കേരളത്തിലെ കാര്‍ഷിക മേഖല
കേരളത്തിലെ കാർഷിക മേഖലയ്ക്ക് വളരെയധികം സാധ്യതകൾ ഉണ്ടെങ്കിലും വളർച്ചയുടെ കാര്യത്തിൽ അനേകം വെല്ലുവിളികൾ നേരിടേണ്ടി വരുന്നു. എക്കണോമിക്സ് & സ്റ്റാറ്റിസ്റ്റിക്സ് വകുപ്പിന്റെ വർഷം തോറുമുള്ള കണക്കുകൾ പ്രകാരം കാർഷിക അനുബന്ധ മേഖലകളിലെ വളർച്ചാ നിരക്ക് 2012-13-ൽ (-)3.1 ശതമാനവും, 2013-14 -ൽ (-)3.8 ശതമാനവും, 2014-15 -ൽ 0.75 ശതമാനവും, 2015-16 -ൽ (-)7 ശതമാനവും ആണ്. തുടർന്ന് 2016-17 -ൽ ഈ മേഖലയിൽ 2.5 ശതമാനം വളർച്ച രേഖപ്പെടുത്തിയിരിക്കുന്നു. സംസ്ഥാനത്തിന്റെ മൊത്തം മൂല്യവര്‍ദ്ധനവില്‍ (ജി.എസ്.വി.എ) കാര്‍ഷിക അനുബന്ധ മേഖലയിലെ വിഹിതവും 2012-13 -ല്‍ 13.7 ശതമാനമായിരുന്നത് 2016-17 -ല്‍ 10.5 ശതമാനമായി കുറഞ്ഞു (പട്ടിക. 2.1).
ക്രമ നമ്പര്‍ |
വര്‍ഷം | മൊത്തം മൂല്യവര്‍ദ്ധനവില്‍(ജി.വി.എ) കൃഷി അനുബന്ധമേഖലകളുടെ പങ്ക്(ശതമാനത്തില്‍) (ഇന്ത്യ) | സംസ്ഥാനത്തിന്റെ മൊത്തം മൂല്യവര്‍ദ്ധനവില്‍ (ജി.എസ്.വി.എ) കൃഷി അനുബന്ധമേഖലകളുടെ പങ്ക്(ശതമാനത്തില്‍) (കേരളം) |
1 | 2012-13 | 17.8 | 13.7 |
2 | 2013-14 | 17.7 | 12.36 |
3 | 2014-15 | 16.5 | 11.91 |
4 | 2015-16 | 15.4 | 10.85(P) |
5 | 2016-17 | ലഭ്യമല്ല | 10.58(Q) |
(P) താല്‍ക്കാലികം, (Q) ദ്രുത കണക്കെടുപ്പു്, അവലംബം: നാഷണല്‍ അക്കൌണ്ട്സ് സ്റ്റാറ്റിസ്റ്റിക്സ് 2017, ഡയറക്ടറേറ്റ് ഓഫ് ഇക്കണോമിക്സ് ആന്റ് സ്റ്റാറ്റിസ്റ്റിക്സ്. |
കാലവര്‍ഷം 2017
കേരളത്തിൽ വൈവിധ്യമാർന്ന കൃഷി അനുബന്ധ പ്രവർത്തനങ്ങൾക്ക് അനുയോജ്യമായ വിവിധ സൂക്ഷ്മ പാരിസ്ഥിതിക ഘടകങ്ങൾ നിലനിൽക്കുന്നുവെന്ന പ്രത്യേകതയുണ്ട്. കേരളത്തിന്റെ ഈ ജൈവവൈവിധ്യ സാധ്യതകൾ ജനങ്ങളുടെ വരുമാനമാക്കി മാറ്റേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണ്. കേരളത്തിലെ കാലാവസ്ഥ താഴെ പറയും പ്രകാരം തരംതിരിച്ചിരിക്കുന്നു (പട്ടിക 2.2).
ക്രമ നമ്പര്‍ |
കാലാവസ്ഥ | കാലാവധി |
1 | മഴ സീസണ്‍ എ. കാലവര്‍ഷം (തെക്ക് പടിഞ്ഞാറന്‍ കാല വര്‍ഷം) ബി. തുലാവര്‍ഷം (വടക്ക് കിഴക്കന്‍ കാലവര്‍ഷം) | ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെ ഒക്ടോബര്‍ മുതല്‍ നവംബര്‍ വരെ |
2 | ഡ്രൈ സീസണ്‍ (ശീതകാലം) | ഡിസംബര്‍ മുതല്‍ ഫെബ്രുവരി വരെ |
3 | വേനല്‍ക്കാലം | മാര്‍ച്ച് മുതല്‍ മെയ് വരെ |
തെക്കു-പടിഞ്ഞാറന്‍ കാലവര്‍ഷക്കാലത്ത് (ജൂണ്‍-സെപ്റ്റംബര്‍) “കാലവർഷം 2017” രാജ്യത്താകെ ലഭിച്ച മഴ ദീര്‍ഘസമയ ശരാശരി (എല്‍.പി.എ) യുടെ 95 ശതമാനമായിരുന്നു. ഇത് സാധാരണ നിലയിലാണ്(എല്‍.പി.എ യുടെ 90 -100 ശതമാനം). തെക്കു-പടിഞ്ഞാറന്‍ കാലവര്‍ഷസമയത്ത് തെക്ക് ഉപദ്വീപ് ഒഴിച്ച് ഭൂമിശാസ്ത്രപരമായി വിഭജിക്കപ്പെട്ട രാജ്യത്തെ നാല് മേഖലകളില്‍ മൂന്നിലും ദീര്‍ഘ സമയ ശരാശരിയേക്കാള്‍ കുറവ് മഴയാണ് ലഭിച്ചത്. രാജ്യത്ത് ഈ നാല് മേഖലകളിലും തെക്കു പടിഞ്ഞാറന്‍ കാലവര്‍ഷത്തില്‍ (2017) ലഭിച്ച മഴയുടെ അളവ് പട്ടിക 2.3 -ല്‍ ചേര്‍ക്കുന്നു.
പ്രദേശം | ദീര്‍ഘ സമയ ശരാശരി (എല്‍.പി.എ) (മി.മി) |
ലഭിച്ച മഴ (മി.മി) | ദീര്‍ഘ സമയ ശരാശരിയില്‍ ലഭിച്ച മഴയുടെ ശതമാനം |
ഇന്ത്യ | 887.5 | 841.3 | 95 |
വടക്കു പടിഞ്ഞാറന്‍ ഇന്ത്യ | 615 | 552.9 | 90 |
മധ്യ ഇന്ത്യ | 975.5 | 918.8 | 94 |
വടക്കു കിഴക്കന്‍ ഇന്ത്യ | 1438.3 | 1386.4 | 96 |
തെക്കന്‍ ഉപദ്വീപ് | 716.1 | 717.6 | 100 |
അവലംബം: തെക്ക് പടിഞ്ഞാറന്‍ മണ്‍സൂണ്‍ സീസണ്‍ റിപ്പോര്‍ട്ട് 2017. ഐ.എം.ഡി |
ആകെയുള്ള 36 കാലാവസ്ഥാ ഉപമേഖലകളില്‍ 25 ഉപമേഖലകളില്‍ സ്വാഭാവിക മഴ ലഭിച്ചു (രാജ്യത്തിന്റെ ആകെ വിസ്തൃതിയില്‍ 65 ശതമാനം). അഞ്ച് ഉപമേഖലകളില്‍ (രാജ്യത്തെ ആകെ വിസ്തൃതിയില്‍ 18 ശതമാനം) അളവില്‍ കൂടുതല്‍ മഴ ലഭിച്ചു. ബാക്കി 6 ഉപമേഖലകളില്‍ (രാജ്യത്തിന്റെ ആകെ വിസ്തൃതിയില്‍ 17 ശതമാനം)അളവില്‍ കുറവ് മാത്രമെ മഴ ലഭിച്ചിട്ടുള്ളു. മഴ കുറവ് ലഭിച്ച 6 ഉപമേഖലകളില്‍ നാലും വടക്ക് പടിഞ്ഞാറന്‍ പ്രദേശങ്ങളില്‍ ഉള്ളതാണ് (കിഴക്ക് പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശ്, പഞ്ചാബ് & ഹരിയാന, ചാണ്ഡിഗഡ്, ഡല്‍ഹി). രണ്ട് മേഖലകള്‍ മധ്യ ഇന്ത്യയില്‍ (കിഴക്കന്‍ മധ്യപ്രദേശ്, വിദര്‍ഭ) ഉള്‍പ്പെടുന്നതാണ്. അളവില്‍ കൂടുതല്‍ മഴ ലഭിച്ച അഞ്ച് മേഖലകളില്‍, രണ്ട് മേഖല തെക്ക് ഉപദ്വീപ്(റായല്‍സീമ, തമിഴ്നാട് & പോണ്ടിച്ചേരി), വടക്ക് പടിഞ്ഞാറന്‍ ഇന്ത്യ (വെസ്റ്റ് രാജസ്ഥാന്‍), മധ്യ ഇന്ത്യ (സൌരാഷ്ട്ര, കച്ച്), വടക്ക് കിഴക്ക് ഇന്ത്യ (നാഗാലാന്റ്, മണിപ്പൂര്‍, മിസ്സോറാം, ത്രിപുര)എന്നിവയാണ്.
തെക്ക് പടിഞ്ഞാറന്‍ കാലവര്‍ഷം 2017 മെയ് 14-ന് സാധാരണ കാലവര്‍ഷം എത്തുന്ന മെയ് 20 ന് ആറ് ദിവസം മുന്‍പായി ബംഗാള്‍ ഉള്‍ക്കടലിന്റെ തെക്ക് കിഴക്കന്‍ ഭാഗങ്ങളിലും ആന്റമാന്‍ നിക്കോബാര്‍ ദ്വീപുകളുടെ തെക്ക് ഭാഗങ്ങളിലും എത്തുകയും മെയ് 30-ഓടെ കേരളത്തിലേക്ക് കടക്കുകയും ചെയ്തു. സാധാരണ കാലവര്‍ഷം എത്തുന്ന തീയതിയായ 2017 ജൂലൈ 15 -ന് ശേഷം നാല് ദിവസം കഴിഞ്ഞ് ജൂലൈ 19 ന് തെക്ക് പടിഞ്ഞാറന്‍ കാലവര്‍ഷം രാജ്യത്താകെ വ്യാപിച്ചു.
സെപ്റ്റംബര്‍ 27 ന് (ഏകദേശം മൂന്ന് ആഴ്ചയോളം) വൈകിയാണ് ഇന്ത്യയുടെ വടക്ക് പടിഞ്ഞാറന്‍ ഭാഗങ്ങളില്‍ കാലവര്‍ഷം പിൻവാങ്ങല്‍ ആരംഭിച്ചത്. സെപ്റ്റംബര്‍ 30 ന് ഇന്ത്യയുടെ വടക്ക് പടിഞ്ഞാറുള്ള കുറച്ചധികം ഭാഗങ്ങളില്‍ കാലവര്‍ഷം പിൻവലിഞ്ഞു. ഉത്തര്‍പ്രദേശിന്റെ കിഴക്ക് ഭാഗം ഒഴികെ ഇന്ത്യയുടെ വടക്ക് പടിഞ്ഞാറ് ഭാഗത്തുള്ള ഭൂരിഭാഗം പ്രദേശങ്ങളിലും കാലവര്‍ഷം ഒക്ടോബര്‍ 11 ന് പിൻവലിഞ്ഞു.
തെക്കു പടിഞ്ഞാറന്‍ കാലവര്‍ഷ സമയത്ത് (2017 ജൂണ്‍ 1 മുതല്‍ 2017 സെപ്റ്റംബര്‍ 30) കേരളത്തില്‍ ലഭിച്ച യഥാർത്ഥ മഴ, 1,855.9 മി.മി ആയിരുന്നു. എന്നാല്‍ ഈ കാലയളവില്‍ ലഭിക്കേണ്ട സാധാരണ മഴ 2,039.7 മി.മി ആണ്, സാധാരണ ലഭിക്കുന്ന മഴയില്‍ നിന്നും (-)9 ശതമാനത്തിന്റെ കറവ് കാണിക്കുന്നുണ്ടു്. വയനാട് ജില്ലയൊഴികെയുള്ള മറ്റെല്ലാ ജില്ലകളിലും സ്വാഭാവിക മഴ ലഭിച്ചു. വയനാട് ജില്ലയിലാണ് സ്വാഭാവിക മഴയേക്കാള്‍ ഏറ്റവും കുറവ് മഴ ലഭിച്ചത്. ഈ ജില്ലയില്‍ ലഭിച്ച യഥാര്‍ത്ഥ മഴ സാധാരണയായി തെക്കു പടിഞ്ഞാറന്‍ കാലവര്‍ഷ സമയത്ത് ലഭിക്കുന്ന മഴയേക്കാള്‍ (-)37 ശതമാനം കുറവാണ് (ചിത്രം 2.1).
