ത്രിക്കുന്നതിനായി കോഴികള്‍ക്കും താറാവുകള്‍ക്കും വാക്സിനേഷനും നടത്തുകയുണ്ടായി. 2014-15 ല്‍ സംസ്ഥാനത്ത് പ്രത്യേകിച്ചും ആലപ്പുഴ, കോട്ടയം, പത്തനംതിട്ട, കൊല്ലം ജില്ലകളില്‍ ഉണ്ടായ കഠിനമായ എച്ച് 5 എന്‍ 1 പക്ഷിപ്പനി രോഗം മൂലം താറാവുകളുടെ എണ്ണത്തില്‍ വളരെയധികം കുറവ് ഉണ്ടായ സാഹചര്യത്തില്‍ പക്ഷിപ്പനി നിയന്ത്രണ പരിപാടികള്‍ ഡിപ്പാര്‍ട്ട്മെന്റ് സംഘടിപ്പിക്കുകയുണ്ടായി. കൂടാതെ, സമയാസമയങ്ങളില്‍ രോഗനിര്‍ണ്ണയം നടത്തി മൃഗങ്ങളുടെ ആരോഗ്യം ഉറപ്പുവരുത്തുന്നതിനായി ആശുപത്രികളുടേയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടേയും ശൃംഖല ശക്തിപ്പെടുത്തുകയും കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കുകയും ചെയ്തു. 2016-17 ലും എച്ച്5എന്‍8 പക്ഷിപ്പനി ആലപ്പുഴ, കോട്ടയം ജില്ലകളില്‍ ഉണ്ടാവുകയും പക്ഷിപ്പനി നിയന്ത്രണത്തിന്റെ ഭാഗമായി 7 ലക്ഷത്തിലധികം താറാവുകളെ കൊന്നൊടുക്കുകയും ചെയ്തു. 2009-10 മുതല്‍ 2015-16 വരെയുള്ള കാലയളവില്‍ കേരളത്തിലെ കന്നുകാലികളെ ബാധിച്ച പ്രധാന പകര്‍ച്ചവ്യാധികള്‍, രോഗബാധ, ചത്തൊടുങ്ങിയ മൃഗങ്ങളുടെ എണ്ണം എന്നിവയെ സംബന്ധിച്ച വിവരങ്ങള്‍ അനുബന്ധം 2.34 –ല്‍ കാണുക. ആാ�ാക്സ് (Anthrax), ഹെമറാജിക് സെപ്റ്റിസീമിയ (Hemorrhagic Septicemia), കുളമ്പുരോഗം (FMD), ബ്ലാക്ക് ക്വാര്‍ട്ടര്‍ (Black Quarter) മുതലായ രോഗങ്ങള്‍ 2015-16 ലും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടു്. ഹെമറാജിക് സെപ്റ്റിസീമിയയും കുളമ്പു രോഗവും മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 2015-16 ല്‍ വളരെ കൂടുതലാണ്.

രാത്രികാലങ്ങളിലെ അടിയന്തിര മൃഗചികിത്സാ സേവനങ്ങള്‍

വെറ്ററിനറി ഡോക്ടറുടെ സേവനം പകല്‍ സമയങ്ങളില്‍ മാത്രമേ ലഭിക്കാറുള്ളു. രാത്രികാലങ്ങളില്‍ സേവനം ലഭിക്കുന്നത് വളരെ ബുദ്ധിമുട്ടാണ്. ഈ പ്രശ്നം പരിഹരിക്കുന്നതിനായി വൈകിട്ട് 6 മുതല്‍ രാവിലെ 6 മണിവരെയുള്ള സമയത്ത് ഡോക്ടറുടെ സേവനം ബ്ലോക്ക് തലത്തില്‍ ലഭ്യമാക്കുക എന്ന ഉദ്ദേശത്തോടു കൂടിപന്ത്രണ്ടാം പദ്ധതിക്കാലത്താണ് ഈ പ്രോജക്ടിന് രൂപം നല്‍കിയത്. കരാര്‍ അടിസ്ഥാനത്തില്‍ ഒരു വെറ്ററിനറി ഡോക്ടറുടെ സേവനം നല്‍കുന്നു. ബ്ലോക്ക് അടിസ്ഥാനത്തിലുള്ള ഒരു വെറ്ററിനറി സ്ഥാപനത്തിന്റെ നിയന്ത്രണത്തിലായിരിക്കും ഈ യൂണിറ്റ് പ്രവര്‍ത്തിക്കുന്നത്. ആവശ്യമായ മരുന്നുകള്‍ യൂണിറ്റിന് ലഭ്യമാക്കും. താല്‍ക്കാലിക അടിസ്ഥാനത്തിലുള്ള ഡോക്ടര്‍ കൃത്യമായി എല്ലാ മാസവും റിപ്പോര്‍ട്ട് അതാത് ബ്ലോക്കിലെ വെറ്ററിനറി ഓഫീസര്‍ക്ക് സമര്‍പ്പിക്കണം. ഈ സേവനം 2015-16 വരെ 50 ബ്ലോക്കിലും 2016-17 ല്‍ 65 ബ്ലോക്കിലേയ്ക്കും വ്യാപിപ്പിക്കുകയുണ്ടായി.

