കൃഷിയും അനുബന്ധ മേഖലകളും

ഗ്രാമ വികസന പരിപാടികള്‍

ഇന്ത്യയിലെ ബഹുഭൂരിപക്ഷം ജനങ്ങളും ഗ്രാമപ്രദേശങ്ങളില്‍ വസിക്കുന്നതിനാല്‍ ഗ്രാമ വികസനത്തിന് ഇന്ത്യയില്‍ വലിയ പ്രാധാന്യമുണ്ട്. സ്വാതന്ത്ര്യം ലഭിച്ച കാലയളവില്‍ ഇന്ത്യന്‍ ജനസംഖ്യയുടെ 83 ശതനമാനവും ഗ്രാമീണ മേഖലയിലായിരുന്നു. 2011-ലെ സെന്‍സസ് പ്രകാരം ഇന്ത്യന്‍ ജനസംഖ്യയുടെ 68.86 ശതമാനവും (833.75 ദശലക്ഷം) കേരളത്തിലെ ജനസംഖ്യയുടെ 52.30 ശതമാനവും (17.47 ദശലക്ഷം) ഗ്രാമീണ മേഖലയിലാണ് വസിക്കുന്നത്. കേരളത്തിലെ നഗര ഗ്രാമ പ്രദേശങ്ങളുടെ സവിശേഷതകള്‍ ഏകദേശം ഒരുപോലെയാണ് എന്നതും ശ്രദ്ധേയമാണ്.

കേരളത്തിലെ ഗ്രാമ വികസന പരിപാടികള്‍ ഒന്നുകില്‍കേന്ദ്രാവിഷ്കൃത പദ്ധതികളോ അല്ലെങ്കില്‍ സംസ്ഥാന ആവിഷ്കൃത പദ്ധതികളോ അതുമല്ലെങ്കില്‍ തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ പദ്ധതികളോ ആണ്. ഇവയില്‍ ഒട്ടുമിക്ക പദ്ധതികളും തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ മുഖേനയാണ് നടപ്പിലാക്കുന്നത്. ദാരിദ്ര്യം നിര്‍മ്മാര്‍ജ്ജനം, തൊഴിലവസരങ്ങള്‍ സൃഷ്ടിക്കല്‍, ഗ്രാമങ്ങളിലെ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കല്‍, അവശ്യ അടിസ്ഥാന സേവനങ്ങള്‍ പ്രദാനം ചെയ്യല്‍ എന്നിവയ്ക്കുളള നിരവധികേന്ദ്രാവിഷ്കൃത പദ്ധതികള്‍ സംസ്ഥാന സര്‍ക്കാരുകള്‍ മുഖേന ഗ്രാമീണ മേഖലയില്‍ നടപ്പിലാക്കുന്നുണ്ട്. ഈ പദ്ധതികളെല്ലാം തന്നെ നേരിട്ടോ പരോക്ഷമായോ സംസ്ഥാനത്തെ ഗ്രാമീണ മേഖലയുടെ സമഗ്ര വികസനവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഗ്രാമ വികസന മേഖലയില്‍ നടപ്പിലാക്കിവരുന്ന പ്രധാന പദ്ധതികളുടെ ഹ്രസ്വമായ ഒരവലോകനം ചുവടെ ചേര്‍ത്തിരിക്കുന്നു.

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി (എം.ജി.എന്‍.ആര്‍.ഇ.ജി.പി.)

ഗ്രാമപ്രദേശങ്ങളിലെ അവിദഗ്ദ്ധ കായികാധ്വാനത്തിനു സന്നദ്ധതയുള്ള ഓരോ കുടുംബത്തിലേയും മുതിര്‍ന്ന അംഗങ്ങള്‍ക്ക് ശമ്പളത്തോടെ 100 ദിവസത്തെയെങ്കിലും തൊഴിലവസരം ഏര്‍പ്പെടുത്തി ഉപജീവന മാര്‍ഗ്ഗത്തിന്റെ സുരക്ഷിതത്വം ഉറപ്പാക്കുക എന്നതാണ് ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമം (2005) വ്യവസ്ഥ ചെയ്യുന്നത്. സാമൂഹ്യ സുരക്ഷ, ഉപജീവനമാര്‍ഗ്ഗത്തിന്റെ സുരക്ഷിതത്വം, ജനാധിപത്യപരമായ ഭരണ നിർവഹണം എന്നിവയിലൂടെയുള്ള സ്വാധീനത്തിലൂടെ എം.ജി.എന്‍.ആര്‍.ഇ.ജി.എ. ഗ്രാമീണ ഭാരതത്തില്‍ ഒഴിവാക്കപ്പെട്ടവരെ ഉള്‍പ്പെടുത്തിയുള്ള വളര്‍ച്ചയുടെ ശക്തമായ ഒരു ഉപാധിയായിത്തീര്‍ന്നു.

