എല്ലാ ജനങ്ങള്‍ക്കും സർവസമയം സജീവവും ആരോഗ്യപൂര്‍ണ്ണവുമായ ജീവിതത്തിനായി ഭക്ഷണാഭിരുചിയും ആഹാരാവശ്യങ്ങളും നേടത്തക്കരീതിയില്‍ മതിയായതും സുരക്ഷിതവും പോഷകസമ്പുഷ്ടവുമായ ഭക്ഷണത്തിന്റെ ഭൗതിക, സാമൂഹിക, സാമ്പത്തിക പ്രാപ്യതയുണ്ടെങ്കില്‍ ഭക്ഷ്യസുരക്ഷ നിലനില്‍ക്കുന്നുവെന്ന് പറയാം.ലഭ്യത, പ്രാപ്യത, ഉപയുക്തത, സ്ഥിരത എന്നിവയാണ് ഭക്ഷ്യസുരക്ഷയുടെ നാല് സ്തംഭങ്ങള്‍. ഭക്ഷ്യസുരക്ഷ എന്ന ആശയത്തില്‍ പോഷകാഹാരം, എന്നത് സമന്വയിച്ചിരിക്കുന്നു. ‘വിശപ്പുരഹിതസമൂഹം’എന്ന ലക്ഷ്യം നേടുന്നതിനായി വിശപ്പ് അവസാനിപ്പിക്കല്‍, ഭക്ഷ്യസുരക്ഷയും മെച്ചപ്പെട്ട പോഷകാഹാരവും, സുസ്ഥിരകൃഷി പ്രോത്സാഹിപ്പിക്കല്‍ എന്നിവയെ ഐക്യരാഷ്ട്രസഭ സുസ്ഥിരവകസന ലക്ഷ്യങ്ങളായി പ്രഖ്യാപിച്ചിട്ടുണ്ട്.
ലോകത്താകമാനം ഏകദേശം 800 ദശലക്ഷം ജനങ്ങള്‍ ഭക്ഷ്യദൗ൪ലഭ്യത്തിലാണ്. അതില്‍ 511.7 ദശലക്ഷംപേര്‍ ഏഷ്യന്‍ രാജ്യങ്ങളിലാണ്. 2011-12-ലെ കണക്കനുസരിച്ച് ഇന്ത്യയില്‍ 264.9 ദശലക്ഷംപേര്‍ ദരിദ്രരാണ്. കൂടാതെ, ഇന്ത്യയിൽ ഭൂരിഭാഗം ജനങ്ങളുടെയും ഭക്ഷണത്തിൽ കലോറിയുടേയും പ്രോട്ടീന്റെ യും അളവ് ഗ്രാമപ്രദേശങ്ങളില്‍ സാധാരണയേക്കാളും വളരെക്കുറവാണ്. ഭക്ഷ്യകാര്‍ഷിക സംഘടനയുടെ ലോകസ്റ്റേറ്റ് ഓഫ് ഫുഡ് ഇന്‍സെക്യുരിറ്റി (2015) അനുസരിച്ച് ലോകത്തെ പോഷകാഹാരക്കുറവ് അനുഭവപ്പെടുന്ന ജനതയില്‍ (194.6 മില്യണ്‍) രണ്ടാംസ്ഥാനം ഇന്ത്യയ്ക്കാണ്. ഇത് ലോകജനസംഖ്യയില്‍ പോഷകാഹാരക്കുറവ് നേരിടുന്നവരുടെ 15.2 ശതമാനം വരും. ഇന്ത്യയിലെ 120കോടി വരുന്ന ജനസംഖ്യയുടെ മൂന്നില്‍ രണ്ടിനും സബ്സിഡിനിരക്കില്‍ ഭക്ഷ്യധാന്യങ്ങള്‍ ലഭ്യമാക്കി ദാരിദ്ര്യത്തിന്റെ വ്യാപ്തികുറയ്ക്കുന്നതിനും എന്ന ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനും വേണ്ടി ഇന്ത്യാഗവണ്മെന്റ് ഭക്ഷ്യഭദ്രതാനിയമം 2013-ല്‍ പാസ്സാക്കുകയുണ്ടായി.
