കൃഷിയും അനുബന്ധ മേഖലകളും

മത്സ്യവികസനം

ആഗോള മത്സ്യ ഉല്പാദനത്തിന്റെ 5.4 ശതമാനം സംഭാവന ചെയ്യുന്ന ഇന്ത്യ ഇന്ന് ലോകത്തെ ഏറ്റവും കൂടുതല്‍ മത്സ്യം ഉല്പാദിപ്പിക്കുന്ന രാജ്യങ്ങളില്‍ രണ്ടാം സ്ഥാനത്താണ്. അക്വാകള്‍ച്ചര്‍ വഴി മത്സ്യ ഉല്പാദനം നടത്തുന്ന ലോകരാജ്യങ്ങളില്‍ ഇന്ത്യ ചൈനയ്ക്ക് തൊട്ട് പുറകില്‍ രണ്ടാം സ്ഥാനത്ത് നില്‍ക്കുന്നു. 1991 മുതല്‍ മത്സ്യ ഉല്പാദനത്തില്‍ തുടര്‍ച്ചയായ വളര്‍ച്ച ഉണ്ടായിട്ടുണ്ടു്. 1991 ലെ 3.84 ദശലക്ഷം മട്രിക് ടണ്ണില്‍ നിന്നും 2014-15 ല്‍ ഉല്പാദനം

10.06 ദശലക്ഷം ടണ്ണായി വര്‍ദ്ധിച്ചു(താല്‍ക്കാലിക കണക്ക്). ഇതില്‍ 6.57 ദശലക്ഷം മെട്രിക് ടണ്‍ ഉള്‍നാടന്‍ മത്സ്യബന്ധനത്തില്‍ നിന്നും 3.49 ദശലക്ഷം മെട്രിക് ടണ്‍ സമുദ്ര മത്സ്യ ബന്ധനത്തില്‍ നിന്നും ലഭിച്ചവയാണ്. രാജ്യത്തെ ആകെ മത്സ്യ ഉല്പാദനത്തിന്റെ 65 ശതമാനം വിഹിതം ഇന്ന് ഉള്‍നാടന്‍ മത്സ്യ മേഖലയില്‍ നിന്നാണ്. ഉള്‍നാടന്‍ മത്സ്യബന്ധനത്തിന്റെ ഉല്പാദനത്തിന്റെ വാര്‍ഷികവളര്‍ച്ചാ നിരക്കും ഉയര്‍ന്നതണ്. സമുദ്ര മത്സ്യ ഉല്പാദനം കൂടിയിട്ടുണ്ടെങ്കിലും അതിന്റെ വളര്‍ച്ചാ നിരക്ക് കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളില്‍ കുറഞ്ഞതായി കാണുന്നു.

രാജ്യത്തെ 8.74 ലക്ഷം ജനങ്ങള്‍ക്ക് ഉപജീവനമാര്‍ഗ്ഗം ഒരുക്കുന്ന മത്സ്യബന്ധന മേഖല ദേശീയ സമ്പദ് വ്യവസ്ഥയ്ക്ക് ഗണ്യമായ സംഭാവന നല്‍കുന്നു. ദേശീയ തലത്തില്‍ മൊത്തം ആഭ്യന്തര ഉല്പാദനത്തിന്റെ ഒരു ശതമാനമാണ് മത്സ്യബന്ധന മേഖലയുടെ സംഭാവന. കാര്‍ഷിക ഉല്പാദനത്തിന്റെ 5.5 ശതമാനവും മത്സ്യബന്ധന മേഖലയുടെ സംഭാവനയാണ്. അനേകം ഉപവ്യവസായങ്ങള്‍ക്ക് വഴിയൊരുക്കുന്നത് കൊണ്ടു് തൊഴിലവസരങ്ങള്‍ പ്രദാനം ചെയ്യുന്നതിനോടൊപ്പം നല്ലൊരു വരുമാന സ്രോതസ്സും കൂടിയാണ് ഈ മേഖല. ചെലവ് കുറഞ്ഞ പോഷകാഹാരത്തിന്റെ സ്രോതസ്സും കൂടിയായ ഈ മേഖല മികച്ച വിദേശനാണ്യ സ്രോതസ്സാണ്. 2015-16 ല്‍ 30,420.82 കോടി രൂപ മൂല്യം വരുന്ന 9,45,892 ടണ്‍ മത്സ്യ ഉല്പന്നങ്ങളാണ് കയറ്റുമതി ചെയ്തത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ കണക്കുമായി താരതമ്യം ചെയ്യുമ്പോള്‍ കയറ്റുമതിയുടെ അളവിലും മൂല്യത്തിലും കുറവ് രേഖപ്പെടുത്തിയിട്ടുണ്ടു്. രാജ്യത്തിന്റെ കാര്‍ഷിക അനുബന്ധ മേഖലയില്‍ മത്സ്യബന്ധന മേഖല ഒട്ടേറെ സാധ്യതകള്‍ ഉള്ളൊരു ഉപമേഖലയായി കണക്കാക്കപ്പെടുന്നു.

ഒക്ടോബര്‍ 1, 2015 ലെ കേരളത്തിന്റെ പ്രൊജക്റ്റഡ് ജനസംഖ്യ കണക്കനുസരിച്ച് കേരളത്തിലെ മത്സ്യത്തൊഴിലാളികളുടെ എണ്ണം 10.24 ലക്ഷം എന്നാണ് കണക്കാക്കപ്പെടുന്നത്. 2011 ലെ സെന്‍സസ് പ്രകാരം സംസ്ഥാനത്തിന്റെ ജനസംഖ്യ 33.4 ദശലക്ഷമാണ്. അതായത് മത്സ്യത്തൊഴിലാളികള്‍ സംസ്ഥാന ജനസംഖ്യയുടെ 3.1 ശതമാനമാണ്. സംസ്ഥാനത്തെ 222 സമുദ്ര മത്സ്യബന്ധന ഗ്രാമങ്ങളിലും 113 ഉള്‍നാടന്‍ മത്സ്യബന്ധന ഗ്രാമങ്ങളിലുമായി ഇവര്‍ വസിക്കുന്നു. ഇതില്‍ 7.88 ലക്ഷം പേര്‍ സമുദ്രമത്സ്യ ബന്ധനത്തിലും 2.36 ലക്ഷം തൊഴിലാളികള്‍ ഉള്‍നാടന്‍ മത്സ്യബന്ധനത്തിലും ഏര്‍പ്പെട്ടിരിക്കുന്നു. മത്സ്യത്തൊഴിലാളി ജനസംഖ്യയില്‍ കേരളത്തില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്നത് ആലപ്പുഴ ജില്ലയാണ് (1.90 ലക്ഷം), തൊട്ടു പിന്നില്‍ തിരുവനന്തപുരവും (1.70 ലക്ഷം),എറണാകുളവും(1.36 ലക്ഷം) ഉണ്ടു്. മത്സ്യത്തൊഴിലാളി ജനസംഖ്യയുടെ ജില്ല തിരിച്ചുള്ള വിവരങ്ങള്‍/കണക്കുകള്‍ അനുബന്ധം 2.38 ല്‍ നല്‍കിയിട്ടുണ്ടു്. 2015-16 ലെ കണക്കനുസരിച്ച് സംസ്ഥാനത്തെ സജീവ മത്സ്യത്തൊഴിലാളികളുടെ എണ്ണം 2,33,126 ആണ്. ഉപജീവനത്തിനായി മത്സ്യബന്ധനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന, കേരള മത്സ്യത്തൊഴിലാളി ക്ഷേമ നിധി ബോര്‍ഡിനു കീഴില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന മത്സ്യത്തൊഴിലാളികളെയാണ് സജീവ മത്സ്യത്തൊഴിലാളികളായി കണക്കാക്കുന്നത്. 2015-16 ല്‍ മത്സ്യബന്ധന മേഖലയില്‍ 77694 അനുബന്ധ മത്സ്യത്തൊഴിലാളികളാണ് ഉള്ളത്. കേരള മത്സ്യത്തൊഴിലാളി ക്ഷേമ നിധി ബോര്‍ഡിനു കീഴില്‍ രജിസ്റ്റര്‍ ചെയ്ത അനുബന്ധമത്സ്യബന്ധന പ്രക്രിയകളില്‍ ഏര്‍പ്പെട്ടിരിക്കുന്നവരെ അനുബന്ധ മത്സ്യത്തൊഴിലാളികളായി കണക്കാക്കുന്നു.

