ഇന്ത്യയില്‍ സഹകരണ പ്രസ്ഥാനം ശ്രദ്ധേയമായ പുരോഗതി കൈവരിച്ചിട്ടുണ്ടു്. 6 ലക്ഷം സഹകരണ സ്ഥാപനങ്ങളും 250 ദശലക്ഷം അംഗങ്ങളും അടങ്ങിയ ഈ പ്രസ്ഥാനം ലോകത്തിലെ തന്നെ ഏറ്റവും വലിയ സഹകരണ പ്രസ്ഥാനങ്ങളിലൊന്നാണ്. ഈ പ്രസ്ഥാനങ്ങള്‍ക്ക് വമ്പിച്ച ശൃംഖലയും അതുല്യമായ വ്യാപ്തിയുമുണ്ടു്. ഗ്രാമീണ മേഖലയില്‍ ഇതിന് 100 ശതമാനം വ്യാപ്തിയാണുള്ളത്. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ മുഖ്യധാരയില്‍ ഇതിന് ഒരു പരമപ്രധാനമായ പങ്കാണുള്ളത്. പ്രത്യേകിച്ച് ഗ്രാമീണ മേഖലയിലെ വായ്പകള്‍, കാര്‍ഷിക ഉല്പാദനോപാധികളുടെ വിതരണം, സംഭരണം, വിപണനം, പാര്‍പ്പിടം തുടങ്ങിയവ. രാജ്യം സാമൂഹിക സാമ്പത്തിക അസന്തുലിത തുടച്ചു നീക്കുന്നതിനായി സകല ജനങ്ങളുടെയും വളര്‍ച്ചക്ക് ഊന്നല്‍ നല്‍കുന്ന ഈ വേളയില്‍ സഹകരണ പ്രസ്ഥാനങ്ങള്‍ക്ക് ഈ ലക്ഷ്യം നേടിയെടുക്കുന്നതില്‍ ഒരു പ്രധാന പങ്കാണുള്ളത്. കാരണം ഇവ മനുഷ്യമനസ്സില്‍ ഉറച്ച വേരുള്ളതും, പങ്കാളിത്തസ്വഭാവമുള്ളതും ന്യായബോധത്തെ പ്രോത്സാഹിപ്പിക്കുന്നതുമാണ്.
കേരളത്തിലും സഹകരണ പ്രസ്ഥാനം മികച്ച പുരോഗതി കൈവരിച്ചിട്ടുണ്ടു് എന്നു മാത്രമല്ല ജീവിതത്തിന്റെ എല്ലാ മേഖലകളിലേയ്ക്കും വ്യാപിച്ചിട്ടുമുണ്ടു്. വായ്പ നല്‍കുന്ന പ്രസ്ഥാനമായിട്ടാണ് ആദ്യം ഇത് തുടങ്ങിയതെങ്കിലും പിന്നീട് സാമൂഹിക സാമ്പത്തിക മുന്‍നിരയിലെ മറ്റ് പല പ്രവര്‍ത്തികളിലേയ്ക്കും ഇത് വൈവിദ്ധ്യവല്‍ക്കരിക്കപ്പെട്ടിട്ടുണ്ടു്. 15285 സഹകരണ സംഘങ്ങളാണ് റജിസ്റ്റാര്‍ ഓഫ് കോ ഓപ്പറേറ്റീവ് സൊസൈറ്റീസിന്റെ കീഴില്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. ഇതില്‍ 11908 എണ്ണം തൃപ്തികരമായി പ്രവര്‍ത്തിക്കുന്നുണ്ടു്. ഇതില്‍ ഭൂരിഭാഗവും വായ്പാ സഹകരണ സംഘങ്ങളും (3468) ഉപഭോക്തൃ സംഘങ്ങളും (4671) വനിതാ സഹകരണ സംഘങ്ങളുമാണ് (1152). ഇതു കൂടാതെ, വിപണന, ആരോഗ്യ, എസ് സി/എസ് റ്റി സംഘങ്ങളാണുള്ളത്. ഇതില്‍ പകുതിയോളം പ്രവര്‍ത്തനരഹിതമോ നഷ്ടത്തിലോ പ്രവര്‍ത്തിക്കുന്നവയാണ്. വിശദവിവരങ്ങള്‍ അനുബന്ധം 2.72 ലും അനുബന്ധം 2.73 ലും ചേര്‍ത്തിരിക്കുന്നു.
വായ്പാ സഹകരണ സംഘങ്ങളാണ് കേരളത്തില്‍ ഏറ്റവും ആകര്‍ഷകമായതും, സാധ്യതയുള്ളതുമായ സഹകരണപ്രസ്ഥാനങ്ങളിലൊന്ന്. ഹ്രസ്വകാലം, ദീര്‍ഘകാലം എന്നിവ അടങ്ങുന്നതാണ് സഹകരണ വായ്പാ ഘടന. സംസ്ഥാന സഹകരണ ബാങ്ക് (ഏറ്റവും മേലെതട്ടില്‍), 14 ജില്ലാ സഹകരണ ബാങ്കുകള്‍, താഴെതട്ടില്‍ 1647 പ്രാഥമിക കാര്‍ഷിക വായ്പാ സംഘങ്ങള്‍ എന്നിവയുള്‍പ്പെടുന്ന ഒരു ത്രിതല സംവിധാനമാണ് ഹ്രസ്വകാല കാര്‍ഷിക സഹകരണ വായ്പാ ഘടനയിലുള്ളതു്. അടിസ്ഥാനപരമായി സ്വയംഭരണാവകാശമുള്ള സ്ഥാപനങ്ങളിലൊന്നാണ് വായ്പാ സഹകരണ സംഘങ്ങള്‍. ഈ ത്രിതല സംവിധാനം കൂടാതെ നന്നായി വികസിച്ച അര്‍ബന്‍ സഹകരണ ബാങ്കുകളും കേരളത്തില്‍ പ്രവര്‍ത്തിച്ചു വരുന്നുണ്ടു്.
കേരള സംസ്ഥാന സഹകരണ, കാര്‍ഷിക, ഗ്രാമീണ വികസന ബാങ്ക്, താലൂക്ക് തലത്തില്‍ പ്രവര്‍ത്തിക്കുന്ന 78 പ്രാഥമിക സഹകരണ, കാര്‍ഷിക, ഗ്രാമീണ വികസന ബാങ്കുകള്‍ എന്നിവയടങ്ങുന്നതാണ് ദീര്‍ഘകാല സഹകരണ വായ്പാ സംവിധാനം. ദീര്‍ഘകാല നിക്ഷേപ വായ്പവഴി കാര്‍ഷിക ഗ്രാമവികസന മേഖലയിലെ മൂലധനത്തെ പ്രോത്സാഹിപ്പിക്കുന്നതില്‍ കേരളസംസ്ഥാന സഹകരണ കാര്‍ഷിക ഗ്രാമവകിസന ബാങ്കിന് സുപ്രധാന പങ്കുണ്ട്.