കേരളത്തില്‍ 2017 ഒക്ടോബര്‍ 1 മുതല്‍ നവംബര്‍ 1 വരെ ലഭിച്ച യഥാര്‍ത്ഥ മഴ 236.3 മി.മി ആണ്. ഇത് സാധാരണ ലഭിക്കുന്ന മഴയായ 301.9 മി.മി യില്‍ നിന്നും (-)22 ശതമാനം കുറവാണ്. ഈ കാലയളവില്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട് എന്നീ 7 ജില്ലകളില്‍ സാധാരണ മഴ ലഭിച്ചു. മറ്റ് ജില്ലകളില്‍ മഴയില്‍ കുറവുണ്ടായി. സാധാരണ ലഭിക്കേണ്ട മഴയില്‍ നിന്നും കൂടുതല്‍ കുറവ് ഉണ്ടായിട്ടുള്ളത് പാലക്കാട് ജില്ലയിലാണ് [(-) 62 ശതമാനം].
കാലവര്‍ഷപൂർവ മഴ കേരളത്തില്‍, 2017
2017 മാര്‍ച്ച് 1 മുതല്‍ 2017 മെയ് 31 വരെ സംസ്ഥാനത്ത് ലഭിച്ച കാലവര്‍ഷപൂർവ മഴ സാധാരണ ലഭിക്കുന്ന മഴയേക്കാള്‍ (-)7 ശതമാനം കുറവായിരുന്നു. ഈ സമയത്ത് 354.3 മി.മി മഴയാണ് കേരളത്തില്‍ ലഭിച്ചത്. സാധാരണ ലഭിക്കുന്ന മഴ 379.9 മി.മി ആണ്. കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ അധികമഴ ലഭിച്ചിരുന്നു. നാല് ജില്ലകളില്‍ (തൃശൂര്‍, മലപ്പുറം, കണ്ണൂര്‍, കാസര്‍ഗോഡ്) കുറവ് മഴയാണ് ലഭിച്ചത്. 8 ജില്ലകളില്‍ സാധാരണ മഴ ലഭിച്ചു. സാധാരണ ലഭിക്കുന്ന മഴയില്‍ നിന്നും ഏറ്റവും കുറവ് മഴ ലഭിച്ചത് കാസര്‍ഗോഡ് ജില്ലയിലാണ് (-)68 ശതമാനം. (ചിത്രം 2.2, അനുബന്ധം 2.1 )
വടക്കു കിഴക്കന്‍ കാലവര്‍ഷം കേരളത്തില്‍, 2017
വടക്കു കിഴക്കന്‍ കാലവര്‍ഷം (2017 ഒക്ടോബര്‍ 1 മുതല്‍ 2017 ഡിസംബര്‍ 31 വരെ) സാധാരണ ലഭിക്കുന്ന മഴയേക്കാള്‍ (-)8 ശതമാനം കുറവായിരുന്നു. ഈ സമയത്ത് 441.8 മി.മീ മഴയാണ് കേരളത്തില്‍ ലഭിച്ചത്. ഈ കാലയളവില്‍ സാധാരണ ലഭിക്കുന്ന മഴ 480.7 മി.മീ ആണ്. 3 ജില്ലകളില്‍ (തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട) അധികമഴ ലഭിച്ചു. 4 ജില്ലകളില്‍ (ആലപ്പുഴ, എറണാകുളം, ഇടുക്കി, കോട്ടയം) സാധാരണ മഴ ലഭിച്ചു. മറ്റ് ജില്ലകളില്‍ കുറവ് മഴയാണ് ലഭിച്ചിട്ടുള്ളത്. സാധാരണ ലഭിക്കുന്ന മഴയില്‍ നിന്നും ഏറ്റവും കുറവ് മഴ ലഭിച്ചത് പാലക്കാട് ജില്ലയിലാണ് [(-) 59 ശതമാനം].
ഭൂവിനിയോഗക്രമം
സംസ്ഥാനത്തെ മൊത്തം വിള വിസ്തൃതി തുടര്‍ച്ചയായി കുറഞ്ഞ് 2000 -ത്തിലെ 30 ലക്ഷം ഹെക്ടറില്‍ നിന്നും 2016-17 -ല്‍ 25.84 ലക്ഷം ഹെക്ടറായിട്ടുണ്ടു്. യഥാര്‍ത്ഥത്തില്‍ കൃഷി ചെയ്തിട്ടുള്ള സ്ഥലത്തിന്റെ വിസ്തൃതിയില്‍ (8.64 ശതമാനം) ഉണ്ടായിട്ടുള്ളത്. ഒന്നില്‍ കൂടുതല്‍ തവണ കൃഷി ഇറക്കുന്ന സ്ഥലത്തിന്റെ വിസ്തൃതിയില്‍ 30.29 ശതമാനത്തിന്റെ കുറവ് ഉണ്ടായിട്ടുണ്ടു്. ഇപ്പോള്‍ തരിശായി കിടക്കുന്ന ഭൂമിയില്‍ 7.5 ശതമാനത്തിന്റെ കുറവും, “ഇപ്പോള്‍ ഉള്ള തരിശുഭൂമിയില്‍ ഉള്‍പ്പെടാത്ത തരിശു ഭൂമി” യിലും “കൃഷി യോഗ്യമായ തരിശു ഭൂമി”യിലും യഥാക്രമം 63.38 ശതമാനത്തിന്റേയും 71 ശതമാനത്തിന്റെയും വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ടു്. കൃഷിക്ക് അനുയോജ്യമായ ഭൂമി പലവിധ കാരണങ്ങള്‍ കൊണ്ടും ജനങ്ങള്‍ കൃഷി ചെയ്യാതെ തരിശാക്കിയിടുന്ന പ്രവണത കൂടി വരുന്നതായും ഇതില്‍ നിന്ന് കാണാന്‍ കഴിയുന്നു.
കേരളത്തിന്റെ ഭൂവിനിയോഗം സംബന്ധിച്ച കണക്കുകള്‍ പ്രകാരം 2016-17 ല്‍ സംസ്ഥാനത്തെ മൊത്തം ഭൂവിസ്തൃതിയായ 38.86 ലക്ഷം ഹെക്ടറില്‍ മൊത്തം വിള വിസ്തൃതി 25.84 ലക്ഷം ഹെക്ടറും (66 ശതമാനം) വനഭൂമി (28 ശതമാനം) കാര്‍ഷികേതര ആവശ്യങ്ങള്‍ക്കുപയോഗിക്കുന്ന ഭൂമി 11 ശതമാനവുമാണ്. കൃഷിക്ക് അനുയോജ്യമായ പാഴ്ഭൂമിയും തരിശുഭൂമിയും 3 ശതമാനം വീതമാണ്. മൊത്തം വിള വിസ്തൃതിയില്‍ വര്‍ഷം തോറും 2 ശതമാനം കുറവ് വരുന്നുണ്ടു്. ഇതിനുള്ള പ്രധാന കാരണങ്ങള്‍ ഒന്നില്‍ കൂടുതല്‍ തവണ കൃഷി ചെയ്യുന്ന സ്ഥലത്തിന്റെ വിസ്തൃതിയിലുള്ള കുറവ്, ഉല്പാദനോപാധികളുടെ ഉയര്‍ന്ന വില, ഉയര്‍ന്ന കൂലിചെലവ്, നാണ്യവിളകളിലേയ്ക്കുള്ള ചുവടുമാറ്റം എന്നിവയാണ് (അനുബന്ധം 2.2 , 2.3 ).
വിളക്രമം
കേരളത്തിന്റെ വിളക്രമത്തില്‍ നാണ്യവിളകള്‍ക്കാണ് മുന്തിയ സ്ഥാനം. ആകെ കൃഷി വിസ്തൃതിയുടെ 62.46 ശതമാനം പ്രദേശത്ത് നാണ്യവിളകളാണ്. എന്നാല്‍ ഭക്ഷ്യവിളകളായ നെല്ല്, കപ്പ, പയറുവര്‍ഗ്ഗങ്ങള്‍ എന്നിവ ആകെ കൃഷി വിസ്തൃതിയുടെ 9.35 ശതമാനം പ്രദേശത്ത് മാത്രമാണ് ഉള്ളത്. നാണ്യവിളകളില്‍ ഏറ്റവും കൂടുതല്‍ കൃഷി വിസ്തൃതി തെങ്ങിനാണ് (30 ശതമാനം) തുടര്‍ന്ന് റബ്ബര്‍ (21.3 ശതമാനം) കുരുമുളക് (3.3 ശതമാനം) കാപ്പി (3.28 ശതമാനം). നെല്‍കൃഷി വിസ്തൃതി 6.6 ശതമാനത്തോടെ മൂന്നാം സ്ഥാനത്താണ്. ഭക്ഷ്യവിളകളുടെ കൃഷി വിസ്തൃതിയില്‍ വര്‍ഷംതോറും കുത്തനെ കുറവ് ഉണ്ടായിട്ടുണ്ടു്. നെല്‍കൃഷി വിസ്തൃതി 1.96 ലക്ഷം ഹെക്ടറില്‍ നിന്നും 1.71 ലക്ഷം ഹെക്ടറായി കുറഞ്ഞിട്ടുണ്ടു്. പയര്‍ വര്‍ഗ്ഗങ്ങളുടെ കൃഷി വിസ്തൃതി പകുതിയോളം കുറഞ്ഞു. കപ്പയുടെ കൃഷി വിസ്തൃതി 1000 ഹെക്ടറിനോടടുത്ത് കുറഞ്ഞിട്ടുണ്ടു് (അനുബന്ധം 2.4 ).
നെല്ല്
കേരളത്തിന്റെ മുഖ്യ ഭക്ഷ്യവിളയാണ് നെല്ല്. സംസ്ഥാനത്തെ കൃഷി വിസ്തൃതിയുടെ 6.6 ശതമാനവും നെല്‍കൃഷിയാണ്. നിര്‍ഭാഗ്യവശാല്‍, 1980 മുതല്‍ നെല്‍കൃഷി ചെയ്യുന്ന സ്ഥലത്തിന്റെ വിസ്തൃതി സ്ഥിരമായി കുറഞ്ഞുകൊണ്ടിരിക്കുകയാണ്. 1980 ല്‍ 8 ലക്ഷം ഹെക്ടറായിരുന്ന നെല്‍ വയലുകളുടെ വിസ്തീര്‍ണ്ണം 2015-16 ആയപ്പോള്‍ 1.96 ലക്ഷം ഹെക്ടറായി ചുരുങ്ങുകയും 2016-17 ല്‍ വീണ്ടും കുറഞ്ഞ് 1.71 ലക്ഷം ഹെക്ടറായി. 1980-ല്‍ 12.9 ലക്ഷം മെട്രിക് ടണ്ണായിരുന്ന നെല്‍ ഉല്പാദനം 2015-16 ആയപ്പോള്‍ 5.49 ലക്ഷം മെട്രിക് ടണ്ണായും 2016-17 ല്‍ 4.37 ലക്ഷം മെട്രിക് ടണ്ണായും കുറഞ്ഞു. സീസണ്‍ അടിസ്ഥാനത്തിലുള്ള കണക്കനുസരിച്ച് വിരിപ്പ് സീസണിലുള്ള ഉല്പാദനത്തില്‍ കാര്യമായ കുറവ് വന്നിട്ടില്ല. എന്നാല്‍ മുണ്ടകന്‍, പുഞ്ച സീസണിലെ ഉല്പാദനം കാര്യമായി കുറഞ്ഞിട്ടുണ്ടു് (അനുബന്ധം 2.5 , 2.6 ).