സംസ്ഥാനത്തിന്റെ സമ്പദ്ഘടനയില്‍ പ്രാഥമിക മേഖലയില്‍ നിന്നുള്ള ആഭ്യന്തര മൂല്യവര്‍ധനവില്‍ 8.9 ശതമാനം മത്സ്യബന്ധന അക്വാക്കള്‍ച്ചര്‍ മേഖലയില്‍ നിന്നാണ്. സംസ്ഥാന ആഭ്യന്തര മൂല്യവര്‍ധനവ് ആണ്ടുതോറും ഉയരുന്നുണ്ടെങ്കിലും ഇതിലേയ്ക്കുള്ള കാര്‍ഷിക മേഖലയുടേയും മത്സ്യബന്ധന മേഖലയുടേയും സംഭാവന കുറഞ്ഞുവരുന്നതായി കാണുന്നു. സംസ്ഥാന ആഭ്യന്തര മൂല്യവര്‍ധനവില്‍ മത്സ്യബന്ധന മേഖലയുടെ സംഭാവന 2011-12 ലെ 1.12 ശതമാനത്തില്‍ നിന്നും 2015-16 ല്‍ 1.04 ശതമാനമായി കുറഞ്ഞു. കാര്‍ഷിക മേഖലയുടെ പങ്ക് 2011-12 ലെ 15.2 ശതമാനത്തില്‍ നിന്നും 2015-16 ല്‍ 11.58 ശതമാനമായി കുറഞ്ഞു. സംസ്ഥാന ആഭ്യന്തര മൂല്യവര്‍ധനവില്‍ മത്സ്യബന്ധന മേഖലയുടെ സംഭാവന അനുബന്ധം 2.39 ല്‍ കാണിച്ചിരിക്കുന്നു.

2014-15 ല്‍ ഇന്ത്യയിലെ കടല്‍മത്സ്യത്തിന്റെ ഉല്‍പാദനം 3.49 ദശലക്ഷം ടണ്‍ ആണെന്നാണ് പ്രാഥമിക കണക്കുകള്‍ സൂചിപ്പിക്കുന്നത്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 0.05 ദശലക്ഷം ടണ്ണിന്റെ വര്‍ദ്ധനവുണ്ടായി. 2013-14 ലെ കണക്കുകള്‍ പ്രകാരം ഏറ്റവും കൂടുതല്‍ കടല്‍ മത്സ്യ ഉല്പാദനം നടത്തുന്ന സംസ്ഥാനങ്ങളില്‍ ഗുജറാത്താണ് ഏറ്റവും മുന്നില്‍. രണ്ടാം സ്ഥാനത്ത് കേരളമാണ്. 2014-15 കാലയളവില്‍ മൊത്തം മത്സ്യ ഉല്പാദനത്തിന്റെ കാര്യത്തില്‍ ആന്ധ്രാപ്രദേശാണ് ഒന്നാമത്; കേരളം അഞ്ചാം സ്ഥാനത്താണ്. 2015-16 ല്‍ കേരളത്തിലെ കടല്‍ മത്സ്യ ഉല്‍പാദനം 5.17 ലക്ഷം ടണ്‍ ആണ്. കേരളത്തിലെ മത്സ്യലഭ്യതയുടെ അളവ് 2011-12 മുതല്‍ കുറയുകയായിരുന്നെങ്കിലും 2013-14 നെ അപേക്ഷിച്ച് 2014-15 ല്‍ നേരിയ ഉയര്‍ച്ച കാണിച്ചിട്ടുണ്ടു്. എന്നാല്‍ വില കൂടിയ മത്സ്യങ്ങളുടെ ലഭ്യത ഇപ്പോഴും കുറവാണ്. നെയ്മീന്‍, വാള, കൊഞ്ച്, അയല എന്നിവയാണ് ഇവയില്‍ പ്രധാനപ്പെട്ടവ. ലഭിക്കുന്ന വില കൂടിയ മത്സ്യങ്ങളുടെ ഗുണനിലവാരമാണ് മത്സ്യത്തൊഴിലാളികളുടെ വരുമാനം നിര്‍ണ്ണയിക്കുന്നത്. 2011-12 മുതല്‍ 2015-16 വരെയുള്ള കേരളതീരത്തു നിന്നു ലഭിച്ച മത്സ്യത്തിന്റെ ഇനം തിരിച്ചുള്ള കണക്ക് അനുബന്ധം 2.40 ല്‍ കാണാം.

ഉല്പാദനത്തിലെ പ്രവണത

2013-14 ല്‍ സമുദ്ര മത്സ്യ ഉല്പാദനം നടത്തുന്ന സംസ്ഥാനങ്ങളില്‍ രണ്ടാം സ്ഥാനമാണ് കേരളത്തിന്. 2015-16 ല്‍ കേരളത്തിലെ മൊത്തം മത്സ്യോല്പാദനം 7.27 ലക്ഷം മെട്രിക് ടണ്‍ ആയിരുന്നു. സംസ്ഥാനത്തിന്റെ സമുദ്ര മത്സ്യ ഉല്പാദനം വിഭവശേഷിയുടെ അടുത്തു എത്തി നില്‍ക്കുകയാണ്. ദേശീയ തലത്തില്‍ ആകെ മത്സ്യ ഉല്പാദനത്തിന്റെ 65 ശതമാനത്തില്‍ അധികവും ഉള്‍നാടന്‍ മേഖലയില്‍ നിന്നാണ്. എന്നാല്‍ കേരളത്തില്‍ ഉള്‍നാടന്‍ മത്സ്യകൃഷിയുടെ സംഭാവന കടല്‍ മത്സ്യ ഉല്പാദനത്തിനേക്കാള്‍ കുറവാണ്. ഇപ്പോഴത്തെ ഉള്‍നാടന്‍ മത്സ്യ ഉല്പാദനമായ 2.1 ലക്ഷം ടണ്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 4 ശതമാനം കൂടുതലാണ്. 2011-12 മുതല്‍ 2015-16 വരെയുള്ള കേരളത്തിലെ ഉള്‍നാടന്‍ മത്സ്യ ഉല്പാദനത്തിന്റെ ഇനം തിരിച്ചുള്ള കണക്കുകള്‍ അനുബന്ധം 2.41 ല്‍ കൊടുത്തിട്ടുണ്ടു്.

അനിയന്ത്രിതവും തുറസ്സായതുമായ മത്സ്യബന്ധനം മൂലം ഇന്ത്യയിലെ സമുദ്രമത്സ്യബന്ധനം ഒരു പ്രതിനിധി നേരിടുകയാണ്. 2014-15 ല്‍ ഇന്ത്യയിലെ മൊത്തം മത്സ്യ ഉല്പാദനം 10.06 ദശലക്ഷം മെട്രിക് ടണ്‍ ആണ്. ഇതില്‍ 3.49 ദശലക്ഷം മെട്രിക് ടണ്‍ സമുദ്ര മത്സ്യബന്ധന മേഖലയില്‍ നിന്നും, 6.58 ദശലക്ഷം മെട്രിക് ടണ്‍ ഉള്‍നാടന്‍ മത്സ്യബന്ധന മേഖലയില്‍ നിന്നുമാണ്(ചിത്രം 2.9).