ഭക്ഷ്യോല്പാദനത്തില്‍ പിന്നോക്കം നില്‍ക്കുന്ന സംസ്ഥാനമാണ് കേരളം. മൊത്തം ഭക്ഷ്യാവശ്യത്തിന്റെ 15 ശതമാനം മാത്രമേ സംസ്ഥാനത്തിനകത്ത് ഉല്പാദിപ്പിക്കുന്നുള്ളു. പച്ചക്കറിയുടെകാര്യത്തില്‍ അയല്‍ സംസ്ഥാനങ്ങളെ നാം വളരെയധികം ആശ്രയിക്കുന്നു. ഭക്ഷ്യസുരക്ഷയും കാര്‍ഷിക ഉല്പാദനവും തമ്മില്‍ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. അതിനാല്‍ ഭക്ഷ്യസബ്സിഡിയ്ക്കൊപ്പം തന്നെ ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തുന്നതിനായി കാര്‍ഷികോല്പാദനസ്ഥിരതയും വിതരണശൃംഖലാ മേല്‍നോട്ടവും ശ്രദ്ധിക്കേണ്ടതായിട്ടുണ്ട്.
വിദ്യാഭ്യാസം, ആരോഗ്യസംവിധാനങ്ങള്‍, ഗുണഭോക്താക്കളുടെ അവബോധം എന്നിവയിലെല്ലാം കേരളം വളരെ പുരോഗതി പ്രാപിച്ചെങ്കിലും 'വിശപ്പുരഹിത കേരളം' എന്ന ലക്ഷ്യം സഫലീകരിക്കുന്നതിനായി ഏറ്റവും ദുര്‍ബല വിഭാഗത്തിന്റെയും പോഷകാഹാര സുരക്ഷ ഉറപ്പാക്കേണ്ടതാണ്.ദാരിദ്ര്യ നിര്‍മ്മാര്‍ജനത്തിനായി ജീവിതചക്രസമീപനത്തിലൂടെ ഭക്ഷ്യസുരക്ഷയില്‍ എത്തുന്നതിനായി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നടപ്പാക്കുന്ന പരിപാടികളായ പൊതുവിതരണ സംവിധാനം, ഐ.സി.ഡി.എസ്., ഉച്ചഭക്ഷണപരിപാടി എന്നിവയെ കൂടുതല്‍ ശക്തിപ്പെടുത്തുകയും, സംയോജിപ്പിക്കുകയും, ആധുനികവല്കരിക്കുകയും നിരീക്ഷിക്കുകയുംചെയ്യേണ്ടത് അത്യാവശ്യമാണ്. ആവശ്യക്കാര്‍ക്ക് വളരെകുറഞ്ഞ നിരക്കില്‍ ഭക്ഷണം ലഭ്യമാക്കിക്കൊണ്ട് ഒരു വിശപ്പ് രഹിതസംസ്ഥാനമായി കേരളത്തെ മാറ്റുകയെന്നത് 13-ാം പഞ്ചവത്സരപദ്ധതിയുടെ ഒരു പ്രധാന ലക്ഷ്യമാണ്. ഒരു െെപലറ്റ് സ്കീം എന്ന നിലയ്ക്ക് ഈ പദ്ധതി സംസ്ഥാനത്തിന്റെ തിരഞ്ഞെടുക്കപ്പെട്ട പ്രദേശങ്ങളില്‍ നടപ്പാക്കുന്നതാണ്. (ബോക്സ്-2.6 കാണുക)
ആവശ്യക്കാര്‍ക്ക് ദിനംപ്രതി ഒരു നേരത്തെ ഭക്ഷണം സൌജന്യമായി പ്രദാനംചെയ്യുന്നതിന് ഉദ്ദേശിച്ചുള്ള സംസ്ഥാന ഗവണ്മെന്റ് പദ്ധതിയാണിത്. 2017-18 മുതല്‍ സംസ്ഥാനത്തെ തെരഞ്ഞെടുത്ത ജില്ലകളില്‍ കുടുംബശ്രീയുടേയും മറ്റ് സന്നദ്ധസംഘടനകളുടേയും സര്‍ക്കാരിതര സംഘടനകളുടെയുംസഹായത്തോടെ നടപ്പാക്കുന്നതാണ്. ഓരോജില്ലയിലും ഒരു ദിവസം 1000 പേര്‍ക്ക് 10 രൂപ സര്‍ക്കാര്‍ ധനസഹായമായി നല്‍കിക്കൊണ്ട് ഒരുനേരത്തെ ഭക്ഷണം നല്കുന്നതിനാണ് ഉദ്ദേശിക്കുന്നത്. തുടര്‍ വര്‍ഷങ്ങളില്‍ കേരളത്തിലാകമാനം ഈ പദ്ധതി വ്യാപിപ്പിക്കുന്നതാണ്.