സഹകരണ വായ്പ പ്രസ്ഥാനത്തിന്റെ കാര്യശേഷി താഴെ തട്ടില്‍ പ്രവര്‍ത്തിക്കുന്ന പ്രാഥമിക കാര്‍ഷിക സഹകരണ സംഘങ്ങളെ ആശ്രയിച്ചിരിക്കുന്നു. കേരളത്തില്‍ 2.29 കോടി അംഗങ്ങള്‍ അടങ്ങുന്ന ആകെ 1647 സൊസൈറ്റികളാണുള്ളത്. എന്നിരുന്നാലും നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ ഈ സൊസൈറ്റികളുടെ ഓഹരി മൂലധനം 1833 കോടി രൂപയില്‍ നിന്ന് 1497.06 കോടി രൂപയായി കുറഞ്ഞിട്ടുണ്ടു്. നിക്ഷേപങ്ങള്‍ 73795 കോടി രൂപയില്‍ നിന്ന് 80190.41 കോടി രൂപയായി കൂടിയപ്പോള്‍, വായ്പകള്‍ 83308.04 കോടി രൂപയില്‍ നിന്ന് 76007.84 കോടി രൂപയായി കുറഞ്ഞിട്ടുണ്ടു്. ആകെ വായ്പകള്‍ നല്‍കിയതിന്റെ ഏകദേശം 9 ശതമാനം കാര്‍ഷിക വായ്പയാണ്. ഇതു കൂടാതെ ഈ വര്‍ഷത്തിലെ ഒരു പ്രധാന സംഭവമാണ് ഹ്രസ്വകാല മധ്യകാല കാര്‍ഷിക വായ്പകളിലെ വര്‍ദ്ധനവ്. ഇത് മൂലധന രൂപീകരണത്തിന് ഏറെ സഹായകരമാകും. വിശദവിവരങ്ങള്‍ അനുബന്ധം 2.74 ലും അനുബന്ധം 2.75 ലും കൊടുത്തിരിക്കുന്നു. ഈ മേഖലയിലെ ജൂൺ 2016 വരെയുള്ള പ്രധാനപെട്ട ബാങ്കിങ് സ്റ്റാറ്റിസ്റ്റിക്സ് പട്ടിക 2.7 ൽ കൊടുത്തിരിക്കുന്നു
ഘടകം | ശതമാനം | ||
ശാഖകള്‍ | എണ്ണം | 973 | 13.5 |
ആകെ നിക്ഷേപങ്ങള്‍ | രൂപ കോടിയില്‍ | 67534 | 15.4 |
ആകെ വായ്പ്പകള്‍ | രൂപ കോടിയില്‍ | 45004 | 15.9 |
ആകെ ബിസിനസ്സ് | രൂപ കോടിയില്‍ | 112539 | 15.6 |
മുന്‍ഗണനാ മേഖലക്കുള്ള വായ്പകള്‍ | രൂപ കോടിയില്‍ | 23115 | 14.5 |
കാര്‍ഷിക വായ്പകള്‍ | രൂപ കോടിയില്‍ | 5893 | 9.59 |
പൊതു ജനങ്ങള്‍ക്ക് അവശ്യവസ്തുക്കള്‍ പൊതുമാര്‍ക്കറ്റിലെ വിലയേക്കാള്‍ കുറവില്‍ ന്യായമായ വിലയില്‍ നല്‍കി കൊണ്ടു് ഉപഭോക്തൃ സഹകരണ സംഘങ്ങള്‍ പൊതു വിതരണ സംവിധാനത്തില്‍ പ്രധാന പങ്ക് വഹിക്കുന്നു. സംസ്ഥാന തലത്തില്‍, സംസ്ഥാന ഉപഭോക്തൃ സഹകരണ ഫെഡറേഷന്‍, 14 ജില്ലാതല മൊത്ത വ്യാപാര സ്റ്റോറുകള്‍, പ്രാഥമിക തലത്തില്‍ 643 പ്രാഥമിക സഹകരണ സംഘങ്ങള്‍ എന്നിവ ഉള്‍പ്പെടുന്നതാണ് കേരളത്തിലെ ഉപഭോക്തൃ സഹകരണ സംഘങ്ങള്‍. ജില്ലാതല മൊത്ത വ്യാപാര സ്റ്റോറുകളും പ്രാഥമിക സഹകരണ സംഘങ്ങളും അവരുടെ തന്നെ സൂപ്പര്‍ സ്റ്റോറുകള്‍, പ്രൈമറി സ്റ്റോറുകള്‍, ഡിപ്പാര്‍ട്ട്മെന്റല്‍ സ്റ്റോറുകള്‍ എന്നിവയിലൂടെ ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നു.
ഉപഭോക്തൃ സഹകരണസംഘങ്ങളില്‍ പ്രധാനപ്പെട്ട ഒന്നായ ത്രിവേണി സൂപ്പര്‍ മാര്‍ക്കറ്റുകള്‍ തുണിത്തരങ്ങള്‍, പലവ്യഞ്ജനം, സ്റ്റേഷനറി വസ്തുക്കള്‍ എന്നിവയുടെ ചില്ലറ, മൊത്ത വ്യാപാരത്തിലേര്‍പ്പെട്ടിരിക്കുന്നു. ഇതിനു പുറമെ വിദ്യാര്‍ത്ഥികളുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി സ്കൂള്‍, കോളേജ് തലത്തിലും സഹകരണ സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നു.
ഇടനിലക്കാരുടെ ചൂഷണത്തില്‍ നിന്നും സാധാരണ ജനങ്ങളെ രക്ഷിക്കാന്‍ വേണ്ടിയാണ് ത്രിവേണി സൂപ്പര്‍ മാര്‍ക്കറ്റുകള്‍ ആരംഭിച്ചത്. നിലവില്‍ 268 ത്രിവേണി സൂപ്പര്‍ മാര്‍ക്കറ്റുകളും, 134 മൊബൈല്‍ ത്രിവേണി യൂണിറ്റുകളും, 7 ഫ്ലോട്ടിംഗ് ത്രിവേണി സ്റ്റോറുകള്‍, 8 ത്രിവേണി കോഫീഹൌസുകള്‍, ഒരു ത്രിവേണി ഉച്ച ഭക്ഷണ യൂണിറ്റുമാണുള്ളത്. ത്രിവേണി നോട്ട് ബുക്കുകളുടെ നിര്‍മ്മാണവും വില്‍പ്പനയുമാണ് ഉപഭോക്തൃ സഹകരണ സംവിധാനത്തിന്റെ മറ്റു പരിപാടികള്‍.
കേരള സര്‍ക്കാറിന്റെ ഉത്തരവ് പ്രകാരം 1997 ല്‍ ആരംഭിച്ച പദ്ധതിയായ നീതി പദ്ധതി നല്ല രീതിയില്‍ പുരോഗമിക്കുന്നു. ആയിരത്തില്‍പ്പരം പ്രാഥമിക കാര്‍ഷിക വായ്പാ സൊസൈറ്റികള്‍ വഴി കേരളത്തിലെ എല്ലാ ജില്ലകളിലും പ്രത്യേകിച്ച് ഗ്രാമപ്രദേശങ്ങളില്‍ നിത്യോപയോഗ സാധനങ്ങള്‍ ഏറ്റവും കുറഞ്ഞ വിലക്ക് കൊടുക്കപ്പെടുന്നു. മരുന്നുകള്‍ കുറഞ്ഞ വിലക്ക് കൊടുക്കുന്നതിനാണ് നീതി മെഡിക്കല്‍ സ്റ്റോറുകള്‍ ആരംഭിച്ചത്. കണ്‍സ്യൂമര്‍ഫെഡാണ് ഈ മരുന്നുകള്‍ മൊത്തവിലയ്ക്ക് സംഭരിക്കുകയും, ആവശ്യാനുസരണം നീതി മെഡിക്കല്‍ സ്റ്റോറുകള്‍ക്ക് വിതരണം ചെയ്യുകയും ചെയ്യുന്നത്. നിലവില്‍ പ്രാഥമിക കാര്‍ഷിക വായ്പാ സംഘങ്ങള്‍ നേരിട്ട് നടത്തുന്ന 600 നീതി മെഡിക്കല്‍ സ്റ്റോറുകള്‍ കൂടാതെ ഫെഡറേഷന്‍ നടത്തുന്ന 94 സ്റ്റോറുകളാണ് ഉള്ളത്.