ചിത്രം 2.9
ദേശീയതലത്തിലും കേരളത്തിലുമുള്ള സമുദ്രമത്സ്യത്തിന്റേയും
ഉള്‍നാടന്‍ മത്സ്യത്തിന്റേയും ഉല്പാദനം
ഇന്ത്യയിലെ സമുദ്ര മത്സ്യ ഉല്പാദനവും ഉള്‍നാടന്‍ മത്സ്യ ഉല്പാദനവും (2014-15)
കേരളത്തിലെ സമുദ്ര മത്സ്യ ഉല്പാദനവും ഉള്‍നാടന്‍ മത്സ്യ ഉല്പാദനവും (2015-16)

കേരളത്തില്‍ കടല്‍ മത്സ്യത്തിന്റെ ഉല്പാദനത്തില്‍ ഏറ്റക്കുറച്ചില്‍ ഉണ്ടായിരിക്കുമ്പോഴും ഉള്‍നാടന്‍ മത്സ്യത്തിന്റെ ഉല്പാദനം 1999-2000 മുതല്‍ മെച്ചപ്പെട്ടു വരുന്നു. കടല്‍ മത്സ്യത്തിന്റെ ഉല്പാദനം 2014-15 ലെ 5.24 ലക്ഷം ടണ്ണില്‍ നിന്നും 2015-16 ല്‍ 5.17 ലക്ഷം ടണ്ണായി കുറഞ്ഞു. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഉള്‍നാടന്‍ മത്സ്യത്തിന്റെ ഉല്പാദനം വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയാണ്. 2015-16 ല്‍ സംസ്ഥാനത്തെ ആകെ മത്സ്യ ഉല്പാദനത്തിന്റെ 29 ശതമാനമായിരുന്നു ഉള്‍നാടന്‍ മത്സ്യത്തിന്റെ സംഭാവന. ഉള്‍നാടന്‍ മത്സ്യ മേഖലയിലെ ശേഷി മുഴുവനായി വിനിയോഗിക്കാന്‍ കേരളത്തിനു സാധിച്ചിട്ടില്ല. രാജ്യത്തിന്റെ 7 ശതമാനത്തിനു മുകളില്‍ ജലാശയങ്ങളുള്ള കേരളത്തിന്റെ ഉള്‍നാടന്‍ മത്സ്യബന്ധനത്തിലെ പങ്ക് ബാക്കി സംസ്ഥാനങ്ങളെ അപേക്ഷിച്ച് കുറവായി കാണപ്പെടുന്നു. കഴിഞ്ഞ 5 വര്‍ഷത്തെ മത്സ്യ ഉല്പാദനത്തിന്റെ വിശദാംശങ്ങള്‍ അനുബന്ധം 2.42, ചിത്രം 2.10 എന്നിവയില്‍ നല്‍കിയിരിക്കുന്നു.

ചിത്രം 2.10
കേരളത്തിലെ മത്സ്യ ഉല്‍പ്പാദനം (2011-12 മുതല്‍ 2015-16 വരെ)
അവലംബം : ഫീഷറീസ് ഡയറക്ടറേറ്റ്

സംസ്ഥാനത്തെ ജില്ലാ തല മത്സ്യ ഉല്പാദന കണക്കുകള്‍ പരിശോധിച്ചാല്‍ സമുദ്ര മത്സ്യ ഉല്പാദനത്തില്‍ ഒന്നാം സ്ഥാനത്ത് കൊല്ലം ജില്ലയും, രണ്ടും മൂന്നും സ്ഥാനങ്ങളില്‍ കോഴിക്കോട്, എറണാകുളം എന്നീ ജില്ലകളുമാണ്. സംസ്ഥാനത്തെ മൊത്തം സമുദ്ര മത്സ്യ ഉല്പാദനത്തിന്റെ 50 ശതമാനം ഈ മൂന്ന് ജില്ലകളില്‍ നിന്നാണ്. ഉള്‍നാടന്‍ മത്സ്യ ഉല്പാദനത്തില്‍ ആലപ്പുഴ, തൃശ്ശൂര്‍, പാലക്കാട് എന്നീ ജില്ലകള്‍ യഥാക്രമം ഒന്നും രണ്ടും മുന്നും സ്ഥാനങ്ങള്‍ അലങ്കരിക്കുന്നു. സംസ്ഥാനത്തെ മൊത്തം മത്സ്യ ഉല്പാദനത്തില്‍ ആലപ്പുഴ ജില്ല ഒന്നാമതും, എറണാകുളം രണ്ടാമതും, കോഴിക്കോട് മൂന്നാം സ്ഥാനത്തുമാണ്. വിശദാംശങ്ങള്‍ അനുബന്ധം 2.43 ല്‍ കൊടുത്തിരിക്കുന്നു.സമുദ്രോത്പന്ന കയറ്റുമതിയിൽ കേരളത്തിന്റെ സംഭാവന പ്രത്ത്യേക പ്രശംസ അർഹിക്കുന്നു. കേരളത്തിന്റെ വിശാലമായ തീരപ്രദേശവും വിഭവ സമ്പത്തും പൂർണമായി പ്രയോജനപ്പെടുത്താവുന്നതാണ്. ദേശീയ സമുദ്ര ഉല്പന്ന കയറ്റുമതിയില്‍ കേരളം ഗണ്യമായ പങ്ക് വഹിച്ചിട്ടുണ്ടു്. 2015-16 കാലയളവില്‍ കേരളത്തില്‍ നിന്ന് 4644.42 കോടി രൂപ വിലമതിക്കുന്ന 1,49,138 ടണ്‍ സമുദ്ര ഉല്പന്നങ്ങള്‍ കയറ്റുമതി ചെയ്തു. മുന്‍ സാമ്പത്തിക വര്‍ഷത്തെ അപേക്ഷിച്ച് കയറ്റുമതിയുടെ അളവിലും മൂല്യത്തിലും കുറവ് രേഖപ്പെടുത്തിയിട്ടുണ്ടു്. വിശദാംശങ്ങള്‍ അനുബന്ധം 2.44 ല്‍ കൊടുത്തിരിക്കുന്നു.

അടിസ്ഥാന സൗകര്യങ്ങള്‍, ഭവന നിര്‍മ്മാണം, ആരോഗ്യരക്ഷാ പരിപാടികള്‍, കുടിവെള്ളം, ജീവനോപാധികള്‍ എന്നിവ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ഒരു സമഗ്ര തീരദേശ പ്രോജക്ട് നടപ്പാക്കുക, ഉള്‍നാടന്‍ മത്സ്യകൃഷി ഉല്പാദനം 1.17 ലക്ഷം ടണ്ണില്‍ നിന്നും 2 ലക്ഷം ടണ്ണായി വര്‍ദ്ധിപ്പിക്കുക, വിത്തുല്പാദനം വര്‍ദ്ധിപ്പിക്കുക, മത്സ്യബന്ധനാന്തര സംരഭങ്ങള്‍ക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളായ ലാന്റിംഗ്കേന്ദ്രങ്ങള്‍, ശീതസംഭരണികളുടെ ശൃംഖലയും, വിപണന സൗകര്യവും മെച്ചപ്പെടുത്തുക, മൂല്ല്യവര്‍ദ്ധിത ഉല്പന്നങ്ങളുടെ ഉല്പാദനം വര്‍ദ്ധിപ്പിക്കുക, സൂക്ഷ്മ സംരംഭങ്ങള്‍ ആരംഭിക്കുക, വായ്പ്പാ സൗകര്യവും സാമൂഹ്യ സുരക്ഷിതത്വവും ഏര്‍പ്പെടുത്തുക എന്നിവയാണ്പന്ത്രണ്ടാം പഞ്ചവത്സര പദ്ധതി വിഭാവനം ചെയ്യുന്നത്. പഞ്ചവത്സര പദ്ധതികളുടെ മുന്‍ഗണനാക്രമം അനുസരിച്ചാണ് വാര്‍ഷിക പദ്ധതികള്‍ക്ക് രൂപം നല്‍കുന്നത്. അതിന്‍പ്രകാരംപന്ത്രണ്ടാം പഞ്ചവത്സരപദ്ധതിയുടെ നാലാം വാര്‍ഷിക പദ്ധതി 2015-16 ല്‍ പൂര്‍ത്തീകരിക്കുകയും ചെയ്തു.