ഇന്ത്യാഗവണ്മെന്റിന്റെ 1955-ലെ അവശ്യവസ്തു നിയമപ്രകാരം 1965 ജൂലായ് 1 ന് പൊതുവിതരണ സമ്പ്രദായം നിലവിൽവന്നു. കേന്ദ്രപൂളില്‍ അനുവദിക്കുന്ന ഭക്ഷ്യധാന്യം കൃത്യസമയത്തും കാര്യക്ഷമമായും എടുക്കുന്നതോടൊപ്പം സംസ്ഥാനത്തെ 14335 റേഷന്‍കടകളിലൂടെ ഇവ വിതരണം ചെയ്യുന്നത് ഉറപ്പാക്കേണ്ടതും പൊതുവിതരണ സമ്പ്രദായത്തിന്റെ ഒരു പ്രധാന ചുമതലയാണ്. ‘സാർവത്രിക റേഷന്‍ സമ്പ്രദായം’നടപ്പിലാക്കുന്നതില്‍ കേരളം മികച്ചനേട്ടം കൈവരിച്ചിട്ടുണ്ട്. കേരളത്തിലെ റേഷന്‍കാര്‍ഡുടമകളുടെ എണ്ണം 2014-15-ലെ 83.13 ലക്ഷത്തില്‍നിന്നും 2015-16-ല്‍ 83.14 ലക്ഷത്തിലെത്തി. അതുപോലെ എ.പി.എല്‍. കാര്‍ഡുടമകളുടെ എണ്ണം 2014-15-ലെ 62.52 ലക്ഷത്തില്‍ നിന്നും 2015-16-ല്‍ 62.64 ലക്ഷമായി വര്‍ദ്ധിച്ചു. അതേസമയം അന്ത്യോദയ അന്നയോജന കാര്‍ഡുടമകളുടെയെണ്ണം 2014-15-ല്‍ 5.83 ലക്ഷമായിരുന്നത് 2015-16-ല്‍ 5.82 ലക്ഷമായി. 31.10.2016-ലെ കണക്കനുസരിച്ച് സംസ്ഥാനത്ത് 83.19 ലക്ഷം കാര്‍ഡുടമകളുണ്ട്. അതില്‍ 62.54 ലക്ഷം എ.പി.എല്‍. കാര്‍ഡുടമകളും 14.80 ലക്ഷം ബി.പി.എല്‍. കാര്‍ഡുടമകളും 5.85 ലക്ഷം എ.എ.വൈ. കാര്‍ഡുടമകളുമാണ്. കേരളത്തിന്റെ പൊതുവിതരണ സംവിധാനത്തിന്റെ വിശദവിവരങ്ങള്‍ അനുബന്ധം 2.95-ല്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.