ഗ്രാമീണ മേഖലയിലെ പാവപ്പെട്ടവര്‍ക്ക് തൊഴില്‍ നല്‍കുന്നതിനേക്കാള്‍ ഉപരിയായി വികസനത്തിന് സഹായകമായ ഉല്‍പാദന ആസ്തികള്‍ സൃഷ്ടിക്കുന്നതിനും ഈ പദ്ധതി ലക്ഷ്യമിടുന്നു. പ്രകൃതി വിഭവ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് ഈ പദ്ധതി പ്രഥമ പരിഗണന നല്‍കുന്നു. ജല സംരക്ഷണം, വനവത്കരണം, ഗ്രാമീണ മേഖലയെ ബന്ധിപ്പിക്കുന്ന റോഡ് നിര്‍മ്മാണം, ഗ്രാമീണ മേഖലയിലെ അടിസ്ഥാന സൗകര്യം, ശുചീകരണം എന്നിവയാണ് പ്രധാനപ്പെട്ട പ്രവര്‍ത്തനങ്ങള്‍. ഈ പദ്ധതി പ്രകാരമുള്ള വേതന നിരക്ക് പ്രതിദിനം 240 രൂപയാണ്.

2015-16 -ല്‍ എം.ജി.എന്‍.ആര്‍.ഇ.ജി.പി.യുടെ ചെലവ് 1483.50 കോടി രൂപയായിരുന്നു. അക്കൊല്ലം അനുവദിച്ച മൊത്തം തുകയുടെ 93 ശതമാനമാണിത്. ഇക്കാലത്ത് സൃഷ്ടിക്കപ്പെട്ട മൊത്തം തൊഴില്‍ ദിനം 7.42 കോടിയായിരുന്നു. ഇതില്‍ 1.29 കോടി തൊഴില്‍ ദിനങ്ങള്‍ പട്ടികജാതി വിഭാഗത്തിന്റേതും 0.29 കോടി തൊഴില്‍ ദിനങ്ങള്‍ പട്ടികവര്‍ഗ്ഗ വിഭാഗത്തിന്റേതുമായിരുന്നു. ഈ പരിപാടിയുടെ 2015-16-ലെയും 2016-17- ലെയും (2016 ഒക്ടോബര്‍ വരെയുള്ള) സാമ്പത്തികവും ഭൗതികവുമായ നേട്ടങ്ങള്‍ അനുബന്ധം 2.85, അനുബന്ധം 2.86, അനുബന്ധം 2.87, അനുബന്ധം 2.88 എന്നിവയില്‍ നല്‍കിയിട്ടുണ്ട്.

പ്രധാന മന്ത്രി ആവാസ് യോജന – ഗ്രാമീണ്‍ (പി.എം.എ.വൈ-ജി)
(എല്ലാവര്‍ക്കും ഭവനം (ഗ്രാമീണ്‍) ഇന്ദിര ആവാസ് യോജന (ഐ.എ.വൈ)

സുരക്ഷിതവും ഉറപ്പുള്ളതുമായ വാസസ്ഥലമെന്നത് മനുഷ്യന്റെ ഒരു അടിസ്ഥാന ആവശ്യമാണ്. അതിനാല്‍ പാര്‍പ്പിട നിര്‍മ്മാണം ഗ്രാമ വികസന മേഖലയിലെ ഒരു പ്രധാന പ്രവര്‍ത്തനമായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. രാജ്യത്ത് ഇതുവരെ നടപ്പിലാക്കിയിട്ടുള്ളതില്‍ വെച്ച് ഏറ്റവും ബൃഹത്തും വ്യാപകവുമായ ഗ്രമീണ ഭവനനിര്‍മ്മാണ പദ്ധതിയാണ് ഇന്ദിര ആവാസ് യോജന. ദാരിദ്ര്യം രേഖക്ക് താഴെയുള്ള വീടില്ലാത്ത ഗ്രാമീണ ദരിദ്രര്‍ക്ക് പാര്‍പ്പിട സൗകര്യം നല്‍കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം.