നെല്‍കൃഷിയുടെ ജില്ലതിരിച്ചുള്ള കണക്കനുസരിച്ച് ആലപ്പുഴ, കോട്ടയം, പത്തനംതിട്ട ജില്ലകള്‍ ഒഴികെയുള്ള എല്ലാ ജില്ലകളിലും നെല്‍കൃഷി വിസ്തൃതി കുറഞ്ഞിട്ടുണ്ടു്. ഈ കുറവ് ഏറ്റവും കൂടുതല്‍ പാലക്കാട് ജില്ലയിലാണ്. തുടര്‍ന്ന് തൃശൂര്‍, മലപ്പുറം, വയനാട്, കോഴിക്കോട് ജില്ലകളിലാണ്. പ്രധാന നെല്ലുല്പാദന ജില്ലകളായ പാലക്കാട്, ആലപ്പുഴ, തൃശൂര്‍, കോട്ടയം ജില്ലകളിലെ നെല്ലുല്പാദനത്തിന്റെ കണക്കുകള്‍ പ്രകാരം ആലപ്പുഴ ജില്ലയിലെ നെല്ലുല്പാദനം വര്‍ദ്ധിക്കുകയും കോട്ടയം ജില്ലയിലെ നെല്ലുല്പാദനത്തില്‍ നേരിയ കുറവും വന്നിട്ടുണ്ടു്. എന്നാല്‍ തൃശൂര്‍, പാലക്കാട് ജില്ലകളില്‍ നെല്ലുല്പാദനത്തില്‍ വലിയ കുറവ് വന്നിട്ടുള്ളതുമൂലം മൊത്തം ഉല്പാദനത്തില്‍ കുറവ് ഉണ്ടായി (അനുബന്ധം 2.7 , 2.8 ).
2016-17 -ല്‍ നെല്‍കൃഷിയുടെ വിസ്തൃതിയിലും നെല്ലുല്പാദനത്തിലും ഉല്പാദനക്ഷമതയിലും കാര്യമായ കുറവ് വന്നിട്ടുള്ളതിന്റെ പ്രധാന കാരണം സംസ്ഥാനത്ത് അനുഭവപ്പെട്ട കടുത്ത വരള്‍ച്ചയാണ്. കണക്കുകള്‍ പ്രകാരം സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 36,927.62 ഹെക്ടര്‍ വിളനാശം സംഭവിച്ചത് ഉള്‍പ്പെടെ മൊത്തം 50,917.62 ഹെക്ടര്‍ നെല്‍കൃഷിയെ വരള്‍ച്ച ബാധിച്ചിട്ടുണ്ടു്.
പതിമൂന്നാം പദ്ധതിയില്‍ നെല്ലുല്പാദനം വര്‍ദ്ധിപ്പിക്കുന്നതിനുള്ള കൂടുതല്‍ ഇടപെടലുകള്‍ നടത്തുന്നതിനായി പദ്ധതി അടിസ്ഥാനത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഊന്നല്‍ നല്‍കി കൊണ്ടുള്ള പ്രത്യേക കാര്‍ഷിക മേഖലകള്‍, തരിശുനിലങ്ങള്‍, പാഴ്നിലങ്ങള്‍ എന്നിവിടങ്ങളിലെ കൃഷിക്കായി സഹായം, ഉയര്‍ന്ന ഉല്പാദനക്ഷമതയുള്ള വിത്തിനങ്ങളുടെയും പ്രത്യേക വിത്തിനങ്ങളുടെയും പ്രോത്സാഹനം, കൃഷി സ്ഥലത്ത് വച്ചുതന്നെയുള്ള സംസ്ക്കരണം, ബ്രാന്റിംഗ് ഉള്‍പ്പെടെയുള്ള മൂല്യവര്‍ദ്ധനവ്, വിപണനം എന്നിവയ്ക്ക് പ്രോത്സാഹനം നല്‍കല്‍ എന്നീ ഘടകങ്ങള്‍ ആരംഭിച്ചിട്ടുണ്ടു്.
നാളികേരം
കൃഷി വിസ്തൃതി എടുത്താല്‍ 7.81 ലക്ഷം ഹെക്ടറില്‍ കൃഷി ചെയ്യുന്ന സംസ്ഥാനത്തെ പ്രധാന വിളയാണ് നാളികേരം. സംസ്ഥാനത്തെ മൊത്തം കൃഷി വിസ്തൃതിയുടെ (ജി.സി.എ) ഏറ്റവും കൂടുതല്‍ ഭാഗം തെങ്ങ് കൃഷിക്കായി ഉപയോഗിക്കുന്നു. തുടര്‍ന്ന് റബ്ബര്‍, നെല്ല് എന്നീ വിളകളാണ്. രാജ്യത്ത് തെങ്ങ് കൃഷിയുടെ വിസ്തൃതിയില്‍ ഒന്നാമത് കേരളമാണെങ്കിലും ഉല്പാദനത്തില്‍ മൂന്നാം സ്ഥാനം മാത്രമാണ് കേരളത്തിനുള്ളത്. ഇത് സൂചിപ്പിക്കുന്നത് സംസ്ഥാനത്ത് ഈ വിളയുടെ ഉല്പാദനക്ഷമതയിലുള്ള കുറവാണ്. ഒരു ഹെക്ടറില്‍ നിന്നും 6,883 തേങ്ങയാണ് കേരളത്തില്‍ ഉല്പാദിപ്പിക്കുന്നതെങ്കില്‍ തമിഴ്നാട്ടിലും ആന്ധ്രാപ്രദേശിലും ഇത് യഥാക്രമം ഹെക്ടറിന് 14,873 തേങ്ങയും 13,808 തേങ്ങയുമാണ്. രാജ്യത്ത് നാളികേര ഉല്പാദനത്തിലും കൃഷി വിസ്തൃതിയിലും കേരളത്തിന്റെ വിഹിതം വര്‍ഷം തോറും കുറഞ്ഞു വരുന്നു. 1960-61 ല്‍ രാജ്യത്തെ നാളികേര കൃഷി വിസ്തൃതിയുടെ 69.58 ശതമാനവും ഉല്പാദനത്തിന്റെ 69.52 ശതമാനവും കേരളത്തിലായിരുന്നുവെങ്കില്‍ 2011-12 -ല്‍ ഈ വിഹിതങ്ങള്‍ യഥാക്രമം 40.2 ശതമാനവും 42.12 ശതമാനവുമായി കുറഞ്ഞു. എന്നാല്‍ സംസ്ഥാനത്ത് തെങ്ങ് കൃഷിയുടെ വിസ്തൃതിയും തേങ്ങയുടെ ഉല്പാദനവും കൂടി വരികയാണ്. 1980-81 -ല്‍ 29.88 ശതമാനമായിരുന്ന നാളികേര കൃഷിയിടത്തിന്റെ വിസ്തൃതി 2000-01 -ല്‍ 41.96 ശതമാനമായി ഉയര്‍ന്നു. അടുത്ത ദശാബ്ദത്തില്‍ ഇത് 37.19 ശതമാനമായി കുറഞ്ഞുവെങ്കിലും 2011-12 -ല്‍ ഇത് 40.24 ശതമാനമായി. നെല്‍ വയലുകളുടെ ഒരു ഭാഗം വീണ്ടെടുത്ത് തെങ്ങ് കൃഷി ചെയ്യുന്നതാണ് വിസ്തൃതി വര്‍ദ്ധിക്കുന്നതിനുള്ള കാരണം. ഉല്പാദനത്തിലും ഈ കാലയളവില്‍ വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ടു്. 1960-61 ല്‍ 3,220 മില്ല്യണ്‍ തേങ്ങയായിരുന്നു ഉല്പാദനമെങ്കില്‍ 2000-01-ല്‍ ഇത് 5,536 മില്ല്യണ്‍ തേങ്ങയായി ഉയര്‍ന്നു. അടുത്ത ദശാബ്ദത്തില്‍ ഉല്പാദനത്തില്‍ വലിയ വ്യത്യാസമില്ലാതെ തുടര്‍ന്നു. സംസ്ഥാനത്ത് തെങ്ങിന്റെ ഉല്പാദനക്ഷമത വളരെ കുറവാണ്. ഉല്പാദനവര്‍ദ്ധനവിന് കാരണം വിസ്തൃതിയിലുണ്ടായ വര്‍ദ്ധനവാണ്. 2016-17-ല്‍ നാളികേര ഉല്പാദനത്തില്‍ നേരിയ കുറവ് ഉണ്ടായിട്ടുണ്ട്. 2015-16 ലെ 5,873 മില്ല്യണ്‍ തേങ്ങയില്‍ നിന്നും 2016-17 -ല്‍ 5,379 മില്ല്യണ്‍ തേങ്ങയായി കുറഞ്ഞു. കേരളത്തില്‍ തെങ്ങ് കൃഷിയുടെ വിസ്തൃതി, ഉല്പാദനം, ഉല്പാദനക്ഷമത എന്നിവ അനുബന്ധം 2.9 -ല്‍ കൊടുത്തിരിക്കുന്നു.
കാറ്റുവീഴ്ച, പരിപാലനത്തിലെ അപര്യാപ്തത, പ്രായം ചെന്നതും ഉല്പാദനശേഷിയില്ലാ ത്തതുമായ തെങ്ങുകള്‍ എന്നിവയാണ് ഉല്പാദനക്ഷമത കുറയുവാനുള്ള പ്രധാന കാരണങ്ങള്‍. ആയതിനാല്‍ ഉല്പാദനക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനായി രോഗം ബാധിച്ചതും പ്രായം ചെന്നതുമായ തെങ്ങുകള്‍ വെട്ടിമാറ്റി പുതിയ തൈകള്‍ നടേണ്ടതും നേഴ്സറികളില്‍ ഗുണനിലവാരമുള്ള തൈകള്‍ ഉല്പാദിപ്പിച്ച് വിതരണം ചെയ്യേണ്ടതുമാണ്. കൂടുതല്‍ ഫലപ്രദമാക്കുന്നതിനായി ക്ലസ്റ്റര്‍ വികസന പരിപാടി പുനഃസംഘടിപ്പിക്കേണ്ടതും ആവശ്യമാണ്. കൃഷി വകുപ്പും സഹകരണ വകുപ്പും പഞ്ചായത്ത് തലത്തിലുള്ള നാളികേര വികസന പരിപാടികള്‍ സംയോജിത സമീപനത്തോടെ പുനസംഘടിപ്പിക്കുന്നതിനായി 2014-15-ൽ നടത്തിയിട്ടുള്ള ശ്രമങ്ങളും നാളികേര വില വര്‍ദ്ധനവും സംസ്ഥാനത്തെ നാളികേര ഉല്പാദന മേഖലയ്ക്ക് ഒരു പുത്തന്‍ ഉണർവ്വ് ഉണ്ടാകുമെന്നും പ്രതീക്ഷിക്കുന്നു. ഉയരം കുറഞ്ഞ ഇനങ്ങളും സങ്കര ഇനങ്ങളും ഉല്പാദിപ്പിക്കാന്‍ നടത്തുന്ന ശ്രമങ്ങളും ഗവേഷണ വികസന സ്ഥാപനങ്ങളുടെ പിന്തുണയോടെ കൂടുതല്‍ വ്യാപിപ്പിക്കണം. മൂല്യവര്‍ധിത ഉല്പന്നങ്ങളായ ഉണക്കിയ തേങ്ങ, പാനീയങ്ങള്‍, ചിരട്ട കൊണ്ടുള്ള ഉല്പന്നങ്ങള്‍, കോക്കനട്ട് ക്രീം, നീര മുതലായവ ഉല്പാദിപ്പിക്കുന്ന വ്യവസായ സംരംഭങ്ങള്‍ക്ക് വായ്പാലഭ്യതയും വിപണന സൗകര്യവും ഏര്‍പ്പാടാക്കണം. കേരഫെഡുമായി ചേര്‍ന്ന് കൃഷിഭവനുകള്‍ വഴി നാളികേരം സംഭരിക്കുന്ന പദ്ധതിക്ക് 2012-13 –ല്‍ തുടക്കം കുറിച്ചു. മൂല്യവര്‍ദ്ധനവിനും നീരയുടെ പ്രോത്സാഹനത്തിനും ഗവണ്‍മെന്റ് കൈക്കൊണ്ട നടപടി സംസ്ഥാനത്തിന്റെ സമ്പദ് വ്യവസ്ഥയുടെ പുനരുജ്ജീവനത്തെ സഹായിക്കുമെന്നാണ് പ്രതീക്ഷ. സംസ്ഥാന ഗവണ്‍മെന്റ് 2017 ചിങ്ങം 1 മുതല്‍ 2018 ചിങ്ങം 1 വരെയുള്ള കാലയളവ് കേരവര്‍ഷമായി പ്രഖ്യാപിച്ചിട്ടുണ്ടു്. ഇതിന്റെ ഭാഗമായി തെങ്ങ് കൃഷി പ്രോത്സാഹിപ്പിക്കുന്നതിനും മൂല്യവര്‍ദ്ധനവിനുള്ള വിവിധ പരിപാടികള്‍ ആവിഷ്ക്കരിക്കുന്നതിനും ഉദ്ദേശിച്ചിട്ടുണ്ട്. ഉയര്‍ന്ന ഉല്പാദനക്ഷമതയുള്ള ഇനം തൈകളും കുറിയ ഇനം തൈകളും ഉല്പാദിപ്പിക്കുന്നതിനായി നഴ്സറികള്‍ സ്ഥാപിക്കുന്നതാണ്. തെങ്ങ് കൃഷിക്കായി പ്രത്യേക കാര്‍ഷിക മേഖലയും പ്രോസ്സസ്സിംഗ് യൂണിറ്റുകളും സ്ഥാപിച്ച് രോഗനിയന്ത്രണ മുന്‍കരുതലുകള്‍ സ്വീകരിക്കുന്നതാണ്.