പാലോട് വെറ്ററിനറി ബയോളജിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ വാക്സിന്‍ ഉല്പാദനം

സംസ്ഥാനത്ത് മൃഗങ്ങള്‍ക്കുള്ള വാക്സിന്‍ നിര്‍മിച്ചു വിതരണം ചെയ്യുന്ന ഒരേയൊരു സ്ഥാപനമാണ് പാലോടുള്ള വെറ്ററിനറി ബയോളജിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്. ഇവിടെ ഉല്പാദിപ്പിക്കുന്ന വാക്സിനുകളുടെ വിശദവിവരങ്ങള്‍ അനുബന്ധം 2.35 ല്‍ ചേര്‍ത്തിട്ടുണ്ട്. 2015-16 ല്‍ 248.29 ലക്ഷം ഡോസ് പൗള്ട്രി വാക്സിനും 4.36 ലക്ഷം ഡോസ് കന്നുകാലികള്‍ക്കുള്ള വാക്സിനും ഉല്‍പ്പാദിപ്പിച്ചു. മുന്‍ വര്‍ഷവുമായി താരതമ്യപ്പെടുത്തുമ്പോള്‍ പൗള്‍ട്രി വാക്സിന്‍ ഉല്പാദനം 9.61 ശതമാനം കുറയുകയും കന്നുകാലികളുടെ വാക്സിന്‍ 2.14 ശതമാനം വര്‍ദ്ധിക്കുകയും ചെയ്തു. 2015-16-ല്‍ കന്നുകാലികള്‍ക്ക് 24.90 ലക്ഷവും കോഴികള്‍ക്ക് 106.36 ലക്ഷവും വാക്സിനേഷനുകള്‍ നടത്തി. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് കന്നുകാലികള്‍ക്കുള്ള വാക്സിനേഷന്‍ 15.49 ശതമാനം ആയി വര്‍ദ്ധിക്കുകയും കോഴികള്‍ക്കുള്ള കുത്തിവയ്പ് 31.19 ശതമാനം ആയി കുറയുകയും ചെയ്തു. പേവിഷത്തിനു നായ്കളില്‍ നടത്തിയ കുത്തിവയ്പുകളുടെ എണ്ണം മുന്‍ വര്‍ഷം 1.79ലക്ഷമായിരുന്നത് ഇക്കൊല്ലം 2.87 ലക്ഷമായി വര്‍ദ്ധിച്ചു. വിശദാംശങ്ങള്‍ അനുബന്ധം 2.36 ല്‍.