2015-16 മുതല്‍ ഐ.എ.വൈ പദ്ധതിയുടെ വിഹിതം 75:25 എന്നതില്‍ നിന്നും 60:40 എന്ന അനുപാതത്തിലേക്ക് മാറ്റിയിട്ടുണ്ട്. 2016-17 മുതല്‍ ഭാരത സര്‍ക്കാര്‍, ഐ.എ.വൈ പദ്ധതിയെ നവീകരിച്ച്പ്രധാനമന്ത്രി ആവാസ് യോജന-ഗ്രാമീണ്‍ (പി.എം.എ.വൈ-ജി) എന്നാക്കി മാറ്റുകയും വീടൊന്നിനുള്ള ധനസഹായം സമതല പ്രദേശങ്ങളില്‍ 70,000/- രൂപയില്‍ നിന്നും 1,20,000/-രൂപയായും എത്തിപ്പെടുവാന്‍ പ്രയാസമേറിയ മലയോരപ്രദേശങ്ങളില്‍ 75,000/- രൂപയില്‍ നിന്നും 1,30,000/-രൂപയായും വര്‍ദ്ധിപ്പിക്കുകയും ചെയ്തു.

കേന്ദ്രസര്‍ക്കാര്‍ നിശ്ചയിച്ചിരിക്കുന്ന തുക വാസയോഗ്യമായ പാര്‍പ്പിട നിര്‍മ്മാണത്തിന് അപര്യാപ്തമായതിനാല്‍ സംസ്ഥാന സര്‍ക്കാര്‍ വീടൊന്നിനുള്ള ധനസഹായം പൊതു വിഭാഗത്തിന് 2.00 ലക്ഷം രൂപ, പട്ടികജാതി വിഭാഗത്തിന് 3.00 ലക്ഷം രൂപ, പട്ടികവര്‍ഗ വിഭാഗത്തിന് 3.50 ലക്ഷം രൂപ എന്നിങ്ങനെ വര്‍ദ്ധിപ്പിച്ചു.കേന്ദ്രസര്‍ക്കാര്‍ നിശ്ചയിച്ച തുകയ്ക്ക് പുറമേയുള്ള അധിക തുക ഗ്രാമ-ബ്ലോക്ക്-ജില്ലാ പഞ്ചായത്തുകള്‍ 25:40:35 അനുപാതത്തില്‍ കണ്ടെത്തേണ്ടതാണ്. അധികച്ചെലവ് വഹിക്കാന്‍ ത്രിതല പഞ്ചായത്തുകള്‍ക്ക് ശേഷിയില്ലാത്തതുകൊണ്ട് എല്ലാവിഭാഗം വീടുകള്‍ക്കും 2013-14 മുതല്‍ 50,000 രൂപ വീതം സംസ്ഥാന സര്‍ക്കാര്‍ നല്‍കിവരുന്നു. പദ്ധതി വിഹിതത്തിന്റെ 3 ശതമാനം ദാരിദ്ര്യം രേഖയ്ക്ക് താഴെയുള്ള ഭിന്നശേഷിക്കാരായ വ്യക്തികള്‍ക്കുള്ള ആനുകൂല്യമായി നീക്കി വെയ്ക്കപ്പെട്ടിരിക്കുന്നു.

2015-2016-ല്‍ 400.74 കോടി രൂപ ചെലവഴിച്ച് 49551 വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചു. ഈ പദ്ധതിയുടെ 2015-16-ലെയും 2016-17-ലെയും (2016 ഒക്ടോബര്‍ വരെയുള്ള) ഭൗതികവും സാമ്പത്തികവുമായ നേട്ടങ്ങള്‍ യഥാക്രമം അനുബന്ധം 2.89, അനുബന്ധം 2.90 എന്നിവയില്‍ നല്‍കിയിട്ടുണ്ട്.

ഗ്രാമീണ അടിസ്ഥാന സൗകര്യ വികസനം -പ്രധാനമന്ത്രി ഗ്രാമ സഡക് യോജന (പി.എം.ജി.എസ്.വൈ)

ഒറ്റപ്പെട്ടു കിടക്കുന്ന ഗ്രാമീണ ആവാസകേന്ദ്രങ്ങളെ തമ്മില്‍ യോജിപ്പിച്ചുകൊണ്ട് ഏത് കാലാവസ്ഥയിലും ഉപയോഗിക്കുവാന്‍ കഴിയുന്ന റോഡുകള്‍ നിര്‍മ്മിക്കുക എന്നതാണ് പി.എം.ജി.എസ്.വൈ. പദ്ധതിയുടെ ഉദ്ദേശ്യവും ലക്ഷ്യവും. പി.എം.ജി.എസ്.വൈ-I എന്നത് 100%കേന്ദ്രവിഹിതം ലഭിയ്ക്കുന്ന പദ്ധതിയും പി.എം.ജി.എസ്.വൈ-II എന്നത് 60 ശതമാനംകേന്ദ്രവിഹിതം ലഭിയ്ക്കുന്ന പദ്ധതിയുമാണ്. 2016-17 മുതലാണ് കേരളത്തില്‍ പി.എം.ജി.എസ്.വൈ-II ആരംഭിച്ചത്.