കുരുമുളക്
വിയറ്റ്നാമിനും ഇന്തോനേഷ്യക്കും ശേഷം കുരുമുളക് ഉല്പാദനത്തില്‍ ലോകത്തില്‍ മൂന്നാം സ്ഥാനം ഇന്ത്യക്കാണ്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി രാജ്യത്തെ കുരുമുളക് ഉല്പാദനം 50,000 ടണ്‍ എന്ന അളവില്‍ നിശ്ചലമായിരിക്കുന്നതിനാല്‍ പ്രമുഖ ഉല്പാദക രാഷ്ട്രം, കയറ്റുമതി രാഷ്ട്രം എന്ന പദവി വളരെ പെട്ടെന്ന് നഷ്ടപ്പെടുന്ന അവസ്ഥയുണ്ടു്. കഴിഞ്ഞ ദശാബ്ദത്തില്‍ കര്‍ണ്ണാടകത്തിലേയും തമിഴ്നാട്ടിലേയും കേരളത്തിലെ പശ്ചിമഘട്ട മലഞ്ചെരുവുകളിലേയും കുരുമുളക് കൃഷി സ്ഥലത്തിന്റെ വിസ്തൃതി കുത്തനെ കുറഞ്ഞത് ഉല്പാദനത്തേയും കയറ്റുമതിയേയും പ്രതികൂലമായി ബാധിച്ചിട്ടുണ്ടു്. 2016-17 -ല്‍ കുരുമുളക് ഉല്പാദനം 55,500 ടണ്ണായി വര്‍ദ്ധിച്ചിട്ടുണ്ടു്. മുൻവര്‍ഷം ഇത് 48,500 ടണ്ണായിരുന്നു. എന്നാല്‍ രാജ്യത്തെ മൊത്തം ഉല്പാദനത്തിന്റെ 75 ശതമാനം നല്‍കുന്ന കേരളത്തില്‍ കുരുമുളക് ഉല്പാദനം 42,000 ടണ്ണില്‍ നിന്നും 2016-17 -ല്‍ 34,000 ടണ്ണായി കുറഞ്ഞിട്ടുണ്ടു്.
2010 മുതല്‍ കുരുമുളകിന്റെ വില വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. എന്നാല്‍ 2015 ല്‍ മുൻവര്‍ഷത്തെ വിലയേക്കാള്‍ കിലോഗ്രാമിന് 16.48 രൂപ കുറഞ്ഞ് 646.79 രൂപയായി. 2016 വര്‍ഷത്തെ ആദ്യ 6 മാസ ശരാശരി വില ചൂണ്ടിക്കാട്ടുന്നത് ഉല്പാദനത്തിലും ആഗോള വിതരണത്തിലും കുരുമുളക് ഇന്ത്യയിലെ മുന്തിയ വിളയായിട്ടും അതിന്റെ ഉയര്‍ന്ന വില തുടരുന്നതായിട്ടാണ്. 2016 ജനുവരി മുതല്‍ ജൂണ്‍ വരെയുള്ള മാസങ്ങളില്‍ കിലോഗ്രാമിന് 669.29 രൂപയായിരുന്നു. 2015 ജൂണില്‍ അത് കിലോഗ്രാമിന് 619.76 രൂപയായിരുന്നു, കിലോഗ്രാമിന് 49.53 രൂപയുടെ വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ടു്.
ഉല്പാദനക്ഷമതയുടെ കുറവും വിവിധ രോഗബാധകളുമാണ് സംസ്ഥാനത്തെ കുരുമുളക് ഉല്പാദനത്തെ ബാധിക്കുന്ന പ്രധാന പ്രശ്നങ്ങള്‍. സംസ്ഥാനത്തെ സുഗന്ധവ്യജ്ഞന കൃഷിയുടെ പുനരുജ്ജീവനത്തിനായി 2014-15 -ല്‍ കൃഷി വകുപ്പു് സമഗ്ര കുരുമുളക് വികസനപരിപാടിക്ക് എല്ലാ ജില്ലയിലും തുടക്കം കുറിച്ചിരുന്നു. സംസ്ഥാനത്തെ കുരുമുളകു് കൃഷിയുടെ പുനരുദ്ധാരണത്തിന് നടീല്‍ വസ്തുക്കളുടെ ഉല്പാദനം, സാദ്ധ്യമായ സ്ഥലങ്ങളില്‍ ഗ്രാഫ്റ്റിങ്ങ് വിപുലീകരണം, രോഗപരിചരണം, പോഷകപരിചരണം, കുരുമുളക് സമിതികളുടെ പുനരുദ്ധാരണം എന്നിവ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള സമഗ്ര പദ്ധതി തയ്യാറാക്കിയിട്ടുണ്ടു്. കേരള ഗവണ്‍മെന്റിന്റെ ഇത്തരത്തിലുള്ള യോജിച്ചുള്ള പ്രവര്‍ത്തനഫലമാണ് കുരുമുളക് ഉല്പാദനം വര്‍ദ്ധിക്കുവാന്‍ കാരണം.
കശുവണ്ടി
ലോകത്തിലെ ഏറ്റവും കൂടുതല്‍ അസംസ്കൃത കശുവണ്ടി ഉല്പാദിപ്പിക്കുന്ന രാജ്യമായി ഇന്ത്യ തുടര്‍ന്നു വരുന്നു. വിയറ്റ്നാം, ബ്രസീല്‍, ടാന്‍സാനിയ, ഐവറി കോസ്റ്റ് എന്നിവയാണ് കശുവണ്ടി ഉല്പാദിപ്പിക്കുന്ന മറ്റു പ്രധാന രാജ്യങ്ങള്‍. ഇന്ത്യയിലെ അസംസ്കൃത കശുവണ്ടി ഉല്പാദനം 2015-16 -ലെ 670,000 മെട്രിക് ടണ്ണില്‍ നിന്ന് 2016-17 –ല്‍ 779,350 മെട്രിക് ടണ്ണായി വര്‍ദ്ധിച്ചിട്ടുണ്ടു്. ഈ വര്‍ഷങ്ങളില്‍ ഇന്ത്യയില്‍ കശുമാവ് കൃഷി ചെയ്യുന്ന പ്രദേശത്തിന്റെ വിസ്തീര്‍ണ്ണം യഥാക്രമം 10.34 ലക്ഷം ഹെക്ടറില്‍ നിന്ന് 20.34 ലക്ഷം ഹെക്ടര്‍ ആയി വര്‍ദ്ധിച്ചു.
ഇതിന് വിപരീതമായി, എക്കണോമിക്സ് & സ്റ്റാറ്റിസ്റ്റിക്സ് വകുപ്പിന്റെ കണക്കുകള്‍ പ്രകാരം കേരളത്തില്‍ കഴിഞ്ഞ ഒരു ദശകമായി കശുവണ്ടി കൃഷി ചെയ്യുന്ന ഭൂമിയുടെ വിസ്തീര്‍ണ്ണവും കശുവണ്ടിയുടെ ഉല്പാദനവും തുടര്‍ച്ചയായും ഗണ്യമായും കുറഞ്ഞു വരുന്നതായി കാണുന്നു. 2004-05 ല്‍ 60,000 മെട്രിക് ടണ്‍ ഉല്പാദിപ്പിച്ചിരുന്ന സ്ഥാനത്ത് 2013-14 ല്‍ 33,300 മെട്രിക് ടണ്ണും 2015-16 ല്‍ 24,730 മെട്രിക് ടണ്ണുമാണ് ഉല്പാദനം എന്നതു് ആശങ്കാജനകമാണ്. കൂടാതെ, ഈ കാലയളവില്‍ കശുമാവ് കൃഷി ചെയ്യുന്ന പ്രദേശത്തിന്റെ വിസ്തീര്‍ണ്ണം 81,000 ഹെക്ടറില്‍ നിന്ന് 49,000 ഹെക്ടറായും പിന്നീട് 43,000 ഹെക്ടറായും കുറഞ്ഞു. എന്നാല്‍ കൃഷി വിസ്തൃതിയില്‍ കുറവ് വന്നെങ്കിലും ഉല്പാദനക്ഷമതയിലുണ്ടായ വര്‍ദ്ധനവ് മൂലം 2016-17 -ല്‍ 3,211 ടണ്ണിന്റെ വര്‍ദ്ധനവ് ഉല്പാദനത്തില്‍ ഉണ്ടായിട്ടുണ്ടു്. ഇതോടൊപ്പം, കശുവണ്ടിയുടെ ഉല്പാദനക്ഷമത എണ്‍പതുകളുടെ അവസാനം ഹെക്ടറിന് 900 കി. ഗ്രാം ആയിരുന്നത് 2014-15 -ല്‍ ഹെക്ടറിന് 654 കി. ഗ്രാമായി കുറഞ്ഞു. വിശദവിവരങ്ങള്‍ അനുബന്ധം 2.10 -ല്‍ കൊടുത്തിരിക്കുന്നു.
കശുവണ്ടി ഉല്പാദിപ്പിക്കുന്ന മറ്റു സംസ്ഥാനങ്ങളില്‍ കൃഷി സ്ഥലത്തിന്റെ വിസ്തൃതിയും ഉല്പാദനവും ക്രമേണ വര്‍ദ്ധിച്ചു വരുന്നു. കശുവണ്ടി കൃഷി വിസ്തൃതിയില്‍ ആന്ധ്രാപ്രദേശാണ് മുന്‍പന്തിയിലെങ്കിലും (18.3 ശതമാനം), ഉല്പാദനത്തിന്റെ കാര്യത്തില്‍ മഹാരാഷ്ട്രയാണ് മുന്‍പില്‍. ഉല്പാദനത്തില്‍ മുന്‍പന്തിയിലുള്ള മഹാരാഷ്ട്രയുടെ വിഹിതം 2013-14 –ല്‍ 32.9 ശതമാനമാണ്. 1990-91 -ല്‍ മഹാരാഷ്ട്രയുടെ വിഹിതം 10 ശതമാനം മാത്രമായിരുന്നു.
തോട്ട വിളകള്‍
തോട്ടവിളകള്‍ പൊതുവെ കയറ്റുമതി ലക്ഷ്യമാക്കിയുള്ളതോ ഇറക്കുമതി ചെയ്യുന്നവയ്ക്ക് പകരം വെയ്ക്കാനുള്ളതോ ആകയാല്‍ ദേശീയ കാഴ്ചപ്പാടില്‍ ഇത്തരത്തിലുള്ള വിളകള്‍ക്ക് പ്രത്യേക പ്രാധാന്യമുണ്ട്. ഏകദേശം 14 ലക്ഷം കുടുംബങ്ങള്‍ ഉപജീവനമാര്‍ഗ്ഗമായി തോട്ടവിളയെ ആശ്രയിച്ചു ജീവിക്കുന്നുണ്ടെന്നാണു കണക്കാക്കപ്പെടുന്നത്. തെക്കേ ഇന്ത്യയിലെ നാലു തോട്ടവിളകള്‍ക്ക് ഓരോന്നിനും വ്യത്യസ്തമായ സവിശേഷതകളും സാമ്പത്തിക പ്രശ്നങ്ങളുമുണ്ട്. ഇറക്കുമതിയുടെ അളവിലുള്ള നിയന്ത്രണങ്ങള്‍ എടുത്തുകളഞ്ഞതുകാരണം തോട്ടവിളകള്‍ പൊതുവേ ഗുണനിലവാരം കുറഞ്ഞവ ഇറക്കുമതി ചെയ്യുന്ന ഭീഷണിയും നേരിടുന്നുണ്ട്.