സമൂഹത്തിലെ ഏറ്റവും പാവപ്പെട്ടവരെയും താഴെതട്ടിലുള്ളവരെയും ഉദ്ദേശിച്ചുകൊണ്ടാണ് 2180 ചില്ലറ വില്പനകേന്ദ്രങ്ങള്‍ വഴി 10 അത്യാവശ്യസാധനങ്ങള്‍ സബ്സിഡി നിരക്കില്‍ വിതരണം ചെയ്യുന്നതിനു വേണ്ടിയാണ് നന്മ സ്റ്റോറുകള്‍ തുടങ്ങിയത്. നിലവില്‍ 751 നന്മ സ്റ്റോറുകളാണ് കണ്‍സ്യൂമര്‍ ഫെഡിന്റെ കീഴില്‍ ഉള്ളത്. ഇതില്‍ 1311 എണ്ണം തിരഞ്ഞെടുക്കപ്പെട്ട സഹകരണ സംഘങ്ങളും 869 എണ്ണം ഫെഡറേഷന്റെ ശാഖയുമാണ് നടത്തുന്നത്. ഇവിടെ കമ്പോള വിലയെക്കാളും 20 ശതമാനം കുറഞ്ഞ വിലക്കാണ് വില്‍ക്കപ്പെടുന്നത്. ഇതൂ കൂടാതെ പ്രാഥമിക സംഘങ്ങള്‍ നടത്തുന്ന നന്മ സ്റ്റോറുകളില്ലാത്ത പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റി വാര്‍ഡുകളിലും നേരിട്ട് നന്മ സ്റ്റോറുകള്‍ തുടങ്ങുന്ന ഒരു പ്രധാന പദ്ധതിയുമുണ്ടു്.–
ഇതു കൂടാതെ മറ്റു സഹകരണ സംഘങ്ങളും ഉണ്ട്. വനിതാ സഹകരണ സംഘങ്ങള്‍, ഭവനസഹകരണ സംഘങ്ങള്‍, ആശുപത്രി മേഖലയിലെ സഹകരണ സംഘങ്ങള്‍, വിദ്യാഭ്യാസ സഹകരണ സംഘങ്ങള്‍ എന്നിവയാണ് ഇതില്‍ അടങ്ങിയിട്ടുള്ളത്. ഇതില്‍ ആശുപത്രി സഹകരണ സംഘങ്ങളാണ് നല്ല രീതിയില്‍ പ്രവര്‍ത്തിച്ചു വരുന്നത്. 1033 ഡോക്ടര്‍മാരും 4942 പാരാമെഡിക്കല്‍ ജീവനക്കാരും അടങ്ങിയ 102 ആശുപത്രികളാണ് രജിസ്റ്റാര്‍ ഓഫ് കോ ഓപ്പറേറ്റീവ് സൊസൈറ്റീസിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നത്. ഇവയില്‍ എന്‍.എ.ബി.എച്ച് അംഗീകരിച്ച ഇ.എം.എസ് മെമ്മോറിയല്‍ ഹോസ്പിറ്റല്‍ പെരുന്തല്‍മണ്ണ നല്ല രീതിയില്‍ പ്രവര്‍ത്തിച്ചുവരുന്ന ഒന്നാണ്. ആശുപത്രി സഹകരണസംഘങ്ങളുടെ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്നത് ഇവയുടെ അപ്പെക്സ് സംവിധാനമായ കേരള സഹകരണ ആശുപത്രി ഫെഡറേഷന്‍ ആണ്.
2014-15 വര്‍ഷത്തില്‍ ജില്ലാ സഹകരണ ബാങ്കുകള്‍ 23412 കിസാന്‍ ക്രെഡിറ്റ് കാര്‍ഡുകളാണ് പ്രാഥമിക കാര്‍ഷിക സഹകരണ സംഘങ്ങള്‍ വഴി വിതരണം ചെയ്തത്. ഇവ വഴി ആകെ വിതരണം ചെയ്തിട്ടുള്ള കിസാന്‍ ക്രെഡിറ്റ് 7,67,768 എണ്ണവും, വായ്പ നൽകിയിട്ടുള്ളത് 2485.32 കോടി രൂപയാണ്.
സഹകരണ വായ്പാ സ്ഥാപനങ്ങളുടെ നിക്ഷേപ സമാഹരണ പരിപാടി റിപ്പോര്‍ട്ട് വര്‍ഷത്തിലും തുടരുകയുണ്ടായി. അവലോകന വര്‍ഷത്തില്‍ ലക്ഷ്യമിട്ടിരുന്നതു് 6000 കോടി രൂപയും സമാഹരിച്ചതു് 7311 കോടി രൂപയുമായിരുന്നു. കഴിഞ്ഞ വര്‍ഷത്തില്‍ സമാഹരിച്ചതു് 6674 കോടി രൂപയാണ്. ഓരോ വര്‍ഷത്തേയും ലക്ഷ്യവും നേട്ടവും അനുബന്ധം 2.76 ല്‍ കൊടുത്തിരിക്കുന്നു.
കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്റ് ആക്ട് പ്രകാരം സ്ഥാപിച്ച സ്ഥാപനം ആണ് ദേശീയ സഹകരണ വികസന കോര്‍പ്പറേഷന്‍, സഹകരണ സ്ഥാപനങ്ങള്‍ വഴി കാര്‍ഷിക ഉപയോഗ സാധനങ്ങള്‍ ഉല്പാദിപ്പിക്കാനും, സംസ്ക്കരണത്തിനും, വിപണനം, സംഭരണം, കയറ്റുമതി ഇറക്കുമതി എന്നിവയ്ക്ക് വേണ്ടിയുമുള്ള പരിപാടികള്‍ ആസൂത്രണം ചെയ്യുന്നതിനാണ് ഇത് നിലവില്‍ വന്നത്. രാജ്യത്തെ സഹകരണ പ്രസ്ഥാനത്തിന്റെ വളര്‍ച്ചക്ക് ആവശ്യമായ പ്രമുഖ ധനകാര്യ സ്ഥാപനമായി ഇത് മാറിയിട്ടുണ്ടു്.
മാര്‍ച്ച് 31, 2016 വരെ വിവിധ സഹകരണ വികസന പദ്ധതികള്‍ക്കായി എന്‍. സി. ഡി. സി യുടെ കേരളത്തിനുള്ള മൊത്തം സാമ്പത്തിക സഹായം 6273.00 കോടി രൂപയായിരുന്നു. ഇതില്‍ 1563.42 കോടി രൂപ സംസ്ഥാന സര്‍ക്കാര്‍ മുഖേനയും 4709.93 കോടി രൂപ നേരിട്ടുള്ള സഹായമായും നല്‍കിയിട്ടുണ്ടു്. കൂടാതെ 1563.42 രൂപയില്‍ 1459.46 കോടി രൂപ ദീര്‍ഘകാല വായ്പയായി നല്‍കിയിട്ടുണ്ടു്. 53.96 കോടി രൂപ മാത്രമാണ് സബ് സിഡി ഇനത്തില്‍ നല്‍കിയിട്ടുള്ളതു്. പ്രവര്‍ത്തന മൂലധനമായി 50 കോടി രൂപ നല്‍കിയിട്ടുണ്ടു്. എന്‍.സി. ഡി. സി യുടെ വിവിധ തരത്തിലുള്ള വിതരണത്തിന്റെ വിശദാംശങ്ങള്‍ അനുബന്ധം 2.77 ല്‍ ചേര്‍ത്തിരിക്കുന്നു. 2015-16 സാമ്പത്തിക വര്‍ഷം സംസ്ഥാനങ്ങള്‍ക്കുള്ള എന്‍. സി. ഡി. സി യുടെ സഹായം വിതരണം ചെയ്യുന്നതില്‍ കേരളം അഞ്ചാം സ്ഥാനത്തായിരുന്നു. 2015-16 ലേക്ക് എന്‍. സി. ഡി. സി കേരളത്തിനു വേണ്ടി അനുവദിച്ചതു് 386.44 കോടി രൂപയും, വിതരണം ചെയ്തത് 280.26 കോടി രൂപയും ആയിരുന്നു. ഇതു് രാജ്യമൊട്ടാകെ അനുവദിച്ച തുകയുടെ 4.56 ശതമാനവും വിതരണത്തിന്റെ 3.94 ശതമാനവും ആണ്. 2015-16 വര്‍ഷത്തില്‍ സംസ്ഥാന ഗവണ്‍മെന്റ് മുഖേനയോ നേരിട്ടുള്ള സഹായമായോ ലഭിച്ച എന്‍. സി. ഡി. സി. ഫണ്ട് കേരളത്തിലെ 107 സഹകരണ സംഘങ്ങള്‍ക്ക് പ്രയോജനപ്പെട്ടു. ഹ്രസ്വകാല കാര്‍ഷിക വായ്പ, കാര്‍ഷികോല്പന്ന വിപണനം, വളങ്ങളുടെയും ഉല്പാദനോപാധികളുടേയും വിതരണം, ഉപഭോക്തൃ സഹകരണ സംഘങ്ങള്‍, സംഭരണ/ശേഖരണ സൗകര്യങ്ങളും അടിസ്ഥാന സൗകര്യങ്ങളും, സേവന മേഖല, വ്യാവസായിക സംരംഭങ്ങള്‍, സംസ്ക്കരണ പ്രവര്‍ത്തനങ്ങള്‍, തൊഴിലാളി സഹകരണ സംഘങ്ങള്‍ എന്നിവ കൂടാതെ മത്സ്യത്തൊഴിലാളികള്‍, പട്ടികജാതി/പട്ടികവര്‍ഗ്ഗം പോലുള്ള ദുര്‍ബല വിഭാഗങ്ങള്‍ക്കുള്ള പരിപാടിയും ഉള്‍പ്പെടെ കാര്‍ഷിക അനുബന്ധ മേഖലകളിലെ മിക്കവാറും എല്ലാ പ്രവര്‍ത്തനങ്ങളും 2015-16 - ലെ എന്‍.സി. ഡി. സി സാമ്പത്തിക സഹായത്തിലുള്‍പ്പെടുന്നു.