2015-16-ല്‍ എ.പി.എല്‍. കാര്‍ഡുടമകള്‍ക്ക് 4.64 ലക്ഷം ടണ്‍ അരിയും ബി.പി.എല്‍. കാര്‍ഡുടമകള്‍ക്ക് 3.78ലക്ഷം ടണ്‍ അരിയും അനുവദിച്ചു. ഈ കാലയളവില്‍എ.എ.വൈ. കാര്‍ഡുടമകള്‍ക്ക് 2.71 ലക്ഷം ടണ്‍ അരിയാണ് അനുവദിച്ചത്. പൊതുവിതരണ സമ്പ്രദായംവഴി വിതരണം നടത്തുന്ന സാധനങ്ങളുടെ വിശദവിവരം അനുബന്ധം 2.96-ല്‍ കൊടുത്തിരിക്കുന്നു.
നവംബർ 01, 2016 മുതല്‍ കേരളാഗവണ്മെന്റ് ദേശീയ ഭക്ഷ്യസുരക്ഷാനിയമം (2013) നിയമം നടപ്പിലാക്കാന്‍ തീരുമാനിക്കുകയും പൊതുവിതരണത്തിന് കേരള സംസ്ഥാന സിവില്‍ സപ്ലൈസ് കോര്‍പ്പറേഷനെ ചുമതലപ്പെടുത്തുകയും ചെയ്തിട്ടുണ്ട് (ബോക്സ് 2.7). ദേശീയ ഭക്ഷ്യസുരക്ഷാനിയമം നടപ്പിലാക്കുന്നതിന്റെ ഭാഗമായി കേരളത്തിലെ 33.34 ലക്ഷം കുടുംബങ്ങളില്‍നിന്നും ഭക്ഷ്യ സബ്സിഡിയ്ക്ക് അര്‍ഹരായ 1.54 കോടി അംഗങ്ങളെ ഉള്‍പ്പെടുത്തി ഒരു കരട് മുന്‍ഗണനാലിസ്റ്റ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ശേഷിക്കുന്ന 50.05 ലക്ഷം കുടുംബങ്ങളില്‍നിന്നുള്ള 2.09 കോടി അംഗങ്ങൾ മുന്‍ഗണനേതര വിഭാഗത്തില്‍പ്പെടുന്നു. അതില്‍ 1.21 കോടി അംഗങ്ങളെക്കൂടി സംസ്ഥാന സബ്സിഡി (എ.പി.എല്‍.-എസ്സ്.എസ്സ്) വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ചിത്രം -2.13ലും പട്ടിക -2.12ലും വിശദവിവരങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
വിഭാഗം | റേഷന്‍കാര്‍ഡുകള്‍ | ഗുണഭോക്താക്കള്‍ | അര്‍ഹമായ ഭക്ഷ്യധാന്യം (പ്രതിമാസം) |
എന്‍.എഫ്.എസ്.ഡി. | 2837236 | 12921411 | ഒരംഗത്തിന് 5 കി.ഗ്രാം |
എ.എ.വൈ. | 595800 | 2558632 | ഒരു കുടുംബത്തിന് 35 കി.ഗ്രാം |
മുന്‍ഗണനേതര വിഭാഗം | 4589324 | 18744057 | ഒരംഗത്തിന് 2കി.ഗ്രാം |