റബ്ബര്‍, തേയില, കാപ്പി, ഏലം എന്നീ നാലു തോട്ടവിളകളുടെ കൃഷിയിലും കേരളത്തിനു ഗണ്യമായ ഒരു പങ്കുണ്ടു്. കേരളത്തിന്റെ യഥാര്‍ത്ഥ കൃഷി ഭൂമിയുടെ 27.29 ശതമാനമായ 7.04 ലക്ഷം ഹെക്ടറിലായി ഈ നാലു വിളകളും കൃഷി ചെയ്യുന്നു. വിശദ വിവരങ്ങള്‍ അനുബന്ധം 2.11 -ല്‍ കാണുക.
റബര്‍
ഇന്ത്യയിലെ പ്രകൃതിദത്ത റബറിന്റെ ഉല്പാദനം 2015-16 ല്‍ 83,000 ടണ്‍ കുറഞ്ഞ് 5.62 ലക്ഷം ടണ്ണായിട്ടുണ്ടു്. എന്നാല്‍ കേരളത്തിലെ റബ്ബറിന്റെ മൊത്തം ഉല്പാദനം 2015-16 ലെ 4.38 ലക്ഷം മെട്രിക് ടണ്ണില്‍ നിന്നും 2016-17 ല്‍ 5.4 ലക്ഷം മെട്രിക് ടണ്ണായി വര്‍ദ്ധിച്ചിട്ടുണ്ടു്. വിശദാംശങ്ങള്‍ അനുബന്ധം 2.12 മുതല്‍ അനുബന്ധം 2.13, അനുബന്ധം 2.14 വരെ
2011 ല്‍ പ്രകൃതിദത്ത റബ്ബറിന്റെ വില ഏക്കാലത്തേയും ഉയര്‍ന്ന നിലവാരത്തില്‍ എത്തിയതിനു ശേഷം ശക്തമായി താഴേയ്ക്കു പോയി. 2016 ജനുവരി മുതല്‍ ജൂണ്‍ വരെയുള്ള വിലനിലവാരമനുസരിച്ച് വിലയിലുള്ള തകര്‍ച്ച തുടര്‍ന്നുകൊണ്ടിരിക്കുകയാണെന്ന് കാണാം. ആര്‍.എസ്.എസ് – 4 റബ്ബറിന്റെ ശരാശരി വില കിലോഗ്രാമിന് 13.56 രൂപ കുറയുകയും ആര്‍.എസ്.എസ്.-5 റബ്ബറിന്റെ വില കിലോഗ്രാമിന് 3.58 രൂപയും കുറയുകയും അതനുസരിച്ച് ആര്‍.എസ്.എസ് – 4 ന്റെ ശരാശരി വില കിലോയ്ക്ക് 115.82 രൂപയും ആര്‍.എസ്.എസ് – 5 ന് 112.73 രൂപയും ആയിട്ടുണ്ടു്. മൊത്തത്തില്‍ വിപണിയിലെ വിലനിലവാരം ദുര്‍ബലമായി നിലനില്‍ക്കുന്നു. സ്വാഭാവിക റബ്ബറിന്റെ ഉപയോഗത്തിലുള്ള ആവശ്യകത കുറഞ്ഞതു മൂലം മൊത്തം സാമ്പത്തിക രംഗം ദുര്‍ബലമാവുകയും വില കുറയുകയുമുണ്ടായി. സ്വാഭാവിക റബ്ബറിന്റെ വിലയിടിവ് ആശങ്കാജനകമാണ്.
കാപ്പി
2016-17 -ല്‍ ആഭ്യന്തര കാപ്പി ഉല്പാദനം 312,000 ടണ്ണായിരുന്നു. ഇതു മുന്‍ വര്‍ഷത്തേക്കാള്‍ 36,000 ടണ്‍ കുറവാണ്. കോസ്റ്റ് ബ്ലോസ്സം കണക്കെടുപ്പിലൂടെ 2016-17 ല്‍ കോഫി ബോര്‍ഡ് കാപ്പിയുടെ ഉല്പാദനം 320,000 ടണ്‍ ആയിരിക്കുമെന്ന് അനുമാനിച്ചിരുന്നു. എന്നാല്‍ പിന്നീട് ബോര്‍ഡ് അത് കുറവ് ചെയ്ത് 312,000 ടണ്‍ ആക്കി മാറ്റുകയുണ്ടായി. പുതിയ കണക്കനുസരിച്ച് അറബിക്കയുടെ ഉല്പാദനം 95,000 ടണ്ണും (30.4 ശതമാനം), റോബസ്റ്റയുടെ ഉല്പാദനം 217,000 (69.6 ശതമാനം) ടണ്ണുമാണ്. എഫ്. എ. ഒ യുടെ കണക്കുകളനുസരിച്ച് ഇന്ത്യയില്‍ കാപ്പിയുടെ ഉല്പാദനക്ഷമത കുറയാനുള്ള കാരണങ്ങള്‍ പരിമിതമായ യന്ത്രവത്ക്കരണം, കീടരോഗ ബാധ, പ്രായം ചെന്നതും രോഗം ബാധിച്ചതുമായ ചെടികള്‍, തൊഴിലാളികളുടെ അപര്യാപ്തത എന്നിവയാണ്. ഉല്പാദനക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനുള്ള ശ്രമങ്ങള്‍ ആവശ്യമാണ്. ഇതിനു വേണ്ടി നയപരമായും ഫാംതലത്തിലും വേണ്ട സംഘടിതശ്രമങ്ങള്‍ നടത്തേണ്ടതാണ്. കൂടുതല്‍ വിളവ് ലഭിക്കുന്നതിന് സഹായകമാകുന്ന തരത്തിലുള്ള ഗവേഷണവും വികസനപരിപാടികളും ഈ മേഖലയിലെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് സഹായകമാകുന്നതാണ്.
കേരളത്തില്‍ 2016-17 –ല്‍ കാപ്പിയുടെ ഉല്പാദനം നേരിയ തോതില്‍ കുറഞ്ഞിട്ടുണ്ടു്. 2015-16 ല്‍ 69,230 മെട്രിക് ടണ്‍ ആയിരുന്നതു്, 2016-17 –ല്‍ 63,476 മെട്രിക് ടണ്ണായി കുറഞ്ഞു. റോബസ്റ്റാ ഇനമാണ് കേരളത്തില്‍ പ്രധാനമായി ഉല്പാദിപ്പിക്കുന്നതു് (ആകെ കൃഷി സ്ഥലത്തിന്റെ 97.1 ശതമാനം). കാപ്പിയുടെ ഉല്പാദനക്ഷമത കേരളത്തില്‍ ഹെക്ടറിന് 808 കിലോഗ്രാമാം ആണ്. ഇത് രാജ്യത്തെ ഉല്പാദനക്ഷമതയേക്കാള്‍ (ഹെക്ടറിന് 852 കിലോ) കുറവാണ്. രാജ്യത്തെ മൊത്തം കാപ്പി ഉല്പാദനത്തിന്റെ 70.4 ശതമാനം ഉല്പാദിപ്പിക്കുന്ന കര്‍ണാടകത്തിന്റെ തൊട്ടു പിന്നിലാണ് കേരളത്തിന്റെ സ്ഥാനം.
തേയില
ഏറ്റവും കൂടുതല്‍ തേയില ഉല്പാദിപ്പിക്കുന്ന രാജ്യങ്ങളിലൊന്നായ ഇന്ത്യയിലെ ഉല്പാദനം ലോകത്തെ മൊത്തം ഉല്പാദനത്തിന്റെ 24.8 ശതമാനമാണ്. 2016 ല്‍ തേയിലയുടെ ആഭ്യന്തര ഉല്പാദനം 58.7 മെട്രിക് കിലോഗ്രാം വര്‍ദ്ധിച്ചു. എന്നാല്‍ തെക്കേ ഇന്ത്യയിലെ ഉല്പാദനം തുടര്‍ച്ചയായി രണ്ടാം വര്‍ഷവും കുറഞ്ഞ് ഈ ദശാബ്ദത്തിലെ ഏറ്റവും കുറഞ്ഞ ഉല്പാദന നിരക്കായ 212.9 മെട്രിക് കിലോഗ്രാമായി. സ്ഥിരമായ വിളകുറവ് എന്ന അവസ്ഥയില്‍ നിന്നും ഒരു വര്‍ഷം മാറ്റം കാണിച്ചുവെങ്കിലും തെക്കെ ഇന്ത്യയില്‍ വീണ്ടും ഉല്പാദനത്തിലെ കുത്തനെയുള്ള ഇടിവ് ഉല്‍കണ്ഠ ഉയര്‍ത്തുന്ന വിഷയമാണ്.
രാജ്യത്ത് തേയില കൃഷി ചെയ്യുന്ന പ്രദേശത്തിന്റെ 5.03 ശതമാനവും, മൊത്ത ആഭ്യന്തര ഉല്പാദനത്തിന്റെ 6.3 ശതമാനവും കേരളത്തിലാണ്. 2016-17 ല്‍ തേയില ഉല്പാദനം 3,607 ടണ്‍ വര്‍ദ്ധിച്ചിട്ടുണ്ടു്. തേയില കൃഷിയുടെ വിസ്തൃതിയില്‍ കുറവുണ്ടായെങ്കിലും ഉല്പാദനക്ഷമതയിലുള്ള വര്‍ദ്ധനവു മൂലം ഉല്പാദനം വര്‍ദ്ധിച്ചിട്ടുണ്ടു്. ഉല്പാദനക്ഷമതയില്‍ കാര്യമായ വര്‍ദ്ധനവില്ലാത്തതും, കടുത്ത തൊഴിലാളി ക്ഷാമവും, യന്ത്രോപകരണങ്ങളുടെ ഉയർന്ന വിലയും, തദ്ദേശീയമായ ഉപകരണങ്ങളുടെ കുറവുമാണ് തേയില വ്യവസായത്തെ അലട്ടുന്ന പ്രധാന പ്രശ്നങ്ങള്‍ (അനുബന്ധം 2.15 ).
ഏലം
ലോകത്ത് ഏറ്റവും കൂടുതല്‍ ചെറിയ ഏലം ഉല്പാദിപ്പിക്കുന്ന രാജ്യങ്ങളില്‍ രണ്ടാമതാണ് ഇന്ത്യ. അന്താരാഷ്ട്ര മേഖലയില്‍ ഏലം വ്യാപാരത്തില്‍ ഇന്ത്യ ഒരു പ്രധാന പങ്ക് വഹിക്കുന്നു. ഇടവിട്ടുള്ള മഴയും നല്ല സൂര്യപ്രകാശവും ചെടിയുടെ വളര്‍ച്ചാഘട്ടത്തില്‍ അത്യന്താപേക്ഷിതമായതിനാല്‍ ഏലത്തിന്റെ ഉല്പാദനം കാലാവസ്ഥയെ ആശ്രയിച്ചിരിക്കുന്നു. 2016-17 ല്‍ രാജ്യത്തെ ഏലം ഉല്പാദനം 19,630 ടണ്‍ ആയി കണക്കാക്കപ്പെട്ടിട്ടുണ്ടു്. ഇത് 2015-16 ലെ 23,890 ടണ്ണിനേക്കാള്‍ 4,260 ടണ്‍ കുറവാണ്. 2006-07 ല്‍ ഏലത്തിന്റെ വിലയിലുണ്ടായ അപ്രതീക്ഷിത മാറ്റം 2014-15 വരെ തുടര്‍ന്ന് ഏറ്റവും ഉയര്‍ന്ന് 754 രൂപയിൽ എത്തുകയും തുടര്‍ന്ന് വിലയില്‍ ഏറ്റക്കുറച്ചിലുണ്ടാകുകയും ചെയ്തു. 2016-17 ല്‍ (ആഗസ്റ്റ് മുതല്‍ ജൂണ്‍ വരെയുള്ള കാലയളവില്‍) കിലോഗ്രാമിന് 481.94 രൂപ എന്ന നിരക്കില്‍ വില വര്‍ദ്ധിച്ച് കിലോ ഗ്രാമിന് 1,105.67 രൂപയായിട്ടുണ്ടു്. ഇതോടൊപ്പം കേരളത്തില്‍ ഏലത്തിന്റെ ഉല്പാദനം 2015-16 ലെ 19,500 ടണ്ണില്‍ നിന്നും കുറഞ്ഞ് 2016-17 ല്‍ 17,147 ടണ്‍ ആയിട്ടുണ്ടു്.