എന്‍. സി. ഡി. സി യില്‍ നിന്നുള്ള സഹായത്തിന്റെ ഇനം തിരിച്ചും പ്രവര്‍ത്തി തിരിച്ചും ആണ്ടു തിരിച്ചുമുള്ള വിവരങ്ങള്‍ അനുബന്ധം 2.78 ല്‍ കൊടുത്തിട്ടുണ്ടു്. 2013-14 മുതല്‍ 2015-16 വരെ എന്‍. സി. ഡി. സി പ്രതിവര്‍ഷം അനുവദിച്ച തുക ഇനം തിരിച്ച് അനുബന്ധം 2.79, അനുബന്ധം 2.80 ല്‍ ചേര്‍ത്തിട്ടുണ്ടു്. എന്‍. സി. ഡി. സി യുടെ വായ്പാ പലിശാ നിരക്ക് ഏറ്റവും കൂടുതലെന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. 2015-16 ല്‍ ഇത് 9.45 ശതമാനം മുതല്‍ 12.5 ശതമാനം വരെയായിരുന്നു. എന്‍. സി. ഡി. സി യില്‍ നിന്നുള്ള കൂടുതല്‍ സഹായം സ്വീകരിക്കുന്നതിന് പലിശ കുറയ്ക്കേണ്ടത് അനിവാര്യമാണെന്നു കാണുന്നു.
12-ം പഞ്ചവത്സര പദ്ധതിയില്‍ 400.78 കോടി രൂപയാണ് സഹകരണ മേഖലയ്ക്കായി വകയിരുത്തിയിരുന്നത്. ആദ്യത്തെ നാലുവര്‍ഷത്തെ ചിലവ് 372.72 കോടി രൂപയാണ്. പദ്ധതി കാലയളവില്‍ ഈ മേഖലയിലെ വിഹിതവും ചിലവും വര്‍ഷം തിരിച്ച് പട്ടിക 2.8 ല്‍ കാണിച്ചിരിക്കുന്നു. പദ്ധതി കാലഘട്ടത്തിന്റെ ആദ്യത്തെ രണ്ടു വര്‍ഷത്തില്‍ ചിലവ് 86 ശതമാനം ആയിരുന്നു. 2014-15 ല്‍ ചിലവ് 20.5 ശതമാനം ആണ്. 106.39 കോടി രൂപ ജില്ലാ സഹകരണ ബാങ്കുകള്‍ക്ക് ഓഹരി മൂലധനം നല്‍കാനായി എസ്.ഡി.ജി (S.D.G) ലഭിച്ചതിനാലാണിത്. 2015-16 ല്‍ ചിലവ് 97 ശതമാനമായിരുന്നു. എന്നാല്‍ നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ ജനുവരി 17, 2017 വരെ ചിലവ് വെറും 24.67 കോടി രൂപയാണ് (25.97 ശതമാനം).
വർഷം | വിഹിതം | ചിലവ് | (ശതമാനം) |
2012-13 | 62 | 53.62 | 86 |
2013-14 | 75 | 64.85 | 86 |
2014-15 | 83.39 | 171.39 | 205 |
2015-16 | 85.39 | 82.86 | 97 |
Sub-total | 305.78 | 372.72 | 121 |
2016-17 | 95 | 24.67 | 25.97* |
Total | 400.78 | - | - |
12-ാം പഞ്ചവത്സര പദ്ധതിയില്‍ നടപ്പിലാക്കിയ പ്രധാന പട്ടിക 2.9ല്‍ കൊടുത്തിരിക്കുന്നു. പട്ടികയില്‍ സൂചിപ്പിച്ചിരിക്കുന്നപോലെ 12-ാം പഞ്ചവത്സര പദ്ധതിയില്‍ ആകെയുള്ള വിഹിതത്തിന്റെ നാലില്‍ ഒരുഭാഗം വായ്പാസഹകരണ സ്ഥാപനങ്ങള്‍ക്കാണ് വകയിരുത്തിയിട്ടുള്ളത്. ഇതിന്റെ ചിലവ് 77 ശതമാനമാണ്. ഇവ കഴിഞ്ഞാല്‍ ആശുപത്രി, പട്ടികജാതി/പട്ടികവര്‍ഗ്ഗം, സ്ത്രികള്‍ എന്നിവരടങ്ങുന്ന മറ്റു സഹകരണ സംഘങ്ങള്‍ക്കാണ് കൂടുതല്‍ തുക വകയിരുത്തിയിട്ടുള്ളത് എന്നാല്‍ ഇതിന്റെ ചിലവ് 50 ശതമാനത്തിന്റെ തൊട്ടുമുകളിലെയുള്ളൂ. കാര്‍ഷിക സേവനകേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നതിനുവേണ്ടി ഈ പദ്ധതി കാലയളവില്‍ 36.1 കോടി രൂപ വകയിരുത്തിയിരുന്നു. ഈ കാലയളവിലെ നൂതന പരിപാടിയായ ഇതിന്റെ ചിലവും നല്ലരീതിയിലായിരുന്നു. മോഡല്‍ കൊ-ഓപ്പറേറ്റീവുകള്‍ക്കും പട്ടികജാതി പട്ടികവര്‍ഗ്ഗ സംഘങ്ങള്‍ക്കും ഏകദേശം 20 കോടി രൂപ വീതം വകയിരുത്തിയിരുന്നു. എന്നാല്‍ ശരാശരി ചിലവ് മാത്രമേ ഇതില്‍ വന്നിട്ടുള്ളൂ. വിപണന സഹകരണസംഘങ്ങളുടെ ചിലവ് മോശമായിരുന്നു.