ഇന്ത്യയിലെ 120 കോടി ജനതയുടെ മൂന്നില്‍ രണ്ടിന് കുറഞ്ഞനിരക്കില്‍ ഭക്ഷ്യധാന്യങ്ങള്‍ ലഭ്യമാക്കുക എന്ന ഉദ്ദേശ്യത്തോടെ ഇന്ത്യന്‍ പാർലമെന്റ് 2013 – ല്‍ ദേശീയ ഭക്ഷ്യസുരക്ഷാ നിയമം പാസ്സാക്കി. 2016 നവംബര്‍ 1 മുതല്‍ ഈ നിയമം കേരളത്തില്‍ നടപ്പാക്കാന്‍ കേരളാ സർക്കാർ തീരുമാനിച്ചു. വിതരണത്തിലെ സാമ്പത്തികചെലവ്കുറയ്ക്കുന്നതിനും മെച്ചപ്പെട്ട രീതിയില്‍ ലക്ഷ്യം നേടുന്നതിനും ചോര്‍ച്ച കുറയ്ക്കുന്നതിനും ലക്ഷ്യമിട്ടുകൊണ്ട് വിതരണ ശൃംഖലയുടെ ഇരുവശങ്ങളും ബന്ധപ്പെടുത്തുന്ന രീതിയില്‍ പൂര്‍ണ്ണ കമ്പ്യൂട്ടർവല്ക്കരണം ദേശീയ ഭക്ഷ്യ ഭദ്രതാനിയമത്തില്‍ വിഭാവനം ചെയ്തിട്ടുണ്ട്. മറ്റു പല സംസ്ഥാനങ്ങളും ഇതിനകംതന്നെ ഓൺ ലൈന്‍ അലോക്കേഷന്റേയും കമ്പ്യൂട്ടറൈസേഷന്റേയും വിവിധ ഘടകങ്ങള്‍ നടപ്പിലാക്കിയിട്ടുണ്ട്. സിവില്‍ സപ്ലൈസ് വകുപ്പ് എന്‍.ഐ.സി., സപ്ലൈകോ മറ്റ് പങ്കാളികളുമായി ചേര്‍ന്ന് 2017-18 ഓടെ പൊതുവിതരണ സമ്പ്രദായവുമായി ബന്ധപ്പെട്ട കമ്പ്യൂട്ടർവല്ക്കരണം പൂര്‍ത്തിയാക്കുന്നതാണ്. ദേശീയ ഭക്ഷ്യ ഭദ്രതാനിയമം നടപ്പാക്കാന്‍ കേരള സംസ്ഥാനം കൈക്കൊണ്ട നടപടികള്‍.
ഇനം | സ്വീകരിച്ച നടപടികൾ |
ഗുണഭോക്താക്കളെ കണ്ടെത്തല്‍ | കരട്ലിസ്റ്റ് പ്രസിദ്ധീകരിച്ചു |
ഭക്ഷ്യസാധനങ്ങളുടെ വിതരണം | സപ്ലൈകോയെ ചുമതലപ്പെടുത്തി |
ഓൺലൈൻ അലോക്കേഷന്‍ പൊതുജനങ്ങള്‍ക്ക് എത്തിക്കല്‍ | വെബ്പോര്‍ട്ടല്‍ തയ്യാറാക്കി |
സംസ്ഥാന ഭക്ഷ്യകമ്മീഷന്‍ ജില്ലാതല പരാതിപരിഹാര സംവിധാനവും | നടപടികള്‍ ആരംഭിച്ചു |
എല്ലാ ജനവിഭാഗങ്ങള്‍ക്കും ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തുന്നതരത്തില്‍ ഒരു സാർവത്രിക പൊതുവിതരണശൃംഖല കേരളത്തിനുണ്ട്. കൂടാതെ വിലനിയന്ത്രിക്കുക എന്ന ഉദ്ദേശത്തോടെ കേരളത്തിലുടനീളം പ്രവര്‍ത്തിക്കുന്ന കേരള സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്റെ 1406 സ്റ്റോറുകളിലൂടെ 13 അവശ്യവസ്തുക്കള്‍ സബ്സിഡി നിരക്കില്‍ വിതരണം ചെയ്യുന്നു.