കുടുംബശ്രീ മുഖേനയുള്ള കൂട്ടുകൃഷി
ഗാര്‍ഹികതലത്തിലും സമൂഹത്തിലും ഭക്ഷ്യസുരക്ഷ ലക്ഷ്യമാക്കിയുള്ള കുടുംബശ്രീയുടെ ഒരു പ്രധാന പ്രവര്‍ത്തന മേഖലയാണ് കൂട്ടുകൃഷി. നെല്ല്, പച്ചക്കറികള്‍, വാഴ, കൈതച്ചക്ക, കിഴങ്ങുവര്‍ഗ്ഗങ്ങള്‍ എന്നിവയാണ് മുഖ്യമായും കൃഷി ചെയ്യുന്ന വിളകള്‍. 2016-17 –ല്‍ നെല്‍ കൃഷി 9475 ഹെക്ടറിലും, പച്ചക്കറികള്‍ 13,569 ഹെക്ടറിലും മറ്റു വിളകള്‍ (വാഴ, കൈതച്ചക്ക, കിഴങ്ങുവര്‍ഗ്ഗം) 29,678 ഹെക്ടറില്‍ 78,746 ജോയിന്റ് ലൈബിലിറ്റി ഗ്രൂപ്പ് (ജെ.എല്‍.ജി) കള്‍ മുഖേന കൃഷിചെയ്തിട്ടുണ്ടു്. വിശദാംശങ്ങള്‍ അനുബന്ധം 2.16 -ല്‍ കൊടുത്തിരിക്കുന്നു. കാര്‍ഷികവൃത്തിയില്‍ വ്യാപരിച്ചിരിക്കുന്ന വനിതാ ഗ്രൂപ്പുകളുടെ ജീവനോപാധികള്‍ മെച്ചപ്പെടു ത്തുന്നതിന് ബാങ്കിംഗ് സൗകര്യങ്ങളുടെ ലഘൂകരണം, സാങ്കേതിക വിദ്യയുടെ പിന്തുണ മുതലായ കൈത്താങ്ങുകള്‍ ആവശ്യമാണ്.
പന്ത്രണ്ടാം പദ്ധതിയില്‍ ഊന്നല്‍ നല്‍കാന്‍ ഉദ്ദേശിച്ചിരുന്ന പ്രധാന മേഖലകള്‍ സമഗ്ര ഭക്ഷ്യവിള ഉല്പാദനത്തിനായുള്ള പ്രോത്സാഹനം, തെങ്ങ് കൃഷിയുടെയും കുരുമുളക് വികസനത്തിന്റെയും പുനരുജ്ജീവനം, കാര്‍ഷിക ജൈവ വ്യവസ്ഥ യൂണിറ്റ് അടിസ്ഥാനമാക്കിയുള്ള സാങ്കേതിക പ്രവര്‍ത്തനങ്ങള്‍, വിളകളുടെ ഉല്പാദനം വര്‍ദ്ധിപ്പിക്കല്‍, കാര്‍ഷിക വിജ്ഞാന വ്യാപന സേവനങ്ങളുടെ പുനരുജ്ജീവനം, കൃഷിയ്ക്കായി സേവന സംവിധാനത്തിനായുള്ള സ്ഥാപനവല്‍ക്കരണം, കൃഷിഭവനുകളുടെ ശാക്തീകരണം, പുതിയ സാങ്കേതിക വിദ്യകളുടെ പ്രോത്സാഹനം, ജൈവ കൃഷി ശക്തിപ്പെടുത്തല്‍, മണ്ണിന്റെയും സസ്യത്തിന്റെയും ആരോഗ്യപരിപാലനം, ഉല്പാദനോപാധികള്‍ക്കായും വിപണികള്‍ക്കായും അടിസ്ഥാന സൗകര്യ വികസനം, മൂല്യവര്‍ദ്ധനവിന് പ്രത്യേകം ഊന്നല്‍ എന്നിവയാണ്.
പന്ത്രണ്ടാം പദ്ധതിയില്‍ പച്ചക്കറി കൃഷിയുടെ വിസ്തൃതി 40,837 ഹെക്ടറില്‍ നിന്നും 52,830 ഹെക്ടറായും ഉല്പാദനം 5.51 ലക്ഷം മെട്രിക് ടണ്ണില്‍ നിന്നും 7.25 ലക്ഷം മെട്രിക് ടണ്ണായും വര്‍ദ്ധിക്കുകയുണ്ടായി. ഈ ലക്ഷ്യം കൈവരിക്കുന്നതിനായി നടപ്പിലാക്കിയ പ്രധാന പ്രവര്‍ത്തനങ്ങള്‍ ഇനി പറയുന്നവയാണ്. 1,380 സ്ഥാപനങ്ങളില്‍ പ്രോജക്ട് അധിഷ്ഠിത പച്ചക്കറി കൃഷി, 39 ബ്ലോക്ക് തല നഴ്സറികള്‍, 269 എ ഗ്രേഡ് ക്ലസ്റ്ററുകളുടെ രൂപീകരണം, 800 ക്ലസ്റ്ററുകളിലൂടെയുള്ള പച്ചക്കറി കൃഷി എന്നിവയാണ്. നാളികേര വികസന പദ്ധതി പുനഃസംഘടിപ്പിച്ച് അടുത്തടുത്തുള്ള പ്രദേശങ്ങളില്‍ നടപ്പാക്കുന്നതിന് ഊന്നല്‍ നല്‍കുന്നതിനായി കേര ഗ്രാമങ്ങള്‍ എന്ന പേരില്‍ നടപ്പിലാക്കി. 60 കേരഗ്രാമങ്ങള്‍ സ്ഥാപിക്കുകയും ജലസേചനം, നഴ്സറികള്‍, മൂല്യവര്‍ദ്ധനവ്, കുറികിയ ഇനം തെങ്ങിന്‍ തൈകളുടെ ഉല്പാദനം, പരമ്പരാഗത പ്രദേശങ്ങളില്‍ നിന്നല്ലാതെ പുതിയ കുറുകിയ ഇനം തൈകള്‍ തിരഞ്ഞെടുത്ത് ഹൈബ്രിഡൈസേഷന്‍ നടത്തുക, തെങ്ങുകളുടെയും വിത്ത് തേങ്ങയുടെയും ബാര്‍ കോഡിംഗ് എന്നിവ നടത്തുകയുമുണ്ടായി. നെല്‍കൃഷി വിസ്തൃതിയില്‍ തുടര്‍ന്ന് വന്നിരുന്ന കുറവ് നിര്‍ത്തലാക്കി കൂടുതല്‍ നെല്‍പ്പാടങ്ങളില്‍ സുസ്ഥിര നെല്‍കൃഷി നടപ്പിലാക്കി. കാസര്‍ഗോഡ് ജില്ലയിലെ 3,000 ഹെക്ടര്‍ ജൈവകൃഷിക്കായി രജിസ്റ്റര്‍ ചെയ്തിട്ടുണ്ടു്. കാര്‍ഷിക വിജ്ഞാന വ്യാപനം ശക്തിപ്പെടുത്തുന്നതിനായി ഇന്ത്യയിലാദ്യമായി ആത്മ പ്ലസ്സ് ആരംഭിക്കുകയും 456 ഫാം സ്കൂളുകള്‍, 250 ഫാര്‍മര്‍ ഫീല്‍ഡ് സ്കൂളുകള്‍, 205 സംയോജിത കൃഷി സമ്പ്രദായ മാതൃകകള്‍ എന്നിവയും ഫീല്‍ഡ് തല ഉദ്യോഗസ്ഥര്‍ക്ക് വാഹന സൗകര്യവും ഉപദേശക സേവനങ്ങള്‍ക്കായി ടോള്‍ഫ്രീ ആത്മ കാള്‍ സെന്ററുകളും (1800-425-1661) സ്ഥാപിക്കുകയുണ്ടായി. കൂടാതെ 64 കാര്‍ഷിക സേവന കേന്ദ്രങ്ങള്‍ സ്ഥാപിക്കുകയും 1.41 ലക്ഷം സോയില്‍ ഹെല്‍ത്ത് കാര്‍ഡുകള്‍ വിതരണം ചെയ്യുകയും ഉണ്ടായി. പഞ്ചായത്ത്/ബ്ലോക്ക്/ജില്ലാതല ന്യൂട്രിയന്റ് മാനേജ്മെന്റ് പ്ലാനുകള്‍ തയ്യാറാക്കുകയും 18.77 ലക്ഷം കര്‍ഷകരുടെ രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കി നേരിട്ടുള്ള ആനുകൂല്യ വിതരണം പൂര്‍ണ്ണമായും നടപ്പിലാക്കി. 23 വര്‍ഷത്തിനു ശേഷം കാര്‍ഷിക നയം തയ്യാറാക്കുകയുണ്ടായി. പഞ്ചായത്തു തലത്തില്‍ ഏകദേശം 5,772 കീടനിരീക്ഷണ യൂണിറ്റുകളും 152 പ്ലാന്റ് ഹെല്‍ത്ത് ക്ലിനിക്കുകളും ജില്ലാതലത്തില്‍ 4 റഫറല്‍ ക്ലിനിക്കുകളും സ്ഥാപിക്കുകയുണ്ടായി. 3,825 സ്കൂളുകളില്‍ പോര്‍ട്ടബിള്‍ ബയോഗ്യാസ് പ്ലാന്റുകള്‍ സ്ഥാപിച്ച് ജൈവമാലിന്യങ്ങള്‍ വളമാക്കി മാറ്റുകയുണ്ടായി. നാളികേര മേഖലയിലെ സാമ്പത്തിക നേട്ടത്തിനായി നീരയുടെ പ്രോത്സാഹനം, നീരയുടെയും കോക്കനട്ട് ഷുഗര്‍ ഉല്പാദനത്തിനുമായുള്ള കേരള കാര്‍ഷിക സർവ്വകലാശാലയുടെ പ്രാരംഭ പ്രോജക്ടിനുള്ള സഹായം, സി.റ്റി.സി.ആര്‍.ഐ യില്‍ ഇന്‍കുബേഷന്‍ സെന്റര്‍, വയനാട് എന്‍.ഐ.ഐ.എസ്.റ്റി യുമായി സംയുക്തമായി ഇഞ്ചിയുടെ മൂല്യവര്‍ദ്ധനവിനായുള്ള പ്രോജക്ട് എന്നിവയാണ് പ്രധാന പ്രവര്‍ത്തനങ്ങള്‍. പന്ത്രണ്ടാം പദ്ധതിയില്‍ സംസ്ഥാന വിഹിതമായി വകയിരുത്തിയിരുന്ന 3,413.91 കോടി രൂപയില്‍ 3,303.93 കോടി രൂപ (97 ശതമാനം ചെലവഴിച്ചിട്ടുണ്ടു്.