ക്രമ നമ്പര്‍ | പദ്ധതികളുടെ പേര് | വിഹിതം | ചിലവ് | ശതമാനം |
1 | വായ്പാ സഹകരണ സംഘങ്ങള്‍ക്കുള്ള സഹായം | 100.99 | 78.24 | 77.47 |
2 | മറ്റ് സഹകരണ സംഘങ്ങള്‍ക്കുള്ള സഹായം | 59 | 32.97 | 55.88 |
3 | പ്രൊഫഷണല്‍ വിദ്യാഭ്യാസത്തിന് സഹകരണ അക്കാദമിക്ക് നല്‍കുന്ന സഹായം | 38.5 | 28.43 | 73.8 |
4 | കാര്‍ഷിക സേവനകേന്ദ്രം | 36.1 | 31.53 | 87.5 |
5 | ആര്‍.ഐ.ഡി.എഫ് | 31.6 | 28.88 | 91.3 |
6 | മാതൃകാസഹകരണ സംഘങ്ങള്‍ക്കുള്ള സഹായം | 20.5 | 13.6 | 66.3 |
7 | പട്ടികജാതി/പട്ടികവര്‍ഗ്ഗ സംഘങ്ങള്‍ക്കുള്ള സഹായം | 27.8 | 19.37 | 69.6 |
8 | വിപണന സഹകരണ സംഘങ്ങള്‍ക്കുള്ള സഹായം | 17.5 | 4.25 | 24.2 |
2015-16 ല്‍ ദേശീയ തലത്തില്‍ കാര്‍ഷിക വായ്പ ഇനത്തില്‍ 8.5 ലക്ഷം കോടി രൂപയായിരുന്നു ലക്ഷ്യം. ഇതില്‍ 8.7 ലക്ഷം കോടി രൂപ വിതരണം ചെയ്തു. എന്നാല്‍ 2014-15 ല്‍ 8 ലക്ഷം കോടി രൂപയായിരുന്നു ലക്ഷ്യം. ഇതില്‍ വാണിജ്യ ബാങ്കുകള്‍ 6 ലക്ഷം കോടി രൂപയും (താല്‍ക്കാലികം), ആര്‍.ആര്‍.ബി 1.19 ലക്ഷം കോടി രൂപയും, സഹകരണ ബാങ്കുകള്‍ 1.53 ലക്ഷം കോടി രൂപയും വിതരണം ചെയ്തു. അതായത്, കാര്‍ഷിക വായ്പാ വിതരണത്തില്‍ വാണിജ്യ ബാങ്കുകള്‍ക്കാണ് മുന്‍തൂക്കം. തുടര്‍ന്ന് സഹകരണ ബാങ്കുകളും കേരള പ്രാദേശിക ഗ്രാമീണ ബാങ്കും.
കാര്‍ഷിക വായ്പാ അനുപാതം കാര്‍ഷിക ജി.ഡി.പി യില്‍ ഇന്ത്യയില്‍ തുടര്‍ച്ചയായി കൂടി വരികയാണ്. 1999-2000 കാലയളവില്‍ 10 ശതമാനം ആയിരുന്നത് 2012-13 കാലയളവില്‍ 38 ശതമാനം ആയി കൂടി. എന്നാല്‍– എന്‍.എസ്.എസ്.ഒ യുടെ 70-ാം റൌണ്ട് പ്രകാരം സുസ്ഥാപിതമല്ലാത്ത ഏജന്‍സികളാണ് ആകെയുള്ള കാര്‍ഷിക വായ്പയുടെ 40 ശതമാനത്തോളം വിതരണം ചെയ്യുന്നത് എന്നത് ആശങ്കാജനകമാണ്. 26 ശതമാനം പണമിടപാടുകാരാണ് വിതരണം ചെയ്യുന്നത്. സുസ്ഥാപിതമായ ഏജന്‍സികളില്‍ നിന്ന് എളുപ്പത്തില്‍ കാര്‍ഷിക വായ്പ ലഭിക്കാനുള്ള നടപടികള്‍ സ്വീകരിച്ച് പണമിടപാടുകാരുടെ പിടിയില്‍ നിന്നും പാവപ്പെട്ട കര്‍ഷകരെ രക്ഷപ്പെടുത്തേണ്ടതാണ്. തുടര്‍ച്ചയായി കുറയുന്ന നിക്ഷേപ വായ്പയാണ് മറ്റൊരു പ്രശ്നം. ഇത് 2006-07 ല്‍ ആകെയുള്ള കാര്‍ഷിക വായ്പയുടെ 55 ശതമാനമായിരുന്നത് 2011-12 ല്‍ 39 ശതമാനമായി കുറഞ്ഞു. ഇതു പരിഹരിക്കാനായിട്ടാണ്കേന്ദ്രസര്‍ക്കാര്‍ ദീര്‍ഘകാല ഗ്രാമീണ സമാഹരണ ഫണ്ട് തുടങ്ങിയത്. 2015-16 ല്‍ ഈ ഇനത്തില്‍ 15000 കോടി രൂപയാണ് നീക്കി വെച്ചത്. 2014-15 ല്‍ ഇത് 5000 കോടി രൂപയാണ്. സഹകരണ ബാങ്കുകള്‍ക്കും ആര്‍.ആര്‍.ബികള്‍ക്കും, നബാര്‍ഡില്‍ നിന്നും പുനാർവയ്പ ലഭ്യമാക്കി ഈ തുക വിനിയോഗിക്കേണ്ടതാണ്. ഇത് ദീര്‍ഘകാല, ഇടത്തര വായ്പകള്‍ രാജ്യത്ത് വര്‍ദ്ധിപ്പിക്കാന്‍ ഏറെ സഹായകരമാകും.
ഹ്രസ്വകാല വായ്പ | ദീര്‍ഘകാല വായ്പ | ആകെ | |
വാണിജ്യ ബാങ്കുകള്‍ | 36877 | 11010 | 47886 |
ആര്‍.ആര്‍.ബി | 6835 | 167 | 7002 |
സഹകരണ ബാങ്കുകള്‍ | 4994 | 1038 | 6032 |
ആകെ | 48707 | 12215 | 60920 |
കേരളത്തിന്റെ കാര്‍ഷിക രംഗത്തെ ചില പ്രത്യേക വിശേഷണങ്ങള്‍ കാരണം കാര്‍ഷിക വായ്പക്ക് കേരളത്തില്‍ ഒരു പ്രധാന പങ്ക് ഉണ്ട്. അത് ഇവയൊക്കെയാണ് – കൃഷിയില്‍ വായ്പ അധികമായി ആവശ്യം വരുന്ന നാണ്യവിളകളുടെ പ്രാധാന്യം, തൊഴിലാളികള്‍ അധികമായി ഉപയോഗിച്ചു കൊണ്ടിരിക്കുന്ന കൃഷി രീതി, തുണ്ടം തുണ്ടമായി കിടക്കുന്ന കൃഷിഭൂമി, കയറ്റുമതി കൂടുതലായികേന്ദ്രീകരിച്ചുള്ള കൃഷിയിറക്കല്‍, കൃഷിയിലെ കടബാധ്യത മുതലായവ.
കേരളത്തില്‍ മാര്‍ച്ച് 2016 വരെ 60921 കോടി രൂപയാണ് കാര്‍ഷിക വായ്പയായിട്ട് വിതരണം ചെയ്തത് (രാജ്യത്തെ മൊത്തം കാര്‍ഷിക വായ്പയുടെ 7.16 ശതമാനം). മാര്‍ച്ച് 2015 ല്‍ ഇത് 63849 കോടി രൂപയാണ്. കാര്‍ഷിക വായ്പാ ഇനത്തില്‍ നേരിയ കുറവാണ് ഇത് കാണിക്കുന്നത്. ആകെയുള്ള വായ്പാ വിനിമയത്തില്‍ കാര്‍ഷിക വായ്പയുടെ പങ്ക് 23 ശതമാനമായിരുന്നു. കാര്‍ഷിക വായ്പാ വിനിമയത്തില്‍ ഓരോ ഏജന്‍സിയുടെ പങ്ക് പരിശോധിച്ചാല്‍ വാണിജ്യ ബാങ്കുകള്‍ക്കാണ് ഇതില്‍ ഏറ്റവും കൂടുതല്‍ പങ്കുള്ളത്(80 ശതമാനം). ആര്‍.ആര്‍.ബി ക്ക്(11 ശതമാനവും), സഹകരണ സ്ഥാപനങ്ങള്‍ക്ക് 9 ശതമാനവുമാണ്. (പട്ടിക 2.10) ഇതില്‍തന്നെ, സഹകരണ സ്ഥാപനങ്ങള്‍ ഒഴിച്ചാല്‍ മറ്റ് എല്ലാ ബാങ്കുകളും അവരവരുടെ ആകെയുള്ള വായ്പാ വിനിമയത്തിന്റെ 18 ശതമാനം കൃഷിക്കായി നല്‍കിയിട്ടുണ്ടു്. ദേശസാല്‍കൃത ബാങ്കുകള്‍, ആകെയുള്ള വായ്പയുടെ 59 ശതമാനവും, ആര്‍.ആര്‍.ബി 28 ശതമാനവും, സഹകരണ സ്ഥാപനങ്ങള്‍ 16 ശതമാനവുമാണ് കൃഷിക്കായി നല്‍കിയിട്ടുള്ളത്. എന്നിരുന്നാലും, കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ആര്‍.ആര്‍.ബിക്കും, സ്വകാര്യ ബാങ്കുകളും ഒഴിച്ച് മറ്റ് എല്ലാ സ്ഥാപനങ്ങളുടേുയം കാര്‍ഷിക വായ്പാ വിനിമയം കുറയുകയാണ് ചെയ്തിരിക്കുന്നത്.