പന്ത്രണ്ടാം പഞ്ചവത്സര പദ്ധതിയിലേയും 2015-16 വാര്‍ഷിക പദ്ധതിയിലേയും പ്രവര്‍ത്തനത്തിന്റെ അവലോകനം

പന്ത്രണ്ടാം പഞ്ചവത്സര പദ്ധതിയില്‍ മത്സ്യബന്ധന മേഖലയ്ക്ക് വിഭാവനം ചെയ്ത മൊത്തം വിഹിതമായ 1471 കോടി രൂപ (തീരദേശ വികസന പരിപാടികള്‍ ഉള്‍പ്പെടെ) സംസ്ഥാനത്തിന്റെ ആകെ പദ്ധതി വിഹിതത്തിന്റെ 1.44 ശതമാനവും, കൃഷി അനുബന്ധ മേഖലകള്‍ക്കുള്ള വിഹിതത്തിന്റെ 16.66 ശതമാനവുമാണ്.പന്ത്രണ്ടാം പഞ്ചവത്സര പദ്ധതി കാലയളവായ 2012-13 മുതല്‍ 2016-17 വരെ വകയിരുത്തിയ ബജറ്റ് തുക 1419.9 കോടി രൂപയും, 2016 ഒക്ടോബര്‍ വരെയുള്ള പദ്ധതി ചെലവ് 972 കോടി രൂപയുമാണ്. വര്‍ഷം തിരിച്ചുള്ള കണക്കുകള്‍ താഴെ പട്ടിക 2.6 ല്‍ നല്‍കിയിരിക്കുന്നു.

പട്ടിക 2.6
ഫിഷറീസ്, തീരദേശ വികസന മേഖലകളുടെ പദ്ധതി വിഹിതവും ചെലവും (രൂപ കോടിയില്‍)
മേഖല പന്ത്രണ്ടാം പദ്ധതിയിലെ വിഭാവനം ചെയ്തിരിക്കുന്ന തുക വാര്‍ഷിക പദ്ധതി 2012-13 വാര്‍ഷിക പദ്ധതി2013-14 വാര്‍ഷിക പദ്ധതി2014-15 വാര്‍ഷിക പദ്ധതി2015-16 വാര്‍ഷിക പദ്ധതി 2016-17 ആകെ
വക ചെല. വക ചെല. വക ചെല. വക ചെല. വക ചെല. വക ചെല.
മത്സ്യബന്ധനം 1014 142 138 158 135 177 147 178 143 169.3 54.26 824.9 617.47
തീരദേശ വികസനം 457 64 49 58 49 87 47 189 202 197 8.16 595 355.16
ആകെ 1471 206 187 216 184 264 194 367 345 366.3 62.42 1419.9 972.63
അവലംബം: പ്ലാന്‍ സ്പെയ്സ്, കേരള, ബഡ്ജറ്റ് സ്റ്റേറ്റ്മെന്റുകള്‍.

2015-16 ല്‍ സംസ്ഥാന വാര്‍ഷിക പദ്ധതിയില്‍ ചെലവഴിച്ചത് 345.03 കോടി രൂപയാണ്. ഇത് മേഖലയുടെ സംസ്ഥാന പദ്ധതി വിഹിതത്തിന്റെ 94 ശതമാനമാണ്. ഭാഗികമായികേന്ദ്രസഹായമുള്ള പദ്ധതികളുടെ വിഹിതം 59.17 കോടി രൂപയും, ചെലവ് 63.01 കോടി രൂപയുമാണ്. എന്‍.സി.ഡി.സി സഹായ പദ്ധതികളുടെ വിഹിതം 18 കോടി രൂപയാണ്. ഈ തുക പൂര്‍ണ്ണമായും വിനിയോഗിച്ചിട്ടുണ്ടു്. 2014-15, 2015-16 വര്‍ഷങ്ങളില്‍ മത്സ്യവികസന മേഖലയിലെ വിവിധ പദ്ധതികള്‍ക്കായിട്ടുള്ള വിഹിതവും ചെലവും അനുബന്ധം 2.45 ല്‍ കാണാം. വിവിധ ഏജന്‍സികള്‍ നടപ്പിലാക്കുന്ന പ്രധാന പദ്ധതികള്‍ വിലയിരുത്തുന്നതിനായി ഒരു എക്സ്റ്റേര്‍ണല്‍ മോണിറ്ററിംഗ് സംവിധാനം ഏറ്റെടുക്കാവുന്നതാണ്. വിവിധ ഏജന്‍സികള്‍ നടപ്പിലാക്കുന്ന വിവിധ തരം പദ്ധതികള്‍ നിലവിലുള്ളതിനാല്‍ ഓവര്‍ലാപ്പിംഗ് ഒഴിവാക്കാന്‍ ശ്രദ്ധ ചെലുത്തേണ്ടതാണ്.

2016-17 ലെ മുഖ്യ സംരംഭങ്ങള്‍

കേരളത്തിന്റെ ഭാവിക്ക് ഉതകുന്ന ഒരു വാഗ്ദാനമാണ് ഉള്‍നാടന്‍ മത്സ്യബന്ധന മേഖല. നല്ലയിനം മത്സ്യവിത്തുകളുടെ ലഭ്യത കുറവ് ഈ മേഖല നേരിടുന്ന ഒരു പ്രധാന പ്രശ്നമായി കണക്കാക്കപ്പെടുന്നു. നല്ലയിനം മത്സ്യവിത്തുകളുടെ ഉല്പാദനം വര്‍ദ്ധിപ്പിക്കുന്നതിനും, ഗുണമേന്മ ഉറപ്പു വരുത്തുന്നതിനുമായി നിലവുള്ള ഹാച്ചറികള്‍, നഴ്സറികള്‍, ഫിഷ്ഫാമുകള്‍ എന്നിവ ശക്തിപ്പെടുത്തുന്നതിനോടൊപ്പം പുതിയ യൂണിറ്റുകള്‍ നിര്‍മ്മിക്കുകയും വേണം. ഈ പദ്ധതിക്കായി 2016-17 ല്‍ 15.99 കോടി രൂപ വകയിരുത്തിയിരിക്കുന്നു. നൂതന അക്വാകള്‍ച്ചര്‍ സമ്പ്രദായങ്ങള്‍ക്കു വേണ്ടിയുള്ള യൂണിറ്റുകള്‍ സ്ഥാപിക്കുന്നതിലേയ്ക്കായി 5.5 കോടി രൂപ അധികമായി വകയിരുത്തിയിട്ടുണ്ടു്. കേരളത്തിലെ മത്സ്യത്തൊഴിലാളി സമൂഹത്തിന്റെ താരതമ്യേനയുള്ള പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിനായി 2015-16 ല്‍ സംസ്ഥാന സര്‍ക്കാര്‍ 181.97 കോടി രൂപ വകയിരുത്തി അടിസ്ഥാന സൗകര്യവും മാനവശേഷി വികസനവും എന്ന പുതിയ പദ്ധതിക്ക് രൂപം നല്‍കി. 2016-17 ല്‍ ഈ പദ്ധതിക്കായി 184.60 കോടി രൂപ വകയിരുത്തിയിട്ടുണ്ടു്. ഇതില്‍ 100 കോടി രൂപ മത്സ്യത്തൊഴിലാളി സമൂഹത്തിന്റെ ഭവന ആവശ്യങ്ങള്‍ക്ക് വേണ്ടി മാത്രമായി നീക്കി വെച്ചിട്ടുള്ളതാണ്.