ബി.പി.എല്‍. വിഭാഗത്തില്‍പ്പെടുന്നവരിലെ ദരിദ്രരില്‍ ദരിദ്രരായവര്‍ക്ക് ഒരു മാസം 35 കി.ഗ്രാം. ഭക്ഷ്യധാന്യം നൽകുന്ന ഈ പദ്ധതി 2001 ഡിസംബര്‍ 25 മുതല്‍ സംസ്ഥാനത്ത് നടപ്പാക്കിവരുന്നു. കേരളത്തില്‍ അന്ത്യോദയ അന്നയോജന കാര്‍ഡുടമകളുടെ എണ്ണം 2014-15-ല്‍ 5.83 ലക്ഷം ആയിരുന്നത് 2015-16-ല്‍ 5.82 ലക്ഷമായി. 2015-16ലും എ.എ.വൈ. പദ്ധതിയുടെ കീഴില്‍ ഇന്ത്യാഗവണ്മെന്റ് കേരളത്തിനായി 250260 ടണ്‍ അരിയാണ് അനുവദിച്ചത്. ഈ പദ്ധതിപ്രകാരം ഒരു കിലോയ്ക്ക് മൂന്നുരൂപ നരക്കിലാണ് കേന്ദ്രസര്‍ക്കാര്‍ ഭക്ഷ്യധാന്യം ലഭ്യമാക്കുന്നത്. എന്നാല്‍ സംസ്ഥാന ഗവണ്മെന്റ് അതിന്റെ സബ്സിഡികൂടി ഉള്‍പ്പെടുത്തി കിലോയ്ക്ക് ഒരു രൂപ നിരക്കിലാണ് ഭക്ഷ്യധാന്യം വിതരണം ചെയ്യുന്നത്.
അന്നപൂര്‍ണ്ണ പദ്ധതിയില്‍ 65 വയസ് പ്രായമുള്ള, ക്ഷേമപെന്‍ഷനുകള്‍ ഒന്നും ലഭിക്കാത്ത അഗതികളായവര്‍ക്ക് പ്രതിമാസം 10 കി.ഗ്രാം അരി സൗജന്യമായി നല്‍കുന്നു. കേന്ദ്രഗവണ്മെന്റ് അംഗീകരിച്ച ഗുണഭോക്താക്കളുടെ എണ്ണം 44980 ആണ്. എന്നാല്‍ 2016 മാര്‍ച്ച് 31-ലെ കണക്ക് പ്രകാരം സംസ്ഥാനത്തെ ഗുണഭോക്താക്കളുടെ എണ്ണം 23322 ആണ്. 2015-16-ല്‍ അന്ത്യോദയ അന്നയോജന, അന്നപൂര്‍ണ്ണ പരിപാടികളിലൂടെ വിതരണംചെയ്ത ഭക്ഷ്യധാന്യത്തിന്റെ വിശദവിവരം അനുബന്ധം 2.97-ല്‍ കൊടുത്തിരിക്കുന്നു.
കേരളത്തിന് 2015-16-ല്‍ 53664 ടണ്‍ പഞ്ചസാരയും 114422 കി.ലിറ്റര്‍ മണ്ണെണ്ണയുംകേന്ദ്രം അനുവദിച്ചു. പഞ്ചസാര വിഹിതം ബി.പി.എല്‍/എ.എ.വൈ കാര്‍ഡുടമകള്‍ക്കായി നിജപ്പെടുത്തിയിരിക്കുന്നു. കേന്ദ്രഅലോട്ട്മെന്റിന്റെ വിശദവിവരം അനുബന്ധം 2.98-ല്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
രാജ്യത്തെ മികച്ച പൊതുവിതരണ ശൃംഖലകളിലൊന്നാണ് കേരളത്തിലേത്. സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷയ്ക്കായി 1974-ല്‍ സ്ഥാപിതമായ സപ്ലൈകോ അവശ്യവസ്തുക്കളുടെവിലസ്ഥിരത ഉറപ്പുവരുത്തുന്നതില്‍ പൊതുവിതരണ സമ്പ്രദായത്തിന്റെ ഒരു ഉപസ്ഥാപനമായി പ്രവര്‍ത്തിക്കുന്നു. ഉപഭോക്തൃ സംസ്ഥാനമായ കേരളത്തില്‍ സാധനങ്ങളുടെ വിലനിലവാരം പിടിച്ചുനിര്‍ത്തുന്നതിന് വര്‍ഷം മുഴുവന്‍ പൊതുവിതരണ സംവിധാനം കമ്പോളത്തില്‍ ഫലപ്രദമായി ഇടപെടേണ്ടതുണ്ട്. സംസ്ഥാനത്ത് ഓരോ വ്യക്തിയ്ക്കും ലഭ്യമാകുന്നതരത്തില്‍ സപ്ലൈകോ അതിന്റെ ന്യായവില സ്റ്റോറുകളിലൂടെ അവശ്യസാധങ്ങളെത്തിക്കുന്നു.