2014-15ല്‍ വിതരണം ചെയ്ത വായ്പയെ ഹ്രസ്വകാലം ദീര്‍ഘകാലം എന്ന് വിഭജിച്ചാല്‍ ദീര്‍ഘകാല വായ്പയുടെ പങ്ക് ആകെയുള്ള വായ്പയുടെ 20 ശതമാനമാണ്. ഇത് ഉത്സാഹഭരിതമായ ഒരു കാര്യമാണ്. എന്തെന്നാല്‍, കഴിഞ്ഞ ഒരു ദശാബ്ദമായി തുടര്‍ച്ചയായി കുറഞ്ഞതിനു ശേഷമാണ് ഈ വര്‍ഷത്തില്‍ ഇത് കൂടിയിരിക്കുന്നത്. ഇതില്‍ ഏജന്‍സി തിരിച്ചുള്ള പങ്ക് എടുത്താല്‍ സഹകരണ സ്ഥാപനങ്ങളുടെ പങ്ക് - 8 ശതമാനവും, ആര്‍.ആര്‍.ബി യുടെ പങ്ക് 1.37 ശതമാനവും - ബാക്കിയുള്ള 90 ശതമാനം വാണിജ്യ ബാങ്കുകളുടേതുമാണ്. ലക്ഷ്യം കൈവരിക്കുന്ന കാര്യം പരിശോധിച്ചാല്‍ കേരള ഗ്രാമീണ ബാങ്ക് – ദീര്‍ഘകാല വായ്പാ ലക്ഷ്യത്തിന്റെ 152 ശതമാനം കൈവരിച്ചിട്ടുണ്ടു്. എന്നാല്‍ സഹകരണ സ്ഥാപനങ്ങള്‍ 47.49 ശതമാനവും വാണിജ്യ ബാങ്കുകള്‍ 54.7 ശതമാനമേ കൈവരിച്ചിട്ടുള്ളു.
ഏജന്‍സി തിരിച്ച് നിക്ഷേപ വായ്പയുടെ കണക്ക് പരിശോധിച്ചാല്‍, 2014-15 ല്‍ ആകെയുള്ള 7395 കോടി രൂപയുടെ 60 ശതമാനം വാണിജ്യ ബാങ്കുകളാണ് കൊടുത്തിട്ടുള്ളത്. 28 ശതമാനം സഹകരണ ബാങ്കുകളും, ബാക്കി ആര്‍.ആര്‍.ബിയും മേഖല തിരിച്ചു നോക്കിയാല്‍ -തോട്ടങ്ങള്‍ക്കും ഉദ്യാനങ്ങള്‍ക്കും ആണ് നിക്ഷേപ വായ്പയുടെ 26 ശതമാനവും വിതരണം ചെയ്തിട്ടുള്ളത്, 14 ശതമാനം ക്ഷീര മേഖലയ്ക്കും, 13 ശതമാനം വീതം ഭൂമിവികാസത്തിനും, കോഴി വളര്‍ത്തലിനും വേണ്ടിയാണ്.
ഇനം | 2014-15 | ||||
വാണിജ്യ ബാങ്കുകള്‍ | സഹകരണ ബാങ്കുകള്‍ | ആര്‍.ആര്‍.ബി | മറ്റുള്ളവ | ആകെ | |
ദീര്‍ഘകാല വായ്പ | |||||
ചെറുകിട ജലസേചനം | 10536 | 24058 | 902 | 35496 | |
ഭൂമിവികസനം | 49990 | 23266 | 25128 | 98383 | |
കാര്‍ഷിക യന്ത്രവത്ക്കരണം | 38659 | 21336 | 436 | 3 | 60435 |
പ്ലാന്റേഷന്‍ ആന്റ് ഹോര്‍ട്ടീക്കള്‍ച്ചര്‍ | 148921 | 40333 | 3276 | 192530 | |
ക്ഷീര വികസനം | 74317 | 28627 | 1576 | 104520 | |
കോഴി വളര്‍ത്തല്‍ | 29543 | 37768 | 25494 | 92806 | |
ആട്/പന്നി | 3783 | 11433 | 2789 | 18004 | |
മത്സ്യവികസനം | 4932 | 11998 | 5368 | 22298 | |
വനം | 20802 | 4633 | 1145 | 26580 | |
സംഭരണവും | 2325 | 2448 | 858 | 5632 | |
മറ്റുള്ളവ | 37165 | 12477 | 3126 | 60 | 82829 |
ആകെ | 450973 | 206508 | 70098 | 739513 |
കഴിഞ്ഞ രണ്ട് ദശാബ്ദകാലത്ത് സംസ്ഥാന ആഭ്യന്തര ഉല്പാദനത്തിന്റെ വിഹിതമായി 3-5 ശതമാനം മാത്രമേ കൃഷിക്കു വേണ്ടി ചിലവഴിച്ചിട്ടുള്ളു (1990-91 -3.24 ശതമാനം, 2009-10 – 4.39 ശതമാനം). ദേശീയ നിരക്ക് വെച്ച് താരതമ്യം ചെയ്തു നോക്കിയാല്‍ - സംസ്ഥാനത്തിന്റെ കൃഷിയില്‍ നിന്നുള്ള ആഭ്യന്തര ഉല്പാദനത്തിന്റെ നിശ്ചിത മൂലധനത്തിന്റെ പങ്ക് വളരെ കുറവാണ് (2009 ല്‍ കേരളത്തില്‍ 5.3 ശതമാനവും – ഇന്ത്യയില്‍ 17 ശതമാനവും). പരിമിതമായ പൊതുമേഖല നിക്ഷേപമേയുള്ളു എന്നതിനാല്‍ കൃഷി അനുബന്ധ പ്രവര്‍ത്തനങ്ങളില്‍ മൂലധനം വര്‍ദ്ധിപ്പിക്കാനുള്ള സാധ്യതകള്‍ കുറവാണ്. കൂടാതെ സ്വകാര്യ മേഖലയില്‍ നിന്നുള്ള നിക്ഷേപം ദീര്‍ഘകാല ആസ്തിയില്‍ ആവശ്യാനുസരണം ഉണ്ടായിട്ടുമില്ല. ഇത് ഒരു ചിന്താവിഷയമായ കാര്യം ആണ്. കൃഷിയില്‍ സ്വകാര്യ-പൊതു മേഖല നിക്ഷേപങ്ങള്‍ കൂട്ടാന്‍ സംഘടിതമായ കാൽവെയ്പ്പുകള്‍ നടത്തേണ്ടത് അത്യാവശ്യമാണ്.