സംസ്ഥാന സര്‍ക്കാറിന്റെ പുതിയ സംരംഭങ്ങളും മുന്‍ഗണനയും

  • തീരദേശ മേഖലയിലും മത്സ്യസമ്പത്തിന്‍മേലുള്ള മത്സ്യത്തൊഴിലാളികളുടെ പരമ്പരാഗത അവകാശങ്ങളെ സംരക്ഷിക്കുന്നതിന് പ്രഥമ പരിഗണന നല്‍കുക.
  • കടലാക്രമണ ഭീതി നേരിടുന്ന മത്സ്യത്തൊഴിലാളികളെ മുന്‍ഗണനാടിസ്ഥാനത്തില്‍ സുരക്ഷിത മേഖലകളിലേയ്ക്ക് പുനരധിവസിപ്പിക്കുന്നതായിരിക്കും.
  • എല്ലാ മത്സ്യത്തൊഴിലാളി ഗ്രാമങ്ങളിലും കുടിവെള്ളം, ശൌചാലയങ്ങള്‍, മാലിന്യ നിര്‍മ്മാര്‍ജ്ജനം എന്നീ അടിസ്ഥാന സൗകര്യങ്ങള്‍ ലഭ്യമാക്കുന്നതിന് ഊന്നല്‍ നല്‍കുന്നതാണ്.
  • ആഴക്കടല്‍ മത്സ്യബന്ധനത്തിനായി പരമ്പരാഗത മത്സ്യത്തൊഴിലാളികളെ ശാക്തീകരിക്കുന്നതിനായുള്ള സംഘടിത ശ്രമങ്ങള്‍ ഉണ്ടാകുന്നതായിരിക്കും.
  • നിലവിലുള്ള മത്സ്യവിത്ത് ഫാമുകളുടേയും ഹാച്ചറികളുടേയും ഉല്പാദനശേഷി വര്‍ദ്ധിപ്പിക്കുന്നതിലൂടേയും പുതിയ മത്സ്യ വിത്ത് ഫാമുകള്‍ സ്ഥാപിക്കുന്നതിലൂടേയും സംസ്ഥാനത്തെ മത്സ്യവിത്തുല്പാദനത്തില്‍ സ്വയം പര്യാപ്തമാക്കും.
  • ഉള്‍നാടന്‍ മത്സ്യബന്ധന മേഖലയുടെ സാധ്യതകളെ പൂര്‍ണ്ണമായും പ്രയോജനപ്പെടുത്തുന്നതിനായുള്ള പദ്ധതികള്‍ നടപ്പിലാക്കും.
  • അടിസ്ഥാന സൗകര്യങ്ങളും മാനവവിഭവ ശേഷിയും നല്‍കികൊണ്ടു് മത്സ്യഭവനുകളെ കൂടുതല്‍ പ്രവര്‍ത്തനക്ഷമമാക്കും.
  • സജീവ മത്സ്യത്തൊഴിലാളികള്‍ക്ക് മത്സ്യ ബന്ധനോല്പാദികളിന്‍മേലുള്ള ഉടമസ്ഥാവകാശം, കടലിലേയ്ക്കുള്ള പ്രവേശനസ്വാതന്ത്ര്യം, സമുദ്ര സമ്പത്തിന്‍മേലുള്ള അവകാശം എന്നിവ ഉറപ്പു വരുത്തുന്ന ഒരു സമഗ്രമായ അക്വേറിയന്‍ പരിഷ്കരണ നിയമം നടപ്പിലാക്കുവാന്‍ ഉദ്ദേശിക്കുന്നു.
  • സമുദ്ര മത്സ്യസമ്പത്തിന്റെ സംരക്ഷണത്തിന് നാം ഇന്നു നേരിടുന്ന വെല്ലുവിളികളെ തരണം ചെയ്യുന്നതിനായി കേരള സമുദ്ര മത്സ്യബന്ധന നിയന്ത്രണ നിയമം 1980 (കെ.എം.എഫ്.ആര്‍ നിയമം 1980)ല്‍ ഭേദഗതി കൊണ്ടു വരും.
  • മത്സ്യത്തൊഴിലാളി ക്ഷേമവികസന സൊസൈറ്റികളെ ശാക്തീകരിക്കുകയും പുനസംഘടിപ്പിക്കുകയും, കേരള മത്സ്യത്തൊഴിലാളി കടാശ്വാസ കമ്മീഷന്റെ പ്രവര്‍ത്തനങ്ങളെ നവീകരിക്കുകയും ചെയ്യും.
  • സംസ്ഥാനത്തിന്റെ തീരദേശ മേഖലയുടെ സംയോജിതമായ വികസനത്തിന് ഒരു പ്രത്യേക പാക്കേജ് ആസൂത്രണം ചെയ്തു നടപ്പാക്കും

പ്രധാന വികസന പദ്ധതികള്‍

മത്സ്യബന്ധന മേഖലയുടെ വികസനത്തിനായി സര്‍ക്കാര്‍ നടപ്പിലാക്കുന്ന പ്ലാന്‍ പദ്ധതികളെ ഇത്തരത്തില്‍ തരം തിരിക്കാം

  1. സമുദ്ര മത്സ്യബന്ധന വികസനം
  2. ഉള്‍നാടന്‍ മത്സ്യബന്ധന വികസനം
  3. വിജ്ഞാന വ്യാപനം, പരിശീലനം, സേവനങ്ങള്‍
  4. വിപണികളുടെ ആധുനീകവല്‍ക്കരണവും മൂല്യവര്‍ദ്ധനവും
  5. മത്സ്യബന്ധനത്തൊഴിലാളികള്‍ക്കുള്ള സാമൂഹിക സുരക്ഷാ പദ്ധതികള്‍
  6. മത്സ്യബന്ധന തുറമുഖങ്ങളുടെ വികസനവും മാനേജ്മെന്റും
  7. ഫിഷറീസ് സർവകലാശാലയ്ക്കുള്ള പദ്ധതി
  8. തീരദേശ വികസനത്തിനായുള്ള പദ്ധതികള്‍

പ്രധാന ഇനം വര്‍ഗ്ഗങ്ങളുടെ സ്റ്റോക്ക് വര്‍ദ്ധിപ്പിക്കുന്നതിനായി റാന്‍ചിംഗ് ഏറ്റെടുത്തിട്ടുണ്ടു്. 2015-16 ല്‍ 162 ലക്ഷം മത്സ്യ/ചെമ്മീന്‍ വിത്തുകള്‍ അനിയന്ത്രിത പരിസ്ഥിതിയിലും, 1839 ലക്ഷം വിത്തുകള്‍ നിയന്ത്രിത പരിസ്ഥിതിയിലും പുറത്തുവിട്ടിട്ടുണ്ടു്.

2015-18 കാലയളവിലേയ്ക്കുള്ള രണ്ടാംഘട്ട മത്സ്യസമൃദ്ധി പദ്ധതി 2015-16 ല്‍ ആരംഭിച്ചു. 2015-16 ല്‍ ഈ പദ്ധതിക്കു കീഴില്‍ 7626.89 ഹെക്ടര്‍ ശുദ്ധജല സ്രോതസ്സുകളിലും, 3438.05 ഹെക്ടര്‍ പാടശേഖരങ്ങളിലും, 2561.39 ഹെക്ടര്‍ ഓരുജലസ്രോതസ്സുകളിലും മത്സ്യ കൊഞ്ച്/ചെമ്മീന്‍ കൃഷി ആരംഭിച്ചു. 54 ഹെക്ടര്‍ പ്രദേശം കരിമീന്‍ കൃഷിക്കു കീഴില്‍ കൊണ്ട് വന്നു. 2327 യൂണിറ്റുകളില്‍ മുത്തുച്ചിപ്പി കൃഷിയും നടപ്പിലാക്കി.