കൊച്ചിആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സപ്ലൈകോയ്ക്ക് അഞ്ച് പ്രാദേശിക ഓഫീസുകളും, 56 ഡിപ്പോകളും 1100-ല്‍ അധികം ചില്ലറ വില്പന ശാലകളുമുണ്ട്. സപ്ലൈകോയുടെ ഔട്ടലെറ്റുകളുടെ വിശദവിവരം അനുബന്ധം 2.99-ല്‍ കൊടുത്തിരിക്കുന്നു. കുറഞ്ഞവിലയില്‍ അത്യാവശ്യ ഉപഭോക്തൃ സാധനങ്ങളുടെ ചില്ലറവില്പന, ഉത്സവ സീസണുകളില്‍ പ്രത്യേക വില്പന ശാലകൾ ആരംഭിച്ച് വിലനിലവാരം പിടിച്ചുനിര്‍ത്തല്‍, മെഡിക്കല്‍ സ്റ്റോറുകളിലൂടെ മരുന്നുകളുടെ ചില്ലറവില്പന, നെല്ല് സംഭരണം, ഗോതമ്പും അതിന്റെ ഉല്പന്നങ്ങളുടെയും സംസ്കരണവും വിതരണവും, മണ്ണെണ്ണ, പെട്രോള്‍, ഡീസല്‍, എല്‍.പി.ജി. എന്നിവയുടെ ഡീലറായി പ്രവര്‍ത്തിക്കല്‍, സംസ്ഥാനത്ത് മൈക്രോബയോളജി ലാബ്, ഭക്ഷ്യസംസ്കരണ യൂണിറ്റ് എന്നീകേന്ദ്രസർക്കാർ പദ്ധതികള്‍ നടപ്പിലാക്കുന്നതിനുള്ള നോഡല്‍ ഏജന്‍സി എന്നിവയാണ് സപ്ലൈകോയുടെ പ്രധാന പ്രവര്‍ത്തനങ്ങള്‍. സപ്ലൈകോയുടെ 2010-11-ലെ വിറ്റുവരവ് 2223 കോടിരൂപയായിരുന്നത് 2015-16 ആയപ്പോഴേയ്ക്കും 3857കോടിരൂപയായി വര്‍ദ്ധിച്ചു.
കേന്ദ്ര സംസ്ഥാന ഗവണ്മെന്റുകളുടെ സാമ്പത്തിക സഹായത്തോടെയാണ് സംസ്ഥാനത്തെ സ്കൂളുകളില്‍ ഉച്ചഭക്ഷണ പരിപാടി നടപ്പിലാക്കുന്നത്. സ്കൂള്‍ പ്രവേശനം, സ്ഥിരം ഹാജരാകല്‍, പഠനം തുടരല്‍ എന്നിവയിലൂടെ പ്രാഥമിക വിദ്യാഭ്യാസം സാർവത്രികമാക്കുന്നതിനും പ്രൈമറിസ്കൂളിലെത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പോഷകാഹാര പിന്തുണനല്കുക എന്ന ഉദ്ദേശത്തോടുകൂടി 1995-ല്‍കേന്ദ്രസർക്കാരിന്റെ മാനവശേഷിവികസന മാന്ത്രാലയംആരംഭിച്ചതാണ് ഈ പദ്ധതി.