കൃഷി വകുപ്പിന്റെ 2017-18 വാര്‍ഷിക പദ്ധതിയിലെ മുഖ്യ സംരംഭങ്ങള്‍ താഴെ പറയുന്നവയാണ്. പച്ചക്കറി ഉല്പാദനത്തില്‍ സ്വയം പര്യാപ്തത കൈവരിക്കുന്നതിനും സമഗ്ര ജനപങ്കാളിത്തത്തോടെയുള്ള തരിശുനില കൃഷിയിലൂടെ നെല്ല് ഉല്പാദനം വര്‍ദ്ധിപ്പിക്കുന്നതിനുമുള്ള സംയോജിത ഭക്ഷ്യവിള ഉല്പാദന പദ്ധതി, തെങ്ങിന്‍ തോട്ടങ്ങളുടെ സമഗ്ര പരിപാലനത്തിനായി കേര ഗ്രാമങ്ങള്‍, ജൈവ കൃഷിക്കും സുരക്ഷിതവും ഭക്ഷ്യയോഗ്യവുമായ ഭക്ഷ്യ ഉല്പാദനത്തിനുള്ള പ്രോത്സാഹനം, പുതിയ ലാബുകള്‍ സ്ഥാപിക്കുന്നതിനും നിലവിലുള്ളവയുടെ ആധുനീകവത്ക്കരണവും, വിപണനത്തിനായി സ്ഥാപന സംവിധാനം, ഗുണമേന്മയുള്ള നടീല്‍ വസ്തുക്കളുടെ ഉല്പാദനവും വിതരണവും, കാര്‍ഷിക ജൈവ വ്യവസ്ഥാ യൂണിറ്റ് അടിസ്ഥാനത്തില്‍ വിജ്ഞാന വ്യാപന പ്രവര്‍ത്തനങ്ങളുടെ ശാക്തീകരണം, ആത്മ പ്ലസ് മാതൃകയിലുള്ള വിജ്ഞാന വ്യാപനം, സുഗന്ധ വിളകളുടെ പുനരുജ്ജീവനം, കീടരോഗ നിരീക്ഷണം ഉള്‍പ്പെടെയുള്ള വിള ആരോഗ്യ പരിപാലനവും ഡ്രോണുകളുടെ ഉപയോഗവും, പുതിയ പ്ലാന്റ് ഹെല്‍ത്ത് ക്ലിനിക്കുകള്‍, മെച്ചപ്പെട്ട സേവനം പ്രദാനം ചെയ്യുന്നതിനായി 20 പുതിയ കാര്‍ഷിക സേവന കേന്ദ്രങ്ങളും നിലവിലുള്ളവയുടെ ശക്തിപ്പെടുത്തലും, വിള ഇന്‍ഷ്വറന്‍സ്, വയനാട് ജില്ലയില്‍ കുരുമുളകിന്റെ പുനരുജ്ജീവനത്തിനായുള്ള പാക്കേജ്, നെല്ല്, പച്ചക്കറി, നാളികേരം, വാഴപ്പഴം, പൂക്കള്‍ എന്നിവയ്ക്ക് സംയോജിതവും ഫലപ്രദവുമായി പദ്ധതികള്‍ തയ്യാറാക്കി കേന്ദ്രീകൃതവും പ്രോജക്ട് അധിഷ്ഠിതവുമായ രീതിയില്‍ നടപ്പിലാക്കുന്നതിനായുള്ള പ്രത്യേക കാര്‍ഷിക മേഖല (എസ്.എ.ഇസഡ്) എന്നിവയാണ്.
കേരളത്തിലെ വലിയ വിഭാഗം കാര്‍ഷിക ഉല്പാദകരും ചെറുകിട കര്‍ഷകരാണ്. കൂടാതെ കേരളത്തിലെ കൃഷി കാലാവസ്ഥയെ വളരെയധികം ആശ്രയിച്ചിരിക്കുന്നതിനാല്‍ കാലാവസ്ഥയിലെ അനിശ്ചിതത്വം കൃഷി ഒരു വലിയ നഷ്ടസാധ്യതയുള്ള സംരംഭമാക്കുന്നു. ഇത്തരത്തില്‍ വിളകളുടെ ഉല്പാദനത്തിലുള്ള അനിശ്ചിതത്വം ഓരോ കര്‍ഷകനും നേരിടേണ്ടതായി വരുന്നു. വിള ഉല്പാദനത്തെ പ്രകൃതിയുടെ അസംതുലിതാവസ്ഥ മൂലമുള്ള വരള്‍ച്ച, വെള്ളപ്പൊക്കം, കീടരോഗങ്ങള്‍ എന്നിവയെല്ലാം ബാധിക്കുന്നതിനാല്‍ കര്‍ഷകര്‍ക്ക് സുസ്ഥിര വരുമാനം ലഭിക്കുന്നതിന് വിള ഇന്‍ഷ്വറന്‍സ് മുഖ്യപങ്ക് വഹിക്കുന്നുണ്ടു്.
2016-17 വര്‍ഷത്തില്‍ സംസ്ഥാന വിള ഇന്‍ഷ്വറന്‍സ് പദ്ധതി വിള നഷ്ടപരിഹാര തുകയില്‍ കാര്യമായ വര്‍ദ്ധനവ് വരുത്തിക്കൊണ്ട് പരിഷ്ക്കരിക്കുകയും 53,161 ഹെക്ടറില്‍ ഉള്‍പ്പെടുന്ന 89,862 കര്‍ഷകര്‍ അംഗങ്ങളാവുകയും 2478 കര്‍ഷകര്‍ക്കുള്ള ഇന്‍ഷ്വറന്‍സ് തുകയായി 159.87 ലക്ഷം രൂപ വിതരണം നടത്തിയിട്ടുമുണ്ടു്. പരിഷ്ക്കരിച്ച ദേശീയ കാലാവസ്ഥ അടിസ്ഥാനമാക്കിയുള്ള വിള ഇന്‍ഷ്വറന്‍സ് പദ്ധതി (ആര്‍.ഡബ്ല്യു.ബി.സി.ഐ.എസ്) 10 വിളകള്‍ക്കായി (നെല്ല്, വാഴ, ഇഞ്ചി, മഞ്ഞള്‍, പൈനാപ്പിള്‍, അടയ്ക്ക, ഏലം, കുരുമുളക്, ജാതി, കരിമ്പ്) ആലപ്പുഴ, പത്തനംതിട്ട ജില്ലകള്‍ ഒഴികെയുള്ള 12 ജില്ലകളെ തിരഞ്ഞെടുക്കുകയുണ്ടായി. പരിഷ്ക്കരിച്ച ദേശീയ കാലാവസ്ഥ അടിസ്ഥാനമാക്കിയുള്ള വിള ഇന്‍ഷ്വറന്‍സ് പദ്ധതിയ്ക്ക് കീഴില്‍ 2016 ഖാരിഫ് സീസണില്‍ 21,435 ഹെക്ടറില്‍ ഉള്‍പ്പെടുന്ന 31,532 കര്‍ഷകര്‍ അംഗങ്ങളാവുകയും 21,046 കര്‍ഷകര്‍ക്കുള്ള ഇന്‍ഷ്വറന്‍സ് തുകയായി 17.19 കോടി രൂപ വിതരണം ചെയ്യുകയും റാബി സീസണില്‍ 18,703 ഹെക്ടറിലുള്ള 27,459 കര്‍ഷകര്‍ അംഗങ്ങളാവുകയും ചെയ്തിട്ടുണ്ടു്. ഈ കാലയളവില്‍ ഇടുക്കി, വയനാട് ജില്ലകളിലെ ശീതകാല പച്ചക്കറി വിളകളായ കാബേജ്, കാരറ്റ്, വെളുത്തുള്ളി, ഫ്രെഞ്ച് ബീന്‍സ്, ഉരുളക്കിഴങ്ങ് എന്നിവ ആദ്യമായി ഈ ഇന്‍ഷ്വറന്‍സ് പദ്ധതിയിലേയ്ക്ക് തിരഞ്ഞെടുക്കുകയുണ്ടായി. നാളികേര ഇന്‍ഷ്വറന്‍സ് പദ്ധതി (സിപി.ഐ.എസ്) സംസ്ഥാനത്തൊട്ടാകെ നടപ്പിലാക്കുന്നുണ്ടു്. ഈ പദ്ധതിയ്ക്ക് കീഴില്‍ 250 ഹെക്ടറിലായി 403 കര്‍ഷകര്‍ അംഗങ്ങളാവുകയും 2.70 ലക്ഷം രൂപ വിതരണം ചെയ്യുകയുമുണ്ടായി. 2016-17 റാബി സീസണില്‍ നെല്ല്, വാഴ, മരച്ചീനി എന്നീ വിളകള്‍ ഉള്‍പ്പെടുത്തി കൊണ്ടു് പ്രധാന്‍ മന്ത്രി ഫസല്‍ ബീമ യോജന (പി.എം.എഫ്.ബി.വൈ) എന്ന പദ്ധതി തിരഞ്ഞെടുക്കുകയുണ്ടായി. ആലപ്പുഴ, കോട്ടയം, പത്തനംതിട്ട എന്നീ ജില്ലകളിലാണ് നെല്ല് തിരഞ്ഞെടുത്തിട്ടുള്ളത്. പ്രധാന്‍ മന്ത്രി ഫസല്‍ ബീമ യോജന പദ്ധതിയിന്‍ കീഴില്‍ 12,961 ഹെക്ടറിലായുള്ള 18,415 കര്‍ഷകര്‍ അംഗങ്ങളാവുകയും 341 കര്‍ഷകര്‍ക്കുള്ള ആനുകൂല്യമായി 55 ലക്ഷം രൂപ വിതരണം നടത്തുകയുമുണ്ടായി.
പ്രത്യേക കാര്‍ഷിക മേഖല (എസ്.എ.ഇസഡ്)
പ്രത്യേക കാര്‍ഷിക വികസന മേഖല (എസ്.എ.ഇസഡ്) എന്ന ഒരു പുതിയ ആശയം സംയോജിതവും ഫലപ്രദവുമായി പദ്ധതികള്‍ തയ്യാറാക്കി കേന്ദ്രീകൃതവും പ്രോജക്ട് അധിഷ്ഠിതവുമായ ഇടപെടലുകളോടെ നടപ്പിലാക്കുന്നതിനായി 2017-18 -ല്‍ ആരംഭിച്ചിട്ടുണ്ടു്. ഓരോ മേഖലയിലും ഉത്പാദനം, വിപണനം, സംസ്കരണം, മൂല്യവര്‍ദ്ധനവ്, സംഭരണം, ജലസേചനം എന്നിവ ഉള്‍പ്പെടുത്തേണ്ടതാണ്. ഓരോ പ്രത്യേക കാര്‍ഷിക മേഖലയിലും മണ്ണ് പരിശോധനാ ലാബുകളും, കാള്‍ സെന്ററുകള്‍ ഉള്‍പ്പെടെയുള്ള കാര്‍ഷിക സേവന കേന്ദ്രങ്ങള്‍, പ്ലാന്റ് ഹെല്‍ത്ത് ക്ലിനിക്കുകള്‍, കാലാവസ്ഥാ കേന്ദ്രങ്ങളും, ഉപദേശക സംവിധാനവും, ഓണ്‍ ഫാം പ്രൊഡക്ഷന്‍ യൂണിറ്റ് ഉള്‍പ്പെടെയുളള ബയോഫാര്‍മസികള്‍, നടീല്‍വസ്തുക്കളുടെ ഉത്പാദന യൂണിറ്റുകള്‍, വിപണികള്‍, സംസ്കരണത്തിനും മൂല്യവര്‍ദ്ധനവിനുമുളള യൂണിറ്റുകള്‍, ജലസേചന സഹായം, വായ്പലഭ്യമാകുന്നതിന് ആവശ്യമായ ഇടപെടീലുകള്‍,ഐ.സി.റ്റി അടിസ്ഥാനമാക്കിയുള്ള വിജ്ഞാന വ്യാപനം, കമ്മ്യൂണിറ്റി റേഡിയോ, തദ്ദേശഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെയുള്ള കര്‍ഷക വിപണികള്‍, അധിക ഉത്പാദനം സംഭരിക്കുന്നതിനായുള്ള സംവിധാനം, സംയോജിത രീതിയില്‍ കര്‍ഷകര്‍ക്ക് സാങ്കേതിക വിദ്യ വികസിപ്പിക്കുന്നതിന് പരിശീലനം നല്‍കുക എന്നീ സഹായങ്ങളാണ് ഉദ്ദേശിച്ചിട്ടുള്ളത്. പ്രത്യേക കാര്‍ഷിക മേഖലയിലെ പ്രോജക്ടുകള്‍ക്ക് ഒരു പ്രത്യേക മേല്‍നോട്ട സംവിധാനം ഉള്‍പ്പെടുത്തിയിട്ടുണ്ടു്. നിര്‍ദ്ദേശിച്ചിട്ടുള്ള പ്രത്യേക കാര്‍ഷിക മേഖലകള്‍
സംസ്ഥാന ഹോര്‍ട്ടീക്കള്‍ച്ചര്‍ മിഷന്‍ (എസ്.എച്ച്.എം)
2005 ല്‍ രൂപീകൃതമായ കേന്ദ്രാവിഷ്കൃത പദ്ധതിയായ ദേശീയ ഹോര്‍ട്ടീകള്‍ച്ചര്‍ മിഷന്റെ പരിപാടികള്‍ സംസ്ഥാനത്ത് 85 ശതമാനം കേന്ദ്ര വിഹിതവും 15 ശതമാനം സംസ്ഥാനവിഹിതത്തോടും കൂടി നടപ്പിലാക്കി വന്നിരുന്നു. 2014-15 മുതല്‍ ഹോര്‍ട്ടീക്കള്‍ച്ചറി നായുള്ള സംയോജിത വികസന മിഷന്‍(മിഷന്‍ ഫോര്‍ ഇന്റഗ്രേറ്റഡ് ഡെവലപ്മെന്റ് ഫോര്‍ ഹോര്‍ട്ടിക്കള്‍ച്ചര്‍) എന്ന പേരില്‍ ഈ പദ്ധതിയെ പുനര്‍രൂപീകരിക്കുകയും ചെയ്തിട്ടുണ്ടു്. തുടര്‍ന്ന് കേന്ദ്ര ഗവണ്‍മെന്റ് ഈ പദ്ധതിയുടെ വിഹിതം വകയിരുത്തുന്ന രീതി 60:40 എന്ന രീതിയില്‍ മാറ്റം വരുത്തിയിട്ടുണ്ടു്. പഴവര്‍ഗങ്ങള്‍, തോട്ടവിളകള്‍, സുഗന്ധവ്യഞ്ജനങ്ങള്‍, പുഷ്പങ്ങള്‍, സുഗന്ധമുള്ളതും, ഔഷധ ഗുണമുള്ളതുമായ സസ്യങ്ങള്‍, കൂണുകള്‍ എന്നിവയുടെ സമഗ്രവികസനമാണ് ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്റെ ഉദ്ദേശ്യം. ഉല്പാദനവും ഉല്പാദനക്ഷമതയും വര്‍ദ്ധിപ്പിക്കുക, വിളവെടുപ്പിന് ശേഷമുള്ള പരിപാലനം, വിപണനം എന്നിവയ്ക്കായുള്ള പദ്ധതികളാണ് പ്രധാനമായും മിഷന്‍ നടപ്പിലാക്കുന്നതു്.