മത്സ്യത്തൊഴിലാളികളുടെ പാര്‍പ്പിട മേഖലയില്‍ നിലനില്‍ക്കുന്ന പ്രശ്നങ്ങളെ തരണം ചെയ്യുന്നതിനായി 2015-16 ല്‍ 4990 മത്സ്യത്തൊഴിലാളികള്‍ക്ക് പുതിയ ഗൃഹനിര്‍മ്മാണത്തിനായി ഫണ്ടു് അനുവദിച്ചു. ശുചീകരണ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി 2015-16 ല്‍ 3600 മത്സ്യത്തൊഴിലാളികള്‍ക്ക് ശൌചാലയങ്ങള്‍ നിര്‍മ്മിക്കുന്നതിനായി 17,500 രൂപ വീതം ധനസഹായം അനുവദിച്ചു. 2015-16 ല്‍ മത്സ്യത്തൊഴിലാളി സമൂഹത്തിന്റെ അടിസ്ഥാന സൗകര്യ മാനവശേഷി വികസനം എന്ന പദ്ധതിക്കു കീഴില്‍ കേരള സംസ്ഥാന തീരദേശ വികസന കോര്‍പ്പറേഷന്‍ അരോഗ്യ മേഖലയിലെ മൂന്ന് അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍, ഒരു ലൈബ്രറി നിര്‍മ്മാണം, രണ്ട് ശുചീകരണ പ്രവര്‍ത്തനങ്ങള്‍, ഒരു ഉപജീവന സഹായക സ്കീം, വിദ്യാഭ്യാസമേഖലയിലെ അഞ്ച് അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍, നാല് അംഗാ൯വാടികള്‍ തുടങ്ങിയവയുടെ നിര്‍മ്മാണം ഏറ്റെടുത്തു നടത്തി വരുന്നു.

മത്സ്യബന്ധന തുറമുഖങ്ങള്‍

കേരള സര്‍ക്കാര്‍ ഇതുവരെ 14 മത്സ്യബന്ധന തുറമുഖങ്ങളുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കുകയും, 10 തുറമുഖങ്ങളുടെ നിര്‍മ്മാണം നടത്തിക്കൊണ്ടിരിക്കുകയുമാണ്. തങ്കശ്ശേരി, നീണ്ടകര, കായംകുളം, മുനമ്പം, ബേപ്പൂര്‍, പുതിയാപ്പാ, ചോമ്പാല്‍, മാപ്പിളബേ, അഴീക്കല്‍, പൊന്നാനി, തോട്ടപ്പള്ളി എന്നിവയാണ് പൂര്‍ത്തിയായ തുറമുഖങ്ങള്‍. വിഴിഞ്ഞം, ചെത്തി, ആര്‍ത്തുങ്കല്‍, ചേറ്റുവാ, താനൂര്‍, കൊയിലാണ്ടി, വെള്ളയില്‍, തലായ്, മഞ്ചേശ്വരം മുതലായവയുടെ നിര്‍മ്മാണം പുരോഗമിച്ചു കൊണ്ടിരിക്കുന്നു. 2015-16 ഓഗസ്റ്റില്‍ ചെറുവത്തൂര്‍ മത്സ്യബന്ധന തുറമുഖം കമ്മീഷന്‍ ചെയ്തുവെങ്കിലും, ആവശ്യമുള്ള ചില അധിക നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ബാക്കി നില്‍ക്കുന്നതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ആര്‍ത്തുങ്കല്‍, വെള്ളയില്‍, താനൂര്‍, മഞ്ചേശ്വരം, കൊയിലാണ്ടി എന്നീ തുറമുഖങ്ങള്‍ക്കായുള്ള പദ്ധതി സഹായം 2016-17 ല്‍ ലഭ്യമാക്കിയിട്ടുണ്ടു്. ചേറ്റുവാ, ചെറുവത്തൂര്‍, തലായ് എന്നീ മത്സ്യബന്ധന തുറമുഖങ്ങള്‍ പൂര്‍ത്തീകരണത്തിനായും പ്രവര്‍ത്തനക്ഷമമാക്കുന്നതിനായും ഫണ്ട് അനുവദിച്ചിട്ടുണ്ടു്. മുനക്കകടവ് ഫിഷ് ലാന്റിംഗ് സെന്ററിനായും ധനസഹായം നല്‍കിയിട്ടുണ്ടു്. സംസ്ഥാന ഫണ്ടു്,കേന്ദ്രഗവണ്‍മെന്റ് ഫണ്ടു് (50 ശതമാനം, 75 ശതമാനം സി.എസ്.എസ്),കേന്ദ്രസ്കീമായ ആര്‍.കെ.വി.വൈ മുതലായവയില്‍ നിന്നുള്ള ഫണ്ടു്, നബാര്‍ഡ് പോലുള്ള ഏജന്‍സികളില്‍ നിന്നുള്ള ഫണ്ടു് (ആര്‍.ഐ.ഡി.എഫ് നു കീഴില്‍) എന്നിവ ഉപയോഗിച്ചാണ് മുന്‍പ് മത്സ്യബന്ധന തുറമുഖങ്ങളുടെ നിര്‍മ്മാണം നടത്തിയിരുന്നത്. എന്നാല്‍ ഈയടുത്തുണ്ടായകേന്ദ്രാവിഷ്കൃത പദ്ധതികളുടെ ഫണ്ടിംഗില്‍ വന്ന മാറ്റങ്ങള്‍ കേരളത്തിലെ മത്സ്യബന്ധന തുറമുഖങ്ങളുടെ പൂര്‍ത്തീകരണത്തെ നേരിട്ടു ബാധിക്കും. ഇത്തരം വലിയ പദ്ധതികള്‍ക്കായുള്ള ധനസമാഹരണം സംസ്ഥാനത്തിനൊരു വലിയ വെല്ലുവിളിയാണ്. 2016-17 ല്‍ സംസ്ഥാന പദ്ധതിക്കു കീഴില്‍ മത്സ്യബന്ധന തുറമുഖങ്ങള്‍ക്കായി 26.24 കോടി രൂപ അനുവദിച്ചു. ഒക്ടോബര്‍ 2016 വരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്ന ചിലവ് 15.28 കോടിയാണ്. നടന്നുകൊണ്ടിരിക്കുന്ന എല്ലാ മത്സ്യബന്ധന തുറമുഖങ്ങളുടേയും സമയബന്ധിതമായ പൂര്‍ത്തീകരണ ഷെഡ്യൂളുകള്‍ ഉണ്ടാക്കേണ്ടത് ആവശ്യമാണ്. നിലവിലുള്ള പല മത്സ്യബന്ധന തുറമുഖങ്ങളും ഉപയോഗശൂന്യവും പ്രവര്‍ത്തനക്ഷമമല്ലാത്തതുമാണെന്നാണ് റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ട്. കൊല്ലത്തിലുടനീളം പ്രവര്‍ത്തനക്ഷമമായ മത്സ്യബന്ധന തുറമുഖങ്ങള്‍ ഉണ്ടാകാനുള്ള നടപടികള്‍ എടുക്കേണ്ടതാണ്. മത്സ്യബന്ധന തുറമുഖങ്ങളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ പുരോഗതി അനുബന്ധം 2.46 ല്‍ കൊടുത്തിരിക്കുന്നു.

മത്സ്യബന്ധന തുറമുഖങ്ങളില്‍നിന്നും ഫിഷ് ലാന്‍ഡിംഗ്കേന്ദ്രങ്ങളില്‍നിന്നുമുള്ള മൊത്തവരുമാനം 2014-15 ല്‍ 490.96 ലക്ഷം രൂപയായിരുന്നു. എന്നാല്‍ 2015-16 ല്‍ വരുമാനം 14 ശതമാനം കുറഞ്ഞ് 422.23 ലക്ഷം രൂപയായി. 2012-13 മുതല്‍ തുടര്‍ച്ചയായി ഏറ്റവും കൂടുതല്‍ വരുമാനം നീണ്ടകര തുറമുഖത്ത് നിന്നാണ് ലഭിക്കുന്നത്. 2015-16 ല്‍ പുതിയപ്പ മത്സ്യബന്ധന തുറമുഖം 2-ാം സ്ഥാനത്ത് നില്‍ക്കുന്നു. കേരളത്തിലെ മത്സ്യബന്ധന തുറമുഖങ്ങളില്‍നിന്നും ഫിഷ് ലാന്‍ഡിംഗ്കേന്ദ്രങ്ങളില്‍നിന്നുമുള്ള മൊത്തവരുമാനത്തിന്റെ 65 ശതമാനം നീണ്ടകര പുതിയപ്പ തുറമുഖങ്ങളില്‍ നിന്നാണ്. നീണ്ടകര, പുതിയപ്പ, ബേപ്പൂര്‍, വിഴിഞ്ഞം, ചേറ്റുവ, ചെറുവത്തൂര്‍ എന്നീ മത്സ്യബന്ധന തുറമുഖങ്ങളില്‍ 2014-15 നെ അപേക്ഷിച്ച് 2015-16 ല്‍ വരുമാനം വര്‍ദ്ധിച്ചിട്ടുണ്ട്. വിശദാംശങ്ങള്‍ അനുബന്ധം 2.47 ല്‍ നല്‍കിയിരിക്കുന്നു.