സംസ്ഥാനത്ത് ഉച്ചഭക്ഷണ പരിപാടിയ്ക്കായി സാധനങ്ങളെത്തിക്കുന്നതിന് സപ്ലൈകോയെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. 2015-16-ല്‍ 25.02 ലക്ഷം കുട്ടികള്‍ക്കായി സപ്ലൈകോ 964583.05 ക്വിന്റല്‍ അരിയും 123725.2 ക്വിന്റല്‍ സ്പെഷ്യല്‍ അരിയും വിതരണം ചെയ്തു. ഭക്ഷ്യധാന്യത്തിന്റെ ചെലവ് വിദ്യാഭ്യാസ വകുപ്പാണ് വഹിക്കുന്നത്. ഉച്ചഭക്ഷണ പരിപാടിയിലെ ഗുണഭോക്താക്കളായ കുട്ടികളുടെയെണ്ണം ചിത്രം 2.14-ലും ഉച്ചഭക്ഷണ പരിപാടിക്ക് സപ്ലൈകോവഴി വിതരണം ചെയ്ത ഭക്ഷ്യധാന്യങ്ങളുടെ വിവരം അനുബന്ധം 2.100 ലും ഉള്‍പ്പെടുത്തിയിരിക്കുന്നു. ചില ജില്ലകളില്‍ വിദ്യാര്‍ത്ഥികള്‍ ഈ പരിപാടിയില്‍ പങ്കെടുക്കാൻ വിമുഖത കാണിച്ചതാണ് മു൯വര്‍ഷങ്ങളില്‍ ഗുണഭോക്താക്കളുടെ എണ്ണം കുറയാനുള്ള കാരണങ്ങളിലൊന്ന്. എന്നിരുന്നാലും 2016-17 കാലയളവില്‍ ഗുണഭോക്താക്കളായ കുട്ടികളുടെയെണ്ണത്തില്‍ വര്‍ദ്ധനവ് രേഖപ്പെടുത്തിയിരിക്കുന്നു.
ദുര്‍ബലമായ മണ്‍സൂണ്‍ കേരളത്തിന്റെ കാര്‍ഷിക വളര്‍ച്ചയ്ക്ക് മങ്ങലേല്പിച്ചിട്ടുണ്ട്. ഈ മേഖലയുടെ വളര്‍ച്ചാ സാധ്യതകള്‍ മനസ്സിലാക്കിയും, ഈ മേഖലയെ നവീകരിക്കേണ്ടതിന്റെ അത്യാവശ്യവും കണക്കിലെടുത്ത് സംസ്ഥാന സര്‍ക്കാര്‍ കാര്‍ഷിക മേഖലയെ പുനരുജ്ജീവിപ്പിക്കുന്നതിനുവേണ്ടി നടപടികള്‍ കൈക്കൊണ്ടിട്ടുണ്ട്. കൃഷിയില്‍ പൊതുനിക്ഷേപം വര്‍ദ്ധിപ്പിക്കുക, പച്ചക്കറിയുടെ ഉല്പാദനത്തില്‍ സ്വയംപര്യാപ്തത കൈവരിക്കുക, നെൽവയല്‍ സംരക്ഷണം, ഗവേഷണം മെച്ചപ്പെടുത്തലും വ്യാപനസേവനങ്ങളും എന്നിവ സര്‍ക്കാര്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന ചില പരിപാടികളാണ്. പ്രതികൂല കാലാവസ്ഥാസാഹചര്യങ്ങള്‍ അഭിമുഖീകരിക്കുന്നതിന് സംസ്ഥാനത്തിന്റെ ജലസേചനശൃംഖല മെച്ചപ്പെടുത്തേണ്ടതുണ്ട്. സുസ്ഥിര വികസനത്തിന് ഏറ്റവും അത്യന്താപേക്ഷിതമായ ഒന്നാണ് പരിസ്ഥിതി സംരക്ഷണം. ജനതയ്ക്ക് ഭക്ഷ്യസുരക്ഷ ഉറപ്പാക്കുക എന്നത് കാര്‍ഷിക ഉല്പാദനക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനെ ആശ്രയിച്ചിരിക്കുന്നു. സംസ്ഥാനത്തെ വിശപ്പ് രഹിത കേരളംആക്കി മാറ്റുന്നതിനായി വികസനപദ്ധതികളെ ശരിയായ ദിശാബോധത്തോടെ നടപ്പിലാക്കേണ്ടതുണ്ട്.