കാര്‍ഷിക വായ്പ നല്‍കുന്ന സംസ്ഥാനത്തെ ഏജന്‍സികള്‍ ഉപയോഗിക്കുന്ന ഒരു പ്രധാന ഉപകരണമാണ് കിസാന്‍ ക്രെഡിറ്റ് കാര്‍ഡ്. സ്റ്റേറ്റ് ലെവല്‍ ബാങ്കേഴ്സ് കമ്മറ്റിയുടെ കണക്കുകള്‍ പ്രകാരം 2014-15 ല്‍ സംസ്ഥാനത്തെ ബാങ്കിംഗ് മേഖലയില്‍ 7564.53 കോടി രൂപ വിനിയോഗിച്ച് 5,03,163 കിസാന്‍ ക്രെഡിറ്റ് കാര്‍ഡുകള്‍ ആണ് വിതരണം ചെയ്തിട്ടുള്ളതു്. കെ.സി.സി യുടെ പുതുക്കിയ ചട്ടം പ്രകാരം കൃഷിക്കാരുടെ യാദൃശ്ചിക ചിലവുള്ളതും, ഉപഭോക്തൃ ആവശ്യങ്ങളും ഇതില്‍ ഉള്‍പ്പെടുത്തേണ്ടതാണ്. കൂടാതെ ബാങ്കുകളും തങ്ങളുടെ കൈവശമുള്ള കോര്‍ ബാങ്കിംഗ് സൊല്യൂഷന്‍, കര്‍ഷകര്‍ക്ക് എ.റ്റി.എം, ഡെബിറ്റ് കാര്‍ഡുകള്‍ എന്നീ സംവിധാനങ്ങള്‍ പരമാവധി നല്‍കാന്‍ ഉപയോഗപ്പെടുത്തേണ്ടതാണ്.
കേരളത്തില്‍ നബാര്‍ഡില്‍ നിന്നുള്ള മൊത്തം പുനര്‍ വായ്പാ വിതരണം 2015-16-ല്‍ 5820 കോടി രൂപയായിരുന്നു. ഇതില്‍ 5090 കോടി രൂപ പുനർവയ്പയായിട്ട് വാണിജ്യ ബാങ്കുകള്‍ക്ക് വിതരണം ചെയ്തു, 600 കോടി സംസ്ഥാന സര്‍ക്കാരിന് ഗ്രാമീണ പശ്ചാത്തല വികസന നിധി (ആര്‍.ഐ.ഡി.എഫ്) ആയിട്ടും, 115 കോടി രൂപ സഹകരണ ബാങ്കുകള്‍ക്ക് നേരിട്ടുള്ള സഹായമായിട്ടും 15 കോടി രൂപ വിവിധ ഏജന്‍സികള്‍ക്ക് ഗ്രാന്റായിട്ടുമാണ് നല്‍കിയിട്ടുള്ളത്. പുനർവയ്പയായിട്ട് വിതരണം ചെയ്ത 5090 കോടി രൂപയില്‍ 2390 കോടി രൂപ ഹ്രസ്വകാല ധനസഹായമായിട്ടുമാണ് ബാങ്കുകള്‍ക്ക് നല്‍കിയിട്ടുള്ളത്. 10 വര്‍ഷത്തിന് ശേഷമാണ് സഹകരണ ബാങ്കുകള്‍ക്ക് ദീര്‍ഘകാല നിക്ഷേപത്തിനുള്ള പുനർവയ്പ പദ്ധതി പുനരാരംഭിച്ചത്. ആര്‍.ഐ.ഡി.എഫ് പദ്ധതിയില്‍ 710 കോടി രൂപയുള്ള പുതിയ പദ്ധതികള്‍ സംസ്ഥാന സര്‍ക്കാരിന് അനുവദിച്ചിരുന്നു.
ഗ്രാന്റായിട്ട് അനുവദിച്ച 15 കോടി രൂപയില്‍ 2.20 കോടി രൂപ കോ-ഓപ്പറേറ്റീവ് ഡെവലപ്മെന്റ് ഫണ്ടില്‍ നിന്ന് സഹകരണ ബാങ്കുകള്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കാന്‍ വേണ്ടിയാണ് നല്‍കിയത്. കൂടാതെ 1.90 കോടി രൂപ ഫിനാന്‍ഷ്യല്‍ ഇന്‍ക്ലൂഷന്‍ ഫണ്ടില്‍ നിന്ന് സാമ്പത്തിക സാക്ഷരതാ സംരംഭങ്ങള്‍ക്ക് നല്‍കിയിട്ടുള്ളത്. 7.85 കോടി രൂപ പട്ടികവര്‍ഗ്ഗ വികസന ഫണ്ടില്‍ നിന്ന് - 4 ജില്ലകളില്‍ നടപ്പിലാക്കികൊണ്ടിരിക്കുന്ന 12 പട്ടിക വര്‍ഗ്ഗ പ്രോജക്ടുകള്‍ക്ക് വിതരണം ചെയ്തു. ഇതു കൂടാതെ 1.25 കോടി രൂപ ഫാര്‍മ സെന്റര്‍ പ്രൊമോഷന്‍ ഫണ്ടിന്റെ കീഴില്‍ -കാര്‍ഷിക വെറ്റേറിനറി സർവകലാശാലക്കും, കൃഷി വിജ്ഞാനകേന്ദ്രങ്ങള്‍ക്കും, എന്‍.ജി.ഒകള്‍ക്കും കൃഷി സംബന്ധമായ പ്രോജക്ടുകള്‍ നടപ്പിലാക്കാനായി വിതരണം ചെയ്തിരിക്കുന്നു.
കേരളത്തില്‍ 31.03.2016 ലെ കണക്കനുസരിച്ച് മൊത്തം അനുവദിച്ചതും വിതരണം ചെയ്തതും യഥാക്രമം 8174 കോടി രൂപയും 3795.95 കോടി രൂപയും ആയിരുന്നു. ആര്‍. ഐ. ഡി. എഫ് XXI ല്‍ 709.76 കോടി രൂപ അനുവദിക്കുകയും 116.04 കോടി രൂപ വിതരണം ചെയ്യുകയുമുണ്ടായി. ഓരോ ഘട്ടത്തിലും അനുവദിച്ചതും വിതരണം ചെയ്തതുമായ തുകയുടെ വിശദാംശങ്ങള്‍ അനുബന്ധം 2.84 എന്നിവയില്‍ കൊടുത്തിരിക്കുന്നു.