നബാര്‍ഡ് സഹായം ലഭിക്കുന്ന പദ്ധതികള്‍

തുറമുഖങ്ങളുടെ നിര്‍മ്മാണത്തിനു പുറമേ ലാന്റിംഗ്കേന്ദ്രങ്ങളുടെ നിര്‍മ്മാണം, റോഡുകള്‍, പാലങ്ങള്‍, ലോക്കര്‍ മുറികള്‍, നടപ്പാതകള്‍ എന്നിവയുടെ നിര്‍മ്മാണത്തിനും നബാര്‍ഡ് ഫണ്ടുകള്‍ വിനിയോഗിച്ചിട്ടുണ്ടു്. ആര്‍.ഐ.ഡി.എഫ് XV ന് കീഴില്‍ ചെല്ലാനം തുറമുഖം, പെരുമാതുറ-താഴംപള്ളി പാലം, കാപ്പാട്-കൊയിലാണ്ടി റോഡ്, തങ്കശ്ശേരിയിലുള്ള ലോക്കര്‍ മുറി എന്നിവയുള്‍പ്പെടെയുള്ള 11 പദ്ധതികള്‍ക്ക് അംഗീകാരം ലഭിക്കുകയും, അതില്‍ 10 എണ്ണം പൂര്‍ത്തിയാവുകയും ചെയ്തു. ആര്‍.ഐ.ഡി.എഫ് XVII നു കീഴില്‍ 7 പാലങ്ങള്‍, ഫിഷ് ലാന്റിംഗ്കേന്ദ്രങ്ങള്‍, നടപ്പാത എന്നിവയുള്‍പ്പെട്ട 10 പദ്ധതികള്‍ക്കായി 62.91 കോടി രൂപ അനുവദിച്ചു. ഇതില്‍ 2 പാലങ്ങളും, ഫിഷ് ലാന്റിംഗ് സെന്ററും പൂര്‍ത്തിയാവുകയും മറ്റു പദ്ധതികളുടെ നിര്‍മ്മാണം പുരോഗമിക്കുകയുമാണ്. ആര്‍.ഐ.ഡി.എഫ് XIX ന് കീഴില്‍ 12 ഫിഷ് ലാന്റിംഗ്കേന്ദ്രങ്ങള്‍, നീണ്ടകര മത്സ്യബന്ധന തുറമുഖത്തിന്റെ ശക്തിപ്പെടുത്തല്‍, 8 പാലം പണികള്‍, 2 റോഡ് പണികള്‍ എന്നിവയ്ക്കായി 76.72 കോടി രൂപ അനുവദിച്ചു. ഇതില്‍ 8 ഫിഷ് ലാന്റിംഗ്കേന്ദ്രങ്ങള്‍, 2 പാലങ്ങള്‍, ഒരു റോഡ് എന്നിവ പൂര്‍ത്തിയാവുകയും മറ്റുള്ളവയുടെ നിര്‍മ്മാണം പുരോഗമിക്കുകയുമാണ്. ആര്‍.ഐ.ഡി.എഫ് XX ന് കീഴില്‍ 2 റോഡുകളുടേയും ഒരു പാലത്തിന്റേയും നിര്‍മ്മാണത്തിനായി 7.82 കോടി രൂപ അനുവദിച്ചിട്ടുണ്ടു്. നബാര്‍ഡ് സഹായം ലഭിക്കുന്ന ആര്‍.ഐ.ഡി.എഫ് പദ്ധതികള്‍ക്കായുള്ള 2016-17 ലെ അടങ്കല്‍ തുക 20 കോടി രൂപയാണ്. സെപ്റ്റംബര്‍ 2016 വരെയുള്ള ചെലവ് 11.79 കോടി രൂപയാണ്.

മത്സ്യത്തൊഴിലാളി സമൂഹത്തിന് സാമൂഹിക സുരക്ഷിതത്വവും ഉപജീവനോപാധിയും

മത്സ്യത്തൊഴിലാളി സമൂഹത്തിന് സാമൂഹിക സുരക്ഷിതത്വവും ഉപജീവനോപാധിയും ഉറപ്പു വരുത്തുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ വിവിധ പദ്ധതികള്‍ നടപ്പിലാക്കിയിട്ടുണ്ടു്. സര്‍ക്കാരിന്റെ ഫിഷറീസ് വകുപ്പിനു പുറമേ മത്സ്യഫെഡും, കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡും ഇത്തരത്തിലുള്ള പദ്ധതികള്‍ നടപ്പിലാക്കുന്നുണ്ടു്. ഇതിലെ പല സ്കീമുകള്‍ക്കും പ്ലാന്‍ സഹായം ലഭ്യമാണ്. ഇവയില്‍ ചിലത്കേന്ദ്രാവിഷ്കൃത പദ്ധതികളാണ്. മത്സ്യത്തൊഴിലാളികള്‍ക്ക് തുടര്‍ച്ചയായി ഉപജീവനോപാധികള്‍ നല്‍കുന്ന പദ്ധതികള്‍ക്ക് പുറമേ ഭവനനിര്‍മ്മാണം, ഇന്‍ഷ്വറന്‍സ്, പെന്‍ഷന്‍ മുതലായവയ്ക്കുള്ള പദ്ധതികളും ഇതില്‍ ഉള്‍പ്പെടുന്നു.

പണമിടപാടുകാരുടെ ചൂഷണത്തില്‍ നിന്നുള്ള രക്ഷയ്ക്കായി 21,085 മത്സ്യത്തൊഴിലാളി സ്ത്രീകള്‍ക്ക് പലിശരഹിത വായ്പ നല്‍കി. 46,814 മത്സ്യത്തൊഴിലാളികള്‍ക്ക് 3,524.77 ലക്ഷം രൂപ വാര്‍ദ്ധക്യ പെന്‍ഷനായി നല്‍കി. 9181 സ്ത്രീകള്‍ക്ക് 671.03 ലക്ഷം രൂപ വിധവ പെന്‍ഷന്‍ നല്‍കി. മത്സ്യത്തൊഴിലാളികള്‍ക്കായുള്ള ഗ്രൂപ്പ് അപകട ഇന്‍ഷ്വറന്‍സ് പദ്ധതിക്കായി 394.31 ലക്ഷം രൂപയും അനുബന്ധ മത്സ്യബന്ധന പ്രവര്‍ത്തകര്‍ക്കായുള്ള ഗ്രൂപ്പ് അപകട ഇന്‍ഷ്വറന്‍സ് പദ്ധതിക്കായി 137.801 ലക്ഷം രൂപയും ചെലവഴിച്ചു. 63,099 മത്സ്യത്തൊഴിലാളി കുട്ടികള്‍ക്ക് വിദ്യാഭ്യാസ കണ്‍സെഷനുകള്‍ കൊടുത്തു. സ്ത്രീ മത്സ്യത്തൊഴിലാളികളെ ശാക്തീകരിക്കുന്നതിനായി 2015-16 ല്‍ മത്സ്യത്തൊഴിലാളി സ്ത്രീകളുടെ 257 പുതിയ സംഘങ്ങള്‍ക്ക് ഉപജീവനോപാധി പ്രവര്‍ത്തനങ്ങള്‍ക്ക് സഹായം നല്‍കി. ഫിഷറീസ് ഡിപ്പാര്‍ട്ട്മെന്റും കേരള സംസ്ഥാന മത്സ്യത്തൊഴിലാളി ക്ഷേമ നിധി ബോര്‍ഡും നടപ്പിലാക്കുന്ന ഇത്തരം സ്കീമുകളുടെ വിശദാംശങ്ങള്‍ അനുബന്ധം 2.48 ലും അനുബന്ധം 2.49 ലും കെടുത്തിട്ടുണ്ടു്. മത്സ്യത്തൊഴിലാളി സമൂഹത്തിന് കൂടുതല്‍ സഹായം നല്‍കാനും കൂടുതല്‍ ജനങ്ങളെ സാമൂഹിക സുരക്ഷാ പദ്ധതികളുടെ ഭാഗമാക്കാനും സംസ്ഥാനത്തിന് സാധിച്ചിട്ടുണ്ട്.