ഈ പദ്ധതി പ്രകാരം റോഡ് നിര്‍മ്മിക്കുന്നതിന് എസ്റ്റിമേറ്റ് അനുസരിച്ചുള്ള യഥാര്‍ത്ഥ നിര്‍മ്മാണ ചെലവ് മാത്രമേ ഭാരത സര്‍ക്കാര്‍ അനുവദിക്കുന്ന ഫണ്ടില്‍നിന്ന് ഉപയോഗിക്കുവാന്‍ സാധിക്കുകയുള്ളൂ. അതിനാല്‍ കരാര്‍ തുകയുടെ അധിക ചെലവും സാധന സാമഗ്രികള്‍ കൊണ്ടുപോകുന്നതിനും നേരത്തെ സൃഷ്ടിച്ച ആസ്തികളും മറ്റും സംരക്ഷിക്കുന്നതിനുമുള്ള ചെലവുകളും 2010-11 മുതല്‍ സംസ്ഥാന ബഡ്ജറ്റില്‍ നിന്നും പി.എം.ജി.എസ്.വൈ യ്ക്കുള്ള സംസ്ഥാന സഹായം എന്ന പേരില്‍ നല്‍കി വരുന്നു.

2015-16-ല്‍ പി.എം.ജി.എസ്.വൈയുടെ 100%കേന്ദ്രവിഹിതമായി 193.05 കോടി രൂപയും, പി.എം.ജി.എസ്.വൈ യ്ക്കുള്ള സംസ്ഥാന സഹായമായി 43.54 കോടി രൂപയും ചെലവഴിച്ചിട്ടുണ്ട്. 2015-2016-ലും 2016-2017-ലുമായി (2016 ഒക്ടോബര്‍ വരെ) ഈ പദ്ധതി പ്രകാരം 15 സങ്കേതങ്ങളെ തമ്മില്‍ യോജിപ്പിക്കുന്നതിനായി 541.54 കിലോമീറ്റര്‍ റോഡ് നിര്‍മ്മിച്ചിട്ടുണ്ട്.

പ്രധാനമന്ത്രി കൃഷി സിഞ്ചായ് യോജന (പി.എം.കെ.എസ്.വൈ)- നീര്‍ത്തട ഘടകം (സമഗ്ര നീര്‍ത്തട പരിപാലന പരിപാടി (ഐ.ഡബ്ളിയു.എം.പി)

2015 ജൂലൈ 1 മുതല്‍ സംയോജിത നീര്‍ത്തട പരിപാലന പരിപാടി (ഐ.ഡബ്ളിയു.എം.പി) എന്ന പദ്ധതിപ്രധാനമന്ത്രി കൃഷി സിഞ്ചായ് യോജന (പി.എം.കെ.എസ്.വൈ)- നീര്‍ത്തട ഘടകം എന്നായി മാറിയിട്ടുണ്ട്. 2015-16 മുതല്‍കേന്ദ്രസംസ്ഥാന സര്‍ക്കാറുകളുടെ പദ്ധതി വിഹിതം 90:10 എന്ന അനുപാതത്തില്‍ നിന്നും 60:40 അനുപാതത്തിലേയ്ക്ക് മാറുകയും ചെയ്തിട്ടുണ്ട്.

ഒഴുകുന്ന ജലം ഫലപ്രദമായി കൈകാര്യം ചെയ്യല്‍, മണ്ണ്, ഈര്‍പ്പം എന്നിവയുടെ സംരക്ഷണ ഉപാധികളായ കുന്നിന്‍ പ്രദേശങ്ങളെ തട്ടുകളാക്കുന്ന പ്രവര്‍ത്തനം, അഴുക്കു ചാല്‍ നിര്‍മ്മാണം, മഴവെള്ളസംരക്ഷണം, തനതായ അവസ്ഥയിലുള്ള ഈര്‍പ്പ സംരക്ഷണം, നീര്‍ത്തട അടിസ്ഥാനത്തിലുള്ള മറ്റ് അനുബന്ധ പ്രവര്‍ത്തനങ്ങള്‍ എന്നിവയാണ് ഇതിന്റെ പ്രധാന ഘടകങ്ങള്‍. കൂടാതെ എം.ജി.എന്‍.ആര്‍.ഇ.ജി.എസു-മായി സംയോജിപ്പിച്ച് പൂര്‍ണ്ണമായ ഉറവിടജലത്തിന്റെ നിര്‍മ്മാണം, പരമ്പരാഗത ജലാശയ ഉറവിടങ്ങളുടെ നവീകരണം മുതലായവ തിരെഞ്ഞെടുത്ത പിന്നാക്ക മേഖലകളില്‍ നടപ്പിലാക്കുക എന്നിവയുംപ്രധാനമന്ത്രി കൃഷി സിഞ്ചായ് യോജന (പി.എം.കെ.എസ്.വൈ)- നീര്‍ത്തട ഘടകം പദ്ധതിയില്‍ ഉള്‍പ്പെടുന്നുണ്ട്.