വിലകള്‍

കഴിഞ്ഞ ആറു വര്‍ഷങ്ങളില്‍ കാലിവളര്‍ത്തല്‍ മേഖലയിലെ പ്രധാന ഉല്പന്നോപാധികളുടേയും ഉല്പന്നങ്ങളുടെയും ശരാശരി വില അനുബന്ധം 2.37 -ലുണ്ട്. ഈ കാലയളവില്‍ മിക്കവാറും എല്ലാ ഉല്പന്നങ്ങളുടെയും വില വര്‍ദ്ധിച്ചു. 2014-15-മായി താരതമ്യപ്പെടുത്തുമ്പോള്‍, 2015-16-ല്‍ എല്ലാ മാംസ ഉല്പന്നങ്ങളുടേയും വില ഉയര്‍ന്നു. ബ്രോയില്‍ കോഴിഇറച്ചിയുടെ വില 16.06 ശതമാനവും നാടന്‍ കോഴിഇറച്ചിയുടെ വില 27.37 ശതമാനവും ആട്ടിറച്ചി 3.92 ശതമാനവും മാട്ടിറച്ചി 14.25 ശതമാനവും പന്നി ഇറച്ചി വില 7.48 ശതമാനവും വര്‍ദ്ധിച്ചു. 2015-16 ല്‍ ഏറ്റവും ഉയര്‍ന്ന വര്‍ദ്ധനവ് ചിക്കന്‍ ഡെസിക്കും(27.37 ശതമാനം) തുടര്‍ന്ന് ചിക്കന്‍ ബ്രോയിലര്‍ (16.06 ശതമാനം) നുമാണ്. 2014-15 -ലെ വിലയുമായി താരതമ്യപ്പെടുത്തുമ്പോള്‍ 2015-16-ല്‍ വെള്ള കോഴിമുട്ടയുടെ വില 7.69 ശതമാനവും തവിട്ടുനിറത്തിലുള്ള മുട്ടയുടെ വില 10.91 ശതമാനവും, താറാമുട്ടയുടെ വില 7.51 ശതമാനവും വര്‍ദ്ധിച്ചു. 2014-15 -ലെ വിലയുമായി താരതമ്യപ്പെടുത്തുമ്പോള്‍ 2015-16-ല്‍ പശുവിന്‍ പാലിന്റെ വില 4.54 ശതമാനവും എരുമപാലിന്റെ വില 0.76 ശതമാനവുമായി വര്‍ദ്ധിച്ചു.

ഉല്പന്നോപാധികളെ സംബന്ധിച്ചിടത്തോളം, 2015-16 ല്‍ വയ്ക്കോലിന്റെ വില 6.72 ശതമാനമായും പുല്ലിന്റെ വില 3.14 ശതമാനം ആയും വര്‍ദ്ധിച്ചു. 2014-15 ലെ വിലയുമായി താരതമ്യപ്പെടുത്തുമ്പോള്‍ 2015-16-ല്‍ നിലക്കടല പിണ്ണാക്കിന്റെ വില 11.48 ശതമാനവും, തേങ്ങാപ്പിണ്ണാക്കിന്റെ വില 7.79 ശതമാനവും, എള്ളിന്‍പിണ്ണാക്കിന്റെ വില 7.61 ശതമാനവും വര്‍ദ്ധിച്ചു. ഈ വില വര്‍ധന ക്ഷീരകര്‍ഷകരെ സംബന്ധിച്ചിടത്തോളം വലിയ ഒരു ഭീഷണിയാണ്. ആയതിനാല്‍ സംസ്ഥാനത്ത് യഥേഷ്ടം ലഭ്യമാകുന്ന പരമ്പരാഗത രീതിയിലുള്ള തീറ്റകളുടെ സാധ്യത കണ്ടെത്തുന്നതിനുള്ള നടപടി ഉണ്ടാകേണ്ടതാണ്. 2010-11-മുതല്‍ 2015-16 വരെ കന്നുകാലി ഉല്പന്നങ്ങളുടെ ശരാശരി വിലകളില്‍ ദൃശ്യമാകുന്ന പ്രവണത ചിത്രം 2.8 –ല്‍ കാണിച്ചിട്ടുണ്ട്.