മത്സ്യഫെഡ്

പ്രാഥമിക തലത്തിലുള്ള 665 മത്സ്യത്തൊഴിലാളി വികസനക്ഷേമ സഹകരണ സംഘങ്ങളുടെ ഒരു അപെക്സ് ഫെഡറേഷനാണ് മത്സ്യഫെഡ്. ഇതില്‍ 340 സംഘങ്ങള്‍ സമുദ്രമേഖലയിലും 193 സംഘങ്ങള്‍ ഉള്‍നാടന്‍ മേഖലയിലും ശേഷിക്കുന്ന 132 എണ്ണം വനിതാ സംഘങ്ങളുമാണ്. ഈ സൊസൈററികളിലെ ആകെ അംഗസംഖ്യ 4.45 ലക്ഷത്തില്‍ കൂടുതലാണ്. ഫെഡറേഷന്റെ ആകെ ഓഹരി മൂലധനം 150 കോടി രൂപയാണ്. മത്സ്യത്തൊഴിലാളി സമൂഹത്തിനുള്ളില്‍ സ്വയം സഹായ സംഘങ്ങള്‍ രൂപപ്പെടുത്താനും അതുവഴി സമ്പാദ്യശീലം വളര്‍ത്തുവാനും മത്സ്യഫെഡിന് സാധിച്ചിട്ടുണ്ടു്. സമ്പാദ്യശീലത്തിലൂടെ ഈ സംഘങ്ങള്‍ക്ക് ധനസമാഹരണം നടത്താന്‍ സാധിച്ചു. മൈക്രോഫിനാന്‍സും, പലിശരഹിതവായ്പ്പകളും വഴി മത്സ്യഫെഡിന് മൈക്രോകെഡിറ്റ് മേഖലയില്‍ കാര്യമായ പ്രഭാവം ഉണ്ടാക്കാന്‍ സാധിച്ചിട്ടുണ്ടു്. മത്സ്യത്തൊഴിലാളികള്‍ക്ക് മത്സ്യബന്ധനത്തിനാവശ്യമായ ഉപാധികളും അറിവുകളും എത്തിക്കുന്നതില്‍ മത്സ്യഫെഡ് വിജയിച്ചിട്ടുണ്ടു്. വിവിധ പരിപാടികളിലൂടെ മത്സ്യഫെഡ് കൈവരിച്ച നേട്ടങ്ങള്‍ അനുബന്ധം 2.50 ല്‍ കൊടുത്തിട്ടുണ്ടു്.

പതിനൊന്നാം പഞ്ചവത്സര പദ്ധതിക്കാലത്ത് സമുദ്ര മത്സ്യബന്ധന മേഖല അടിസ്ഥാന സൗകര്യ വികസനത്തിന്റെ കാര്യത്തില്‍ ശ്രദ്ധേയമായ വളര്‍ച്ച കൈവരിച്ചു. ഈ അടിസ്ഥാന സൗകര്യങ്ങള്‍ ശരിയായ രീതിയില്‍ ഉപയോഗിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തി, പോഷകാഹാരത്തിനും, ഭക്ഷ്യസുരക്ഷയ്ക്കും, സാമ്പത്തിക വളര്‍ച്ചക്കും വേണ്ടി മത്സ്യബന്ധന മേഖലയില്‍ സുസ്ഥിരമായ വളര്‍ച്ച ഉറപ്പാക്കുക എന്നതാണ്പന്ത്രണ്ടാം പഞ്ചവത്സര പദ്ധതിയുടെ തന്ത്രം. ഉള്‍നാടന്‍ മത്സ്യസമ്പത്തിന്റെ മാനേജ്മെന്റ്, ഓഫ്ഷോര്‍ സമുദ്ര മത്സ്യ ഉല്പാദനത്തിന്റെ വര്‍ദ്ധന, വിളവെടുത്ത മത്സ്യത്തിന്റെ പൂര്‍ണ്ണമായ വിനിയോഗവും മൂല്യവര്‍ദ്ധനവും എന്നീ കാര്യങ്ങള്‍ക്ക് പ്രത്യേക ഊന്നല്‍ നല്‍കുന്നുണ്ടു്.

പതിമൂന്നാം പഞ്ചവത്സര പദ്ധതിയിലേയ്ക്ക് സംസ്ഥാനം നീങ്ങുമ്പോള്‍, സംസ്ഥാനത്തിന്റെ വികസനത്തിന് ബൃഹത്തായ സംഭാവന നല്‍കാന്‍ കെല്‍പ്പുള്ള മേഖലയെന്ന നിലയ്ക്ക് വളരെ താല്‍പ്പര്യത്തോടെയാണ് മത്സ്യബന്ധന മേഖലയെ ഏവരും കാണുന്നത്. മത്സ്യഉല്പാദനം വര്‍ദ്ധിപ്പിക്കുന്നതിലൂടെ പോഷകാഹാര ഭദ്രത ഉറപ്പ് വരുത്തുക, ഉല്പാദന ഫലങ്ങള്‍ സുസ്ഥിരവും നിഷ്പക്ഷവുമായ രീതിയില്‍ വീതിച്ചു നല്‍കുക വഴി മത്സ്യത്തൊഴിലാളി സമൂഹത്തിനിടയിലുള്ള ദാരിദ്ര്യം കുറയ്ക്കുക എന്നീ ലക്ഷ്യങ്ങള്‍ മേഖല സ്വയം ഏറ്റെടുക്കേണ്ടതാണ്. കാലാവസ്ഥാ വ്യതിയാനവും പരിസ്ഥിതി അധ:പതനവും സൃഷ്ടിക്കുന്ന വെല്ലുവിളികളെ മനസ്സിലാക്കിയാകണം ഇത് കൈവരിക്കേണ്ടത്. ഉള്‍നാടന്‍ ജലസ്രോതസ്സുകളിലെ അക്വാകള്‍ച്ചറിന്റെ വളര്‍ച്ചക്ക് കേരളത്തിന്റെ വിഭവ അടിത്തറ വിപുലമായ സാധ്യതകളാണ് മുന്നോട്ട് വയ്ക്കുന്നത്. എന്നാല്‍ ഭാവി ഉദ്യമങ്ങളില്‍ വിഭവ സംരക്ഷണത്തിനും ഹാനികരമായ മത്സ്യബന്ധന രീതികള്‍ ഇല്ലാതാക്കുന്നതിനും കൂടുതല്‍ ഊന്നല്‍ നല്‍കേണ്ടതാണ്. പര്യാപ്തമായ സാങ്കേതിക വിദ്യയുടെ സഹായത്തോടെയും വ്യാപന പ്രവര്‍ത്തനങ്ങളിലൂടേയും മത്സ്യബന്ധന മേഖലയ്ക്ക് വരും വര്‍ഷങ്ങളില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവെയ്കാന്‍ സാധിക്കും.

top