പി.എം.കെ.എസ്.വൈ- നീര്‍ത്തട ഘടകം പദ്ധതിയിലൂടെ 2015-16-ല്‍ 28.56 കോടി രൂപ ചെലവഴിച്ച് 1505 മഴവെള്ള സംഭരണികള്‍ നിര്‍മ്മിച്ചിട്ടുണ്ട്.

സ്വച്ഛ് ഭാരത് മിഷന്‍ (ഗ്രാമീണ്‍)

രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയുടെ 150-)ം ജന്മവാര്‍ഷികമായ 2019 ഒക്ടോബര്‍ 2 ആകുമ്പോഴേക്കും പൊതുസ്ഥലങ്ങളിലെ മലമൂത്ര വിസര്‍ജ്ജന രഹിത ഭാരതം എന്ന ലക്ഷ്യം പൂര്‍ണ്ണമായി കൈവരിക്കുന്നതിനായി 2014 ഒക്ടോബര്‍ 2 മുതല്‍ നിര്‍മ്മല്‍ ഭാരത് അഭിയാന്‍ എന്ന ഭാരത സര്‍ക്കാരിന്റെ ശുചീകരണവുമായി ബന്ധപ്പെട്ട പദ്ധതി സ്വച്ഛ് ഭാരത് മിഷന്‍ (ഗ്രാമീണ്‍) ആയി പുനരാവിഷ്ക്കരിക്കുകയും പുനര്‍നാമകരണം ചെയ്യപ്പെടുകയും ചെയ്തു. 2015-16 മുതല്‍കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ പദ്ധതി വിഹിതം 75:25 എന്ന അനുപാതത്തില്‍ നിന്നും 60:40 എന്നാക്കി മാറ്റുകയും ചെയ്തു.

2015-16-ല്‍ സ്വച്ഛ് ഭാരത് മിഷന്‍ (ഗ്രാമീണ്‍) പദ്ധതി പ്രകാരം 32167 വ്യക്തിഗത കക്കൂസുകളും 58 സാമൂഹ്യ ശുചിത്വ ശൌചാലയങ്ങളും 95 വിദ്യാലയ/അംഗ൯വാടി ശൗചാലയങ്ങളും നിര്‍മ്മിച്ചു.

ബോക്സ് 2.4
പൊതുസ്ഥലങ്ങളിലെ മലമൂത്ര വിസര്‍ജ്ജന രഹിത (ഒ.ഡി.എഫ്.) കേരളം

പുതിയതായി 174720 കക്കൂസുകള്‍ നിര്‍മ്മിച്ചുകൊണ്ട് 2016 നവംബര്‍ 1ന് സംസ്ഥാന സര്‍ക്കാര്‍ ഗ്രാമീണ കേരളത്തെ പൊതുസ്ഥലങ്ങളിലെ മലമൂത്ര വിസര്‍ജ്ജന രഹിതമായി പ്രഖ്യാപിച്ചു. വ്യക്തിഗത കക്കൂസ് നിര്‍മ്മാണ ചെലവ് 15,400 രൂപയാണ്. ഇതില്‍ 12,000 രൂപ ഗ്രാമപ്രദേശങ്ങളില്‍ സ്വച്ഛ് ഭാരത് മിഷന്‍ (ഗ്രാമീണ്‍) പദ്ധതി വിഹിതമായി നല്‍കുകയുണ്ടായി. പുതിയതായി 32197 കക്കൂസുകള്‍ നിര്‍മ്മിക്കുന്നതിലൂടെ 2017 മാര്‍ച്ച് 31-ന് നഗര കേരളത്തേയും പൊതുസ്ഥലങ്ങളിലെ മലമൂത്ര വിസര്‍ജ്ജന രഹിതമായി പ്രഖ്യാപിക്കാന്‍ ലക്ഷ്യമിടുന്നു. ഒരു കക്കൂസിന് 6667 രൂപ സ്വച്ഛ് ഭാരത് മിഷന്‍ (നഗരം) പദ്ധതിയില്‍ നിന്നും സഹായമായി ലഭിക്കുന്നതാണ്. ബാക്കി തുക അതാത് തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ കണ്ടെത്തണം.