പന്ത്രണ്ടാം പദ്ധതിക്കാലത്ത് കേന്ദ്ര വിഹിതമായി 145 കോടി രൂപയും സംസ്ഥാന വിഹിതമായി 45.74 കോടി രൂപയും ഉള്‍പ്പെടെ മൊത്തം 190.74 കോടി രൂപ എസ്.എച്ച്.എം ന് അനുവദിക്കുകയുണ്ടായി. ഇതില്‍ 209.37 കോടി രൂപ ചിലവഴിച്ചിട്ടുണ്ടു്. ഗുണനിലവാരമുള്ള വിത്തുകളുടെയും നടീല്‍ വസ്തുക്കളുടെയും ഉല്പാദനത്തിനും വിതരണത്തിനുമായി നഴ്സറികള്‍ സ്ഥാപിക്കുക, പുതിയ തോട്ടങ്ങള്‍ സ്ഥാപിക്കുക, ഉല്‍പ്പന്നങ്ങള്‍ തരം തിരിക്കുന്നതിനും ഗ്രേഡ് ചെയ്യുന്നതിനും ഉള്ള യൂണിറ്റുകള്‍, ശീതീകരണ യൂണിറ്റുകള്‍, ഗ്രാമീണ വിപണികള്‍ എന്നിവ സ്ഥാപിക്കുക, മൊത്ത വിപണികളുടെ ശാക്തീകരണം, വിപണികളുടെ വിവരശേഖരണം, ഗുണനിലവാരത്തെ സംബന്ധിച്ച വിജ്ഞാന വ്യാപനം, പുതിയതും സംസ്ക്കരിച്ചതും ആയ ഭക്ഷ്യവസ്തുക്കളുടെ വിപണനം സംബന്ധിച്ചുള്ള വിജ്ഞാന വ്യാപനം എന്നിവ ഈ കാലയളവിലെ പ്രധാന പ്രവര്‍ത്തനങ്ങളില്‍പ്പെടും.
നിരവധി ഗവണ്മെന്റിതര സ്ഥാപനങ്ങള്‍ക്കും സ്വകാര്യമേഖലയ്ക്കും പങ്കാളിത്തമുള്ള ഈ പ്രോജക്ടിന്റെ ഉദ്ദേശ ലക്ഷ്യം കൈവരിക്കുന്നതിനായി കൂടുതല്‍ മേല്‍നോട്ടം ആവശ്യമാണ്.
വെജിറ്റബിള്‍ ആന്റ് ഫ്രൂട്ട് പ്രൊമോഷന്‍ കൗണ്‍സിൽ, കേരള (വി. എഫ്. പി. സി. കെ)
വെജിറ്റബിള്‍ ആന്റ് ഫ്രൂട്ട് പ്രൊമോഷന്‍ കൗണ്‍സില്‍ (വി.എഫ്.പി.സി.കെ) കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ധനസഹായത്തോടെ പഴവര്‍ഗ്ഗങ്ങളുടെയും പച്ചക്കറികളുടെയും വിവിധ പദ്ധതികള്‍ നടപ്പിലാക്കി വരുന്നു. സ്വയം സഹായ സംഘങ്ങള്‍ (എസ്.എച്ച്.ജി) രൂപീകരിക്കുക, പങ്കാളിത്ത ഗ്യാരന്റീ സമ്പ്രദായം (പി.ജി.എസ്) സംബന്ധിച്ച ബോധവത്ക്കരണം നല്‍കുക, പങ്കാളിത്ത സാങ്കേതിക വികസനം സംബന്ധിച്ച പ്രചരണം നടത്തുക, കാര്യശേഷി വര്‍ദ്ധനവ് പരിപാടികള്‍ സംഘടിപ്പിക്കുക, ഗുണമേന്മയുള്ള വിത്തുകളുടെയും നടീൽവസ്തുക്കളുടെയും ഉല്‍പ്പാദനം, പങ്കാളിത്ത വായ്പാ സഹായവും ഇന്‍ഷ്വറന്‍സ് സഹായവും, ഗ്രൂപ്പ് മാര്‍ക്കറ്റിംഗ്, നഗരപ്രദേശങ്ങളില്‍ പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കുന്നതിനായുള്ള ഹരിതനഗരി പരിപാടി തുടങ്ങിയവയാണ് പ്രധാന പ്രവര്‍ത്തനങ്ങള്‍. 2016-17-ല്‍ 4,465 കര്‍ഷകരെ ഉള്‍പ്പെടുത്തി 106 പുതിയ സ്വയം സഹായ സംഘങ്ങള്‍ (SHG) രൂപീകരിച്ചു. ഇതോടെ രജിസ്റ്റര്‍ ചെയ്ത കര്‍ഷകരുടെ എണ്ണം 189,902 ഉം - സ്വയം സഹായ സംഘങ്ങളുടെ എണ്ണം 9,540 ഉം ആയി. ഈ കാലയളവില്‍ 4 പുതിയ കര്‍ഷക വിപണികളും 10 സംഭരണ കേന്ദ്രങ്ങളും ആരംഭിച്ചു. ഇതോടെ നിലവില്‍ 278 സ്വാശ്രയ കര്‍ഷക സമിതികളും 177 സംഭരണ കേന്ദ്രങ്ങളും കൗണ്‍സിലിന്റെ കീഴിലുണ്ടു്. 2016-17 -ല്‍ 277 സ്വാശ്രയ കര്‍ഷക സമിതികളിലൂടെ 280 കോടി രൂപയുടെ 100,213 മെട്രിക് ടണ്‍ പഴങ്ങളും പച്ചക്കറികളും വിപണനം നടത്തിയിട്ടുണ്ടു്. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്, തൃശൂര്‍, പത്തനംതിട്ട ജില്ലകളില്‍ ആരംഭിച്ചിട്ടുള്ള കട്ട് വെജിറ്റബിള്‍ യൂണിറ്റിലൂടെ പൊതു ജനങ്ങള്‍ക്ക് പെട്ടെന്ന് പാചകം ചെയ്യാന്‍ തരത്തിലുള്ള (Ready to cook) പച്ചക്കറി പായ്ക്കറ്റുകള്‍ ലഭിക്കുന്നുണ്ടു്. പാലക്കാട് ജില്ലയിലെ ആലത്തൂര്‍ വിത്ത് സംസ്ക്കരണ പ്ലാന്റിലൂടെ 17 തരം പച്ചക്കറി വിത്തുകളുടെ 68.30 മെട്രിക് ടണ്‍ പച്ചക്കറി വിത്തുകളും 6.56 ലക്ഷം ടിഷ്യൂക്കള്‍ച്ചര്‍ വാഴവിത്തുകളും സംസ്ഥാനത്തുടനീളം വിതരണം ചെയ്തിട്ടുണ്ടു്. കാര്‍ഷിക വായ്പയായി 71.69 കോടി രൂപ 8,919 കര്‍ഷകര്‍ക്ക് വിതരണം ചെയ്തു. വിള ഇന്‍ഷ്വറന്‍സില്‍ ആകെ 23.92 ലക്ഷം വാഴകളും 500 ഹെക്ടറില്‍ കൃഷി ചെയ്തിട്ടുള്ള പച്ചക്കറികളും ഉള്‍പ്പെടുത്തി കര്‍ഷകര്‍ക്ക് നഷ്ടപരിഹാരമായി 80 ലക്ഷം രൂപ വിതരണം ചെയ്തു. 2016-17 ഓണക്കാലത്ത് പച്ചക്കറികളുടെ വില വര്‍ദ്ധനവ് നിയന്ത്രിച്ചു കൊണ്ടു് സംസ്ഥാനത്തുടനീളം 190 പച്ചക്കറി വ്യാപാര ചന്തകള്‍ സംഘടിപ്പിച്ചു. ഈ കാലയളവില്‍ കൗണ്‍സിലിന്റെ ഭാഗമായുള്ള കര്‍ഷകര്‍ 14,622 ഹെക്ടറില്‍ പച്ചക്കറികളും 19,964 ഹെക്ടറില്‍ വാഴയും 2,845 ഹെക്ടറില്‍ കിഴങ്ങ് വര്‍ഗ്ഗങ്ങളും കൃഷി ചെയ്തിട്ടുണ്ടു്. മൊത്തം ഉല്പാദനം പച്ചക്കറികള്‍ - 1.02 ലക്ഷം മെട്രിക് ടണ്‍, നേന്ത്രപ്പഴം – 1.86 ലക്ഷം മെട്രിക് ടണ്‍, കിഴങ്ങ് വര്‍ഗ്ഗങ്ങള്‍ - 25266 മെട്രിക് ടണ്‍ എന്ന നിരക്കിലാണ്. കേരളത്തിലെ പഴങ്ങളുടേയും പച്ചക്കറികളുടേയും പങ്കാളിത്ത ഗ്യാരന്റി സമ്പ്രദായ (പി.ജി.എസ്) ജൈവ സര്‍ട്ടിഫിക്കേഷനായുള്ള റീജിയണല്‍ കൗണ്‍സിലായി വി.എഫ്.പി.സി.കെ യെ ചുമതലപ്പെടുത്തിയിട്ടുണ്ടു്. ഇതിന്റെ ഭാഗമായി ജൈവ കൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി പങ്കാളിത്ത ഗ്യാരന്റി സമ്പ്രദായം സംബന്ധിച്ച ബോധവത്ക്കരണം 725 ഹെക്ടറില്‍ കൃഷി ചെയ്യുന്ന 1,470 കര്‍ഷകര്‍ ഉള്‍പ്പെടുന്ന 213 പ്രാദേശിക ഗ്രൂപ്പുകള്‍ വഴി നടപ്പിലാക്കിയിട്ടുണ്ടു്. കര്‍ഷക പങ്കാളിത്തത്തോടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി 26 ഓട്ടോമാറ്റിക് വെതര്‍ സ്റ്റേഷനുകള്‍ സ്ഥാപിച്ചിട്ടുണ്ടു്. ഈ കേന്ദ്രങ്ങളില്‍ നിന്നും കൃഷിയെ സംബന്ധിച്ചുള്ള കാലാവസ്ഥ പഠന വിവരങ്ങള്‍ ശേഖരിച്ച് വരുന്നു. ഈ മേഖലയെ സംബന്ധിച്ച മറ്റ് വിവരങ്ങള്‍ അനുബന്ധം 2.17, 2.18, 2.19, 2.20 , 2.21, 2.22 -ല്‍ കൊടുത്തിട്ടുണ്ടു്.