ആര്‍.ഐ.ഡി.എഫ് XXI ട്രാന്‍ഷേയില്‍ 2015-16 ല്‍ 710 കോടി രൂപ സംസ്ഥാന സര്‍ക്കാറിന് കൃഷി അനുബന്ധ മേഖലകളിലെ 252 അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്ന പ്രോജക്ടുകള്‍ക്കായി വിതരണം ചെയ്തു. ഇതില്‍ 50 ശതമാനം പ്രോജക്ടുകള്‍ കൃഷിക്കായും 26 ശതമാനം സാമൂഹിക ക്ഷേമത്തിനായും ബാക്കി 24 ശതമാനം ഗ്രാമപ്രദേശങ്ങളെ മറ്റു പ്രദേശങ്ങളുമായി ബന്ധിപ്പിക്കുന്നതിനുമായിട്ടാണ് അനുവദിച്ചിട്ടുള്ളത്. 2015-16 ല്‍ അനുവദിച്ച പദ്ധതികളില്‍ പ്രധാനപ്പെട്ടത് എ) ആലപ്പുഴ ജില്ലയില്‍ കടലാക്രമണം തടയാന്‍ വേണ്ടി ഗ്രോയിന്റു്സ്, ബി) എറണാകുളം ജില്ലയില്‍ ഇന്‍ഫോപാര്‍ക്ക് –രണ്ടാം ഘട്ടം, –സി)എറണാകുളം ജില്ലയില്‍ കേരള യൂണിവേഴ്സിറ്റി ഫോര്‍ ഫിഷറീസ് ആന്റ് ഓഷ്യല്‍ സ്ററഡീസ് (KUFOS)ന്റെ അടിസ്ഥാന സൗകര്യ വികസനം, ഇടുക്കി ജില്ലയില്‍ അപ്പര്‍ കല്ലാര്‍ സ്മാള്‍ ഹൈഡ്രോ ഇലക്ട്രിക് പ്രോജക്ട്(2.0 മെഗാവാട്ട്), കാസര്‍ഗോഡ് ജില്ലയിലെ സോള്‍ട്ട് വാട്ടര്‍ എക്സ്റ്റന്‍ഷന്‍ കം ബ്രിഡ്ജ്, 11 ജില്ലകളില്‍ നീര്‍ത്തട വികസന പ്രോജക്ട്, വയനാട് ജില്ലയില്‍ മെഡിക്കല്‍ കോളേജ്, ജില്ലാ ആശുപത്രി എന്നിവ, പൊതുമരാമത്ത്, മലയോര വികസന ഏജന്‍സി, തദ്ദേശ സ്ഥാപനങ്ങള്‍ മുഖേന തുടങ്ങിയവയുടെ റോഡുകള്‍ക്കും പാലങ്ങള്‍ക്കും വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ എന്നിവയാണ്. 1995-96 മുതല്‍ ആകെ 6060 പ്രോജക്ടുകള്‍ക്കായി 8174 കോടി രൂപയാണ്. ആര്‍.ഐ.ഡി.എഫ് പദ്ധതിയില്‍ സംസ്ഥാന സര്‍ക്കാറിന് അനുവദിച്ചിട്ടുള്ളത്. നിലവിലുള്ള പ്രോജക്ടുകള്‍ക്ക് 593.99 കോടി രൂപയാണ് നല്‍കിയിട്ടുള്ളത്. ആര്‍.ഐ.ഡി.എഫ് പദ്ധതിയില്‍ തുടക്കം മുതല്‍ സംസ്ഥാനത്തിന് ഇതു വരെ 3795.95 കോടി രൂപ വിതരണം ചെയ്തിട്ടുണ്ടു്.
കേരളത്തില്‍ നബാര്‍ഡില്‍ നിന്നുള്ള മൊത്തം പുനര്‍ വായ്പാ വിതരണം 2014-15-ല്‍ 1731.15 കോടി രൂപയായിരുന്നത് 2015-16-ല്‍ 78074 കോടി രൂപയായി വര്‍ദ്ധിച്ചിട്ടുണ്ടു്. 2014-15 ല്‍ മുന്‍ വര്‍ഷത്തിന് വിരുദ്ധമായി കേരള സംസ്ഥാന സഹകരണ കാര്‍ഷിക ഗ്രാമവികസന ബാങ്കാണ് ആകെ വിതരണം ചെയ്ത പുനര്‍ വായ്പയുടെ കൂടിയ പങ്കും നേടിയിട്ടുള്ളത് (93.5 ശതമാനം). ശേഷിച്ചുള്ള പുനര്‍ വായ്പാ വിതരണത്തില്‍ 2.89 ശതമാനം പങ്ക് പ്രാദേശിക ഗ്രാമീണ ബാങ്കുകള്‍ക്കും 0.56 ശതമാനം വാണിജ്യ ബാങ്കുകള്‍ക്കുമാണ്. കേരളത്തില്‍ നബാര്‍ഡ് വിതരണം ചെയ്ത പുനര്‍ വായ്പയുടെ ഏജന്‍സി തിരിച്ചും ഉദ്ദേശ്യത്തിന്റെ അടിസ്ഥാനത്തിലുള്ള വിവരങ്ങള്‍ അനുബന്ധം 2.81 , അനുബന്ധം 2.82 , അനുബന്ധം 2.83 എന്നിവയില്‍ കൊടുത്തിരിക്കുന്നു.
നബാര്‍ഡ് പുനര്‍ വായ്പയുടെ ഉദ്ദേശ്യം അടിസ്ഥാനമാക്കിയുള്ള വിശകലനം വ്യക്തമാക്കുന്നതു് 2014-15 ല്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് സഹായത്തിന്റെ മുഖ്യ പങ്കും (75.94 ശതമാനം) ലഭ്യമായത് കാര്‍ഷികേതര മേഖലക്കും അതിനു പിന്നില്‍ ഭൂവികസനം (7.12), പ്ലാന്റേഷന്‍, ഹോര്‍ട്ടികള്‍ച്ചര്‍ മേഖലകള്‍ക്കുമാണ് (5.85 ശതമാനം). ചെറുകിട ജലസേചനം, സ്വയം സഹായ സംഘങ്ങള്‍ ഭൂവികസനം, ക്ഷീര വികസനം എന്നിവയാണ് പുനര്‍ വായ്പ സഹായം ലഭിച്ച മറ്റു് പ്രധാന സ്കീമുകള്‍. കേരളത്തിന്റെ ഗ്രാമീണ സമ്പദ്ഘടനയില്‍ വളരെ പ്രധാനമായ പങ്ക് വഹിക്കുന്ന മത്സ്യബന്ധനം, കോഴി വളര്‍ത്തല്‍ പോലുള്ള മേഖലകള്‍ നബാര്‍ഡിന്റെ 2012-13 മുതലുള്ള പുനര്‍ വായ്പ വിതരണത്തില്‍ അവഗണിക്കപ്പെട്ടു.
നാഷണല്‍ അഡാപ്റ്റേഷന്‍ ഫണ്ട് ഫോര്‍ ക്ലൈമറ്റ് ചെയിഞ്ച് (എന്‍.എ.എഫ്.സി.സി) നു കീഴില്‍ കേരളത്തില്‍ നിന്നുള്ള –“കേരളത്തിലെ തീരദേശ നീര്‍ത്തടങ്ങളിലെ സംയോജിത കൃഷി രീതിയായ കൈപ്പാട്, പൊക്കാളി പ്രോത്സാഹനം” – എന്ന പദ്ധതിക്ക് നാഷണല്‍ സ്റ്റിയറിംഗ് കമ്മിറ്റി ഓണ്‍ ക്ലൈമറ്റ് ചെയിഞ്ചിന്റെ അംഗീകാരം ലഭിച്ചു. ഈ പദ്ധതിക്കായി 25 കോടി രൂപയാണ് അനുവദിച്ചത്. പ്രോജക്ടിന്റെ കാലയളവ് 4 വര്‍ഷമാണ്(2015-19). കേരളസര്‍ക്കാരിന്റെ മത്സ്യബന്ധന വകുപ്പുവഴി എ.ഡി.എ.കെ ആണ് പ്രോജക്ടിന്റെ നിർവഹണം നടത്തുക. കാലാവസ്ഥ വ്യതിയാനത്താല്‍, പ്രത്യേകിച്ച് സമുദ്ര നിരപ്പ് ഉയരുകയും അത് കട ൽ വെള്ളത്തിന് ഉപ്പ് രസം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്ന അവസ്ഥയില്‍ മത്സ്യ സമ്പത്ത് കുറയുന്നത് തടയാനുള്ള പദ്ധതികള്‍ സംയോജിത കൃഷി രീതിയിലൂടെ നടപ്പിലാക്കാന്‍ ഈ പദ്ധതി വിഭാവനം ചെയ്യുന്നു. ഈ പദ്ധതി 600 ഹെക്ടര്‍ പ്രദേശത്ത് നടപ്പിലാക്കാനാണ് പ്രോജക്ടില്‍ നിര്‍ദ്ദേശിച്ചിട്ടുള്ളത് (കണ്ണൂര്‍ ജില്ലയിലെ 300 ഹെക്ടറും, എറണാകുളം, തൃശ്ശൂര്‍, ആലപ്പുഴ ജില്ലയിലെ 300 ഹെക്ടറും) തീരദേശ കടല്‍ത്തീര സംരക്ഷണ പദ്ധതികളും വൈദ്യുതി ബോര്‍ഡിന്റെ പുനരുല്‍പാദിപ്പാക്കാവുന്ന (റിന്യൂവബിള്‍) ഊര്‍ജ്ജം ആശയങ്ങളും പരിശോധനയിലാണ്.