പൊതുസ്ഥലങ്ങളില്‍ മലമൂത്ര വിസര്‍ജ്ജന രഹിതമായി പ്രഖ്യാപിച്ച ഗ്രാമപഞ്ചായത്തുകളുടെ ജില്ല തിരിച്ചുള്ള വിവരങ്ങള്‍ അനുബന്ധം 2.91 -ല്‍ കൊടുത്തിരിക്കുന്നു.

കുടുംബശ്രീ

1998-ല്‍ സംസ്ഥാനത്ത് ആരംഭിച്ച കുടുംബശ്രീ സമഗ്രവും പങ്കാളിത്തവും സ്ത്രീകേന്ദ്രീകൃതവുമായ നൂതന രീതിയിലാണ് ദാരിദ്ര്യം നിര്‍മ്മാര്‍ജ്ജനത്തെ സമീപിച്ചിരിക്കുന്നത്. ഇന്ന് സംസ്ഥാനത്തൊട്ടാകെയായി 44 ലക്ഷം വനിതകള്‍ രാഷ്ട്രീയ പ്രത്യയ ശാസ്ത്രത്തിനും മതപരമായ വിശ്വാസത്തിനും ഉപരിയായി കുടുംബശ്രീ പ്രസ്ഥാനത്തില്‍ പങ്കാളികളാണ്. കുടുംബശ്രീ ഒരു മിഷന്‍ മാ്രമല്ല അത് ഒരു പ്രക്രിയയും പദ്ധതിയും, പാവങ്ങള്‍ക്കു വേണ്ട അഭിവൃദ്ധിയും പ്രദാനം ചെയ്യുന്ന ഒരു പ്രവര്‍ത്തനമാണ്.

സൂക്ഷ്മ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍, സാമൂഹ്യ ഉന്നമനത്തിനുള്ള ഉദ്യമങ്ങള്‍, സൂക്ഷ്മസംരംഭങ്ങള്‍, വിപണനം, കൃഷിയും കന്നുകാലി വളര്‍ത്തലും, ഉപജീവന ഉപാധികളുടെ കൂട്ടായ്മകളും ഉല്പാദക സംഘങ്ങളും, ലിംഗ വിദ്യാഭ്യാസം, സ്ത്രീ ശാക്തീകരണ പ്രവര്‍ത്തനങ്ങള്‍, പട്ടികവര്‍ഗ വിഭാഗങ്ങളുടെ ഉന്നമനം, ബാലസഭാ പ്രവര്‍ത്തനങ്ങള്‍ എന്നിവയാണ് കുടുംബശ്രീ മിഷന്റെ പ്രധാന ദാരിദ്ര്യം നിര്‍മ്മാര്‍ജ്ജന പരിപാടികള്‍.

സൂക്ഷ്മ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍

മാച്ചിംഗ് ഗ്രാന്റ്, ലിങ്കേജ് ബാങ്കിംഗ്, സമ്പാദ്യശീലവും വായ്പയും, പലിശ സബ്സിഡി, സാമ്പത്തിക സാക്ഷരതാ പ്രചരണ പ്രവര്‍ത്തനങ്ങള്‍, യുവശ്രീ എന്നിവ സൂക്ഷ്മ സാമ്പത്തിക പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെടുന്നു. 10.71 സാമൂഹ്യ വികസന സംഘങ്ങളും 19230 മേഖലാ വികസന സംഘങ്ങളും 258035 അയല്‍കൂട്ടങ്ങളുമാണ് കുടുംബശ്രീ ശൃംഖല. 2015-16-ല്‍ 31087 അയല്‍കൂട്ടങ്ങള്‍ ഗ്രേഡ് ചെയ്യപ്പെടുകയും 33261 അയല്‍കൂട്ടങ്ങള്‍ വിവിധ ബാങ്കുകളുമായി ലിങ്ക് ചെയ്യപ്പെടുകയും 95568 ലക്ഷം രൂപ അയല്‍കൂട്ടങ്ങള്‍ക്ക് വായ്പയായി നല്‍കുകയും ചെയ്തു. 39.87 ലക്ഷം കുടുംബങ്ങള്‍ക്ക് 2.58 ലക്ഷം അയല്‍കൂട്ടങ്ങളിലൂടെ 1896.68 കോടി രൂപ വായ്പയായും 468.42 കോടി രൂപ ത്രിഫ്റ്റായും നല്‍കുകയുണ്ടായി. ലിങ്കേജ് ബാങ്കിംങ് പദ്ധതിയുടേയും സമ്പാദ്യശീലത്തിന്റേയും വായ്പ പ്രവര്‍ത്തനങ്ങളുടേയും വിവരങ്ങള്‍ യഥാക്രമം അനുബന്ധം 2.92, അനുബന്ധം 2.93 എന്നിവയില്‍ കൊടുത്തിരിക്കുന്നു.