ചിത്രം 2.8
കന്നുകാലി ഉല്പന്നങ്ങളുടെ ശരാശരി വിലകള്‍ (2010-11 മുതല്‍ 2015-16 വരെ )
മാംസം
മുട്ട

പാല്‍
കാലിത്തീറ്റ
അവലംബം: മൃഗസംരക്ഷണ വകുപ്പ്

വാര്‍ഷിക പദ്ധതി 2015-16

2015-16 വാര്‍ഷിക പദ്ധതിയില്‍ മൃഗസംരക്ഷണത്തിനും ക്ഷീരവികസനത്തിനും വേണ്ടി യഥാക്രമം 299.38 കോടി രൂപയും 79 കോടി രൂപയും വകയിരുത്തിയതില്‍, യഥാക്രമം, 187.66 കോടി രൂപയും (62.68ശതമാനം) 77.76 കോടി രൂപയും (98.43 ശതമാനം) ചെലവാക്കി. പ്രത്യേക കന്നുകാലി പ്രജനന പരിപാടി (എസ്. എല്‍. ബി. പി), മൃഗ ചികില്‍സാ സേവനങ്ങള്‍ ശക്തിപ്പെടുത്തല്‍ എന്നീ പ്രധാന പദ്ധതികള്‍ക്ക് യഥാക്രമം 46.39 കോടി രൂപയും 36.37 കോടി രൂപയും വകയിരുത്തിയതില്‍ 46.14 കോടി രൂപയും (99.46 ശതമാനം). 26.80 കോടി രൂപയും (73.69ശതമാനം) ചെലവഴിച്ചു. ക്ഷീരവികസന മേഖലയില്‍ മില്‍ക്ക് ഷെഡ് വികസനം, പ്രാഥമിക ക്ഷീര സംഘങ്ങള്‍ക്ക് സഹായം എന്നീ പ്രധാന പദ്ധതികള്‍ക്ക് വേണ്ടി യഥാക്രമം 36.25കോടി രൂപയും 16.50 കോടി രൂപയും വകയിരുത്തിയതില്‍ 35.96 കോടി രൂപയും(99.20 ശതമാനം) 16.47 കോടി രൂപയും (99.82 ശതമാനം) ചെലവഴിച്ചു.

2016-17ലെ മുഖ്യസംരംഭങ്ങള്‍

മൃഗസംരക്ഷണ വകുപ്പിന്റേയും ക്ഷീര വികസനത്തിന്റേയും 2016-17 വര്‍ഷത്തെ മുഖ്യ സംരംഭങ്ങള്‍ താഴെ ചേര്‍ക്കുന്നു.

  • കര്‍ഷകര്‍ക്ക് ഏതു സമയവും വീട്ടുപടിക്കല്‍ സേവനം ഉറപ്പാക്കുന്ന പരിപാടി 2016-17 ല്‍ തെരഞ്ഞെടുത്ത 65 ബ്ലോക്കു പഞ്ചായത്തുകളില്‍ വ്യാപിപ്പിച്ചു.
  • രോഗനിര്‍ണ്ണയവും അതിജീവനവും മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ലബോറട്ടറികളുടെ അടിസ്ഥാന സൗകര്യങ്ങള്‍ ശക്തിപ്പെടുത്തല്‍.
  • നായ്ക്കളുടെ ജനന നിയന്ത്രണത്തിനും പേപ്പട്ടി നിര്‍മ്മാര്‍ജ്ജനം ചെയ്യുന്നതിനുമായി പേവിഷ വാക്സിന്‍ ക്യാമ്പുകള്‍ സംഘടിപ്പിച്ചു.
  • കുളമ്പുരോഗത്തിനെതിരെ സമഗ്ര വാക്സിന്‍ ക്യാമ്പ് സംഘടിപ്പിച്ചു.
  • ഗോവര്‍ദ്ധിനി പദ്ധതിക്കായി 36 കോടി രൂപ വകയിരുത്തി.
  • ഗ്രാമ പ്രദേശങ്ങളില്‍ മുട്ടക്കോഴി ഉല്പാദനം വര്‍ദ്ധിപ്പിക്കുന്നതിനായി പരിപാടി.
  • തിരുവനന്തപുരത്തെ സംസ്ഥാന ഡയറി ലാബിന് അടിസ്ഥാന സൗകര്യ വികസനത്തിന് സഹായം.
  • കൊല്ലത്തും എറണാകുളത്തും 15 കോടി രൂപ വകയിരുത്തി സമഗ്ര ക്ഷീര വികസന പരിപാടി.
  • വാളയാറും മീനാക്ഷിപുരത്തും സ്ഥിരമായ പാല്‍ പരിശോധന സൗകര്യം.
top