സാമൂഹ്യ വികസന ഉദ്യമങ്ങള്‍

2015-16-ല്‍ ആശ്രയ പദ്ധതിയിലൂടെ 6431 കുടുംബങ്ങള്‍ക്ക് പ്രയോജനം ലഭിച്ചു. കേരളത്തില്‍ 62 ബഡ്സ് സ്കൂളുകളും 83 ബഡ്സ് പുനരധിവാസകേന്ദ്രങ്ങളും ഉണ്ട്. 2015-16-ല്‍ 1.74 ലക്ഷം രൂപ ബഡ്സ് സ്കൂളുകളിലെ അദ്ധ്യാപകര്‍ക്ക് പരിശീലനം നല്‍കുന്നതിനും 10.45 ലക്ഷം രൂപ ബഡ്സ് പുനരധിവാസകേന്ദ്രങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്കായും ചെലവഴിച്ചു.

കൃഷിയും മൃഗസംരക്ഷണവും

കുടുംബശ്രീ നടപ്പിലാക്കുന്ന കാര്‍ഷിക പ്രവര്‍ത്തനങ്ങളിലൂടെ (ഭൂമി പാട്ടത്തിനെടുത്ത് കൃഷി ചെയ്യല്‍, തരിശു ഭൂമിയിലെ കൃഷി, മട്ടുപ്പാവ് കൃഷി, സ്വന്തം ഭൂമിയിലെ കൃഷി എന്നിവ) 60,000-ല്‍ കൂടുതല്‍ കൂട്ടുത്തരവാദിത്ത സംഘങ്ങള്‍ മുഖേന (ജെ.എല്‍.ജി) ഒരു ലക്ഷം ഏക്കര്‍ സ്ഥലത്ത് കൃഷി ചെയ്തു വരുന്നു. 2015-16-ല്‍ ആട് ഗ്രാമം, ക്ഷീര സാഗരം എന്നീ പദ്ധതികള്‍ മുഖേന യഥാക്രമം 1926-ഉം 814-ഉം കുടുംബങ്ങള്‍ക്ക് പ്രയോജനം ലഭിച്ചു.

പട്ടികവര്‍ഗ വികസനം

വിവിധ സര്‍ക്കാര്‍, സര്‍ക്കാരിതര ഏജന്‍സികളും വകുപ്പുകളും തമ്മില്‍ സജീവസംയോജനം കൈവരിക്കുന്നതിനായി ആസൂത്രണം ചെയ്യുക എന്നതാണ് ഈ ദൗത്യത്തിന്റെ ഉദ്ദേശ്യം. 99478 പട്ടികവര്‍ഗ കുടുംബങ്ങളെ 5764 അയല്‍ക്കൂട്ടങ്ങളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

പദ്ധതിയുടെ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സൂക്ഷ്മ സാമ്പത്തികം, സൂക്ഷ്മ സംരംഭങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ എന്നിവയ്ക്ക് പട്ടികവര്‍ഗക്കാര്‍ക്കിടയില്‍ പ്രത്യേക ശ്രദ്ധ നല്‍കി വരുന്നു. എം.ജി.എന്‍.ആര്‍.ഇ.ജി.എസ്-ന്റെ പ്രവര്‍ത്തനങ്ങളില്‍ പട്ടികവര്‍ഗ വിഭാഗങ്ങളുടെ സമ്പൂര്‍ണ്ണപങ്കാളിത്തം ഉറപ്പു വരുത്തുന്നതിന് നടപടികള്‍ കൈക്കൊണ്ടിട്ടുണ്ട്. പ്രത്യേക ആശ്രയ പ്രോജക്ടുകളുടെ രൂപീകരണം, പോഷകാഹാരക്കുറവുള്ള പ്രായമായവര്‍ക്കും കുട്ടികള്‍ക്കും കൗമാരപ്രായത്തിലുള്ള പെണ്‍കുട്ടികള്‍ക്കും പൂരക പോഷകാഹാരം നല്‍കല്‍, പട്ടികവര്‍ഗ ബാലസഭാരൂപീകരണം എന്നിവയാണ് പദ്ധതിയുടെ പ്രധാന പ്രവര്‍ത്തനങ്ങള്‍.

ബാലസഭ

കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കി അവരുടെ സമ്പര്‍ക്ക സാദ്ധ്യത വര്‍ദ്ധിപ്പിച്ച് ശാക്തീകരണം മെച്ചപ്പെടുത്തുക എന്നതാണ് ബാലസഭയുടെ പ്രവര്‍ത്തന ലക്ഷ്യം. ചിട്ടയായതും പരീക്ഷണാത്മകവുമായ പഠനം, ജനാധിപത്യ വ്യവസ്ഥയെക്കുറിച്ച് കുട്ടികളില്‍ അവബോധം ഉണ്ടാക്കുന്നതിനുള്ള അവസരം പ്രദാനം ചെയ്യല്‍, പരിസ്ഥിതി സംരക്ഷണത്തില്‍ പങ്കാളികളാക്കല്‍ എന്നിവ സംഘടിതമായി ചെയ്യുന്നതിനുള്ള ശേഷി വളര്‍ത്തലാണ് ബാലസഭയുടെ അടിസ്ഥാന തത്വങ്ങള്‍. 2015-16-ല്‍ സംസ്ഥാനത്ത് 26896 ബാലസഭകള്‍ 4.11 ലക്ഷം കുട്ടികളുടെ പങ്കാളിത്തത്തോടെ പ്രവര്‍ത്തിക്കുന്നുണ്ട്. ബാലസഭയുടെ ജില്ല തിരിച്ചുള്ള വിവരങ്ങള്‍ അനുബന്ധം 2.94- ല്‍ കൊടുത്തിട്ടുണ്ട്.

ഉപജീവന കൂട്ടായ്മകളും ഉല്പാദക സംഘങ്ങളും

ത്രിതല പഞ്ചായത്തുകളുടേയും മറ്റ് ഏജന്‍സികളുടേയും സഹകരണത്തോടെ സംസ്ഥാനത്ത് നടപ്പാക്കാന്‍ കുടുംബശ്രീ തനതായി ആവിഷ്കരിച്ച ഒരു സംരംഭമാണ് സമഗ്ര പദ്ധതി. മൊത്തം ഉല്പാദന വിതരണ ശൃംഖല ശക്തമാക്കുന്നതിലേക്കായി ഉല്പാദന പരിപാടികളിലെ അളവ് വര്‍ദ്ധിപ്പിക്കുന്നതിനും ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനും അവയ്ക്ക് വിപണന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനും ഈ പരിപാടി ലക്ഷ്യമിടുന്നു. വിവിധ ജില്ലകളില്‍ നടപ്പിലാക്കി വരുന്ന സമഗ്ര പദ്ധതികള്‍ ബോക്സ് 2.5ല്‍ കൊടുക്കുന്നു.

ബോക്സ് 2.5
പ്രധാന സമഗ്ര പദ്ധതികള്‍
  1. കണ്ണൂര്‍ ആട് കര്‍ഷക ഉല്പാദന കമ്പനി
  2. നെടുംകണ്ടം ക്ഷീരസാഗരം ഉല്പാദന കമ്പനി
  3. കാസര്‍ഗോഡ് സഫലം കശുവണ്ടി പദ്ധതി – കൂട്ടായ്മ
  4. കോട്ടയം വൈക്കം ബ്ലോക്കിലെ ഗ്രാമശ്രീ അലങ്കാര മത്സ്യ കര്‍ഷക കൂട്ടായ്മ
  5. ഐ.ടി. സംരംഭങ്ങളായ ഉന്നതി സൊസൈറ്റികള്‍
  6. അമൃതം സൊസൈറ്റിയുടെ ന്യൂട്രിമിക്സ് സംരംഭകര്‍
  7. തെന്‍മല കാര്‍ഷിക ഉത്പാദക കമ്പനി

മുകളില്‍ പ്രസ്താവിച്ച പ്രവര്‍ത്തനങ്ങള്‍ കൂടാതെ സംസ്ഥാനത്ത് നടപ്പിലാക്കി വരുന്ന വിവിധകേന്ദ്രാവിഷ്കൃത പദ്ധതികളുടെ നോഡല്‍ ഏജന്‍സിയായും കുടുംബശ്രീ പ്രവര്‍ത്തിക്കുന്നു. ദേശീയ ഗ്രാമീണ ഉപജീവന മിഷന്‍ (എന്‍.ആര്‍.എല്‍.എം), ദീന്‍ ദയാല്‍ ഉപാദ്ധ്യായ ഗ്രാമീണ്‍ കൗഷല്യ യോജന (ഡി.ഡി.യു.ജി.കെ.വൈ) എന്നീ പദ്ധതികള്‍ ഗ്രാമവികസന മേഖലയില്‍ കുടുംബശ്രീ മുഖേന ഫലപ്രദമായി നടപ്പിലാക്കി വരുന്നു.

top